‘അനാവശ്യമായ റെയ്ഡുകളും ഭീക്ഷണിയും ATS കള്ളക്കേസുകളിൽ കുടുക്കാൻ ശ്രമിക്കുന്നു’

തങ്ങളോട് സഹകരിച്ചില്ലെങ്കിൽ കള്ളക്കേസിൽ പെടുത്തുമെന്ന് എടിഎസ് ഭീക്ഷണിപ്പെടുത്തുന്നതായി മാവോയിസ്റ്റ് സൈദ്ധാന്തികനും ദിർ ഘകാലം രാഷ്ട്രിയ തടവുകാരനുമായിരുന്ന കെ.മുരളി.കഴിഞ്ഞ ദിവസം എടിഎസിലെ സർക്കിൾ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള മൂവർസംഘം ചോദ്യം ചെയ്യാനെന്ന പേരിൽ അദേഹത്തിൻ്റെ വീട്ടിൽ എത്തിയിരുന്നു.

എടിഎസ് കേരള ക്രൈം നമ്പർ 34/2020 എന്ന കേസുമായി ബന്ധപ്പെട്ട് ‘ചില കാര്യങ്ങൾ ചോദിച്ചറിയണം’ എന്നു കാട്ടി കഴിഞ്ഞ 23ന് നോട്ടീസ് ലഭിച്ചിരുന്നു. 2016ൽ നിലമ്പൂരിനടുത്തുള്ള എടക്കരയിൽ നടന്ന പരിശീലനക്യാമ്പുമായി ബന്ധപ്പെട്ട കേസാണെന്നായിരുന്നു എടിഎസുമായി ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം അന്വേഷണസംഘം വീട്ടിൽ എത്തിയപ്പോൾ അത് എടക്കര മാറി പാണ്ടിക്കാട് യോഗം നടന്നതുമായി ബന്ധപ്പെട്ട കേസായി(471/16)യെന്ന് അദ്ദേഹം പറയുന്നു.

”ഇപ്പറയുന്ന സമയത്ത് ഞാൻ ജയിലിലാണല്ലോ പിന്നെന്തിനാണ് എന്നോട് അന്വേഷിക്കുന്നതെന്ന് ചോദിച്ചപ്പോൾ മറ്റുചില കാര്യങ്ങൾ അറിയാനാണ് എന്നായിരുന്നു മറുപടി. ലയനം ചർച്ചക്ക് നിങ്ങളുടെ ഒപ്പം ആരൊക്കെ പോയി എന്നായി ചോദ്യം. നിലവിൽ വിചാരണയിലുള്ള ഒരു കേസുള്ളതുകൊണ്ട് അത്തരം കാര്യങ്ങളെ കുറിച്ച് സംസാരിക്കാൻ താല്പര്യമില്ല എന്നുപറഞ്ഞ് സംസാരം നിർത്താൻ ശ്രമിച്ചെങ്കിലും അവർ പിന്നെയും നിർബന്ധിച്ചുകൊണ്ടിരുന്നു. മാത്രമല്ല, സഹകരിച്ചില്ലെങ്കിൽ കേസിൽ ഉൾപ്പെടുത്തി ചോദ്യം ചെയ്യേണ്ടിവരും എന്ന ഭീഷണിയുമായി. ഇതുകൊണ്ടൊന്നും വഴങ്ങുന്നില്ലെന്ന് കണ്ട് അവർക്ക് പോകേണ്ടിവന്നുവെങ്കിലും ആ ഭീഷണി ബാക്കിയാണ്. ഇതേ കേസിന്റെ പേരും പറഞ്ഞാണ് കഴിഞ്ഞ വർഷം സഖാവ് ഇസ്മെയിലിന്റെയും പിന്നീട് സഖാവ് റഹ്മയുടെയും വീടുകൾ റെയ്ഡ് ചെയ്തത്. ഇതേ കാര്യം പറഞ്ഞ് ഈയിടെ ആരെയൊക്കയോ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു എന്നും അറിയാനായി. എവിടെയെങ്കിലും ഏതെങ്കിലും തിയതി വച്ച് കേസ് രജിസ്റ്റ‍ർ ചെയ്യുക. എന്നിട്ട് അത് എടിഎസ് കേസാക്കി അവർക്ക് തോന്നുംപോലെ അതിന് ചോദ്യം ചെയ്യാനെന്നപേരിൽ ആൾക്കാരെ വിളിപ്പിക്കുകയോ, വീട്ടിൽപോയി ഭീഷണിപ്പെടുത്തുകയോ, കള്ളക്കേസിൽ പെടുത്തുകയോ ചെയ്യുക. ഇതാണ് കേരള എടിഎസ് ഇപ്പോൾ ചെയ്യുന്നത്. എല്ലാം നിയമപരം എന്ന് വരുത്തിതീർക്കാൻ നോട്ടീസ് തന്നും മറ്റുമൊക്കെയാണ് ചെയ്യുന്നതെങ്കിലും ഏതു സമയവും റെയ്ഡ് നടത്താം, എപ്പോൾവേണമെങ്കിലും വിളിപ്പിക്കാം. കേസിൽ പെടുത്താം എന്ന ഭീഷണി നിലനിർത്തി തങ്ങൾ ഇഷ്ടപ്പെടാത്ത രാഷ്ട്രീയപ്രവർത്തകരെ മാനസ്സികമായി തളർത്തുകയാണ് അവരുടെ ലക്ഷ്യം.” കെ.മുരളി പറയുന്നു.