സ്ത്രീ പീഡന നിയമങ്ങളിലെ പരിഷ്ക്കാരങ്ങൾ !!  എത്രമാത്രം അവ ഈ സമൂഹത്തിൽ ഫലപ്രദമാണ്?

മൊഴിമാറ്റം : സാധന

അനുരാധഗാണ്ടിയുടെ ലേഖനങ്ങൾ അർദ്ധ – നാടുവാഴിത്ത, സാമ്രാജ്യത്വത്തിന്റെ ഈ  കാലഘട്ടത്തിൽ ചർച്ച ചെയ്യപ്പെടേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ചും സ്ത്രീകളുടെ വിപ്ലവകരമായ മുന്നേറ്റം,ഫെമിനിസം, സ്ത്രീകൾ നേരിടുന്ന അടിച്ചമർത്തലുകൾ, ജാതി വിഷയങ്ങളെ എന്നു തുടങ്ങിയ സമൂഹം ഇന്ന് നേരിടുന്ന എല്ലാ അടിച്ചമർത്തൽ വിഷയങ്ങളെക്കുറിച്ചും വർഗ രാഷ്ട്രീയ പരിച്ഛേദത്തിൽ എഴുതുകയും അതിനെ ഒരു വിപ്ലവ രാഷ്ട്രീയ ലൈനുമായി ബന്ധിപ്പിച്ചു പ്രായോഗിക പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്ത ഒരാളും കൂടിയായിരുന്നു സഖാവ് അനുരാധ. ഇന്ത്യയിൽ ഇത്രത്തോളം ദീർഘ വീക്ഷണത്തോടെ സ്ത്രീ വിഷയങ്ങള കൈകാര്യം ചെയ്ത മറ്റൊരു വനിത വേറെയുണ്ടാകില്ല.അനുരാധയുടെ ലേഖന സമാഹാരമാണ് ‘സ്ക്രിപ്റ്റിങ് ദി ചെയ്ഞ്ച് : സെലെക്റ്റഡ് റൈറ്റിങ് ഓഫ് അനുരാധ ഗാണ്ടി’.

അനുരാധ ഗാണ്ടി എന്ന മനുഷ്യസ്നേഹി

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) പാർട്ടിയുടെ നേതാവായിരുന്നു അനുരാധ.പശ്ചിമ ബംഗാളിലെ നക്സലൈറ്റ് പ്രക്ഷോഭത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടായിരുന്നു യുവതിയായ അനുരാധ രാഷ്ട്രീയത്തിലേക്ക് വരുന്നത്. എൽഫിൻസ്റ്റോൺ കോളേജിലെ വിദ്യാർത്ഥിനിയായിരിക്കെ 1970 കളിൽ മഹാരാഷ്ട്രയിലെ ഗ്രാമീണരിലുണ്ടായ ക്ഷാമം അവരെ വല്ലാതെ അസ്വസ്തമാക്കിയിരുന്നു.തീക്ഷ്ണമായ വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും ഇരകളായ തൊഴിലാളി വർഗത്തോടൊപ്പവും പ്രവർത്തിച്ച അവളുടെ ചിന്ത ക്രമേണ വിപ്ലവ രാഷ്ട്രീയത്തിലേക്ക് അടുക്കുകയായിരുന്നു.മുംബൈയിലെ വിൽസൺ കോളേജിൽ അദ്ധ്യാപികയായി ജീവിതം ആരംഭിച്ചെങ്കിലും 1982 ൽ അവർ നാഗ്പൂരിലേക്ക് മാറുകയായിരുന്നു. നാഗ്പൂർ, ചന്ദ്രപൂർ, അമരാവതി, ജബൽപൂർ, യാവത്മാൽ എന്നിവിടങ്ങളിലെ ദരിദ്രർ, നിർമാണത്തൊഴിലാളികൾ, കൽക്കരി ഖനിത്തൊഴിലാളികൾ എന്നിവരെ സംഘടിപ്പിക്കുകയും അവിടങ്ങളിലെ ദലിത് പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് അനുരാധ മനസിലാക്കുകയും ചെയ്തു.1990 കളുടെ അവസാനത്തിൽ അനുരാധക്ക്‌ മൾട്ടിപ്പിൾ സ്ക്ലിറോസിസ്(ബഹു വ്യക്തിത്വം) ഉണ്ടെന്ന് കണ്ടെത്തിയിരുന്നുവെങ്കിലും അവർ ബസ്തറിൽ പോയി പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി (പി‌എൽ‌ജി‌എ) യോടൊപ്പം ദണ്ഡകാരണ്യ വനത്തിൽ മൂന്നുവർഷം ആദിവാസികൾക്കിടയിൽ പ്രവർത്തിച്ചു

അനുരാധ ഗാണ്ടി

അസാധാരണമാം വിധം ഇന്ത്യയിലെ ആദിവാസികൾക്ക് ഇടയിലെ വനിതാ സംഘടനകളെ ശക്തിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനും പ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു അനുരാധ ഗാണ്ടെ.90,000 അംഗങ്ങളുള്ള ഒരുപക്ഷെ രാജ്യത്തെ ഏറ്റവും വലിയ ഫെമിനിസ്റ്റ് സംഘടനയായ ക്രാന്തികാരി ആദിവാസി മഹിള സംഘത്തിന്‍റെ (കെഎഎം‌എസ്)രൂപീകരണത്തിൽ അവർ നേത്രുത്വപരമായ പങ്കുവഹിച്ചിരുന്നു.തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വർഷങ്ങൾ ദണ്ഡകാരണ്യയിലെ പീപ്പിൾസ് വാർ (ഇപ്പോൾ സിപിഐ-മാവോയിസ്റ്റ്) ഗറില്ലകൾക്കൊപ്പംപ്രവർത്തിച്ചപ്പോഴാണെന്ന് അനുരാധ പറഞ്ഞിരുന്നതായി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതിറോയ് അനുരാധയെ കുറിച്ചെഴുതിയ ലേഖനത്തിൽ പറയുന്നുണ്ട്.”അനുരാധയുടെ മരണത്തിന് ഏകദേശം രണ്ട് വർഷത്തിന് ശേഷം ഞാൻ ആ പ്രദേശം സന്ദർശിച്ചപ്പോൾ, സ്ത്രീകളെയും സായുധ പോരാട്ടത്തെയും കുറിച്ചുള്ള എന്റെ ധാരണകളെ വീണ്ടും പുനർവിചിന്തനംനടത്തേണ്ടതായിവന്നു.”എന്ന് അരുന്ധതി റോയ് പറയുന്നു.

അനുരാധ 2008 ഏപ്രിൽ 12 ന് രാവിലെ മുംബൈ ആശുപത്രിയിൽ മലേറിയ ബാധിച്ചു ചികിത്സയിലായിരിക്കെയാണ് മരണപ്പെട്ടത്. അവർക്ക് ജാർഖണ്ഡിലെ ആദിവാസി സ്ത്രീകൾക്ക് പഠന ക്ലാസുകൾ നടത്തികൊണ്ടിരുന്ന കാടുകളിൽ നിന്നായിരിക്കും മലേറിയ പിടിപെട്ടത് എന്നാണ് സംശയിക്കുന്നത്.”അവർ മരണപെട്ടില്ലായിരുന്നെങ്കിൽ നമ്മുടെ ഈ മഹത്തായ ജനാധിപത്യത്തിൽ അനുരാധ ഗാണ്ടെ ഒരു ‘മാവോയിസ്റ്റ് തീവ്രവാദി’ എന്നറിയപ്പെടുന്നതിനാൽ, അറസ്റ്റുചെയ്യപ്പെടുകയോ അല്ലെങ്കിൽ മിക്കവാറും നൂറുകണക്കിന് അവരുടെ സഹപ്രവർത്തകരെ ഇന്ത്യൻ പട്ടാളം (പോലീസ്) വ്യാജ ‘ഏറ്റുമുട്ടലിൽ’ വെടിവച്ചു കൊന്നപോലെ കൊല്ലുകയോ ചെയ്തേനെ. ഈ ‘തീവ്രവാദിക്ക്’ കടുത്ത പനി പിടിപെട്ട് രക്തം പരിശോധിക്കാൻ ഒരു ആശുപത്രിയിൽ പോയപ്പോൾ, അവൾ ചികിത്സിക്കുന്ന ഡോക്ടറുടെ പക്കൽ ഒരു തെറ്റായ പേരും ഫോൺ നമ്പറും നൽകി.അതിനാൽ അവൾക്ക് മാരകമായ മലേറിയ ബാധിച്ചിട്ടുണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞ വിവരം അവളോട് പറയാൻ ആശുപത്രി അധികൃതർക്ക് കഴിഞ്ഞില്ല. അനുരാധയുടെ അവയവങ്ങൾ ഓരോന്നായി പ്രവർത്തന രഹിതമായി തുടങ്ങിരുന്നു.ഏപ്രിൽ 11 ന് അവളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോഴേക്കും വളരെ വൈകിയിരുന്നു.അതിനാൽ, തീർത്തും അപ്രതീക്ഷിതമായ രീതിയിൽ അവരെ നമുക്ക് നഷ്ടപ്പെട്ടു.”എന്ന് അരുന്ധതി റോയ് തന്റെ ലേഖനത്തിൽ അനുരാധയെക്കുറിച്ച് പറയുന്നു.

സ്ത്രീ പീഡന നിയമങ്ങളിലെ പരിഷ്ക്കാരങ്ങൾ എത്രമാത്രം സമൂഹത്തിൽ ഫലപ്രദമാകും എന്നതാണ് അനുരാധ ഈ ലേഖനത്തിലൂടെ പറയുന്നത്.’സ്ക്രിപ്റ്റിങ് ദി ചെയ്ഞ്ച്’ എന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത് 2011 ലാണ്.അതിനാൽ ഇതിൽ പറഞ്ഞിരിക്കുന്ന രാഷ്ട്രീയ സാഹചര്യം അന്നത്തേതാണെങ്കിലും ഇന്നത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തിലും വളരെയധികം പ്രസക്തമാണ്.

‘സ്ക്രിപ്റ്റിങ് ദി ചെയ്ഞ്ച്’ എന്ന പുസ്തകത്തിലെ “സ്ത്രീ പീഡന നിയമങ്ങളിലെ പരിഷ്ക്കാരങ്ങൾ !!  എത്രമാത്രം അവ ഈ സമൂഹത്തിൽ ഫലപ്രദമാണ്?” എന്ന തലകെട്ടിലെ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷയുടെ ഒന്നാം ഭാഗമാണിത്.

“സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നതിൽ പുതുതായി ഒന്നും തന്നെയില്ല .അത് കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നതാണ് “പാർലമെന്റിൽ വെച്ച്  ഗുജറാത്തിൽ നടന്ന കൂട്ടബലാത്സംഗങ്ങളെക്കുറിച്ച്  പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസ് പറഞ്ഞതിങ്ങനെയാണ്.സ്ത്രീകൾക്കെതിരെയുള്ള ഏറ്റവും ഹീനമായ കൃത്യത്തെ ക്രൂരമായി തള്ളിക്കളയുന്നവയാണ്  ഈ പ്രസ്താവനയെങ്കിലും,ഇത്  പീഡനങ്ങളോടുള്ള സമൂഹത്തിൻറെയും രാഷ്ട്രത്തിൻറെയും അധികാരത്തിൻറെയും  പൊതുമനോഭാവത്തിൻറെയും  പ്രതിധ്വനി കൂടിയാണ്.

അടിമത്വത്തിൻ്റെ കാലം മുതൽ ജന്മിത്ത കാലഘട്ടം,മുതലാളിത്വം തുടങ്ങി സാമ്രാജ്യത്വത്തിൻറെ ഈ  കാലഘട്ടം വരെയും,സ്ത്രീകളെ ബലം പ്രയോഗിച്ച്‌  കീഴ്പ്പെടുത്തേണ്ടതാണെന്ന  വിശ്വാസത്തിനു അലിഖിത പിന്തുണയുണ്ട് .വർഗ്ഗ  സമൂഹത്തിൻറെയും  പുരുഷാധിപത്യത്തിൻേറയും തുടക്കം മുതൽക്കുതന്നെ , സ്ത്രീകൾക്കു ‘തങ്ങളുടെ സ്ഥാനം’ കാണിച്ചു കൊടുക്കുവാൻ  മാത്രമല്ല ,ഒരു സമുദായത്തെ ഒട്ടാകെ ശിക്ഷിക്കുവാനും പാഠം പഠിപ്പിക്കുവാനും  രാഷ്ട്രീയപരമായ ജന ഏകോപനത്തിൻ്റെ ആയുധങ്ങളായും,ഒരു  സമുദായത്തെ സായുധ കലാപങ്ങളിലേക്ക് നയിക്കുവാനും ജനകീയ സമരങ്ങളെ അടിച്ചമർത്തുവാനും യുദ്ധത്തിൽ ശത്രുവിനെതിരെയുള്ള അക്രമോപാധിയായുമെല്ലാം സ്ത്രീ പീഡനങ്ങൾ പ്രവർത്തിക്കുന്നുണ്ട് .

സുപ്രധാന തീരുമാനങ്ങളെടുക്കുന്നതിലും മറ്റും വളരെ കുറവ് പങ്കു വഹിക്കുന്ന സ്ത്രീകൾ എല്ലാത്തിന്റെയും ഒടുക്കം  തങ്ങളുടെ  ശരീരങ്ങൾ ശിഥിലമാക്കപ്പെടുകയും,മാനസികമായി തളർത്തപ്പെടുകയും  അതിൻറെ തന്നെ  പരിണിത ഫലങ്ങൾ ഏറ്റുവാങ്ങേണ്ടിയും വരുന്നത് എത്ര വൈരുദ്ധ്യാത്‌മകമാണ്.വനിതാ സംഘടനകളുടെയും പോരാട്ടങ്ങളുടെയും ഫലമായി പീഡനത്തെ അനുബന്ധിച്ചുള്ള നിയമങ്ങളിൽ മാറ്റങ്ങളും സാമ്രാജ്യത്വ രാജ്യങ്ങളിൽ ബലാത്സംഗത്തോടുള്ള  മനോഭാവത്തിൽ മാറ്റങ്ങൾ ഉണ്ടാകാനും  ഇടയാക്കിയിട്ടുണ്ട്. എന്നാൽ  ബലാത്‌സംഗം പുരുഷാധിപത്യ ത്തിന്റെയും വർഗ്ഗ സമൂഹത്തിന്റെയും പ്രധാനാംശമാണെന്നു തെളിയിച്ചുകൊണ്ട് ഈ  രാജ്യങ്ങളിലെ  സ്ത്രീ പീഡന നിരക്കുകൾ ഉയരുന്നത് തുടർന്നു കൊണ്ടേയിരിക്കുന്നു.

അടുത്തിടെ പീഡന നിയമങ്ങൾ പുനർപരിശോധനയ്ക്ക്  വിധേയമാക്കപ്പടുകയും നിയമ-ന്യായസഭ ചില പരിഷ്‌ക്കാരങ്ങൾ നിർദ്ദേശിക്കുകയും അവയിൽ ചിലതെല്ലാം നടപ്പിലാക്കുകയും ചെയ്തിരുന്നു. ദില്ലിയിലെ മൗലാന ആസാദ് കോളേജിൽ വിദ്യാർത്ഥിനി പകൽ വെളിച്ചത്തിൽ ബലാത്‌സംഘം ചെയ്യപ്പെട്ടത് രാജ്യത്തെയൊട്ടാകെ ഞെട്ടിച്ചിരുന്നു.ആഭ്യന്തര മന്ത്രിയായ എൽ കെ അധ്വാനി റേപ്പിസ്റ്റുകൾക്ക് വധശിക്ഷ നൽകണമെന്ന് ആഹ്വാനം ചെയ്തു.അതേ സമയം ജോർജ് ഫെർണാണ്ടസ് പറഞ്ഞത് അവരെ വെടി വച്ചു കൊല്ലണമെന്നാണ്.എന്നാൽ  സ്ത്രീ പോരാട്ട പ്രസ്ഥാനങ്ങൾ ഇതിനെയെല്ലാം തള്ളിക്കളയുകയും ,വധശിക്ഷ പരിഹാരമല്ലെന്ന  നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്തു.ശിക്ഷയുടെ അളവ് കൂടുന്തോറും ശിക്ഷ  വിധിക്കാനുള്ള സാദ്ധ്യതകൾ കുറയുന്നു.പീഡനത്തിനും കൊലപാതകത്തിനും വധശിക്ഷ വിധിക്കുകയാണെങ്കിൽ  രണ്ടു കുറ്റത്തിനും ശിക്ഷ ഒന്ന് തന്നെ ആയതിനാൽ പീഡനങ്ങൾക്കു ശേഷം  സ്ത്രീകളെ കൊലപ്പടുത്താനുള്ള  സാധ്യത കൂടുതലാണെന്ന ആശങ്ക ചിലരെങ്കിലും പ്രകടിപ്പിക്കുന്നുണ്ട്.മാത്രമല്ല ബി ജെ പി ചെയ്യുന്നത് പോലെ  പീഡനത്തെ കൊലപാതകവുമായി ബന്ധിപ്പിക്കുന്നതോടെ,പീഡിപ്പിക്കപ്പെടുന്ന സ്ത്രീ ജീവിച്ചിരിക്കുന്നതിലും നല്ലത്  മരണപ്പെടുകയാണെന്ന ജന്മിത്ത മൂല്യം സമൂഹത്തിൽ ഊട്ടിയുറപ്പിക്കപ്പെടുക കൂടിയാണ് ചെയ്യുന്നത്.

വധശിക്ഷയ്ക്കു പകരം പ്രാവർത്തികവും മനോഭാവപരവുമായ മാറ്റങ്ങളാണ് കാംഷിക്കുന്നത്.ബ്രിട്ടീഷുകാർ അവരുടെ നിയമങ്ങൾ മാറ്റിയെന്നിരിക്കെ അധികാര കൈമാറ്റത്തിന് ശേഷവും 1860 ൽ അവർ രൂപം നൽകിയ പീഡന നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തുവാൻ നമുക്കായിട്ടില്ല. 

മധുര പീഡന കേസിനും അതിനു ശേഷം വർദ്ധിച്ചു  വന്ന സ്ത്രീ വിമോചന പ്രസ്ഥാനങ്ങളുടെ  പങ്കു കൊണ്ടും 1983ൽ പീഡനനിയമങ്ങളിൽ മാറ്റങ്ങൾ വരുത്തി.കുറഞ്ഞത് അഞ്ചു വർഷക്കാലത്തെ ശിക്ഷ ഉറപ്പിക്കുകയും  കസ്റ്റഡി ബലാത്‌സംഗ കേസുകളിൽ നിരപരാധിയാണെന്ന് തെളിയിക്കേണ്ട ചുമതല കുറ്റാരോപിതനായ വ്യക്തിയിൽ  അധിഷ്ഠിതമാവുകയും ചെയ്തു.2002 ലെ നിയമ  ന്യായസമിതി ഏതാനും പരിഷ്‌കാരങ്ങൾ മുന്നോട്ടു വയ്ക്കുകയും അതിൻഫലമായി ക്രോസ് വിസ്താരത്തിൻറെ ഏതാനും ഭാഗങ്ങളിൽ ഭേദഗതി വരുത്തുകയും ചെയ്തു .ഉദാഹരണത്തിന് ഇരയുടെ മുൻ സ്വഭാവത്തെ കണക്കിലെടുക്കാതിരി ക്കുന്നതും ‘നല്ല സ്വഭാവത്തിന്റെ ആവശ്യകത’ ഇരയ്ക്കു നേരെ തിരിയാതിരിക്കുവാനുമുള്ള മാറ്റങ്ങൾ വരുത്തി.എന്നിരുന്നാലും പീഡന നിയമങ്ങളും മറ്റും മനസിലാക്കാൻ പീഡനങ്ങളുടെ രാഷ്ട്രീയവും പീഡനങ്ങളിലെ  പുരുഷാധിപത്യത്തിൻ്റെ പ്രകടനവും മറ്റും വിശകലനം ചെയ്യേണ്ടതുണ്ട്.നാഷണൽ ക്രൈം ബ്യുറോയുടെ കണക്കനുസരിച്ച്  1997ൽ റിപ്പോർട്ട് ചെയ്യപ്പെട്ട 10,330 കേസുകളിൽ നിന്നും 2000ത്തിൽ എത്തിയപ്പോൾ  16,496ലേക്ക് പീഡന കേസുകളുടെ വർദ്ധനവുണ്ടായി.ദില്ലി വനിതാ കമ്മിഷൻ അധ്യക്ഷയുടെ അഭിപ്രായത്തിൽ  വെറും  ഇരുപതു ശതമാനം പീഡനങ്ങളാണ്  റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഏകദേശം മുപ്പതുശതമാനം ഇരകളും തങ്ങളുടെ പരാതി പിൻവലിക്കാൻ നിർബന്ധിതരാകുന്നു.ചില കേസുകൾ പത്തുപതിനഞ്ചു വർഷങ്ങളോളം നീളുന്നു.എന്നാൽ വെറും നാലു ശതമാനത്തിനു മാത്രമാണ് നീതി ലഭിക്കുന്നത്.

ബലാത്‌സംഗം :വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ 

പുരാതന ഇന്ത്യയിലും മധ്യ കാലഘട്ട ജന്മിത്ത സമൂഹത്തിലും സ്ത്രീകളെ കീഴടക്കുവാനായുള്ള പ്രധാനോപകാരണമായി പീഡനങ്ങൾ എങ്ങനെ പ്രവർത്തിച്ചു എന്നത് വിശകലനം ചെയ്യാം.

പുരാതന ഇന്ത്യയിലെ സ്ത്രീകൾ ഉന്നത സ്ഥാനങ്ങൾ അനുഭവിച്ചിരുന്നു  എന്ന  ഹിന്ദുത്വ  സംഘങ്ങളുടെ  പ്രചാരണം പൊളിക്കുന്നതാണ്  പി യു സി എലിന്റെയും ഡി ആറിന്റെയും സംയുക്ത പ്രസിദ്ധീകരണമായ ‘പീഡനങ്ങൾ സമൂഹം,സംസ്കാരം’ എന്ന ബുക്ക്ലെറ്റ്. സ്ത്രീകൾ ഒരിക്കലും സ്വാതന്ത്രം അനുഭവിച്ചിരുന്നില്ല എന്ന് മാത്രമല്ല, അവരുടെ മേലുള്ള മുഴുവൻ അധികാരവും ഭർത്താവായ പുരുഷൻ അനുഭവിച്ചിരുന്നു. സന്താനോല്പാദനത്തിനായി പുരുഷൻ നിശ്ചയിക്കുന്ന ആരുടെ കൂടെയും സഹവസിക്കാൻ സ്ത്രീകൾ നിർബന്ധിതരായിരുന്നു (പുരാണത്തിലെ പാണ്ഡു തങ്ങളുടെ രണ്ടു ഭാര്യമാരോടും ചെയ്തത്  പോലെ , ധർമ്മരാജനായ  യുധിഷ്ഠിരൻ ദ്രൗപദിയെ പന്തയപെടുത്തിയത് പോലെ,സീതയോട് രാമൻ ചെയ്തത് പോലെ.) ഋഗ്വേദത്തിൽ സ്ത്രീകളുടെ ലൈംഗികതെയെ അടിസ്ഥാനപ്പെടുത്തി അവളുടെ ഉപയോഗത്തെ നിശ്ചയിക്കുന്നു.പുരുഷനെ സൃഷ്‌ടിച്ച ശേഷം ‘മഹാനായ പ്രജാപതി’ സർവസൃഷ്ട്ടികളുടെയും പിതാവ്  സ്ത്രീയെ സൃഷ്ടിക്കുന്നു എന്നാണ് ബൃഹദാരണ്യക ഉപനിഷദ്‌, ബ്രാഹ്മണം(iv,ii)പറയുന്നത്.

“ഞാൻ [പ്രജാപതി] അവന് [പുരുഷന് ] ഉറപ്പുള്ള ആസ്പദമുണ്ടാക്കി നൽകട്ടെ! അതിനായി അവൻ [പ്രജാപതി] സ്ത്രീയെ സൃഷ്ടിച്ചു. സൃഷ്ടിച്ചതിന് ശേഷം അവൻ അവളെ  കീഴ്ഭാഗത്തുനിന്ന് പൂജിച്ചു [യജ്ഞ കുണ്ഡത്തി ലേക്ക് ഹവിസ്സ് അർപ്പിക്കുന്നതുപോലെ]. അതുകൊണ്ടുതന്നെ ഏതൊരാളും അവളെ പൂജിക്കേണ്ടത് കീഴ്ഭാഗത്താണ് – എഴുന്നുനിൽക്കുന്ന ശിലാഖണ്ഡത്തെ അവൻ അവനുവേണ്ടിത്തന്നെ നീട്ടിനിർത്തി. അതുവച്ച് അവനവളിൽ ബീജാവാപം നടത്തി. (ബൃഹദാരണ്യക ഉപനിഷദ്‌, ബ്രാഹ്മണം iv,ii )  

ബൃഹദാരണ്യക ഉപനിഷദ്

പീഡനങ്ങൾ അനുവദിക്കപ്പെടുക മാത്രമല്ല പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്തിരുന്നു എന്നതിന്റെ തെളിവാണ് മേൽ പറഞ്ഞ വാക്യത്തിൽ നിന്നും ഉൾക്കൊള്ളേണ്ടത്.സ്ത്രീ മുഖസ്തുതികളോ കൈക്കൂലിയോ കാംക്ഷിക്കുന്നെങ്കിൽ ”പുരുഷൻ അവളെ വടി കൊണ്ടോ കൈകൾ കൊണ്ടോ  മർദ്ദിക്കയും  കീഴ്‌പ്പെടുത്തു കയും വേണം. അധികാരത്തോടെ അഭിമാനത്തോടെ.അതിനാൽ അവൾ അപകീർത്തിപ്പെടുന്നു.”എന്നും ഉപനിഷത്തിൽ പറയുന്നു.പീഡകന് തൻറെമേൽ യാതൊരു കളങ്കവും അവശേഷിക്കുന്നില്ല. ദൈവങ്ങളുടെ ആചാര്യനായ ബ്രഹസ്പതി വിവാഹിതയായ ഒരു സ്ത്രീയെ ബലാത്‌സംഗം ചെയ്തതിനു ശിക്ഷിക്കപ്പെട്ടില്ല മറിച്ച്  ശിക്ഷിക്കപ്പട്ടതാകട്ടെ  അവളുടെ സന്താനവും.

കുടുംബത്തിൻറെ ആത്മാഭിമാനത്തെ പ്രധാനമായും  സ്ത്രീകളുടെ മാനവും പരിശുദ്ധിയുടെ കളങ്കവുമായി ബന്ധപ്പെടുത്തുന്നത് യൂറോപ്പ്യൻ ജന്മിത്തത്തിലും കാണാൻ കഴിയുന്നതാണ് .പീഡനം എന്ന വാക്ക് ഉത്ഭവിക്കുന്നത്  പോലും മോഷ്ടിക്കുക എന്നർത്ഥമുള്ള  ‘റേപ്പർ’ എന്ന ഫ്രഞ്ച് വാക്കിൽ നിന്നുമാണ് . ലൈംഗിക പീഡനം എന്നത് സ്ത്രീയുടെ മനസിനും ശരീരത്തിനുമെതിരെയുള്ള ഹീനമായ അക്രമമാണെന്നിരിക്കെ,ഇത്തരം വാക്കുകൾ അവളുടെ ലൈംഗിക അവകാശങ്ങൾക്കുനേരെയുള്ള ഹിംസയായി കണക്കാക്കുന്നതിനുപകരം പ്രാധാന്യം  നൽകപ്പെടുന്നത് അവളുടെ ‘മാനം’ കവർന്നെടുക്കുന്നതിലാണ്. അവിടെയും സ്ത്രീയുടെ മാനത്തിനല്ല പ്രാധാന്യം കൽപ്പിക്കുന്നത് .മറിച്ച് അവളോട് ബന്ധപ്പെട്ട പുരുഷൻറെയും കുടുംബത്തിന്റെയുമാണ്.ആദ്യകാല നിയമങ്ങളിൽ പീഡിപ്പിക്കപ്പെട്ട സ്ത്രീ വിവാഹിതയാണെങ്കിൽ ശിക്ഷ കൂടുതലും അവിവാഹിതയായിരുന്നെങ്കിൽ കുറവുമായിരുന്നു വിധിച്ചിരുന്നത്.ഇന്ത്യയുടെ ചരിത്രത്തെ വർത്തമാന കാലവുമായി ബന്ധിപ്പിക്കുമ്പോൾ ഹിന്ദുത്വ ശക്തികൾ എത്ര മാത്രം ‘സുവർണ്ണ ഭൂതകാലത്തെ’പുനർജീവിപ്പിക്കുന്നുവെന്നു സ്പഷ്ടമാകും . ഗുജറാത്തിലെ മുസ്ലിമുകളെ  കൂട്ടക്കൊല ചെയ്തുകൊണ്ട് ,വാക്കിലും പ്രവർത്തിയിലും അവരുടെ ദൈവങ്ങളുമായി കിടപിടിക്കുന്ന പ്രകടനം അവർ കാഴ്ച വയ്ക്കുന്നുണ്ട്.ഇന്നുവരെയും കുറ്റാരോപിതന് പകരം ഇര തൻറെ  നിരപരാധിത്വം  തെളിയിക്കേണ്ട രീതിയിലാണ് നിയമങ്ങൾ രൂപീകരിക്കപ്പെട്ടത് . നിരപരാധിത്വം തെളിയിക്കേണ്ട ചുമതല ഇര വഹിക്കുന്ന ഏക ക്രിമിനൽ നിയമം ഇതായിരിക്കണം .ഇര രണ്ടു വട്ടം ഇരയാക്കപ്പെടുകയാണ്.

പീഡന നിയമങ്ങളിൽ മാറ്റം വരുത്തുവാൻ  ആവശ്യപ്പെടുന്നതിന് , പീഡനങ്ങൾ എങ്ങനെയാണ് അക്രമത്തിൻെറയും അടിച്ചമർത്തലിന്റെയും ഉപകരണമാകുന്നതെന്നു മനസിലാക്കേണ്ടത് അനിവാര്യമാണ്.സ്വകാര്യ സ്വത്തവകാശത്തിന്റെയും  വർഗ്ഗ സമൂഹത്തിന്റെയും വളർച്ചയ്ക്ക് ശേഷം സ്ത്രീകൾക്കെതിരെയുള്ള  അടിച്ചമർത്തൽ സ്ഥാപനവത്ക്കരിക്കപ്പെട്ടുവെന്ന് ‘കുടുംബം,സ്വകാര്യ സ്വത്ത് ,ഭരണ കുടം എന്നിവയുടെ ഉത്ഭവം’എന്ന കൃതിയിൽ എംഗൽസ് വ്യകതമാക്കുന്നുണ്ട് .പുരുഷാധിപത്യത്തിനെ വളർത്തുവാനും പകർത്തുവാനും നിലനിർത്തുവാനും കുടുംബം എന്ന അധികാര സ്ഥാപനം പ്രധാന പങ്കുവഹിക്കുന്നു. ഭർത്താവിന്റെ സ്വത്ത് നിയമപ്രകാരമുള്ള മക്കൾക്കു കൈമാറുവാനായി സ്ത്രീകളുടെ ലൈംഗികതയ്ക്ക് മേൽ കടുത്ത നിയന്ത്രണം ചുമത്തുന്നതിനെ എംഗൽസ് ചൂണ്ടിക്കാട്ടുന്നു.ഇതിനോടനുബന്ധമായി പർദ്ദ , ബുർഖ,മൂടുപടം എന്നിങ്ങനെ പലവിധ സാമൂഹിക നിയമങ്ങൾ സ്ത്രീകൾക്കുമേൽ ചുമത്തപ്പെട്ടു. സ്ത്രീ കളുടെ ബന്ധനവും അടിമത്വത്തിലേക്കുള്ള അടിച്ചുതാഴ്ത്തലും തൊഴിൽ കവരുവാനും അതോടൊപ്പം പുരുഷാധിപത്യം നിലനിർത്തുവാനും സഹായിച്ചു.’കുലീനമായ’ ഭൂവർഗ്ഗ സമൂഹത്തിൽ,സ്ത്രീകൾ കുടുംബത്തിൻറെ പ്രത്യേക സ്വത്തായും ,അന്യ പുരുഷന്മാർ അവരിൽ താത്പര്യം  പ്രകടിപ്പിക്കുന്നത് അപമാനമായും കണക്കാക്കപ്പെട്ടു. ‘ദുർബല’ സംരക്ഷണത്തിന്റെ ഭാഗമായ് സ്ത്രീകളുടെ ‘മാനം സംരക്ഷിക്കൽ’ സമുദായത്തിലെ പുരുഷന്മാരുടെ ചുമതലയായി മാറുകയും ചെയ്തു.അതോടെ സ്ത്രീകളുടെ മേലുള്ള ഏതു കയ്യേറ്റവും സ്വകാര്യ-ജന്മിത്ത  ദ്വന്ദ്വയുദ്ധങ്ങൾക്കും മറ്റും  ആയുധമെടുക്കുവാനുള്ളതായി മാറി. സ്ത്രീകൾ സതി അനുഷ്ഠിക്കുവാനും ആത്‍മഹത്യ ചെയ്യുവാനും പിതാക്കന്മാർ പുത്രിമാരെ കൊലപ്പെടുത്തുവാനും മാത്രം ‘മാനസംരക്ഷണം’ പ്രാധാന്യമർഹിക്കുവാൻ  തുടങ്ങി.ഇതിലെ ജന്മിത്ത മൂല്യങ്ങളിൽ പലതും ഇന്നത്തെ അർദ്ധ – നാടുവാഴിത്ത,അർദ്ധ – കൊളോണിയൽ സമൂഹങ്ങളിൽ പ്രവർത്തിച്ചു പോരുകയും,മുതലാളിത്ത രാജ്യങ്ങളിൽ ഇതിന്റെ നിഴലുകൾ തുടരുകയും ചെയ്യുന്നു.

പുരുഷാധിപത്യത്തിൻ്റെയും വർഗ്ഗ സമൂഹത്തിന്റെയും ഭാഗമായി ഉയർന്നുവന്ന രാഷ്ട്രങ്ങളും ഈ അസമത്വങ്ങളെയും ചൂഷണത്തെയും കൂടെക്കൂട്ടി. ആദ്യകാല  നിയമത്തിൽ ഉയർന്ന വർഗ്ഗത്തിൽപ്പെട്ട ഒരാളെ കൊലപ്പെടുത്തുന്നതിനുള്ള ശിക്ഷയേക്കാൾ എത്രയോ കുറവായിരുന്നു സാധാരണക്കാരനെ കൊലപ്പെടുത്തുമ്പോൾ വിധിച്ചിരുന്നത്.അതായത്,ഇരയുടെ പശ്ചാത്തലത്തിനു പ്രാധാന്യം നൽകിയിരുന്നു എന്ന് വേണം കരുതാൻ.ഇന്നും  ഇതൊരു  അലിഖിത നിയമമായി പിൻതുടരുന്നുണ്ട്. പീഡന നിയമങ്ങളിൽ എഴുതപ്പെട്ടതും തുടർന്നുപോകുന്നതുമായ ഒന്നാണ് ഇരയുടെ പശ്ചാത്തലത്തെകുറിച്ചുള്ള ചോദ്യം ചെയ്യൽ.നിയമപരമായി പീഡിപ്പിക്കപ്പെട്ട സ്ത്രീ വേശ്യയോ കുലീനയോ എന്നത് കണക്കിലെടുക്കുന്നി ല്ലെങ്കിൽ പോലും അവളുടെ ഭാഗത്തു നിന്നും സമ്മതം ഉണ്ടായി എന്ന് സമർഥിക്കാൻ ഇത്തരം പരിശ്രമങ്ങൾ നടക്കുന്നുണ്ട്.

പുരുഷാധിപത്യത്തിൻ്റെ വളർച്ചയോടെ സ്ത്രീകൾക്കെതിരെയുള്ള  അതിക്രമങ്ങളിൽ കുറ്റം സ്ത്രീയ്ക്ക് മേൽ ചുമത്തുവാനായി വ്യത്യസ്ത സാമൂഹിക  കീഴ്‌വഴക്കങ്ങൾ നിലവിൽ വന്നു.ഉദാഹരണമായി ഭാര്യക്കെതിരെയുള്ള ശാരീരിക പീഡനം ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നു.ഭർത്താവിന്റെയോ കുടുംബത്തിന്റെയോ തെറ്റുകൾക്കെതിരെ കൈ ചൂണ്ടുന്ന ഏതൊരു സ്ത്രീയും വാക്കുകളാലും ശാരീരികമായും പീഡിപ്പിക്കപ്പെടുന്നു .പുരുഷൻറെ  ലൈംഗിക ദുഷ്‌ചേഷ്ടകൾക്ക് ഹേതു സ്ത്രീകളുടെ വശീകരണവും അസന്മാർഗികതയുമായി  മനുസ്‌മൃതി സ്ഥാപിക്കുന്നുണ്ട്.പുരുഷന്റെ അവിഹിത ബന്ധങ്ങൾക്ക് അവന്റെ പങ്കാളി, ആരോപിതയായ സ്ത്രീയെ പഴിചാരുന്നതെല്ലാം  ഇതിന്റെ ഭാഗമായാണ്. സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ ‘സ്ത്രീകൾ ചോദിച്ചു വാങ്ങിയതാണ്’ എന്ന മനോഭാവവും ഇതിലൂടെ ഉണ്ടാകുന്നു.സ്ത്രീകളുടെ വസ്ത്രധാരണം,ഒറ്റയ്ക്കു സഞ്ചരിക്കുക,തൊഴിലിനായി  പുറത്തുപോകുക തുടങ്ങി പുരുഷനെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രയോഗങ്ങൾ ഉണ്ടായതിനാലാണ് ഇത്തരത്തിൽ സംഭവിച്ചതെന്ന ന്യായീകരണം ഇതിനുദാഹരണമാണ് .നിയമത്തിലും നീതിയിലും  മാറ്റം വരുത്തുന്നതിന് മുന്നോടിയായി സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം വരുത്തേണ്ടതായിട്ടുണ്ട്. രാഷ്ട്രത്തെയും നീതിന്യായ സംവിധാനത്തെയും,സൈന്യത്തെയും,പോലീസിനെയും ഭരിക്കുന്നത് ഇതേ മനോഭാവം തന്നെയാണ്.മറ്റൊരു വിധത്തിൽ പറഞ്ഞാൽ സമൂഹത്തിലും ജനങ്ങളുടെ ചിന്തയിലും വിപ്ലവകരമായ മാറ്റം കൊണ്ടുവരാതെ, നിയമങ്ങളിലെ മാത്രം  മാറ്റം വെറും പ്രഹസനമായിരിക്കും . ഇല്ലെങ്കിൽ അക്രമത്തിൻെറയും അടിച്ചമർത്തലിൻെറയും പ്രധാന ആയുധമായി ഇനിയും പീഡനങ്ങൾ തുടർന്നു കൊണ്ടേയിരിക്കും.