വിവരാവകാശ നിയമത്തിലും അട്ടിമറി! ദരിദ്രരും വിവരങ്ങൾക്ക് പണം നൽകേണ്ടി വരും

കയൽവിഴി

പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങൾ എല്ലാ പൗരന്മാർക്കും ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽ സുതാര്യതയും വിശ്വാസ്യതയും വർധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്വം നില നിർത്തുന്നതിനും അഴിമതി നിർമ്മാർജനം ചെയുന്നതിനുമാണ് ‘വിവരാവകാശനിയമം’ (2005)എന്നാണ് നിയമത്തിൽ പറയുന്നത്. പക്ഷെ കേരളത്തിൽ ഇടതു-വലതു സർക്കാരുകൾ അവരുടെ അഴിമതിയും  ജനവിരുദ്ധ ഭരണ നടപടികളും  ജനങ്ങൾക്ക്  ലഭിക്കാതിരിക്കാൻ വിവരാവകാശ നിയമത്തിൽ 2015 ൽ ഭേദഗതി വരുത്തിയിരിക്കുന്ന വിവരം നികുതിദായകരായ പൊതുജനങ്ങൾ അറിഞ്ഞിരിക്കാനിടയില്ല.കേരള വിവരാവകാശ (ഫീസ്, കോസ്റ്റ് റെഗുലേഷൻ) ചട്ടങ്ങൾ, 2006 ലെ നിയമം (4 ) ലെ ഉപ-നിയമം (IV) ൽ, പറഞ്ഞിരിക്കുന്നത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വ്യക്തിയിൽ നിന്ന് യാതൊരു ഫീസും ഈടാക്കരുതെന്നാണ്. എന്നാൽ ഈ നിയമത്തിൽ തുരങ്കം വെച്ചു കൊണ്ടാണ്  ഉമ്മൻ‌ചാണ്ടി സർക്കാർ ദേദഗതി കൊണ്ടുവന്നതും നിലവിലെ പിണറായി സർക്കാർ അതിനെ പിന്തുടരുന്നതും.

കേരളസർക്കാർ നടപ്പിലാക്കിയ, വിവരാവകാശ നിയമത്തിലെ ഈ ഭേദഗതി മൂലം ദാരിദ്രരേഖക്ക് താഴെയുള്ളവർക്ക് സർക്കാർ വിവരങ്ങൾ ലഭിക്കാത്ത അവസ്ഥയാണിപ്പോൾ. ഭേദഗതിപ്രകാരം നിലവിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകുന്ന ദാരിദ്രരേഖക്ക് താഴെയുള്ളവർക്ക് 20 പേജുകൾ അടങ്ങുന്ന വിവരങ്ങൾ മാത്രം സൗജന്യമായി നൽകിയാൽ മതി എന്നാണ്. ബാക്കി വിവരങ്ങൾ വേണമെന്നുണ്ടെങ്കിൽ അതിനുള്ള തുക ഒരു പേജിനു 2 രൂപ നിരക്കിൽ ഫീസ് അടച്ച്  കൈപറ്റണം. ഇത് ഭരണഘടനാ വിരുദ്ധവും വിവരാവകാശ നിയമത്തിന് മേലുള്ള കൈകടത്തലുമാണ്.

കിളിമാനൂർ തോപ്പിൽ കോളനിയിൽ ജനവിരുദ്ധമായി പ്രവർത്തിക്കുന്ന എ കെ ആർ ക്വാറിയുടെ പ്രവർത്തനങ്ങളെ  സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിക്കുവാൻ വേണ്ടി പട്ടികജാതി-പട്ടിക വർഗ്ഗ കമ്മീഷന്‌ അപേക്ഷ നൽകിയപ്പോൾ മാത്രമാണ്  ഇത്തരം ദേദഗതികളെ കുറിച്ച് അറിഞ്ഞതെന്ന്  ജനകീയ മുന്നേറ്റസമിതിയുടെ കൺവീനർ സേതു അറോറയോട് പറഞ്ഞത്.ഇത് തികച്ചും ജനവിരുദ്ധവും ദരിദ്രരുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സേതു 24-08-2020 ൽ നൽകിയ അപേക്ഷയ്ക്കു ലഭിച്ച മറുപടിയിൽ പറഞ്ഞിരിക്കുന്നത് മുഴുവൻ വിവരങ്ങളും ലഭിക്കണമെങ്കിൽ 656 രൂപയോളം അടക്കണമെന്നാണ്.”ദരിദ്രനും ദളിതനുമായാ ഞാൻ എങ്ങനെയാണ് ഇത്രയും തുക അടക്കുക. കോളനിയിലെ ഭൂരിഭാഗം ജനങ്ങൾക്കും ജോലിയില്ല. കുടിവെള്ളത്തിനു വേണ്ടിയുള്ള സമരത്തിലാണ് കോളനി നിവാസികൾ. അത്തരം ഒരു സാമൂഹിക സാഹചര്യത്തിലേക്ക് ഞങ്ങളെ തള്ളിവിട്ട ക്വാറി മുതലാളി-ഭരണവർഗ്ഗ കൂട്ടുകെട്ടുകളുടെ വിവരങ്ങൾ പുറത്ത്  ജനങ്ങളെ അറിയിക്കണം എന്ന ആവശ്യത്തിനുവേണ്ടിയാണ് വിവരാവകാശം നൽകിയത്.ഇപ്പോൾ അതും ഞങ്ങൾക്ക് ലഭിക്കാതെയാക്കി ഈ ഭരണവർഗം.” സേതു പറയുന്നു.

വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന വിവരങ്ങൾ എത്രത്തോളം സുതാര്യമാണെന്ന സംശയം നിലനിൽക്കെ തന്നെ,മുതലാളി -ഭരണവർഗ്ഗ കൂട്ടുകെട്ടുകളുടെ ജനദ്രോഹ നടപടികളെ പുറത്തുകൊണ്ടുവരാൻ ഒരു പരിധിവരെ സാധിച്ചേക്കാവുന്ന വിവരങ്ങൾ പോലും ദരിദ്രർക്ക് ലഭിക്കേണ്ട എന്നാണ് കേരളസർക്കാർ തീരുമാനിച്ചിരിക്കുന്നത്.

പട്ടികജാതി-പട്ടിക വർഗ്ഗ കമ്മീഷൻ തന്നെ ഒരു ദരിദ്ര-ദളിതനോട്, വിവരങ്ങൾ ലഭിക്കണമെങ്കിൽ പണം ആവശ്യപ്പെടുന്ന സ്ഥിതിയിലേക്ക്  മാറിക്കഴിഞ്ഞിരിക്കുന്നു. വിവരവകാശ നിയമത്തിൽ  ഇലക്ട്രോണിക് സംവിധാനങ്ങൾ വഴിയും വിവരങ്ങൾ നൽകാമെന്നു പറയുന്നുണ്ട്.പക്ഷെ ഈ ആവശ്യ മുന്നയിച്ചു കൊണ്ട് സേതു പട്ടികജാതി-പട്ടിക വർഗ്ഗ കമ്മീഷന് അപേക്ഷ നൽകുമ്പോൾ ഭരണവകുപ്പ് പറയുന്നത്,  ഓഫീസ്  മുഴുവനുമായി ഡിജിറ്റലൈസ് ആയിട്ടില്ല എന്നാണ്.പക്ഷെ പിണറായി സർക്കാർ പരസ്യങ്ങൾ നൽകുന്നത് കേരളത്തിലെ എല്ലാ സർക്കാർ ഫയലുകളും ഡിജിറ്റലൈസ് ആയിക്കഴിഞ്ഞു എന്നും ഇനി ചുവപ്പുനാടക്കുള്ളിൽ ഒരു ഫയലുകളും കുഴുക്കിയിടാൻ കഴിയില്ല എന്നുമാണ്.

സർക്കാരും സർക്കാർ ഓഫിസുകളും സർക്കാരിന്റെ സാമ്പത്തിക സഹായം കൈപ്പറ്റുന്ന സർക്കാരിതര സ്ഥാപനങ്ങളും ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് പ്രവർത്തിക്കുന്നത്.ഈ പണം എങ്ങനെ വിനിയോഗിക്കുന്നു എന്നറിയാൻ ഒരു പൗരന് അവകാശമുണ്ട്. ഇത്തരം അവകാശങ്ങളെ തച്ചുടക്കുന്നതാണ് കേരളസർക്കാർ നടപ്പിലാക്കിയ വിവരവകാശനിയമത്തിലെ ദേദഗതി. ദാരിദ്ര രേഖക്ക് താഴെയുള്ളവർ ഭരണകാര്യങ്ങൾ അറിയണ്ട എന്ന വരേണ്യബോധം തന്നെയാണ് ഈ നിയമ ഭേദഗതിക്കു പിന്നിലും പ്രവർത്തിച്ചിരിക്കുന്നത്. 

ജനാധിപത്യം,പൊതുജനാഭിപ്രായത്തിൽ അധിഷ്‌ഠിതമാണെന്നാണ് പറയപ്പെടുന്നത്.ഒരു പൊതുകാര്യത്തെ കുറിച്ച് അഭിപ്രായം പറയണമെങ്കിൽ അതിനെ കുറിച്ച് ശരിയായ വിവരം ജനങ്ങൾക്ക് ലഭിക്കേണ്ടതുണ്ട്.ഭരണഘടന പ്രകാരമുള്ള മൗലിക അവകാശങ്ങളിൽ 19(1)(എ)അനുഛേദം ആശയ-അഭിപ്രായ സ്വാതന്ത്ര്യം പൗരന് അനുവദിച്ച് നൽകുന്നുണ്ടെങ്കിൽ കേരളസർക്കാരിന്റെ ഈ നിയമദേദഗതി അതിന് വിരുദ്ധമാണ്. കാരണം,അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നു പറയുകയും അതേ സമയം തന്നെ വിവരങ്ങൾ അറിയാനുള്ള പൗരൻ്റെ അവകാശത്തെ ഇല്ലാതാക്കുകയും ചെയ്യുമ്പോൾ എങ്ങനെയാണ് സ്വാതന്ത്ര്യവും യുക്തവുമായി ജനങ്ങൾക്ക് അഭിപ്രായം പറയാൻ കഴിയുന്നത്? ജനങ്ങൾക്ക് വേണ്ടി ഭരണം നടത്തുന്നു എന്നവകാശപ്പെടുന്ന സർക്കാർ, മുതലാളിത്ത കുത്തകകളുടെ ദല്ലാൾമാരായി പ്രവർത്തിക്കുകയും അവർക്കു വേണ്ടി നിയമനിർമാണം നടത്തുകയും ചെയ്യുമ്പോൾ, ഇതാർക്കുവേണ്ടിയുള്ള ജനാധിപത്യമാണ് എന്ന ചോദ്യം തന്നെയാണ് വീണ്ടും ഉയരുന്നത്.