”മണ്ണിൽ പണിയെടുക്കുന്നവർക്ക് കൃഷി ഭൂമിയിൽ കൂട്ടായ ഉടമസ്ഥത വേണം”

ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഐതിഹാസികമായ കർഷകസമരത്തിൻ്റെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തെ സംബന്ധിച്ച്, കേരളത്തിൽ നീണ്ട കാലം നക്സലൈറ്റ് തടവുകാരനായി കഴിഞ്ഞ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും പോരാട്ടം സംഘടനയുടെ ചെയർമാനുമായ സഖാവ് എം.എൻ.രാവുണ്ണിയുമായി നടത്തിയ അഭിമുഖ സംഭാഷണത്തിൻ്റെ മൂന്നാംഭാഗം.

എന്താണ് മണ്ഡി സമ്പ്രദായം? കർഷക നിയമത്തിലെ ഭേദഗതിയും മോദിസർക്കാരിന്റെ നയങ്ങളും.

കർഷകർക്ക് ഉണ്ടായ അനുകൂല്യങ്ങളെ കുറിച്ചു ഞാൻ നേരത്തെ പറഞ്ഞല്ലോ.അതിൽ പ്രധാനപ്പെട്ടത് ആണ് എം എസ് സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട്.പൊതുവിലുള്ള കാർഷിക സംഘടനകൾ അതായത് ഇപ്പോൾ സമര രംഗത്തുള്ള ഭൂരിഭാഗം സംഘടനകളും ഈ റിപ്പോർട്ടിനെ പൂർണമായും അംഗീകരിക്കുന്നില്ല.ഇതൊരു സാമ്രാജ്യത്വ താല്പര്യ സംരക്ഷണ റിപ്പോർട്ടായത് കൊണ്ടാണ് കാർഷിക സംഘടനകൾ ഈ റിപ്പോർട്ടിനെതിരെ മുഖം തിരിഞ്ഞു നിൽക്കുന്നത്.അതേസമയം ഈ റിപ്പോർട്ടിൽ ഉൽപ്പന്നങ്ങൾക്ക് താങ്ങു വില നൽകണം എന്ന് പറയുന്നുണ്ട്.അതു പോലും മുമ്പുള്ള സർക്കാരോ നിലവിലെ മോ_ ഷാ സർക്കാരോ നടപ്പാക്കിയിട്ടില്ല.ചില സംസ്ഥാനങ്ങൾ താങ്ങുവില നൽകുന്നുണ്ടെങ്കിലും അതൊന്നും നിയമാനുസൃതമല്ല. അത് നിയമ പ്രകാരമാക്കണം എന്നത് ആണ് കർഷകരുടെ ആവശ്യം.പുതിയ നിയമത്തിൽ തങ്ങു വിലയ്ക്കുള്ള എല്ലാ സാധ്യതകളും തള്ളി കളയുന്നുണ്ട്.മൂന്നു നിയമങ്ങൾ കൊണ്ട് സർക്കാർ പ്രധാനമായും ഉദ്ദേശിക്കുന്നത് ഇടനിലക്കാരെ ഇല്ലാതാക്കുക എന്നതാണ്.അതായത് മണ്ഡി സമ്പ്രദായം അവസാനിപ്പിക്കുക..മണ്ഡി സമ്പ്രദായം നിലനിർത്തണം എന്ന് കർഷകരും ആവശ്യപ്പെടുന്നില്ല.പക്ഷെ ഉൽപന്നങ്ങൾ വിൽക്കുവാൻ അവർക്ക് മാറ്റ് വഴികളില്ല എന്നതാണ് നിലവിലെ അവസ്ഥ. മറ്റൊരുപാധിയും സർക്കാർ തുറന്നു കൊടുത്തിട്ടില്ല. മണ്ഡി സമ്പ്രദായത്തിൽ ഇടനിലക്കാരുടെ കൊള്ളയുണ്ട്. നിലവിൽ 5 കിലോ വരുന്ന ഒരു തക്കാളി പെട്ടി കർഷകൻ കൃഷി സ്ഥലത്ത് നിന്നും തമിഴ്നാട്ടിലെ വേലം താവളം ചന്തിയിൽ കൊണ്ട് കൊടുത്താൽ കിട്ടുന്നത് വെറും 5 രൂപയാണ്.അതായത് 5 കിലോയ്ക്ക് 1രൂപ.അതേസമയം കടയിൽ നിന്നും ഉപഭോക്താക്കൾ ഈ സന്ദർഭത്തിൽ 20 രൂപക്ക് ആണ് ഒരു കിലോ തക്കാളി വാങ്ങുന്നത്.തീർച്ചയായും മണ്ഡി നടത്തുന്നത് ഇടനിലക്കാരാണ്.അവർ നടത്തുന്നത് കൊള്ള തന്നെയാണ്.ഈ കൊള്ള ഇല്ലാതാക്കൻ അതിനെ പരിഷ്ക്കരിക്കുകയാണ് വേണ്ടത്.എന്നാൽ സർക്കാർ ചെയ്യുന്നത് പുതിയ നിയമത്തിലൂടെ ഈ മണ്ഡി സമ്പ്രദായം തന്നെ ഇല്ലാതാക്കുകയും ഇടനിലക്കാരുടെ കൊള്ള ഇല്ലാതാക്കാൻ എന്ന പേരിൽ വറു ചട്ടിയിൽ നിന്നും എരി തീയിലേക്ക് കർഷകരെ എടുത്തിടുകയുമാണ് ചെയ്യുന്നത്.

അദാനിയും അംബാനിയും രാജ്യത്താകമാനം ചില പ്രമോട്ടേഴ്സിലൂടെ 881 എസ് പി ഒ കളാണ് പുതിയ നിയമപ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഇവരാകും ഇനി കാർഷിക ഉൽപ്പന്നങ്ങൾ ശേഖരിക്കുക.ശരാശരി1000 പേരാകും ഒരു എസ് പി ഒ യിൽ ഉണ്ടാവുക. ഓരോ സംഘത്തിലും ഒരു പ്രമോട്ടർ എന്ന നിലയിലാണ് ക്രമീകരണം.ഇതൊരു സ്വകാര്യ വ്യക്തിയോ ഗവണ്മെന്റ് ഇതര ഏജൻസിയോ ആകും. അതായത് ഞാൻ പറഞ്ഞു വരുന്നത് ഇതൊരു സ്വാകാര്യ വൽക്കരണവുമായി ബന്ധപ്പെട്ട നയം ആണെന്നാണ്.ഈ നിയമ പ്രകാരം ക്രമേണ അവർ പറയുന്നതെ ഉത്പാദിപ്പിക്കാൻ കഴിയു.രണ്ടാമത്തെ കാര്യം വലിയ രീതിയിൽ ഉത്പന്നങ്ങൾ പരിധിയില്ലാതെ ശേഖരിച്ച്‌ സ്വകാര്യ കമ്പനികൾക്ക് പൂഴ്ത്തിവയ്ക്കാനുള്ള അവസരം നൽകുന്നു.പൂഴ്ത്തി വെപ്പ് ഉപഭോക്തക്കളിൽ നിന്നും അമിത വില ഈടാക്കാനും കർഷകരിൽ നിന്നും കുറഞ്ഞ വിലയ്ക്ക് സംഭരിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷമുണ്ടാക്കും.ഇവിടെ മണ്ഡി സമ്പ്രദായം കൊണ്ട് ബുദ്ധിമുട്ടുന്ന കർഷകരോട് ആണ് ഇവരുടെ വ്യാകുലതയെങ്കിൽ കേരളത്തിലേത് പോലെ സഹകരണ സംഘങ്ങൾ വഴിയുള്ള ധാന്യശേഖരം നടത്തണം.അതോടൊപ്പം തന്നെ ഞാൻ വ്യക്തമാക്കുകയാണ് കേരളത്തിലെ സംവിധാനവും അത്ര അന്യൂനമോ കാര്യക്ഷമമോ അല്ലെന്നും നിരവധി പാളിച്ചകൾ ഉള്ള സംവിധാനമാണ് കേരളത്തിലും ഉള്ളത്.പക്ഷെ ഇതൊരു സാധ്യതയാണ്.ഈ രീതിയിൽ സർക്കാർ ഇടപെട്ടുകൊണ്ട് ഭരണകൂടത്തിന്റെ മുൻകയ്യിൽ ഇത് സംഘടിപ്പിക്കാവുന്നതാണ്.

ആഗോള വൽക്കരണം , സ്വകാര്യ വൽക്കരണം,ഉദാരവൽക്കരണം എന്നിവ അടങ്ങിയ ആഗോള സാമ്രാജ്യത്വത്തിന്റെ ഭാഗമായ പുത്തൻ സാമ്പത്തിക നയം മാത്രമാണ് ഈ നിയമത്തിലും ഉള്ളത്.സ്വകാര്യ വൽക്കരണത്തിന്റെ ഭാഗമായി വമ്പൻ രീതിയിലുള്ള പൂഴ്ത്തി വയ്പ്പും വിലവർധനെയും പ്രോത്സാഹിപ്പിക്കുന്നതിലേക്കാണ് ഈ നിയമം ആത്യന്തികമായി കൊണ്ടെത്തിക്കുക.മണ്ഡി സമ്പ്രദായത്തിന്റെ ക്രൂരതകൾ അവസാനിപ്പിക്കുകയല്ല അതിനെക്കാളും വലിയ ക്രൂരത കാർഷികന് എതിരായിട്ട് അഴിച്ചു വിടുകയാണ് ഈ നിയമത്തിലൂടെ ചെയ്യുന്നത്.അതാണ് ഒരു വിഷയം.

പിന്നെ ഞാൻ നേരത്തെ ആമുഖമായി സൂചിപ്പിച്ചിരുന്ന പോലെ ഇതൊരു ആഗോള സാമ്രാജ്യത്വ കുത്തകകളുമായി ബന്ധപ്പെട്ട നിയമമാണ്. ഞാൻ അതിന് ഒരു ഉദാഹരണം പറയാം. ഒരു പഠനം വന്നിട്ടുള്ളതിൽ പറയുന്നത് ശൈത്യമേഖലയിലുള്ള വടക്കൻ നാടുകളായ കാനഡ, അമേരിക്ക,യൂറോപ്പ്യൻ മേഖലയിലുള്ള രാജ്യങ്ങൾ തുടങ്ങിയ ഇടങ്ങളിൽ കൂടുതലായും ഉത്പാദിപ്പിക്കുന്നത് പാലുല്പാദങ്ങളാണ്.അതാകട്ടെ മുതലാളിത്തത്തിന്റെ ആർത്തി കാരണം ഹിമാലയക്കണക്കിനാണ് ഉത്പാദിപ്പിച്ചിരിക്കുന്നത്.അത് വിറ്റഴിക്കാൻ അവർക്ക് ഒരിടമില്ല. ഇവിടേക്ക് വന്നാൽ മാത്രമേ ആ പ്രതിസന്ധി മുതലാളിത്തത്തിനു പരിഹരിക്കാൻ സാധിക്കൂ.നമ്മുടെ കാർഷകരംഗത്തെ ഭക്ഷ്യ ഉല്പാദനത്തെ പരാശ്രയമക്കുകയും അവരുടെ ഉത്പന്നങ്ങൾ ഇവിടെ വിതരണം ചെയ്യുകയും വേണം.അതോടൊപ്പം കയറ്റുമതി ചെയ്യാനാവശ്യമായ ധാന്യങ്ങൾ ഇവിടെ ഉത്പാദിപ്പിക്കുകയെന്ന ഉദ്ദേശം കൂടി പുതിയ നിയമത്തിലൂടെ സാമ്രാജ്യത്വം ലക്ഷ്യം വയ്ക്കുന്നുണ്ട്.അതാണ് മോഡി സർക്കാരിന്റെ സാമ്പത്തിക നയവും.

മാൻ മോഹൻസിങ് സർക്കാർ ഉള്ളപ്പോളും ഇത് തന്നെയായിരുന്നു സാമ്പത്തിക നയം.പക്ഷെ അവർക്ക് ഇതങ്ങോട്ട് ലിബറലായിട്ട് നടപ്പാക്കാൻ സാധിച്ചില്ല. അതുകൊണ്ടാണ് ഭരണ വർഗം പുത്തൻ സാമ്പത്തിക നയം നടപ്പാക്കാൻ കോൺഗ്രസിനോട് ഇനി നിങ്ങൾ വേണ്ടെന്ന് പറഞ്ഞത്. 2004 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എ ഐ സി സി സോണിയ ഗാന്ധിയയെയാണ് പ്രധാനമന്ത്രിയാ ക്കാനായി തീരുമാനിച്ചത് പക്ഷെ അവർക്ക് അത് പറ്റിയില്ല. മൻമോഹൻ സിങ്ങിനെ തന്നെ വേണ്ടി വന്നു. അതിനുള്ള കാരണം പുത്തൻ സാമ്പത്തിക നയം നന്നായി നടപ്പിലാക്കാൻ അറയുന്ന ഒരാൾ മൻമോഹൻ സിങ് ആയിരുന്നു.ലോക ബാങ്കും ,ഐ എം എഫും അന്താരാഷ്ട്ര നാണയ നിധികളും തീരുമാനിച്ചയാളെയാണ് ഇങ്ങോട്ട് ഇറക്കുമതി ചെയ്യുന്നത്.ഒരു പ്രധാന മന്ത്രിയെ പോലും കോൺഗ്രസനു തിരഞ്ഞെടുക്കാനുള്ള രാഷ്ട്രീയ സ്വാതന്ത്ര്യമില്ല.അവർ എല്ലാത്തരത്തിലും ആശ്രിതരാണ്.പക്ഷെ അവർക്ക് ഈ സാമ്പത്തിക നയം വേണ്ടവിധത്തിൽ നടപ്പിലാക്കാൻ കഴിഞ്ഞില്ല.ചാഞ്ചാട്ടങ്ങൾ ഉണ്ടായിരുന്നു.അത് അവരുടെ ഒരു ലിബറൽ സ്വാഭാവവുമായി ബന്ധപ്പെട്ടതാണ്.അടുത്ത തിരഞ്ഞെടുപ്പിൽ കോണ്ഗ്രസ്സിനെ വേണ്ടെന്ന് തീരുമാനിച്ചത് സാമ്രാജ്യത്വമായിരുന്നു.വാജ്‌പേയ്യെ പോലുള്ളവരെക്കാൾ മോദി_ അമിത് ഷാ ആർ എസ് എസ് ഹാർഡ് കോറിനാവും പുത്തൻ സാമ്പത്തിക നയം നന്നായി നടപ്പാക്കാൻ പറ്റുക അഥവാ ആർ എസ് എസ് നെ കൊണ്ടേ ഈ നയം കൂടുതൽ തീവ്രമായ നിലയിൽ നടപ്പാക്കാൻ പറ്റൂ എന്ന വർഗപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സർക്കാർ അധികാരത്തിലേറിയത്.അത് കൊണ്ടാണ് കേന്ദ്രത്തിന് ഇത്ര ദുർവാശി.സുപ്രീംകോടതി പറഞ്ഞതിനെ ഒരു സേഫ്റ്റി വാൽവ് ആയി പരിഗണിച്ചു കൊണ്ട് ഈ നിയമത്തിൽ നിന്നും പിൻവാങ്ങാൻ സർക്കാർ തയ്യാറാകാത്തത് പുത്തൻ സാമ്പത്തിക നയം നടപ്പാക്കാൻ പ്രതിജ്ഞാബന്ധ മായത്തിന്റെ ഭാഗമായാണ്.രണ്ടര മാസമായി കൊടും തണുപ്പിൽ തുടരുന്ന സമരത്തിൽ 50ൽ അധികം പേരാണ് രക്തസാക്ഷിയായത്. വളരെ നിഷ്ടൂരമായാണ് സമരത്തെ ബി ജെ പി സർക്കാർ സമീപിക്കുന്നത്.ഇത് വരെ പ്രധാനമന്ത്രി കർഷകരുമായി സംസാരിക്കാൻ തയ്യാറായിട്ടില്ല.അതേസമയം സുപ്രീംകോടതിയിൽ തീർപ്പായ പളളി തർക്കത്തിൽ വീണ്ടും അനുരഞ്ജന ചർച്ചക്ക് പ്രധാനമന്ത്രി നേതൃത്വം നൽകുന്നുണ്ട്.ഇത് വ്യക്തമാക്കുന്നത് ഇവരുടെ രാഷ്ട്രീയം എത്ര ഹൃദയ ശൂന്യവും കുടിലാവുമാണെന്നാണ്.

കേരളത്തില ജനങ്ങളെ കർഷക പരിഷ്കരണ നിയമം എങ്ങനെ ബാധിക്കുന്നു.

വളരെ പ്രസക്തമായ ചോദ്യമാണ്.കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പുത്തൻ കൊളോണിയൽ നയങ്ങൾ നടപ്പാക്കുന്നതിൽ വലിയ രീതിയിൽ മുന്നേട്ട് പോയിട്ടുള്ള സംസ്ഥാനമാണ് .അത് കൊണ്ട് തന്നെ പ്രതിവിപ്ലവ താല്പര്യങ്ങൾ മുൻനിർത്തിയുള്ള പരിഷ്ക്കരണങ്ങൾ ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്.പഴയ ക്ലാസ്സിക്കൽ ജന്മിത്തതിനെ ഇല്ലാതാക്കുകയും എന്നാൽ പുത്തൻ ജന്മി ഭൂഉടകളെ സൃഷ്ടിക്കുകയും ചെയ്തു.കേരളത്തിലെ കൃഷി ഭൂമിയിൽ 20 ഏക്കറിന് മുകളിലുള്ള ഭൂരിപക്ഷം ഭൂമിയിലും നാണ്യവിളകൾ മാത്രമാണ് കൃഷി ചെയ്യുന്നത്.പക്ഷെ ഈ ഭൂമിയുടെ അവകാശികളായുള്ളത് സംസ്ഥാന ജനതയുടെ വെറും 7 % പേർ മാത്രമാണ്.അതാണ് നിലവിലെ അവസ്ഥ.വെറും 7% പേരുടെ കയ്യിൽ കേരളത്തിലെ 20 ഏക്കർ മുതൽ 10,000ക്കണക്കിൽ ഏക്കർ ഭൂമി കേന്ദ്രീകരിക്കപ്പെട്ടിരിക്കുകയാണ്.

കേരളത്തിലെ പ്രതിവിപ്ലവകാരമായ കാർഷക പരിഷ്‌ക്കരണം മൂലം നെല്ല് കൃഷി കർഷകരെ അമ്പേ പാപ്പരീകരിക്കപ്പെട്ടു. മുഴുവനായും നെല്ല് കൃഷി തകർന്നു.സംസ്ഥാനത്തിന് ആവശ്യമായ ധാന്യങ്ങളുടെ വെറും 19% മാത്രമാണ് നമ്മൾ ഉൽപാദിപ്പിക്കുന്നത്. സംസ്ഥാനം ഭരിച്ചിരുന്ന സർക്കാരുകൾ അവകാശപ്പെടുന്ന പ്രകാരം കാർഷിക പരിഷ്‌ക്കരണം നടപ്പായിരുന്നു എങ്കിൽ എന്തു കൊണ്ടാണ് ധാന്യ ഉത്പാദനം വർധിക്കാത്തത്.ആകെ കൃഷി ഭൂമി മുൻപ് ഉണ്ടായിരുന്നത്തിൽ നിന്നും വെറും 5% ആയാണ് കുറഞ്ഞിരിക്കുന്നത്.ബാക്കിയുള്ളവ നാണ്യവിള തോട്ടങ്ങളും പാർപ്പിട സമുച്ചയങ്ങളായും രൂപാന്തരപ്പെട്ടിരിക്കുകയാണ്. പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ അനുഭവിക്കുന്നത് പോലുള്ള നേരിട്ടും വേഗത്തിലുള്ളതുമായ ഒരു പ്രത്യാഗാതമായിരിക്കില്ല ഈ നിയമം മൂലം നമ്മൾ അനുഭവിക്കുക.അതേസമയം ഞാൻ ആമുഖത്തിൽ പറഞ്ഞ കേരളത്തിലെ കാർഷിക പരിഷ്‌ക്കാരങ്ങൾ മൂലം ചില ഗുണങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്.അവയെ പോലും വിഴുങ്ങുന്ന നിലയിലാവും പുതിയ നിയമം നമ്മെ ബാധിക്കുക. മാറ്റ് സംസ്ഥാനത്തെ കർഷകരെക്കാളും ദൂരവ്യാപകമായ പ്രത്യാഗാതമുണ്ടാകുക നമ്മുടെ നാട്ടിലെ കർഷകർക്കായിരിക്കും.

നമ്മൾ ഭക്ഷ്യ സ്വയം പര്യാപ്‌തമല്ല എന്ന കാരണത്താലാണത്. ഭക്ഷ്യവസ്തുക്കൾക്കായി മാറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നമുക്ക് ഡൽഹിയിലെ സമരം നീണ്ടു നിൽക്കുന്നത് പോലും ഗുണകരമല്ല.വടക്കുള്ള കർഷകരിൽ നിന്നും കൃഷി ഭൂമി നഷ്ടപ്പെട്ടാൽ കേരളത്തിന് അത് വലിയ ആഘാതമായിരിക്കും.മാറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തിൽ ആപേക്ഷികമായി മെച്ചപ്പെട്ട നിലയിൽ നടക്കുന്ന കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണവും വിതരണവും പുതിയ നിയമത്തോടെ തകർക്കപ്പെടും.തെക്കേ അറ്റത്തുള്ള കർഷകരെ ചെറുത് അല്ലാത്ത വിധം ഈ നിയമം ഉലയ്ക്കുമെന്നത് തീർച്ചയാണ്.കൃഷി തകർന്നാൽ മുഴുവൻ സമൂഹവും തകരും.ഏതൊരു സമൂഹത്തിന്റെയും നിലനിൽപ്പ് കാർഷിക സമ്പത്ത്ഘടനയിലായിരിക്കണം.കൃഷി സമ്പൂഷ്ഠമായാൽ മാത്രമേ ഭക്ഷ്യ ഉത്പാദനം വർധിപ്പിക്കാൻ സാധിക്കൂ. യാഥാർത്ഥ്യത്തിൽ ഒരു സമൂഹത്തിന്റെ വളർച്ചയും പുരോഗതിയും കൃഷിയിലൂടെ മാത്രമാണ്. എന്നാൽ മുതലാളിത്തം ഇത് അവഗണിച്ചത് കൊണ്ടാണ് മുതലാളിത്തത്തിന്റെ തകർച്ചയ്ക്കും പ്രതിസന്ധിക്കും വഴിവെച്ചത്.

സമൂഹത്തെ മൊത്തത്തിൽ ഈ നിയമം ബാധിക്കും.ആ തിരിച്ചറിവ് കേരളത്തിലെ ജനങ്ങൾക്ക് ഉണ്ടാവുന്നുണ്ട്.അതിന്റെ ഭാഗമായി പല സമരങ്ങളും സ്വയോത്ഭവമായി ഉണ്ടാവുന്നുണ്ട്.പല പാർട്ടികളും തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് കൊണ്ടെങ്കിലും ഇതിന്റെ ഭാഗമാകുന്നത് ആശാവഹമാണ്.

കേരളത്തിൽ കർഷക ഐക്യദാർഢ്യ സമരങ്ങൾ മാത്രം നടന്നാൽ മതിയോ? ദളിത് കർഷകരുൾപ്പെടെ കേരളത്തിൽ നിരവധി പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്… അത്തരത്തിൽ കേരളത്തിൽ കാർഷിക- ഭൂമി പ്രശ്നങ്ങൾ ഉയർത്തി കൊണ്ട് ഒരു സമരം ആവശ്യമില്ലെ….

തീര്‍ച്ചയായും അത്തരമൊരു സമരം ആവശ്യമാണ്‌. പക്ഷേ ഇന്ന്‌ അതല്ലചര്‍ച്ച ചെയ്യപ്പെടുന്നത്‌. ഏതൊന്നിനും അതിന്റേതായ വസ്തുനിഷ്ട്ട സാഹചര്യം, അതുമായി ബന്ധപ്പെട്ട സംഘടന നിര്‍മ്മാണങ്ങള്‍, ഇതൊക്കെ ആവശ്യമാണ്‌. ഇവിടുത്തെ ഭൂമിപ്രശ്‌നം, കേരളത്തില്‍ രണ്ടാം ഭൂപരിഷ്കരണം വേണം. ദളിത്‌ ആദിവാസി മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പടെ ഉള്ള ഭൂരഹിത കര്‍ഷകര്‍ക്ക്‌, മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക്‌ ഭൂമി ഉറപ്പാക്കുന്ന രീതിയിലുള്ള ഭൂ പരിഷ്ക്കരണം വേണം എന്നുള്ള മുദ്രാവാക്യം ഇവിടെ മാവോയിസ്റ്റ്‌ ചായുവുള്ള സംഘടനകളാണ്‌ സി.ആര്‍.സി തൊട്ട്‌ കെ.സി.പി പിന്നീട്‌ മാവോയിസ്റ്റ്‌ പാര്‍ട്ടി അതിന്‍റെ വിവിധ ബഹുജന സംഘടനകളാണ്‌ ഉയര്‍ത്തി കൊണ്ടു വരുന്നത്‌. അതിന്‌ അതിന്‍റേതായ പ്രസക്തി ഉണ്ട്‌. പക്ഷേ എന്തു കൊണ്ട്‌ അത്‌ മുന്നോട്ട്‌ പോകുന്നില്ല. ഞാന്‍ പറയുന്നത്‌ ആത്മനിഷ്ട്ട ആഗ്രഹങ്ങള്‍ മാത്രം പോര. വസ്തുനിഷ്ട്ട യാഥാര്‍ത്ഥ്യങ്ങളും അതുമായി ബസ്ധപ്പെട്ടിട്ടുള്ള നിയമങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്‌. അപ്പോള്‍ അതുമായിറ്റ്‌ സംയോജിപ്പിക്കപ്പെടുമ്പോള്‍ മാത്രമേ അത്‌ യാതാര്‍ത്ഥ്യമാകുള്ളു. എന്നു വെച്ച്‌ ഇതൊന്നും ഉന്നയിക്കുന്നത്‌ ശരിയല്ല എന്നുള്ള അര്‍ത്ഥത്തില്‍ വിവക്ഷ അല്ല എനിക്ക്‌ ഉള്ളത്‌. തീര്‍ച്ചയായും അതൊരു പ്രത്യേക രീതിയിലാണ്‌ അതിന്‍റെ ഒരു ടെർനിംഗ്‌ പോയിന്റ്‌ ആയിട്ട്‌ വരുക. അതിന്‌ കാര്യങ്ങള്‍ ഒരുക്കാന്‍ കഴിയുമോ എന്നുള്ളതാണ്‌ ഇവിടെ കേരളത്തിലെ കാര്യഗാരവമുള്ള രാഷ്ട്രീയ നേതൃത്വങ്ങള്‍ ചിന്തിക്കേണ്ടത്‌. അതിലേക്ക്‌ നമ്മള്‍ കാര്യങ്ങള്‍ ഒരുക്കിയെടുക്കെണ്ടതുണ്ടോ എന്നുള്ളതാണ്‌.

ഇന്നിപ്പോ പ്രധാനമായിട്ടുള്ളത്‌ ഐക്യദാർഢ്യം തന്നെയാണ്‌. അത്‌ തന്നെ കേരളം ഒരു ജനത എന്നുള്ള രീതിയില്‍, കേരളീയ സമൂഹ ത്തിന്‍റെ മൊത്തം പ്രശ്നമാണ്‌ ഇത്‌. ആ ഒരു തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ ഒറ്റക്കെട്ടായി സങ്കുചിത കക്ഷി രാഷ്ട്രീയങ്ങള്‍ക്ക്‌ അതീതമായി ഐക്യപ്പെടുത്താന്‍, ഈ സമരം ഒരിക്കലും പരാചയപ്പെടാന്‍ പാടില്ല എന്നുള്ള ദൃഡ നിശ്ചയത്തോടെ ഉള്ള ഐക്യപ്പെടലിനാണ്‌ പ്രാധാന്യം. പിന്നീട്‌ ഇതു കൊണ്ട്‌ മാത്രം പ്രശ്നം പരിഹരിക്കപ്പെടുന്നില്ല. ഇന്ത്യന്‍ കര്‍ഷകര്‍ ഞാന്‍ നേരത്തെ ആമുഖത്തില്‍ സൂചിപ്പിച്ചത്‌ പോലെ നിരവധി പ്രശ്നങ്ങള്‍ അവര്‍ അഭിമുഖീകരിക്കുന്നുണ്ട്‌. പക്ഷേ ഇന്നിപ്പോ അതെല്ലാം കൂടി ഒന്നിലേക്ക്‌ കേന്ദ്രീകരിച്ചി രിക്കുകയാണ്‌. തീര്‍ച്ചയായിട്ടും ഇവിടെ ഭൂമി പ്രശ്‌നം പരിഹരിക്കേണ്ടതാണ്‌. ദളിതുകളുടെ, ആദിവാസി കളുടെ, മണ്ണില്‍ പണിയെടുക്കുന്നവരുടെ ഭൂമി പ്രശ്നം പരിഹരിച്ചാല്‍ മാത്രമേ ഒരു സമൂഹത്തിന്‍റെ ജനാധിപത്യപ്രക്രിയ പൂര്‍ത്തീകരിക്കപ്പെടുകയുള്ളു. തുടര്‍ന്ന്‌ മുന്നോട്ട്‌ പോവാന്‍ കഴിയുകയുള്ളൂ. പിന്നെ നടക്കുന്ന വികസനങ്ങളെല്ലാം പുത്തന്‍ കൊളോണിയല്‍ താത്‌ പര്യങ്ങളാണ്‌.

ഉറവിടം : കൈരളി ന്യൂസ്

ഇപ്പോള്‍ ഇതാ പിണറായിവിജയനും മോദിയും ആലിംഗനം ചെയ്ത്‌ കെട്ടിപ്പിടിച്ചു കൊണ്ട്‌ ഒരു വിജയം ആഘോഷിച്ചു, ഗൈല്‍ പദ്ധതി. വേദാന്തയുടെ പദ്ധതിയാണ്‌ അത്‌. ഈ പദ്ധതി ബാഹ്യമായി തോന്നുമ്പോ എല്ലാവര്‍ക്കും ഗ്യാസ്‌ കിട്ടുന്നു,ഗ്യാസിന്‍റെ വില ആരാണ്‌ നിര്‍ണ്ണയിക്കാന്‍ പോകുന്നത്‌. തിളപ്പിക്കാന്‍ ധാന്യമുണ്ടെങ്കിലല്ലേ ഗ്യാസു കൊണ്ട്‌ കാര്യമുള്ളൂ, ഗ്യാസ്‌ കഴിക്കാന്‍ പറ്റില്ലല്ലോ. ധാന്യ ഉത്പാദനം വേണ്ടേ? അതാണ്‌ ഞാന്‍ പറയുന്നത്‌.ഇന്നിപ്പോ ഈ വിഷയത്തിലേക്ക്‌ മൊത്തം കേന്ദ്രീകരിക്കപ്പെട്ടിരിക്കയാണ്‌. അതില്‍ ഐക്യപ്പെടുക എന്നുള്ളത്‌ തന്നെയാണ്‌ പ്രധാനമായിട്ടുള്ളത്‌. അതില്‍ നിന്നാണ്‌ മറ്റു കാര്യങ്ങള്‍, തീര്‍ച്ചയായിട്ടും സമൂഹം ഇതില്‍ ഒതുങ്ങി നില്‍ക്കില്ല, ഇതങ്ങു പോകേണ്ടി വരും. ഇതെങ്ങനെ ഭരണവര്‍ഗങ്ങളുടെ വാട്ടര്‍ലൂവിലേക്ക്‌ എങ്ങിനെ എത്തിക്കാന്‍ കഴിയും. മോദി സര്‍ക്കാര്‍ പോയാല്‍ അത്രെയും ആശ്വാസം തന്നെയാണ്‌, പക്ഷേ ഈ
നിയമം നടപ്പിലായെ പറ്റു എന്ന്‌ ശാഷ്യ്യം പിടിക്കുന്ന ഒരു വര്‍ഗം ആഗോള തലത്തില്‍ ഉണ്ട്‌, സാമ്രാജ്യത്ത കുത്തകകള്‍. അവരുടെ ദല്ലാള്‍മാരായ മുതലാളിമാരായ അംബാനിയും അദാനിയും പോലുള്ളവര്‍ ഇവിടെ ഉണ്ട്‌. അവരുമായി ബന്ധപ്പെട്ട രാഷ്ട്രീയ നേതൃത്വമാണ്‌ ഇവിടെ ഉള്ളത്‌. എന്തായാലും അവര്‍ അത്ര എളുപ്പം ആയുധം വെച്ച്‌ കീഴടങ്ങാന്‍ പോകുന്നില്ല. നിങ്ങളൊരു അന്തിമ സമരത്തിന്‌ തയ്യാറാകേണ്ടതായിട്ട്‌ വരും. അപ്പോള്‍ ഇന്നുള്ള മുദ്രാവാക്യം ഇതിനോട്‌ ഐക്യപ്പെടുകയും ഈ നിയമം പിന്‍വലിക്കപ്പെടുകയും ചെയ്യുക എന്നാണ്‌.

ഇതോടെ പൗരത്വ ബില്ലിന്‍റെ പ്രശ്നം വരാന്‍ പോകുന്നുണ്ട്‌ പരിസ്ഥിതി നിയമം വരാന്‍ പോകുന്നുണ്ട്‌, വിദ്യാഭ്യാസ നിയമം വരാന്‍ പോകുന്നുണ്ട്‌ അങ്ങനെ ഒട്ടേറെ നിയമങ്ങള്‍ അവര്‍ നടപ്പിലാക്കാന്‍ കാത്തിരിക്കയാണ്‌. ഇതെല്ലാം കൂടി വന്നിട്ട്‌ ഇതിന്‍റെ ഒരു കൊട്ടി കലാശത്തിലേക്ക്‌ എത്തിക്കാന്‍ കഴിയുമോ എന്ന്‌ ദീര്‍ഘ വീക്ഷണത്തോട്‌ കൂടി ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ സത്യസന്ധമായി ചിന്തിക്കേണ്ടിയിരിക്കുന്നു ഞാനിപ്പോള്‍ അത്രെയേ പറയുന്നുള്ളൂ. അതില്‍ മാവോയിസ്റ്റു കളും ഉണ്ടാകാം,അവര്‍ക്ക്‌ അതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിക്കാന്‍ കഴിയുമെന്നാണ്‌ എനിക്ക്‌ പറയാനുള്ളത്‌. ശെരിക്കൊരു ഡയലെക്റ്റിക്കലായി കാര്യങ്ങളെ കാണാന്‍ കഴിയുകയും ഈ പ്രശ്നങ്ങളെയെല്ലാം കൂട്ടി യോജിപ്പിക്കുകയും അങ്ങനെ അതിനെയെല്ലാം ഒരു മാലയില്‍ കോര്‍ത്തി ഇണക്കുന്ന മാതിരി ഒരു ബഹുജന സംരംഭമായി മാറ്റിയെടുക്കാൻ കഴിയേണ്ടതുണ്ട്‌. അവിടെയാണ്‌ ഇന്ത്യയുടെ തലവിധി അന്തിമമായി നിര്‍ണ്ണയിക്കപ്പെടാന്‍ പോകുന്നത്‌.

കേരള സർക്കാരിൻ്റെ താങ്ങ് വില കാർഷകർക്ക് താങ്ങാവുമോ?

തീര്‍ച്ചയായും അതാണ്‌ അന്തിമമായൊരു താങ്ങ് എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല.അതൊരു താത്കാലിക ആശ്വാസമാണ്.പക്ഷെ അത് പോര. മിനിമം പ്രൈസ് ഇനിയും കൂട്ടേണ്ടതുണ്ട്.അതുമാത്രമല്ല, അത് കൃത്യ സമയത്ത് അവര്‍ക്ക് ലഭിക്കാനുള്ള ഏര്‍പ്പാടും ചെയ്യണ്ടതുണ്ട്.അങ്ങനെ ഒരുപാട് പ്രശ്നങ്ങളുണ്ട്.

ഭൂരിപക്ഷം ഭൂരഹിത കർഷകരുള്ള രാജ്യത്തിലെ കാർഷിക സമരങ്ങൾ പ്രധാനമായും ഉന്നയിക്കേണ്ട ആവശ്യം മണ്ണിൽ പണിയെടുക്കുന്നവർക്ക് ഭൂമിയുടെ അവകാശം എന്നതല്ലെ? അങ്ങനെയെങ്കിൽ എന്തായിരിക്കണം ഇന്ത്യൻകർഷകസമരത്തിൻ്റെ പാത?

ഇതിനു മുന്‍പുള്ള ചോദ്യങ്ങളില്‍ പരാമര്‍ശങ്ങള്‍ വന്നിരുന്നു. ഒന്നാമത്‌ ഈ കര്‍ഷകതൊഴിലാളി എന്ന നാമകരണം തന്നെ തെറ്റാണ്‌, അതിവിടെ വളരെ പ്രതി വിപ്ലവ ഉദ്ദേശത്തോടു കൂടി പുത്തൻ കൊളോണിയല്‍ താത്പര്യത്തിന്‌ വേണ്ടി സി.പി.എം കൊണ്ടു വന്ന സങ്കല്‍പ്പമാണത്‌. ഭൂരഹിത കര്‍ഷകരാണവര്‍. ഒരു വര്‍ഗ വിശകലനം നടത്തുകയാണെങ്കില്‍ നമുക്ക്‌ കാണാന്‍ കഴിയുക ഭൂ രഹിത കര്‍ഷകര്‍, ദരിദ്ര കര്‍ഷകര്‍ എന്ന്‌ പറഞ്ഞാല്‍ അത്യാവശ്യം ഒരു ഏക്കറ, രണ്ട്‌ ഏക്കര്‍ ഭൂമി ഉണ്ടാകും അതില്‍ പണി എടുത്ത്‌ ഒരു കൊല്ലം ജീവിക്കാന്‍ കഴിയില്ല, ബാക്കി സമയം അന്യന്റെ ഭൂമിയില്‍ പോയിട്ട്‌ മറ്റെന്തെങ്കിലും പണിയെടുത്ത്‌
ജീവിക്കണം അതാണ്‌ ദരിദ്ര കര്‍ഷകര്‍, പിന്നെ ഇടത്തരം കര്‍ഷകര്‍ അങ്ങനെയാണ്‌. കേരളത്തില്‍ വന്നാല്‍ ചില ഭൂ ഉടമകളൊക്കെ വരുന്നുണ്ട്‌, കാര്‍ഷിക പരിഷ്കരണത്തിന്‌ ശേഷം. അവരെയാണ്‌ ഇവര്‍ കര്‍ഷക തൊഴിലാളി ആക്കി മാറ്റിയത്‌. അവര്‍ കര്‍ഷകര്‍ തന്നെയാണ്‌. അപ്പോള്‍ ഇന്ത്യയില്‍ ഭൂരിപക്ഷം, ജനസംഖ്യയില്‍ 75% കര്‍ഷകരാണ്‌, കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടാണ്‌. അതില്‍ 84% അധികം വരുന്നത്‌ ഈ ദരിദ്ര ഭൂരഹിത കര്‍ഷകരാണ്‌, അവരാണ്‌ ഇപ്പോള്‍ സമര രംഗത്തുള്ളത്‌. അവര്‍ക്ക്‌ തീര്‍ച്ചയായിട്ടും ഈ ബില്ലുകൊണ്ടോ മറ്റോ അന്തിമ വിശകലനത്തില്‍ ശാശ്വത പരിഹാരം ഉണ്ടാവുന്നില്ല, തത്ക്കാലം വിഴുങ്ങാന്‍ വരുന്ന ഭൂതത്തെ തടുക്കാന്‍ മാത്രമേ കഴിയൂ. തീര്‍ച്ചയായിട്ടും അതിനെപ്പറ്റി ചിന്തിക്കേണ്ടതും ഒരു കൃത്യമായ പദ്ധതി ആവികഷ്ക്കരി ക്കേണ്ടതും ഇവിടെ രാഷ്ട്രീയ പാര്‍ട്ടികളാണ്,‌ മാവോയിസ്റ്റ്‌ പാര്‍ട്ടി പോലുള്ള പാര്‍ട്ടികള്‍ ആണ്‌. ഞാന്‍ ഒരു 65 വര്‍ഷകാലമായി സജീവ രാഷ്ട്രീയ വിദ്യാര്‍ഥി എന്ന നിലക്ക്‌ എനിക്കെന്‍റെ അഭിപ്രായം പറയാം. ആ രീതിയില്‍ കണ്ടാല്‍ മതി അതിനെ.

തീര്‍ച്ചയായിട്ടും ഇതൊരു കര്‍ഷക തൊഴിലാളിയുടെ പ്രശ്‌നമല്ല ഭൂ രഹിത കര്‍ഷകന്റെ പ്രശ്നമാണ്‌.അതില്‍ മണ്ണില്‍ പണിയെടുക്കുന്നതായ ആദിവാസികള്‍ ഉണ്ട്‌ ദളിതര്‍ ഉണ്ട്‌ മത ന്യൂനപക്ഷങ്ങള്‍ ഉണ്ട്‌. ഏറ്റവും ദരിദ്രരായവർ ഇന്ത്യയില്‍ ഇന്നും മത ന്യൂനപക്ഷങ്ങളാണ്‌. ജസ്റ്റിസ്‌ മുള്ള കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പരിശോധിച്ചു നോക്കുകയാണെങ്കില്‍, ഏറ്റവും ദരിദ്ര വിഭാഗം മുസ്ലിം മതന്യൂനപക്ഷങ്ങളാണ്‌. അതാരും നിഷേധിച്ചിട്ടില്ല ഇന്നു വരെ. ആ റിപ്പോര്‍ട്ട്‌ പൂഴ്ത്തിയിരിക്കയാണ്‌. അവര്‍ കൃഷിക്കാരയിട്ടുള്ളവര്‍ ഉണ്ട്‌. അവര്‍ക്ക്‌ മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക്‌ ഭൂമി കിട്ടണം, എന്ന്‌ പറയുമ്പോള്‍ ഭൂമിയുടെ ഉടമസ്ഥ അവകാശമോ കൂട്ടായ ഉടമസ്ഥതയോ ആയിരിക്കണം.

ഞാന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ്‌ എനിക്ക്‌ ഭൂമിയുടെ ആവശ്യം ഇല്ല. അധ്യാപകനെന്തിനാണ്‌ ഭൂമി ഐ.എ.എസ്സുകാരനും ഐ.പി.എസ്സുകാരനും ഭൂമി വേണോ? വേണ്ട, സര്‍ക്കാര്‍ ജോലിക്കാരന്‌ ഭൂമി വേണോ അവര്‍ക്കൊക്കെ ശമ്പളം ഉണ്ട്‌. മാന്യമായിട്ട്‌ ആ ശമ്പളം കൊണ്ട്‌ ജീവിക്കാനുള്ള സാഹചര്യം ആണ്‌ വേണ്ടത്‌ അത്‌ ഉറപ്പാക്കണം.ഈ സമൂഹത്തെ മൊത്തം നിലനിര്‍ത്താന്‍ മണ്ണില്‍ പണിയെടുക്കുന്നവന്‍ വേണം. അവര്‍ക്ക്‌ കൃഷിഭൂമിയില്‍ കൂട്ടായ ഉടമസ്ഥത വേണം. ആ തരത്തിലുള്ള ഒരു സമൂല മാറ്റം ഈ സമൂഹത്തില്‍ ഉണ്ടാവുന്നതുമായി ബന്ധപ്പെട്ടെ ഇവിടെ യഥാര്‍ത്ഥ ജനാധിപത്യ പ്രശ്നം ശാശ്വതമായി പരിഹരിക്കപ്പെടുകയുള്ളൂ. ഇതുമായി ബന്ധപ്പെട്ട്‌ ജാതിപ്രശ്‌നം സ്ത്രീപ്രശ്‌നം ഒക്കെ വരുന്നുണ്ട്‌ അതൊന്നും അവഗണിച്ച്‌ കൊണ്ടല്ല പറയുന്നത്‌. തീര്‍ച്ചയായിട്ടും അതിന്‌ അതിന്‍റെതായ സവിശേഷതകളും രീതികളും പ്രശ്ന പരിഹാരത്തിനുള്ള പദ്ധതികളും ഉണ്ടായിരിക്കണം. ഇതെല്ലാം ഒട്ടു മൊത്തത്തില്‍ സമൂഹത്തിന്‍റെ ജനാധിപത്യ വത്കരണത്തിനുള്ള സമഗ്ര പദ്ധതിയില്‍ ഉള്‍പ്പെട്ടു കൊണ്ടായിരിക്കണം. അതില്‍ നിര്‍ണ്ണായകമായി നില്‍ക്കുന്നത്‌ മണ്ണില്‍ പണിയെടുക്കുന്നവന്‌ കൃഷി ഭൂമി ലഭ്യമാകുന്ന ഒരു സംരംഭമാണ്‌ ഇവിടെ വരേണ്ടത്‌.

ഒരു തരത്തില്‍ ബി.ജെ.പി സര്‍ക്കാരിനോട്‌ നന്ദി പറയാം ഈ കര്‍ഷകരെ ഐക്യപ്പെടുത്തുന്നതില്‍, ഇതിന്‌ നിമിത്തമായതും അവര്‍ തന്നെയാണ്‌. അത്‌ തീര്‍ച്ചയായിട്ടും ബൂർഷ്വാസിയാണ്‌. പ്രതി വിപ്ലവ ശക്തി ഉള്ളെടത്താണല്ലോ വിപ്ലവം ഉണ്ടാവുക, അത്‌ അനിവാര്യമായിട്ട്‌ വരുക. പ്രതിവിപ്ലവം ഇല്ലെങ്കില്‍ വിപ്ലവത്തിന്റെ ആവശ്യം വരാന്‍ പോകുന്നില്ല. ആ ആവശ്യകത അവര്‍തന്നെയാണ്‌ ഉണ്ടാക്കുന്നത്‌.അപ്പോള്‍ കര്‍ഷക സമരത്തിന്‍റെ ദിശ ജനാധിപത്യവല്‍കരണ പ്രക്രിയയുടെ ഭാഗമായി ഭൂമിയുടെ നീതിപൂര്‍വ്വമായ വിതരണം നടത്തുന്നതിനുള്ള സംരംഭത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ടായിരിക്കണം. നേരത്തെ പറഞ്ഞപോലെ കാര്‍ഷിക നിയമങ്ങള്‍, പൗരത്വ ബില്‍, വിദ്യാഭ്യാസ നിയമം, പരിസ്ഥിതി നിയമം അങ്ങനെ ഒട്ടേറെ നിയമങ്ങള്‍ അവര്‍ റെഡി ആക്കി വെച്ചിരിക്കയാണ്‌. ഇതെല്ലാം പുത്തന്‍ കൊളോണിയല്‍ താത്പര്യങ്ങള്‍ക്ക്‌ അനുസരിച്ചാണ്‌. വിനാശകാലേ വിപരീത ബുദ്ധി എന്ന്‌ പറയുന്നത്‌ പോലെ ഇതെല്ലാം കൂടി ഒരു വാട്ടര്‍ലൂ ആവും. തീര്‍ച്ചയായും ഈ സമരങ്ങളുടെ എല്ലാം ദിശ കേവലം ഒരു സര്‍ക്കാര്‍ മാറി മറ്റൊരു സര്‍ക്കാർ വരുന്നതിലേക്ക്‌ അല്ല ചുരുങ്ങേണ്ടത്‌ മറിച്ച്‌ ഇന്ത്യയില്‍ ഒരു ജനാധിപത്യവല്‍ക്കരണത്തിന്‌ ആക്കം കൂട്ടുന്നതായിരിക്കണം എന്നാണ്‌ ചുരുക്കത്തില്‍ എനിക്ക്‌ പറയാനുള്ളത്‌.

(അവസാനിച്ചു.)