പാലക്കാട് ജില്ലയിൽ ക്വാറിവിരുദ്ധ പ്രവർത്തകനുനേരെ സിപിഎമ്മിന്റെ വധശ്രമം

പാലക്കാട് ജില്ലയിലെ ധോണിയിൽ മുൻ സിപിഎം പ്രവർത്തകനും ക്വാറിവിരുദ്ധപ്രവർത്തകനുമായ ശരത്തിനു നേരെ സിപിഎമ്മിന്റെ വധശ്രമം. ഇന്നലെ സിപിഎം രക്തസാക്ഷി കെ.സി ബാലകൃഷ്‌ണന്റെ രക്തസാക്ഷിദിനത്തോടനുബന്ധിച്ച് നടന്ന ഫുട്ബോൾ ടൂർണമെന്റ് ധോണിയിൽ നടക്കുമ്പോഴാണ് ശരത്തിനു നേരെ സിപിഎം പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്.

“ഫുട്ബോൾ ടൂർണമെൻ്റിൽ പുറത്ത് നിന്നുള്ളവരും കളിയ്ക്കാൻ ഇറങ്ങിയിരുന്നു. ഞങ്ങളുടെ പ്രദേശത്തുള്ള യുവാക്കളും ഒരു ടീമായി കളിയ്ക്കുന്നുണ്ടായിരുന്നു. രക്തസാക്ഷിദിന ത്തോടനുബന്ധിച്ച് നടത്തുന്ന ഫുട്ബോൾ ടൂർണമെന്റല്ലെ വേറെ വിഷയങ്ങളൊന്നും ഉണ്ടാകില്ല എന്ന വിശ്വാസത്തിന്റെ പുറത്ത് ആണ് ഞങ്ങളുടെ പ്രദേശത്തുള്ള യുവാക്കൾ കളിക്കാൻ ഇറങ്ങിയതും ഞാൻ കളികാണാൻ പോയതും. എഐവൈഎഫ് ധോണി മേഖല സെക്രട്ടറിയും മലയോരസമരസമിതിയുടെ കൺവീനറുമായ സഹിഷ്‌ണു അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ ഫുട്ബോൾ കളിയെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ഗാലറിയിൽ നിന്നുകൊണ്ട്.അതിനിടയിലേക്കു സിഐടിയു- ഡിവൈഎഫ്ഐ പ്രവർത്തകനും സിപിഎം പാർട്ടി മെമ്പറുമായ നവീൻ ആക്രോശിച്ച്കൊണ്ട് കയറി വരുകയും, നീയൊക്കെ എന്തിനാടാ ധോണിയിലേക്ക് വരുന്നത്.പ്രകോപനം ഉണ്ടാക്കാനാണോടാ വരുന്നേ.നീയൊന്നു ഇവിടെ വരേണ്ട ആവശ്യമില്ല എന്ന് പറഞ്ഞു കൊണ്ട് എഐവൈഎഫ് പ്രവർത്തകനായ സഹിഷ്ണുവിനെ ആക്രമിക്കാൻ തുടങ്ങി. തുടർന്ന് യുവാക്കൾ പിടിച്ചുമാറ്റുകയും പ്രശ്നം അവിടെ പറഞ്ഞു തീർത്ത് എല്ലാവരും പിരിയുകയുമായിരുന്നു. ആ സമയത്ത് ഞാനും അവിടെ ഉണ്ടായിരുന്നു. പ്രശ്നപരിഹാരത്തിനായി ഇടപെടുകയും ചെയ്തതിരുന്നു.” ശരത് പറയുന്നു.

”പക്ഷെ, വൈകിട്ട് ഫുട്ബോൾ സെമിഫൈനൽ തുടങ്ങുന്നതിന് കുറച്ചു മുൻപായി വടിവാളും കമ്പും മാരകായുധങ്ങളുമായി സിപിഎം പ്രവർത്തകർ വീണ്ടും പ്രശ്നമുണ്ടാക്കാൻ വരുകയായിരുന്നു. ഞങ്ങളിൽ ഭൂരിഭാഗം പേരും സിപിഎമ്മിൽ നിന്ന് പുറത്തുപോയവരാണ്, അവരുടെ രാഷ്ട്രീയ നയത്തോട് യോജിക്കാൻ പറ്റാതെ. അതുമാത്രമല്ല ഞാൻ ധോണി വനപ്രദേശത്തോട് ചേർന്ന് പ്രവർത്തിക്കുന്ന ക്വാറിക്കെതിരെ ജനകീയ സമരം നടത്തി എന്ന വ്യക്തിപരമായ വിദ്വേഷവും സിപിഎം പാർട്ടിക്ക് എന്നോടുണ്ട്. നമ്മളെല്ലാവരും തൊഴിലാളി സഖാക്കളാണ് പ്രശ്നങ്ങളൊന്നും വേണ്ട എന്ന് ഞാൻ അവരോട് പറഞ്ഞു കൊണ്ടിരിക്കുമ്പോൾ തന്നെ ആൾക്കൂട്ടത്തിനിടയിൽ എന്നെ തള്ളിയിട്ട് വടികൊണ്ടും കമ്പിക്കൊണ്ടും ഭീകര മർദ്ദനം അഴിച്ചുവിടുകയായിരുന്നു.അവിടെ കൂടിനിന്നവരെയും മർദ്ദിച്ചു.”

”തുടർന്ന് അവിടന്ന് മാറിനിൽക്കുകയായിരുന്ന എന്നെ പിറകിൽ നിന്ന് പ്രമോദ് എന്ന സിപിഎം പ്രവർത്തകൻ കമ്പികൊണ്ട് തലക്കടിക്കടിച്ചു വീഴ്ത്തുകയായിരുന്നു. സിപിഎമ്മിന്റെ പ്രവർത്തകനായ നവീൻ ആ സമയത്ത് എന്നെ നോക്കി പറഞ്ഞത്, നിയൊക്കെയാണ് ഇവിടെ പാർട്ടിക്കെതിരായി പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും നിന്നെ എന്ത് ചെയ്യണമെന്ന് ഞങ്ങൾക്കറിയാമെന്നുമാണ്. തീർക്കാൻ തീരുമാനിച്ചാൽ തീർക്കും എന്ന് ഭീഷണി മുഴക്കിയിട്ടാണ് അവർ പോയത്. ആ സമയത്ത് അവിടെ പോലീസ് എത്തുകയും ലാത്തിവീശി എല്ലാവരേയും ഓടിക്കുകയുമായിരുന്നു അവസാനം.” ശരത് പറയുന്നു.

പാലക്കാട് ജില്ല ഹോസ്പിറ്റലിൽ ചികിത്സ തേടിയ ശരത്തിൻ്റെ തലയിൽ അഞ്ചോളം തയ്യലുകളുണ്ട്. ഹോസ്പിറ്റലിൽ അഡിമിറ്റായതിനെ തുടർന്ന് ധോണിയിലെ ഹേമാംബിക നഗർ പോലീസ് സ്‌റ്റേഷനിൽ നിന്ന് പോലിസുകാർ എത്തി മൊഴി എടുത്തിരുന്നുവെങ്കിലും ഇതുവരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിട്ടില്ല.ധോണിയിൽ സിപിഎം അക്രമത്തിനെതിരെ ജനങ്ങൾ രോഷാകുലരാണ്.കുറെ വർഷങ്ങളായി ധോണിയിലും പരിസര പ്രദേശങ്ങളിലും ജനങ്ങൾക്കിടയിൽ സിപിഎമ്മിനെതിരായ വിമത വികാരം ഉയർന്നുവരുകയാണ്. കഴിഞ്ഞ തദ്ദേശസ്വയംഭരണ ഇലക്ഷനിൽ ധാരാളം പഞ്ചായത്തുകളിൽ സിപിഎമ്മിനെതിരായി മുൻ സിപിഎം പ്രവർത്തകർ മത്സരിച്ചിരുന്നു.