പന്തീരാങ്കാവ് UAPA കേസ്;കുരുക്കിനനുസരിച്ച് കഴുത്ത് തേടുന്ന NIA

പന്തീരങ്കാവ് യൂഎപിഎ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ വയനാട് സ്വദേശി വിജിത്ത് വിജയനെ(26)എൻഐഎ സ്പെഷ്യൽ കോടതി ഫെബ്രുവരി 19 വരെ എറണാകുളം ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.എൻഐഎ അന്വേഷണസംഘം വിജിത്തിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും പ്രതിഭാഗം എതിർത്തതിനെ തുടർന്നാണ് വിശദമായ വാദം കേൾക്കുന്നതിന് 25 ലേക്ക് മാറ്റിയത്.

പന്തീരങ്കാവ് കേസ്(RC-04/2019/NIA/KOC) അന്വേഷണത്തിൻ്റെ ഭാഗമായി കോഴിക്കോട്, രണ്ടിടങ്ങളിൽ നടത്തിയ റെയ്ഡിനെ തുടർന്ന് എൻഐഎ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത് അലനെയും താഹയെയും നിരോധിത സംഘടനയായ സിപിഐ(മാവോയിസ്റ്റ്) ലേക്ക് റിക്രൂട്ട് ചെയ്തത് അധ്യാപകനായ വിജിത്ത് വിജയനും മാധ്യമ പ്രവർത്തകനായ അഭിലാഷ് പടച്ചേരിയും ചേർന്നാണ് എന്നാണ്. പിന്നീട് 27-07-2020 ലെ എൻഐഎ റിപ്പോർട്ട് പ്രകാരം കോഴിക്കോട് ട്യൂഷൻ സെൻ്ററിൽ വിജിത്തിൻ്റെ സഹ അധ്യാപകനായ എൽദോസ് വിത്സനെ പ്രതിചേർക്കുകയായിരുന്നു.

എൻഐഎ, കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം പന്തീരങ്കാവ് കേസിൽ നിലവിൽ അലൻ ഷുഹൈബ്, ത്വാഹ ഫസൽ, സി.പി.ഉസ്മാൻ, വിജിത്ത് വിജയൻ, എൽദോസ് വിത്സൻ എന്നീ അഞ്ച് പ്രതികളാണുള്ളത്. അന്വേഷണത്തിൽ അലൻ ഷുഹൈബും ത്വാഹ ഫസലും സിപിഐ(മാവോയിസ്റ്റ്) അംഗങ്ങളാണെന്ന ആരോപണത്തിന് തെളിവൊന്നും ഇല്ലാഞ്ഞതിനാൽ ഇവർക്കെതിരെ ആദ്യം ചാർജ് ചെയ്ത യൂഎപിഎയിലെ 20 മത്തെ വകുപ്പ് എടുത്തു മാറ്റിയിരുന്നു. നിരോധിത ഭീകരസംഘടനയിലെ അംഗമായി പ്രവർത്തിക്കുന്നത് കുറ്റകരമാക്കുന്നതാണ് 20 ആം വകുപ്പ്. അതോടു കൂടി അലനെയും ത്വാഹയെയും നിരോധിത മാവോയിസ്റ്റ് സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തു എന്ന ആരോപണത്തിനും നിലനിൽപ്പില്ലാതായിരിക്കുകയാണ്. പത്രക്കുറിപ്പിൽ എൻ.ഐ.എ യുടെ അവകാശവാദത്തിന് നിലനിൽപ്പില്ലാതായതോടെ ഇവർ സിപിഐ(മാവോയിസ്റ്റ്) സംഘടനയുടെ പ്രചാരകരാണെന്നും ലഘുലേഖകളും, ഡിജിറ്റൽ തെളിവുകളും താമസസ്ഥലത്തു നിന്നും കണ്ടെടുത്തിട്ടുണ്ടെന്നുമാണ് എൻഐഎ ഉന്നയിക്കുന്ന പുതിയ ആരോപണം.കുറ്റം ആരോപിച്ചു ആളുകളെ പ്രതിയാക്കുകയല്ല ആളുകളെ ആദ്യം തന്നെ പ്രതിയാക്കിയതിനു ശേഷം കുറ്റം ആരോപിക്കുക എന്ന രീതിയാണ് എൻ.ഐ.എ സ്വീകരിക്കുന്നത് എന്നും ഇത് തീർത്തും ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്നും മനുഷ്യാവകാശ പ്രവർത്തകൻ കൂടിയായ അഡ്വ.തുഷാർ നിർമ്മൽ അഭിപ്രായപ്പെട്ടു.

അതേസമയം,വിജിത്ത് വിജയൻ്റെ അറസ്റ്റ് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹത്തിൻ്റെ സഹോദരൻ ജിതിൻ വിജയൻ അറോറയോട് പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തോളമായി സഹോദരൻ വീട്ടിലുണ്ടായിരുന്നു. എൻഐഎ യുടെ അന്വേഷണവുമായി പൂർണമായി സഹകരിച്ചിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം കൽപ്പറ്റ റസ്റ്റ്ഹൗസിൽ വിളിച്ചുവരുത്തി അപ്രതീക്ഷിതമായി അറസ്റ്റ് ചെയ്യുകയായിരുന്നു. യൂഎപിഎ, മനുഷ്യാവകാശങ്ങളെ ലംഘിക്കന്നതും സമൂഹത്തിൽ പ്രതികരിക്കുന്നവരെ കുരുക്കിലാക്കുകയും ചെയ്യുന്ന കരിനിയമമാണെന്നും സഹോദരനു വേണ്ടി നിയമ പോരാട്ടം നടത്തുമെന്നും നിയമവിദ്യാർത്ഥി കൂടിയായ ജിതിൻ വിജയൻ പറയുന്നു.