നീതി നിഷേധിക്കപ്പെട്ടാണ് കാഞ്ചൻ നന്നാവരെ മരണപ്പെട്ടത് ; ഷോമ സെൻ

മൊഴിമാറ്റം:ശബാന നസ്‌റിൻ

ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് അടുത്ത ആറ് മാസത്തേക്ക് ബോംബെ കോടതി വിപ്ലവ കവി വരവരറാവുവിന് കുടുംബത്തോടൊപ്പം കഴിയാനും ആരോഗ്യം സംരക്ഷിക്കുന്നതിനുമായി ജാമ്യം അനുവദിച്ചിരുന്നു.എന്നാൽ, കാഞ്ചൻ അത്ര ഭാഗ്യവതിയായിരുന്നില്ല.

ഭീമ കൊറേഗാവ് കേസിൽ കുറ്റം ചുമത്തപ്പെട്ട് നിരവധി അസുഖങ്ങളോട് പൊരുതി തടവിൽ കഴിഞ്ഞതിനാൽ ഷോമ സെൻ ഇതിന്റെ യഥാർത്ഥ വശം മനസ്സിലാക്കിയിട്ടുണ്ട്.

ഇതേ യർവാദ ജയിലിൽ ഇതേ കേസിൽ തന്നെ കൂട്ട് പ്രതിയായ നന്നാവരെയുടെ ഭർത്താവിനോട് ഇവരുടെ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള അനുമതി വാങ്ങിക്കുകയോ അതിനെപ്പറ്റി സംസാരിക്കുകയോ ചെയ്തില്ല, കാരണം അത് തീർച്ചയായും സംശയം ഇല്ലാത്ത വിധം അപകടകരമായിരുന്നു. മതിയായ ചികിത്സ കിട്ടാത്ത അവസ്ഥ ഉണ്ടായിരുന്നോ എന്നതിനെ സംബന്ധിച്ച് ഒരു ജുഡീഷ്യൽ അന്വേഷണം നടത്തിയാൽ മാത്രേമേ അത് മനസ്സിലാക്കാനാവൂ. ഇവിടെ ഒരു കാര്യം ഉറപ്പിച്ചു പറയാം അവരുടെ ഭർത്താവിനെപ്പോലും വിവരങ്ങൾ അറിയിക്കാതിരുന്നത് കൃത്യമായും ജയിൽ അധികൃതർ നടത്തിയ നിയമലംഘനമാണ്.

കാഞ്ചൻ നന്നാവരെ

അവരുടെ മെഡിക്കൽ ജാമ്യവുമായി ബന്ധപ്പെട്ട് ബോംബെ കോടതിയിൽ വാദിച്ചത് സീനിയർ അഭിഭാഷകരായ ഗായത്രി സിങ്ങും, അംഗീത് കുൽകർണിയും പൂനെ പ്രത്യേക കോടതിയിലെ അഭിഭാഷകരായ രോഹൻ നഹാർ, രാഹുൽ ദേശ്മുഖ്, പാർത് ഷാ എന്നിവരും ചേർന്നായിരുന്നു.

എൽഗർ പരിഷത്ത് കേസ് മാധ്യമ ശ്രദ്ധ നേടുകയും നിരവധി മാധ്യമ പ്രവർത്തകർ ഇതിനെപ്പറ്റി എഴുതുകയും ഈ കേസിലെ കാഫ്കേൻ (അങ്ങേയറ്റം അസുഖകരമായ, ഭയപ്പെടുത്തുന്ന, ആശയക്കുഴപ്പമുണ്ടാക്കുന്ന, ഫ്രാൻസ് കാഫ്കയുടെ നോവലുകളിൽ വിവരിച്ചിരിക്കുന്ന സാഹചര്യങ്ങൾക്ക് സമാനമയത്.) അസംബന്ധമായ സാഹചര്യങ്ങൾ പുറംലോകത്തെ ഞെട്ടിക്കുകയും ചെയ്ത സമയത്ത് പൂനെ വനിതാ ജയിലിൽ ഒരു രാഷ്ട്രീയ തടവുകാരി അനാരോഗ്യം മൂലം കടുത്ത ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും ഫെബ്രുവരി ആദ്യത്തിൽ മരണപ്പെടുകയും ചെയ്യുകയുണ്ടായി.

കാഞ്ചൻ നന്നാവേര

ധീരയായ ഒരു പ്രവർത്തകയായിരുന്നു കാഞ്ചൻ നന്നാവേര.അർബൻ നക്സൽ എന്ന പുതിയ ലേബലിൽ 2018 ജൂണിൽ ഞാൻ പൂനെയിലെ യർവാദ ജയിലിൽ വന്ന സമയത്ത് ജയിലിലെ മറ്റ് സഹ തടവുകാർ കഴിഞ്ഞ നാല് വർഷമായി ഇവിടെ കാഞ്ചൻ നന്നാവേര എന്ന ഒരു നക്സൽ തടവുകാരി ഉണ്ടെന്ന് എന്നോട് പറയുകയുണ്ടായി.

തുടക്കത്തിൽ, വധ ശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ പ്രത്യേക സെല്ലിൽ നന്നാവേരയെ അടച്ചതുകൊണ്ട് അവര് വളരെയധികം ബുദ്ധിമുട്ടുകയുണ്ടായി.അവരുടെ ജനലിന് പുറത്ത് ഡി‌ ഡി‌ റ്റി കീടനാശിനി തളിക്കുന്നത് കാരണം ശ്വാസ തടസ്സം കൂടുതലാവുകയും അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശേഷം അവരെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. കാഞ്ചന് മറ്റുള്ളവരുമായി ഇടപഴകാൻ അവസരം കിട്ടിയതോടെ ഉപദേശങ്ങൾ തേടാനും അപേക്ഷകൾ എഴുതലും മറ്റുമൊക്കെയായി അവർ ഏറ്റവും ജനപ്രിയ തടവുകാരിൽ ഒരാളായി മാറുകയും ജയിൽ ഉദ്യോഗസ്ഥർക്ക് പോലും കാഞ്ചനോട് അനുകമ്പ തോന്നാനും തുടങ്ങിയിരുന്നു.

വാട്ടർ ടാപ്പിനടുത്ത് വെച്ചാണ് ഞാൻ കാഞ്ചനെ ആദ്യമായി കാണുന്നത്. നീളം കുറഞ്ഞ, മെലിഞ്ഞ പ്രകൃതമുള്ള വളരെ ചെറുതാക്കി മുറിച്ച മുടിയും മുഖത്ത് ഭംഗിയുള്ളതും, ധീരതയോടെയുമുള്ള ഭാവവുമുള്ള ഒരാൾ. പരസ്പരം സംസാരിക്കാൻ ഞങ്ങൾക്ക് അനുവാദമുണ്ടായിരുന്നില്ല, ജയിലർ ഞങ്ങളെ വിലക്കിയിരുന്നു.അതുകൊണ്ട് തന്നെ ആരും കാണാതെ ചെറുതായിട്ട് മാത്രമാണ് ഞങ്ങൾ സംസാരിച്ചിട്ടുള്ളത്.

അരുൺ ബെൽക്കെ, കാഞ്ചൻ നന്നാവരെ

ഏഴോ എട്ടോ വയസ്സുള്ളപ്പോൾ കാഞ്ചന്റെ ഹൃദയത്തിൽ ഒരു ദ്വാരമുണ്ടായിരുന്നു പക്ഷേ, അത് ഒരു വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തകയാകുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിക്കുകയോ മാവോയിസ്റ്റ് രാഷ്ട്രീയ പ്രവർത്തനത്തിന് തടസ്സമാവുകയോ ചെയ്തില്ല.ഒരു പ്രൊഫഷണൽ വിപ്ലവകാരി. ഗോവറികൾക്കൊപ്പം പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടാത്ത മാന സമുദായത്തിൽ നിന്നുമായിരുന്നു കാഞ്ചന്റെ വരവ്.

അവരുടെ അച്ഛൻ ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നതിനാൽ, ബല്ലർഷയിലും ചന്ദ്രപൂരിലുമായിട്ടായിരുന്നു കാഞ്ചന്റെ വിദ്യാഭ്യാസം.അവർക്ക് ഇംഗ്ലീഷ് വളരെ ചെറുതായി സംസാരിക്കാൻ കഴിയുമായിരുന്നു. പഠന കാലത്ത് പരിചയപ്പെട്ട അരുൺ ഭെൽക്കെ എന്ന സഖാവിനെയാണ് അവർ വിവാഹം ചെയ്തത്. അവരുടെ രാഷ്ട്രീയ ലക്ഷ്യവും, പ്രതിബദ്ധതയും , പ്രണയവുമാണ് പരസ്പരം ഒരുമിച്ച് മുന്നോട്ട് പോകാൻ രണ്ട് പേരെയും സഹായിച്ചത്.

മാവോയിസ്റ്റുകളോ നക്സലൈറ്റുകളോ ആണെന്ന് സംശയിക്കുന്നെന്ന് പറഞ്ഞാണ് കാഞ്ചനേയും അരുണിനേയും പൂനെയിൽ വെച്ച് അറസ്റ്റ് ചെയ്യുന്നത് വ്യാജ ഐഡന്റിറ്റി കാർഡുകളല്ലാതെ മറ്റൊന്നും അവരുടെ പക്കലുണ്ടായിരുന്നില്ല,വ്യാജ രേഖ ചമച്ചതിന് നാല് വർഷം വരെ തടവ് മാത്രമാണ് വിധിക്കേണ്ടത്. എന്നാൽ , യു‌ എ‌ പി‌ എ യ്ക്കും ഐ‌പി‌സിക്കും കീഴിലുള്ള വിവിധ കേസുകൾ ചുമത്തി അവരെ തീവ്രവാദികളാക്കുകയും മർദ്ധിക്കുകയും ചെയ്തു.

നേരത്തെ ജാമ്യം ലഭിച്ച കേസിൽ ഒളിവിൽ പോയതുകൊണ്ടാകണം വ്യാജ ഐഡന്റിറ്റിയിലാണ് അവർ ജീവിച്ചിരുന്നത്, ചന്ദ്രപൂരിലും പരിസരത്തുമുള്ള വിദ്യാർത്ഥികളെ മാവോയിസ്റ്റുകളാക്കി എന്ന കേസിൽ ആയിരുന്നു മുമ്പവരെ അറസ്റ്റ് ചെയ്തത്. കർഷകരുടെ ആത്മഹത്യകളെക്കുറിച്ച് തെരുവ് നാടകങ്ങൾ കളിക്കുകയും മറാത്തിയിൽ ഒരു വിദ്യാർത്ഥി മാസിക പുറത്തിറക്കുകയും അവരുടെ നിയമപരമായ അവകാശങ്ങൾക്കായി വിദ്യാർത്ഥികളെ സംഘടിപ്പിക്കുകയും ചെയ്ത ഒരു വിദ്യാർത്ഥി സംഘടനയായ ദേശഭക്തി യുവ മഞ്ച് അംഗമായിരുന്നു അവർ.ദീർഘ കാലത്തെ തടവിനുശേഷം ( കാഞ്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് ) മറ്റ് പ്രവർത്തകർക്ക് ജാമ്യം ലഭിക്കുകയും,അവർ ഈ പറയപ്പെടുന്ന സാധാരണ ജീവിതം നയിക്കാൻ ശ്രമിക്കുകയും, ദൈനം ജീവിത മാർഗങ്ങൾ തിരയുകയും, ഒരു കുടുംബമുണ്ടാക്കാനും, മാതാപിതാക്കളുടെ വൈകാരിക ആവിശ്യങ്ങളിൽ കൂടെ നിൽക്കാനും ഒപ്പം രാഷ്ട്രീയ പ്രവർത്തനവും കൊണ്ട് പോകാനുള്ള ശ്രമത്തിലുമാണ്.

എണ്ണമറ്റ അസുഖങ്ങളും വിഷമതകളും

ഹൃദയത്തിലുണ്ടായ ദ്വാരം മൂലം നടത്തിയ ഓപ്പറേഷൻ കാരണം ധീരയായ കാഞ്ചന്റെ നെഞ്ചിൽ പാടുകളുണ്ടായിരുന്നു. രാഷ്ട്രീയ വഴിയെ പങ്കാളിക്കൊപ്പമുള്ള ഒളിവിൽ പോക്കും.

യാർവാധ ജയിലിൽ വെച്ച് ഞാൻ കാഞ്ചനെ കാണുന്ന സമയത്ത് തന്നെ ഹൃദയ സംബന്ധമായി രണ്ട് ഓപ്പറേഷൻ കഴിഞ്ഞിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കാരണം ശ്വാസകോശവും വൃക്കകളും പ്രശ്നത്തിലായിരുന്നു. ഉപ്പും എരിവും ഇല്ലാത്ത ഭക്ഷണവും രണ്ട് കുപ്പി വെള്ളവുമായിരുന്നു കഴിച്ചിരുന്നത്.

ആദ്യം കാഞ്ചനെ മാനസികമായി പീഡിപ്പിച്ചിരുന്ന രണ്ട് വധശിക്ഷ കുറ്റവാളികളുമായിട്ടായിരുന്നു തടവിൽ പാർപ്പിച്ചിരുന്നത്. മണിക്കൂറുകൾ തോറും അവരെ പുറത്തെ വരാന്തയിൽ ഇരിക്കാൻ അനുവദിച്ചിരുന്നു. പിന്നീടവർക്ക് ബരാക്കിനകത്ത് കൂടുതൽ സൗകര്യങ്ങളുണ്ടായിരുന്നു. വളരെ അപൂർവമായിട്ട് മാത്രമേ കാഞ്ചന് ജയിലിൽ സന്ദർശകരുണ്ടായിരുന്നുള്ളു.

അരുൺ എന്ന ദളിതനെ വിവാഹം കഴിച്ചതിനാൽ കാഞ്ചന്റെ പിതാവ് അവരെ അംഗീകരിച്ചിരുന്നില്ല. നക്സലൈറ്റ് ബന്ധമുണ്ടെന്ന മാധ്യമ പ്രചരണം വർദ്ധിച്ചതോടെ അവരെ അംഗീകരിക്കാതിരിക്കാനും ബഹിഷ്കരിക്കാനും അയാൾ മുഴുവൻ കുടുംബത്തെയും നിർബന്ധിക്കുകയും ചെയ്തു. എന്നാൽ കാഞ്ചന്റെ അമ്മയുടെ ബന്ധുക്കൾ ഇവരുടെ ഊഷ്മളവും, കരുതലുമുള്ള നയങ്ങളോട് പൊരുത്തപ്പെടുകയും, ബല്ലർഷയ്ക്കും, പൂനെക്കുമിടയിലുള്ള അവരെ കാണാൻ വല്ലപ്പോഴും വരുമായിരുന്നു. യു എ പി എ തടവുകാരിയായതിനാൽ കാഞ്ചന് ഫോൺ വിളിക്കാൻ അനുമതിയുണ്ടായിരുന്നില്ല. മറ്റ് തടവുകാർക്ക് പേഫോൺ സൗകര്യങ്ങളുണ്ടായിരുന്നു.

ധീരമായ പരിഹരിക്കൽ

ജയിൽ ലൈബ്രയിയിലെ മുഴുവൻ പുസ്തകകങ്ങളും കാഞ്ചന്റെ വക്കീലന്മാർ കൊണ്ടുവന്ന പുസ്തകങ്ങളും അവർ വായിച്ചുതീർത്തിരുന്നു. ചെസ്സ് കളിക്കുക, ഒരു അംഗീകൃത കോഴ്സിന്റെ എക്സാം നടത്തുക എന്നിവയും മാർച്ച്‌ 8 ന് നടന്ന ഒരു നാടകത്തിലും കാഞ്ചൻ അഭിനയിച്ചിരുന്നു. ജയിൽ ജീവിതത്തെ അവർ അതിജീവിച്ചത് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ്. പലപ്പോഴും അവരുടെ ബാരക്കിന് മുന്നിലെ വലിയ മരച്ചുവട്ടിലിരുന്ന് അവർ പത്രം വായിക്കുന്നത് കണ്ടിട്ടുണ്ട്.ദിവസം കഴിയുന്തോറും അവരുടെ ആരോഗ്യം മോശമായി തുടങ്ങി. ആദ്യം കാലുകളും പിന്നെ കൈകളും വീർത്തുതുടങ്ങി. നടക്കാനും കിടക്കാനും ഉറങ്ങാനും ബുദ്ധിമുട്ടായിരുന്നു. തലയിണയുടെ സഹായത്തിൽ ഉറങ്ങാനും ഇരിക്കാനും ഡോക്ടർ നിർദ്ദേശിച്ചു. സൂപ്രണ്ട് യൂറ്റി പവാർ തലയിണയ്ക്ക് അനുമതി തേടുകയും കാഞ്ചന്റെ അപേക്ഷയിൽ ജയിൽ ഫാക്ട്ടറിയിൽ തലയിണകൾ നിർമ്മിക്കുകയും തടവുകാർക്ക് വിതരണം ചെയ്യുകയും ചെയ്തു.

ഞങ്ങളെ മുംബയിലേക്ക് മാറ്റുന്നതിന് മുമ്പ് കാഞ്ചനെ ഞങ്ങളുടെ യാർഡിനടുത്തുള്ള ചെറിയൊരു ആശുപത്രിയിലേക്ക് കൊണ്ട് വന്നിരുന്നു. അവർക്ക് കിടക്കാൻ ഒരു കിടക്കയും സഹായത്തിനു ആളെയും നിർത്തി ഡോക്ടർമാർ ഹൃദയം മാറ്റിവെക്കലാണ് ഏകവഴി എന്ന് പറഞ്ഞപ്പോഴും പൂനെയിലെ സസ്സൂൺ ആശുപത്രിയിൽ അതിന് സൗകര്യങ്ങളുണ്ടായിരുന്നില്ല.

ജയിൽ, ജാമ്യമില്ല

പൂനെ സ്പെഷ്യൽ കോടതിയിൽ ജാമ്യം തേടിയിരുന്നുവെങ്കിലും അവരുടെ അപേക്ഷ അംഗീകരിച്ചിരുന്നില്ല. അവരുടെ വിചാരണ നടന്നിരുന്നത് ഒച്ചിന്റെ വേഗതയിലായിരുന്നു. നീണ്ട ആശുപത്രി വാസത്തിന് ശേഷം ഒരു പ്രാവിശ്യം യർവാധ ജയിലിൽ വെച്ച് അവരുടെ പങ്കാളിയായ അരുണിന് (യെർവാദ ജയിലിലാണ്) ഒരു പ്രാവശ്യം മാത്രം കാണാൻ അനുമതി നൽകിയിരുന്നു. അവരുടെ മരുമക്കളും വന്നിരുന്നു. അവസാനമായി അച്ഛനെയും അമ്മയെയും കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു വീട്ടുകാർക്ക് കത്തെഴുതിയിരുന്നുവെന്ന് കാഞ്ചൻ പറഞ്ഞിരുന്നു, പക്ഷെ മറുപടി ഒന്നും ഉണ്ടായിരുന്നില്ല. ഈ ദയനീയമായ അവസ്ഥയിൽ ആണ് ഞങ്ങൾ കാഞ്ചനെ വിട്ട് ബെക്കുല്ല ജയിലിൽ എത്തുന്നത്. മഹാമാരിയുടെ സാഹചര്യത്തിൽ കുറേക്കാലത്തേക്ക് കാഞ്ചനെക്കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല.

ബോംബെ ഹൈക്കോടതിയിൽ കാഞ്ചന്റെ ജാമ്യത്തിന്റെ വാദം നടക്കുന്നതായി ഒരു ദിവസം ഞങ്ങൾ പത്രത്തിൽ വായിച്ചു. പെട്ടെന്ന് ജാമ്യം അനുവദിക്കുന്നതിന് പകരം ഈ അവസ്ഥയിൽ ഹൃദയം മാറ്റിവെക്കൽ ശാസ്ത്രക്രിയയല്ലേ നടത്തേണ്ടത് എന്ന് കോടതി ചോദ്യം ചെയ്യുകയും ചെയ്തു. ഹൈക്കോടതിയിലെ നീണ്ട വാദത്തിന് ശേഷവും കാഞ്ചനെ പൂനെയിലെ ആർമി ആശുപത്രിയിലേക്കാണോ മറ്റ് ഏതെങ്കിലും ആശുപത്രിയിലേക്കാണോ മറ്റേണ്ടത് എന്ന കാര്യത്തിൽ തീരുമാനമുണ്ടായിരുന്നില്ല.

ഈ വർഷം ജനുവരി 12 ന് കാഞ്ചന് തലവേദനയും ശ്വാസം മുട്ടും അനുഭവപ്പെടുകയും പരാതിപ്പെടുകയും ചെയ്തിരുന്നുവെന്ന് ഞങ്ങളറിഞ്ഞു. സാസ്സൂൺ ആശുപത്രിയിലേക്ക് കൊണ്ട് പോകുകയും തലച്ചോറിൽ ഒരു മുഴ കണ്ടെത്തുകയും ചെയ്തിരുന്നു. ജൂൺ 19 നാണ് അതായത് 5 ദിവസത്തിന് ശേഷമാണ് അരുണിനെ ഇതറിയിക്കുന്നത്.19നും 20 നും കാഞ്ചനെ കൊണ്ട് വരുന്നത് കാണാൻ അരുൺ കാത്തിരുന്നിരുന്നു എന്നാൽ അദ്ദേഹത്തിന്റെ സമ്മതമോ ഒപ്പോ ഇല്ലാതെ അരുണിനെ കാണിക്കുക പോലും ചെയ്യാതെ കാഞ്ചന്റെ ഓപ്പറേഷൻ നടത്തുകയും സാസ്സൂൺ ആശുപത്രിയിലെ ഐസിയുവിൽ വെച്ച് കാഞ്ചൻ മരണപ്പെടുകയും ചെയ്തു. വെറും 37 വയസ്സായിരുന്നു പ്രായം

കാഞ്ചന് ജാമ്യം കിട്ടാത്തതിന്റെ കാരണമെന്തായിരുന്നു?
സ്വതന്ത്രയായ, ശരീരത്തിലെ ഏതാണ്ട് എല്ലാ അവയങ്ങൾക്കും തകരാർ സംഭവിച്ച ഒരു ആദിവാസി പെൺകുട്ടിയെ ജയിൽ മോചിതയാക്കിയാൽ അവർ എങ്ങനെയാണ് രാജ്യത്തിന് ഭീഷണിയാവുന്നത്?
ഈ ഭരണകൂടം ഇത്രമാത്രം തീവ്രമാവുന്നതെന്തിനാണ്?
എന്തിനാണ് 90% വികലാoഗനും പത്തൊൻപതിൽപരം അസുഖങ്ങളുള്ള സായിബാബയ്ക്ക് ജാമ്യം നിഷേധിക്കുന്നത്?

മാവോയിസ്റ്റ് തടവുകാരെ മാറ്റിനിർത്തിയാൽ തന്നെ ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടും മറ്റ് തടവുകാരെ സംബന്ധിച്ച് ജാമ്യം ലഭിക്കുക പ്രയാസകരമാണ് എന്നതാണ് എന്റെ നിരീക്ഷണം.

ഒരു നർക്കോട്ടിക് കേസിലെ പ്രതി ഒരു വർഷത്തിലേറേയായി ഗൈനക്കോളജിക്കൽ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നു.അവർക്ക് പെട്ടെന്ന് തന്നെ ശസ്ത്രക്രിയ നടത്തി ഗര്‍ഭപാത്രം എടുത്തുമാറ്റിയെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല. മറ്റൊരു തടവുകാരൻ ശാരീകസ്വസ്ഥ്യം മൂലം മണിക്കൂറോളം അബോധവസ്ഥയിൽ കിടന്നിട്ടും ഇത് അവരുടെ സ്ഥിരം ഉറക്കത്തിന്റെയും എണീക്കലിന്റെയും രീതിയാണെന്ന് പറയുകയും സ്ഥിരമായി ജയിലിൽ നിന്ന് മരുന്ന് കൊടുക്കുകയും ചെയ്യുന്നു, എന്നാലും ജാമ്യമില്ല.

ഷോമ സെൻ

പകര്‍ച്ചവ്യാധി സമയത്ത് കൊലപാതകക്കുറ്റം ചുമത്തപ്പെട്ട് തടവിൽ കഴിയുന്നവർക്ക് വരെ ഇടക്കാല ജാമ്യം അനുവദിക്കുമ്പോൾ, ഗുരുതരമായ രോഗം ബാധിച്ച തടവുകാർക്ക് ഒരു ആശ്വാസവും കിട്ടിയിട്ടില്ല. അവരിൽ പലരും ടിബി, എയ്ഡ്‌സ് എന്നീ അസുഖങ്ങൾ ഉള്ളവരായിരുന്നു.ബാറുകൾക്ക് പിന്നിലുള്ളവരുടെ കണ്ണുകളിൽ ജാമ്യം ചൂതാട്ടവും ലോട്ടറിയുമൊക്കെയാണ്. ജഡ്ജിമാരുടെ വ്യക്തിനിഷ്ഠത, തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള അന്വേഷണങ്ങൾ, വളച്ചൊടിച്ച കുറ്റപത്രങ്ങൾ, പണം കൊടുത്തുകൊണ്ടോ മേശയ്ക്കടിയിലൂടെ കൈമാറുന്നതോ ആണ് ഈ ചൂതാട്ടത്തിലെ തടവുകാരുടെ “ഭാഗ്യം” . നിർണയിക്കുക. തടവുകാരുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങൾ മരണപ്പെട്ടാൽ പോലും അവരെ അറിയിക്കില്ല “അവർ അസ്വസ്ഥരാണെങ്കിൽ” കോടതി ഉത്തരവില്ലാതെ, അവസാന കർമ്മങ്ങൾക്കായി അവരെ കസ്റ്റഡിയിൽ വിടാനും പറ്റില്ല. തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേദനയും കഷ്ടപ്പാടും ആലോചിക്കാനും മാറിചിന്തിക്കാനും സ്വാതന്ത്ര്യമില്ലാത്ത മനസ്സോടെ അവർ ചങ്ങലക്കുള്ളിൽ ജീവിക്കുന്നു.

നിഷ്‌കരുണവും,മനുഷ്യത്വരഹിതവുമായ ഒരു നീതിന്യായ വ്യവസ്ഥ സ്വന്തം ശക്തിയെ നോക്കിക്കാണുന്നു.

(പ്രൊഫസർ ഡോ.ഷോമ സെൻ ഭീമ കൊറെഗാവ് കേസിലെ 16 കുറ്റവാളികളിൽ ഒരാളാണ് . 2018 ജൂൺ 6 ന് നാഗ്പൂരിലെ വീട്ടിൽ നിന്ന് അറസ്റ്റിലായപ്പോൾ, നാഗ്പൂർ സർവകലാശാലയിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റിന്റെ ഹെഡ് ആയി വിരമിക്കാൻ രണ്ട് മാസം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു . അറിയപ്പെടുന്ന സിവിൽ ലിബർട്ടീസ് വക്താവും സ്ത്രീകളുടെ അവകാശങ്ങളെ പറ്റി പഠിക്കുകയും പ്രവർത്തിക്കുകയുമായിരുന്നു. ആരോഗ്യ സംബന്ധമായി നിരവധി പ്രശ്‌നങ്ങൾ ഷോമ സെന്നും അനുഭവിക്കുന്നുണ്ട്. ഗ്ലോക്കോമ, രക്താതിമർദ്ദം, പ്രകോപിപ്പിക്കാവുന്ന തരത്തിലുള്ള മലവിസർജ്ജനം , ആർത്രൈറ്റിസ് തുടങ്ങിയ ഗുരുതരമായ രോഗങ്ങൾക്കുള്ള മരുന്നാണ് അവരെടുത്തിരുന്നത്.പകര്‍ച്ചവ്യാധിക്കിടെ അവരുടെ മെഡിക്കൽ ജാമ്യാപേക്ഷ മുംബൈയിലെ എൻ‌ഐ‌എ കോടതി രണ്ടുതവണ നിരസിച്ചു.)

ദി ലീഫ് ലെറ്റിൽ പ്രസിദ്ധീകരിച്ച പ്രൊഫസർ ഡോ.ഷോമ സെന്റെ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.