സിപിഎം പാർട്ടി യഥാർത്ഥത്തിൽ സോഷ്യൽ ഫാസിസ്റ്റുകളാണ്

2015-ൽ കോയമ്പത്തൂരിൽ വെച്ച് മാവോയിസ്റ്റ് രാഷ്ട്രീയപ്രവർത്തകൻ എന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു വീരമണി. അദ്ദേഹത്തോടൊപ്പം അന്ന് അറസ്റ്റ് ചെയ്യപ്പെട്ടവരാണ് കണ്ണൻ, രൂപേഷ്, ഷൈന, അനൂപ് എന്നിവർ. വീരമണിക്ക് എല്ലാ കേസിനും ജാമ്യം ലഭിച്ചതോടെ 2020 ആഗസ്റ്റ് മാസം ജയിൽ മോചിതനായി. കേരള-തമിഴ്നാട്-കർണാടക എന്നി സംസ്ഥാനങ്ങളിലായി അദ്ദേഹത്തിന് മൊത്തം 8 കേസുകളാണ് ഉള്ളത്. കേരള എ.റ്റി.എസ് തമിഴ്‌നാട്ടിൽച്ചെന്ന് ജനകീയപ്രവർത്തകരുടെ വീട്ടിൽ നടത്തിയ റെയ്ഡും അതുമായി ബന്ധപ്പെട്ട് സിപിസിഎൽ(Center for Protection of Civil Liberties -TN) പ്രവർത്തകനും ഡോക്ടറുമായ ദിനേശിൻ്റെ അറസ്റ്റും നടന്ന സന്ദർഭത്തിൽ മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരനായിരുന്ന വിരമണിയുമായി നടത്തിയ അഭിമുഖം.

മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരനായിരുന്ന വിരമണി കോയമ്പത്തൂർ സെൻട്രൽ ജയിലിൽ നിന്ന് മോചിതനായപ്പോൾ

കേരള എ.റ്റി.എസ് തമിഴ്‌നാട്ടിൽ റെയ്ഡിന്റെ പേരിൽ നടത്തിയ ഭീകരതയെക്കുറിച്ച്…

ഒരു സ്റ്റേറ്റിൽ നിന്ന് മറ്റൊരു സ്റ്റേറ്റിലേക്ക് പോലീസ് റെയ്ഡ് നടത്താൻ ഇന്ത്യൻ നിയമം അനുവദിക്കുന്നുണ്ട്‌. പക്ഷെ,അത്തരം റെയ്ഡ് നടത്തുന്നതിന് പാലിക്കേണ്ട നിബഡനകളൊന്നും തന്നെ പാലിക്കാതെയാണ് കേരള എ റ്റി എസ് കോയമ്പത്തൂരിൽ ഒരേ സമയം മുന്നൂസ്‌ഥലങ്ങളിൽ ഫെബ്രുവരി നാലാം തിയതി റെയ്ഡ് നടത്തിയത്. സിപിസിഎൽ(Center for Protection of Civil Liberties -TN) പ്രവർത്തകനും ഡോക്ടറുമായ ദിനേശിൻ്റെ ക്ലിനിക്കിലും അദ്ദേഹത്തിന്റെ സുഹൃത്തിൻ്റെ വീട്ടിലും ആൻ്റി ഇംപീരിയലിസ്റ്റ് മൂവ്മെൻ്റ് (AIM) സംസ്ഥാന കമ്മിറ്റി അംഗം പാർത്ഥിപൻ്റെ വീട്ടിലുമാണ് റെയ്ഡ് നടന്നത്. ലോക്കൽ പോലീസ് സ്റ്റേഷനിലെ ഒരു ഉയർന്ന അധികാരിപോലും റെയ്ഡ് നടക്കുമ്പോൾ ഉണ്ടായിരുന്നില്ല എന്നത് വിചിത്രമായ ഒരു സംഭവമാണ്.

റെയ്‌ഡു നടക്കുമ്പോൾ ലോക്കൽ പോലീസ് കേരള എറ്റിഎസിന്റെ കാവൽക്കാർ മാത്രമായിരുന്നു. റെയ്ഡിന് വന്ന എറ്റിഎസ് അധികാരികൾ ഓർഡർ പോലും കാണിക്കാതെയാണ് റെയ്ഡ് നടത്തിയത് എന്നാണ് നാട്ടുകാർ പറയുന്നത്.ഡോക്ടർ ദിനേശ് ജോലിചെയ്യുന്ന ക്ലിനിക്കിൽ പോയ കേരള എറ്റിഎസ് ആദ്യം ഞങ്ങൾ ഗുണ്ടകളാണ് എന്ന് ആക്രോശിച്ചുക്കൊണ്ടാണ് ക്ലിനിക്കിനകത്ത് കയറിയത്. അകത്തു കയറിയവർ ദിനേശിന്റെ കൈകൾ പുറകെ ബലമായി പിടിക്കുകയും ക്ലിനിക്കിൽ ഡോക്ടറിന്റെ കൂടെ സഹായിയായി ജോലിചെയ്തിരുന്ന സ്ത്രീയെ ഭീഷണിപ്പെടുത്തുകയും അവരുടെ മൊബൈൽ ബലമായി തട്ടിപ്പറിച്ചെടുക്കുകയും ചെയ്തു. ക്ലിനിക്കിൽ ഉണ്ടായിരുന്ന പല ഉപകരണങ്ങളും എറ്റിഎസ് ഉപയോഗശൂന്യമാക്കി എന്നാണ് അറിയാൻ കഴിഞ്ഞത്. അതിന് ശേഷം അവിടെ നിന്ന് ഡോക്ടറെ ബലമായി കടത്തികൊണ്ടുപോവുകയാണ് അക്ഷരാർത്ഥത്തിൽ എറ്റിഎസ് ചെയ്തത്. കുറേ മണിക്കൂറുകൾക്ക് ശേഷമാണ് കേസിന്റെ കാര്യങ്ങളും മറ്റും പുറത്ത് വിടുന്നത്.

ഡോക്ടർ ദിനേശ്

ഇതേ സമയങ്ങളിൽ തന്നെയാണ് പാർത്ഥിപന്റെയും ഡോക്ടറിന്റെ സുഹൃത്തിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നത്. പാർത്ഥിപന്റെ വീട്ടിൽച്ചെന്ന എറ്റിഎസ് ആദ്യം വീട്ടിൽ ഭീകരതയാണ് സൃഷ്ട്ടിച്ചത്. വീട്ടുകാരല്ലാത്തവരെ എല്ലാവരേയും വീട്ടിൽ നിന്ന് പുറത്തക്കി. ക്യാൻസർ ചികിത്സയുമായി ബന്ധപ്പെട്ട് ഓപ്പറേഷൻ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന പാർത്ഥിപന്റെ മുതിർന്ന ചേച്ചിയോട് വളരെ മോശമായാണ് കേരള എറ്റിഎസ് പെരുമാറിയത്. അവർ കിടന്നിരുന്ന കട്ടിലിൽ നിന്ന് അവരെ താഴെയിറക്കുകയും അവർക്കു മരുന്ന് കഴിക്കാനോ മുക്കിലെ ട്യൂബിൽ കൂടി കൃത്യസമയത്ത്‌ ഭക്ഷണം നൽകാനോ സമ്മതിച്ചില്ല. വീട്ടിലുള്ളവരോട് വളരെയധികം മൃഗീയമായ രീതിയിലാണ് കേരള എറ്റിഎസ് റെയിഡിന്റെ പേരിൽ പെരുമാറിയത്. രാവിലെ 11 മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. വീട്ടിലിലുള്ളവരോട് ഭക്ഷണം ഒന്നും ഉണ്ടാക്കാൻ പാടില്ല എന്നു ഭീഷണിപ്പെടുത്തി. വീട്ടുകാർ അത്തരം ഭീഷണികളെ വകവയ്ക്കാതെ പാചകം ചെയ്യുകയാണ് ചെയ്തതത്. വീട്ടിൽ കൊച്ചുകുട്ടികൾ മുതൽ വയസായവരും രോഗികളും ഉള്ളവരാണ്. ഇത്തരം മനുഷ്യത്വരഹിതമായ നടപടി സ്വീകരിച്ച എറ്റിഎസിനെതിരെ പ്രതിഷേധം ഉയരേണ്ടത്ത് അത്യാവശ്യമാണ്. പാർത്ഥിപന്റെ വീട്ടിൽ നടന്ന റെയ്ഡിൽ നിന്ന് ഒന്ന് രണ്ട് നോട്ടീസ്, അതും അദ്ദേഹം പ്രവർത്തിക്കുന്ന AIM എന്ന സംഘടനയുടെതായിരുന്നു എടുത്തുകൊണ്ട് പോയതായി പറയുന്നത്. കൊണ്ടുപോകുന്ന സാധനങ്ങളുടെ വിവരം എഴുതി ഒപ്പിട്ട് തരണമെന്ന് വീട്ടുക്കാരും കോളനി നിവാസികളും ആവശ്യപ്പെടുകയും എടിഎസ് ഉദ്യോഗസ്ഥർ അത് വിസമ്മതിച്ചതിനെ തുടർന്ന് റെയ്ഡ് തുടരാൻ അനുവദിക്കാതെ ജനങ്ങൾ പ്രതിരോധിക്കുകയുമായിരുന്നു. തുടർന്ന് കയ്യിൽ കിട്ടിയതെന്തെക്കൊയോ എടുത്ത് ഉദ്യോഗസ്ഥർ കടന്നുകളയുകയായിരുന്നു.

ഡോക്ടർ ദിനേശിന്റെ സുഹൃത്തിന്റെ വീട്ടിലും ഇതേ സമയം തുടങ്ങിയ റെയ്ഡ് അവസാനിച്ചത് രാത്രിയാണ്. അവിടെയും റെയിഡിന്റെ പേരിൽ കേരള എറ്റിഎസ് അവിടെയും ഭീകരതയാണ് കാട്ടിയത്. ജനാധിപത്യപരമായി പ്രവർത്തിക്കുന്ന ഒരു സംഘടനയിലെ നേതാവായ പാർത്ഥിപന്റെ വീട്ടിൽ നിയമം കാറ്റിൽ പറത്തിയാണ് കേരള എറ്റിഎസ് റെയ്ഡ് നടത്തിയത്. യഥാർത്ഥത്തിൽ പാർത്ഥിപന്റെ വീട്ടിൽ നിയമപ്രകാരം ഒന്നും എടുത്തുകൊണ്ടുപോകാൻ എറ്റിഎസിനു കഴിഞ്ഞിട്ടില്ല. പിന്നെ എന്തിനാണ് ഈ ഗുണ്ടകളായ എറ്റിഎസ് ഈ ഭീകരത സൃഷ്ടിച്ചു എന്ന് ചോദിച്ചാൽ കേരളത്തിൽ ഭരണം നടത്തുന്ന പിണറായി വിജയന്റെ ഫാസിസ്റ്റ് ഭരണത്തിന്റെ ഭാഗമായി നടത്തിയ അടിച്ചമർത്തൽ നടപടിയാണ് കേരള എറ്റിഎസ് കോയമ്പത്തൂരിൽ നടത്തിയ റെയ്‌ഡും അറസ്റ്റും തുറന്നുകാട്ടുന്നത്.

പാർത്ഥിപൻ

ഈ റെയ്ഡ് കേരള ഗവൺമന്റിന്റെ നേതൃത്വത്തിൽ മാത്രം നടന്നതല്ല. തമിഴ്നാട് ഇന്റലിജൻസ് വിഭാഗവും കേരള എ റ്റി എസ്സും ചേർന്ന് തമിഴ്നാട് ലോക്കൽപോലീസിനെ പ്രധാന കാവൽക്കാരായി നിർത്തിക്കൊണ്ട് നടത്തിയ ഒരു ചതിയാണ് നടന്നത്. മനുഷ്യാവകാശങ്ങളുടെ വലിയൊരു ലംഘനമാണ് ഡോക്ടർ ദിനേശിന്റെ അറസ്റ്റും മറ്റു റെയ്ഡിലൂടെയും കോയമ്പത്തൂരിൽ നടന്നത്. ഞങ്ങളാണ് കമ്മ്യൂണിസ്റ്റുകൾ എന്ന് വീരവാദം പറയുന്ന സി പി എം പാർട്ടി യഥാർത്ഥത്തിൽ സോഷ്യൽ ഫാസിസ്റ്റുകളാണ്. വ്യാജഏറ്റുമുട്ടൽ കൊലകളിലൂടെയും ജനകീയപ്രശ്നങ്ങൾ ഉയർത്തുന്നവർക്ക് നേരെ നടത്തുന്ന അടിച്ചമർത്തലുകളിലും വിദ്യാർത്ഥികൾക്കും ഡോക്ടർക്കും യൂ എ പി എ കേസുകൾ ചുമത്തുന്നതിലൂടെ അവർ തുടരെ തുടരെ തങ്ങൾ ഫാസിസ്റ്റുകളാണ് എന്ന് തുറന്നു കാട്ടിക്കൊണ്ടിരിക്കുകയാണ്. മോദി സർക്കാരും പിണറായി സർക്കാരും ഒരേ പാതയിലാണ്. മുൻകാലങ്ങളിലും ഇത്തരം റെയ്ഡുകൾ നടന്നിട്ടുണ്ട്. അന്ന് അനധികൃതമായി ഇതേപോലെ നടക്കുന്ന ഒരു സ്റ്റേറ്റിൽ നിന്ന് മറ്റൊരു സ്റ്റേറ്റിലേക്ക് വന്ന് നടക്കുന്ന റെയിഡുകളെ പോലീസും സർക്കാരും എതിർക്കാറുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ അങ്ങനെയല്ല അതിനാലാണ് മോദിസർക്കാരിന്റെ അടിച്ചമർത്തൽ നയം വളരെ ശക്തിയാക്കാൻ കൂടി വേണ്ടിയാണ് കേരള-തമിഴ്നാട്-കർണാടക സർക്കാരുകൾ ഒരുമിച്ച് ചേർന്ന് ഇത്തരം അടിച്ചമർത്തലുകൾ നടത്തുന്നത്.

എന്തുകൊണ്ടാണ് തെക്കേ ഇന്ത്യയിൽ ജനകീയപ്രവർത്തകർക്ക് നേരെ ഭരണകൂട അടിച്ചമർത്തൽ കൂടുന്നത് ?

ഈ അടിച്ചമർത്തൽ തുടങ്ങിയിട്ട് കാലങ്ങളായി. 2010ൽ കർണാടകത്തിൽ ഭീകരമായ അടിച്ചമർത്തലു കളാണ് അരങ്ങേറിയത്. ആദിവാസികൾക്കിടയിൽ മാവോയിസ്റ്റുകൾ പ്രവർത്തിക്കുന്നു എന്നും അവർ അവിടെ ജനങ്ങൾക്കിടയിൽ സ്വാധീനം കൂടാൻ സാധ്യതയുണ്ടെന്ന് പറഞ്ഞു വ്യാപകമായ അറസ്റ്റും എന്റെ ഓർമ്മ ശെരിയാണെങ്കിൽ ഏകദേശം 17 ‘ഏറ്റുമുട്ടൽ കൊലകൾ’ കർണാടക സർക്കാർ നടത്തിട്ടുണ്ട്. അതെ വഴി തന്നെയാണ് തമിഴ്നാട് സർക്കാരും തുടരുന്നത്.

തമിഴ്‌നാട്ടിലെ കൊടൈക്കനാലിൽ മാവോയിസ്റ്റുകൾ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നു എന്ന് പറഞ്ഞ് കർണാടകയിൽ നടന്നതുപോലെ ‘ഏറ്റുമുട്ടൽ കൊലയും’ അറസ്റ്റുകളും നടന്നിട്ടുണ്ട്. തമിഴ്‌നാട്ടിൽ വളരെയധികം ചർച്ചയായ കേസ് ആണ് കൊടൈക്കനാൽ കേസ്. ആ കേസിൽ കുറ്റം ചുമത്തപ്പെട്ടവർ എല്ലാവരും ഈയിടക്കാണ് കുറ്റവിമുക്തരായത്. ഇതിൽ നിന്ന് നമ്മൾ മനസിലാക്കേണ്ടത് അടിച്ചമർത്തപ്പെടുന്നവർക്കുവേണ്ടി ശബ്ദമുയർത്തുന്നവർക്ക് നേരെ കള്ളക്കേസുകളും വ്യാജഏറ്റുമുട്ടലുകളും ഭരണകൂടം സൃഷ്ട്ടിക്കും എന്നതാണ്. മാവോയിസ്റ്റ് പാർട്ടിക്ക് എവിടെയെല്ലാം സ്വാധീനം ഉണ്ടോ അവിടെയെല്ലാം എല്ലാ ജനാധിപത്യ നടപടികളെയും നിയമങ്ങളെയും ഭേദിച്ചുക്കൊണ്ട് അടിച്ചമർത്തൽ നടപടിയുമായി മുൻപോട്ടുപോവുക എന്നതാണ് ഭരണകൂടത്തിന്റെ പ്രധാന അജണ്ട.
കർണാടകയിലും തമിഴ്നാട്ടിലും നടന്ന അതേ ഫാസിസ്റ്റ് അടിച്ചമർത്തൽ നയംതന്നെയാണ് ഈ വിഷയത്തിൽ കേരളസർക്കാരും നടപ്പാക്കുന്നത്. ‘കമ്മ്യൂണിസ്റ്റ്’ ഗവണ്മെന്റ് എന്ന് പറഞ്ഞുകൊണ്ട് ഇങ്ങനെയൊക്കെ അടിച്ചമർത്തലുകൾ നടത്തുമോ ഇവർ എന്നൊക്കെയാണ് പല സ്ഥലങ്ങളിലും ജനങ്ങൾ ആശ്ചര്യത്തോടെ ചോദിക്കുന്നത്. യൂഡിഎഫ് സർക്കാർ കേരളത്തിൽ കൊണ്ടുവന്ന തണ്ടർബോൾട്ട് സേനയെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് പിണറായി സർക്കാർ ചെയ്തത്. തണ്ടർബോൾട്ടിനെ കൊണ്ട് മാവോയിസ്റ്റുകളെ അടിച്ചമർത്തുക എന്ന ഉദ്ദേശത്തോടുക്കൂടിയാണ് ഇത് പിണറായി നടപ്പാക്കുന്നത്.

നമ്മൾ ശ്രദ്ധിക്കേണ്ട പ്രധാന വിഷയമായി എനിക്ക് തോന്നുന്നത് ബംഗാളിൽ 35 വർഷം ഭരണം നടത്തിയ സിപിഎം, ലാൽഗഢ്,നന്ദിഗ്രാം,സിംഗൂർ എന്നിവിടങ്ങളിൽ ജനകീയസമരങ്ങളെ തീവ്രമായി അടിച്ചമർത്തിയത് വൻകിട കോർപ്പറേറ്റുകളായ ടാറ്റ, ജിൻഡാൽ എന്നിവർക്കുവേണ്ടിയാണ്.ഇത്തരം അടിച്ചമർത്തലിന് സി പി എം ഹെർമത്ത് വാഹിനി എന്ന ആയുധധാരികളായ കലാപകാരികളെയാണ് ഉപയോഗിച്ചത്ത്. ഈ കലാപകാരികൾ നന്ദിഗ്രാമിലും സിഗുരിലും ബലാത്സംഗം നടത്തുകയും കൃഷിക്കാരെ വെട്ടികൊലപ്പെടുത്തുകയുമാണ് ചെയ്തത്. ആ സമയത്ത് ഇലക്ഷൻ അടുത്തതോടെ മമതാ ബാനർജിയെ തോൽപ്പിക്കണം എന്ന തീരുമാനവും സിപിഎം എടുത്തു. അതോടുകൂടി തങ്ങളെ എതിർക്കുന്നവരെ ഹെർമത്ത് വാഹിനി എന്ന സിപിഎം നരഭോജി സേനയെ കൊണ്ട് കൊന്നൊടുക്കുകയാണ് അതായത് തമിഴിൽ പറയാറുള്ളതുപോലെ “രക്തക്കളരി”സൃഷ്ടിക്കുകയായിരുന്നു സിപിഎം. ഭട്ടാചാര്യയെ പോലുള്ള സിപിഎം നേതാക്കൾ ജനകീയ സമരങ്ങളെ അടിച്ചമർത്താൻ ജിൻഡാളിനെപ്പോലുള്ള കോർപറേറ്റുകളോടൊപ്പമാണ് നിലകൊണ്ടത് അതും പരസ്യമായി തന്നെ.

പക്ഷെ, ലാൽഗഡിൽ ജനകീയ സമരം ശക്തിപ്രാപിച്ചിരുന്നു.സിപിഎം നേതാക്കളുടെ പരസ്യമായ മുതലാളി പാദസേവ കണ്ട്‌ കോപത്തിലായ ആദിവാസികളും ദളിതരും സിപിഎമ്മിന്റെ ഒരു ഓഫീസുപോലും വിടാതെ അടിച്ചുതകർക്കുകയും അവരുടെ കൊടികളെയും ബാനറുകളെയും അവിടുന്ന് പിഴുതെറിയുകയുമാണ് ചെയ്തത്. അതൊടുക്കൂടി ജനവിരുദ്ധരായ സിപിഎമ്മിന് 35 വർഷമായി അടക്കിവച്ചിരുന്ന ഭരണം നഷ്ട്ടപ്പെട്ടു. ഈ ഒരനുഭവം മുൻപിൽ ഉള്ളതുകൊണ്ടാണ് സിപിഎം ലീഡേഴ്സിന്റെ അറിവോടെയും ആലോചനയോടും കൂടി കേരളത്തിൽ മാവോയിസ്റ്റ് മൂവ്മെന്റിനു ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ അനുവദിക്കരുത് എന്ന ഉറച്ച തീരുമാനം എടുത്ത് നടപ്പാക്കുന്നതിന്റെ ഫലമാണ് ഇത്തരം അടിച്ചമർത്തലുകൾ തെക്കേഇന്ത്യയിൽ അരങ്ങേറുന്നത്. കേരള സർക്കാരും തമിഴ്നാട് സർക്കാരും കൂടിച്ചേർന്ന് നടത്തുന്ന ജനാധിപത്യപരമായി പ്രവർത്തിക്കുന്ന സംഘടന പ്രവർത്തകരെ പോലും മാവോയിസ്റ്റുകൾ എന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്യുന്നത് ഇതിന് ഉദാഹരണമാണ്. ഇത്തരം അറസ്റ്റുകളിലൂടെ ഒരു ഭീകരത സൃഷ്ടിക്കുകയാണ് ഭരണകൂടം ചെയ്യുന്നത്.

സിപിഎം സർക്കാർ നടത്തിയ ‘ഏറ്റുമുട്ടൽ കൊലകളും’ അറസ്റ്റുകളും, പിണാറായി വിജയന്റെ സർക്കാരും സിപിഎമ്മും വ്യജ കമ്മ്യൂണിസ്റ്റുകളാണെന്നും ജനവിരുദ്ധരാണെന്നുമാണ് ഇത്തരം പ്രവർത്തികളിലൂടെ നമ്മൾ മനസിലാക്കേണ്ടത്. അതുകൊണ്ട് തന്നെ സിപിഎം പാർട്ടിയെ സോഷ്യൽ ഫാസിസ്റ്റുകളുടെ പാർട്ടി എന്ന് ഉറക്കെ പറയുക എന്നതാണ് ശെരി.

തമിഴ്‌നാട്ടിലും ഇതേ അവസ്ഥയാണ് നിലനിൽക്കുന്നത്. ഈ കഴിഞ്ഞമാസം സിർകാഴി എന്ന സ്ഥലത്ത് നിന്ന് ഡൽഹി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷകരുടെ ട്രാക്ടർ റാലിയിൽ പങ്കെടുക്കാനായുള്ള യാത്രയ്ക്കായി ബസ്റ്റാന്റിൽ ബസിന് കാത്തുനിന്ന AIM എന്ന സംഘടനയുടെ സെന്തിൽ എന്ന പ്രവർത്തകനെ പോലീസ് നാടു റോഡിൽ വെച്ച് അടിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

ടൈംസ് ഓഫ് ഇന്ത്യയിലെ വന്ന വാർത്തയെ തമിഴിൽ തർജ്ജമ ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതതിന് വിവേകിനെ (മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സമിതിയിലെ അംഗം ) ഇപ്പോൾ യു എ പി എ ചുമത്തി അറസ്റ്റ്‌ ചെയ്തു. കേരളത്തിലെ മഞ്ചക്കണ്ടിയിൽ നടന്ന മാവോയിസ്റ്റ് ‘ഏറ്റുമുട്ടൽ കൊലയിൽ’ രക്തസാക്ഷിയായ മണിവാസകത്തിന്റെ അന്തിമക്രിയയിൽ പങ്കെടുത്തു എന്ന കാരണം ഉന്നയിച്ചുകൊണ്ട് ഫെബ്രുവരി മാസം പകുതിയോടെ സുരേഷ് വിജയരാജൻ (മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സമിതിയിലെ അംഗം) ധർമ്മപുരിയിലെ ശികാനന്ദം, അതുപോലെ തമിഴ് ദേശിയ മക്കൾ മുന്നണിയെന്ന സംഘടനയിലെ സെക്രട്ടറി ബാലൻ,ശ്രീനിവാസൻ,സെൽവർജ് എന്നിവർക്കെതിരെയും യു എ പി എ ചുമത്തി അറസ്റ്റ്‌ ചെയ്തിരിക്കുകയാണ് തമിഴ്നാട് സർക്കാർ. മണിവാസകത്തിന്റെ കുടംബത്തിലെ അംഗങ്ങൾക്കെതിരെയും ഇതേ കേസിൽ യു എ പി എ ചുമത്തി അറസ്റ്റ് നടന്നിരുന്നു. കുടുംബാംഗങ്ങൾ ഇപ്പോൾ ജാമ്യത്തിലാണ്. ഒരു ജനാധിപത്യപരമായ ശബ്ദം ഉയർന്നാൽ പോലും അതിനെ അടിച്ചമർത്തുക എന്ന ഫാസിസ്റ്റ് നയമാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്. ഇതിനെതിരെ ജനാധിപത്യ സംഘടനകൾ പ്രതികരിക്കാൻ തുടങ്ങിരിക്കുകയാണ് തമിഴ്‌നാട്ടിൽ. അത്തരം ശബ്ദങ്ങൾ എല്ലാ സ്റ്റേറ്റുകളിലും ഇനി വ്യാപിക്കുകതന്നെ ചെയ്യും എന്നാണ് ഞാൻ കരുതുന്നത്.ഫാസിസ്റ്റ് ഭരണകൂടങ്ങൾക്കെതിരെ ജനകീയ ശബ്ദങ്ങൾ ഉയരുകതന്നെ ചെയ്യും എന്നുകൂടി ഞാൻ പറയാൻ ആഗ്രഹിക്കുന്നു.

ജനകീയരാഷ്ട്രീയ പ്രവർത്തകരെയും ജനകീയ ഡോക്ടറെയും എന്തുകൊണ്ടാണ് ഭരണകൂടം വേട്ടയാടുന്നത്?

ജനകീയരാഷ്ട്രീയ പ്രവർത്തകരെയും ജനകീയ ഡോക്ടറെയും അടിച്ചമർത്തുക എന്നത് ഭരണകൂടത്തിന്റെ തന്ത്രമാണ്. എങ്ങനെ എന്നുവച്ചാൽ ജനകീയ പോരാട്ടത്തെ കുറിച്ച് സംസാരിക്കുന്ന വിപ്ലവ മുന്നണികളെ മനുഷ്യാവകാശപ്രവർത്തകർ, പൗരാവകാശപ്രവർത്തകർ അങ്ങനെ ആരൊക്കെ സഹായിച്ചേക്കും, അത് നടക്കരുത് എന്നതിന് വേണ്ടിയാണ് ഭരണകൂടം ജനകീയ പ്രവർത്തകരെ അടിച്ചമർത്തുന്നത്. അതിനുദാഹരണമാണ് ഡോക്ടർ ദിനേശിന്റെ അറസ്റ്റ്. ദിനേശ്(സിപിസിഎൽ) പൗരാവകാശപ്രവർത്തകനാണ്‌. അത് ഒരു മഹാപാപമാണോ ?സിപിസിഎൽ നിയമവിരുദ്ധ സംഘടനയോ? എന്തുകൊണ്ടാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് ?അതിനുള്ള പ്രധാനകാരണം ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അടിച്ചമർത്തൽ ആയുധമായ പോലീസിന്റെ അടിച്ചമർത്തലിനെതിരെ ആദ്യം ശബ്ദമുയർത്തുന്നത് പൗരാവകാശപ്രവർത്തകരാണ്. അതുകൊണ്ടാണ് അവർക്കെതിരെ ഭരണകൂടം അടിച്ചമർത്തൽ ആദ്യമേ നടത്തുന്നത്.

ദേശീയത,ഭാഷ,സാമ്പത്തിക മാന്ദ്യം എന്നിവയെ കുറിച്ചും സ്റ്റേറ്റിന്റെ അവകാശങ്ങൾക്കെതിരെ കേന്ദ്ര ഗവണ്മെന്റിന്റ് നടത്തുന്ന അടിച്ചമർത്തൽ നയങ്ങൾക്കെതിരായും ശബ്ദമുയർത്തുന്നവരായ ജനകീയ പ്രവർത്തകരെയും ഭരണകൂടം വേട്ടയാടുന്നു.എന്തുകൊണ്ടെന്നാൽ,ആരൊക്കെ വിപ്ലവത്തെ കുറിച്ച് സംസാരിക്കുന്നുവോ അത് ഒരു ദേശീയപ്രസ്ഥാന മായിരിക്കാം,വിപ്ലവ പ്രസ്ഥാനമായിരിക്കാം,അല്ലെങ്കിൽ ജനധിപത്യ പ്രസ്ഥാനങ്ങളായിരിക്കാം ഇവരെല്ലാം നാളെ വരാൻപോകുന്ന സാമ്പത്തിക മാന്ദ്യം മൂലം ഉണ്ടാകാൻ പോകുന്ന ജനകീയ പ്രതിഷേധങ്ങളെ മുന്നിൽ നിന്ന് നയിക്കും എന്നത് കൊണ്ടാണ് ഭരണകൂടം ഇവർക്കെതിരെയും വേട്ട തുടരുന്നത്. ഇപ്പോഴേ ജനങ്ങൾ പെട്രോളിന്റെയും ഗ്യാസിന്റെയും വിലകൂടിയതിൽ രോഷാകുലരാണ്. ഈ ജനകീയരോക്ഷം നാളെ വലിയ പോരാട്ടമായി ഭരണക്കൂടത്തിനെതിരെ തിരിയും. അത്തരം പോരാട്ടങ്ങളെ മുന്നിൽ നിന്ന് നയിക്കുക നേരത്തെ പറഞ്ഞ പ്രസ്ഥാനങ്ങളായിരിക്കും. അത് ഭരണകൂടത്തിന് നാണക്കേട് മാത്രമല്ല അവരുടെ അടിവേര് വരെ പിഴുതെറിയാൻ ശക്തിയുള്ളതായിരിക്കും. ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്ന ഭരണവർഗമായ ബ്രാഹ്മണിക്കൽ-ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടം അതിനാലാണ് അവർക്കെതിരെ ഉയർന്നുവരുന്ന ജനാധിപത്യ ശബ്ദങ്ങളെ പോലും അടിച്ചമർത്തുന്നത്. ഗൗരി ലങ്കേഷിന്റെ കൊലപാതകം നമ്മുടെ കണ്മുന്നിൽ ഉണ്ടല്ലോ. രണ്ടാമത് ഇത്തരം ഫാസിസ്റ്റ് ശക്തികൾക്കെതിരെ ശബ്ദമുയർത്തുന്നവരെ മാവോയിസ്റ്റ് എന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്യുന്നു. ഇവർ മാവോയിസ്റ്റുകളെ സഹായിച്ചു അവരുടെകൂടെ രാഷ്ട്രീയ പ്രചാരണം നടത്തി അങ്ങനെ അങ്ങനെ വ്യാജ കേസുകൾ രജിസ്റ്റർ ചെയ്ത് അടിച്ചമർത്തുന്നു. ഡോക്ടർ ദിനേശിനെതിരെയുള്ള കേസ് ഇത്തരത്തിലുള്ള ഒരു അടിച്ചമർത്തൽ ആയുധമായാണ് ഭരണകൂടം കാണുന്നത്.

തമിഴ്‌നാട്ടിലും ഇത് തന്നെയാണ് നടക്കുന്നത്. എടപ്പാടി രാമസ്വാമിയുടെ സർക്കാർ കേന്ദ്ര ബി ജെ പിയുടെ പിൻബലത്തിലാണ് ഭരിക്കുന്നത്. ഭരണം നിലനിർത്തണമെങ്കിൽ ബിജെപി സർക്കാരിന്റെ പിന്തുണ ആവശ്യമാണ്. അതിനാൽ മോദി സർക്കാരിന് ജനകീയ സമരങ്ങളോടുള്ള അതെ അടിച്ചമർത്തൽ മനോഭാവം തന്നെയാണ് എടപ്പാടിക്കും തമിഴ്നാട്ടിലുള്ളത്. കർഷകസമരത്തിനെതിരെ സംസാരിച്ച മുഖ്യമന്തിയാണ് എടപ്പാടി. തമിഴ്‌നാട്ടിൽ ജനങ്ങൾക്ക് ഇപ്പോൾ സർക്കാർ നൽകുന്ന സൗജന്യ സാധനങ്ങളോടുള്ള താല്പര്യം വളരെ കുറഞ്ഞു വരുകയാണ്. മുൻപ് അങ്ങനെയല്ലായിരുന്നു.

ഡോക്ടർ ദിനേശിനെ പോലുള്ളവരുടെ അറസ്റ്റ് ജനകീയ പ്രതിഷേധമായി മാറുമോ?

ഡോക്ടർ ദിനേശിനെ പോലെയുള്ളവർക്ക് ജനങ്ങളുടെ ഇടയിൽ സ്നേഹവും മര്യാദയും ഉണ്ടാകും. അത് അദ്ദേഹത്തിന് വളരെയധികം ഉണ്ട്. പ്രധാനമായും കൊച്ചുകുട്ടികൾ അദ്ദേഹത്തോടും നേരെ തിരിച്ചും ഭയങ്കര കൂട്ടാണ്. ജനങ്ങൾക്ക് അദ്ദേഹത്തോട് കേരള എറ്റിഎസ് പെരുമാറിയ വിധത്തോട് മൊത്തത്തിൽ എതിർപ്പുണ്ട്. തനിയെ ഒരു പ്രതിഷേധത്തിൽ ജനങ്ങൾ ഇറങ്ങില്ല. ജനങ്ങളെ ഓർഗനൈസ് ചെയ്ത് മുന്നിൽ നിന്ന് നയിക്കാൻ ഒരു മുന്നണി ഉണ്ടെങ്കിൽ മാത്രമേ ജനകീയ പ്രതിഷേധം ഉണ്ടാവുകയുള്ളു. കാരണം ജനങ്ങൾ പോലീസിന്റെ നടപടിയിൽ കോപത്തിലാണ്. ആ കോപത്തെ എങ്ങനെയാണ് പ്രതിഷേധമായ് മാറ്റുക എന്നതാണ് നമ്മൾ ഓരോരുത്തരും ചിന്തിക്കേണ്ടത്ത്.

ആരാണ് ദിനേശ്?എന്തുകൊണ്ടാണ് അദ്ദേഹത്തെ ഇങ്ങനെ കടത്തിക്കൊണ്ടു പോയി അറസ്റ്റ് ചെയ്തത്? എന്നൊക്കെ ജനങ്ങളോട് ജനകീയ പ്രവർത്തകർ കൃത്യമായി പറഞ്ഞ് മനസിലാക്കിപ്പിക്കണം. കാരണം പത്ര മാധ്യമങ്ങൾ പോലീസിന്റെ ഭാഷ്യമാണ് ഈ വിഷയത്തിൽ സംസാരിക്കുന്നത്. ജനങ്ങൾ അത്തരം വാർത്തകളും ശ്രദ്ധിക്കുകയാണ്. അദ്ദേഹത്തിനെതിരെ എടുത്ത കേസ് വ്യാജ കേസ് ആണെന്ന് ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതുണ്ട്. തീർച്ചയായും ഒരു മുന്നണി ശക്തി മുൻപിൽ നിന്ന് നയിച്ചാൽ ജനങ്ങൾ മുന്നോട്ട് വരികതന്നെ ചെയ്യും. ചരിത്രം അതാണ് നമ്മളെ പഠിപ്പിച്ചിട്ടുള്ളതും. ജനങ്ങളിന്മേൽ ഒരിക്കലും നിരാശപ്പെടരുത്. ജനങ്ങൾ ആണ് ശക്തി. ബ്രാഹ്മണിക്കൽ-ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂട നടപടികൾക്കെതിരെ ജനങ്ങളെ അണിനിരത്തുക എന്നതാണ് പ്രധാന കർത്തവ്യമായി ജനാധിപത്യ ശക്തികൾ കാണേണ്ടതും അതിനുവേണ്ടി പ്രവർത്തിക്കേണ്ടതും.

കോവിഡ് കാലത്തിലും ഡോക്ടർ ദിനേശിനെ പിണറായിയുടെ എറ്റിഎസ് അറസ്റ്റ് ചെയ്തതതിനെ കുറിച്ച് …

കോവിഡ് കാലത്തായാലും ശെരി ഏത് സമയത്താലും ശെരി ഭരണവർഗം അവർക്കെതിരെ ഉയരുന്ന ശബ്ദങ്ങളെ അടിച്ചമർത്തുക എന്ന ഒരു ലക്ഷ്യം മാത്രമേ ഉണ്ടാവുകയുള്ളു. കേരളത്തിൽ വളർന്നു വരുന്നതായി പറയപ്പെടുന്ന മാവോയിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അടിച്ചമർത്തുക എന്ന പ്രധാന ലക്ഷ്യത്തോടെ പ്രവർത്തിക്കുകയാണ് പിണറായി സർക്കാർ. യാഥാർത്ഥത്തിൽ വർഗ സമരം നടക്കുമ്പോൾ ചൂഷകവർഗത്തോടോപ്പോം നിന്നുകൊണ്ട് പകൽ വെളിച്ചം പോലെ ഫാസിസ്റ്റ് അടിച്ചമർത്തൽ നടത്തുകയാണ് പിണറായി.

പിണറായി സർക്കാരിനെതിരെ ജനങ്ങൾക്ക് അതൃപ്‌തി വർദ്ദിച്ചുവരുകയാണ്. ചില പത്ര മാധ്യമങ്ങളിലൂടെ പലരും ലേഖനങ്ങൾ എഴുതുന്നുണ്ട്. ഫാസിസ്റ്റ് ശക്തികൾ നാളെ എന്ത് നടക്കും എന്ന് ഒരിക്കലും ആലോചിക്കാറില്ല. ഹിറ്റ്ലർ എന്തിന്നെ കുറിച്ചാണ് വേവലാതിപ്പെട്ടത്? മോദി സർക്കാരും അതെ പാതയിലാണ്. ഈ പാതക്ക് വെഞ്ചാമരം വീശുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. വ്യാജ കമ്മ്യൂണിസ്റ്റ് ഭരണകൂടമായ പിണറായിക്ക് മഹാമാരിയോ വേറെ ഒന്നും തന്നെ അവരുടെ അടിച്ചമർത്തലിനെ ബാധിക്കില്ല എന്നതാണ് വാസ്തവം. കാരണം,പിണറായി സർക്കാർ ഒരിക്കലും മനുഷ്യ സ്നേഹിഭരണകൂടമല്ല. സ്വന്തമായി ലാഭം കോർപ്പറേറ്റ് കമ്പനികളിൽ നിന്നോ മറ്റും ലഭിക്കാൻ വേണ്ടി വികസനത്തിന്റെ പേരിൽ ജനകീയ സമരങ്ങളെയും സമരപ്രവർത്തകരെയും അടിച്ചമർത്താൻ വേണ്ടി മോദി ഭരണകൂടത്തോടോപ്പോം ചേർന്ന് നിൽക്കുകയാണ് പിണറായി വിജയൻ.

ഡോക്ടർ കഫീൽ ഖാന്റെ മോചനത്തിനായി കേരളത്തിൽ ഉയർന്ന ജനകീയ ശബ്ദം എന്തുകൊണ്ട് ഡോക്ടർ ദിനേശിന് വേണ്ടി ഉയരുന്നില്ല?

നമ്മൾ അങ്ങനെ ചിന്തിക്കേണ്ട കാര്യമില്ല. ഡോക്ടർ കഫീൽ ഖാന്റെ പ്രവർത്തനം ജനാധിപത്യപരമായി നിലകൊള്ളുന്ന പല സംഘടനകളോടോപ്പം ചേർന്ന് അദ്ദേഹം ഹിന്ദുത്വ-ഫാസിസ്റ്റ് ശക്തികൾക്കെതിരെ പ്രവർത്തിച്ചിരുന്നു.അതുമാത്രമല്ലാതെ ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രികളിൽ ഉണ്ടായ ശിശു മരണ ങ്ങളുടെ യഥാർത്ഥ നിജസ്ത്ഥിതി പുറത്തുകൊണ്ടുവന്ന വ്യക്തിയാണ്. ഡോക്ടർ കഫീൽ ഖാന്റെ പ്രവർത്തനം, അതൊരു ചെറിയ വിഷയമല്ല. പക്ഷെ, ഡോക്ടർ ദിനേശിനെ പിണറായി സർക്കാർ മുദ്രകുത്തിയിരിക്കുന്നത് മാവോയിസ്റ്റ് എന്നാണ്. അതിന്റെ പേരിൽ അടിച്ചമർത്തൽ നടത്തുകയാണ് പിണറായി പോലീസും ഭരണകൂടവും. ജനകീയ പ്രതിരോധ ശബ്ദങ്ങൾ ഇത്തരം അടിച്ചമർത്തലുകളെ എങ്ങനെ കാണുന്നു എന്നതും പ്രധാനവിഷയമാണ്.

പോലീസ് അടിച്ചമർത്തൽ ഭീകരമായി കൊണ്ടിരിക്കുന്ന ഈ വേളയിൽ വിമത ശബ്ദങ്ങളെ തെരഞ്ഞുപിടിച്ച് അടിച്ചമർത്തുകയാണ്. ഈ അടിച്ചമർത്തൽ മറികടക്കുവാൻ കുറച്ച് സമയം എടുക്കും എന്നതാണ് വാസ്തവം. കാരണം,ദിനേശിന്റെ അറസ്റ്റിൽ ആദ്യം മുതലേ അദ്ദേഹത്തിനെതിരെ എടുത്ത കേസ് അങ്ങനെ എല്ലാം കൊണ്ടും വ്യാജ പ്രചാരണങ്ങളാണ് പിണറായി സർക്കാർ അഴിച്ചുവിട്ടിരിക്കുന്നത്. ഇതിനെയെല്ലാം മറികടക്കണമെങ്കിൽ ഈ വിഷയത്തെ മുന്നിൽ നിന്നുകൊണ്ട് അടിച്ചമർത്തലിനെതിരെ ശബ്ദം ഉയർത്തിയാൽ മാത്രമേ അത് ഒരു വലിയ പ്രതിഷേധമായി മാറുകയുള്ളൂ. ബ്രാഹ്മണിക്കൽ-ഹിന്ദു ഫാസിസ്റ്റ് ശക്തികൾക്കെതിരെ പോരാടാൻ അവർക്കെതിരെ ശബ്ദമുയർത്തുന്നവരെകൂടി കൂട്ടിയോജിപ്പിച്ച് കൊണ്ട് ഡോക്ടർ ദിനേശിന്റെ മോചനത്തിനായി മുന്നേറാൻ കഴിയും എന്നാണ് എന്റെ വിശ്വാസം.അതിനുള്ള എല്ലാ സാധ്യതകളും കേരളത്തിലുണ്ട്,അത് നടക്കും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.

സിപിഎം-പിണറായി സർക്കാർ നടത്തിയ മാവോയിസ്റ്റ് ‘ഏറ്റുമുട്ടൽ കൊലകൾ’ അതിനെക്കുറിച്ച്…

ഇത് നേരത്തെ ഞാൻ പറഞ്ഞപോലെ ബംഗാളിൽ നടന്ന കാര്യങ്ങൾ ഇതുമായി കുട്ടിവായിക്കാവുന്നതാണ്. അതുമാത്രമല്ല,സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിശ്ചയപ്രകാരം ആന്റി മാവോയിസ്റ്റ് പ്രവർത്തനം നടത്തുകയാണ് പിണറായി സർക്കാർ. അതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ മാവോയിസ്റ്റ് രാഷ്ട്രീയപ്രവർത്തകരുടെ കൊലകൾ നടന്നിരിക്കുന്നത്.മുൻകാലങ്ങളിൽ എൽ ഡി എഫ്നെ കുറച്ച് ലിബറൽ ചിന്താഗതിക്കാരാണ് എന്നൊക്കെ സംസാരിക്കാറുണ്ട്. പക്ഷെ സി പി എം അങ്ങനെയല്ല യാഥാർത്ഥത്തിൽ പ്രവർത്തിക്കുന്നത്.എന്തിന്, കേന്ദ്രം കോൺഗ്രസ്സ് ഭരിക്കുന്ന കാലത്തും ഇത്തരം അടിച്ചമർത്തലുകൾ നടന്നിട്ടുണ്ട്. ഗ്രീൻഹണ്ട് കോൺഗ്രസിന്റെ ഭരണത്തിൽ ചിദംബരത്തിന്റെ നേതൃത്വത്തിലല്ലെ നടന്നത്. മോദി സർക്കാർ കുറച്ചുകൂടി അടിച്ചമർത്തൽ ശക്തമാകുന്നു എന്നതാണ് വാസ്തവം. ഇതിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ടത് ജനകീയ സമരത്തെയും വിമത രാഷ്ട്രീയ ശബ്ദങ്ങളെയും അടിച്ചമർത്തുന്നതിൽ ഇവരെല്ലാരും ഒറ്റക്കെട്ടാണ്. കേരളത്തിൽ നടന്ന ‘ഏറ്റുമുട്ടൽ കൊലകൾ’ക്കെതിരെ പ്രതിപക്ഷമായ യൂ ഡി എഫ് ശബ്ദമുയർത്തുന്നത് അവരുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടിമാത്രമാണ്.

പിണറായി സർക്കാരിന്റെ കാലത്ത് കൊല്ലപ്പെട്ട മാവോയിസ്റ്റ് രാഷ്ട്രീയപ്രവർത്തകർ (കുപ്പു ദേവരാജ്,അജിത,സി പി ജലീൽ,മണിവാസകം, അരവിന്ദ്, കാര്‍ത്തി,അജിത,വേൽമുരുകൻ.)

മാവോ പറഞ്ഞ ഒരു ഉദ്ധരണി ഞാൻ ഇവിടെ പറയാൻ ആഗ്രഹിക്കുന്നു.”ശത്രുവിനാൽ ആക്രമിക്കപ്പെടുന്നത് മോശം കാര്യമല്ല അത് ഒരു നല്ല കാര്യമാണ്”. എത്രത്തോളം അടിച്ചമർത്തൽ ഉണ്ടാകുന്നോ അത്രത്തോളം വിമതശബ്ദങ്ങൾ ശക്തിപ്രാപിക്കും. മാവോയിസ്റ്റ് പ്രസ്ഥാനത്തിനെതിരെ നടക്കുന്ന അടിച്ചമർത്തലുകൾ എന്നത് ചില വ്യക്തികളെ മാത്രം കേന്ദ്രികരിച്ച് നടക്കുന്നതല്ല മറിച്ച് ജനങ്ങൾക്കെതിരായും മാവോയിസ്റ്റ് എന്നപേരിൽ അടിച്ചമർത്തൽ നടത്തുകയാണ് ഭരണകൂടം.അപ്പോൾ ജനങ്ങൾ സ്വാഭാവികമായും അടിച്ചമർത്തലിനെതിരെ ശബ്ദമുയർത്തുക തന്നെ ചെയ്യും.അതുവഴി വിമത ശബ്ദങ്ങൾ ശക്തി പ്രാപിക്കുകയും ചെയ്യും.ഇതാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.

അടിച്ചമർത്തലിൽ കഷ്ടങ്ങളും വളരെയധികം നഷ്ടങ്ങളും ഉണ്ടാകുമായിരിക്കാം. പക്ഷെ, നേരത്തെ പറഞ്ഞപോലെ വരാൻ പോകുന്ന സാമ്പത്തിക മാന്ദ്യത്തെ താത്കാലികമായി ഇലെക്ഷൻ്റ പേരിൽ പുകമറ സൃഷ്ടിക്കാൻ കഴിയും.വിപ്ലവപ്രസ്ഥാനങ്ങൾക്ക് ഉയർച്ചയും താഴ്ചയും എപ്പോഴും ഉണ്ടാകും.ഇന്ത്യയിൽ മാവോയിസ്റ്റ് പ്രസ്ഥാങ്ങളെ മുഴുവനുമായി അടിച്ചമർത്താൻ കഴിയും എന്ന മിഥ്യാധാരണയിലാണ് ഭരണവർഗം. ഭരണവർഗം അതിനുള്ള പണി എന്നും ചെയ്തുകൊണ്ടേയിരിക്കും. വരും കാലങ്ങളിൽ വിപ്ലവപ്രസ്ഥാനങ്ങൾക്കാണ് ജങ്ങളിൽക്കിടയിൽ സ്വാധിനം ഉണ്ടാകാൻ പോകുന്നത്.അല്ലാതെ ഇത്തരം സിപിഎം നെ പോലെയുള്ള വ്യാജ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കല്ല. കാരണം,ജനങ്ങൾക്ക് വേണ്ടി അവരുടെ അവകാശങ്ങൾക്ക് വേണ്ടി ആരാണോ സത്യസന്ധമായി വിഷയങ്ങൾ ഉന്നയിക്കുന്നത് എന്ന് ജനങ്ങൾ തന്നെ തിരഞ്ഞെടുക്കും. അതിനാൽ ജനങ്ങൾക്കിടയിൽ മാവോയിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ശക്തമായ സ്വാധിനം ഉണ്ടാവുക തന്നെ ചെയ്യും വാരുംകാലങ്ങളിൽ.


സോഷ്യൽ ഫാസിസ്റ്റുകൾ : വാക്കിൽ സോഷ്യലിസവും പ്രവർത്തിയിൽ ഫാസിസിസവും നടപ്പാക്കുന്നവർ.