ബാരിക്കേഡുകൾ തകർത്തെറിഞ്ഞ ആ മനോവീര്യം ഒരുനാൾ ഈ രാജ്യത്തെ മാറ്റിമറിക്കും

സി പി റഷീദ് (ജനകീയ മനുഷ്യാവകാശപ്രസ്‌ഥാനം, സെക്രട്ടറി)

മറ്റേതൊരു വർഗ്ഗത്തെക്കാളും ഒരു ചുഴലി പോലെ ഉയർത്തെഴുന്നേൽക്കാനുള്ള കർഷക വർഗ്ഗത്തിൻ്റെ ശേഷി ഉജ്ജ്വലവും സമാനതകളില്ലാത്തതുമാണ്.ചിയാപ്പാസ് അടക്കം  എത്രയോ പോരാട്ടങ്ങളിൽ നാമത് കണ്ടതാണ്. സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനും  ഭൂപ്രഭുത്വ ശക്തികൾക്കുമെതിരെ ഒരു ചക്രവാതം പോലെ കർഷകർ ഉയർത്തെഴുന്നേറ്റ ചരിത്രം കൂടിയാണ് മൂന്നാം ലോകജനതയുടേയും രാഷട്രങ്ങളുടേയും  ചരിത്രം.ആ ചരിത്രത്തിലേക്ക്  വർഗ്ഗരോഷത്തിൻ്റെ പുതിയ ഏടുകൾ കൂടി എഴുതി ചേർത്തുയിർക്കുന്ന കർഷക സമരോത്സുകതയുടെ ആരവത്താൽ ആവേശഭരിതമാണിന്ന് നമ്മുടെ രാജ്യവും.പൗരത്വ പ്രക്ഷോഭത്തിന് ശേഷം ദൃശ്യമാവുന്ന, ഹിന്ദുത്വ ഫാസിസ്റ്റുകളെ ആഴത്തിൽ ചോദ്യം ചെയ്യുന്ന ഈ സാഹചര്യം ഏറെ പ്രതീക്ഷാഭരിതമാണ്. നമുക്കതിനെ അഭിവാദ്യം ചെയ്യാം. അന്നം വിളയിച്ചവർ  ജീവിതം വീണ്ടെടുക്കാൻ നടത്തുന്ന പോരാട്ടത്തിലാണ് നമ്മുടെ തകർന്ന് കൊണ്ടിരിക്കുന്ന രാഷട്രത്തിൻ്റെ യഥാർത്ഥ ഭാവി എന്ന് ഉറക്കെ പറയാൻ നാം തയ്യാറാവണം.കോവിഡും ശൈത്യകാലവും കണക്കിലെടുത്ത് കർഷകർ സംയമനം പാലിക്കണം എന്ന കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിൻ്റേയും കർഷകരല്ല ഈ സമരത്തിലുള്ളതെന്ന വി. മുരളീധരൻ്റെയും ഫാസിസ്റ്റ് ഹുങ്ക് വെറുതെ ഉണ്ടാവുന്നതല്ല .  ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികൾക്ക് കർഷകരെന്നാൽ വൻകിട അഗ്രിബിസിസ്സ് ദല്ലാളുകൾ മാത്രമാണ് . ഇന്നത്തെ കർഷക സമരം ,അഥവാ ‘ദില്ലി ചാലോ ‘മാർച്ച്’ പാർലിമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിൽ പാസാക്കിയ മൂന്ന് കർഷക വിരുദ്ധ ബില്ലുകൾയ്ക്കെതിരെ ഒരു തൊഴിലാളി പണിമുടക്കിൻ്റെ തുടർച്ചയിലാണ് ആരംഭിച്ചത്.ഏതാണ്ട് 250ലധികം കർഷക സംഘടനകൾ അണിചേർന്ന ഓൾ ഇന്ത്യ കിസാൻ സംഘർശ് കോർഡിനേഷൻ കമ്മിറ്റി (All India Kisan Sangarsh Coordination Committee)  ആണ് സമരത്തെ ഇപ്പോൾ നയിക്കുന്നത്. 500ലധികം ജനകീയ സംഘടനകളുടെയും 
ആയിരക്കണക്കിന് സർവ്വീസ് സംഘടനകളുടെയും നേരിട്ടുള്ള  പിന്തുണയും അതിനുണ്ട്. 2017 ൽ മധ്യ പ്രദേശിലെ മാണ്ടിസൂറിൽ 6 കർഷകരെ പോലീസ് വെടിവെച്ച് കൊന്നതിനെതിരെ ഉയർന്ന് വന്ന  പ്രതിഷേധത്തിൻ്റെ തുടർച്ചയിലാണ് ഈ സമര ശക്തി രൂപം കൊണ്ടത്.നിരവധി സംഘടനകളതിൽ അണിനിരന്നിരിക്കുന്നു .ഇത്തരം വസ്തുതകളെ ബോധപൂർവ്വം  അവഗണിച്ചാണ് ചിലരിന്ന് സങ്കുചിത ലക്ഷ്യം മുൻനിർത്തി സമരത്തിൻ്റെ പിതൃത്വത്തിൽ  സ്വയം സ്ഥാപിക്കാൻ  ശ്രമം നടത്തുന്നത് .ഇത്  പിന്തിപ്പത്വത്തിനെതിരെ ഉയിർത്തെഴുന്നേൽക്കുന്ന കർഷക ശക്തിയുമായി ഒത്തു  ചേരുന്ന വർഗ്ഗ മനോഭാവമല്ല യഥാർത്ഥത്തിൽ പ്രകടമാക്കുന്നത് മറിച്ചതിൽ കാണാനാവുക  മിതമായി പറഞ്ഞാൽ ,എട്ടുകാലി മമ്മൂഞ്ഞിൻ്റെ ഇടുങ്ങിയ മാനസികാവസ്ഥയാണ് . കേരളത്തിലെ പ്രമുഖ കർഷകസംഘടനകളും പാർട്ടികളുമൊന്നും കർഷക സമരത്തിന് ഐക്യപ്പെട്ട് സമീപ മണിക്കൂറിൽ  തെരുവിലിറങ്ങാത്തതും വെറുതയല്ല. പലപ്പോഴും പല മുന്നേറ്റങ്ങൾക്കും പുറം തിരിഞ്ഞ് നിന്നവർ കൂടിയാണല്ലോ മലയാളീ പ്രബുദ്ധത.

സംഘപരിവാർ-കോർപ്പറേറ്റ്  കൂട്ടുകെട്ട്  എന്നത് ഒരു യാദൃശ്ചികതയല്ല. അത്  ഇന്ത്യൻ ഭരണവർഗത്തിന്റെ വർഗ്ഗ നിലപാടിൻ്റെ ഫലമാണ് .ആ ഹിംസാത്മകമായ കൂട്ടുകെട്ടിനെതിരായ  സമരത്തിന്റെ യഥാർത്ഥ  മുന്നണിപ്പോരാളികൾ തൊഴിലാളികളും ദരിദ്ര ഭൂരഹിതരും ഇടത്തരക്കാരുമായ കർഷകരും  കൂലി തൊഴിലാളികളും അടങ്ങുന്ന  അദ്ധ്വാനിക്കുന്ന മനുഷ്യരാണ്. ഈ യഥാർത്ഥ്യമാണിന്ന് ജലപീരങ്കിയേയും കണ്ണീർവാതകങ്ങളേയും മറികടന്ന് രാജ്യ തലസ്ഥാനത്തേക്ക് കടന്ന കർഷക രോഷത്തിൽ കാണുന്നത് .ആയിരകണക്കിന് സ്ത്രീകളാണിന്ന് ഡെൽഹിയിലേക്ക് മാർച്ച് ചെയ്യുന്നത്.രാജ്യത്തെ ഊട്ടിയവർക്ക് ജന്ദർമന്ദറിലേക്കും മറ്റും പ്രതിഷേധിക്കാൻ പ്രവേശനമില്ലാതെ തടഞ്ഞത് മോഡിയും സംഘവും  എത്തിചേർന്ന ഭയത്തിൻ്റെ കൂടി ഫലമാണ്. തൻ്റെ കൊട്ടാരത്തിൻ്റെ  കാഴ്ചവട്ടത്തേക്ക് ഈ തീ കാറ്റടിച്ചു കേറിയാലുണ്ടാവുന്ന അപകടം എല്ലാ ഫാസിസ്റ്റുകൾക്കും ചരിത്രം കാത്തു വെച്ച ഒരു കാര്യം കൂടിയാണല്ലോ? വംശവെറിക്കെതിരെ അണപ്പൊട്ടിയ രോഷത്തിൽ വൈറ്റ് ഹൗസിൽ അടക്കപ്പെട്ട ട്രംമ്പിനെ മറക്കാൻ കാലമായിട്ടില്ലല്ലോ?
ജല പീരങ്കിയും ഗ്രാനേഡും മുള്ളുവേലികളും അതിജീവിച്ച് കുതിക്കുന്ന കർഷക ഉയിർപ്പ്,  തീ പടർന്ന അമേരിക്കയെ ഓർമ്മിപ്പിക്കുക സ്വാഭാവികം.

കർഷക സമരം ഉയർത്തുന്ന പ്രധാന മുദ്രാവാക്യം കർഷക വിരുദ്ധമായ മൂന്ന് നിയമങ്ങളും റദ്ദാക്കുക,കടക്കെണിയിൽ നിന്നും കർഷകരെ രക്ഷിക്കുവാൻ കർഷക കടമുക്തി നിയമം പാസാക്കുക എന്നതാണ്.കാർഷിക പരിഷ്ക്കരണ നിയമത്തിലൂടെ അംബാനി,അദാനി, ബി‍ർല തുടങ്ങിയ വമ്പന്മാർക്ക് കർഷകരെ കൂടുതൽ കൊള്ളചെയ്യാനും  ചൂഷണത്തിനുവിധേയമാക്കാനുസൗകര്യമൊരുക്കുക എന്നതു തന്നെയാണ് . ഇതിന് സൗകര്യപ്രഥമായ വിധം കമ്മീഷൻ ഏജന്റുകളും, മാർക്കറ്റിങ്ങ് കേന്ദ്രങ്ങളും ഇടനിലക്കാരായിരുന്ന ഉല്പന്ന വിപണിയുടെ പുനർസംഘാടനമാണ്  യഥാർത്ഥത്തിൽ ലക്ഷ്യം എന്ന് വ്യക്തം.

പഴയ കൊളോണിയൽ തുടർച്ച പേറി 1947 മുതൽ തുടങ്ങിയ പഞ്ചവത്സര ആക്രമണങ്ങളുടെ തുടർച്ചയാണീ നിയമവും. രാജ്യത്തെ കർഷകർ അഭിമുഖീകരിക്കുന്ന പ്രതിസന്ധി അത്യന്തം തീവ്രമാണ്. രാജ്യത്തിലെ
90% കർഷകരും ചെറുകിടക്കാരാണ്. അതിൽ തന്നെ ഭൂരിപക്ഷവും വായ്പയെടുത്ത് കടക്കെണിയിലായവരാണ്. 1995 / 2015 വരെയുള്ള 20 വർഷത്തിനിടയിൽ ആത്മഹത്യ ചെയ്തത് 3.21 ലക്ഷം കർഷകരാണ്.മണിക്കൂറിൽ ഒരു കർഷകനെങ്കിലും ആത്മഹത്യ ചെയ്യുന്നു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.2004 ൽ മാത്രം ഇത് 50,000 ത്തിൽ എത്തി.അത് കൊണ്ട് കൂടിയാണ് കഴിഞ്ഞ രണ്ട് വർഷത്തെ കർഷക ആത്മഹത്യാ കണക്ക് മോഡി സർക്കാർ മുക്കിയത്.. ഇത്തരമൊരവസ്ഥയെ  കൂടുതൽ തീക്ഷ്ണമാക്കുന്ന നടപടിയാണ്, വർഷകാല ലോകസഭ  പാസാക്കിയ പുതിയ കർഷകദ്രോഹ ബില്ല് .ഇതിനെതിരായി കർഷകർ  അന്ന് ഭാരത ബന്ദ്  പ്രഖ്യാപിച്ചതും  രാജ്യവ്യാപകമായി സമരം ചെയ്തതുമാണ്. അതെല്ലാം ധിക്കാരപൂർവ്വമവഗണിച്ച ഫാസിസ്റ്റ് അധികാര ഗർവ്വാണ് യഥാർത്ഥ കുറ്റവാളികൾ .നോട്ട് നിരോധത്തിലൂടെ വീണ്ടും വിളവെടുപ്പിനുള്ള പണം കർഷകർക്ക് നഷ്ടമായി. കോവിഡ് ഇതൊന്നു കൂടി തീവ്രമാക്കി. ഈ പ്രശ്നങ്ങളൊന്നും അധികാരികൾ ഒരിക്കലും അഭിമുഖീകരിച്ചില്ല.കർഷകർക്ക് സുവർണകാലം എന്ന  പ്രചരണവും  വസ്തുതാ വിരുദ്ധമാണെന്ന് വ്യക്തം. കാർഷിക ഉൽപ്പന്നങ്ങളുടെ ഉത്പാദനം, വ്യാപാരം, വാണിജ്യം(പ്രോത്സാഹനവും സംവിധാനമൊരുക്കലും), വിലസ്ഥിരതയും കൃഷി സേവനങ്ങളും സംബന്ധിച്ച കർഷകരുടെ കരാറുമായി(ശാക്തീകരണവും സംരക്ഷണവും) ബിൽ,അവശ്യവസ്തു നിയമം എന്നിവയുടെ ഉള്ളടക്കവും  മാത്രമല്ല വോട്ടെടുപ്പ് കൂടാതെ അതിധൃതിയിൽ ഈ ബില്ല് പാസാക്കി എടുത്ത രീതിയും  അങ്ങേയറ്റം വഞ്ചനാ പരമായിരുന്നു. 

2003-ലെ MPMC നിയമം അട്ടിമറിച്ചാണ് ഈ നിയമങ്ങൾ കൊണ്ടുവരുന്നത്.ഫാർമേഴ്സ് ട്രൈഡ് ആൻഡ് കോമേഴ്‌സ് (Farmers Trade and Commerce) നിയമമനുസരിച്ച് സംസ്ഥാന വിഷയമായിരുന്ന കൃഷി ഇനി കേന്ദ്രവിഷയമായി മാറുകയാണ്. ഇത്തരം ഒരു നിയമം ഫെഡറൽ ഘടനക്ക് നേരെ നടക്കുന്ന ആക്രമണം കൂടിയാണ് .സംസ്ഥാന സർക്കാറുകളോട് ഒന്നു കൂടിയാലോചിക്കുക പോലും ചെയ്യാതെ  ആണ് ഈ നീക്കം എന്നോർക്കണം. പ്രധാനമായും കരാർ കൃഷി പ്രോത്സാഹനമാണ് ഇതിന്റെ ലക്ഷ്യം. പുതിയ സാങ്കേതികവിദ്യ കൊണ്ടുവന്ന് നിശ്ചിതവില ഉറപ്പുവരുത്തി കർഷകർക്ക് വരുമാനം ഉറപ്പാക്കും എന്ന് മോഡി പറയുമ്പോഴും ഇതിനായി ഒരുനീക്കവും ഈ ബില്ലിലില്ല എന്നതാണ് വസ്തുത. നിലവിൽ 23 വിളകൾക്ക്  മാത്രമാണ് ഇപ്പോൾ മിനിമം വിലസഹായം ഉള്ളത്( MSP). മുഴുവൻ വിളകൾക്കും മിനിമം വിലസഹായം ലഭ്യമാക്കണം എന്ന കർഷക ആവിശ്യത്തെ ഈ ബില്ല് പൂർണ്ണമായും അവഗണിച്ചു . യഥാർത്ഥത്തിൽ കാർഷികോല്പന്ന വിപണി കമ്മിറ്റികളെ അപ്രസക്തമാക്കുന്ന പുതിയ നിയമത്തിലൂടെ കർഷകരെ കടുത്ത ചൂഷണത്തിന് എറിഞ്ഞ് കൊടുക്കുകയാണ് ചെയ്തിരിക്കുന്നത്. സർക്കാർ മണ്ഡികളുടെ (ചന്തകൾ ) കുറവും ഉള്ളവയിലെ  രാഷട്രീയ പാർട്ടികളുടേയും കുത്തകകളുടെ സ്വാധീനവും കർഷക വിരുദ്ധ ഇടപെടലും കർഷകർക്കിടയിൽ വലിയ എതിർപ്പിന്  ഇടയാക്കിയതാണ്.ഇത് പരിഹരിച്ച്  ചന്തകളെ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് പകരം ഈ ബില്ലിലൂടെ ശ്രമിക്കുന്നത് ഇതിനെ തകർക്കാനാണ്. പരിമിതമായ മെച്ചങ്ങൾ പോലും കർഷകർക്കിതുവഴി ഇല്ലാതാവും. പുതിയ ബില്ലിലൂടെ രണ്ട് തരം വിപണികളാണ് രാജ്യത്ത് രൂപപ്പെടാൻ പോവുന്നത് .ഒന്ന് സർക്കാർ നിയന്ത്രിത വിപണി.സർക്കാർ ഇത് എങ്ങനെ ആയിരിക്കും പ്രവർത്തിപ്പിക്കുക എന്ന് നമുക്ക് മുൻ അനുഭവത്തിലൂടെ തന്നെ ഉറപ്പിക്കാം. ഇവിടെ നികുതികൾ, സെസ്സുകൾ, ഫീസുകൾ എന്നിവ ഉണ്ടായിരിക്കും. അതെ സമയം സ്വകാര്യ ഏജൻ്റ്മാരുടെയും ട്രേഡ് കൾട്ടുകളുടേയും നിയന്ത്രണത്തത്തിൽ മറ്റൊരു വിപണിയും ഉണ്ടാവും. ഇവിടെ സെസ്സോ, നികുതിയോ ഇല്ല എന്ന കാര്യവും ഓർക്കണം. ചുരുക്കത്തിൽ അഗ്രോ ബിസിനസ്സ് താല്പര്യങ്ങൾക്ക് വേണ്ടി, കർഷക വിരുദ്ധമായി പടച്ചുണ്ടാക്കിയതാണ് ഈ നിയമം.ഈ നിയമമനുസരിച്ച് കാർഷികവിള, കൃഷിഭൂമി, തണ്ണീർത്തടം തുടങ്ങിയവയിൽ അഭിപ്രായം പറയാനുള്ള അവകാശം പോലും സംസ്ഥാനങ്ങൾക്ക് നഷ്ടപ്പെടും. 
ഭൂവിസ്തൃതിയിൽ ഏഴാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ഇതിൽ 16.6 കോടി ഹെക്ടറോളം കൃഷിക്ക് ഉപയുക്തമായ ഭൂമിയാണ്. ഈ വിശാല ഭൂമികയും ഏതു വിളയും സാധ്യമാക്കുന്ന വിപുലമായ കാലാവസ്ഥയും തങ്ങളുടെ കൊള്ളക്കും ചൂഷണത്തിനും അടിത്തറയാക്കാനുള്ള  അഗ്രി ബിസിനസ് കുത്തകകളുടെ വെമ്പലിന്  കർഷകരെയും അവരുടെ  ഭൂമിയേയും എറിഞ്ഞ് കൊടുക്കുന്ന  ഈ നിയമങ്ങൾ അങ്ങേയറ്റം രാജ്യദ്രോഹപരമാണ്.

ദശലക്ഷങ്ങൾ മരിച്ചുവീണ പഴയ ബംഗാൾ ക്ഷാമത്തിൻ്റെ കഥ നമുക്കറിയാം. ഇത്തരം അനുഭവങ്ങളാണ്  ഭക്ഷ്യസുരക്ഷയെ പ്രധാനമാക്കിയത്. എന്നാൽ ഭരണ വർഗ്ഗ താല്പര്യങ്ങളിലെ മുൻഗണനാക്രമങ്ങൾ ഇതിനെയെല്ലാം  അട്ടിമറിക്കുകയാണ്.

അതു കൊണ്ട് കർഷകദ്രോഹപരവും രാജ്യത്തെ പട്ടിണിയിലേക്കും ക്ഷാമത്തിലേക്കും തള്ളി വിടുന്നതുമായ ഈ ബില്ലിനെതിരായ ഇപ്പോഴത്തെ പ്രക്ഷോഭം കൂടുതൽ ഐക്യത്തോടെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ബ്രാഹ്മണ്യ ഹിന്ദു ഫാസിസ്റ്റ് ഭരണകൂടം ഇത്തരം അനീതികൾക്കെതിരായി നടക്കാൻ പോകുന്ന കർഷകസമരങ്ങളെ അവരുടെ ഫാസിസ്റ്റ് സംഘടനയായ ആർഎസ്എസ് ശക്തികളെ ഉപയോഗിച്ചു എങ്ങനെയാണ് വരും കാലങ്ങളിൽ നേരിടാൻ പോകുന്നതെന്നതിന് ഉള്ള സൂചനയാണ് ഇന്ന് ഡൽഹി  ഹരിയാന അതിർത്തിയിലും പഞ്ചാബിലും യു.പിയിലും ഒക്കെ നാം കണ്ടത്. കർഷക പ്രതിഷേധങ്ങൾക്ക് നേരെ അർദ്ധസൈനികരെ തന്നെ അണിനിരത്തി ആക്രമണം  അഴിച്ചുവിടുന്ന അവസ്ഥ. 
കാർഷിക ചെലവുകൾ നിയന്ത്രിക്കുന്നതിലും സമഗ്രമായ സ്ഥാപന വായ്പാ സൗകര്യങ്ങൾ നൽകുന്നതിലും ഫലപ്രദമായ അപകട ഇൻഷുറൻസും ദുരന്ത നിവാരണ നടപടികളും നടപ്പിലാക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കുന്നതിലും പരാജയപ്പെട്ടവരാണ് മാറി മാറി രാജ്യം ഭരിച്ചവർ എന്നത് കാർഷിക ഇന്ത്യയെ ഓടിച്ച് നോക്കിയാൽ തന്നെ നമുക്ക് വ്യക്തമാവുന്ന വസ്തുതയാണ്. പല  വിളകളും നേരിട്ട കടുത്ത വില തകർച്ച നിരവധി കർഷകരെ കടക്കെണിയിലകപ്പെടുത്തുകയും  അത് അവരെ ആത്മഹത്യകളിലേക്ക്  കൊണ്ടു ചെന്നെത്തിച്ചെന്നുള്ളതും യാഥാർഥ്യങ്ങളാണ് . എന്നാൽ  പരിഹാരമില്ലാത്ത വെറും  ചർച്ചാ വിഷയം മാത്രമായി ഇതെല്ലാം മാറിയ സാഹചര്യത്തിൽ  കടക്കെണി മുക്ത നിയമം വളരെ പ്രധാനമാണ്.മാത്രമല്ല കർഷകർ വാങ്ങിയ കടങ്ങൾ  തിരിച്ച് പിടിക്കാൻ ഇന്ന് രാജ്യത്തെ പല  കോടതികളിലും ട്രൈബ്യൂണലുകളിലും നിരവധി സ്യൂട്ടുകളും മറ്റ് നടപടികളും ഫയൽ ചെയ്തിട്ടുണ്ട്. ഇത് കർഷകർക്ക് അനുകൂലമായി തീർപ്പാക്കുക എന്നതിൻ്റെ അടിസ്ഥാനത്തിലും ഈ നിയമം  പ്രസ്തമാവുന്നുണ്ട്. കടബാധ്യത മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസം നൽകേണ്ടതുണ്ട്. അടിയന്തിര ആശ്വാസം നൽകുന്നതിലൂടെയും വിധിന്യായത്തിന് ശേഷം അവാർഡുകൾ കൈമാറാൻ അധികാരമുള്ള ഒരു കമ്മീഷൻ രൂപീകരിക്കുന്നതിലൂടെയും അത്തരം കർഷകരുടെ ആവലാതികൾ അനുരഞ്ജനത്തിലൂടെ പരിഹരിക്കുന്നതിന് ഉചിതമായ നടപടികൾ ശുപാർശ ചെയ്യുന്നതിനും കർഷക കടമുക്തി നിയമം ഉടൻ പാസാക്കുക എന്ന ഈ സമരത്തിൻ്റെ മുദ്രാവാക്യം അതിപ്രധാനമാണ്.രാജ്യത്തെ ഊട്ടാൻ വിയർത്തവർ ഒരു മുഴം കയറിൽ ജീവിതം തീർത്തപ്പോൾ മൗനം പാലിച്ചവരുടെ മേടകൾ ചാമ്പലാക്കുന്ന കർഷ രോഷാഗ്നിയിൽ യഥാർത്ഥാരാജ്യദ്രോഹ ശക്തികൾ ചാമ്പലാവട്ടെ..