വർഗീസ് മുതൽ വേൽമുരുകൻ വരെ!വേട്ടക്കാരൻ്റെ കഥകൾ; മനുഷ്യാവകാശ ലംഘനങ്ങളുടെയും

അഭിലാഷ് പടച്ചേരി,മാധ്യമപ്രവർത്തകൻ

കേരളത്തിലെ ആദ്യത്തെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകമായിരുന്നു വർഗീസിന്റേത്. അന്ന് സിഎച്ച് മുഹമ്മദ് കോയ ആയിരുന്നു ആഭ്യന്തരമന്ത്രി. ഐജി ലക്ഷ്മണയുടെ നേതൃത്വത്തിൽ ആയിരുന്നു ആ അരുംകൊല നടന്നത്. പക്ഷെ വർഷങ്ങൾ വേണ്ടിവന്നു വെടിവച്ചുകൊല്ലാൻ നിർബന്ധിക്കപ്പെട്ട രാമചന്ദ്രൻ നായർക്ക് അത് ഈ സമൂഹത്തോട് ഏറ്റുപറയാൻ.

അവിടെ നിന്നും കാലം ഒരുപാട് മുന്നോട്ട് സഞ്ചരിച്ചു. പിന്നീട് സിറാജുന്നീസ എന്ന വിദ്യാർഥിനിയെയും കാക്കിയിട്ട ചെന്നായ്ക്കൾ വെടിവച്ചു കൊന്നു. അന്നത്തെ പോലിസ് നരനായാട്ടിന് നേതൃത്വം നൽകിയത് രമണൻ ശ്രീവാസ്തവ ആയിരുന്നു. അന്ന് ഭരിച്ചിരുന്നതും കോണ്ഗ്രസ് ആയിരുന്നു. ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല ഏറ്റുമുട്ടൽ കൊലകളുടെ ചരിത്രം. അട്ടപ്പാടിയിൽ വനത്തിനകത്ത് മീൻ പിടിക്കാൻ പോയ ബെന്നി എന്ന ഫോട്ടോഗ്രാഫറെയും വെടിവെച്ചുകൊന്നു. അന്ന് ആഭ്യന്തരം ചെന്നിത്തലയ്ക്ക് ആയിരുന്നു.

സിറാജുന്നീസ

ഇതെല്ലാം കഴിഞ്ഞു നിൽക്കുമ്പോൾ, അടിയന്തിരാവസ്ഥക്കാലത്ത് പോലിസ് മർദ്ദനമേറ്റ്, ചോര പടർന്ന ഷർട്ടുമായി നിയമസഭയിൽ വന്നു പ്രസംഗിച്ച പിണറായി (ഇപ്പോഴത്തെ സിപിഎം ഭാഷയിൽ ഇരവാദം) മുഖ്യമന്ത്രിയായി. പിന്നീട് നടന്നത് ഏറ്റുമുട്ടൽ കൊലകളുടെ ഒരു പരമ്പരയാണ്. 2016 ൽ മാവോവാദി നേതാക്കളായ അജിതയെയും കുപ്പു ദേവരാജിനെയും. 2019ൽ പ്രിയപ്പെട്ടവൻ സിപി ജലീലിനെ, അതേ വർഷാവസാനം മഞ്ചക്കണ്ടിയിൽ മണിവാസകം, രമ, അരവിന്ദ്, കാര്‍ത്തി എന്നീ നിസ്വാർത്ഥരായ കമ്യുണിസ്റ്റ് വിപ്ലവകാരികളെ കൂട്ടക്കൊല ചെയ്തു. 2020 നവംബറിൽ വേൽമുരുകനെയും പിണറായിയുടെ ചോറ്റുപട്ടാളം കൊന്നു കൊലവിളി മുഴക്കി. ഈ കൊലവിളി പിണറായിയും ഏറ്റുവിളിച്ചു. ഇനിയും തുടരുമെന്ന് പറയാതെ പറഞ്ഞു വച്ചു. പിണറായിക്ക് കുറഞ്ഞത് ഒരു 25 വർഷംകൂടി ആയുസ് ഉണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. വേറൊന്നുമല്ല, ഈ വേട്ടനായ്ക്കളിൽ ഏതെങ്കിലുമൊരാളെങ്കിലും രാമൻചന്ദ്രൻ നായരെപ്പോലെ ആകുമെന്ന് വിശ്വസിക്കുന്നുണ്ട്. അന്നത്തെ ദിവസം കേരളത്തിലെ ജനാധിപത്യ ബോധമുള്ള ജനതയ്ക്ക് പിണറായിയുടെ മുഖം കാണാൻ തോന്നിയേക്കാം. അന്ന് അയാൾ ഈ ജനങ്ങളെ നേർക്കുനേർ അഭിമുഖീകരിക്കേണ്ടി വരണം. മുണ്ടുടുത്ത മുസ്സോളിനിയായ അദ്ദേഹത്തെ ജനങ്ങൾ എന്തുകൊണ്ട് പൂജിക്കുമെന്നു കാണാൻ അതിയായ ആഗ്രഹമുണ്ട്.

കുപ്പു ദേവരാജ്,അജിത,സി പി ജലീൽ,മണിവാസകം, അരവിന്ദ്, കാര്‍ത്തി,അജിത,വേൽമുരുകൻ.

അവസാനമായി സഖാവ് വർഗീസ് വീട്ടിലേക്കു എഴുതിയ ഒരു കത്തുണ്ട്, അതേപോലുള്ള വർഗീസുമാരുടെ ചോരപുരണ്ട കൈകളുമായി നിൽക്കുന്ന പിണറായിക്ക് ആ കത്ത് സമർപ്പിക്കുന്നു…

അന്നെഴുതിയ ആ എഴുത്തിൽ ഇങ്ങനെ പറയുന്നു,

“അപ്പനും അമ്മക്കും സുഖം തന്നെയാണെന്ന്
വിശ്വസിക്കുന്നു. എന്നോട് വലിയ
ദേഷ്യവും മറ്റുമുണ്ടാകുമല്ലെ? ഇത്രയധികം കഷ്ടപ്പെട്ട് വളർത്തിയെടുത്തിട്ട് യാതൊരു
ഉപകാരവുമില്ലാതെ നശിച്ചുപോയല്ലോ എന്ന് ചിന്തിച്ച് വേദനിക്കുന്നുണ്ടാവും…..
എത്രയോ പേര് പട്ടണി കിടന്ന് മരിക്കുന്നു. അവരെ പറ്റി ഓർക്കുക.തന്നിൽ താണവന്റെ ശബ്ദവും കേൾക്കുക. അങ്ങിനെ വരുമ്പോൾ കഷ്ടങ്ങളുണ്ടാകും. അത് സാരമില്ല. ഒരുനാൾ നല്ലത് കേൾക്കാം”

അതെ …ഒരു നാൾ നല്ലത് കേൾക്കാം ….
നല്ലതിനു വേണ്ടി പോരാടി മരിച്ചവരെയും ഓർക്കാം. ഒരു ചോരത്തുള്ളികളും പാഴാകില്ല…