കൊറോണ വൈറസ് : സമ്പദ്‌വ്യവസ്ഥയും പ്രതിരോധശേഷിയും

മൊഴിമാറ്റം : രാഹുൽ

സാങ്കേതികവിദ്യ ഇത്രയും അധികം വളർന്ന കാലഘട്ടത്തിൽ പോലും അന്ധവിശ്വാസങ്ങൾ കാട്ടുതീ പോലെ ആളി പടർത്താൻ ലോകമെമ്പാടും, പ്രത്യേകിച്ച് ഭരണാധികാരികളും മതവും ഒരുപോലെ പ്രോത്സാഹിപ്പിക്കുകയാണ്. സ്കൈലാബ് (ഭൂപരിക്രമണ പഥത്തിലേക്ക് അയച്ച ആദ്യ അമേരിക്കൻ സ്പേസ് സ്റ്റേഷൻ) വീഴുമെന്നുള്ള പ്രചരണം ഇതിനൊരുദാഹരണമാണ്. Y2K( ഇയർ 2000 പ്രോബ്ലം) പ്രതിസന്ധി പോലെയുള്ള അസാധാരണമായ ഭീതി ജനങ്ങളിൽ ഉണ്ടാക്കുകയാണ് ഇവർ ചെയ്യുന്നത്.ജാർഖണ്ഡ് ജയിലിൽ കഴിയുന്ന ആദിവാസി യുവാവ് എന്നോട് പറഞ്ഞത് ദരിദ്രർ മാത്രം താമസിക്കുന്ന അവരുടെ ഗ്രാമങ്ങളിൽ പോലും ജനങ്ങൾ അവരുടെ ആടുകളെയെല്ലാം വെട്ടി ദിവസേന വിരുന്നൊരുക്കിയിരുന്നത്രേ. കാരണം, 2000 ഡിസംബർ 31 ഓടെ ലോകം അവസാനിക്കു മെന്നാണ് അവർ കരുതിയിരുന്നത്. ജനങ്ങളുടെ ഭയത്തെയും വികാരത്തെയും ഉപയോഗിക്കുക എന്നത് ഭരണാധികാരികൾക്കും മതമേധാവികൾക്കും പണ്ടുമുതലേയുള്ള ഒരു രീതിയാണ്.

സാധാരണ ജീവിതത്തിൽ നമ്മൾ പ്രധാനമായും ഭയപ്പെടുന്നത് നിരസിക്കൽ, പരാജയം, രോഗം മുതലായ നൂറുകണക്കിന് അവസ്ഥകളെയാണ്. ഇന്ന് ലോകത്ത് എല്ലാവരിലും ഏറ്റവും ശക്തിയുള്ള മരണഭയം കൊറോണ വൈറസിനെ കുറിച്ചാണ്.വൈറസ് വസ്തുക്കളിൽ സ്ഥിരമായി നിലനിൽക്കുകയും മനുഷ്യശരീരത്തിന് പുറത്ത് മൂന്ന് മണിക്കൂർ വരെ ജീവിക്കുകയും ചെയ്യുന്നതിനാൽ ഇത് പകർച്ചവ്യാധിയാണെന്നത് ഒരു വസ്തുതയാണ്. അതിനാൽ, ഇത് കാട്ടുതീ പോലെ പടരും. എന്നാൽ മരണനിരക്ക് സാധാരണ ഇൻഫ്ലുവൻസയേക്കാൾ കൂടുതലുമല്ല. അതും ഇതിനകം തന്നെ മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ള വൃദ്ധരിൽ തന്നെ, 3% മുതൽ 0.5% വരെ മാത്രമേ മരണനിരക്കുകൾ ഉണ്ടാക്കുന്നുള്ളൂ. എന്നാൽ മാധ്യമങ്ങളും സർക്കാരും എല്ലായ്പ്പോഴും കൊറോണ വൈറസ് ‘മാരകമായ’ ഒന്നാണെന്ന് മുമ്പേ നിശ്ചയിക്കുകയും അതിലൂടെ ജനങ്ങളിൽ പരിഭ്രാന്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ എല്ലായിടത്തും ഭയം ജനങ്ങളിൽ ഉരുണ്ടുകൂടുകയാണ്. ഈ ഭയം തൊഴിൽ, കച്ചവടം, സമ്പാദ്യം, നീക്കിയിരുപ്പ്, അസൗകര്യങ്ങൾ, ഒരുപക്ഷേ വർദ്ധിച്ചുവരുന്ന പട്ടിണി മരണം മുതലായവ ഭാവിയിൽ അതിജീവിക്കാനുള്ള നമ്മുടെ കഴിവിനെ യഥാർത്ഥത്തിൽ ബാധിച്ചേയ്ക്കാം.

വാസ്തവത്തിൽ, സമ്പദ്‌വ്യവസ്ഥ ഇതിനകം തന്നെ ഗുരുതരമായ കുഴപ്പത്തിലാണ്. മാനസ് ചക്രവർത്തി അടുത്തിടെ പറഞ്ഞതുപോലെ കഴിഞ്ഞ ആഴ്ച വിറ്റത് ഓഹരി മാത്രമായിരുന്നില്ല, ബോണ്ടുകളും ചരക്കുകളും അതിലുൾപ്പെടുന്നു. പണത്തിന്റെ പരിഭ്രാന്തിയിൽ സ്വർണ്ണ വിലയും ഇടിഞ്ഞു. യു എസിൽ,യൂറോസോണും മറ്റ് വികസിത സമ്പദ്‌വ്യവസ്ഥകളും പലിശനിരക്ക് പൂജ്യമായി കുറയ്ക്കുകയാണ് ഇപ്പോൾ.
എന്നാൽ വൈറസിന്റെ വ്യാപനത്തെ കൈകാര്യം ചെയ്യുന്നതിനുള്ള ഒരേയൊരു മാർഗ്ഗം സമ്പദ്‌വ്യവസ്ഥയുടെ വലിയ ഭാഗങ്ങൾ അടച്ചുപൂട്ടുന്നതിലൂടെ സാമൂഹിക ഇടപെടൽ കുറയ്ക്കുക എന്നതാണ്. അങ്ങനെയാണെങ്കിൽ, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളെല്ലാം ലോക്ക്ഡൗൺ ആകുമ്പോൾ, ലോകത്തിലെ തന്നെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ കാലിഫോർണിയയും ലോക്ക്ഡൗണിന് വിധേയമാകുമ്പോൾ ഉണ്ടാകുന്ന ആഗോള സമ്പദ്‌വ്യവസ്ഥയുടെ ആഘാതം വളരെ വലുതായിരിക്കും.

സാമ്പത്തികമായി അമേരിക്കയിൽ മുൻപന്തിയിൽ നിൽക്കുന്ന സ്റ്റേറ്റുകളിലെ മിക്ക ജിഡിപി പ്രവചനങ്ങളും സമ്പദ് വ്യവസ്ഥയുടെ(-8% മുതൽ -15%വരെ) ദാരുണമായ അവസ്ഥയെ ചൂണ്ടികാണിക്കുന്നു. എന്നാൽ,അമേരിക്കയിലെ ബഹുരാഷ്ട്ര സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ബാങ്കായ ഗോൾഡ്മാൻ സാക്സ് ഈ പ്രവചനങ്ങളെ മുഖവിലക്കു പോലും ആദ്യം എടുത്തിരുന്നില്ല. എന്നാൽ പിന്നീട് 2020 ന്റെ പകുതിയോടെ ജിഡിപി നഷ്ടമുണ്ടാകുമെന്ന് പ്രവചിച്ചുകൊണ്ട് ഗോൾഡ്മാൻ സാക്സ് ഒരു ഗവേഷണ കുറിപ്പ് പുറത്തിറക്കുകയുണ്ടായി. അതിൽ പറയുന്നത് യുഎസ് സമ്പദ്‌വ്യവസ്ഥയിൽ അപ്രതീക്ഷിതമായ ആഘാതം, 24% ഇടിവ് വരുത്തി എന്നാണ്. ലോകമെമ്പാടുമുള്ള ഭരണസംവിധാനങ്ങൾ നടപ്പാക്കിയ ലോക്ക്ഡൗണുകൾ മൂലം സമ്പദ്‌വ്യവസ്ഥ വേഗം പുനരുജ്ജീവിക്കാനുള്ള സാധ്യത വളരെ കുറവാണ്. നേരെമറിച്ച്, ലോകമെമ്പാടും കഴിഞ്ഞ ആറുമാസമായി കൊറോണ അല്ലെങ്കിൽ മറ്റുകാരണങ്ങളാൽ സാമ്പത്തിക പ്രതിസന്ധി വർദ്ധിച്ചു എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.1929 ൽ നടന്ന സാമ്പത്തിക തകർച്ചയ്ക്ക് മുതലാളിത്ത വ്യവസ്ഥയുടെ ന്യൂനതകൾ വ്യക്തമായിരുന്നപ്പോൾ, നിലവിലെ പ്രതിസന്ധിയെ സംബന്ധിച്ചിടത്തോളം നിലനിൽക്കുന്ന വ്യവസ്ഥയിലെ ഗുരുതരമായ പ്രശ്‌നത്തിൽ നിന്ന് വൈറസ് പ്രശ്‌നത്തിലേക്ക് ചർച്ചകൾ വഴിതിരിഞ്ഞു പോകുന്നു എന്നതാണ് വാസ്തവം.

എന്തായാലും ഇന്ന് ലോകം രണ്ട് പ്രധാന പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുകയാണ്.കൊറോണ വൈറസും സമ്പദ്‌വ്യവസ്ഥയുമാണ് ആ രണ്ട് പ്രശ്‌നങ്ങൾ. രണ്ടിൽ ഏതാണ് കൂടുതൽ മാരകമാകുന്നതെന്ന് ആർക്കും അറിയില്ല. ആദ്യത്തേത് ലോകം മുഴുവൻ വ്യാപിക്കാനും വലയം ചെയ്യാനും ധാരാളം മരണങ്ങൾക്കും ദശലക്ഷക്കണക്കിന് ആളുകളെ ദുർബലപ്പെടുത്താനും കാരണമാകും. രണ്ടാമത്തേത് ലോകമെമ്പാടുമുള്ള ജനങ്ങളെ വലിയതോതിലുള്ള പട്ടിണിയിലേക്കും രോഗാവസ്ഥയിലേക്കും നയിക്കാം. ആദ്യത്തേതിനെ സംബന്ധിച്ചിടത്തോളം നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിച്ചുകൊണ്ട് അതിനെതിരെ പോരാടുന്നതിനെക്കുറിച്ച് ചിന്തിക്കാൻ നമുക്ക് കഴിയും. എന്നാൽ രണ്ടാമത്തേതിനെ സംബന്ധിച്ച് നമുക്ക് ഒരു നിയന്ത്രണവുമില്ല.

രോഗപ്രതിരോധത്തിൻ്റെ മനഃശാസ്‌ത്രം

പ്ലാസിബോ പ്രതിഭാസത്തെ ശാസ്ത്രം അംഗീകരിച്ചു കഴിഞ്ഞു. ഒരു പ്രത്യേക മരുന്നോ നടപടിക്രമമോ ഒരു രോഗത്തിൽ നിന്ന് മാറ്റമുണ്ടാകുമെന്ന് ആളുകൾ വിശ്വസിക്കുമ്പോൾ ശരീരത്തെ സുഖപ്പെടുത്താൻ മനസ്സിന് ശക്തിയുണ്ടെന്ന്(പ്ലാസിബോ പ്രതിഭാസം) ഇത് തെളിയിക്കുന്നു. എല്ലാ രോഗങ്ങളുടെയും മൂന്നിലൊന്ന് പ്ലാസിബോ പ്രതിഭാസത്തിൻ്റെ മാന്ത്രികതയിലൂടെ സുഖപ്പെടുമെന്ന് മെഡിക്കൽ വിദ്യാർത്ഥികൾ വിശ്വസിക്കുന്നു. രോഗത്തെ പ്രതിരോധിക്കുന്നതിലും വർദ്ധിപ്പിക്കുന്നതിലും സൈക്കോസൊമാറ്റിക് പ്രതിഭാസത്തിന് കഴിയുമെന്ന് ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. മരുന്നുകളില്ലാത്ത കൊറോണ പോലെയുള്ള വൈറസുകൾക്ക് (ബാക്ടീരിയയിൽ നിന്ന് വ്യത്യസ്തമായി) എതിരെ പോരാടാനുള്ള പ്രധാന മാർഗം നമ്മുടെ ശക്തമായ രോഗപ്രതിരോധ ശേഷി തന്നെയാണ്.

സൈക്കോനെറോ ഇമ്മ്യൂണോളജി എന്ന് വിളിക്കപ്പെടുന്ന പുതിയ ശാസ്ത്രമേഖല, പൊതുവായി പറഞ്ഞാൽ മനസ്സ് (സൈക്കോ) തലച്ചോറിനെയും(ന്യൂറോ) രോഗപ്രതിരോധ വ്യവസ്ഥയെയും എങ്ങനെ നിയന്ത്രിക്കുന്നു എന്ന് ഈ ശാസ്ത്രത്തിൽ പറയുന്നു. മാനസിക പിരിമുറുക്കം ഉണ്ടാക്കുന്ന ഹോർമോണുകൾ (കോർട്ടിസോൾ) നമ്മുടെ രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും എല്ലാ വൈറസുകൾക്കും ബാക്ടീരിയകൾക്കും ശരീരത്തിലിടം നൽകുകയും ചെയ്യുന്നു. മറുവശത്ത്, നമ്മളിൽ പോസിറ്റീവ് സമീപനവും സന്തോഷവുമുണ്ടാക്കുന്ന ഹോർമോണുകൾ(എൻ‌ഡോർഫിനുകൾ, ഡോപമൈൻ,സെറോടോണിൻ) വിപരീത രീതിയിലും പ്രവർത്തിക്കുന്നു. അതിനാൽ, പരിഭ്രാന്തിയും ഒരു വൈറസിനെ ഭയപ്പെടുന്നതും, നമുക്ക് ഇവയെ പ്രതിരോധിക്കാൻ കഴിയാത്ത വിധത്തിൽ രോഗപ്രതിരോധ സംവിധാനത്തെ വളരെയധികം ദുർബലമാക്കുന്നു.

ഗുരുതരമായ ഒരു രോഗമുണ്ടെങ്കിൽ അതോടൊപ്പം തീവ്രമായ ഭയവും രോഗത്തെ കുറിച്ചുണ്ടെങ്കിൽ അത്തരം വ്യക്തികൾക്ക് ആത്മവിശ്വാസത്തോടെ രോഗത്തെ അഭിമുഖീകരിച്ച് സുഖം പ്രാപിക്കാനുള്ള സാധ്യതപോലും കുറവാണെന്ന് ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്നു.ശരീരത്തിലെ തന്നെ രോഗപ്രതിരോധ സംവിധാനത്തിലൂടെ മാറ്റാൻ കഴിയുന്ന ഒന്നാണ് കൊറോണ വൈറസ്. അതിനാണ് നമ്മൾ പ്രാധന്യം നൽകേണ്ടത്. സ്വീകരിക്കുന്ന ചികിത്സാരീതി എന്തുതന്നെയായാലും, അവ യുക്തിസഹവും ഫലപ്രദവും ആയിരിക്കണം. ഭയത്തെയും പരിഭ്രാന്തിയെയും, രോഗത്തെയും അതിന്റെ പ്രത്യാഘാതങ്ങളെയും കുറിച്ചുള്ള യുക്തിസഹമായ വിലയിരുത്തലിലൂടെ ഫലപ്രദമായി നേരിടാൻ കഴിയണം. ദാരിദ്ര്യം കാരണം പൊതുവേ പ്രതിരോധശേഷി കുറവാണ് ഇന്ത്യൻ ജനതക്ക്. അവർക്ക് ആത്മവിശ്വാസം നൽകേണ്ടതുണ്ട്. പരിഭ്രാന്തിക്ക് ഇരയാകരുത്, അത് വൈറസ് പിടികൂടാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കും എന്ന് നമ്മൾ അവർക്ക് മനസിലാക്കി കൊടുക്കേണ്ടതാണ്.

10 വർഷത്തോളം മാവോയിസ്റ്റ് രാഷ്ട്രീയ തടവുക്കാരനായി ജയിലിൽ കഴിഞ്ഞ കൊബാഡ് ഗാണ്ടിയുടെ ‘കൊറോണ വൈറസ്,ദി എക്കോണമി ആൻഡ് ഇമ്മ്യൂണിറ്റി'(മെയിൻ സ്ട്രിം വീക്കിലി,2020 ഏപ്രിൽ ലക്കം)എന്ന ലേഖനത്തിൻറെ സ്വതന്ത്ര പരിഭാഷ.