ഇന്ത്യൻ ജനാധിപത്യവും മാവോയിസവും

ഇന്ത്യൻ ജനാധിപത്യം എന്നതുകൊണ്ട് സാധാരണ ഗതിയിൽ അർത്ഥമാക്കുന്നത് ഇവിടെ നിലനിൽക്കുന്ന ഭരണക്രമം, പാർലമെന്ററി വ്യവസ്ഥ, അതുമായി ബന്ധപ്പെട്ടിട്ടുള്ള രാഷ്ട്രീയ പ്രവർത്തനങ്ങൾ, ഇതൊക്കെയാണ്. അതിനോടുള്ള മാവോയിസത്തിന്റെ സമീപനവും മാവോയിസം ഇതിനെയൊക്കെ എങ്ങനെയാണ് മനസ്സിലാക്കുന്നത് എന്നതുമാണ് പരിശോധിക്കേണ്ട പ്രധാന വിഷയം. ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ സന്ദർഭത്തിൽ ഇപ്പറയുന്ന ജനാധിപത്യം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്തിന്റെ വിശകലനവും പരിശോധനയും പ്രധാനപ്പെട്ട ഒരു വിഷയം തന്നെയാണ്. കാരണം, സാധാരണഗതിയിൽ ഇത്തരം കൊലപാതകങ്ങൾ നടക്കുമ്പോൾ, കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ ആയുധങ്ങളേന്തി നടക്കുന്ന സംഘങ്ങളിൽ പെട്ടവരാണ്, അവരെന്തിനാണ് ആയുധമേന്തി നടക്കുന്നത്, അവർക്ക് ജനങ്ങൾക്കിടയിൽ വന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തിക്കൂടേ, ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളായിക്കൂടെ എന്നൊക്കെയുളള തർക്കങ്ങളും അഭിപ്രായപ്രകടനങ്ങളും കേൾക്കാറുണ്ട്. ജനാധിപത്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് വിട്ടുമാറുന്നവരെ സംബന്ധിച്ചിടത്തോളം മറ്റുതരത്തിലുള്ള മൗലിക അവകാശങ്ങൾക്കൊന്നും തന്നെ അവർ അർഹരല്ല എന്ന ഒരു സമീപനവുമുണ്ട്. അതുകൊണ്ട് തന്നെയാണ് എന്താണീ ജനാധിപത്യരാഷ്ട്രീയം എന്ന പരിശോധന ആവശ്യമാകുന്നത്. അതിന് മുന്നോടിയായി എന്താണ് രാഷ്ട്രീയം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ന് പരിശോധിക്കാം.

വളരെ സാമാന്യമായി പറയുകയാണെങ്കിൽ അധികാരത്തെ സംബന്ധിച്ചതാണ് രാഷ്ട്രീയം. അധികാരം കൈക്കലാക്കുന്നതിനെക്കുറിച്ച്‌, അത് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച്‌, അതിന്റെ നിർവഹണത്തെക്കുറിച്ച്‌ — ഇങ്ങനെയൊക്കെയുള്ള വിഷയങ്ങളാണ് രാഷ്ട്രീയത്തിന്റെ വിഷയങ്ങൾ. ഒരു വർഗ വിഭജിത സമൂഹത്തിൽ, ചൂഷകരും ചൂഷിതരും മർദ്ദകരും മർദ്ദിതരും, ഇത്തരം നാനാവിധത്തിലുള്ള മർദ്ദനവും ചൂഷണവുമൊക്കെ നിലനില്ക്കുമ്പോൾ, വർഗ്ഗപരം മാത്രമല്ല, ജാതീയമായതും, ലിംഗപരമായതും, വംശീയമായതും അങ്ങനെ എല്ലാ തലത്തിലും ഉള്ള വിഭജനങ്ങളും ചൂഷണങ്ങളും മർദ്ദനങ്ങളും നിലനിൽക്കുന്ന ഒരു സമൂഹത്തിൽ, അതിൽ നിന്നെല്ലാം നേട്ടങ്ങൾ ലഭിക്കുന്ന ഒരു വിഭാഗം ഉണ്ടായിരിക്കും. അതിന്റെ നഷ്ടങ്ങളും ദുരിതങ്ങളും പേറുന്ന, നരകിക്കുന്ന ഒരു ബഹുഭൂരിപക്ഷവും ഉണ്ടായിരിക്കും. ഇത്തരമൊരു സമൂഹത്തിൽ അധികാരം എന്ന് പറയുന്നത് ഈ ആദ്യം പറഞ്ഞ വിഭാഗത്തിന്റെ – മര്‍ദ്ദക, ചൂഷക വിഭാഗത്തിന്റെ – താല്പര്യങ്ങളെ കാത്ത് രക്ഷിക്കാനും നിറവേറ്റാനും സംരക്ഷിക്കാനും വേണ്ടിയാണ് നിലനില്ക്കുക.

അതുകൊണ്ട് തന്നെയാണ്, ഈ രാഷ്ട്രീയത്തെയും അധികാരത്തെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് മാർക്സിസ്റ്റുകൾ സാധാരണഗതിയിൽ രാഷ്ട്രീയാധികാരത്തെക്കുറിച്ചു സംസാരിക്കുന്നത്. വെറും അധികാരമല്ല രാഷ്ട്രീയാധികാരമാണെന്ന് എടുത്തു പറയുന്നത് അതുകൊണ്ടാണ്. അത് മാവോയിസത്തിന്റെ നിലപാടൊന്നുമല്ല. പൊതുവിലുള്ള മാർക്സിസത്തിന്റെ നിലപാട് തന്നെയാണ്. ഇനി മറ്റൊരു കാര്യം കൂടി നമ്മളിവിടെ ഓർത്തുവെക്കേണ്ടതുണ്ട്. ഈ അധികാരത്തെക്കുറിച്ച്‌ പറയുമ്പോൾ, അത് ഏത് വർഗത്തിന്റെ ആയാലും ശരി, ഇന്ന് ചൂഷിതരായിട്ടുള്ള വിഭാഗങ്ങൾ അവർക്കുമേലുള്ള ചൂഷണം അവസാനിപ്പിച്ച്‌ അവരുടേതായിട്ടുള്ള സമൂഹം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി സ്ഥാപിക്കുന്ന അധികാരത്തെ സംബന്ധിച്ചിടത്തോളവും, അവിടെയും ആ വർഗ്ഗത്തിന്റെ, അല്ലെങ്കിൽ ആ വർഗങ്ങളുടെ, താല്പര്യത്തെയായിരിക്കും ആ അധികാരം പ്രധിനിധീകരിക്കുക. ചുരുക്കത്തിൽ ഏത് വർഗ്ഗമാണോ അല്ലെങ്കിൽ വർഗങ്ങളാണോ അധികാരത്തിൽ, ആ വർഗങ്ങളുടെ താല്പര്യങ്ങൾ പ്രതിനിധീകരിക്കുന്നു എന്നതാണ് രാഷ്ട്രീയാധികാരത്തിന്റെ സവിശേഷത. ഈ അർത്ഥത്തിൽ ഇതിനെ ഉൾക്കൊണ്ടുതന്നെയാണ് ലെനിൻ “രാഷ്ട്രീയം സാമ്പത്തികത്തിന്റെ സാന്ദ്രീകൃത രൂപമാണ്” എന്ന് പറയുന്നത് . ഇത് പറയുമ്പോൾ നിലനില്പിന്റെ അടിസ്ഥാനപരമായ വിഷയങ്ങളെ കൈകാര്യം ചെയ്യുന്നു, സ്പർശിക്കുന്നു, ആർക്ക് ഗുണം കിട്ടണം, ആരെ സേവിക്കണം എന്നീ വിഷയങ്ങൾ നിർവചിക്കുന്നു എന്നുള്ള അർത്ഥത്തിൽ തന്നെയാണ് രാഷ്ട്രീയം സാമ്പത്തികത്തിന്റെ സാന്ദ്രീകൃത രൂപമാണ് എന്ന് ലെനിൻ പറഞ്ഞത്.

ഈ അർത്ഥത്തിൽ രാഷ്ട്രീയാധികാരത്തെ നമ്മൾ മനസ്സിലാക്കിയാൽ രാഷ്ട്രീയ അധികാരവും ഭരണരൂപവും എപ്പോഴും പരസ്പരം ബന്ധിതമാണെങ്കിലും ഒന്നല്ല, മറിച്ച്‌ വ്യത്യസ്തമായ കാര്യങ്ങളാണ് എന്ന് മനസ്സിലാക്കാനാകും. രാഷ്ട്രീയാധികാരാമെന്നു പറയുന്നത് അധികാരത്തിലുള്ള വർഗ്ഗത്തിന്റെയൊ, വർഗങ്ങളുടെയൊ താല്പര്യത്തെ പ്രതിനിധീകരിക്കുന്ന, അതിനെ സേവിക്കുന്ന, അത് നിറവേറ്റാൻ വേണ്ടി നിലകൊള്ളുന്ന ഒരു കാര്യമാണ്. അതുമായി ബന്ധപ്പെട്ടിട്ടാണ് മൗലികമായി രാഷ്ട്രീയത്തിന്റെ പ്രസക്തിയും വരുന്നത്. ചുരുക്കത്തിൽ രാഷ്ട്രീയം വർഗ്ഗത്തെ സംബന്ധിച്ച കാര്യമാണ്. അപ്പോൾ അധികാരത്തിലുള്ള വർഗ്ഗങ്ങളെ സംബന്ധിച്ചിടത്തോളം ആകെമൊത്തത്തിൽ അവർക്ക് ചില രാഷ്ട്രീയ താല്പര്യങ്ങളുണ്ട്.

അവർ ചൂഷണം ചെയ്യുകയും അടിച്ചമർത്തുകയും ചെയ്യുന്ന വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം അവരുടേതായ രാഷ്ട്രീയവുമുണ്ടായിരിക്കും. ഇത് മൗലികമായി ഭിന്നമായ, ശത്രുതാപരമായ രാഷ്ട്രീയവുമായിരിക്കും. കാരണം ഒരുകൂട്ടരേ അടിച്ചമർത്തി ചൂഷണം ചെയ്തുകൊണ്ട് മാത്രമാണ്, മർദ്ദിച്ചുകൊണ്ട് മാത്രമാണ് മറ്റേ കൂട്ടർ നിലനിൽക്കുകയും സമ്പന്നതയിൽ തഴച്ചുവളരുകയും ചെയ്യുന്നത്. അതിനാൽ ഒരിക്കലും ഈ രാഷ്ട്രീയങ്ങൾ തമ്മിൽ പൊരുത്തപ്പെടുന്ന പ്രശ്നമില്ല. ആ വർഗ്ഗങ്ങൾ തമ്മിലുള്ള വൈരുധ്യം ശത്രുതാപരമായതു പോലെത്തന്നെ അവരുടെ രാഷ്ട്രീയങ്ങൾ തമ്മിലുള്ള വൈരുധ്യവും ശത്രുതാപരമായിരിക്കും. ഒരിക്കലും പൊരുത്തപ്പെടുത്താൻ കഴിയുന്നവയല്ല അവ. കാരണം ചൂഷിതരെയും മർദിതരെയും സംബന്ധിച്ചിടത്തോളം അവരുടെ രാഷ്ട്രീയതാല്പര്യം നിറവേറ്റുക എന്നതിന്റെ അർത്ഥം ഈ ചൂഷണവും മർദ്ദനവും അവസാനിപ്പിക്കുക എന്നതാണ്. അതിന് ഏതെങ്കിലും തരത്തിൽ ഏച്ചുകെട്ടലുകളോ പരിഷ്കരണങ്ങളോ അല്ല വേണ്ടത്. മറിച്ച്‌, അടിസ്ഥാനപരമായ പ്രശ്നം ചൂഷണത്തിൽ അധിഷ്ഠിധമായ വ്യവസ്ഥിതിയെ പൂർണമായിട്ടും ഇല്ലാതാക്കുക എന്നുള്ളതാണ്. അധികാരത്തിലുള്ള ചൂഷക, മർദ്ദക വര്‍ഗ്ഗങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ ഈ അവസ്ഥ, അധികാരവും അതിന്റെ എല്ലാവിധ സുഖസൗകര്യങ്ങളും എങ്ങനെ നിലനിർത്താൻ കഴിയും, അതിനെതിരെ വരുന്ന വെല്ലുവിളികളെയും ചോദ്യം ചെയ്യലുകളെയും എതിർപ്പുകളെയും എങ്ങനെ അടിച്ചമർത്താൻ കഴിയും, എന്നതാണ് അവരുടെ മുന്നിലെ കാതലായ പ്രശ്നം. അതുകൊണ്ട് തന്നെ ഇത് പരസ്പര വിരുദ്ധമായ, ശത്രുതാപരമായ കാര്യങ്ങളാണ്. ഒരിക്കലും പൊരുത്തപ്പെടുത്താൻ പറ്റുന്ന കാര്യങ്ങളല്ല.

നേരത്തെ സൂചിപ്പിച്ച പ്രശ്നം, രാഷ്ട്രീയാധികാരവും ഭരണരൂപവും തമ്മിലുള്ള വ്യത്യാസത്തെ സംബന്ധിച്ചതിലേയ്ക്ക് ഇനി കടക്കാം. ജർമനിയിലെ ഹിറ്റ്ലർ (നാസി ) ഫാസിസം, ഇറ്റലിയിലെ മുസോളിനിയുടെ ഫാസിസം എന്നിവയെപ്പറ്റിയൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. അതുവരെ അവിടെ നിലനിന്നിരുന്ന പാർലമെന്ററി ജനാധിപത്യത്തിന്റെ അഥവാ ബൂർഷ്വാ ജനാധിപത്യത്തിന്റെ സാധാരണ ഗതിയിലുള്ള നടപടിക്രമങ്ങളെ ലംഘിച്ചുകൊണ്ട് സ്വേച്ഛാധിപത്യപരമായ ഒരു ഭരണം നടപ്പാക്കുന്നതാണ് ഈ ഫാസിസം എന്ന് പറയുന്നത്. തീർച്ചയായും അപ്പോഴും ഈ പറയുന്ന ബൂർഷ്വാ ജനാധിപത്യത്തിന്റെതാ യിട്ടുള്ള ചില ചട്ടങ്ങളും രൂപങ്ങളുമൊക്കെ അവിടെ നിലനിർത്തിയിട്ടുണ്ടാവാം. അത് ഇല്ലാതാക്കിയിട്ടൊ ന്നുമുണ്ടായിരുന്നില്ല. എന്നാൽ തന്നെ, സാധാരണ ഗതിയിലുള്ള ബൂർഷ്വാ ജനാധിപത്യത്തിന്റെ പ്രവർത്തനത്തെ നിർത്തിവച്ചുകൊണ്ട്, ലംഘിച്ചുകൊണ്ട്, സ്വേച്ഛാധിപത്യപരമായിട്ടുള്ള ഒരു ഭരണമായി രുന്നു ഈ ഫാസിസ്റ്റ് ഭരണം. പക്ഷെ ഹിറ്റ്ലരുടെ ഫാസിസത്തിന്റെ കാലഘട്ടത്തിലായാലും ശരി, അതിനു മുമ്പുണ്ടായിരുന്ന ബൂർഷ്വാ ജനാധിപത്യത്തിന്റെ കാലഘട്ടമായാലും ശരി, അതല്ല അതിനും മുമ്പ്, ഉണ്ടായിരുന്ന ഭരണഘടനാപരമായ രാജവാഴ്ച്ചാ കാലഘട്ടത്തിൽ ആയാലും ശരി, ജർമനിയിലെ ഭരണവർഗങ്ങളെ സംബന്ധിച്ച്‌ അത് ഒന്നു തന്നെയായിരുന്നു. അതായത് ആദ്യം മുതലാളി വർഗവും, പിന്നീട് സാമ്രാജ്യത്വഘട്ടത്തിൽ കുത്തക മുതലാളിവർഗവും ആയിരുന്നു ജർമനിയിലെ ഭരണവർഗം. ഈ ഭരണവർഗങ്ങളുടെ വർഗ്ഗതാല്പര്യങ്ങൾ തന്നെയാണ് വ്യത്യസ്തമായ ഈ മൂന്ന് ഭരണക്രമങ്ങളും നിറവേറ്റിയത്. അല്ലാതെ അതിൽ നിന്നും വ്യത്യസ്തമായിട്ടുള്ള ഒന്നായിരുന്നില്ല. തീർച്ചയായിട്ടും അതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. ആ കുത്തക ബൂർഷ്വാസിയിലെ ഏത് വിഭാഗത്തിനാണ് മുൻ‌തൂക്കമുണ്ടായിരുന്നത്, ആർക്കാണ് കൂടുതൽ സ്വാധീനം ഉണ്ടായിരുന്നത് എന്നുള്ള കാര്യങ്ങളിലൊക്കെ മാറ്റം ഉണ്ടായിട്ടുണ്ട്. അതുപോലെതന്നെ ജർമനിയിലെ പഴയ നാടുവാഴി വര്‍ഗ്ഗങ്ങളെ എങ്ങനെയാണ് അതിൽ ഉൾചേർത്തിരുന്നത് എന്നതിലും വ്യത്യാസം ഉണ്ടായിരുന്നുവെങ്കിലും അടിസ്ഥാനപരമായിട്ടും ഈ അധികാരത്തിന്റെ വർഗ്ഗസ്വഭാവം മുഖ്യമായിട്ടും ഈ പറയുന്ന മുതലാളിത്തത്തിന്റെ, കുത്തക മുതലാളിത്തത്തിന്റെ, ആയിരുന്നു. അതേസമയം ഈ പറയുന്ന ഓരോ കാലഘട്ടത്തിലെയും ഭരണരൂപം വ്യത്യാസപ്പെട്ടു കൊണ്ടിരുന്നു. അതുകൊണ്ടാണ്, മാർക്സിസം അധികാരത്തെയും ഭരണരൂപത്തെയും വേർതിരിച്ചു കാണുന്നു, ഭരണകൂടത്തേയും ഭരണക്രമത്തെയും വേർതിരിച്ചു കാണുന്നു എന്ന് നേരത്തെ സൂചിപ്പിച്ചത്.

രാഷ്ട്രീയാധികാരമെന്നതിന്റെ മറ്റൊരു വാക്കാണ് ഭരണകൂടം. ഭരണകൂടം എന്നത് ഉപകരണമാണ്. രാഷ്ട്രീയാധികാരമാണതിന്റെ സത്ത. ഇത്രയും കാര്യം മനസ്സിലാക്കിയാൽ മാത്രമേ രാഷ്ട്രീയ പ്രവർത്തനം എന്തെന്ന് പിടികിട്ടുകയുള്ളു. അടിസ്ഥാനപരമായി ഇതിനെ രണ്ടായി തരാംതിരിക്കാം. ഒരുവശത്തു അധികാരത്തിലുള്ള വർഗ്ഗങ്ങളുടെ താല്പര്യത്തെ മുൻനിർത്തിയുള്ള രാഷ്ട്രീയപ്രവർത്തനം. മറുവശത്ത് ഈ അധികാരത്തെ ചോദ്യം ചെയ്യുന്നതിലൂടെയും അവസാനിപ്പിക്കുന്നതിലൂടെയും മാത്രം മോചനം സാധ്യമാകുന്ന വർഗ്ഗങ്ങളുടെ രാഷ്ട്രീയപ്രവർത്തനം. ഇവ മൗലികമായും വ്യത്യസ്തമായി നിൽക്കുന്ന രണ്ടു കാര്യങ്ങളാണ്.

ഇനി ഇതിൽ തന്നെ നമുക്ക് വേർതിരിവുകൾ കാണാൻ സാധിക്കും. ഉദാഹരണത്തിനു് വളരെ പൊതുവായി ചൂഷകരെന്നും ജനങ്ങളെന്നും നമ്മൾ പറഞ്ഞ ഈ രണ്ടു വിഭാഗങ്ങളെ വേർതിരിച്ചു കാണാം. എങ്കിലും ഈ ജനങ്ങൾക്കിടയിൽ തന്നെ വ്യത്യസ്ത വർഗ്ഗങ്ങൾ, വിവിധ ജാതികളിലുള്ള ആൾക്കാർ, വിവിധ പക്ഷങ്ങളുള്ള ആൾക്കാർ, വ്യത്യസ്ത ലിംഗത്തില്‍ ഉള്ള ആളുകള്‍ അങ്ങനെ പല വേർതിരിവുകളുമുണ്ട്. അതിന്റെയൊക്കെ പ്രതിഫലനമെന്ന നിലയ്ക്ക് തീർച്ചയായിട്ടും അവരുടെതായ രാഷ്ട്രീയ താല്പര്യങ്ങളും രാഷ്ട്രീയ പ്രവർത്തനങ്ങളുമൊക്കെ ഉണ്ടാവും. പക്ഷെ ഈ എല്ലാ രാഷ്ട്രീയ ദിശകളെയും പ്രവണതകളെയും സമീപനങ്ങളെയും വീക്ഷണങ്ങളെയുമൊക്കെ സംബന്ധിച്ചിടത്തോളം പൊതുവായി, അടിസ്ഥാനപരമായി, അവയെല്ലാം തന്നെ കൃത്യമായിട്ടും കൈകാര്യം ചെയ്യേണ്ടി വരുന്ന ഒരു പ്രശ്നം അവരെ ചൂഷണം ചെയ്യുന്ന, അടിച്ചമർത്തുന്ന ഭരണവർഗത്തിന്റെ അധികാരം ഇല്ലാതാക്കി സ്വന്തം അധികാരം എങ്ങനെ സ്ഥാപിക്കാം എന്നുള്ള വിഷയം തന്നെയാണ്. ആത്മനിഷ്ഠമായി അവരത് തിരിച്ചറിയുന്നുണ്ടോ ഇല്ലയോ എന്നത് മറ്റൊരു കാര്യമാണ്. അതിനാല്‍ അടിസ്ഥാനപരമായിട്ടും ആശയപരമായിട്ടും അവർ കൈകാര്യം ചെയ്യേണ്ട വിഷയം സ്വന്തം മോചനത്തിന്റെ വിഷയമാണ്.

ചൂഷിതര്‍ എന്ന അടിസ്ഥാനപരമായ വേർതിരിവിന്റെ അകത്തുള്ള വകഭേദങ്ങളെപോലെതന്നെ ഭരണവർഗ്ഗ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം, ആ രാഷ്ട്രീയത്തിലും വ്യത്യസ്ത വകഭേദങ്ങൾ ഉണ്ട്. ആ രാഷ്ട്രീയം മുന്നോട്ടുവെയ്ക്കുന്ന സമീപനം ഉൾപ്പെടെ പലതിലും വേർതിരിവുകൾ കാണാൻ കഴിയും. അതിന്റെ പിന്നിലും വർഗ്ഗപരമായിട്ടുള്ള ചായ്‌വുകളും താല്പര്യങ്ങളും മറ്റു കാര്യങ്ങളുമൊക്കെയുണ്ട്. പക്ഷെ ഇതൊക്കെത്തന്നെ പൊതുവിൽ വേർതിരിഞ്ഞു നില്‍ക്കുമ്പോഴും, വ്യത്യസ്ത സ്വഭാവങ്ങൾ പ്രകടിപ്പിക്കുമ്പോഴും, അടിസ്ഥാനപരമായി ഈ വ്യവസ്ഥിതി ഇതേപോലെ നിലനിൽക്കണം, ഈ അധികാരം ഇതേപടി നില നിൽക്കണം, ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ഈ ചൂഷണവും മറ്റു കാര്യങ്ങളും ഇതേപോലെ തുടരണം, സാമ്രാജ്വത്വ വിധേയത്വം തുടരണം എന്നീ കാര്യങ്ങളില്‍ ഇവർക്കൊക്കെ പൊതുവായി സമ്മതവുമുണ്ട്. ആ ഒരു ചട്ടക്കൂടിന്റെ അകത്താണ് ഈ രാഷ്ട്രീയ ഭിന്നതകളൊക്കെ നിലനിൽക്കുന്നതു്.

നിങ്ങൾ എന്തുകൊണ്ട് ജനാധിപത്യ രാഷ്ട്രീയ പ്രവർത്തനത്തിൽ പങ്കാളികളാവുന്നില്ല എന്ന് മാവോയിസ്റ്റുകളോട് ചോദിക്കുമ്പോൾ അവിടെ സാധാരണഗതിയില്‍ ഉദ്ദേശിക്കുന്ന രാഷ്ട്രീയ പ്രവർത്തനം കൃത്യമായും ഈ വ്യവസ്ഥിതിക്കകത്ത് നിലകൊള്ളുന്ന, ഈ വ്യവസ്ഥിതിയുടെ ചട്ടക്കൂടും മറ്റു കാര്യങ്ങളുമൊക്കെ മാനിച്ചുകൊണ്ട് ഈ വ്യവസ്ഥിതിയെ അതേപടി നിലനിർത്താൻ സമ്മതിച്ചുകൊണ്ട്, അതിനകത്തു നടത്തുന്ന ചില പ്രവർത്തനങ്ങളുടെ കാര്യമാണ്. ഇപ്പറഞ്ഞപ്രകാരമുള്ള രാഷ്ട്രീയപ്രവർത്തനം മതിയോ എന്നതാണ് ജനങ്ങളുടെ മുന്നിലുള്ള അടിസ്ഥാനപരമായ പ്രശ്നം. അത് മതിയാവില്ല. അതിൽ നിന്നും വ്യത്യസ്തമായി ജനങ്ങളുടെ മൗലികമായ ആവശ്യങ്ങൾ, ചൂഷിതരും മർദ്ദിതരുമായിട്ടുള്ള ജനവിഭാഗങ്ങളുടെ മൗലിക താല്പര്യങ്ങളെ കാത്തുരക്ഷിക്കാനും, അത് യഥാർത്ഥ്യമാക്കാനും, അവരുടേതായ ഒരു അധികാരം നേടിയെടുക്കേണ്ടതുണ്ട്. നിലനിൽക്കുന്ന അധികാരവും അതിന്റെ വ്യവസ്ഥകളും ചട്ടക്കൂടുംകൊണ്ട് അത് നിറവേറ്റാൻ കഴിയില്ല. അതിനു ജനങ്ങളുടേതായ അധികാരം സ്ഥാപിക്കേണ്ടതുണ്ട് എന്ന കാഴ്ചപ്പാടാണ് മാവോയിസ്റ്റുകൾക്കുള്ളത്. അതുകൊണ്ട്, അവരെ സംബന്ധിച്ചിടത്തോളം അവർ നടത്തുന്നത് രാഷ്ട്രീയ പ്രവർത്തനം തന്നെയാണ്. പക്ഷെ ആ രാഷ്ട്രീയ പ്രവർത്തനം നിലനിൽക്കുന്ന ഈ വ്യവസ്ഥിതിയെ ലംഘിക്കുന്ന, അതിനെ തകിടം മറിക്കണമെന്ന സ്വപ്രഖ്യാപിതമായ ഉദ്ദേശലക്ഷ്യത്തോടുകൂടി നടത്തുന്ന, ഒരു രാഷ്ട്രീയപ്രവർത്തനമാണ്.

ആയുധമേന്തി എന്തിന് കാട്ടിൽ അലയുന്നു, എന്തുകൊണ്ട് നിങ്ങൾ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നില്ല എന്ന ചോദ്യം, നിലനിൽക്കുന്ന ഈ വ്യവസ്ഥിതിക്കകത്ത് നിന്നുകൊണ്ടുള്ള പ്രവർത്തനത്തെ മാത്രമേ രാഷ്ട്രീയ പ്രവർത്തനമായി പരിഗണിക്കാൻ പറ്റു എന്ന ഒരു മുന്‍കല്‍പ്പിത ധാരണയിൽ നിന്നാണ് വാസ്തവത്തിൽ ഇത് വരുന്നത്. അവിടെത്തന്നെയാണ് അഭിപ്രായഭിന്നത. രാഷ്ട്രീയ പ്രവർത്തനത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യുകയാണെങ്കിൽ അധികാരവുമായി ബന്ധപ്പെട്ട വിഷയമെന്ന നിലയ്ക്ക് ഏത് അധികാരം, ആരെ സേവിക്കുന്ന അധികാരം, എന്തിനുവേണ്ടി രാഷ്ട്രീയം, എന്ത് നയം, എന്ത് നിലപാട് എന്നീ വിഷയങ്ങളാണ് അതില്‍ ഉള്‍പ്പെടുന്ന കാര്യങ്ങള്‍. അങ്ങനെ വരുമ്പോൾ രാഷ്ട്രീയ പ്രവർത്തനത്തിൽ തന്നെ വരുന്നൊരു കാര്യമാണ് വ്യവസ്ഥിതിക്കെതിരായ രാഷ്ട്രീയ പ്രവർത്തനം. കാരണം അത് ഭരണവര്‍ഗ്ഗങ്ങളെ ബാധിക്കുന്ന, അവരെ തകിടം മറിക്കാനുള്ള പ്രവർത്തനത്തിൽ ഏർപ്പെടുമെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരു രാഷ്ട്രീയമാണ്. ഇതാണ് നാം അടിസ്ഥാനപരമായി തിരിച്ചറിയേണ്ട കാര്യം.

ഇനി മറ്റൊരു പ്രശ്നം ആയുധമെടുക്കുന്ന വിഷയത്തെ സംബന്ധിച്ചാണ്. രാഷ്ട്രീയത്തിന്റെ തുടർച്ചയാണ് യുദ്ധം. എന്താണ് യുദ്ധമെന്നതിനുള്ള ഉത്തരമായി രാഷ്ട്രീയത്തിന്റെ തുടർച്ചയാണു് യുദ്ധം എന്ന ആശയം ആദ്യമായി സംക്ഷിപ്‌തമായി അവതരിപ്പിച്ചതു് ക്ലൂസ്വിറ്റ്സ് എന്ന പ്രസിദ്ധ ജർമൻ ബൂർഷാ സൈനിക ശാസ്ത്രജ്ഞനാണ്. ക്ലൂസ്വിറ്റ്സ്ന്റെ ‘ഓൺ വാർ’ (യുദ്ധത്തെ കുറിച്ചു്) എന്ന കൃതി സൈനികശാസ്ത്ര പഠനത്തിൽ ക്ലാസിക്ക് ആയി പരിഗണിക്കപ്പെടുന്നു. ഇന്ത്യൻ പട്ടാളത്തിലെ ഓഫീസര്‍മാർ ഉള്‍പ്പെടെയുള്ളവര്‍ അവരുടെയൊക്കെ പഠനത്തിൽ നിർബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമായി കരുതുന്ന ഒന്നാണ് ഈ ഗ്രന്ഥം. ആ ഗ്രന്ഥത്തിലാണ് യുദ്ധത്തേക്കുറിച്ച്‌, അതിന്റെ ബാക്കി വിശദാംശങ്ങളെക്കുറിച്ച്‌, തന്ത്രവും അടവും ഉൾപ്പെടെ മറ്റു കാര്യങ്ങളിലേയ്ക്ക് കടക്കുന്നതിനു മുമ്പ്, വളരെ കൃത്യമായും യുദ്ധം രാഷ്ട്രീയത്തിന്റെ തുടർച്ചയാണെന്നു നിർവചിക്കുന്നത്. അതുകൊണ്ട് ഏതൊരു യുദ്ധത്തിന്റെ പരിശോധനയിലും, അതിന്റെ ആവശ്യകത, നിർവഹണം എന്നിവയിലേക്കു കടക്കുമ്പോൾ സുവ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കണമെന്നും, ആ രാഷ്ട്രീയ ലക്ഷ്യങ്ങൾ നിർവചിച്ച്‌, നിശ്ചയിച്ചുകൊണ്ടുമാത്രമേ ഒരു സൈന്യത്തിനു് യുദ്ധത്തിൽ ഏർപ്പെടാൻ പറ്റൂ എന്നും ക്ലൂസ്വിറ്റ്സ് ചൂണ്ടിക്കാണിച്ചത്. അതിനാലാണ് യുദ്ധം രാഷ്ട്രീയത്തിന്റെ തുടർച്ചയാണു എന്ന് പറഞ്ഞത്.

തീർച്ചയായിട്ടും അത് സൈന്യത്തിന്റെ കടമയല്ല. രാഷ്ട്രീയ, ഭരണ നേതൃത്വത്തിന്റെ കടമയാണ്. നേരത്തെ പറഞ്ഞ അർത്ഥത്തിൽ രാഷ്ട്രീയത്തെ മനസ്സിലാക്കുമ്പോഴാണ് യുദ്ധം രാഷ്ട്രീയത്തിന്റെ തുടർച്ചയാണ് എന്ന് പറയുന്നതിനെ നമുക്ക് ശരിയായി മനസ്സിലാക്കാൻ കഴിയുക. മറിച്ചു ഇന്ന് നമ്മുടെ മുന്നിൽ കാണുന്ന ഈ വടംവലികളുടെ, ആര് ഏത് സീറ്റിൽ നില്‍ക്കും,ആര് മത്സരിക്കും, ജയിക്കും, നിയമസഭയിലോ പാർലമെന്റിലോ പോയിക്കഴിഞ്ഞാൽ എന്തൊക്കെ കാട്ടിക്കൂട്ടും എന്നീ ബൂർഷ്വാ രാഷ്ട്രീയ പ്രഹസനങ്ങളുടെ, ഏത് തുടർച്ചയാണ് യുദ്ധം? ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരിക്കും അത്. കാരണം മെല്‍പ്പറഞ്ഞ രാഷ്ട്രീയമെന്ന് പറയുന്നത് ഭരണവര്‍ഗ്ഗ രാഷ്ട്രീയത്തിനകത്തു നടക്കുന്ന മത്സരമാണ്.

നേരേമറിച്ച്‌ ഇന്ത്യൻ ഭരണവർഗത്തിന്റെ രാഷ്ട്രീയ താല്പര്യങ്ങൾ എന്തെന്ന് നമ്മൾ പരിശോധിച്ചാൽ, അതിന്റെ വ്യാപനവാദ താല്പര്യങ്ങൾ, ദക്ഷിണേഷ്യയിലെ അധിപനായി നിലനിൽക്കാനുള്ള വ്യാമോഹം, അതുമായി ബന്ധപ്പെട്ട് അയൽരാജ്യങ്ങളുടെ മെക്കിട്ടുകേറാനുള്ള അതിന്റെ വാസന എന്നീ വിഷയങ്ങൾ വെച്ചു നമ്മൾ കൃത്യമായി വിശകലനം ചെയ്താൽ ഇന്ത്യൻ ഭരണവർഗ്ഗങ്ങൾ നടത്തിയ വിവിധ യുദ്ധങ്ങളുടെ പുറകിലുള്ള രാഷ്ട്രീയ താല്പര്യങ്ങൾ നമുക്ക് മനസ്സിലാക്കാൻ പറ്റും. എന്തുകൊണ്ട് ഭരണവര്‍ഗ്ഗങ്ങള്‍ യുദ്ധത്തിൽ ഏർപ്പെട്ടു എന്ന്, അത് പാകിസ്ഥാനുമായോ, ചൈനയുമായോ, അല്ലെങ്കിൽ സിക്കിമിനെ കയ്യടക്കിയതോ, ശ്രീലങ്കയിൽ പോയി ഇടപെട്ടതോ, മാലിദ്വീപിലെ അതിന്റെ ഇടപെടലോ, പാകിസ്താനേ വെട്ടിക്കീറി ബംഗാളി ദേശീയ വിമോചനപോരാട്ടത്തെ അട്ടിമറിച്ചു നടത്തിയ നീക്കമോ, ഇവയില്‍ എതാണെങ്കിലും ഇവിടെയൊക്കെത്തന്നെ കൃത്യമായിട്ടും ഒരു രാഷ്ട്രീയ താല്പര്യം പ്രവർത്തിച്ചിരുന്നത് കാണാൻ കഴിയും. മാത്രമല്ല ഈ ഓരോ സന്ദർഭങ്ങളിലും ഭരണവർഗത്തിന്റെ എല്ലാ രാഷ്ട്രീയ വകഭേദങ്ങളും ഒറ്റക്കെട്ടായി അണിനിരന്നു, അതിനെ പിന്തുണച്ചു എന്നും കാണാൻ കഴിയും. ദേശാഭിമാനത്തിന്റെയും ദേശീയ സുരക്ഷയുടെയും മറ്റൊക്കെ പേരിലാണ് അതെല്ലാം ചെയ്തിരുന്നതെങ്കിലും യഥാർത്ഥത്തിൽ ഈയൊരു വർഗ്ഗതാല്പര്യം അവർക്കെല്ലാവർക്കും പൊതുവായിട്ടുണ്ട്. ആ രാഷ്ട്രീയ താല്പര്യത്തിന്റെ തുടർച്ചയായിട്ടാണ് അവർ യുദ്ധം ചെയ്തത്. ആ താല്‍പര്യങ്ങള്‍ നേടിയെടുക്കാനും അത് ഉറപ്പിക്കാനുമായി. ഈ പറയുന്ന രീതിയിൽ നമ്മൾ വിലയിരുത്തുമ്പോള്‍, ഇവിടെ കൃത്യമായും ക്ലൂസ്വിറ്റ്സ് പറഞ്ഞ അർത്ഥത്തിൽ എങ്ങനെയാണ് യുദ്ധം രാഷ്ട്രീയത്തിന്റെ തുടർച്ചയാവുന്നത് എന്ന് മനസ്സിലാക്കാൻ കഴിയും. മറിച്ച്‌ പാർലമെന്ററി രാഷ്ട്രീയത്തിന്റെ തലത്തിൽ പരിശോധിച്ച്‌ വിലയിരുത്താൻ ശ്രമിച്ചാൽ നമുക്ക് ക്ലൂസ്വിറ്റ്സ് പറഞ്ഞതിന്റെ അർത്ഥം ഒരിക്കലും മനസ്സിലാവില്ല. കാരണം, ഈ പാർലമെന്‍ററി രാഷ്ട്രീയത്തിന്റെ തുടർച്ചയായി എങ്ങനെയാണ് യുദ്ധം ഉണ്ടാവുക? ആർഎസ്എസ്സുകാരും സിപിഎമ്മുകാരും, അല്ലെങ്കില്‍ കോൺഗ്രസ്സ്കാരും സിപിഎമ്മുകാരും വെട്ടിക്കുത്തി ചാകുന്നതാണ് യുദ്ധമെന്ന് പറയേണ്ടി വരും. അതല്ലല്ലോ യുദ്ധമെന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

അങ്ങനെ രാഷ്ട്രീയത്തിന്റെ തുടർച്ചയാണ് യുദ്ധമെന്ന് മനസ്സിലാക്കിക്കഴിഞ്ഞാൽ, അതിനെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് തന്നെ സമാധാനപരമായിട്ടുള്ള രാഷ്ട്രീയ പ്രവർത്തനവും, ആയുധങ്ങൾ എടുത്തിട്ടുള്ള രാഷ്ട്രീയ പ്രവർത്തനവും എന്നു വേർതിരിച്ചുകൊണ്ട് മാവോ സേതുങ് പറഞ്ഞതിന്റെ അർത്ഥം നമുക്ക് മനസ്സിലാക്കാൻ പറ്റും. ആയുധങ്ങൾ എടുത്തുകൊണ്ടുള്ള രാഷ്ട്രീയ പ്രവർത്തനമാണ് യുദ്ധം എന്നാണ് മാവോ പറഞ്ഞത്. അതുകൊണ്ട്, ആയുധങ്ങൾ ഏന്തുന്നവര്‍ രാഷ്ട്രീയ പ്രവർത്തനമല്ല ചെയ്യുന്നത്, അതിന്റെ സ്വഭാവം മറ്റൊന്നാണ് എന്ന് പറയുന്നത് അർത്ഥശൂന്യമാണ്. രാഷ്ട്രീയമെന്താണെന്നു തിരിച്ചറിയാത്ത, അല്ലെങ്കിൽ അത് മറച്ചുവക്കാൻ ശ്രമിക്കുന്ന, വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം മാത്രമാണതിലൊരു അർത്ഥമുള്ളത്. മറിച്ച്‌, രാഷ്ട്രീയത്തെ ശാസ്ത്രീയ അർത്ഥത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുകയാണെങ്കിൽ കൃത്യമായും അവിടെ ആയുധങ്ങളെടുക്കുന്നതിന്റെ ആവശ്യം വരുന്നുണ്ട് എന്നു കാണാം. കാരണം ഞാൻ നേരത്തെ സൂചിപ്പിച്ചത് പോലെ രാഷ്ട്രീയത്തിന്റെ തുടർച്ചയാണ് യുദ്ധം. ഇത് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾക്ക് മാത്രമല്ല, രാജ്യത്തിനകത്തു നടക്കുന്ന യുദ്ധങ്ങൾക്കും, ആഭ്യന്തര യുദ്ധങ്ങൾക്കും, ബാധകമാണ്. ആഭ്യന്തര യുദ്ധമെന്നത് എന്താണ്? രാജ്യത്തിനകത്തു തന്നെയുള്ള ശക്തികള്‍ നിലനിൽക്കുന്ന അധികാരത്തെ ചോദ്യം ചെയ്യുകയും, ഈ അധികാരത്തെ ഇല്ലാതാക്കണം, നശിപ്പിക്കണം എന്നുള്ള നിലപാട് എടുത്തുകൊണ്ട് ആയുധങ്ങളേന്തി പോരാടുന്നതാണ് ആഭ്യന്തര യുദ്ധം. അതിനാല്‍ ആഭ്യന്തര യുദ്ധമെന്നു പറയുന്നത് രാഷ്ട്രീയത്തിന്റെ തുടർച്ചയാണ്. നിലനിൽക്കുന്ന അധികാരം ഇല്ലാതാക്കണം പുതിയൊരു അധികാരം സ്ഥാപിക്കണം എന്ന, അധികാരത്തെകുറിച്ചുള്ള, രാഷ്ട്രീയയാധികാരത്തെ സംബന്ധിച്ചുള്ള, അടിസ്ഥാനപരമായ ഒരു രാഷ്ട്രീയ നിലപാടിൽ നിന്നാണല്ലൊ ആയുധമെടുത്തു പോരാടുന്ന നിലപാടിലേയ്ക്കു് മാവോയിസ്റ്റുകൾ എത്തിച്ചേർന്നത്. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിന്റെ തുടർച്ചയാണ്, ഒരു രാഷ്ട്രീയ പ്രവർത്തനമാണത്.

ഇത് രാഷ്ട്രീയ പ്രവർത്തനമല്ല ഭീകരവാദമാണ് എന്നൊക്കെ ഭരണകൂടം കുറ്റപ്പെടുത്തുമ്പോഴും ഈ പറയുന്ന പ്രവർത്തനങ്ങളിലൊക്കെ ഏർപ്പെട്ടിരിക്കുന്ന മാവോയിസ്റ്റുകൾക്കെതിരെ സാധാരണ രീതിയിൽ ഭരണകൂടം ചാർജ് ചെയ്യുന്ന കേസ് എന്താണ്? 124 A മുതലായ, രാജ്യദ്രോഹക്കുറ്റം പോലുള്ള, വകുപ്പുകളാണ് ചാർജ് ചെയ്യുന്നത്. എന്താണു് രാജ്യദ്രോഹം? രാജ്യത്തിനെതിരെ ആയുധമെടുത്തു, നിലനിൽക്കുന്ന അധികാരത്തെ തകിടംമറിക്കാൻ ശ്രമിച്ചു എന്നുള്ളതാണ് രാജ്യദ്രോഹക്കുറ്റം. ബ്രിട്ടീഷ്കാരുടെ കാലം മുതലേ അത് അങ്ങനെയാണ് നിർവചിക്കപ്പെട്ടിരിക്കുന്നത്. എല്ലാ രാജ്യങ്ങളിലും അത് അങ്ങനെ തന്നെയാണ്. എല്ലാ കാലത്തും രാജ്യദ്രോഹം നിർവചിക്കപ്പെട്ടിരിക്കുന്നത് നിലനിൽക്കുന്ന അധികാരത്തിനെതിരെ ആയുധമെടുത്തു എന്ന നിലയില്‍ തന്നെയാണ്. നിലനിൽക്കുന്ന അധികാരത്തിനെതിരെ ആയുധമെടുക്കുക എന്നത് ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. കാരണം ഒരു രാഷ്ട്രീയ നിലപാടിൽ നിന്നാണ് ആയുധമെടുക്കുന്നത്. അതിനാല്‍ ഒരുവശത്ത് ഇതൊരു രാഷ്ട്രീയ പ്രവർത്തിയാണെന്ന് പരോക്ഷമായി അംഗീകരിക്കപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരം കേസുകൾ ചാർജ് ചെയ്യുന്നത്. അതേസമയം എന്ത് രാഷ്ട്രീയത്തിൽ നിന്നാണ് മവോയിസ്റ്റുകള്‍ ആയുധമെടുക്കുന്നത്, എന്താണ് ഇവർ ഉന്നയിക്കുന്ന രാഷ്ട്രീയം, എന്നീ വിഷയങ്ങള്‍ ജനങ്ങളിൽ നിന്ന് മറച്ചുവെയ്ക്കാൻ വേണ്ടിയാണ് ഒരുവശത്തു് രാജ്യദ്രോഹകുറ്റം ഉൾപ്പെടെയുള്ള നിയമങ്ങള്‍ ഉപയൊഗിച്ച്‌ നേരിടുമ്പോള്‍ തന്നെ മറുവശത്ത് ഇതൊരു ഭീകരവാദ പ്രവർത്തനമാണ് എന്ന പ്രചരണം നടത്തുന്നത്.

അതുപോലെ തന്നെയാണ് എന്തുകൊണ്ടിവർ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നില്ല, എന്തിനാണിവര്‍ ആയുധമെടുക്കുന്നത് എന്ന നിലയ്ക്ക് പ്രശ്നം ഉന്നയിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്. അടിസ്ഥാനപരമായി രാഷ്ട്രീയമെന്ന് പറയുന്നതെന്താണ്? അത് നിശ്ചിത വർഗ്ഗത്തിന്റെ താല്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന കാര്യമാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. അതിന്റെ സാന്ദ്രീകൃതമായിട്ടുള്ള, ആശയങ്ങളെ യാഥാർത്ഥ്യമാക്കുന്ന ഒരു സംവിധാനമാണ്, അതിന്റെ ഉപകരണം മാത്രമാണ് ഭരണകൂടം. ആ രാഷ്ട്രീയ അധികാരത്തിന്റെ വിഷയമാണ് രാഷ്ട്രീയത്തിന്റെ കേന്ദ്ര വിഷയം. യുദ്ധം എപ്പോഴും ആ രാഷ്ട്രീയത്തിന്റെ തുടർച്ചയാണ്. അതുകൊണ്ട് ഇന്ത്യൻ ജനാധിപത്യമെന്നു പറയുന്ന നിലനിൽക്കുന്ന സംവിധാനവും, ഭരണക്രമവും, പാർലമെന്റെറി വ്യവസ്ഥ ഉൾപ്പെടെയുള്ള കാര്യങ്ങളും ഒരുവശത്തും, മറുവശത്ത് ജനങ്ങളുടെ വിമോചനം സാധ്യമാക്കുന്ന, ജനങ്ങളുടെ മറ്റൊരു തരത്തിലുള്ള സ്വതന്ത്രവും വിമോചിതമായ പുതിയൊരു സമൂഹം യഥാർഥ്യമാക്കുന്ന, അധികാരത്തെ സ്ഥാപിക്കുന്നതിന്റെ പ്രശ്നവും, ഇവ തമ്മിലുള്ള വൈരുദ്ധ്യവുമാണവിടെ നിലനിൽക്കുന്നത്. അതാണ് മാവോയിസ്റ്റുകളും മുന്നോട്ടുവെയ്ക്കുന്നത്. അതിന് വേണ്ടിയാണവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അതവർ സ്വയം പ്രഖ്യാപിച്ചിട്ടുമുണ്ട്. ഒരുകാലത്തും അവരത് മറച്ചുവെച്ചിട്ടില്ല. അതിനെക്കുറിച്ച്‌ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരിക്കാം. അവര്‍ ചെയ്യുന്നത് ശരിയല്ല, നിലനിൽക്കുന്ന വ്യവസ്ഥക്കകത്തു തന്നെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും എന്ന് അഭിപ്രായപ്പെടുന്ന ആളുകളുമുണ്ട്. പല തരത്തിലുളള വകഭേദങ്ങൾ ഉണ്ട്. അപ്പോൾ, മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെ, ഒരോരുത്തരും ഉന്നയിക്കുന്ന വിഷയം എന്താണെന്ന് നമ്മൾ മനസ്സിലാക്കണം.

മറ്റൊരു വിഷയം കൂടി നമ്മളിവിടെ പരിശോധിക്കേണ്ടതുണ്ട്. ജനങ്ങൾക്കിടയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിക്കൂടെ, എന്തിനാണ് കാട്ടിലേയ്ക്ക് പോകുന്നത് എന്നീ പ്രശ്നങ്ങള്‍ അവർ ചൂണ്ടിക്കാണിക്കുന്നു. കാട്ടിലേയ്ക്ക് പോകുന്നതിനെക്കുറിച്ച്‌ മവോയിസ്റ്റുകള്‍ തന്നെ വിശദീകരണം നൽകിയിട്ടുണ്ട്. ഭരണകൂടത്തിന്റെ ശക്തിയെയാണു് തങ്ങള്‍ക്കു നേരിടേണ്ടത്. അത്തരമൊരു ശക്തിയെ ചെറിയൊരു സായുധ ശക്തി നേരിടാൻ നോക്കുമ്പോൾ തീർച്ചയായും ഭൂപ്രകൃതിയുടെ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ നോക്കേണ്ടതുണ്ട്. പക്ഷെ നമ്മളൊരു കാര്യം ഓർത്തിരിക്കേണ്ടതുണ്ട്, വെറും ഭൂപ്രകൃതിയെ ആശ്രയിച്ചുകൊണ്ട് മാത്രം ഒരു സായുധ വിഭാഗത്തിനും അധികാകാലം നിലനിൽക്കാൻ കഴിയില്ല. എത്രതന്നെ ഭൂപ്രകൃതി അവര്‍ക്ക് അനുകൂലമാണെങ്കിലും, അവരെ അടിച്ചമർത്താൻ വരുന്ന മറ്റുള്ള ശക്തികൾക്ക് അത് എത്രതന്നെ ദുഷ്കരമാണെങ്കിലും, അതിനെമാത്രം ആശ്രയിച്ചുകൊണ്ട് ഒരു ശക്തിക്കും അധികകാലം നിലനിൽക്കാൻ കഴിയില്ല. അവിടെയുള്ള ജനങ്ങളുമായിട്ട് ഉറ്റബന്ധം സ്ഥാപിക്കാൻ കഴിയുന്നില്ലെങ്കിൽ, ഇവരെ സംരക്ഷിക്കേണ്ടതാണ്, സഹായിക്കേണ്ടതാണ്, ഇതിൽ ഏതെങ്കിലും തരത്തിൽ പങ്കാളികളാവേണ്ടതാണ് എന്നൊരു ബോധം ജനങ്ങള്‍ക്കു് ഉണ്ടാകുന്നില്ലെങ്കിൽ ഒരിക്കലും ആ ശക്തിയ്ക്ക്‌ അവിടെ തുടരാൻ കഴിയില്ല. അതിന്റെ ഏറ്റവും നല്ലൊരു തെളിവുതന്നെയാണ് മധ്യേന്ത്യയില്‍ ലക്ഷക്കണക്കിന് സിആർപിക്കാരേയും മറ്റും ഇറക്കിയതിന് ശേഷവും, ഓരോ പ്രാവശ്യവും അടുത്ത രണ്ടു വർഷത്തിനുള്ളിൽ മാവോയിസ്റ്റുകളെ തുടച്ചുനീക്കും എന്ന് പറയുകയല്ലാതെ അതിലേയ്ക്ക് അടുക്കാൻ പോലും അവർക്ക് കഴിയാത്തത്. ഭരണകൂടത്തിന്റെ തലപ്പത്തുള്ള സൈനിക ഉദ്യോഗസ്ഥരൊക്കെ ഇപ്പോഴും മാധ്യമങ്ങളിൽ എഴുതിക്കൊണ്ടിരിക്കുന്ന ലേഖനങ്ങളിൽ പറയുന്നത് മാവോയിസ്റ്റുകളെ തുടച്ചുനീക്കുന്നത് അത്ര എളുപ്പമല്ല, ദുഷ്കരമാണത് എന്നാണ്. ഈ ശക്തികളെ ജനങ്ങളിൽ നിന്ന് അകറ്റേണ്ടതുണ്ട്. എന്നാൽ മാത്രമേ തങ്ങള്‍ക്ക് വിജയിക്കാൻ കഴിയൂ എന്നൊക്കെയാണ് അവരും പറയുന്നത്. ഈ യാഥാർഥ്യം തന്നെയാണ് കേരളത്തിലുമുള്ളത് . ഇവിടെ മാവോയിസ്റ്റ് സായുധ സംഘങ്ങൾ വനപ്രദേശങ്ങളിലൂടെ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുകയാണ്, അവർ ഇടക്കിടക്ക് ആദിവാസികൾക്കിടയിൽ വരുന്നു, അരിയും മറ്റും ചോദിക്കുന്നു എന്നു പ്രചരിപ്പിക്കപ്പെടുന്നു. വെറുതെ അരി ചോദിക്കുക മാത്രമല്ലല്ലോ അവർ ചെയ്യുന്നതു്? ആരാണ് വന്നിരിക്കുന്നത്, എന്തിനാണ് വന്നിരിക്കുന്നത് എന്ന കാര്യവും അവർ ജനങ്ങളോട് പറയുന്നുണ്ടായിരിക്കണം. രാഷ്ട്രീയമായിട്ട് തങ്ങളുടെ നിലപാടുകൾ വിശദീകരിക്കുന്നുണ്ടായിരിക്കാം. അവിടിവിടെ പലപ്പോഴായിട്ട് അവർ പോസ്റ്ററുകൾ ഒട്ടിച്ചതിനെക്കുറിച്ച്‌ കേള്‍ക്കറുണ്ടല്ലോ. രാഷ്ട്രീയം പ്രചരിപ്പിക്കാനല്ലാതെ പിന്നെന്തിനാണ് അവർ പോസ്റ്റർ ഒട്ടിക്കുന്നത്? വ്യക്തമായും ജനങ്ങൾക്കിടയിൽ അവർ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുണ്ട്. അതൊന്നും സാധാരണഗതിയിൽ മാധ്യമങ്ങളിലൂടെ പുറത്ത് വരാറില്ലെങ്കിലും അതൊരു യാഥാർഥ്യമാണ്. ആ പ്രദേശത്തുള്ള ആളുകൾക്ക് അറിയുന്നൊരു കാര്യമാണത്. അതിന്റെ ഫലമായി ആ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇവരെ പിന്തുണയ്ക്കാനുള്ള ഒരു മാനസികാവസ്ഥ ഉണ്ടായിട്ടുണ്ട്‌ എന്നത് ഉറപ്പുതന്നെയാണ്. അതല്ലെങ്കിൽ ഈ പറയുന്ന രീതിയിൽ അവര്‍ക്കവിടെ പ്രവർത്തിക്കാൻ കഴിയുമായിരുന്നില്ല.

ഇത്തരം വിഷയങ്ങള്‍ ഉയര്‍ന്നു വരുന്ന പ്രദേശത്തുള്ള ആൾക്കാർ ആരാണ്? കൂടുതലും അവർ ആദിവാസികളാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള സാമൂഹ്യ ജനവിഭാഗങ്ങളിൽ പെടുന്നവരാണ് ആദിവാസികള്‍. അവർ മാത്രമാണോ ജനങ്ങൾ? തീർച്ചയായും അവർ മാത്രമല്ല ജനങ്ങൾ. സാധാരണഗതിയിൽ ഒരു മാവോയിസ്റ്റ് നിലപാടിൽ നിന്ന് പരിശോധിച്ചാൽ, ഇന്നത്തെ സാഹചര്യത്തിൽ, ഇന്ന് ഏറ്റെടുത്തിരിക്കുന്ന വിപ്ലവ കടമകളുടെ വെളിച്ചത്തിൽ, ഏറ്റവും അടിത്തട്ടിൽ കിടക്കുന്ന ദരിദ്ര, ഭൂരഹിത കർഷകരും തൊഴിലാളികളും മുതൽ ഇടത്തരം വർഗ്ഗങ്ങൾ, കർഷകവര്‍ഗങ്ങൾ, പെറ്റിബൂർഷ്വാ വിഭാഗങ്ങൾ, മധ്യവർഗ്ഗ വിഭാഗങ്ങൾ, ചെറുകിട മുതലാളിവർഗ്ഗം ഇതൊക്കെ ഉൾപ്പെടുന്നവരാണു് ജനങ്ങൾ എന്ന് പറയുന്നത്. ചെറുകിട മുതലാളിവർഗ്ഗങ്ങളെ മറ്റൊരു രീതിയിൽ ദേശീയ ബൂർഷ്വാസിയെന്ന് മാവോയിസം വിശകലനം ചെയ്യാറുണ്ട്. ഇവരെല്ലാം ഉൾപ്പെടുന്നവരാണ് ജനങ്ങൾ. കാരണം ഈ എല്ലാ വിഭാഗങ്ങളെയും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ സാമ്രാജ്വത്വവും ഇവിടുത്തെ ദല്ലാൾ ഉദ്യോഗസ്ഥമേധാവിത്വ ബൂർഷ്വാസിയും, വൻകിട ഭൂപ്രഭുവിഭാഗങ്ങളും അടിച്ചമര്‍ത്തുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നുണ്ട്. ഈ രീതിയിൽ ജനങ്ങളും, ശത്രുക്കളും എന്നു വേർതിരിച്ച് ഒരു വിശകലനം നടത്തുന്നതു് പോലെത്തന്നെ പ്രധാനമാണു് ഇതിൽ ഏത് വിഭാഗം ജനങ്ങളിലാണ് ഊന്നേണ്ടത്, ആരെയാണ് അടിസ്ഥാനമായി സ്വീകരിക്കേണ്ടത് എന്ന വിഷയം.

സാമാന്യമായി തൊഴിലാളി-കർഷക വിഭാഗങ്ങളിലാണ് ഊന്നേണ്ടത് എന്ന് പൊതുവിൽ പറയുന്നുണ്ടെങ്കിലും അതിനപ്പുറം കടന്ന് കുറേക്കൂടി സൂക്ഷ്മമാക്കേണ്ടതുണ്ട് . അങ്ങനെ സൂക്ഷ്മമാക്കുന്ന സമീപനമാവട്ടെ മാവോയിസത്തിന്റെ പുതിയ സംഭാവനയൊന്നുമല്ല. ഏംഗൽസാണ് ആദ്യമായി അതിനെ ആവിഷ്കരിച്ചതും ഒരു സൈദ്ധാന്ധിക നിലപാട് എന്ന നിലയ്ക്കു് അവതരിപ്പിച്ചതും. അതായത്, കമ്മ്യൂണിസ്റ്റുകളെപ്പോഴും ബഹുജനങ്ങളുടെ ഏറ്റവും അടിത്തട്ടിലേയ്ക്ക് പോകണം എന്ന് എംഗൽസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏതൊരു പ്രദേശത്തായാലും ജനങ്ങളുടെ വിവിധ തട്ടുകൾ ഉണ്ടായിരിക്കും. ആ ജനങ്ങളിൽ ഏറ്റവും അടിത്തട്ടിൽ ആരാണോ ആ ജനങ്ങളിലേക്കാണ് കമ്യൂണിസ്റ്റുകള്‍ പോകേണ്ടത്. മറ്റുള്ളവരെ അവഗണിക്കുക എന്നതല്ല അതിനര്‍ഥം. മറ്റുള്ളവര്‍ അതുകൊണ്ട് ജനങ്ങൾ അല്ലാതാവുകയല്ല ചെയ്യുന്നത്. പക്ഷെ ഏറ്റവും അടിത്തട്ടിലേയ്ക്ക് പോകുക എന്നുള്ളതാണ് നിർണായകമായിട്ടുള്ള കാര്യം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ സമീപനം തന്നെയാണ് ആദ്യകാല കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന് ഉണ്ടായിരുന്നത് . പിന്നീടത് കയ്യൊഴിഞ്ഞു. കാരണം പഴയ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം അതിന്റെ രാഷ്ട്രീയ നിലപാടുകള്‍ കയ്യൊഴിഞ്ഞു ഇന്ത്യൻ ഭരണക്രമത്തിന്റെ ഭാഗമാവുകയും തിരുത്തൽവാദ പാർട്ടികളായി പരിണമിക്കുകയും ചെയ്തു.

മറിച്ച് അതിനെതിരെ കലാപം ചെയ്ത് മറ്റൊരു വിപ്ലവ പ്രസ്ഥാനം കെട്ടിപ്പടുക്കാനായി ഉദ്യമിച്ച, നേതൃത്വം നൽകിയ, സഖാക്കളേ സംബന്ധിച്ചിടത്തോളം അവർ വീണ്ടും ആ കമ്മ്യൂണിസ്റ്റ്‌ നിലപാട് തന്നെയാണ് മുന്നോട്ട് വച്ചത്. അതിനെയാണ് അവർ വർഗലൈൻ എന്നു് വിശേഷിപ്പിച്ചത് . സഖാവ് ചാരു മജുംദാർ, കനായി ചാറ്റർജി തുടങ്ങിയവര്‍ ആ വർഗ്ഗലൈനിൽ നിർബന്ധപൂർവം ഊന്നി. എന്നുവച്ചാല്‍ എല്ലായ്പോഴും സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലേക്കു് പോകേണ്ടതുണ്ട്. ചാരു മജുംദാർ പറഞ്ഞപോലെ ദരിദ്ര-ഭൂരഹിത കർഷകരെ ആശ്രയിച്ചു് ജീവിക്കണം. മുഴുവൻ സമയ പ്രവർത്തകരായി പോകുന്ന സഖാക്കള്‍ ഇടത്തരം വര്‍ഗങ്ങളിലല്ല ഷെൽട്ടർ എടുക്കേണ്ടത്, മറിച്ച് ഏറ്റുവും അടിത്തട്ടിലുള്ള വിഭാഗങ്ങൾക്കിടയിലാണ് താമസിക്കേണ്ടത് . കാരണം അവർക്കാണു് വിപ്ലവം ആവശ്യമുള്ളത്. അതുകൊണ്ടുതന്നെ അവർക്കിടയിൽ നിലനിൽക്കുമ്പോൾ മാത്രമാണ് ആ വർഗ്ഗ വികാരവും ആ വർഗ്ഗ വിദ്വേഷവും ഉൾക്കൊള്ളാനും സ്വയം ഒരു വിപ്ലവകാരിയായി രൂപപ്പെടുന്ന പ്രക്രിയ ഉത്തേജിപ്പിക്കാനും ദൃഢപ്പെടുത്താനും കഴിയുകയുള്ളു. മാത്രമല്ല ആ വിഭാഗങ്ങളെയാണ് മുന്നോട്ട്, നേതൃത്വ തലങ്ങളിലേക്ക് ഉയർത്തിക്കൊണ്ട് വരേണ്ടത് . അവരുടെ രാഷ്ട്രീയ വികാസത്തിന് ഊന്നൽ നൽകേണ്ടതുണ്ട്. അതാണ് വിപ്ലവത്തിന്റെ ഉറപ്പ്. ഈ ഒരു സമീപനം തന്നെയാണ് ഇന്നും എക്കാലവും മാവോയിസ്റ്റുകൾ പിന്തുടർന്നിട്ടുള്ളത് . ഏറ്റവും അടിത്തട്ടിലുള്ള വിഭാഗങ്ങളിലേയ്ക്ക് പോകുക എന്നുള്ളതിന്റെ പ്രധാന കാരണവും ഇത് തന്നെയാണ്. ആദിവാസികളാണ് എന്നത് മാത്രമല്ല അവർ തന്നെയാണ് ഇന്ന് കേരളത്തിൽ ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്നവരിൽ പ്രമുഖ വിഭാഗവും. അതു് ഒരർത്ഥത്തിലും മറ്റ് ജനങ്ങൾക്കിടയിലെ രാഷ്ട്രീയ പ്രവർത്തനത്തെ അവഗണിച്ചുകൊണ്ടുള്ള, കൈയ്യൊഴിഞ്ഞുകൊണ്ടുള്ള ഒന്നല്ല. ഇവർ മാത്രമാണ് ജനങ്ങൾ എന്നൊന്നും അവർ ധരിച്ചിച്ചിട്ടില്ല. അങ്ങനെയൊരു സമീപനമൊന്നുമില്ല. നേരെമറിച്ച് ഒരു പ്രദേശത്തിന്റെ സവിശേഷതകളും, സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ നിൽക്കുന്ന വിഭാഗം എന്ന നിലയിലും ആദിവാസികൾക്കിടയിൽ, ദലിതർക്കിടയിൽ, തോട്ടം തൊഴിലാളികൾക്കിടയിൽ ഒക്കെത്തന്നെ രാഷ്ട്രീയ പ്രവർത്തനത്തിനു് ഊന്നൽ കൊടുക്കുന്നതിന്റെ കാരണം അതാണു്.

മൂന്നാമതൊരു പ്രശ്നം നോക്കാം. ഈ പറയുന്ന കാര്യം ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളായിക്കൊണ്ട് രാഷ്ട്രീയ പ്രവർത്തനത്തിൽ പങ്കെടുക്കുകയാണ് വേണ്ടത് അല്ലാതെ ആയുധമെടുത്ത് നടക്കുകയല്ല വേണ്ടത് എന്നൊക്കെയുള്ള വാദഗതികളുണ്ടല്ലൊ. ഇവ മുഖവിലയ്ക്കെടുത്ത് കേരളത്തിൽ നടന്നിരിക്കുന്ന യുഎപിഎ അറസ്റ്റുകളുടെ ചരിത്രം പരിശോധിച്ചു നോക്കുകയാണെങ്കിൽ, പോലീസ് കേസുകൾ പരിശോധിക്കുകയാണെങ്കിൽ, നല്ലൊരു ശതമാനവും പോസ്റ്റർ ഒട്ടിച്ചതിന്റെ പേരിൽ എടുത്തിരിക്കുന്ന കേസുകളാണ് . പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ തന്നെ പല സഖാക്കളെയും ഇതു പോലെ പോസ്റ്റർ ഒട്ടിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുഎപിഎ ചാർജ് ചെയ്തിട്ടുണ്ട്. രാഷ്ട്രീയ പ്രചരണം നടത്തുന്നത്, അത് മാവോയിസ്റ്റ് രാഷ്ട്രീയമായാല്‍ പോലും, രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതു് കുറ്റകരമല്ല; അതിന്റെ പേരിൽ യുഎപിഎ ചാർത്താൻ പാടില്ല എന്ന് സുപ്രീംകോടതിയുടെ നിരവധി വിധികൾ ഉണ്ടായിട്ടുണ്ടെങ്കിലും ആവർത്തിച്ചാവർത്തിച്ച് ഇതു പോലെ കേസുകൾ എടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് എവിടെയോ പോസ്റ്റർ ഒട്ടിച്ചു എന്ന പേരിലാണ് അതുമായി ഒരു ബന്ധവുമില്ലാത്ത സഖാവ് എംഎൻ രാവുണ്ണിയേ കേസിൽ കുടുക്കിയത്. ഏറെ ദിവസം ജയിലിൽ പിടിച്ചിടുകയും ചെയ്തു.

തെരഞ്ഞെടുപ്പിൽ പങ്കാളികളാവണമെന്ന് വോട്ട് പിടിക്കാൻ വരുന്നവർ ആഹ്വാനം ചെയ്യുന്നപോലെ തിരഞ്ഞെടുപ്പ് തട്ടിപ്പാണെന്ന് പറഞ്ഞു ജനങ്ങൾക്കിടയിൽ പ്രചരണം നടത്താനും അത് ബഹിഷ്കരിക്കണമെന്ന് പറയാനും എന്തുകൊണ്ടു് ജനങ്ങൾക്ക് അവകാശമില്ല? ഇന്ത്യൻ ഭരണഘടനയുടെ അല്ലെങ്കിൽ ഈ പറയുന്ന ജനാധിപത്യ പ്രക്രിയയിൽ ഇവിടെ നിലനില്ക്കുന്നു എന്ന് പറയുന്ന ഏത് വ്യവസ്ഥകൾ പ്രകാരമാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരണ ആഹ്വാനത്തെ എതിർക്കാൻ പറ്റുക? ഒരു സ്ഥാനാർഥിയുടെ കാര്യത്തിലും എനിക്ക് താല്പര്യമില്ല എന്ന് പറയുന്ന ഒരു ബട്ടൺ തന്നെ ഈ പറയുന്ന വോട്ടിങ് യന്ത്രത്തിൽ ഉണ്ടല്ലോ. പിന്നെ എന്തടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തവരുടെ പേരിൽ അതൊരു കുറ്റകൃത്യമാക്കി, രാജ്യദ്രോഹമാക്കി, യുഎപിഎ ചാർത്തി അറസ്റ്റ് ചെയ്യാൻ പറ്റുക?

ഈ വിഷയം നമ്മൾ പരിശോധിച്ച് നോക്കുമ്പോൾ ഇവിടെയൊന്നും ആയുധം എടുത്തിട്ടല്ല അവർ പോസ്റ്റർ ഒട്ടിക്കാൻ പോയത് എന്നു കാണാം. സാധാരണഗതിയിൽ എല്ലാവരും പോസ്റ്റർ ഒട്ടിക്കുന്നത് പോലെ മൈദയും മറ്റുമൊക്കെ കലക്കി ബക്കറ്റ് എടുത്തിട്ടാണ് അവര്‍ പോസ്റ്റർ ഒട്ടിക്കാൻ പോയത്. അത്തരത്തില്‍ പോസ്റ്റർ ഒട്ടിച്ചതിന്റെ പേരിലാണു് കേസ്. അപ്പൊ പിന്നെ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാവണം ജനാധിപത്യ രീതിയിൽ പ്രവർത്തിക്കണം എന്നൊക്കെ പറയുന്നതിൽ എന്താണു് അർത്ഥം? എന്താണ് വസ്തുത? രാഷ്ട്രീയത്തിലെ കാപട്യമാണ് വിഷയം. ജനാധിപത്യതിന്റെയോ മറ്റൊ വിഷയമല്ല, മറിച്ച് ഇത് ഞങ്ങളുടെ അധികാരമാണ് , ഈ അധികാരം നിലനിർത്താൻ ഞങ്ങൾ എന്തും ചെയ്യും, അതിനെ എതിർക്കാൻ ആരു വന്നാലും ശരി, ഏതു് രീതിയിൽ വന്നാലും ശരി ഞങ്ങൾ അടിച്ചമര്‍ത്തിയിരിക്കും എന്നതിന്റെ വ്യക്തമായ പ്രഖ്യാപനമല്ലാതെ മറ്റൊന്നുമല്ല അത്. ആയുധമെടുത്ത് ആൾക്കാരെ കൊല്ലുന്നതും, മൃഗീയമായി ആൾക്കാരെ അടിച്ചു എല്ലൊടിച്ചു കൊന്നുകളയുന്നതും, അതല്ലെങ്കിൽ ഭീകരമായ രീതിയിൽ ലോക്കപ്പിലിട്ട് മർദ്ദിച്ചു കൊല്ലുന്നതും, കള്ളക്കേസുകൾ കുടുക്കി ദിവസങ്ങളോളം മാസങ്ങളോളം വര്‍ഷങ്ങളോളം ജയിലിൽ അടച്ചുപൂട്ടുന്നതും ഉള്‍പ്പെടെ പലപല രീതികളിലൂടെ ഇത് നടത്തുന്നുണ്ട്. ആ ഭരണകൂട അടിച്ചമർത്തലിന്റെ ഒരു ഭാഗം തന്നെയാണ് ഈപ്പറയുന്ന ഏറ്റുമുട്ടൽ കൊലകൾ എന്ന് നമ്മൾ മനസ്സിലാക്കുമ്പോൾ, അത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഒരു അവിഭാജ്യ ഭാഗം കൂടിയാണ് എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയണം.

കേരളത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് രാഷ്ട്രീയപ്രവർത്തകർ.(കുപ്പു ദേവരാജ്,അജിത,സി പി ജലീൽ,മണിവാസകം, അരവിന്ദ്, കാര്‍ത്തി,അജിത,വേൽമുരുകൻ.)

ഈ ഭരണക്രമം, ഇന്ത്യൻ ജനാധിപത്യം എന്നു് വിളിക്കപ്പെടുന്ന ഈ പാർലമെന്‍ററി വ്യവസ്ഥയും അതുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങളും നിശ്ചിത അധികാരത്തിനെ നിലനിർത്താനും സേവിക്കാനും വേണ്ടി നിലകൊള്ളുന്ന കാര്യങ്ങളാണ് . അതുകൊണ്ട് തന്നെ അതിന്റെയൊരു അവിഭാജ്യ ഭാഗമാണ് ഈ പറയുന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങള്‍. അതില്‍ നിന്നു വേറിട്ടു നിൽക്കുന്ന ഒരു അപവാദമൊന്നുമല്ല. ഒരു കാര്യം ശരിയാണ് . ഭരണകൂടത്തിന്റെ വാദങ്ങൾക്ക് വിരുദ്ധമായി മനുഷ്യാവകാശപ്രവർത്തകരും വക്കീലന്മാരുമൊക്കെ ചൂണ്ടിക്കാണിക്കുന്നതു പോലെ, നിലനിൽക്കുന്ന നിയമത്തെ ലംഘിച്ചുകൊണ്ടാണ് ഭരണകൂടം ഇത്തരം അടിച്ചമര്‍ത്തലുകള്‍ നടത്തുന്നതു്. നിയമത്തെ ലംഘിച്ചുകൊണ്ടുള്ള പ്രവർത്തനം നടത്തുമെന്നത് ഭരണകൂടത്തിന്റെ സവിശേഷ സ്വഭാവം തന്നെയാണ്. എല്ലാ ചൂഷക, മർദ്ദക ഭരണകൂടങ്ങളും എന്നും നിയമങ്ങൾ ലംഘിച്ചു തന്നെയാണ് പ്രവർത്തിച്ചിട്ടുള്ളത്. കാരണം ആ നിയമങ്ങൾ ഭരണകൂടത്തിനു അതിന്റെ അധികാരം നിലനിർത്താൻ വേണ്ടിയുള്ളതാണ്‌. ആ നിയമം ഉപയോഗിച്ച്‌ സ്വന്തം അധികാരം നിലനിർത്താൻ കഴിയില്ല എന്ന് ഏത് നിമിഷം ഭരണവര്‍ഗ്ഗങ്ങള്‍ക്ക് തോന്നുന്നുവോ അപ്പോൾ ആ നിയമം ലംഘിച്ചുകൊണ്ട് അത് അതിന്റെ യഥാർത്ഥ സ്വഭാവം പുറത്തെടുക്കും. അതുകൊണ്ട് നിയമപരമായി ഇത്തരം വിഷയങ്ങളിൽ ഇടപെടേണ്ട എന്നല്ല അർത്ഥം. അത്തരം ഇടപെടലുകള്‍ക്ക് പ്രസക്തിയുണ്ട് . കാരണം ആ ഭരണകൂടത്തെ തുറന്നുകാട്ടാനും, അതിന്റെ യാഥാർഥ മുഖം ജനങ്ങളിലേയ്ക്ക് എത്തിക്കാനും, അതുപോലെതന്നെ അതിന്റെ ഹിംസാത്മക, ജനവിരുദ്ധ പ്രവർത്തനത്തിന് തടയിടാനുമൊക്കെ നിയമപരമായി ഇടപെടുന്നത്‌ നല്ലതു തന്നെയാണ്‌ . പക്ഷെ ആ ദിശയിൽ ഒരു മൗലിക പരിഹാരം ഒരിക്കലും നമുക്ക് ആഗ്രഹിക്കാനോ പ്രതീക്ഷിക്കാനോ കഴിയില്ല. നേരെമറിച്ച് അധികാരം തന്നെയാണ്‌ കാതലായ വിഷയം. അധികാരത്തില്‍ എങ്ങനെ നിലയുറപ്പിക്കാൻ കഴിയും, ആ അധികാരം എങ്ങനെ സ്വന്തമാക്കാൻ കഴിയും എന്നതാണ് പ്രധാന വിഷയം. അതായത് യഥാർത്ഥ രാഷ്ട്രീയ അധികാരം തന്നെയാണ് അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങള്‍ക്ക് വേണ്ടത്. കാര്യങ്ങൾക്കൊരു രാഷ്ട്രീയ തീരുമാനം വേണമെന്ന് പറയുമ്പോൾ കൃത്യമായും അധികാരത്തെ സംബന്ധിച്ചുള്ള തീരുമാനമാണ് വേണ്ടത്. അല്ലാതെ ഏത് പാര്‍ട്ടി ഭരിക്കുന്നു, എത്ര സീറ്റ് കിട്ടുന്നു എന്നതല്ല പ്രശ്നം. കാരണം ഈ വ്യവസ്ഥയ്ക്കകത്ത് ആർക്ക് എന്ത് സീറ്റ് കിട്ടിയാലും ഒരു മാറ്റവും ഉണ്ടാവാൻ പോകുന്നില്ല. ഇത്രയും കാര്യങ്ങളാണ് ഈ വിഷയത്തെക്കുറിച്ച് സംക്ഷിപ്തമായി പറയാനുള്ളത്.

പുരോഗമന യുവജന പ്രസ്ഥാനം സംഘടിപ്പിച്ച ‘വ്യാജ ഏറ്റുമുട്ടൽ കൊലകളും ഭരണകൂട ഫാസിസ്റ്റ് കടന്നാ ക്രമണവും’ എന്ന ഫേസ്ബുക് ലൈവ് പരമ്പരയിൽ മാവോയിസ്റ്റ് സൈദ്ധാന്തികൻ കെ മുരളി നടത്തിയ പ്രഭാഷണം.