1947 ന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ സമരമായ പൗരത്വ പ്രക്ഷോഭത്തിന് ഒരാണ്ട് പിന്നിടുമ്പോൾ …

ഏ എം നദ് വി

ജനവിരുദ്ധ ഭരണകൂടത്തിനെതിരായ ജനരോഷ പ്രകടനങ്ങൾക്ക് കരുത്ത് പകർന്ന ജനകീയ പ്രക്ഷോഭമായിരുന്നു കഴിഞ്ഞ ഒരു വർഷം മുമ്പ് പൊട്ടിപ്പുറപ്പെട്ട് പടർന്ന് വ്യാപിച്ച പൗരത്വ നിഷേധനിയമത്തിനെതിരായ പ്രക്ഷോഭം.

ഇന്ത്യയുമായി അതിര് പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു പൗരന്മാരെ ഇന്ത്യയിൽ കുടിയിരുത്തുന്നതിനും ഇന്ത്യയിലെ മുസ്‌ലിം ജനവിഭാഗത്തെ സൂത്രത്തിൽ രാജ്യത്ത് നിന്ന് പുറന്തള്ളുന്നതിനും ലക്ഷ്യമിട്ട് മോഡി ഭരണകൂടം ധൃതിയിൽ നടപ്പാക്കാൻ ശ്രമിച്ച പൗരത്വ നിഷേധനിയമമാണ് പ്രതിഷേധപരമ്പരയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയത്.

രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലെ ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിലെയും അലിഗർ യൂണിവേഴ്സിറ്റിയിലെയും വിദ്യാർഥികൾ നിയമത്തെ ചോദ്യം ചെയ്തു തെരുവിലിറങ്ങുകയും അവരെ നിഷ്ഠൂരമായി അടിച്ചമർത്താൻ മോഡി ഭരണകൂടം പോലീസിനെ കയറൂരി വിടുകയും ചെയ്തതോടെയാണ് കാമ്പസുകളിലേക്കും നഗരങ്ങളിലേക്കും തെരുവുകളിലേക്കും ജനരോഷം ആളിപ്പടർന്നത്.

ജാമിയ മില്ലിയ്യ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളെ ഡൽഹി പോലീസ് ക്യാമ്പസിനുള്ളിൽ കയറി ആക്രമിച്ചതിൽ പ്രതിഷേധിച്ച് ആരംഭിച്ച സമര രൂപങ്ങളിൽ ജനശ്രദ്ധയും വ്യാപക പിന്തുണയും നേടിയ വഴി തടയൽ സമരമായി ശാഹീൻബാഗ് മാറി. തെക്കൻ ഡൽഹിയെയും നോയിഡയേയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡിൽ അന്ന് രാത്രി പത്ത് മണി മുതൽ പത്ത് സ്ത്രീകൾ തുടങ്ങി വെക്കുകയും പിന്നീട് ആയിരക്കണക്കിന് സ്ത്രീകൾ ഇതിനോടൊപ്പം ചേരുകയും ചെയ്ത ശ്രദ്ധേയമായ സമരമാണ് ഷഹീൻ ബാഗ് സമരം. 2019 ഡിസംബർ 15 നു തുടങ്ങിയ ഈ സമരം തികച്ചും പ്രക്ഷുബ്ധ ശാന്തമായാണ് മുന്നേറിയത്. 2020 ഫിബ്രവരി 02 വരെ നീണ്ട 50 ദിവസത്തെ അടിയുറച്ച ഉപരോധം ന്യൂഡൽഹിയിലെ ഒരു പ്രധാന ഹൈവേ ഗതാഗതം സ്തംഭിപ്പിച്ചാണ് നടന്നത്. സി‌എ‌എ-എൻ‌ആർ‌സി-എൻ‌പി‌ആറിനെതിരെ തുടർന്ന ഏറ്റവും ദൈർഘ്യമേറിയ പ്രതിഷേധമായി ഇത് മാറി. ആവേശകരമായ ശാഹീൻ ബേഗിനെ അനുകരിച്ചു ഇന്ത്യയിലെമ്പാടും ശാഹീൻ ബാഗ് സമരപ്പന്തലുകൾ ഉയർന്നു.

റോഡ് ഉപരോധിച്ച് സമരം തുടങ്ങുന്നത് ജെ.എൻ യു വിദ്യാർഥിയായ ഷര്‍ജിലിന്റെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിലായിരുന്നു.ഷഹീന്‍ബാഗില്‍ സമരം ആരംഭിക്കുമ്പോഴും ഷര്‍ജില്‍ നേതൃനിരയിലുണ്ടായിരുന്നു.ഇതിൽ പ്രകോപിതരായ ഭരണകൂടം ദേശദ്രോഹമാരോപിച്ച് ഷർജീലിനെ അറസ്റ്റ് ചെയ്തു ജയിലിടച്ചു.നിരവധി കള്ളക്കുറ്റങ്ങൾ കെട്ടിച്ചമച്ചു …

തുടർന്ന് അറസ്റ്റുകളുടെ പരമ്പരയായിരുന്നു അരങ്ങേറിയത്.ഡൽഹി, യുപി പോലീസുകൾ സമരത്തെ അടിച്ചമർത്താൻ സർവതന്ത്രങ്ങളും പയറ്റി. പക്ഷെ ജനരോഷത്തെ പിടിച്ചു നിർത്താൻ അതൊന്നും പര്യാപ്തമായിരുന്നില്ല.

അണപൊട്ടിയ ജനരോഷത്തെ പിടിച്ചു നിർത്താനാവാതെ മോഡിയും അമിത് ഷായും സമരം തകർക്കാൻ സംഘപരിവാര ഭീകരരെ ഇളക്കി വിട്ടു ക്രൂരമായ വംശഹത്യ നടത്തി. നിരവധിയാളുകൾ കൊല്ലപ്പെടുകയും സ്വത്തുവഹകൾ നശിപ്പിക്കുകയും മസ്ജിദുകൾ തകർക്കുകയും ചെയ്തു.ശേഷം യഥാർത്ഥ പ്രതികളെ സംരക്ഷിക്കുകയും നിരപരാധികൾക്ക് മേൽ കള്ളക്കേസുകൾ ചുമത്തി ജയിലിലടക്കാൻ ആരംഭിക്കുകയും ചെയ്തു.പൗരത്വ പ്രക്ഷോഭത്തിന്റെ വിവിധ സമര പരിപാടികളിൽ പങ്കെടുക്കുകയും നേതൃത്വം നൽകുകയും ചെയ്ത നിരവധി വിദ്യാർഥി നേതാക്കളെയും സാമൂഹ്യ പ്രവർത്തകരെയും ജാമ്യമില്ലാ കുറ്റങ്ങൾ വ്യാജമായി അടിച്ചേൽപ്പിച്ചു തുറുങ്കിലടച്ചു….

ജാമിയ വിദ്യാർഥികളായ മീരാൻ ഹൈദർ, ആസിഫ് ഇഖ്ബാൽ തൻഹാ, സഫൂറാ സർഗാർ, പൂർവ വിദ്യാർഥി സംഘടനാ നേതാവ് ശിഫാഉ റഹ്‌മാൻ എന്നിവരെയാണ് ആദ്യഘട്ടത്തിൽ അറസ്റ്റ് ചെയ്തത്.

മൂന്നു ദിവസം നീണ്ടു നിന്ന മുസ്‌ലിം വിരുദ്ധ നരനായാട്ടില്‍ സര്‍വവും നഷ്ടപ്പെട്ടു മുസ്തഫാബാദിലെ റിലീഫ് ക്യാംപില്‍ അഭയം തേടിയ ജനങ്ങളെ തെരുവിലിറക്കി വിട്ട് ക്യാംപ് അടച്ചുപൂട്ടി ഡല്‍ഹി സര്‍ക്കാരും വഖഫ് ബോര്‍ഡും കോവിഡ് ദുരന്ത കാലത്തും മോഡി സർക്കാരിന്റെ മുസ്‌ലിംവിരുദ്ധ രാഷ്ട്രീയ നീക്കത്തിന് സജീവ പിന്തുണ നല്‍കി.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ പൗരത്വ വിരുദ്ധ സമരത്തില്‍ പ്രധാന പങ്ക് വഹിച്ച മുസ്‌ലിം വിദ്യാര്‍ഥി നേതാക്കളെയും ആക്ടിവിസ്റ്റുകളെയും ഡല്‍ഹി കലാപത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ചു അറസ്റ്റ് ചെയ്യുകയായിരുന്നു പോലിസ്. ഷർജീൽ ഇമാം, നതാഷ നർവാൾ, ദേവംഗനാകലിത, മുൻ ജെ.എൻ.യു. വിദ്യാർഥി ഉമർഖാലിദ്, പ്രാദേശിക രാഷ്ട്രീയ നേതാക്കളായ ത്വാഹിർ ഹുസൈൻ, ഇശ്റത് ജഹാൻ തുടങ്ങിയവർക്കെതിരെ രാജ്യദ്രോഹവും,ക്രിമിനൽ ഗൂഢാലോചനയും,കലാപക്കുറ്റവും അടിച്ചേൽപ്പിക്കു കയായിരുന്നു.വനിതാ കൂട്ടായ്മയായ പിഞ്ച്റ തോഡ് പ്രവർത്തക ഗുൽഷിഫ ഫാതിമയുടെ കുറ്റപത്രത്തിൽ സി പി എം നേതാവ് സീതാറാം യച്ചൂരി, യോഗേന്ദ്ര യാദവ്, ചന്ദ്രശേഖർ ആസാദ് രാവൺ തുടങ്ങിയവരുടെ പേരുകൾ പോലീസ് എഴുതിച്ചേർത്തു. പ്രതിഷേധമുയർന്നപ്പോൾ പിന്നീട് ഒഴിവാക്കിയെന്ന് കോടതിയെ ധരിപ്പിച്ചു.

ജാമിയ മില്ലിയ ഇസ്ലാമിയയിലെ പിഎച്ച്ഡി വിദ്യാര്‍ഥിയും ആര്‍ജെഡിയുടെ യുവജന വിഭാഗം ഡല്‍ഹി യൂനിറ്റ് പ്രസിഡന്റുമായ മീരാന്‍ ഹൈദറിനെയും ജാമിയ കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ (ജെസിസി) മീഡിയ കോ ഓഡിനേറ്ററും ജാമിഅയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയുമായ സഫൂറ സര്‍ഗാറിനെയും ലോക്ഡോണ്‍ കാലത്താണ് പോലിസ് അറസ്റ്റ് ചെയ്തത്.ഏകദേശം അമ്പതിലേറെ വിദ്യാര്‍ഥികള്‍ക്കാണ് എന്‍ആര്‍സി വിരുദ്ധ കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ചു ഡല്‍ഹി പോലിസിന്റെ സ്‌പെഷ്യല്‍ സെല്‍ നോട്ടിസ് അയച്ചത്. നോട്ടിസ് കൈപറ്റിയ എല്ലാവരോടും ഏപ്രില്‍ 20നു സ്‌പെഷ്യല്‍ സെല്ലിന്റെ ലോധി റോഡ് ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. നോട്ടിസ് കൈപ്പറ്റിയവരില്‍ ജെസിസി അംഗങ്ങളും ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരും ഫെമിനിസ്റ്റ് സംഘടനയായ പിഞ്ചറ തോഡ് (pinjratod) അംഗങ്ങളും ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളും ഉള്‍പ്പെട്ടു.മാര്‍ച്ച് 6നു രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ പ്രകാരം ആരോപിതര്‍ക്കെതിരെ വധശ്രമത്തിനും നരഹത്യക്കുമാണ് പോലിസ് കേസ് എടുത്തത്.

2020 ഏപ്രില്‍ ഒന്നാം തിയതിയാണ് മീരാന്‍ ഹൈദറിനെ പോലിസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 31നു മുന്‍ ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനും വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ഭജനപുര സ്വദേശിയായ ദാനിഷിനുമെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ നമ്പര്‍: 59/2020 യുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാനായി വിളിപ്പിച്ച ഹൈദറിനെ അതിനു ശേഷം മുന്നറിയിപ്പില്ലാതെ കസ്റ്റഡിയിലെടുക്കുകയായിരുന്നു ഡൽഹി പോലിസ്. ഐപിസി 124 എ (രാജ്യദ്രോഹം), 302 (കൊലപാതകം), 307(വധശ്രമം), 153 എ (മത സ്പര്‍ധ വളര്‍ത്തല്‍), 120ബി (ഗൂഢാലോചന ) എന്നിവയുള്‍പ്പെടെ നിരവധി വകുപ്പുകള്‍ ചേര്‍ത്താണ് മീരാനെ അറസ്റ്റു ചെയ്തത്.

source : PTI

പോലിസിന്റെ എഫ്‌ഐആര്‍ പ്രകാരം ഉമര്‍ ഖാലിദും സുഹൃത്തുക്കളും ചേര്‍ന്നാണ് ഡല്‍ഹി കലാപം ആസൂത്രണം ചെയ്തു നടപ്പാക്കിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനം അലങ്കോലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഉമര്‍ കലാപം ആസൂത്രണം ചെയ്തത് എന്നാണ് ഡല്‍ഹി ക്രൈം ബ്രാഞ്ചിലെ അരവിന്ദ് കുമാറിന്റെ വാദം.ഉമറിന് ഇത് വരെ ജാമ്യം അനുവദിച്ചിട്ടില്ല.

2020 ഏപ്രില്‍ 11നാണ് ജെസിസി മീഡിയ കോ ഓഡിനേറ്ററായ സഫൂറ സര്‍ഗാറിനെ ലോക്കല്‍ പോലിസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ സഫൂറയെ ജാഫറാബാദ് മെട്രോ സ്റ്റേഷനില്‍ പൗരത്വ വിരുദ്ധ സമരം സംഘടിപ്പിക്കുകയും അത് വഴി കലാപത്തിന് കാരണക്കാരിയാവുകയും ചെയ്തു എന്നാരോപിച്ചു വടക്കു കിഴക്കന്‍ ഡല്‍ഹി പോലിസ് വീണ്ടും അറസ്റ്റ് ചെയ്തു. മൂന്നു മാസം ഗര്‍ഭിണിയായ സഫൂറ എന്‍ആര്‍സി വിരുദ്ധ പോരാട്ടത്തില്‍ സജീവ സാന്നിധ്യമായിരുന്നു. സഫൂറ ഇപ്പോൾ ജാമ്യത്തിലാണ്.

പൗരത്വ വിരുദ്ധ പോരാട്ടത്തില്‍ പ്രധാന പങ്കുവഹിച്ച മീരാന്‍ ലോക്ഡോണ്‍ കാലത്തെ റിലീഫ് പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. മാര്‍ച്ച് 27നു മീരാന്റെ നേതൃത്വത്തില്‍ ഡല്‍ഹി കരംപുരയില്‍ താമസിക്കുന്ന ബീഹാറില്‍ നിന്നുള്ള 100 അതിഥി തൊഴിലാളികള്‍ക്ക് 250 കിലോ അരിയും, 100 കിലോ ആട്ടയും 50 കിലോ ദാലും 10 ലിറ്റര്‍ എണ്ണയും വിതരണം ചെയ്തിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും ഡല്‍ഹി സര്‍ക്കാരുമായും വിവിധ സംഘടനകളുമായും സഹകരിച്ചു കൊണ്ട് റിലീഫ് പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്നു മീരാന്‍.

സീലംപൂര്‍, ജാമിയ നഗര്‍, ഷഹീന്‍ ബാഗ് എന്നിവിടങ്ങളിലെ ചെറുപ്പക്കാരെയും പോലിസ് വേട്ടയാടുന്നുണ്ട്. സീലംപുര്‍ സമരത്തില്‍ പ്രധാന പങ്കു വഹിച്ച വനിതകളിൽ പലരെയും പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് വിട്ടയച്ചു. ഷാഹീന്‍ബാഗ് സമരത്തില്‍ പ്രധാന പങ്കുവഹിച്ച മുന്‍ ഐഐടി വിദ്യാര്‍ഥിയായ ആസിഫ് മുജ്തബയെ ഏപ്രില്‍ 14 നു വൈകുന്നേരം സ്‌പെഷ്യല്‍ സെല്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. പിന്നീട് അറസ്റ്റ് ചെയ്തു.

ജാമിയനഗര്‍ സ്വദേശിയായ ആശു ഖാനെ ഏപ്രില്‍ 4 നാണു ഷഹീന്‍ സ്റ്റേഷനില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ജാമിയ നഗര്‍, ന്യൂ ഫ്രണ്ട്‌സ് കോളനി, ഷഹീന്‍ബാഗ് എന്നീ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മൂന്ന് വ്യത്യസ്ത എഫ്‌ഐആര്‍ പ്രകാരമാണ് അറസ്റ്റ്. ഷഹീന്‍ ബാഗ് പോലിസ് സ്റ്റേഷനില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് ആശു ഖാനും സ്ത്രീകളുള്‍പ്പടെയുള്ള സംഘത്തിനെതിരെ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചു ഷഹീന്‍ ബാഗ് സമരപ്പന്തലില്‍ ഒത്തുകൂടിയതിനു കേസെടുത്തത്. അല്‍ ശിഫ ഹോസ്പിറ്റലില്‍ ലാബ് ടെക്നീഷ്യനായ അബ്ദുല്‍ സത്താറിന് ചാണക്യപുരിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരാകുവാനായി ആവശ്യപ്പെട്ടുകൊണ്ട് നോട്ടിസ് ലഭിക്കുന്നത് ഏപ്രില്‍ 5നാണ്. ഡിസംബര്‍ 16നു രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ നമ്പര്‍: 242/19മായി ബന്ധപ്പെട്ടാണ് സത്താറിനെ പോലിസ് വിളിപ്പിച്ചത്.

കൊറോണ പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ജയിലുകളിലെ തിരക്ക് കുറക്കാന്‍ വിചാരണത്തടവുകാര്‍ക്കും ഏഴു വര്‍ഷം വരെ ശിക്ഷ ലഭിച്ചവര്‍ക്കും പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കണം എന്ന് സുപ്രിം കോടതി നിര്‍ദേശിച്ചിട്ടു പോലും പൗരത്വ സമരത്തിന്റെ പ്രതികാരമായി നടന്ന അറസ്റ്റുകളിൽപ്പെട്ടവർക്ക് ജാമ്യം നൽകിയില്ല..

ഫെബ്രുവരി 26ാം തിയതി വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ എന്‍ആര്‍സി വിരുദ്ധ സമരപ്പന്തലില്‍ വച്ചാണ് യുനൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റ് സ്ഥാപക നേതാവായ ഖാലിദ് സൈഫിയെയും മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലറും ഖുറേജിയിലെ പ്രധാന വോളന്റിയറുമായ ഇശ്രത്ത് ജഹാനെയും പോലിസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 24നു സംഘര്‍ഷ സാധ്യത കണക്കിലെടുത്തു ഖുറേജിയിലെ സമരപ്പന്തലില്‍ നിന്ന് സ്ത്രീകളെ ഒഴിപ്പിച്ചു റോഡ് കാലിയാക്കാന്‍ മുന്‍കൈയെടുത്ത ആളാണ് ഖാലിദ്. ഫെബ്രുവരി 26ാം തിയതി ആളൊഴിഞ്ഞ സമരപ്പന്തല്‍ തകര്‍ക്കാന്‍ ഡല്‍ഹി പോലിസ് ഖുറേജിയിലെത്തി എന്നറിഞ്ഞ ഖാലിദ് അവിടെയെത്തി പോലിസിനോട് രമ്യമായി സംസാരിച്ചു പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കൃത്യനിര്‍വഹണത്തിനെത്തിയ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചു ഖാലിദിനെയും ഇശ്രത്തിനെയും പോലിസ് അറസ്റ്റ് ചെയ്തു.

പോലിസ് കസ്റ്റഡിയില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കപ്പെട്ട ഖാലിദ് രണ്ടു കാലിനും ഗുരുതരമായി പരിക്കേറ്റ നിലയില്‍ വീല്‍ ചെയറിലാണ് കോടതിയില്‍ ഹാജരായത്. കസ്റ്റഡിക്കിടയില്‍ അവർക്കെതിരെ രചിക്കപ്പെട്ട ഡല്‍ഹി പോലിസിന്റെ തിരക്കഥ പ്രകാരം ഖാലിദും ഇശ്രത്തും ഡല്‍ഹി കലാപത്തിന്റെ പ്രധാന കാരണക്കാരായി മാറി. ആള്‍ക്കൂട്ട കൊലപാതങ്ങള്‍ക്കെതിരെയും, അസം എന്‍ആര്‍സി വിഷയത്തിലും പൗരത്വ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ടും യു.എ.എച്ച് സംഘടിപ്പിച്ച പ്രക്ഷോഭങ്ങളുടെയെല്ലാം മുന്‍നിരയിലുണ്ടായിരുന്നു ഖാലിദ് സൈഫി. വര്‍ഗീയ വിഷം ചീറ്റുന്ന വിദ്വേഷപ്രസംഗങ്ങളുമായി കപില്‍ മിശ്രമാരും പര്‍വേശ് വര്‍മമാരും അനുരാഗ് താക്കൂര്‍മാരും സ്വൈരവിഹാരം നടത്തുമ്പോള്‍ നിരപരാധികളായ സൈഫികളെയും ഖാന്മാരെയും കൊണ്ട് നിറയുകയാണ് ഇന്ത്യന്‍ ജയിലകങ്ങള്‍.

സമരത്തിന്റെ തുടക്കത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർഥി ആക്ടിവിസ്റ്റ് ഷർജീൽ ഇമാമും ആസാമിൽ അറസ്റ്റ് ചെയ്യപ്പെട്ട കർഷക നേതാവ് അഖിൽ ഗോഗോയും നിരവധി വ്യാജകുറ്റങ്ങൾ ചുമത്തപ്പെട്ട് ഇപ്പോഴും ജയിലിലാണ്.ഇതേ സമയം തന്നെ യുപിയിലെ യോഗിയുടെ കാവി സർക്കാരും പൗരത്വസമരക്കാർക്കെതിരെ വ്യാപകമായ പ്രതികാര നടപടികളുമായിട്ടാണ് മുന്നോട്ട് പോവുന്നത്. നൂറുകണക്കിന് കേസുകളാണ് സമരക്കാർക്കെതിരെ ഇതിനകം രജിസ്റ്റർ ചെയ്തത്. അലിഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റിയുടെ പ്രവർത്തനം തന്നെ ഭാഗികമായി അടച്ചുപൂട്ടിയതിന് തുല്യമാണ്. പോപുലർ ഫ്രണ്ടിനെതിരെ ദുരാരോപണങ്ങൾ പടച്ചുവിട്ട് ഹിന്ദുത്വ വികാരം മുതലാക്കാനുള്ള കുടില തന്ത്രമാണ് യോഗി പയറ്റുന്നത്. ഹഥ്റാസ് സന്ദർശിച്ച കാമ്പസ്ഫ്രണ്ട് പ്രവർത്തകരെയും മലയാളിയായ സ്വതന്ത്ര മാധ്യമ പ്രവർത്തകനായ സിദ്ദീഖ് കാപ്പനെയും അറസ്റ്റ് ചെയ്ത സംഭവത്തെയും പൗരത്വ പ്രക്ഷോഭവുമായും , ഡൽഹി വംശഹത്യയുമായും കൂട്ടിക്കെട്ടാനുള്ള അനാവശ്യ നീക്കമാണ് പ്രകടമായത്.

പിഞ്ച്റ തോഡിന്റെ ദേവാംഗന കലിത, SIO നേതാവ് ശർജിൽ ഉസ്മാനി, സഫൂറ സർഗാർ, ഗുലിഫ് ഷാ, സാബു അൻസാരി യു.പി അസംഗഢിലെ മൗലാന ത്വാഹിർ മദനി, യുപിയിലെ SIO നേതാവ് ഉമർ ഖാലിദ്, ഡോ:കഫീൽ ഖാൻ എന്നിവർക്കല്ലാം കടുത്ത നിബന്ധനകളോടെ പലപ്പോഴായി ജാമ്യം അനുവദിക്കപ്പെട്ടു.അതിനിടെ സമരത്തിന് ഒരു വർഷം തികഞ്ഞ ദിവസം ജാമിയ മില്ലിയ്യയിലെ വിദ്യാർഥികൾ നടത്തിയ പ്രതിഷേധസ്മരണ പോലീസ് തടയുകയും ഉമർ ഖാലിദിന്റെ ഉമ്മയും സഹോദരിയും അടക്കം നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

കോവിഡ് 19 മാരക രോഗഭീതിയുടെ പേരിൽ നിലച്ചു പോയ പൗരത്വ പ്രക്ഷോഭം ഒരു വിധത്തിലും പുനരാരംഭിച്ചു കൂടെന്ന വാശിയിലാണ് ഡൽഹി പോലീസ്. അതിന് വേണ്ടി ജാമിയമില്ലിയ യൂണിവേഴ്സിറ്റി കാമ്പസും പരിസര പ്രദേശമായ ഓഖ്ലയും കടുത്ത പോലീസ് നിരീക്ഷണത്തിലാക്കിക്കഴിഞ്ഞു. പൗരന്മാരുടെ അനിഷേധ്യ മൗലികാവകാശങ്ങൾ പോലും തടഞ്ഞും പ്രദേശത്തെ പൗരന്മാർക്ക് ഒത്തുകൂടാനോ ജനാധിപത്യ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനോ കഴിയാത്ത വിധം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും ഭീകരാന്തരീക്ഷം നിലനിർത്തുകയാണ് ഡൽഹി പോലീസ്.

മുസ്‌ലിം സംഘടനകൾക്കും ജീവകാരുണ്യ-സാമൂഹ്യ സേവന സംരംഭങ്ങൾക്കും മേൽ സാമ്പത്തിക കുറ്റാരോപണങ്ങൾ ഉന്നയിച്ചും ഓഫീസുകളും നേതാക്കളുടെ വീടുകളും റെയ്ഡ് നടത്തിയും അറസ്റ്റ് ചെയ്തും ഭീതിപരത്തുകയാണ്. പോപുലർ ഫ്രണ്ട് ,ഹ്യൂമൻ വെൽഫയർ ഫൗണ്ടേഷൻ, രീഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, സകാത് ഫൗണ്ടേഷൻ തുടങ്ങിയ ഓഫീസുകളിലെ ED പരിശോധനകളും റഊഫ് ശരീഫ് പോലുള്ളവരുടെ അറസ്റ്റുകളും ഇതിന്റെ ഭാഗമാണ്.

പൗരാവകാശങ്ങൾക്ക് വേണ്ടിയുള്ള ജനകീയ സമരങ്ങളെ അടിച്ചമർത്തിയും സമരക്കാരെ വേട്ടയാടിയും തുടർ സമരം തടഞ്ഞും മൗലികാവകാശങ്ങളെ കശാപ്പ് ചെയ്തും രാജ്യത്തെ ബ്രാഹ്മണഫാഷിസ്റ്റ് സ്വേഛാധിപത്യത്തിന് വിധേയപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെ ജനകീയ പ്രതിരോധം ഉയർത്തിക്കൊണ്ടു വരേണ്ടത് ഭാവിതലമുറകളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടാതെ നിലനിൽക്കാൻ അത്യന്താപേക്ഷിതമാണ്.