കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം; ജമ്മുവില്‍ ഗവര്‍ണറുടെ വീടിനു മുന്നില്‍ പ്രതിഷേധവുമായി കര്‍ഷകര്‍ 

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കർഷകവിരുദ്ധ നിയമങ്ങൾക്കെതിരെ ദില്ലി അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരെ പിന്തുണച്ച് ജമ്മുവിലെ നിരവധി കർഷകകൂട്ടായ്മകൾ കൂടി ചേർന്ന് ഗവർണറുടെ വീടിന് പുറത്ത് പ്രതിഷേധയോഗം സംഘടിപ്പിച്ചു. പുതിയ നിയമങ്ങൾ പിൻവലിക്കണമെന്ന് യോഗത്തിൽ പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

സുപ്രീംകോടതി കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്യാൻ ഉത്തരവിറക്കിയെങ്കിലും കേന്ദ്രസർക്കാർ അത് നടപ്പാക്കിയില്ല എന്ന് ജമ്മുവിലെ ഗവർണർ ഹൗസിന് പുറത്ത് നടന്ന പ്രതിഷേധത്തിനിടെ, കിസാൻ തെഹ്രീക്കിന്റെ മുതിർന്ന നേതാവ് കിഷോർ കുമാർ പറഞ്ഞു.പല ഘട്ടങ്ങളായി നടന്ന ചർച്ചകളിൽ കേന്ദ്ര സർക്കാർ കർഷക പരിഷ്കരണ നിയമത്തെ കുറിച്ചുള്ള നേട്ടങ്ങളാണ് ചർച്ച ചെയ്തത്.

കർഷകരുടെ ആവശ്യങ്ങൾക്ക് ചെവികൊടുക്കാതെ മോദി സർക്കാർ കർഷകരെ നിരന്തരം വഞ്ചിക്കുകയായിരുന്നു. ജനങ്ങളോട് സംവദിക്കാതെ അവർ കർഷക വിരുദ്ധ ബില്ലുകൾ പാസാക്കി. വരുമാനം ഇരട്ടിയാക്കുന്നതിന്റെ പേരിൽ സർക്കാർ കർഷകരെ വഞ്ചിക്കുകയാണെന്നും കർഷകരുടെ ഉൽ‌പന്നങ്ങൾ വിപണികളിൽ വിൽക്കുന്നതിനുപകരം പുഴ്ത്തിവെക്കാനാണ്, വൻകിട കോർപറേറ്റുകൾ അത് അമിത വിലയ്ക്ക് വാങ്ങുന്നതെന്ന കാര്യം കർഷകർക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർഷകർ ക്ഷീണിതരാകുമെന്നും പ്രതിഷേധം അവസാനിപ്പിക്കാൻ നിർബന്ധിതരാകുമെന്നും സർക്കാർ വിചാരിച്ചിരുന്നതായി പ്രതിഷേധ കൂട്ടായ്മയിൽ അംഗമായ സഹൂർ അഹമ്മദ് റാഥർ പറഞ്ഞു.ഈ നിയമത്തിൽ സുപ്രീം കോടതിക്ക് എതിർപ്പുണ്ട്,അതിനാൽ നിയമം സ്റ്റേ ചെയ്തു. എന്നാൽ സുപ്രീംകോടതി രൂപീകരിച്ച സമിതിയെ കർഷകർ എതിർക്കുന്നു.കാരണം സമിതിയുടെ ഭാഗമായവർ ഇതിനകം തന്നെ ഈ കാർഷിക പരിഷ്കരണനിയമങ്ങളെ പിന്തുണയ്ക്കുന്നവരായാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കാർഷിക നിയമങ്ങൾ സർക്കാർ എത്രയും വേഗം പിൻവലിക്കണമെന്ന് പ്രതിഷേധത്തിന്റെ ഭാഗമായി മുതിർന്ന സിപിഐ(എം) നേതാവ് എം വൈ തരിഗാമി ആവശ്യപ്പെട്ടു. ചർച്ചകൾ ഇല്ലാതെ, കർഷകരെ ആത്മവിശ്വാസത്തിലാക്കാതെ എങ്ങനെ സർക്കാർ ഈ നിയമങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം ചോദിച്ചു.

ഗവർണറുടെ വീടിന് പുറത്ത് നടന്ന ജമ്മുവിലെ കർഷകരുടെ പ്രതിഷേധ പ്രകടനത്തിലെ പ്രധാന മുദ്രവാക്യം തന്നെ ‘രാജ്യം സംരക്ഷിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ ജനവിരുദ്ധ നിയമങ്ങൾ പിൻവലിച്ച് കർഷകരെ രക്ഷിക്കണം’എന്നായിരുന്നു.ഇന്ത്യയിലുടനീളമുള്ള കർഷകർക്ക് ഒരേ ശബ്ദമാണെന്നും ഈ നിയമങ്ങൾ പിൻവലിക്കപ്പെടുന്നതുവരെ ഡൽഹിയിലെ കർഷകസമരത്തിൽ പങ്കെടുക്കുന്നവർ തിരികെ പോകില്ലെന്നും പ്രതിഷേധക്കാർ അഭിപ്രായപ്പെട്ടു.കേന്ദ്ര സർക്കാരിൻ്റെ കാർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ കഴിഞ്ഞ 60 ദിവസമായി കർഷകർ ദില്ലി അതിർത്തിയിൽ പ്രതിഷേധിക്കുന്നുണ്ട്.ഈ സമയത്ത് കർഷകരുമായി സർക്കാർ നടത്തിയ ചർച്ചകളെല്ലാം തന്നെ പരാജയമായിരുന്നുവെന്നും ജമ്മുവിലെ കർഷകർ കൂട്ടിച്ചേർത്തു.

(ഉറവിടം: ദി കാശ്മീർവാല)