ഭീമകൊറഗാവ്-എൽഗർ പരിഷത്ത്; ഭരണകുട വേട്ടയാടലിൻ്റെ 3 വർഷങ്ങൾ

രാവണൻ

‘എൽഗാർ’ എന്നാൽ ഉച്ചത്തിലുള്ള പ്രഖ്യാപനം എന്നാണർത്ഥം.ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ദ്വിവത്സര വാർഷികത്തോടനുബന്ധിച്ച് 2017 ഡിസംബർ 31 ന് നടന്ന പരിപാടിയായിരുന്നു എൽഗാർ പരിഷത്ത്.പൂനെയിലെ ശനിവർവാഡ കോട്ടയിൽ 260 സംഘടനകൾ ഒത്തു ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. പ്രഭാഷണങ്ങളും സാംസ്കാരിക-കലാപരിപാടികളും ഉൾപ്പെട്ട സമ്മേളനത്തിൽ ഏകദേശം 35,000 ആളുകൾ പങ്കെടുത്തു.

മറാത്ത സാമ്രാജ്യത്തിന്റെ യഥാർത്ഥ ഭരണാധികാരികളായ പേഷ്വരുടെ അധികാരസ്ഥാനമായിരുന്നു ശനിവർവാഡ കോട്ട. ‘ചിത്പവൻ ബ്രാഹ്മണ’ സമുദായത്തിൽ പെട്ടവരാണ് പേഷ്വന്മാർ. ബ്രിട്ടീഷ് സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന മഹർ ദലിതരുടെ റെജിമെൻ്റ് ഭീമ കൊറെഗാവ് യുദ്ധത്തിൽ പേഷ്വ രുടെ സൈന്യത്തെ പരാജയപ്പെടുത്തിയിരുന്നു. ഈ വിജയം ബ്രാഹ്മണ പേശ്വന്മാർക്കെതിരായ വിജയമായിട്ടാണ് മഹർ ദലിതർ കണ്ടിരുന്നത്.ശനിവർവാഡ കോട്ടയിൽ പരിഷത്ത് സംഘടിപ്പിക്കുന്നത് ദലിത് മുന്നേറ്റത്തിൻ്റെയും ജാതി ഉന്മൂലനത്തിൻ്റെയും പ്രതീകമായി കണ്ടു. പരിപാടിക്ക് മുമ്പ് മഹാരാഷ്ട്രയിലെ നിരവധി ജില്ലകളിലൂടെ രണ്ട് മാർച്ചുകൾ സംഘടിപ്പിക്കുകയും പൂനെയിൽ കലാകാരന്മാർ, സാമൂഹിക പ്രവർത്തകർ, നാടക പ്രവർത്തകർ, സംഗീതജ്ഞർ എന്നിവരുമായി ശനിവർവാഡയിൽ സമാപിക്കുകയും ചെയ്തു. അതിക്രമങ്ങൾക്ക് ഇരയായ ദലിതുകൾക്ക് പിന്തുണ രൂപീകരിക്കുന്നതിനും എൽഗർ പരിഷത്തിന് സംഭാവന ശേഖരിക്കുന്നതിനുമായി ഈ മാർച്ചുകൾ പൊതുയോഗങ്ങൾ നടത്തി.

ഉച്ചകഴിഞ്ഞ് 2 മണിക്കാണ് പരിപാടി ആരംഭിച്ചത്. 2.30 ന് ശേഷം, കൂടുതൽ ആളുകളെ അകത്തേക്ക് കടത്തിവിടാൻ പോലീസ് വിസമ്മതിച്ചു. ഗുജറാത്ത് എം‌എൽ‌എ ജിഗ്നേഷ് മേവാനി, ദലിത് ആക്ടിവിസ്റ്റ് രാധിക വെമുല, ആദിവാസി ആക്ടിവിസ്റ്റ് സോണി സോറി, ദലിത് നേതാവ് പ്രകാശ് അംബേദ്കർ, ഭീം ആർമി പ്രസിഡന്റ് വിനയ് രത്തൻ സിംഗ്, വിരമിച്ച ബോംബെ ഹൈക്കോടതി ജസ്റ്റിസ് ബി ജി ഖോൾസ്-പാട്ടീൽ, വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ് എന്നിവർ സംഘാടകരായും പ്രസംഗികരായും വേദികളിലുണ്ടായിരുന്നു.ജാതി വിരുദ്ധ തീമുകളുള്ള നിരവധി കലാ-സാംസ്കാരിക പ്രകടനങ്ങൾ അരങ്ങേറി. തുക്കാറാം, മഹാത്മാ ജ്യോതിറാവു ഫൂലെ, ശിവാജി, ഷാഹു എന്നിവരുടെ സ്മരണയ്ക്കായി ഷാഹിർ ഗാനങ്ങൾ ആലപിച്ചു. ഒരു ഡാൻസ് ട്രൂപ്പ് അക്രോബാറ്റിക്സും ഹിപ്-ഹോപ് ഗ്രൂപ്പുകളും അവതരിപ്പിച്ചു. രാധിക വെമുല പ്രസംഗിക്കുന്നതിനുമുമ്പ്, ജാതിയെ ഉന്മൂലനം ചെയ്യുന്നതിന്റെ പ്രതീകാത്മക ആംഗ്യത്തിൽ വർണവ്യവസ്ഥയെ സൂചിപ്പിക്കുന്ന ഒരു കൂട്ടം കലങ്ങൾ തകർക്കാൻ അവരെ ക്ഷണിച്ചു.

2018 ജനുവരി 1 ന് ഭീമ കൊറെഗാവിൽ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടു. യുദ്ധത്തിന്റെ സ്മരണയ്ക്കായി ഒത്തുക്കൂടിയ ലക്ഷക്കണക്കിന് ദലിതർക്ക് നേരെ സംഘപരിവാർ സംഘടനകൾ കാവിക്കൊടിയുമായെത്തി ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കുകയായിരുന്നു. അക്രമത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ദലിതർക്കെതിരായ അതിക്രമത്തിന് പ്രേരിപ്പിച്ചുവെന്നാരോപിച്ച് ജനുവരി മൂന്നിന് പുനെ പോലീസ് ഹിന്ദു ഏക്താ മഞ്ച് മേധാവി മിലിന്ദ് എക്ബോട്ടെ, ശിവപ്രതിസ്ഥാൻ ഹിന്ദുസ്ഥാൻ മേധാവി സാംഭാജി ഭിഡെ എന്നിവർക്കെതിരെ കേസെടുത്തു. മാർച്ചിൽ അറസ്റ്റിലായ ഉടൻ എക്ബോട്ടിനെ ജാമ്യത്തിൽ വിട്ടയച്ചെങ്കിലും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ഉത്തരവ് നൽകിയിട്ടും ഭീദെയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

സാംഭാജി ഭിഡെ,മിലിന്ദ് എക്ബോട്ടെ

പിന്നീടാണ് ഭീമകൊറഗാവ് കേസിൽ നാടകീയ വഴിത്തിരിവുകൾ സംഭവിക്കുന്നത്. അക്രമത്തിന് അഞ്ച് മാസത്തിന് ശേഷം, ഹിന്ദുത്വ നേതാക്കളായ മിലിന്ദ് എക്ബോട്ടെ, സാംബാജി ഭിഡെ എന്നിവരിൽ നിന്നും ശ്രദ്ധ തിരിച്ച് ആദിവാസികൾ, രാഷ്ട്രീയ തടവുകാർ എന്നിവർക്കു വേണ്ടി പ്രവർത്തിക്കുന്ന അഞ്ച് സാമൂഹിക പ്രവർത്തകരുടെ സംഘത്തിലേക്ക് സംസ്ഥാന പോലീസ് അന്വേഷണം കേന്ദ്രീകരിച്ചത്.പൂനെ പോലീസിലെ സംഘങ്ങൾ അഭിഭാഷകൻ സുരേന്ദ്ര ഗാഡ്‌ലിംഗ്, പ്രൊഫസർ ഷോമ സെൻ, ആക്ടിവിസ്റ്റ് മഹേഷ് റൗത്ത് എന്നിവരെ നാഗ്പൂരിലെ വീടുകളിൽ നിന്നും അറസ്റ്റ് ചെയ്തു. രാജ്യവ്യാപകമായി ഏകോപിപ്പിച്ച ഓപ്പറേഷനിൽ മുംബൈയിലെ പ്രവർത്തകരായ സുധീർ ധവാലെ, ദില്ലിയിലെ റോണ വിൽസൺ എന്നിവരെയം അറസ്റ്റ് ചെയ്തു. തുടർന്ന് അഞ്ചുപേരെയും പൂനെയിലെത്തിച്ചു.സംഭവത്തിന് ശേഷമുള്ള മാസങ്ങളിൽ, നിയമവിരുദ്ധ പ്രവർത്തന(പ്രിവൻഷൻ) ആക്റ്റ് (യു‌എ‌പി‌എ) നിയമപ്രകാരം പരിപാടിയിൽ പങ്കെടുത്ത നിരവധി പേരെയും വിവിധയിടങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്തു.കവി വരവരറാവു, ആനന്ദ് തെൽതുബ്ദെ, അരുൺ ഫെറാറി, വെർനൻ ഗോൺസാൽവസ്, ഗൗതം നവ്ലാഖ, സുധ ഭരദ്വാജ്, ഫാദർ സ്റ്റാൻ സ്വാമി, ഹാനിബാബു, ജ്യോതി രഘോബ ജഗ്‌താപ്, സാഗർ തത്യാരം ഗോർഖെ, രമേശ് മുരളീധർ ഗെയ്‌ചോർ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. നിരോധിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) അംഗങ്ങളാണ് എൽഗാർ പരിഷത്ത് സംഘടിപ്പിച്ചതെന്നാണ് ഭരണ കുടം ആരോപിക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ടവർ മാവോയിസ്റ്റ് ബന്ധമുള്ളവരാണെന്നാണ് വാദം.ഭീമ കൊറെഗാവിൽ മേൽപ്പറഞ്ഞവർ അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന് അവർ പറയുന്നു.മതത്തിന്റെ അടിസ്ഥാനത്തിൽ ശത്രുത വളർത്തിയതിന് ജിഗ്നേഷ് മേവാനിക്കെതിരെയും എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു.

ഉറവിടം:റിലീസ് പൊയറ്റ്

എന്നാൽ എൽഗാർ പരിഷത്തിൻ്റെ പ്രധാന സംഘാടകരും ഫണ്ടർമാരുമായ ജസ്റ്റിസ് ബി ജി കോൾസ്-പാട്ടീൽ, പി ബി സാവന്ത് എന്നിവർ ഭരണകുട ഭാഷ്യങ്ങൾ പാടെ നിരസിക്കുകയാണുണ്ടായത്. വർഗീയതയ്‌ക്കും ഹിന്ദുത്വത്തിനും എതിരെ സമാനമായ ഒരു പരിപാടി 2015 ഒക്ടോബറിൽ ഇതേ വേദിയിൽ സംഘടിപ്പിച്ചിരുന്നതായും ജസ്റ്റിസുമാർ പറഞ്ഞു. വിമത ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള സർക്കാർ സ്പോൺസേർഡ് സംഘർഷമാണ് ഭീമകൊറഗാവിൽ നടന്നതെന്നും ഇതിൽ നിന്ന് വ്യക്തമാണ്.ദലി തർക്കും ആദിവാസികൾക്കും വേണ്ടി പ്രവർത്തിക്കുകയും ഹിന്ദുത്വ ഫാസിസത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തിട്ടുള്ളവരാണ് ഇന്ന് തടവറയിൽ കഴിയുന്ന 16 പേരും.

ദീമകൊറഗാവ് കേസ് വിചാരണ തുടരുകയാണ്. വേട്ടയാടലുകൾ അവസാനിച്ചിട്ടില്ല. ഭരണകുടത്തിൻ്റെ കണ്ണിലെ കരടായവരെല്ലാം പ്രതിചേർക്കപ്പെട്ടേക്കാം. ഫാസിസം പിടിമുറുക്കിക്കൊണ്ടിരിക്കുമ്പോൾ അറസ്റ്റുകൾ മുഖ്യധാരാ മാധ്യമങ്ങൾക്ക് വാർത്തയേ അല്ലതായിരിക്കുന്നു. ഭീഷണികളും ഭയപ്പെടുത്തലുകളും സാമാന്യവൽക്കരിക്കപ്പെട്ടിരിക്കുന്നു. കെട്ടക്കാലത്ത് നീതി വിദൂരമാണ്.എന്നിരുന്നാലും നീതിക്കായുള്ള മുറവിളികൾ അവസാനിക്കുന്നില്ല.ഫാസിസത്തെ ചെറുത്തുതോൽപ്പിക്കാൻ അതുതന്നെയാണ് ഏകമാർഗവും. ഉറക്കെയുള്ള ഒരു പ്രഖ്യാപന(എൽഗാർ) ത്തിനുക്കൂടി സമയമായി…