കമ്യൂണിസ്റ്റ് റാപ്പർ പാബ്ലോ ഹസലിൻ്റെ അറസ്റ്റ്; സ്പെയിനിൽ പ്രതിഷേധം ആർത്തിരമ്പുന്നു!

സ്പെയിൻ ഭരണകൂടത്തിന്റെ ജനവിരുദ്ധമായ നടപടികളക്കെതിരെ പാട്ടെഴുതിയതിനും ട്വീറ്റ് ചെയ്തതിനും കമ്മ്യൂണിസ്റ്റ് റാപ്പർ പാബ്ലോ ഹസലിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് സ്പെയിൻ തെരുവീഥികളിൽ വൻ പ്രക്ഷോഭം. ഫെബ്രുവരി 16 ന് രാവിലെ, കാറ്റലോണിയയിലെ ലെയ്‌ഡ സർവകലാശാലയിൽ വെച്ചാണ് റാപ്പർ പാബ്ലോ ഹസലിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ അറസ്റ്റിന് എതിരെ നടക്കുന്ന ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങളിലാണ് സ്പെയിൻ ഭരണകൂടം. സർവകലാശാലയിൽ നിന്ന് ഹസലിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ ശേഷം നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത 80 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം. പാബ്ലോ ഹസലിൻ്റെ അറസ്റ്റ് തടയാൻ ശ്രമിച്ച സർവകലാശാലയിലെ 100 ലധികം വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

source : REUTERS

സ്പാനിഷ് യുവജനതയ്ക്കും തൊഴിലാളികൾക്കുമെതിരായ യുദ്ധപ്രഖ്യാപനമാണ് പാബ്ലോ ഹസലിന്റെ അറസ്റ്റ് എന്ന് പ്രതിഷേധക്കാർ പറയുന്നു. കാലങ്ങളായി അധികാരത്തിലിരിക്കുന്ന അടിച്ചമർത്തൽ ഭരണകൂടത്തിനും അത് നിലനിർത്തുന്ന ചൂഷണ മുതലാളിത്ത വ്യവസ്ഥയ്‌ക്കുമെതിരെ തെരുവിലിറങ്ങേണ്ട സമയമാണിത്. അടിച്ചമർത്തലിന് വിപ്ലവത്തിന്റെ ചരിത്ര പ്രക്രിയയെ തടയാൻ ഒരിക്കലും കഴിയില്ല എന്ന, ജയിലിൽ വെച്ച് മരണപ്പെട്ട കവി മിഗുവൽ ഫെർണാണ്ടസിന്റെ വാക്കുകൾ ഓർമപ്പെടുത്തി, സ്പാനിഷ് ജനത മരണം വരെയും അടിച്ചമർത്തലിനെതിരായ പോരാട്ടം തുടരുമെന്നും പ്രതിഷധക്കാർ പറയുന്നു.

സ്പെയിനിലെ മുൻ രാജാവിനെ വിമർശിച്ചുള്ള ഗാനങ്ങൾക്കും 2014 നും 2016 നും ഇടയിൽ പോസ്റ്റ് ചെയ്ത 64 ഓളം ട്വീറ്റുകൾക്കും, 2018 ൽ പാബ്ലോയെ കുറ്റക്കാരനായി കണ്ടെത്തി സുപ്രീം കോടതി ഒമ്പത് മാസത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ‘രാജാധികാരത്തിനും ഭരണകൂടത്തിനും എതിരെ പ്രവർത്തിക്കുക’, ‘ഭീകരതയെ മഹത്വവൽക്കരിക്കുക’ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സ്പെയിനിലെ ദേശീയ കോടതി (ഓഡിയൻസിയ നാഷനൽ) അദേഹത്തിന് ശിക്ഷ വിധിച്ചത്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ സ്പെയിന്‍ ഭരണകൂടം ചങ്ങലക്കിടുന്നു എന്ന് ഈ വിധിക്കുശേഷം ആക്ഷേപമുയര്‍ന്നിരുന്നു. ശിക്ഷ നടപ്പാക്കേണ്ട കാലാവധി കഴിഞ്ഞ വെള്ളിയാഴ്ചയോടെ അവസാനിച്ചു എന്ന് കാരണത്താലാണ് പോലീസ് പാബ്ലോയെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. പോലീസ് അറസ്റ്റ് ചെയ്യുന്ന വേളയിലും ജനങ്ങളോട് തെരുവിലിറങ്ങാനും ഭരണകൂടത്തിനെതിരെയുള്ള പോരാട്ടം തുടരാനും പാബ്ലോ ഹസൽ ആഹ്വാനം ചെയ്തിരുന്നു.

ബാഴ്സിലോണയിൽ ബുധനാഴ്ച രാത്രി നടന്ന പ്രതിഷേധത്തിൽ ‘പോലീസ് അതിക്രമങ്ങൾ അവസാനിപ്പിക്കുക’, ‘പാബ്ലോ ഹസലിനെ മോചിപ്പിക്കുക’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി പ്രക്ഷോഭകർ പ്രകടനം നടത്തി. ബാഴ്സിലോണയിലും സ്പെയിനിലും പലയിടങ്ങളിൽ പ്രതിഷേധക്കാരും പോലീസുകാരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. മുന്ന് ദിവസമായി നടക്കുന്ന പ്രതിഷേധങ്ങളിൽ സ്പെയിൻ ഒരു യുദ്ധക്കളമായി മാറി കഴിഞ്ഞു.

ചലച്ചിത്ര സംവിധായകൻ പെഡ്രോ അൽമോദവർ, ഹോളിവുഡ് താരം ജാവിയർ ബാർഡെം തുടങ്ങി ഇരുന്നൂറിലധികം കലാകാരന്മാരും പാബ്ലോയുടെ മോചനം ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു.