വേഷം മാറുന്ന കുടിലതകൾ

വിജിത്ത് വിജയൻ

പന്തീരങ്കാവ് യുഎപിഎ കേസിൽ വിചാരണ തടവിൽ കഴിയുന്ന വിജിത്ത് വിജയൻ 2014 ൽ വിദ്യാർത്ഥിയായിരിക്കെ യുഎപിഎ പോലുള്ള ഫാസിസ്റ്റ് നിയമങ്ങളെയും ഭരണകൂട ഭീകരതയെയും കുറിച്ച്, ‘നീതിയുടെ തട്ട് മുകളിലാണ് യുവർ ഓണർ’ എന്ന കോളേജ് മാഗസിനിലെഴുതിയ ലേഖനം.

നൂറ്റാണ്ടുകൾ നീണ്ടു നിന്ന ഫ്യൂഡൽ വ്യവസ്ഥിതിയുടെയും കൊളോണിയൽ വാഴ്ചയുടെയും തുടർച്ചയായിട്ടാണ് ഇന്ത്യാരാഷ്ട്രം പാർലമെന്ററി ജനാധിപത്യ വ്യവസ്ഥിതിക്ക് വഴി മാറുന്നത്. ഭാരതീയ സമൂഹത്തിന്റെ വികാസ പ്രക്രിയയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാതെയാണ് ഈ മാറ്റവും ഉണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ പോയ കാലത്തിന്റെ നിയന്ത്രിത ശക്തികൾ തന്നെയാണ് ഇപ്പോഴും നമ്മുടെ ഭരണതന്ത്രത്തെയും പൊതുബോധത്തെയും നിയന്ത്രിക്കുന്നത്. അവർ ജനാധിപത്യത്തിന്റെ മേലങ്കി അണിഞ്ഞുകൊണ്ടു പിൻവാതിലിലൂടെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനും സാമ്രാജ്യത്വ ഫ്യൂഡൽ ശക്തികൾക്ക് ഒരു പോലെ വിടുപണി ചെയ്യാനും വേണ്ടി നമ്മുടെ നീതിന്യായ സംവിധാനങ്ങളിൽ അവിശുദ്ധ ഇടപെടലുകൾ നടത്തിയതായി ചരിത്രം പരിശോധിച്ചാൽ കാണാൻ കഴിയുന്നതാണ്. ജനാധിപത്യ രാജ്യം എന്നു ഊറ്റം കൊള്ളുന്ന ഈ രാജ്യത്താണ് രണ്ട് വർഷം അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതെന്ന് ഓർക്കണം. എന്നാൽ നിയമപരിരക്ഷയോടെ അരങ്ങേറിയ ഒരു അടിയന്തരാവസ്ഥയിൽ ഒതുങ്ങി നിൽക്കുന്നതല്ല നമ്മുടെ രാജ്യത്തെ ഭരണകൂടവും അതിന്റെ നിയന്ത്രിത ശക്തികളും നടത്തിയ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ.ഭരണകൂടം ചിലരുടെ സ്വാർഥ താൽപര്യങ്ങൾക്കു വേണ്ടി ജനങ്ങളെ ചൂഷണം ചെയ്യുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന ജനകീയ പ്രതിരോധങ്ങളെ അമർച്ച ചെയ്യാൻ ജനാധിപത്യ സംരക്ഷണം എന്ന പേരിൽ പടച്ചുവിട്ട നിയമങ്ങൾ തന്നെയാണ് മേൽപറഞ്ഞ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള തെളിവ്.ഇന്ത്യയുടെ റിപ്പബ്ലിക് പ്രഖ്യാപനത്തിനു ശേഷം വന്ന പല നിയമങ്ങളും ജനാധിപത്യ വിരുദ്ധ കൊളോണിയൽ കാലത്തെ നിയമങ്ങളുടെ തുടർച്ചയോ ഭേദഗതിയോ ആണ്.ഇവയിൽ മിക്കവയും അതിന്റെ സംഹാര രൂപങ്ങൾ കൈക്കൊണ്ടിട്ടുണ്ട്.1957 ൽ രൂപീകൃതമായ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ ജനാധിപത്യ വിരുദ്ധമായി പിരിച്ചു വിട്ടത് നിയമസഹായത്തോടെ ആയിരുന്നല്ലോ. ജനങ്ങൾ തെരഞ്ഞെടുക്കുന്ന ഒരു ഗവണ്മെന്റിനെ അധികാര ഭൃഷ്ടരാക്കുന്നതിൽ എവിടെയാണ് ജനാധിപത്യം?

വിജിത്ത് വിജയൻ കോളേജിലെ വിദ്യാർത്ഥികൾക്കൊപ്പം (SFI യുടെ ഫേസ്ബുക്ക് പേജിൽ നിന്ന് )

1984ൽ പ്രഖ്യാപിക്കപ്പെട്ട TADA(Terrorist and disruptive Activities prevention act)നിയമം മനുഷ്യാവകാശ പ്രവർത്തകരുടെ എതിർപ്പിനെ തുടർന്ന് നിർത്തലാക്കുമ്പോഴേക്കും എഴുപതിനായിരത്തോളം മുസ്ലിം യുവാക്കളുടെ ജീവിതം ജയിലാഴികൾക്കുള്ളിലായി കഴിഞ്ഞിരുന്നു.ഇവരിൽ ബഹുഭൂരിപക്ഷവും നിരപരാധികളായിരുന്നു എന്ന് കാലം തെളിയിച്ചു.എന്നാൽ അതേ സമയം ബാബറി മസ്ജിദ് തകർത്ത ഒരു കർസേവകന്റെ പേരിലും ടാഡ പ്രയോഗിക്കുകയുണ്ടായില്ല. ഇതുപോലെ തന്നെ മറ്റൊന്നാണ് വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം അമേരിക്കയുടെ സമ്മർദ്ദ ഫലമായി നിർമ്മിക്കപ്പെട്ട POTA നിയമം ഇവിടെയും ഇരകളായത് അധസ്ഥിത വിഭാഗങ്ങളാണ്. ഗുജറാത്തിൽ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട രണ്ടായിരത്തിലധികം മനുഷ്യരെ കൂട്ടക്കുരുതി ചെയ്ത ഒരാൾക്ക്‌നേരെയും POTA പ്രയോഗിക്കപ്പെട്ടില്ല . കടുത്ത ജനകീയ പ്രതിഷേധങ്ങളെ തുടർന്ന് ഈ നിയമവും പിൻവലിക്കേണ്ടതായി വന്നിട്ടുണ്ട് എന്നതാണ്‌ വസ്തുത. ഭരണകൂടത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരായി ലോകശ്രദ്ധയാകർശിച്ച ഒരു സമരവും ഇന്ത്യയിൽ നടക്കുന്നുണ്ട്.

ഈറോം ചാനു ശർമിള എന്ന യുവതി നടത്തുന്നത് പത്ത് വർഷത്തിലധികം നീണ്ടു പോയിരിക്കുന്ന ഉജ്വല സത്യാഗ്രഹം ആണ്.1958 ൽ പാർലിമെന്റ് പാസാക്കിയ AFSPA എന്ന കരിനിയമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അവർ നടത്തുന്ന സമരം ഇന്നും തുടരുകയാണ്.കാശ്മീരിലും അഞ്ച് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന നിയമം കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. ആളുകൾക്ക് സംഘടിക്കാൻ കഴിയാത്ത, ഉച്ചത്തിൽ സംസാരിക്കാൻ കഴിയാത്ത നാട്ടിൽ ജനാധിപത്യം ഉണ്ടെന്ന് എങ്ങനെയാണ് പറയാൻ സാധിക്കുക ?

ജനകീയ പ്രതിഷേധങ്ങളെ തുടർന്ന് പാഴ്കഥയായ ടാഡയും പോട്ടയും ഇന്ന് തിരിച്ചു വന്നിരിക്കുകയാണ്.2008 ലെ മുംബൈ ഭീകരാക്രമണത്തെ തുടർന്ന് നിലവിലുണ്ടായിരുന്ന UAPA (unlawful activities prevention act) നിയമം പാർലിമെന്റിൽ ഭേദഗതി ചെയ്യുകയുണ്ടായി. വേണ്ടത്ര ചർച്ചകൾ കൂടാതെ 1967 ലെ നിയമത്തിലേക്ക്, മുമ്പ് ടാഡായിലും പോട്ടയിലും ഉണ്ടായിരുന്ന പല ക്ലോസുകളും കൂട്ടിച്ചേർത്തു മറ്റൊരു ജനാധിപത്യ വിരുദ്ധ നിയമം ചമക്കുകയാണുണ്ടായത്. രാജ്യത്തെ ഭീകരവാദത്തെയും തീവ്രവാദത്തെയും ചെറുക്കാനാണ് എന്ന പേരിൽ മുസ്ലിം വിഭാഗത്തിൽ പെട്ടവരെയും മാവോവാദികൾ എന്നാരോപണത്തിന്മേൽ ആദിവാസി-ദളിത് വിഭാഗത്തിൽ പെട്ടവരും ജനകീയ പോരാളികളും ഈ നിയമത്തിന്റെ ഇരകളായി. പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ബിനായക് സെൻ,സോണി സോറി എന്ന അധ്യാപിക,അബ്ദുൾ നാസർ മഅദനി തുടങ്ങിയവർ UAPA യുടെ ഇരകളായവരിൽ പ്രമുഖരാണ്. ആദിവാസി മേഖലയിലും ആരോഗ്യ രംഗത്തും പ്രശസ്തിയർജിച്ച ഡോ.ബിനായക് സെന്നിനെതിരെ ഉള്ള നിയമം മാവോയിസ്റ്റ് സാഹിത്യം കൈവശം വച്ചു എന്നതാണെത്രെ. ജനാധിപത്യ രാജ്യം എന്ന് അവകാശപ്പെടുന്നിത്തു വായന ഒരു കുറ്റമാവുന്നത് എങ്ങനെയാണ്? സത്യാന്വേഷണ പരീക്ഷണങ്ങൾ വായിക്കുന്നവരെല്ലാം ഗാന്ധിയന്മാരാണ് എന്നു വിധിക്കുമോ ഇവിടുത്തെ ഭരണകൂടം?ഛത്തീസ്ഗഡിലെ ആദിവാസി മേഖലയിൽ അധ്യാപികയായി പ്രവർത്തിക്കുന്ന ആളാണ് സോണി സോറി എന്ന ദളിത് യുവതി. മാവോ ബന്ധം ആരോപിച്ചു അറസ്റ്റ് ചെയ്യപ്പെട്ട ഇവർക്ക്‌ ജയിലറയിൽ അനുഭവിക്കേണ്ടി വന്ന പീഡനങ്ങൾ അസഹനീയമായിരുന്നു. തന്റെ യോനിയിൽ കരിങ്കൽ ചീളുകൾ കയറ്റിയ അങ്കിത് ഗാർഗി എന്ന ഉദ്യോഗസ്ഥന് വിശിഷ്ട സേവനത്തിനുള്ള ബഹുമതി നൽകി രാജ്യം ആദരിക്കുന്നത് കാണേണ്ടി വന്ന അവർക്ക് എന്ത് നീതിയാണ് നമ്മുടെ നീതിന്യായ വ്യവസ്‌ഥ വിഭാവനം ചെയ്തത്? കോയമ്പത്തൂർ സ്‌ഫോടന കേസിൽ പ്രതി ചേർക്കപ്പെട്ട അബ്ദുൾ നാസർ മഅദനി നീണ്ട ഒൻപത് വർഷത്തെ കരാഗൃഹ വാസത്തിന് ശേഷമാണ് കുറ്റക്കാരനല്ല എന്ന വിധിയുണ്ടാവുന്നത്. എന്നാൽ അതിനു ഇപ്പോൾ വീണ്ടും അദ്ദേഹത്തെ ബാംഗ്ളൂർ സ്ഫോടന കേസിൽ പ്രതി ചേർത്തിരിക്കുന്നു.സാധാരണ നിയമനുസരിച്ചു കസ്റ്റഡിയിൽ വക്കാൻ തെളിവുകളില്ലാത്ത കേസിൽ UAPA ചുമത്തിയാണ് അദ്ദേഹത്തെ ജയിലിൽ അടച്ചിരിക്കുന്നത്. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ പക്ഷെ അത് തെളിയിക്കപ്പെടേണ്ടതാണ്.എന്നാൽ അതിനു പകരം വിചാരണ തടവുകാരനായി വർഷങ്ങളോളം ജയിലിൽ പാർപ്പിക്കുക എന്നത് ജനാധിപത്യ വിരുദ്ധമാണ്, അതേസമയം തന്നെ മക്കാ മസ്ജിദ്, അജ്മീർ ,മാലേഗാവ്, സംജോത എക്സ്പ്രെസ് എന്നിവിടങ്ങളിൽ നടന്ന സ്‌ഫോടന കേസിലെ പ്രതികൾക്ക് നേരെ UAPA പ്രയോഗിക്കുകയുണ്ടായില്ല. അപ്പോൾ ഒരു നാട്ടിൽ തന്നെ രണ്ട് നീതിയാണ് എന്നത് വ്യക്തമാണ്. ഇത് നിശ്ചയമായും എതിർക്കപ്പെടേണ്ടതാണ്.

UAPA എന്തുകൊണ്ട് എതിർക്കപ്പെടണം ?

മുൻപ് പറഞ്ഞ പോലെ 2008 ലെ ഭേദഗതിയാണ് UAPA അപകടകരമായി മാറുന്നത്.സാധാരണ ഇത്തരം ആഭ്യന്തര സുരക്ഷാ നിയമങ്ങൾ പ്രത്യേക സമയത്തേക്ക് ഉള്ളതാവാനാണ് പതിവ് എന്നാൽ UAPA സ്ഥിരം നിയമമാണ്. രാജ്യത്തെ സാധരണ നിയമനുസരിച്ചു ഒരു പൗരനെ 24 മണിക്കൂറിൽ കൂടുതൽ ജയിലിൽ വക്കാനാവില്ല എന്നാൽ കുറ്റവാളിയാണ് എന്നു സംശയമുണ്ടെങ്കിൽ അത് നിയമാനുസൃതം കോടതിയെ ബോധ്യപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങാൻ അഭ്യർത്ഥിക്കാവുന്നതാണ്. കോടതിക്ക് കേസിന്റെ ഗൗരവം അനുസരിച്ച് ജാമ്യത്തിൽ വിടുകയോ പരമാവധി 90 ദിവസം വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വെക്കുകയോ ചെയ്യാം.കസ്റ്റഡി കാലവധിയിൽ തന്നെ പ്രതി എന്ന് ആരോപിക്കപ്പെടുന്നയാൾക്ക് മേൽകോടതിയെ സമീപിക്കാനോ കൃത്യമായ ചാർജ് ഷീറ്റിന്റെ അഭാവത്തിൽ സ്വതന്ത്രനാവാനോ സാധിക്കും എന്നാൽ UAPA നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന ഒരു വ്യക്തിക്ക് ജാമ്യം നിഷേധിക്കാൻ വളരെ എളുപ്പമാണ്. എത്ര കാലം വേണമെങ്കിലും ആ വ്യക്തിയെ വിചാരണ തടവുകാരനായി തെളിവുകളുടെ അഭാവത്തിലും ജയിലിൽ പാർപ്പിക്കാം. സാക്ഷികൾ ആരാണ് എന്നോ,കേസിന്റെ ചാർജ് എന്താണ് എന്നോ പോലും പ്രതിക്ക് അറിയാൻ അവകാശം ഉണ്ടാവില്ല. ഏത് ഉയർന്ന ഉദ്യോഗസ്ഥനും വെറും കിംവദന്തികൾ മാത്രം ഉപയോഗിച്ച് ആരെയും തടവിലാക്കാം എന്നതിനെ നാം ഭയക്കേണ്ടതുണ്ട്. ഭരണകൂടത്തിന്റെ അനിഷ്ടത്തിനു പാത്രമാകുന്ന ആരും ഇതിന്റെ ഇരകളാവാം. ഏത് സംഘടനയെ വേണമെങ്കിലും നിരോധിക്കാം.ഭരണഘടന ഉറപ്പ് തരുന്ന സംഘടനാ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ഈ നിയമം വിലങ്ങുതടിയാണ്. നിയമം പ്രയോഗിക്കുന്നതിലുള്ള വിവേചനപരമായ നടപടികൾ എല്ലായിപ്പോഴും നീങ്ങുന്നത് ന്യൂനപക്ഷ ദളിത് വിഭാഗങ്ങൾക്ക് നേരെയാണ് എന്നതും ഗൗരവപൂർവം കാണേണ്ടതുണ്ട്. ഛത്തീസ്ഗഡിലും ബീഹാറിലും മൈനിങ് കമ്പനികൾക്കെതിരെ ആദിവാസികൾ നടത്തുന്ന സമരത്തിനെതിരെ വരെ പ്രയോഗിക്കപ്പെട്ട ഈ നിയമം ജനാധിപത്യ സമരത്തിനെതിരെ പോലും പട്ടാളത്തെ വിന്യസിക്കുന്ന ഭരണകൂടം നമുക്കിടയിലും പ്രയോഗിക്കും എന്ന് തീർച്ചയാണ്. റിപ്പബ്ലിക് പ്രഖ്യാപനത്തിനു ശേഷവും ബാഹ്യ ഇടപെടലുകളിൽനിന്ന് വിമുക്തമല്ലാത്ത ഈ രാജ്യത്തിലെ ഓരോ നിയമങ്ങളും അധസ്ഥിത വിഭാഗങ്ങൾക്ക് മാത്രം സംവരണം ചെയ്യപ്പെടുമ്പോഴും ചിലർ ജനാധിപത്യം, ദേശീയത എന്നീ സവിശേഷ പദങ്ങളെ ഉപയോഗിച്ച് സ്വന്തം നഗ്നത മറക്കാൻ ശ്രമിക്കുകയാണ്. ജനാധിപത്യം എന്നത് ജനങ്ങൾക്കു മേലുള്ള ആധിപത്യമായി കാണുന്നവർ നാടുഭരിക്കുമ്പോൾ പുത്തൻ ജനാധിപത്യത്തിനായുള്ള പോരാട്ടം ശക്തിപ്പെടുത്തേണ്ടതുണ്ട്. തുടക്കം വിശ്വപൗരന്മാർ അധിവസിക്കുന്ന നമ്മുടെ ക്യാമ്പസുകളിൽ നിന്നുതന്നെയാകട്ടെ…

2014-15 കാലയളവിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറായിരുന്ന അബ്ദുൾ സലാമിൻ്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കെതിരെ യൂണിവേഴ്സിറ്റി കവാടത്തിൽ നടന്ന പ്രക്ഷോഭ സമരത്തിനിടയിൽ.പ്രസ്തുത സമരവുമായി ബന്ധപ്പെട്ട കേസിൽ വിജിത്ത് വിജയൻ 14 ദിവസം കോഴിക്കോട് സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്നു.