മക്കളുടെ നീതിക്കായി ‘വിധിദിനം മുതൽ ചതിദിനം’ വരെ അച്ഛനും അമ്മയും സത്യാഗ്രഹത്തിൽ

കേരളമൊട്ടാകെ ഞെട്ടിയ ദിവസമായിരുന്നു 2019 ഒക്ടോബർ 25.വിധിദിനം മുതൽ ചതിദിനം വരെ ( ഒക്ടോ.25 – മുഖ്യമന്ത്രിയെ നേരിൽക്കണ്ട ഒക്ടോ 31വരെ) വാളയാർ മക്കളുടെ നീതിക്കായി അഛന്റെയും അമ്മയുടെയും സത്യാഗ്രഹം ഇന്ന് മുതൽ തുടങ്ങുകയാണ്. ഏഴു ദിവസമാണ് സത്യാഗ്രഹ സമരം നടക്കുന്നത്.സത്യാഗ്രഹ സമരം വിജയിപ്പിക്കുന്നതിനു വേണ്ടി വാളയാർ നീതി സമരസമിതി രൂപീകരിച്ചിട്ടുണ്ട്.

പീഡനത്തിനിരയായ വാളയാറിലെ സഹോദരികളായ രണ്ടു പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിലെ പ്രധാന പ്രതികളെയെല്ലാം പാലക്കാട് പോക്സോ കോടതി വെറുതേ വിട്ട ദിവസത്തിന് ഇന്ന് ഒരു വർഷം തികയുകയാണ്.ഈ കോടതിവിധിയിലൂടെ പൊതുജന മനസ്സാക്ഷിയുടെ പ്രതിക്കൂട്ടിലായത് സർക്കാരും അന്വേഷണ സംഘവും പ്രോസിക്യൂഷനുമാണ്. അന്ന് മുതൽ നീതി തേടിയുള്ള പോരാട്ടത്തിലാണ് പെൺകുട്ടികളുടെ കുടുംബം.

2017 ജനുവരി 13നാണ് 12 വയസ്സുള്ള മൂത്ത പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ താമസിച്ചിരുന്ന താൽക്കാലിക ഷെഡ്ഡിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 41 ദിവസങ്ങൾക്ക് ശേഷം മാർച്ച് 4 ന് സഹോദരിയായ ഒൻപതു വയസ്സുകാരിയും ദുരൂഹ സാഹചര്യത്തിൽ മരിച്ചു. രണ്ടു പെൺകുട്ടികളും ക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

പ്രോസിക്യൂഷനു പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ കഴിയാതെ വന്നതോടെയാണ് പ്രധാന പ്രതികളായ വി മധു, എം മധു, ഷിബു, പ്രദീപ് കുമാർ എന്നിവരെ പോക്സോ കോടതി വെറുതേ വിട്ടത് .ഇത് കൂടാതെ പ്രായപൂർത്തിയാവാത്ത ഒരു പ്രതി കൂടി ഇനി വിചാരണ നേരിടാനുണ്ട്.

വാളയാർ കേസിലെ വിധി റദ്ദാക്കണമെന്നും തൻറെ മക്കൾക്ക് നീതിലഭിക്കാനായി കേസിൽ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിണറായി സർക്കാർ ഏതന്വേഷണത്തിനും സന്നദ്ധമാണെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് നവംബർ 9 ന് ഹൈക്കോടതി വിശദമായ വാദം കേൾക്കാൻ വച്ചിരിക്കുകയാണ്.

രണ്ടു കേസുകളിലുമായി ആത്മഹത്യാ പ്രേരണാകുറ്റം, പോക്‌സോ വകുപ്പുകള്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.ആദ്യ മരണത്തില്‍ കേസ് എടുക്കാതിരുന്നതിനാൽ വാളയാര്‍ എസ് ഐ യെ സ്ഥലം മാറ്റിയിരുന്നു.പിന്നീട് ആണ് കേസ് എടുക്കുന്നത്.അതുപോലെ കോടതി കുറ്റവിമുക്തനാക്കിയ പ്രദീപ് കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകനെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനാക്കിയതും വലിയ വിവാദത്തിനിടയാക്കിരുന്നു. ചെയര്‍മാനായ ശേഷവും കേസില്‍ ഇടപെടുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു.കേസ് പുനഃരന്വേഷിച്ച ഡിവൈഎസ്പി സോജന്റെ ഇടപെടലും വലിയ വിവാദമായിരുന്നു.കോടതി സോജൻ ഉൾപ്പെടെയുള്ള അന്വേഷണ സംഘത്തെ മാറ്റണമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു.സോജൻ കുട്ടികളുടെ അച്ഛനോട് കുറ്റം ഏറ്റെടുക്കാൻ പറഞ്ഞതായി വാളയാർ കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നു.

ഫാ.അഗസ്റ്റിൻ വട്ടോളിയുടെ അധ്യക്ഷതയിൽ കൂടിയ വാളയാർ നീതി സമരസമിതി രൂപീകരണ യോഗം, ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം സംഘാടകൻ സി.ആർ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.ഷാഫി പറമ്പിൽ എംഎൽഎ സംസാരിച്ചു.