നിയമത്തിൻ്റെ നിർദ്ദയമായ കുരുക്ക്; കഞ്ചൻ നന്നാവരെ വിടവാങ്ങി

യർവാദ ജയിലിൽ കഴിഞ്ഞ ആറര വർഷമായി തടവിലായിരുന്ന കഞ്ചൻ നന്നാവരെ സസ്സൂൺ ആശുപത്രി ഐസിയുവിൽ ചികത്സയിലായിരിക്കെ അന്തരിച്ചു. തലച്ചോറിൽ രക്തം കട്ടപിടിച്ച നിലയിൽ കുറച്ച് ദിവസങ്ങൾ മുമ്പായിരുന്നു ആശുപത്രിയിൽ അഡ്മിറ്റായത്. ഹൃദ്രോഗിയായ കഞ്ചൻ നന്നാവരെയ്ക്ക് ആവശ്യമായ അടിയന്തിര ചികിത്സയ്ക്കായി, ഹൈക്കോടതിയിൽ അപേക്ഷ കൊടുത്തിരുന്നെങ്കിലും ലഭിച്ചിരുന്നില്ല.

എടിഎസ് യുഎപിഎ കേസ് 2/15 ൽ പ്രതിയാക്കപ്പെട്ട കഞ്ചൻ നന്നാവരെ 2014 ഒക്‌ടോബർ മുതൽ പൂണെ യർവാദ സെൻട്രൽ ജയിലിലെ വനിതാ ജയലിൽ തടവുകാരി ആണ്. രണ്ട് ബൈപ്പാസ് സർജറി ചെയ്തു കഴിഞ്ഞ അവരുടെ ഒരു കിഡ്നി മുൻപേ പ്രവർത്തനരഹിതമായിരുന്നു. ഹൃദയമിടിപ്പ് 40 ലേക്ക് താഴ്ന്നതിനെ തുടർന്ന് തുടർച്ചയായി ഓക്സിജൻ നൽകി കഷ്ടിച്ച് ജീവൻ നിലനിർത്തുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ അടിയന്തിര ജാമ്യത്തിനുള്ള അപേക്ഷ കോടതിയിൽ കൊടുത്തെങ്കിലും വിചാരണ തീരാറായി, മുടക്കമില്ലാതെ വിചാരണ നടത്തി കേസ് വേഗം തീർക്കുമെന്ന കാരണം നൽകി അപേക്ഷ തള്ളുകയായിരുന്നു.

വിപ്ലവ സാഹിത്യം വിൽക്കുന്ന ഒരു പുസ്തകശാല നടത്തിയതിന്റെ പേരിലാണ് കഞ്ചൻ നന്നാവരെയെ ആദ്യമായി അറസ്റ്റ് ചെയ്യുന്നത്. ജാമ്യത്തിലിറങ്ങിയശേഷം പോലീസ് നിരന്തരമായി ശല്യം ചെയ്തതു കൊണ്ട് അവർ തന്റെ ജീവിത പങ്കാളിയായ അരുൺ ബെൽക്കെയോടൊപ്പം ഒളിവിൽ പോവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് 2014 ൽ അവരെ രണ്ട് പേരെയും അറസ്റ്റ് ചെയ്യുന്നത്.

അതിനു ശേഷം ഭരണകൂടം, കഞ്ചൻ നന്നാവരെയെ 5 കള്ളക്കേസുകളിൽ കുടുക്കിയെങ്കിലും ഒരെണ്ണം ഒഴികെ മറ്റെല്ലാത്തിലും അവർ കുറ്റവിമുക്തയാവുകയായിരുന്നു. ഗോണ്ടിയാ കോടതിയിലെ കേസ് തുടങ്ങാൻ പലവട്ടം ശ്രമിച്ചിരുന്നെങ്കിലും ജഡ്ജി തയ്യാറായിരുന്നില്ല. ജാമ്യം പോലും കൊടുക്കാതെ നിയമത്തിന്റെ നിർദ്ദയമായ കുരുക്കിൽ കുടുക്കി കഞ്ചൻ നന്നാവരെയെ ഭരണകുടം കൊലപ്പെടുത്തിയതാണെന്ന വിമർശനമുയർന്നു കഴിഞ്ഞു.