നീതിയെ നോക്കുകുത്തിയാക്കുന്ന മജിസ്റ്റീരിയൽ റിപ്പോർട്ട്???

വയനാട് വൈത്തിരിയിൽ 2019 മാർച്ച് 6 ന് കൊല്ലപ്പെട്ട മാവോയിസ്റ്റ് രാഷ്ട്രീയ പ്രവർത്തകൻ സി.പി ജലീലിന്റെ മജിസ്റ്റീരിയൽ റിപ്പോർട്ട്, നീതിക്ക് നിരക്കാത്തതാണെന്നാരോപിച്ച് അദ്ദേഹത്തിൻ്റെ കുടുംബം ആദ്യമേ നിഷേധിച്ചിരുന്നു. തുടർന്ന്, ജലീലിൻ്റെ കൊലപാതകം വ്യാജ ഏറ്റുമുട്ടലിയുടെയാണ് നടന്നതെന്നുറപ്പിക്കുന്ന ഫോറൻസിക് പരിശോധനാഫലങ്ങൾ പരിഗണിക്കാതെ നടത്തിയ മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുക്കൊണ്ട് അദ്ദേഹത്തിൻ്റെ കുടുംബം കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം കോടതി ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. വ്യാജ ഏറ്റുമുട്ടൽ കൊലകളെ പ്രോത്സാഹിപ്പിക്കുന്ന കേരള പോലീസിൻ്റെ ഭരണകൂട ഭാഷ്യം തന്നെയാണ് വയനാട് കളക്ടർ നൽകിയ മജിസ്റ്റീരിയൽ റിപ്പോർട്ടിലുമുള്ളതെന്ന ആക്ഷേപം ശക്തമായിരിക്കെ, പ്രസ്തുത റിപ്പോർട്ടിൻ്റെ പ്രസക്തഭാഗങ്ങൾ ചുവടെ പ്രസിദ്ധീകരിക്കുന്നു.

ആരോപണങ്ങളെ പറ്റിയുള്ള അന്വേഷണം.

മരണപ്പെട്ടയാളുടെ അമ്മയെയും സഹോദരങ്ങളെയും സാക്ഷിവിസ്താരം ചെയ്തിരുന്നു. അവരുടെ സത്യവാങ്മൂലം രേഖപ്പെടുത്തിയിട്ടുണ്ട്. മരണപ്പെട്ടയാളുടെ മരണത്തെ സംബന്ധിച്ച ചില ആരോപണങ്ങളും സംശയങ്ങളും അവർ ഉയർത്തിയിട്ടുണ്ട്. ആ ആരോപണങ്ങൾ താഴെ വിവരിക്കുന്നു.

മരണപ്പെട്ടയാളുടെ മരണത്തെ സംബന്ധിച്ച്, മരണപ്പെട്ടയാളുടെ സഹോദരനായ സി.പി. റഷീദ് ഉന്നയിച്ച ആരോപണങ്ങളാണ് താഴെ പറയുന്നവ.

  1. പ്രാഥമികാന്വേഷണം നടക്കുന്ന സമയത്ത്, സംഭവസ്ഥലത്ത് സി പി റഷീദ് ഉണ്ടായിരുന്നു. പക്ഷേ അന്വേഷണത്തിൽ പങ്കെടുക്കാൻ സിപി റഷീദിനെ അനുവദിച്ചിരുന്നില്ല.
  2. പ്രാഥമിക അന്വേഷണത്തിന് സ്വതന്ത്ര സാക്ഷികൾ ആരും തന്നെ ഉണ്ടായിരുന്നില്ല.
  3. പ്രാഥമിക അന്വേഷണത്തിൽ പറയുന്നത് മരണപ്പെട്ടയാളുടെ ഭൗതികശരീരം കുളത്തിന് സമീപത്ത് നിന്ന് കണ്ടെത്തി എന്നാണ്, എന്നാൽ അത് ശരിയായിരുന്നില്ല. ഭൗതികശരീരം കുളത്തിനടുത്തായിരുന്നില്ല കിടന്നിരുന്നത്.
  4. ഭൗതിക ശരീരത്തിനടുത്ത് തോക്ക് ഉണ്ടായിരുന്നില്ല.
  5. ഉപവൻ റിസോർട്ടിലെ പോലീസ് പുറത്തുവിട്ട CCTV വീഡിയോ റെക്കോർഡിംഗ് പ്രകാരം 08.51 സമയസൂചികയിൽ , വീഡിയോയുടെ ഇടത് വശത്ത് നിന്നും ആയുധധാരിയായ ഒരാൾ കടന്നു വരുന്നത് കാണാം. പറഞ്ഞ വ്യക്തി ജലീലിനു നേരേയും, വീഡിയോയുടെ വലതു വശത്തേക്ക് ഓടുന്നതായി കാണുന്ന മറ്റൊരാൾക്ക് നേരെയും വെടിയുതിർത്തു. ഈ വീഡിയോയിൽ ജലീൽ നിരായുധനായിരുന്നു. മറ്റൊരാൾ ഭയത്തോടെ നിൽക്കുന്നതും കാണാനാകും. FIR ൽ 20.55 ആയിട്ടാണ് സമയം അടയാളപ്പെടുത്തിയിരിക്കുന്നത്. ഈ വീഡിയോയിൽ നിന്ന് അത് തെറ്റാണെന്ന് മനസ്സിലാകും.
  6. വെടിയുതിർത്തത് ഏകപക്ഷീയം ആയിരുന്നു. തലയുടെ പുറകിൽ രണ്ടും ഇടതു തോളിന്റെ ഭാഗത്ത് ഒരു വെടിയുണ്ടയും ഉണ്ടായിരുന്നു. വീഡിയോയിൽ നിന്ന് ശരീരത്തിൽവെടി കൊണ്ട ദിശ വലത്ത് നിന്നും ഇടത്തേയ്ക്ക് ആണെന്നു മനസിലാക്കാം. ഇതിൽനിന്ന് തന്നെ സ്വയം രക്ഷക്കായി ആണ് വെടിയുതിർത്തതെന്ന പോലീസ് വാദം തെറ്റാണ് എന്ന് തെളിയുന്നു.
  7. പോലീസ് റിപ്പോർട്ട് പ്രകാരം വിവരം ലഭിച്ചത് 20.44 നും സ്ഥലത്തു എത്തിയത് 20.55നു എന്നും പറയുന്നുണ്ട്. ഇത് അസ്വാഭാവികമാണ്. അതുകൊണ്ടു തന്നെ ഇത് മുൻകൂട്ടി നിശ്ചയിച്ചു നടത്തിയതാണെന്നു സംശയിക്കാവുന്നതാണ്. ഐജി നൽകിയ സ്റേറ്മെന്റിൽ ഇത് ഓപറേഷൻ അനക്കോണ്ട യുടെ ഭാഗമായി നടന്നതാണെന്നു പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ആക്രമിക്കാനുള്ള ഉദ്ദേശത്തോടെയാണ്, അറസ്റ്റ് ചെയ്യാനല്ല തണ്ടർബോൾട്ട് അവിടെ എത്തിയതെന്ന് സംശയിക്കാൻ മതിയായ കാരണങ്ങളുണ്ട്.
  8. ജലീൽ മൂന്നു വീഡിയോകളിലും നിരായുധനാണ്. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് മൂന്ന് വെടിയും ജലീലിനു ഏറ്റത്. ഇതൊരു സംഘം ചേർന്ന അക്രമണമായിരുന്നു. മുട്ടിനു താഴെ വെടി വയ്ക്കാമായിരുന്നെങ്കിലും അവരതു ചെയ്തില്ല.
  9. മരണപ്പെട്ടയാളുടെ രാസപദാര്‍ത്ഥം ഉപയോഗിച്ചു കൊണ്ടുള്ള ഹാൻഡ് വാഷ് നടത്തിയില്ല.
  10. മീഡിയ റിപ്പോർട്ടുകളിൽ നിന്ന് 16 സിസിടിവി ദൃശ്യങ്ങൾ ഉണ്ടെന്ന് മനസ്സിലാകുന്നു. എന്നാൽ അവ റിലീസ് ചെയ്തിട്ടില്ല.
  11. സംഭവം നടന്ന സ്ഥലം, നടന്നതിന് ശേഷം ആഴ്ചകളോളം പോലീസിന്റെ കസ്റ്റഡിയിൽ ആയിരിന്നു. തെളിവുകൾ പോലീസ് തന്നെ നശിപ്പിച്ചെന്നു സംശയിക്കുന്നു.

കൊല്ലപ്പെട്ടയാളുടെ സഹോദരി ശരീഫ പറയുന്നു:

  1. വീഡിയോ കണ്ടതിൽ നിന്ന് ജലീലിനെ കൊല ചെയ്തതാണ് എന്നാണ് മനസിലായത്.

കൊല്ലപ്പെട്ടയാളുടെ സഹോദരി നൂർജഹാൻ പറയുന്നു:

  1. പോലീസ് മനപ്പൂർവം ജലീലിനു നേരേ വെടിയുതിർത്തതാണെന്നു വീഡിയോയിൽ നിന്നും വ്യക്തമാണ്.

കൊല്ലപ്പെട്ടയാളുടെ സഹോദരൻ ജിഷാദ് പറയുന്നു:

  1. ജലീൽ‍ വ്യാജ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നു.

15.ഇൻക്വസ്റ്റിനെ സംബന്ധിച്ച ഒരു വിവരവും നല്‍കിയില്ല.

  1. തമിഴ്നാട് പൊലീസ് ക്യൂ ബ്രാഞ്ചിലെ ഒരു മരയ്ക്കാറാണ് ജലീലിന്‍റെ മൃതദേഹം തിരിച്ചറിഞ്ഞത്. മൊഴി നല്‍കിയയാളുടെ ബന്ധു കൂടിയാണ് മരയ്ക്കാർ. മൃതദേഹം തിരിച്ചറിയാനായി കേരള പൊലീസ് മരയ്ക്കാറെ വിളിക്കുകയായിരുന്നു. വിവരം ജലീലിന്റെ ബന്ധുക്കളെ അറിയിച്ചത് 14 മണിക്കൂറിന് ശേഷം മാത്രമാണ്. ഈ കാലതാമസം സംശയാസ്പദമാണ്.
  2. സ്വതന്ത്ര സാക്ഷികളില്ലെന്ന് ഉറപ്പാണ്.
  3. ഓടി രക്ഷപ്പെടാൻ ശ്രമിച്ചയാളെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു.
  4. വസ്ത്രത്തിൽ നിന്ന് വെടിമരുന്നിന്റെ അംശം ലഭിച്ചില്ല.
  5. കൈകൾ രാസവസ്തുക്കൾ‍ ഉപയോഗിച്ച് കഴുകിയിട്ടില്ല.
  6. സംഭവസ്ഥലത്തേക്ക് ഒരാഴ്ചത്തേക്ക് പൊലീസ് ആരെയും കടത്തിവിട്ടില്ല. ഇത് തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടിയാണെന്ന് സംശയിക്കുന്നു.

കൊല്ലപ്പെട്ട ജലീലിന്‍റെ ബന്ധുവായ നഹാസ് റഹ്മാന്‍ ആരോപിക്കുന്നത്,

  1. മരണത്തില്‍ നിഗൂഢതയുണ്ട്. അവിടെ നടന്നത് ഒരു ഏറ്റുമുട്ടലല്ലെന്ന് വീഡിയോയില്‍ നിന്ന് വ്യക്തം.
  2. പൊലീസ് വ്യാഖ്യാനത്തില്‍ അവ്യക്തതയുണ്ട്.
  3. 16 സിസിടിവി ഫുട്ടേജുകളില്‍ മൂന്നെണ്ണമേ പുറത്തുവിട്ടിട്ടുള്ളു.
സി പി ജലീൽ

മേല്പറഞ്ഞ ആരോപണങ്ങളുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ചുവടെ ചേര്‍ക്കുന്നു,

ആരോപണം 1, കൊല്ലപ്പെട്ട ജലീലിന്‍റെ സഹോദരനായ സിപി റഷീദിനെ ഇന്‍ക്വസ്റ്റില്‍ പങ്കെടുപ്പിച്ചില്ല എന്നതാണ്. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഭാഗം IXല്‍ സിപി റഷീദിന്‍റെ മൊഴി ചേര്‍ത്തിട്ടുണ്ട്. അതനുസരിച്ച് സിപി റഷീദ് മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് റഷീദ് ഇന്‍ക്വസ്റ്റില്‍ പങ്കെടുത്തിട്ടുണ്ട്.

ആരോപണം 2, 17 എന്നിവയിലെ സ്വതന്ത്ര സാക്ഷികള്‍ ഇല്ലെന്ന വാദം ശരിയല്ല. ഇന്‍ക്വസ്റ്റില്‍ അഞ്ച് സാക്ഷികളെയാണ് പങ്കെടുപ്പിച്ചിട്ടുള്ളത്. അവരുടെ പേരും വിലാസവും കൃത്യമായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവരെയെല്ലാം പരിശോധിച്ച് സ്വതന്ത്ര സാക്ഷികളാണെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

ആരോപണം 3 ശരിയല്ല. കൊല്ലപ്പെട്ട ജലീലിന്‍റെ മൃതദേഹം കുളത്തിനരികില്‍ നിന്നാണ് കണ്ടെത്തിയത് എന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

മരിച്ചയാളുടെ വലതുമോതിര വിരലിൽ നിന്നും 10 സെൻ്റിമീറ്റർ മാറി, ചുവന്ന നാടയുള്ള തോക്ക് കിടന്നിരുന്നതായി അന്വേഷണ റിപ്പോർട്ടിൽ നിന്നും വ്യക്തമാണ്. ആയതിനാൽ ആരോപണം 4 തെറ്റാണ്.

ആരോപണം 5, 12, 13, 22 എന്നിവ പരസ്പരം ബന്ധപ്പെട്ടതാണ്. സി പി റഷീദിൻ്റെ അഞ്ചാമത്തെ ആരോപണത്തിൽ സംശയിക്കപ്പെടുന്നതുപോലെ, മരണപ്പെട്ടയാൾ വീഡിയോയിലെ 8.51 എന്ന ടൈം സ്റ്റാമ്പിൽ കാണുുന്ന പ്രകാരം ആയുധധാരിയായ ഒരാളിൽ നിന്നും വെടിയേറ്റു എന്ന വാദത്തെ അടിസ്ഥാനമാക്കിയാണ് ഈ ആരോപണങ്ങൾ. റഷീദ് എൻ്റെ മുൻപാകെ വീഡിയോ ഹാജരാക്കുകയുണ്ടായി. തുടർന്ന് ഞാനത് പരിശോധിച്ചു. ഏഴ് സെക്കൻ്റ് ദൈർഘ്യമുള്ള വീഡിയോ ആയിരുന്നു അത്. വീഡിയോയിൽ റിസപ്ഷൻ കൗണ്ടറിൻ്റെ ദൃശ്യം പുറത്ത് ഒരു കോണിൽ നിന്നും കാണാവുന്നതാണ്. റിസപ്ഷൻ കൗണ്ടറിൽ നിന്നും ഷർട്ടും ട്രൗസറും ധരിച്ച ഒരാളും പിന്നീട് മുണ്ടും ഷർട്ടും ധരിച്ച മറ്റൊരാളും പുറത്തേക്ക് വരുന്നത് കാണുന്നു. അത് ഉപവൻ റിസോർട്ടിൽ കൺസ്ട്രക്ഷൻ കോൺട്രാക്ടർമാരായ ഫിറോസ്, ജാഫർ എന്നിവരാണെന്ന് കരുതപ്പെടുന്നു. റിസപ്ഷൻ കണ്ടറിൻ്റെ വിൻഡോ ഓപ്പണിങ്ങിൽ നിന്നും പുറത്തേക്ക് കടന്നിരുന്നതായി ഇരുവരും മൊഴി നൽകിയിരുന്നു. ആ സമയം തോക്കേന്തിയ ഒരാളുടെ നിഴൽ രൂപം റിസപ്ഷൻ്റെ പ്രധാന വാതിലിലൂടെ പുറത്തേക്കിറങ്ങുന്നത് കാണാം. അയാൾക്ക് പിറകെ മറ്റൊരാളുടെ നിഴൽ രൂപവും ആദ്യത്തെ ആളെ പിന്തുടർന്ന് ഇറങ്ങി വരുന്നത് കാണാം. വീഡിയോയിൽ സി പി റഷീദ് ആരോപിച്ചത് പോലെ ആരും വെടിയുതിർക്കുന്നത് ദൃശ്യമല്ല. എന്നാൽ മുണ്ടും ഷർട്ടും ധരിച്ചയാൾ പേടിച്ചു പരുങ്ങിയിരിക്കുന്നതായി കാണപ്പെട്ടു. ജാഫറിൻ്റെ സാക്ഷ്യത്തിൽ അയാൾ മുണ്ടും ഷർട്ടുമാണ് ധരിച്ചതെന്നും വെടിയൊച്ച കേട്ട് പേടിച്ച് വിരണ്ടിരുന്നെന്നും എന്നാൽ തൻ്റെയടുത്ത് ആരും ഇതേസമയം നിന്നിരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നുമാണ് പറഞ്ഞിരിക്കുന്നത്.
സംഭവസ്ഥലത്ത് സന്നിഹിതനായിരിക്കുകയും വീഡിയോ ഫൂട്ടേജിൽ നിഴൽരൂപം കണ്ട സ്ഥലത്തുണ്ടായിരിക്കുകയും ചെയ്തയാൾ സാക്ഷിയായി വിസ്തരിക്കപ്പെട്ട സിവിൽ പോലീസ് ഓഫീസറാണ്.ഇയാളുടെ സത്യവാങ്മൂലത്തിൻ്റെ സാരാംശം സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് ഓഫീസർ എന്ന നിലയിൽ ചേർത്തിട്ടുണ്ട്സംഭവസ്ഥലത്ത് സന്നിഹിതനായിരിക്കുകയും വീഡിയോ ഫൂട്ടേജിൽ നിഴൽരൂപം കണ്ട സ്ഥലത്തുണ്ടായിരിക്കുകയും ചെയ്തയാൾ സാക്ഷിയായി വിസ്തരിക്കപ്പെട്ട സിവിൽ പോലീസ് ഓഫീസറാണ്.ഇയാളുടെ സത്യവാങ്മൂലത്തിൻ്റെ സാരാംശം സംഭവസ്ഥലത്തുണ്ടായിരുന്ന(13) പോലീസ് ഓഫീസർ എന്ന നിലയിൽ ചേർത്തിട്ടുണ്ട്.

ഇയാൾ ആക്ഷനിൽ പങ്കെടുത്തിരുന്നില്ല എന്നും നിരായുധനായിരുന്നു എന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്.ഇതിൽ നിന്നും വീഡിയോയിൽ കണ്ട നിഴൽരൂപിയായ ആൾ ആക്ഷനിൽ പങ്കെടുത്തിരുന്നില്ല എന്ന നിഗമനത്തിൽ എത്തിച്ചേർന്നു.

ബാലിസ്റ്റിക് റിപ്പോർട്ടും സംശയിത്തിനിടവരുത്തിയ ഒഴിഞ്ഞ കാ ട്രിട്ജിൻ്റെ(തോക്കിൻ്റെ തിര നിറക്കുന്ന കൂട്) ഫോറൻസിക് പരിശോധനയും റിസോർട്ടിലെ സിസിടിവി സിസ്റ്റത്തിലെ ഡിവിആർ വിഷ്വൽസും പരിശോധനയിൽ ഉൾപ്പെട്ടിട്ടില്ല. ഈ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കുന്ന സമയത്ത് അധികാരികൾ ബാലിസ്റ്റിക് റിപ്പോർട്ടും ഫോറൻസിക് എക്സാമിനേഷൻ റിപ്പോർട്ടും തയ്യാറാക്കിയിരുന്നില്ല.അതുപോലെ തന്നെ സിസിടിവി ഫൂട്ടേജുകൾ ഫോറൻസിക് പരിശോധനക്കായി ലാബോറട്ടിയിലേക്ക് അയച്ചിരുന്നതിനാൽ അതും ലഭ്യമായിരുന്നില്ല. അതിനാൽ അന്വേഷണത്തിൻ്റെ ഈ ഘട്ടത്തിൽ സംഭവത്തിലുള്ള മറ്റൊരാളുടെ ഇടപെടലിനെ സംബന്ധിക്കുന്ന സംശയത്തിന് എത്തിച്ചേരാവുന്ന അനുമാനം, സി പി റഷീദ് ഹാജരാക്കിയ വീഡിയോയിലെ വ്യക്തമല്ലാത്ത രൂപം ആക്ഷനിൽ പങ്കെടുത്തിട്ടില്ല എന്നതാണ്. അതുകൊണ്ടു തന്നെ 6.3.2019 ൽ ഉപവൻ റിസോർട്ടിൽ സി പി ജലീലിൻ്റെ മരണത്തിനാധാരമായ സംഭവത്തിൽ അതിക്രമിച്ച് കടന്നവരാൽ ആക്രമിക്കപ്പെട്ടപ്പോൾ കമാൻഡോകൾ സ്വയരക്ഷക്കായുള്ള അവകാശം വിനിയോഗിച്ചതാണെന്ന് വ്യക്തമാണ്. എന്നാൽ ദൃശ്യത്തിൽ കണ്ട ആളുടെ സംശയകരമായ സാന്നിദ്ധ്യത്തെ സംബന്ധിക്കുന്ന അവസാനത്തെ നിഗമനം ബാലിസ്റ്റിക് റിപ്പോർട്ടിൻ്റെയും സംശയത്തിനിടവരുത്തിയ കാലിയായ കാട്രിട്ജിൻ്റെ ഫോറൻസിക് റിപ്പോർട്ടിൻ്റെയും, റിസോർട്ടിലെ സിസിടിവി ദൃശ്യത്തിൻ്റെയും പരിശോധനയ്ക്ക് ശേഷം മാത്രമേ സാധ്യമാകൂ. ഈ രേഖകൾ മേൽപ്പറഞ്ഞ സാഹചര്യങ്ങളാൽ പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ അകാലത്തിലുള്ളതും യുക്തിരഹിതവും ആയ ഒരവസാന നിഗമനത്തിന് ഞാൻ മുതിരുന്നില്ല. CrPC 176 സെക്ഷൻ പ്രകാരം അത്തരത്തിലൊരു റിപ്പോർട്ട് അനുവദീയവുമല്ല. മേൽപ്പറഞ്ഞ ഡോക്യുമെൻ്റുകൾ ലഭ്യമാകുമ്പോൾ ഉചിതമായ തലത്തിൽ നിഗമനം സ്ഥിരീകരിക്കുന്നതായിരിക്കും.

ആറാമത്തെ ആരോപണം, സംഭവത്തെ ബഹുമാനപ്പെട്ട സുപ്രീം കോടതി ‘ദർശൻ സിംഗ്’ കേസിൽ കൊടുത്തിട്ടുള്ള പത്തു പോയിൻ്റ്സുമായി തട്ടിച്ചുനോക്കി പരിശോധിക്കുക വഴി കമാൻഡോകൾ സ്വയംരക്ഷക്കുള്ള അവകാശം വിനിയോഗിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നും വ്യക്തമാകുന്നു. തോക്കിൽ നിന്നുതിർത്ത വെടിയുണ്ടകളുടെ ദിശയും മുന്നേ വിശദമായി പ്രതിപാദിച്ചിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഈ ആരോപണവും സാധുവല്ല.

ഈ കേസിൽ FIR ന് മുന്നേ തയ്യാറാക്കിയ SHO ഇൻസ്പെക്ടറുടെ റിപ്പോർട്ടിൽ അദ്ദേഹം, 20.40 ന് വിവരമറിയുകയും സംഭവസ്ഥലത്ത് 20.55 ഓടെ എത്തിച്ചേർന്നതായും പറയുന്നു. സാക്ഷിമൊഴിയിൽ അദ്ദേഹം കൊടുത്ത പ്രസ്താവം മേൽപ്പറഞ്ഞതുമായി ഒത്തുപോകുന്നതാണ്. കമാൻഡോകളുടെ സത്യവാങ്മൂലവും ഉപവൻ റിസോർട്ടിൽ സംഭവ സമയത്തുണ്ടായിരുന്ന റിസപ്ഷൻ കൗണ്ടറിലെ തൊഴിലാളികളുടെയും മൊഴിയുമായി മേൽപ്പറഞ്ഞ സാക്ഷിമൊഴിക്ക് വൈരുദ്ധ്യമൊന്നും കാണുന്നില്ല. അതിനാൽ SHO ഇൻസ്പെകടറുടെ റിപ്പോർട്ടിൽ പറയുന്ന സമയം മറ്റുള്ള സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ ശരിയാണെന്ന് വിലയിരുത്തുന്നു. തണ്ടർബോൾട്ട് കമാൻഡോകളുടെ ആക്രമണത്തെ കുറിച്ചുള്ള ചോദ്യം വിശദമായി പരിശോധിക്കുകയും മറ്റു പലതിൻ്റെയും കൂട്ടത്തിൽ സ്വയംരക്ഷക്കുള്ള അവകാശത്തിൻ്റെ സാധ്യത പരിശോധിക്കുകയും ചെയ്തതിലൂടെ കമാൻഡോകൾ ആ അവകാശം വിനിയോഗിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നും കണ്ടെത്തി. ആയതിനാൽ തന്നെ ഏഴാമത്തെ ആരോപണം നിലനിൽക്കുന്നതല്ല.

എട്ടാമത്തെയും പതിനെട്ടാമത്തെയും ആരോപണത്തെ സംബന്ധിച്ച്, സി പി റഷീദ് ഹാജരാക്കിയ വീഡിയോയിൽ മരണപ്പെട്ടയാൾ ആയുധം കൈവശം വെച്ചിരുന്നതായി കാണുന്നില്ല. കമാൻഡോകളുടെ പ്രത്യാക്രമണം അവർ നേരിട്ട ആക്രമണത്തിന് ആനുപാതികമല്ല എന്ന് ‘ദർശൻ സിംഗ്’ കേസിലെ സുപ്രീം കോടതിയുടെ ടെസ്റ്റിംഗ് പോയിൻ്റ്(IV) പരിശോധിക്കുക വഴി വ്യക്തമാണ്. മരണപ്പെട്ടയാളുടെ മുട്ടിന് താഴെ വെടിവെയ്ക്കാമായിരുന്നു എന്ന വാദം സാധുതയുള്ളതാണ്. എന്നാൽ ആ സാഹചര്യത്തിൽ കമാൻഡോകൾ സ്വന്തം ജീവൻ്റെ രക്ഷയ്ക്കോ സ്വയം പ്രതിരോധിക്കാനോ ശ്രമിക്കുമ്പോൾ മുട്ടിന് താഴെ കൃത്യമായി വെടിവെയ്ക്കാൻ കഴിയണമെന്നില്ല. അതിനാൽ സ്വയം പ്രതിരോധത്തിനായി കമാൻഡോകൾ എടുത്ത നടപടിയിൽ തെറ്റ് കണ്ടെത്താൻ കഴിയില്ല.

സൂസൻ ആൻറണി, (അസിസ്റ്റൻ്റ് ഡയറക്ടർ, ഫിസിക്സ്& ബാലിസ്റ്റിക്സ്) 7.3.2019 ൽ തയ്യാറാക്കിയ ശാസ്ത്രിയ പരിശോധനാ റിപ്പോർട്ടിൽ 5% നൈട്രിക് ആസിഡിൽ കുതിർത്ത വാട്ട്മാൻ ഫിൽറ്റർ പേപ്പറുപയോഗിച്ച് മരിച്ചയാളുടെ ഇരുകൈയ്യിലും അകമേയും പുറമേയും തുടച്ച് തെളിവുകൾ ശേഖരിച്ചതായി മനസിലാക്കുന്നു. അതിനാൽ തന്നെ, ഒൻപതാമത്തെയും ഇരുപതാമത്തെയും ആരോപണം ശരിയല്ല.പത്താമത്തെയും ഇരുപത്തിനാലാമത്തെയും ആരോപണങ്ങൾ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാത്തതിനെ സംബന്ധിച്ചവയാണ്.നിലവിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസായതിനാൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ സാധിക്കുകയില്ല.പതിനൊന്നാമത്തെയും ഇരുപത്തിയൊന്നാമത്തെയും ആരോപണങ്ങൾ പോലീസ് തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ്. സംഭവം നടന്നയിടം ആഴ്ചകളായി പോലീസ് കസ്റ്റഡിയിലായിരുന്നു. തെളിവുകൾ സംരക്ഷിക്കാനും പുറത്തു നിന്നുള്ളവർ അനധികൃതമായി പ്രവേശിച്ച് തെളിവുകൾ നശിപ്പിക്കുന്നത് തടയാനും അത്തരമൊരു നടപടി ആവശ്യമായിരുന്നു. ഇത്തരം കേസുകളിൽ സാധാരണ പിന്തുടരാറുള്ള നടപടിക്രമമായതിനാൽ ഈ ആരോപണവും നിലനിൽക്കുന്നതല്ല.

കൊല്ലപ്പെട്ടയാൾ വ്യാജ ഏറ്റുമുട്ടലിൽ ആണ് കൊല്ലപ്പെട്ടതെന്നാണ് 14 നാലാമത്തെ ആരോപണം.. സംഭവത്തിന്റെ സാഹചര്യവും മറ്റും പരിശോധിക്കുമ്പോൾ സ്വയരക്ഷയ്ക്ക് വേണ്ടിയാണ് കമാൻഡോകൾ വെടിയുയർത്തിയത് എന്ന് വ്യക്തമാണ്. ആരോപണത്തിൽ പറയുന്നതു പോലെ സംഭവം വ്യാജ ഏറ്റുമുട്ടൽ ആണെന്നത്തിന് മറിച്ചുള്ള തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല.

15ഉം 16ഉം ആരോപണങ്ങൾ ബന്ധപ്പെട്ടവയാണ്. കൊല്ലപ്പെട്ടയാളുടെ സഹോദരൻ ജിഷാദിന് ഇൻക്വസ്റ്റ് വിവരങ്ങൾ നൽകിയില്ല എന്നാണ് ആരോപണം..കൊല്ലപ്പെട്ട ആളെ അയാളുടെ ബന്ധുവും തമിഴ്നാട് പൊലീസിലെ ക്യൂ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനുമായ മരക്കാർ തിരിച്ചറിഞ്ഞിട്ടും ഈ വിവരം ബന്ധുക്കളെ 14 മണിക്കൂറിന് ശേഷമാണ് അറിയിച്ചത് എന്നത് സംശയാസ്പദമാണ് എന്നാണ് ആരോപണം.ഇൻക്വസ്റ്റ് റിപ്പോർട്ട് പ്രകാരം കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞത് ടിയാന്റെ സഹോദരൻ സി പി റഷീദാണ്. എൻക്വയറി ഉദ്യോഗസ്ഥരും മരക്കാർ എന്ന ഒരാളെ പറ്റി സാക്ഷി മൊഴിയിൽ പറഞ്ഞിട്ടില്ല.

വസ്ത്രത്തിൽ നിന്ന് വെടിമരുന്ന് കണ്ടെത്തിയിട്ടില്ല എന്നാണ് 19 ആമത്തെ ആരോപണം. ലബോറട്ടറി പരിശോധനയുടെ ഫലം വരാതെ ഇതിനെ കുറിച്ച് പറയാൻ സാധിക്കുകയില്ല.

പൊലീസ് ഭാഷ്യങ്ങളിൽ വൈരുദ്ധ്യം ഉണ്ടെന്നാണ് 23 ആമത്തെ ആരോപണം. എന്നാൽ എന്താണ് വൈരുദ്ധ്യം എന്ന് വ്യക്തമായി പറഞ്ഞിട്ടില്ല. ഒരു തരത്തിലുള്ള വൈരുധ്യവും എഫ് ഐ ആറിലോ, എസ് എച്ച് ഓയുടെ റിപ്പോർട്ടിൽ കണ്ടെത്തിയില്ല.എന്നാൽ ജി ടി എൻട്രി 21 ൽ 9:02 ന് നടത്തിയതിൽ മാത്രം ഒരു വൈരുദ്ധ്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്,ഇത് വിശദമായി മുകളിൽ പറഞ്ഞിട്ടുണ്ട്…സുപ്രീംകോടതി നിർദേശപ്രകാരം ഇന്റലിജൻസ് റിപ്പോർട്ട് രേഖപ്പെടുത്താൻ വിട്ട് പോയതാണ് ഒരു പിഴവായി കാണുന്നത്. മറ്റൊരു വൈരുദ്ധ്യങ്ങളും റിപ്പോർട്ടിലില്ല…

ഉപസംഹാരം

രേഖകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ നടന്നുവന്ന അന്വേഷണത്തിൽ നിന്നും കാര്യകാരണസഹിതം താഴെ പറയുംവിധം ഉപസംഹരിക്കാം.

മരണത്തിന് കാരണമായ സാഹചര്യങ്ങളും മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ ക്രമവും രീതിയും

മരണത്തിന് കാരണമായ സാഹചര്യങ്ങളും മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ ക്രമവും രീതിയും മുകളിൽ വിശദീകരിച്ചു. അവ ഇപ്രകാരം ക്രോഡീകരിക്കാം.

പൈസ ഈടാക്കുക എന്ന മോശം ഉദ്ദേശത്തോടെ ആണ് അതിക്രമിച്ചു കടന്നവർ റിസോർട്ടിൽ കടന്നത്. അതിക്രമിച്ചു കടന്നവർ സൗഹാർദ്ദപരമായാണ് റിസോർട്ട് തൊഴിലാളികളോട് പെരുമാറിയത്. അതിക്രമിച്ച് കടന്നവർക്ക് തൊഴിലാളികൾ കുറച്ച് പൈസ നൽകുകയും അവർ പോകുവാൻ തുടങ്ങുകയുമായിരുന്നു. ആ സമയത്ത് ഇൻസ്‌പെക്ടർ എസ് എച്ച് ഒ യും അഞ്ച് കമാൻഡോകളും പോലീസ് വാഹനത്തിൽ റിസോർട്ടിലേക്കെത്തി. അതിക്രമിച്ചു കടന്നവർ ആ സമയത്ത് റിസോർട്ടിന്റെ റിസപ്ഷൻ കൗണ്ടറിൽ ആയിരുന്നു. പോലീസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ ഇവർ വേഗത്തിൽ റിസപ്ഷൻ കൗണ്ടറിൽ നിന്നും പുറത്തേക്കിറങ്ങി. അതിക്രമിച്ച് കടന്നവരിൽ ഒരാളുടെ കൈവശം ആ സമയത്ത് തോക്കുണ്ടായിരുന്നു, അയാൾ വെടി ഉതിർത്തു. തോക്ക് കൊണ്ടുള്ള അക്രമം നേരിട്ടതോടെ സ്വയം രക്ഷാർത്ഥം കമാൻഡോകൾ തിരിച്ചു വെടി ഉതിർത്തു. മരിച്ച വ്യക്തിക്ക് പരിക്ക് പറ്റുകയും മരണപ്പെടുകയും ചെയ്തു.

മരണ കാരണം

നമ്പർ 1, നമ്പർ 5 എന്നീ പരിക്കുകളാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഈ രണ്ട് പരിക്കുകളും വെടിവയ്പിൽ ഉണ്ടായതാണ്.

ഇതിൽ ആദ്യത്തേത്(നമ്പർ 1) തലക്ക് പിൻഭാഗത്ത് വലത് വശത്ത് വെടിയുണ്ട തുളച്ചുകയറിയതാണ്, ഇത് മധ്യഭാഗത്ത് നിന്നും 3 സെന്റീമീറ്റർ മാറിയും കഴുത്തിന്റെ ചുവട്ടിൽ നിന്നും 12.5 സെന്റീമീറ്റർ മുകളിലുമാണ്. അഞ്ചാം നമ്പർ പരിക്ക് വലത് കൈയുടെ പുറം വശത്ത് തോളിന്റെ അഗ്രഭാഗത്ത് നിന്നും 3 സെന്റീമീറ്റർ താഴെ വെടിയുണ്ട തുളച്ചു കയറിയതാണ്, അത് നെഞ്ച് തകർത്ത് ഉള്ളിലേക്ക് കടന്ന് വലത് ശ്വാസകോശത്തിന്റെ മുകൾ ഭാഗത്തെ തുളച്ചു കയറി അയോട്ടയേയും ഇടത് ബ്രോങ്കസിനെയും കീറി മുറിച്ച് അഞ്ചാം വാരിയെല്ലിനെയും സ്‌കാപ്പുലയെയും തകർത്ത് കൊണ്ട് ഇടത് വശത്ത് കൂടി പുറത്തേക്ക് പോയി.

ഈ രണ്ട് പരിക്കുകളും പെട്ടെന്നുള്ള മരണത്തിന് കാരണമാകും വിധം മാരകമായവ ആയിരുന്നു. ഈ രണ്ട് മുറിവുകൾക്ക് ചുറ്റും രോമം കരിഞ്ഞതായോ കറുത്തതായോ പാടുകളോ കാണുന്നില്ല. അത് കൊണ്ട് ഈ മുറിവുകൾ ദൂരെ നിന്നും വെടിയേറ്റപ്പോൾ ഉണ്ടായതാണ്. ഈ രണ്ട് മുറിവുകളും ആണ് മരണത്തിന് കാരണം.

മരണത്തിന് ഉത്തരവാദിയായ വ്യക്തിയെക്കുറിച്ചുും ക്രമവിരുദ്ധമായ നടപടികൾ ഉണ്ടായി എന്നുള്ള സംശയത്തെക്കുറിച്ചും അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ

രേഖകൾ പരിശോധിച്ചതിൽ നിന്നും സാക്ഷി മൊഴികളിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലും സംഭവത്തിന്റെ സാഹചര്യങ്ങൾ കാണിക്കുന്നത് തണ്ടർ ബോൾട്ട് കമാൻഡോകളിൽ നിന്ന് വെടി ഏറ്റാണ് മരണം സംഭവിച്ചത് എന്നാണ്. ഇവിടെ ഇരക്കും കൂടെ ഉണ്ടായിരുന്ന ആൾക്കും നേരെ സ്വയംരക്ഷാർത്ഥം വെടി വെയ്ക്കാം എന്ന അവകാശത്തിലാണ് കമാൻഡോകൾ വെടി ഉതിർത്തത് എന്നും കണ്ടെത്താൻ കഴിഞ്ഞു. അതുകൊണ്ട് തന്നെ മരണത്തിന് ഉത്തരവാദി എന്ന് ആരേയും പറയാൻ കഴിയില്ല.
എന്നിരുന്നാലും സംഭവം നടന്ന സ്ഥലത്ത് മറ്റൊരു വ്യക്തിയുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്ന ആരോപണം സംശയം ജനിപ്പിക്കുന്നു. ആ വ്യക്തിയെ സാക്ഷികൾ ആരും തന്നെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവം നടക്കുന്ന സമയത്ത് റിസപ്ഷൻ കൗണ്ടറിലോ, അതിനോട് ചേർന്നോ ഒരു വ്യക്തിയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി താഴെ പറയുന്ന സാക്ഷികൾ ബോധിപ്പിച്ചിട്ടുണ്ട്.

ഉപവൻ റിസോർട്ടിലെ സെക്യൂരിറ്റി ഗാർഡ് ആയ ദേവസ്യ പറഞ്ഞിട്ടുള്ളത്‌ യൂണിഫോമിൽ അല്ലാത്ത എന്നാൽ പോലീസ് എന്ന് അദ്ദേഹം വിശ്വസിക്കുന്ന മറ്റൊരാളെ അദ്ദേഹം കണ്ടിരുന്നു എന്നാണ്. ആദ്യത്തെ വെടിയൊച്ചയ്ക്ക് ശേഷം ഇദ്ദേഹം റിസപ്ഷൻ കൗണ്ടറിൽ എത്തിയപ്പോഴാണ് ആ വ്യക്തിയെ കണ്ടത്.

ഉപവൻ റിസോർട്ടിലെ കൺസ്ട്രക്ഷൻ കോണ്ട്രാക്ടർ ആയിരുന്ന ജാഫർ പറഞ്ഞത്, പൈസ എടുക്കാൻ പോയ റിസോർട്ടിലെ സ്റ്റാഫ് മടങ്ങിയെത്തുന്ന സമയത്ത് കോട്ട് ധരിച്ച അല്പം തടിച്ച, താടി വച്ച മറ്റൊരു വ്യക്തി സ്കൂട്ടറിൽ റിസോർട്ടിലേക്ക് വരികയും റിസപ്ഷൻ കൗണ്ടറിന്റെ വശത്തുള്ള ജനൽ വഴി റിസെപ്ഷനിലേക്ക് കയറുകയും ചെയ്തു. ഈ വ്യക്തി പുറത്തേക്ക് നോക്കിക്കൊണ്ട് “അവർ ഇവിടെയുണ്ട്, അവർ ഇവിടെയുണ്ട്” എന്ന് പറയുന്നുണ്ടായിരുന്നു. അയാൾ യൂണിഫോം ധരിച്ചിരുന്നില്ല. ഈ വ്യക്തിയെ കണ്ടപ്പോൾ തന്നെ മാവോയിസ്റ്റുകൾ പുറത്തേക്ക് പോയി. ഇതേ സമയം മറ്റൊരു വാഹനം റിസോർട്ടിനകത്തേക്ക് വന്നു.

ഉപവൻ റിസോർട്ടിലെ സ്റ്റാഫ് ആയ സെൻസിയ വെടിവെപ്പിന് ശേഷം അവിടെ ചെന്നപ്പോൾ കോട്ട് ധരിച്ച ഒരു വ്യക്തിയെ റിസപ്ഷൻ കൗണ്ടറിൽ കണ്ടതായി പറയുന്നു. തണ്ടർ ബോൾട്ടിലെ ഉന്നത ഉദ്യോഗസ്ഥൻ എന്നാണ് അവരോട് പറഞ്ഞത്.

വെടിവയ്പിൽ പങ്കെടുത്ത 2019 ജൂലൈ 19ന് രണ്ടാം നമ്പർ സാക്ഷിയായി വിസ്തരിക്കപ്പെട്ട കമാൻഡോ പറഞ്ഞത് അയാൾ വെടി വെയ്പ്പിൽ പങ്കെടുത്തിരുന്നു എന്നാണ്. പോലീസുകാരൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു വ്യക്തിയെ അപ്പോൾ അവിടെ റീസെപ്ഷനിൽ കണ്ടിരുന്നതായി കമാൻഡോ പറയുന്നു. അദ്ദേഹത്തിന് ഈ വ്യക്തിയെ അറിയില്ല, രാവിലെ ആ വ്യക്തിയെ അവിടെ കണ്ടതുമില്ല.

പോലീസ് പുറത്തുവിട്ട ഉപവൻ റിസോർട്ടിലെ സിസിടിവി ദൃശ്യത്തിൽ വിഡിയോയിൽ സമയം 08:51 കാണിക്കുമ്പോൾ വിഡിയോയുടെ ഇടത് ഭാഗത്ത്‌ നിന്നും ആയുധധാരിയായ ഒരാൾ കടന്ന് വരുന്നുണ്ടെന്നും വീഡിയോയുടെ വലത് വശത്ത് പുറത്തേക്ക് ഓടി പോകുകയായിരുന്ന തന്റെ സഹോദരന്റെയും മറ്റേ വ്യക്തിയുടെയും നേർക്ക് ഇയാൾ വെടി ഉതിർക്കുകയും ചെയ്തതുവെന്നും കൊല്ലപ്പെട്ട വ്യക്തിയുടെ സഹോദരൻ സി പി റഷീദ് സാക്ഷി മൊഴികൾ രേഖപ്പെടുത്തിയപ്പോൾ ആരോപണം ഉന്നയിച്ചു. അദ്ദേഹം ആ വീഡിയോ എന്റെ മുന്നിൽ ഹാജരാക്കി. ഞാൻ ആ വീഡിയോ പരിശോധിച്ചു. ആ പറയുന്ന വീഡിയോ 7 സെക്കന്റ് ദൈർഘ്യമുള്ളതാണ്. അതിൽ റിസപ്ഷൻ കൗണ്ടർ പുറത്ത് നിന്ന് ഒരു കോണിൽ നിന്നും കാണിക്കുന്നു. ഇതിൽ ട്രൗസറും ഷർട്ടും ധരിച്ച ഒരാളും മുണ്ടും ഷർട്ടും ധരിച്ച ഒരാളും റിസപ്ഷൻ കൗണ്ടറിൽ നിന്നും പുറത്തേക്ക് വരുന്നതായി കാണാം. അവർ ഉപവൻ റിസോർട്ടിലെ കൺസ്ട്രക്ഷൻ കോണ്ട്രാക്ടർമാരായം ഫിറോസും ജാഫറും ആകാം, അവർ പറഞ്ഞിരിക്കുന്നത് റിസപ്ഷൻ കൗണ്ടറിന്റെ ജനൽ വഴി പുറത്തേക്ക് വന്നു എന്നാണ്. ആ സമയത്ത് ഫിറോസ് പോയിട്ടുണ്ടായിരുന്ന അതേ ഭാഗത്തേക്ക് ഒരു വ്യക്തിയുടെ വ്യക്തമല്ലാത്ത നിഴൽ അകത്തേക്ക് വരുന്നതായി കാണാം. അതേ സമയം റിസപ്ഷന്റെ പ്രധാന വാതിൽ വഴി ആയുധധാരിയായ ഒരാൾ പുറത്തേക്ക് പോകുന്നതിന്റെ നിഴലും പിന്തുടർന്ന് മറ്റൊരാളുടെ നിഴലും കാണാം. സി പി റഷീദ് ആരോപിച്ചതുപോലെ വീഡിയോയിൽ ആരും വെടിവെച്ചതായി കാണുന്നില്ല. എന്നാൽ മുണ്ടും ഷർട്ടും ധരിച്ച വ്യക്തി ഭയപ്പെട്ടതുപോല മാറുന്നത് കാണാം. മുണ്ടും ഷർട്ടും ധരിച്ചിരുന്നത് താനാണെന്നും വെടിയൊച്ച കേട്ടാണ് ഭയപ്പെട്ട് മാറിയതെന്നും എന്നാൽ ആ സമയത്ത് തന്റെ അടുത്ത് ആരും ഉണ്ടായിരുന്നതായി അറിഞ്ഞില്ലെന്നും ജാഫർ പറഞ്ഞിട്ടുണ്ട്. സംഭവസ്ഥലത്തും വീഡിയോയിൽ ആ സമയത്ത് ഒരു വ്യക്തിയുടെ നിഴൽ കണ്ട സ്ഥലത്തും ഉണ്ടായിരുന്നതായി കരുതുന്ന ഒരു വ്യക്തിയെ സാക്ഷിയായി ചോദ്യം ചെയ്തിട്ടുണ്ട്, അയാൾ ഒരു സിവിൽ പോലീസ് ഓഫീസർ ആണ്. അയാൾ പറഞ്ഞതിന്റെ ചുരുക്കം സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് ഓഫീസർ നമ്പർ 13 എന്ന പേരിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൈവശം ആയുധം ഉണ്ടായിരുന്നില്ല എന്നും ആക്ഷനിൽ പങ്കെടുത്തിട്ടില്ല എന്നുമാണ് പറഞ്ഞത്. അത് കൊണ്ട് വീഡിയോയിൽ നിഴലിൽ കണ്ട വ്യക്തി ആക്ഷനിൽ പങ്കെടുത്തിട്ടില്ല എന്ന് കരുതുന്നു.

ബാലിസ്റ്റിക് റിപ്പോർട്ട് , സംശയകരമായ തിരയുടെ ആവരണത്തെക്കുറിച്ചുള്ള ഫോറൻസിക് റിപ്പോർട്ട്, റിസോർട്ടിലെ സിസിടിവി ദൃശ്യങ്ങളുടെ ഡിവിആർ റെക്കോഡിങ് എന്നിവ പരിശോധിച്ചിട്ടില്ല. ഈ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കുന്ന സമയത്ത് ബാലിസ്റ്റിക് റിപ്പോർട്ട് , ഫോറൻസിക് റിപ്പോർട്ട് എന്നിവ അതുമായി ബന്ധപ്പെട്ടവർ തയ്യാറാക്കിയിരുന്നില്ല, സിസിടിവി ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനക്കായി ഫോറൻസിക് ലബോറട്ടറിയിൽ ആയതിനാൽ അതും പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല. സി പി റഷീദ് കാണിച്ച വീഡിയോയിലെ വ്യക്തതയില്ലാത്ത നിഴലുമായി ബന്ധപ്പെട്ട് ഉയർത്തുന്ന മറ്റൊരു വ്യക്തിയുടെ ഇടപെടലിനെക്കുറിച്ചുള്ള ആരോപണത്തിൽ അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ പറയാൻ കഴിയുന്നത് അയാൾ ആക്ഷനിൽ പങ്കെടുത്തിട്ടില്ല എന്നാണ്. അത് കൊണ്ട് 2019 മാർച്ച് 6 ന് ഉപവൻ റിസോർട്ടിൽ സി പി ജലീലിന്റെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ അതിക്രമിച്ച് കടന്നവർ വെടി ഉതിർത്തപ്പോൾ കമാ
ൻഡോകൾ സ്വയ രക്ഷക്ക് വേണ്ടി വെടി വയ്ക്കുകയാണ് ചെയ്തത് എന്ന് വ്യക്തമാണ്.

എന്നാൽ സഭവസ്ഥലത്ത് ഉപയോഗിച്ച തോക്കിൽ ഒന്നും തന്നെ ഉപയോഗിച്ചതായി കണക്കിൽപെടുത്തിയിട്ടില്ലാത്ത തിരയുടെ ആവരണത്തിന്റെ സാന്നിധ്യം സംശയകരമാണ്. കൂടാതെ പരിക്ക് 1നും 3നും കാരണമായ രണ്ട് വെടിയും മരണപ്പെട്ട വ്യക്തിയുടെ ശരീരത്തിന്റെ വലത് വശത്തുകൂടി കയറി ഇടത് ഭാഗത്ത്‌ കൂടി പുറത്തേക്ക് പോവുകയായിരുന്നു. ഇവിടെ നൽകിയിരിക്കുന്ന സാഹചര്യങ്ങളിൽ നിന്നും മരണപ്പെട്ട വ്യക്തിയുടെ ശരീരത്തിന്റെ വലത് ഭാഗം സംഭവസ്ഥലത്തേക്ക് വന്നു എന്ന് ആരോപിക്കപ്പെടുന്ന വ്യക്‌തിക്ക്(വീഡിയോയിൽ വ്യക്തതയില്ലാത്ത നിഴലായി കാണുന്ന വ്യക്തി) വെടി വെയ്ക്കാൻ കഴിയുന്ന പരിധിയിലുമായിരുന്നു. ബാലിസ്റ്റിക് റിപ്പോർട്ട് ,സംശയകരമായ ഒഴിഞ്ഞ തിരയുടെ ആവരണത്തെക്കുറിച്ചുള്ള ഫോറൻസിക് റിപ്പോർട്ട്, റിസോർട്ടിലെ സിസിടിവിയിലെ ഡിവിആർ ൽ സൂക്ഷിച്ചിരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ എന്നിവ പരിശോധിച്ച ശേഷമേ അന്തിമമായ അനുമാനത്തിൽ എത്താൻ കഴിയുകയുള്ളൂ. പക്ഷെ മുകളിൽ പറഞ്ഞ കാരണങ്ങൾ കൊണ്ട് ഇവയൊന്നും പരിശോധിക്കാൻ സാധിച്ചില്ല. അനവസരത്തിലുള്ളതും ആകാരണവും ആകും എന്നതിനാൽ സിആർപിസി സെക്ഷൻ 176 അനുസരിച്ച് അന്വേഷണത്തിൽ അങ്ങനെ ചെയ്യാൻ പാടില്ല എന്നുള്ളത് കൊണ്ടും ഞാൻ അന്തിമമായ അനുമാനം ഈ കാര്യത്തിൽ എടുക്കുന്നില്ല. മുകളിൽ പറഞ്ഞ വിവരങ്ങളൊക്കെ ലഭിച്ച ശേഷം കാര്യങ്ങൾക്ക് വ്യക്തതവരും.

സർക്കാർ ജീവനക്കാരുടെ പ്രവർത്തിയുടെയോ വീഴ്ചയുടെയോ ഭാഗമായി മരണത്തിലേക്ക് നയിച്ച പ്രവർത്തികളും, മരണപ്പെട്ടയാൾക്ക് കിട്ടിയ വൈദ്യസഹായത്തിൻ്റെ പര്യാപ്തതയും.

എസ്എച്ച്ഒ ഇൻസ്പെക്ടറും 5 തണ്ടർബോൾട്ട് കമാൻഡോസുമായിരുന്നു സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സർക്കാർ ജീവനക്കാർ. ഈ ആറ് ഉദ്യോഗസ്ഥരുടെ മൊഴിയിൽനിന്നും അനുമാനിക്കാവുന്നത് , സ്വയം പ്രതിരോധത്തിന് വേണ്ടിയായിരുന്നു 5 തണ്ടർബോൾട്ട് കമാൻഡോകളും വെടിയുതിർത്തത് എന്നാണ്. മുകളിൽ വിശദമായി ചർച്ച ചെയ്തത് പോലെ മറ്റൊരു കാര്യം കൂടി കണ്ടെത്തിയിട്ടുണ്ട്, തണ്ടർബോൾട്ട് കമാൻഡോകളെയും എസ്എച്ച്ഒ ഇൻസ്പെക്ടറെയും ആക്രമിച്ച നുഴഞ്ഞുകയറ്റകാർക്ക് നേരെ തണ്ടർബോൾട്ട് കമാൻഡോകൾ തിരിച്ചു വെടിവെച്ചത് , തങ്ങളുടെ സ്വയം പ്രതിരോധത്തിനുള്ള അവകാശം നീതിപൂർവ്വമായി ഉപയോഗപ്പെടുത്തിയത് മാത്രമാണ്.

ഒരു കുറ്റകൃത്യമായി കണക്കാക്കാവുന്ന വിധത്തിലുള്ള, മരണത്തിന് കാരണമായ തരത്തിലുള്ള പ്രവർത്തികൾ-എന്തെങ്കിലും പ്രവർത്തിയോ വീഴ്ചയോ- ഒന്നുംതന്നെ സർക്കാർ ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായതായി തിരിച്ചറിഞ്ഞിട്ടില്ല. ഐപിസി വകുപ്പ് 96 പ്രകാരം, സ്വയം പ്രതിരോധത്തിനായി അവർ ചെയ്ത പ്രവർത്തികൾ ഒന്നും തന്നെ ഒരു കുറ്റകൃത്യം ആകുന്നില്ല.

സംഭവസ്ഥലം തോക്കുകൊണ്ടുള്ള ഒരു ഒരു സംഘട്ടനത്തിൻ്റെ രംഗമായിരുന്നു. അതുകൊണ്ട്, എസ്എച്ച്ഒ ഇൻസ്പെക്ടർക്കോ കമാൻഡോകൾക്കോ സാഹചര്യത്തെ പെട്ടെന്ന് വിലയിരുത്താനോ , മരണപ്പെട്ട ആൾക്ക് പരിചരണം നൽകാനോ കഴിയുമായിരുന്നില്ല. ആ സമയത്ത് അവർ പരിക്കേറ്റയാളുടെ അടുത്തേക്ക് സ്വയം സാഹസികമായി ഇറങ്ങി പുറപ്പെട്ടിരുന്നു എങ്കിൽ , അവിടെ നിന്നും രക്ഷപ്പെട്ട ആയുധധാരിയായ ആളിനാൽ അവർ ഉറപ്പായും വീണ്ടും ആക്രമിക്കപ്പെടാൻ ഉള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നു. അതുകൊണ്ട് , ആ സമയത്ത് കമാൻഡോകളുടെയോ എസ്എച്ച്ഒ ഇൻസ്പെക്ടറുടെയോ ഭാഗത്തുനിന്ന് മരണപ്പെട്ടയാൾക്ക് വൈദ്യസഹായം ഉറപ്പുവരുത്തുന്നതിൽ കരുതിക്കൂട്ടിയുള്ള വീഴ്ച സംഭവിച്ചിട്ടില്ല. ഏതായാലും, ശത്രു സങ്കേത പരിശോധന പൂർത്തിയാക്കിയതിനുശേഷം , അതായത് രാത്രി 11.30 മണിക്ക് നടത്തിയ പരിശോധനയ്ക്കുശേഷം , സംഭവസ്ഥലത്ത്, കൃത്രിമ ജലധാരയ്ക്കടുത്ത് ഒരാൾ കിടക്കുന്നത് അവർ കണ്ടെത്തി. ആ സമയത്ത് അവർ മരണപ്പെട്ടയാളുടെ സമീപത്തേക്ക് പോകാനോ അല്ലെങ്കിൽ അയാൾക്ക് വൈദ്യസഹായം നൽകാനോ സ്വയം സാഹസികമായി ഇറങ്ങിപ്പുറപ്പെട്ടില്ല. ആ സമയത്ത് അവർക്ക് പരിക്കേറ്റയാളുടെ അടുത്തേക്ക് പോകാനും സാഹചര്യം വിലയിരുത്താനും സാധിക്കുമായിരുന്നു.
പക്ഷേ അവർ അങ്ങനെ ചെയ്തില്ല. ഏതായാലും, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പ്രസ്താവിക്കുന്നത് പോലെ ഒന്നും അഞ്ചും പരിക്കുകൾ ഗുരുതരമായിരുന്നു, സാധാരണ സാഹചര്യങ്ങളിൽ ഇവ മരണത്തിനു മതിയായ കാരണങ്ങളാണ്. ആയതിനാൽ, മരണപ്പെട്ടയാളുടെ, മരണത്തിലേക്ക് നയിച്ചത് ഈ ഗുരുതരപരിക്കുകൾ ആണ്. സാക്ഷിമൊഴികളിൽ നിന്നോ എസ്എച്ച്ഒ ഇൻസ്പെക്ടറുടെ റിപ്പോർട്ടിൽ നിന്നോ -ഇവയൊക്കെ ആയിരുന്നു എഫ് ഐ ആർ ൻ്റെ അടിസ്ഥാനം- രാത്രി 11 30 ന്, അതായത് സംഭവസ്ഥലത്തുനിന്നും ഇരയെ ചലനമറ്റു കിടക്കുന്ന രീതിയിൽ കണ്ടെത്തിയ സമയത്ത് അയാൾ ജീവനോടെ ഉണ്ടായിരുന്നോ മരിച്ചോ എന്നത് വ്യക്തമായിരുന്നില്ല. എസ് എച്ച് ഇൻസ്പെക്ടർക്ക് , ഇരക്ക് വൈദ്യസഹായം നൽകാൻ ശ്രമിക്കാമായിരുന്നു, എന്നാൽ അങ്ങനെ ചെയ്തിട്ടില്ല. ഇരക്ക് വൈദ്യ സഹായം നൽകുന്നതിനായി ശ്രമിക്കാത്തതിൻ്റെ കാരണം , സമീപ പ്രദേശങ്ങളിൽ നിന്നും വെടിയൊച്ച കേട്ടു എന്ന വസ്തുതകൊണ്ടായിരിക്കാം. അവിടെ നിന്നും രക്ഷപ്പെട്ടയാൾ ആയിരിക്കാം ഒരു പക്ഷേ ആ വെടിയുതിർത്തത്. അത്തരമൊരു സാഹചര്യത്തിൽ , ഇരയുടെ ശരീരത്തിന് അടുത്തേക്ക് പോകാൻ വൈമുഖ്യം കാണിക്കുന്നത് നീതീകരിക്കത്തക്കതാണ്. അതുപോലെതന്നെ, ഇരയുടെ ശരീരത്തിന് അടുത്തേക്ക് പോയാൽ ആക്രമിക്കപ്പെടും എന്ന അപായഭീക്ഷണി ഉണ്ടായിരുന്നു.

അന്തിമ കണ്ടെത്തൽ

സാക്ഷികളുടെയും തെളിവുകളുടെയും പരിശോധനയ്ക്കുശേഷം താഴെപ്പറയുന്ന അനുമാനങ്ങളിൽ ആണ് എത്തിപ്പെട്ടത്. ശ്രീ സിപി ജലീലിൻ്റെ മരണം സംഭവിച്ചത്, 6- 3- 2019 ന് ഉപവൻ റിസോർട്ടിൽ വച്ച് മാവോയിസ്റ്റുകൾക്കും പോലീസിനും ഇടയിൽ നടന്ന വെടിവെപ്പിലാണ്. മരണപ്പെട്ടയാളുടെ മരണത്തിലേക്ക് നയിച്ചേക്കാവുന്ന എന്തെങ്കിലും ഗൂഢാലോചനയോ, മന:പൂര്‍വ്വമായ ശ്രദ്ധക്കുറവോ, മന:പൂര്‍വ്വമായ വീഴ്ചയോ സംഭവിച്ചു എന്നു കാണിക്കുന്ന രേഖകളോ തെളിവുകളോ ഒന്നും തന്നെ ലഭ്യമല്ല.