സൈബർ ഭീകരത; ഭരണകൂടത്തിന്റെ പുതിയ ഭാഷ

പ്രകാശ്

എൽഗാർ പരിഷത്തിന്റെ നേതൃത്വത്തിൽ 2017 ഡിസംബർ 31ന് പൂനെയിൽ നടന്ന ഭീമ കൊറേഗാവ് യുദ്ധത്തിന്റെ അനുസ്മരണവും അതിനെ തുടർന്നുണ്ടായ അക്രമ സംഭവങ്ങളുമാണ് പിന്നീട് ഭീമകൊറേഗാവ് കേസിനാസ്പദമായി പറയുന്നത്. കേസ് മുന്നോട്ട് പോകുന്ന സമയത്തു പല കാലത്തായി ഇന്ത്യയിലെ മുൻനിര മനുഷ്യാവകാശ പ്രവർത്തകരും അഭിഭാഷകരും എഴുത്തുകാരുമായി നിരവധി പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ പലരുടെയും ലാപ്‌ടോപ്പുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുക്കുകയും ഇവരൊക്കെത്തന്നെ രാജ്യത്തെ അട്ടിമറിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതിനുള്ള തെളിവുകൾ ഈ കമ്പ്യൂട്ടറുകളിൽ നിന്ന് ലഭിച്ചു എന്ന ആരോപണമുണ്ടാവുകയും ഈ ഇലക്ട്രോണിക് തെളിവുകളുടെ അടിസ്ഥാനത്തിൽ കേസ് മുന്നോട്ട് പൊയ്കൊണ്ടിരിക്കുകയുമാണ്. ഇതിൽ തന്നെ റോണ വിൽസന്റെ കമ്പ്യൂട്ടറിൽ നിന്ന് കണ്ടെത്തിയെന്ന് അന്വേഷണ ഏജൻസികൾ പറയുന്ന എഴുത്തുകൾ കേസിൽ പ്രധാനപ്പെട്ടവയാണ്.

എന്നാൽ റോണ വിൽസന്റെ കമ്പ്യൂട്ടർ ഹാക്ക് ചെയ്യപ്പെട്ടുവെന്നും അതിൽ സൈബർ അറ്റാക്ക് നടത്തിയവർ ആണ് ഇത്തരത്തിലുള്ള കത്തുകൾ നിക്ഷേപിച്ചതെന്നുമുള്ള കണ്ടെത്തലുകൾ നിർണായകമാണ്.റോണ വിൽ‌സന്റെ വസതിയിൽ പൂനെ പോലീസ് റെയ്ഡ് നടത്തി അറസ്റ്റ് ചെയ്യുന്നതിന് 22 മാസം മുൻപ് തന്നെ സൈബർ ഹാക്കർ അദ്ദേഹത്തിന്റെ ലാപ്‌ടോപ്പിലേക്ക് പ്രവേശനം നേടിയിട്ടുണ്ടായിരുന്നു എന്നും പിന്നീട് അതിൽ 10 കത്തുകളെങ്കിലും നിക്ഷേപിച്ചു എന്നുമാണ് ആഴ്സനൽ കൺസൾട്ടിംഗ് കണ്ടെത്തിയത്.

കഴിഞ്ഞ വർഷം ജൂലൈ 31 ന് എൽഗാർ പരിഷത്ത് കേസുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് തെളിവുകൾ പരിശോധിക്കാൻ റോണ വിൽസനെ കേസിൽ സഹായിക്കുന്നവർ ആഴ്സണൽ കൺസൾട്ടിംഗിനെ സമീപിച്ചിരുന്നു.മസാച്യുസെറ്റ്സ് ആസ്ഥാനമായുള്ള ഡിജിറ്റൽ ഫോറൻസിക് സ്ഥാപനമായ ആഴ്സണൽ കൺസൾട്ടിംഗിൽ നിന്നുള്ള റിപ്പോർട്ട്, വിൽസനെയും മറ്റ് 15 മനുഷ്യാവകാശ പ്രവർത്തകരെയും പ്രതിചേർക്കാൻ അന്വേഷണ ഏജൻസികൾ ഉപയോഗിച്ച കത്തുകളുടെ വിശ്വാസ്യതയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉന്നയിക്കുന്നു.

സൈബർ അറ്റാക്കിനപ്പുറം

ആഴ്സണൽ കൺസൾട്ടിംഗിന്റെ കണ്ടെത്തലുകൾ റോണ വിൽസന്റെ കമ്പ്യൂട്ടറിൽ സൈബർ അറ്റാക്ക് നടന്നു എന്നതിനപ്പുറം ഭരണകൂടത്തെ വിമർശിക്കുന്ന ഏതൊരാളെയും വിദൂരമായി നിന്നുകൊണ്ട് ട്രോജൻ ഹോഴ്സ് മാൽവെയറുകളെ ഉപയോഗപ്പെടുത്തി ഏത് രീതിയിൽ കടന്നാക്രമിക്കാം എന്നതിന്റെ നേർചിത്രമാണ്.

2016 ജൂൺ 13 മുതൽ നടക്കുന്ന സൈബർ അറ്റാക്ക്‌ സൂചിപ്പിക്കുന്നത് ഇത്‌ ഭീമ കൊറേഗാവ് കേസുമായി മാത്രം ബന്ധപ്പെട്ട ഒന്നല്ല എന്ന് തന്നെയാണ്. വരവര റാവുവെന്ന് കാണിച്ചു വന്ന ഒരു ഇ മെയിലിൽ നിന്നാണ് റോണ വിൽസന്റെ കമ്പ്യൂട്ടറിലേക്ക് മാൽവെയർ എത്തുന്നത്. തനിക്ക് ഒരു ലെറ്റർ ഹെഡ് മാത്രമേ കിട്ടുന്നുള്ളൂ, ബാക്കി ഒന്നും ലഭ്യമല്ല എന്ന് റോണ വിൽസൺ ഇതിനോട് പ്രതികരിക്കുകയും ചെയ്തു. എന്നാൽ മെയിലിൽ ഉണ്ടായിരുന്ന നെറ്റ് വെയർ എന്ന ട്രോജൻ ഹോഴ്‌സ് ആക്റ്റീവ് ആവുകയും വിദൂരത്ത് ഇരുന്നുകൊണ്ട് തന്നെ റോണയുടെ കമ്പ്യൂട്ടർ കൈകാര്യം ചെയ്യാനുള്ള സാധ്യത നേടിയെടുക്കുകയും ചെയ്തു. അതിനുശേഷം ട്രോജൻ, റോണയുടെ കീസ്‌ട്രോക്കുകളും പാസ്‌വേഡുകളും പ്രവർത്തനങ്ങളും നിരീക്ഷിക്കാൻ തുടങ്ങി.

2016 നവംബർ 3 ന്, ഹാക്കർ റോണയുടെ കമ്പ്യൂട്ടറിൽ‌ ഒരു ഹിഡൺ ഫോൾ‌ഡർ‌ സൃഷ്‌ടിക്കുകയും പിന്നീട് 2018 മാർച്ച് 14 ന്‌ മാൽ‌വെയർ‌ സെർ‌വറിലേക്ക് യോജിപ്പിച്ച് ‌ റോണയെ കുറ്റക്കാരനാക്കുന്ന 10 രേഖകളിൽ 9 എണ്ണം കമ്പ്യൂട്ടറിൽ നിന്ന് തമ്പ് ഡ്രൈവിലേയ്ക്ക് പകർ‌ത്തുന്നു. ഈ തമ്പ് ഡ്രൈവ്, കേസിൽ ഒരു തെളിവാണ്. 2018 ഏപ്രിൽ 6 ന് അദ്ദേഹത്തെ കുറ്റവാളിയായി ആരോപിക്കുന്നതിന് അടിസ്ഥാനമായ 10 രേഖകൾ പിന്നീട് സിസ്റ്റം വോള്യം ഇൻഫോർമേഷൻ എന്ന് പേരിട്ട അതേ ഫോൾഡറിലേക്ക് ചേർത്തു. എന്നാൽ ഈ രേഖകളെല്ലാം മൈക്രോസോഫ്റ്റ് വേഡിന്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പിനെ (2010 അല്ലെങ്കിൽ 2013) അടിസ്ഥാനമാക്കിയുള്ളതാണ്. വിൽസന്റെ കമ്പ്യൂട്ടറിലേത് പഴയത്(2007) ആയിരുന്നു.

പ്രോസിക്യൂഷൻ തെളിവായി കാണിക്കുന്ന 10 രേഖകളിൽ ഏതെങ്കിലും റോണ വിൽസൺ ഇതുവരെ തുറന്നതായി തെളിവുകളില്ലെന്ന് ആഴ്സണൽ പറയുന്നു. 2016 ജൂൺ 13 നും 2018 ഏപ്രിൽ 17 നും ഇടയിൽ നെറ്റ്‌വെയർ ട്രോജൻ സൃഷ്ടിച്ച ഭാഗികവും പൂർണ്ണവുമായ ആകെ 57 പ്രാവശ്യം ഹാക്കർ റോണയുടെ കമ്പ്യൂട്ടറിൽ കടന്നുകൂടിട്ടുണ്ടയിരുന്നുഎന്ന് ആഴ്സണൽ കണ്ടെത്തി. പുനെ പോലീസ് അറസ്റ്റ് ചെയ്യുന്നതിന്റെ മണിക്കൂറുകൾക്ക് മുൻപും ഇത്തരത്തിൽ കമ്പ്യൂട്ടറിൽ കടന്ന് കയറുകയും മാറ്റങ്ങൾ വരുത്തുകയും ചെയ്തു.

റോണ വിൽസൺ ഉൾപ്പെടെയുള്ളവരുടെ കമ്പ്യൂട്ടറിൽ നിന്ന് ലഭിച്ച രേഖകളെ തെളിവായി നൽകിക്കൊണ്ടാണ് കേസ് മുന്നോട്ട് പോകുന്നത് എന്നത് കൊണ്ട് തന്നെ ആഴ്സണൽ കൺസൾട്ടിംഗിന്റെ കണ്ടെത്തലുകൾ നിർണായകവുമാണ്. റോണ വിൽസന്റെ കമ്പ്യൂട്ടറിൽ കടന്ന് കയറിയ ഹാക്കർക്ക് ആവശ്യത്തിന് സമയവും സൗകര്യങ്ങളും ലഭിച്ചിരുന്നു എന്നും അദ്ദേഹത്തിന്റെ കമ്പ്യൂട്ടർ നിരീക്ഷണം നടത്തുകയും ഉടമസ്ഥൻ അറിയാതെ ഫയലുകൾ നിക്ഷേപിക്കുകയും ചെയ്യുക എന്നതായിരുന്നു ഉദ്ദേശ്യം എന്നും ആഴ്സണൽ കൺസൾട്ടിംഗിന്റെ റിപ്പോർട്ട് പറയുന്നു.

റോണ വിൽസന്റെ ലാപ്‌ടോപ്പിലെ സൈബർ ആക്രമണത്തിന് പിന്നിലുള്ള വ്യക്തിയെയോ സ്ഥാപനത്തെയോ കുറിച്ച് റിപ്പോർട്ട് പറയുന്നില്ല. എന്നാൽ ഹാക്കർ ഒരാളെ മാത്രം ഇരയാക്കാനല്ല ഉദ്ദേശിച്ചതെന്ന് റിപ്പോർട്ടിൽ നിന്ന് വ്യക്തമാണ്. നാലുവർഷത്തിനിടെ റോണ വിൽസനോടൊപ്പം പ്രവർത്തിക്കുന്ന മറ്റ് ആക്ടിവിസ്റ്റുകളെയും ലക്ഷ്യമിട്ട് അതേ ആക്രമണകാരി സമാന സെർവറുകളും ഐപി വിലാസങ്ങളും ഉപയോഗിച്ചുകൊണ്ട് ആക്രമണം നടത്തിയതായി ഫോറൻസിക് അവലോകനത്തെ അടിസ്ഥാനമാക്കി റിപ്പോർട്ട് പറയുന്നു.

സൈബർ അറ്റാക്കും അർബൻ നക്സലുകളും

റോണ വിൽസന്റെ കമ്പ്യൂട്ടറിൽ ഫയലുകൾ നിക്ഷേപിച്ചത് വലിയ സൈബർ അറ്റാക്കിങ്ങിൻ്റെ ഭാഗമാണെന്ന് വിദഗ്ദ്ധർ പറയുന്നു. കേസിൽ പ്രതികളായ മനുഷ്യാവകാശ പ്രവർത്തകരെ സഹായിക്കാൻ ആഗ്രഹിക്കുന്ന ഒമ്പത് പേരെ, നെറ്റ് വയർ എന്ന മാൽവെയർ ഉൾപ്പെടുത്തിയ ലിങ്കുകൾ, അടങ്ങിയ ഇമെയിലുകളും ലക്ഷ്യമിട്ടിട്ടുണ്ടെന്ന് കഴിഞ്ഞ വർഷം ആംനസ്റ്റി ഇന്റർനാഷണൽ വെളിപ്പെടുത്തിയിരുന്നു.

ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ പ്രവർത്തകരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകർക്ക് നേരെയും ഇത്തരത്തിൽ സൈബർ അറ്റാക്ക് നടന്നതായി കാനഡയിൽ പ്രവർത്തിക്കുന്ന സിറ്റിസൺ ലാബിന്റെയും ആംനെസ്റ്റിയുടെയും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. “2019 ജനുവരി മുതൽ ഒക്ടോബർ വരെ, ഇരകളാക്കപ്പെട്ട ഓരോരുത്തർക്കും സൈബർ അറ്റാക്കിന് വിധേയമാകുന്ന ലിങ്കുകൾ അടങ്ങിയ ഇമെയിലുകൾ ലഭിച്ചിട്ടുണ്ട്. അത് തുറന്നാൽ വാണിജ്യപരമായി ലഭ്യമായ സ്പൈവെയർ ആയ നെറ്റ് വെയർ ഇൻസ്റ്റാൾ ചെയ്യുമായിരുന്നു” എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

അഭിഭാഷകരായ നിഹാൽസിങ് ബി റാത്തോഡ്, ഇഷാ ഖണ്ടേൽവാൾ, ഡിഗ്രി പ്രസാദ് ചൗഹാൻ, കൊൽക്കത്ത ആസ്ഥാനമായുള്ള മൈക്രോബയോളജിസ്റ്റായ പാർത്തോ സാരതി റേ, ദില്ലി ആസ്ഥാനമായുള്ള അക്കാദമിക് പി കെ വിജയൻ,പ്രൊഫസർ ഹാനി ബാബു എന്നിവരെയാണ് സൈബർ അറ്റാക്കിങ്ങിന് ലക്ഷ്യം വെച്ചത്.

അതുപോലെ തന്നെ 2018 ലെ സിറ്റിസൺ ലാബിന്റെ കണ്ടെത്തലുകളും ഈ കേസിൽ പ്രധാനപ്പെട്ടവയാണ്.
ഇസ്രായേൽ ആസ്ഥാനമായുള്ള എൻ‌എസ്‌ഒ ഗ്രൂപ്പിന്റെ പെഗാസസ് എന്ന മാൽവെയർ ഉപയോഗിച്ച് 45 രാജ്യങ്ങളിലെ വിവിധ മേഖലകളിലുള്ളവരെ നിയമവിരുദ്ധമായി നിരീക്ഷണം നടത്തിയതായി 2018 സെപ്റ്റംബറിൽ സിറ്റിസൺ ലാബ് വെളിപ്പെടുത്തി. ഇതിൽ ലക്ഷ്യം വെച്ചവരിൽ ഭീമാ കൊറേഗാവ് കേസിൽ ഉൾപ്പെട്ടവരും ഉണ്ടായിരുന്നു. ഇതെല്ലാം കൃത്യമായി ചൂണ്ടിക്കാണിക്കുന്നത് ഇത് റോണ വിൽസൺ എന്ന വ്യക്തിക്കെതിരെ നടന്ന ഒരു സൈബർ ആക്രമണം അല്ലെന്നും ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്നവരെ ആസൂത്രിതമായി ജയിലിൽ അടക്കാനുള്ള വലിയ ശ്രമങ്ങളുടെ ഭാഗം ആണെന്നുമാണ്.

“ഈ പുതിയ അന്വേഷണം ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷകരെ ലക്ഷ്യമിട്ട് ആക്രമണത്തിന്റെ ഒരു പദ്ധതി ഉണ്ടെന്ന് സ്ഥിരീകരിക്കുന്നു, കൂടുതൽ വ്യക്തമായി പറഞ്ഞാൽ ഭീമ കൊറേഗാവ് കേസിൽ അറസ്റ്റുചെയ്ത പ്രവർത്തകരെ മോചിപ്പിക്കാൻ വാദിക്കുന്നവർക്കെതിരെ,” ആംനസ്റ്റി ഇന്റർനാഷണലിന്റെ അന്വേഷണത്തിൽ പ്രവർത്തിച്ച ഗവേഷകനായ എറ്റിയെൻ മെയ്‌നിയറുടെ നിരീക്ഷണം ഇങ്ങനെയാണ്.

ആഴ്സണൽ, ആംനസ്റ്റി റിപ്പോർട്ടുകളിൽ ഒരേ ഡൊമെയ്ന്റെ പേരുകളും ഐപി വിലാസങ്ങളും പ്രത്യക്ഷപ്പെടുന്നത് ‘യാദൃശ്ചികമല്ല’ എന്ന് സൈബർ സുരക്ഷാ സ്ഥാപനമായ ക്രൗഡ് സ്ട്രൈക്കിലെ ഇന്റലിജൻസ് സീനിയർ വൈസ് പ്രസിഡന്റ് ആദം മേയേഴ്സ് സൂചിപ്പിക്കുന്നു.

രാജ്യത്തെ മുൻനിര മനുഷ്യാവകാശ-പൗരാവകാശ പ്രവർത്തകർ, അഭിഭാഷകർ, എഴുത്തുകാർ, പത്ര പ്രവർത്തകർ, ബുദ്ധിജീവികൾ എന്നിവർക്ക് നേരെ നടന്ന ആസൂത്രിതമായ ആക്രമണത്തെ ഭരണകൂടം നടത്തുന്ന അർബൻ നക്സൽ എന്ന തിരക്കഥയുമായി കൂട്ടിച്ചേർത്ത് വായിക്കുന്നവർക്ക് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ ആരാണെന്ന് മനസിലാക്കാം. ലോകത്താകമാനം സാമ്രാജ്യത്വത്തിന് പാദസേവ ചെയ്യുന്ന ഭരണകൂടങ്ങളുടെ നിലനിൽപ്പിന് വേണ്ടി, സാമ്രാജ്യത്വം എന്ത് സഹായവും ചെയ്യും എന്നതാണ് വസ്തുത. ഭരണകൂടത്തെ വിമർശിക്കുന്ന ആരെയും ഭീകരവാദി/അർബൻ നക്സൽ മുദ്ര അടിച്ച് ജയിലുകളിൽ അടച്ചിട്ടും ഇതിന്റെ പിന്നിലുള്ള താൽപര്യങ്ങളും അതിന്റെ തെളിവുകളും പകൽ പോലെ വ്യക്തമായിട്ടും ഇവിടെ പ്രതികരിക്കാൻ തയ്യറാകാത്ത സാംസ്കാരിക നായകന്മാരും മാധ്യമങ്ങളും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും ഇതിന്റെ ഇന്നത്തെ ഗുണഭോക്താക്കളും നാളത്തെ ഇരകളുമാണ്.