ഫ്രാൻസിസ് ഇട്ടികോരയും കേരളസമൂഹവും

അഡ്വ.ഖലീൽ ബിൻ റഫീക്ക്

ഹിംസയിൽ തുടങ്ങി തത്വശാസ്ത്രത്തിൽ ചെന്നവസാനിക്കുന്ന ടി.ഡി.രാമകൃഷ്ണന്റെ ‘ഫ്രാൻസിസ് ഇട്ടികോര’ ചർച്ച ചെയ്യാത്ത വിഷയങ്ങൾ ഇല്ല. മനുഷ്യന്റെ സഹജമായ സ്വഭാവം ഹിംസയാണ്. പ്രധാനമായും മനുഷ്യനെ നയിക്കുന്നത് രണ്ടു വികാരങ്ങൾ ആണ്. വിശപ്പും കാമവും. ബാക്കിയെല്ലാം അവന്റെ വിശപ്പിനെയും കാമത്തെയും തൃപ്തിപ്പെടുത്താൻ അവന്റെ ഉള്ളിൽ കണ്ടെത്തിയവയാണ്. ആഗ്രഹം, പ്രണയം, ശത്രുത, അസൂയ, വെറുപ്പ് എല്ലാം. വിശപ്പ് അവനു സ്വയം സർവൈവ് ചെയ്യാനും, കാമം അവന്റെ സ്പീഷിസിനെ നിലനിർത്താനും. ഇതു തന്നെയാണ് ഫ്രാൻസിസ് ഇട്ടികോരയിലൂടെ കഥാകൃത്തും സമർത്ഥിക്കുന്നത്. തന്റെ നഷ്ടപെട്ട ലൈംഗിക ശേഷി നേടിയെടുക്കാൻ പുറപ്പെടുന്ന ഫ്രാൻസിസ് ഇട്ടികോരയുടെ പിന്മുറക്കാരൻ സേവ്യർ ഇട്ടികോര. അയാളെ തൃപ്തിപ്പെടുത്താനും പണം നേടാനും ശ്രമിക്കുന്ന ‘ദി സ്‌കൂൾ’. സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി മാത്രം അവരെ സഹായിക്കുന്ന കുറേപേർ. ഗണിതം, ചരിത്രം, ശാസ്ത്രം, കച്ചവടം, തത്വശാസ്ത്രം, രാഷ്ട്രീയം അങ്ങനെ എല്ലാ മേഖലകളിലും പാണ്ഡിത്യമുള്ള ഫ്രാൻസിസ് ഇട്ടികോരയെ വെറുതെ പരിചയപ്പെടുത്തുന്നതിനു പകരം ഇട്ടികോര എങ്ങിനെ കോരപാപ്പൻ ആയി എന്ന അന്വേഷണവും കണ്ടെത്തലുകളുമാണ് കഥയെങ്കിലും ഗണിത ശാസ്ത്ര തിയറികളും ചരിത്ര രാഷ്ട്രീയ സംഭവങ്ങളും കൂട്ടി ഇണക്കി യാഥാർഥ്യത്തെ വെല്ലുന്ന രീതിയിൽ നിർമിച്ചെടുത്ത ഒരു എപിക് ആണ് ഫ്രാൻസിസ് ഇട്ടികോര.

കഥ ഒരാളുടെ മാത്രം കാഴ്ചപ്പാടിൽ നിർത്താതെ എല്ല കഥാപാത്രങ്ങളുടെയും അവരുടെ കണ്ടെത്തലുകളെയും വായനക്കാരൻ യഥാസമയം അറിയുന്ന ആഖ്യാന രീതി. അവസാന ഭാഗത്ത് ഇന്നത്തെ കേരളസമൂഹത്തിന്റെ പിന്തിരിപ്പൻ മനോഭാവവും നമ്മൾ ബാക്കി ലോകരാഷ്ട്രങ്ങളെ അപേക്ഷിച്ചു ഒരു സമൂഹം എന്ന നിലയിൽ എത്ര പിന്നിലാണ് എന്ന യാഥാർഥ്യവും ബോധവും കഥയോടൊപ്പം നിന്നുകൊണ്ട് തന്നെ വിശദീകരിക്കുന്നു. അവസാന ഭാഗത്തെ ഫിലോസോഫിയിൽ യാദൃചികതകളെ പറ്റിയും ജീവിതത്തിൽ നടക്കുന്ന ഓരോ സംഭവങ്ങളും ഒരാളുടെ ജീവിതം എങ്ങിനെയൊക്കെ മാറ്റിമറിച്ചേക്കാം എന്നതിനെ പറ്റിയും പറഞ്ഞു നോവൽ അവസാനിപ്പിക്കുമ്പോൾ ഓരോ മനുഷ്യനും തന്റെ കഴിഞ്ഞു പോയ ജീവിതത്തെ പറ്റിയും എടുത്ത തെറ്റായ തീരുമാനങ്ങളെ പറ്റിയും ഉറപ്പായും ചിന്തിച്ചിരിക്കും.

ഒരു പാട്രിയാർക്കിയൽ സമൂഹത്തിൽ തന്റേതായ നിലപാടുകൾ ഉയർത്തിപ്പിടിച്ച് തനിക്കേറ്റവും ഇഷ്ടപെട്ട ഗവേഷണവും അദ്ധ്യാപനവും നടത്തുന്ന ഹൈപേഷ്യ നോവലിലെ ചർച്ച ചെയ്യപ്പെടേണ്ട കഥാപാത്രമാണ്. ‘സ്വതന്ത്ര ലൈംഗികത’ ആ പദം തന്നെ ഒരു വിരോധാഭാസമാണ്. തനിക്കിഷ്ടപെട്ട ആളുടെ കൂടെ ലൈംഗിക ബന്ധത്തിലേർപെടാൻ പ്രത്യേക സ്വാതന്ത്ര്യം വേണമെന്ന് കരുതുന്നത് തന്നെ ഇന്നത്തെ ഇന്ത്യൻ സമൂഹം എത്ര പിന്തിരിപ്പൻ ആണെന്നതിനുള്ള അടയാളമാണ്. ബ്രിട്ടീഷ് കോളനിവത്കരണത്തിനും രാജഭരണത്തിനും മുൻപ് കേരളത്തിൽ സമൂഹം ആകെ തന്നെ മേട്രീയാർകൽ ആയിരുന്നു എന്ന് വേണം കരുതാൻ. ജാതി വ്യവസ്ഥ നിലവിൽ വരുന്നതിനു മുൻപ് സ്ത്രീകൾക്കു സ്വന്തം ഇണയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും മരുമക്കത്തായ സംവിധാനവും എല്ലാം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇന്നും അട്ടപ്പാടിയിലെയും മറ്റും ആദിവാസി ഊരുകളിൽ സ്ത്രീകൾക്കു തന്റെ ഇണയെ തിരഞ്ഞെടുക്കാനും അവരുടെ ഒപ്പം താമസിക്കാനും ആരുടെയും അനുവാദം വേണ്ട. രാജഭരണവും ബ്രിട്ടീഷ് ആധിപത്യവും അതിനു ശേഷമുള്ള ബ്രഹ്മണിക്കൽ ചിന്താരീതിയുമാണ് ഇന്ത്യയെ ആകെ തന്നെയും കേരളത്തെയും ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ എത്തിച്ചത്. ഹൈപേഷ്യ ക്രിസ്തു സഭയെ സംബന്ധിച്ചിടത്തോളം പാഗനും അവരുടെ വിശ്വാസങ്ങൾക്കെതിരെ നിൽക്കുന്ന പുരുഷന്മാരെ, എന്തിനു അവരുടെ ഭരണാധികാരിയെ പോലും വശീകരിക്കുന്ന ദുർമന്ത്രവാദിനിയും മാത്രമായിരുന്നു. എന്നാൽ ജ്യോതിശാസ്ത്രത്തിലും ഗണിതത്തിലും ഗവേഷണം ചെയ്തിരുന്ന അവർ നിലവിൽ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ളതിൽ ആദ്യത്തെ വനിതാ ശാസ്ത്ര ഗവേഷകയാണ്. തികച്ചും സ്വകാര്യമായ ലൈംഗിക ജീവിതത്തിൽ ഇഷ്ടമുള്ള പുരുഷനെ വിളിച്ചു വരുത്തി ആസ്വദിച്ചിരുന്ന അവർ വിവാഹം എന്ന ഇൻസ്റ്റിട്യൂഷനിൽ വിശ്വസിച്ചിരുന്നില്ല. ഇതൊക്കെ ക്രിസ്ത്യൻ സഭയെ ചൊടിപ്പിച്ചതിൽ അത്ഭുതപ്പെടാനില്ല. ഒരുപാട് ശാസ്ത്രജ്ഞരോട് ചെയ്തത് പോലെ തന്നെ ഹൈപേഷ്യയെയും സഭ കല്ലെറിഞ്ഞു കൊല്ലുകയാണുണ്ടായത്. ഫ്രാൻസിസ് ഇട്ടികോരയിലൂടെ പിന്നീട് പല സ്ഥലങ്ങളിലും ഹൈപേഷ്യൻ സ്‌കൂളുകൾ നടന്നതായും ഇട്ടികോര അവയിൽ ഒന്നിൽ പഠിപ്പിച്ചിരുന്നതായും പറയുന്നു.

സത്യത്തിൽ ലോകത്തുള്ള മറ്റു പ്രവാചകന്മാരെ പോലെ തന്നെ ഒരു മതമല്ലേ ഇട്ടികോരയും സ്ഥാപിച്ചത് ? അവരിൽ നിന്നും വ്യത്യസ്തമായി ശാസ്ത്രത്തിലും ഗണിതത്തിലും ഹൈപേഷ്യൻ തത്വശാസ്ത്രത്തിലും അടിസ്ഥാനപ്പെടുത്തി ഒരു ജീവിതക്രമവും ഇട്ടികോര ഉണ്ടാക്കിയെടുത്തു. മറ്റു പ്രവാചകന്മാരെ പോലെ ഇതു ദൈവത്തിൽ നിന്നുള്ളതാണ് എന്ന നുണയൊന്നും പറഞ്ഞതുമില്ല. സ്വർഗ്ഗവും നരകവും എല്ലാം ഈ ഭൂമിയിൽ തന്നെയാണ്, കച്ചവടം ചെയ്തു പണമുണ്ടാക്കുക, ജീവിതമാഘോഷമാക്കുക എന്നു തുടങ്ങുന്ന ഇട്ടിക്കോരയുടെ സുവിശേഷം മറ്റു മതങ്ങളിലേതു പോലെ തന്നെ തെറ്റിദ്ധരിപ്പിക്കപ്പെടുകയും പുരോഗമനമില്ലാതെ ജീർണിക്കുകയും ചെയുന്നു.ഹൈപേഷ്യൻ വിദ്യാഭ്യാസത്തിലൂടെ ഗണിതവും ജ്യോതിശാസ്ത്രവുമെല്ലാം ഉപയോഗിച്ചു അന്ധവിശ്വാസങ്ങളെ ചെറുത്ത ഇട്ടികോര പിന്നീട് അന്ധവിശ്വാസങ്ങളുടെ ഐക്കൺ ആയി മാറുന്നതാണ് നാം കാണുന്നത്. ഹൈപേഷ്യയെ മറന്ന ഇട്ടികോരയുടെ പിന്മുറക്കാർ ശാസ്ത്രജ്ഞരെയും ചരിത്രകാരന്മാരെയും വേട്ടയാടുന്നതാണ് നാം കാണുന്നത്.

source: പെയിന്റർ കാറോളിൻ ലെഗ്രാൻഡ്

രേഖ എന്ന ‘ദി സ്കൂൾ’ നടത്തുന്ന ആർട്ട് ഓഫ് ലവ് പഠിപ്പിക്കുന്ന ചരിത്ര അധ്യാപികയെ ഈ സമൂഹം ആക്രമിക്കുന്നത് മതത്തിന്റെയും സദാചാരത്തിന്റെയും ഇടുങ്ങിയ ചിന്താഗതി ഉപയോഗിച്ചാണ്. ഈ ഭൂമിയിൽ ഒരു മനുഷ്യൻ ചെയ്യുന്ന പ്രവൃത്തി നിങ്ങളുടെ സ്വാതന്ത്ര്യത്തെയോ സ്വകാര്യതയെയോ ഹനിക്കാത്തിടത്തോളം അതിനെ ചോദ്യം ചെയ്യാനോ വിമർശിക്കാനോ നിങ്ങൾക്ക് യാതൊരവകാശവുമില്ല. ഒരു വ്യക്തിയുടെ പേർസണൽ സ്പേസ് എന്താണ് എന്ന് കൃത്യമായി മനസിലാക്കി അതിൽ കൈ കടത്താതെ ഇരിക്കുന്നതാണ് യഥാർത്ഥ സ്വാതന്ത്ര്യ ബോധം. നിങ്ങളുടെ പേർസണൽ സ്പേസ് നിങ്ങൾ തന്നെയാണ് നിശ്ചയിക്കുന്നത് അല്ലാതെ സമൂഹം അല്ല. ഈ പേർസണൽ സ്പേസിൽ കയറാൻ നിങ്ങളുടെ സുഹൃത്തുകൾക്കോ ബന്ധുകൾക്കോ എന്തിന് മാതാപിതാക്കൾക്കോ പോലും അനുവാദമില്ല. തിരിച്ചും അങ്ങിനെ തന്നെയാണ്. മറ്റൊരാളുടെ പേർസണൽ സ്പേസ് നിങ്ങളും മാനിക്കണം. കേരളത്തിൽ വാർത്തകൾ ഉണ്ടാകുന്ന രീതിയും അതു ചർച്ച ചെയ്യപ്പെടുന്ന രീതിയും തികച്ചും അപമാനകരമാണ്. ഉദാഹരണത്തിന് ഏതെങ്കിലും ക്രിമിനൽ കേസിൽ, പ്രതിപ്പട്ടികയിൽ ഒരു സ്ത്രീ ഉണ്ടെങ്കിൽ മാധ്യമങ്ങളും സമൂഹവും അതിനെ നോക്കിക്കാണുന്ന രീതി. രേഖയെ മാധ്യമവിചാരണ ചെയ്യുന്നതും അവരുടെ നഗ്നചിത്രങ്ങൾ പ്രസിദ്ധികരിച്ചു അവരെ മോശം സ്ത്രീ എന്ന് വരുത്തി തീർക്കാനുള്ള ശ്രമവും, ഇന്നത്തെ കേരളത്തിലെ മാധ്യമപ്രവർത്തനത്തിന്റ മറ്റൊരു മുഖത്തെ തുറന്നു കാട്ടുന്നു.

ലൈംഗികതയ്ക്ക് മനുഷ്യജീവിതത്തിൽ എത്രമാത്രം സ്വാധീനം ഉണ്ടെന്നു കൃത്യമായി തന്നെ ഫ്രാൻസിസ് ഇട്ടികോരയിൽ ചർച്ച ചെയ്യപ്പെടുന്നു. തന്റെ നഷ്ടപ്പെട്ടു പോയ ലൈംഗിക ശേഷി തിരിച്ചു പിടിക്കാനാണ് സേവ്യർ ഇട്ടികോര പുറപ്പെടുന്നത്. അവിടെ നിന്നാണ് അന്വേഷണം ഇട്ടികോരയിലേക്കും പതിനെട്ടാം കൂറ്റുകരിലേക്കും നീളുന്നതും സേവ്യർ കൊല്ലപ്പെടുന്നതും. അതു പോലെ തന്നെ താൻ സ്നേഹിച്ചിരുന്ന പെണ്ണിനെ വിവാഹം കഴിക്കാനാകാതെ വരുമ്പോഴാണ് യുകിക്കോ മിഷിമയുടെ രാഷ്ട്രീയവും തത്വചിന്തയും മാറി പോകുന്നതും പിന്നീട് അയാൾ ആത്മഹത്യ ചെയ്യുന്നതും. കേരളത്തിലെ ആൺസമൂഹം ഇന്നും കടുത്ത ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. അതു അവരുടെ ചിന്തയിലും സദാചാര ബോധത്തിലും, അന്യന്റെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കാൻ കാണിക്കുന്ന ത്വരയിലും കൃത്യമായി കാണാം. ലൈംഗികതയെ പറ്റി തുറന്നു ചർച്ച ചെയ്യപ്പെടാതെ ഇരിക്കുകയും വിവാഹമെന്ന പ്രസ്ഥാനത്തിനപ്പുറത്തേക്ക് അതിനെ കാണാൻ കഴിയാതെ വരികയും ചെയുന്ന കാലത്തോളം ഇതെല്ലാം തുടരുക തന്നെ ചെയ്യും.