അംബേദ്കര്‍ : വര്‍ത്തമാനവും ഭാവിയും

കഴിഞ്ഞ നാല് ദശാബ്ദക്കാലത്തിലേറെയായി ദലിതര്‍ തങ്ങളുടെ യഥാര്‍ത്ഥ ദൈവത്തെപ്പോലെ ആരാധനയോടെ അംബേദ്ക്കറെ പിന്തുടരുകയും അദ്ദേഹത്തിന്റെ ശാസനകളെ അത്യുത്സാഹത്തോടെ അനുസരിക്കുകയും ചെയ്തതായാണ്‌ അവകാശപ്പെടുന്നത്‌. അവരുടെ സാമൂഹ്യജീവിതം അംബേദക്കറിസമെന്ന്‌ വിളിക്കുന്ന, അവരുടെ മോചനത്തിന്റെ വസ്തുതാ ശാസ്ത്രത്താല്‍ ആലംകൃതമാക്കിയിരിക്കുന്നു. അതു സത്യമാണെങ്കില്‍ (ആരും ഇത്‌ നിഷേധിക്കുകയില്ല) ഒരു ചോദ്യത്തിന്‌ പ്രസക്തിയുണ്ട്‌. കുറ്റമറ്റരീതിയില്‍ അംബേദ്ക്കറെ പിന്‍തുടര്‍ന്നിട്ടും അവര്‍ ഇപ്പോഴും എല്ലാ അര്‍ത്ഥത്തിലും ശോചനീയമായ അവസ്ഥയില്‍ തുടരുന്നതെന്തുകൊണ്ട് ? സര്‍ക്കാര്‍ സര്‍വീസുകളിലും പൊതുമേഖലയിലും രാഷിട്രീയത്തിലുമുള്ള ഒരു പിടി ദലിതരെ മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുള്ളവരെല്ലാം തന്നെ ഇന്ത്യന്‍ സമൂഹത്തിന്റെ സാമൂഹ്യവും സാമ്പത്തികവുമായ അധികാര ക്രമത്തില്‍ താഴെ തട്ടിലാണ്‌ തുടരുന്നത്‌. മാധ്യമ പ്രാധാന്യത്തിനുപരി പൊതുവായ നേട്ടത്തിലൂടെ അളക്കപ്പെടുന്ന അവരുടെ രാഷ്ട്രീയം ഇപ്പോഴും താറുമാറായ അവസ്ഥയിലാണ്‌. ദശാബ്ദങ്ങളായി അവരുടെ ആപേക്ഷികാവസ്ഥ അസ്ഥിരതയാണ്‌ പ്രകടിപ്പിക്കുന്നത്‌. അംബദ്ക്കറിലുള്ള അവരുടെ വിശ്വാസവുമായി ബന്ധപ്പെടുത്തുന്ന സംശയം പോലും പല ദലിതര്‍ക്കും അപ്രിയമായേക്കും. തങ്ങളുടെ മോചനത്തിനായി പ്രതിജ്ഞാബദ്ധരായവര്‍ക്ക്‌ പ്രശ്‌നം എവിടെയാണെന്ന്‌ വികാരത്തള്ളിച്ച ഇല്ലാതെ കണ്ടെത്തേണ്ടതും വസ്തുതകളെ സ്പഷ്ടമായി നേരിടേണ്ടതും നിര്‍ണായകമാണ്‌.

സാധാരണയായി, ഈ ചോദ്യത്തോടുള്ള പ്രതികരണമായി ആദ്യത്തെ കോപാകുലമായ പൊട്ടിത്തെറി ക്കലിനപ്പുറം, കാര്യങ്ങളെ കുറച്ചു കൂടി ഗൗരവത്തോടെ ഒരാള്‍ക്ക്‌ നേരിടേണ്ടതുണ്ട്‌. ദലിതര്‍ സ്വാഭാവികമായി തങ്ങളുടെ പരിതാപകരമായ അവസ്ഥയെ മൂന്ന്‌ കാരണങ്ങളിലാണ്‌ ആരോപിക്കുന്നത്‌. അംബേദ്ക്കറിനുശേഷം കഴിവുറ്റ നേതൃത്യം ഇല്ലാത്ത അവസ്ഥ, തങ്ങളെ ഉപേക്ഷിച്ച്‌ ദലിത്‌ ബ്രാഹ്മണര്‍ ചമയുന്ന വിദ്യസമ്പന്നരായ ദലിതര്‍, ചിലപ്പോഴൊക്കെ തീര്‍ത്തും സ്വാര്‍ത്ഥരായ ജനങ്ങള്‍ എന്നിവരാണ്‌ ഇതിനുള്ള കാരണമായി അവര്‍ കണ്ടെത്തുന്നത്‌. അംബേദ്ക്കര്‍ നിര്‍മ്മിച്ച ഭരണഘടനയുടെ ഫലത്തെ നിര്‍വീര്യമാക്കിയ മേല്‍ ജാതി ആധിപത്യത്തിനെതിരെയും ആ വിരലുകൾ ചൂണ്ടപ്പെടാറുണ്ട്. ചിലർ,പ്രത്യേകിച്ചും ദലിത് നേത്യതം ദലിത് പ്രസ്ഥാനത്തിന്‌ എന്തോ ചില കുഴപ്പമുണ്ടെന്ന അടിസ്ഥാന പ്രസ്താവന നിഷേധിക്കാറുണ്ട്. അവര്‍ തങ്ങളുടെയോ തങ്ങളെപ്പോലുളള മറ്റ് ‌ചിലരുടെ യോ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി തങ്ങളുടെ സമുഹത്തിന്റെ അഭിവൃദ്ധി കാണിക്കാറുണ്ട്. ഇപ്പോള്‍ കാണുന്ന രൂപാന്തരാവസ്ഥയുടെതാണ്‌ഇവയെന്ന് കുറച്ചുകൂടി ബോധവാന്മാരായവര്‍ വാദിച്ചേക്കാം.

ഇവയ്‌ക്കെല്ലാം കുറെയൊക്കെ സാധുത അനുവദിച്ചുകൊടുത്താല്‍പോലും ഭൂരിപക്ഷം വരുന്ന ദലിത ജനതയുടെ അവസ്ഥ അപകടകരമാം വിധം ദയനീയമാണെന്ന വസ്തുത മറച്ചുവക്കാനാവില്ല. ഈ അവസ്ഥയ്ക്ക്‌ പിന്നിലെ കാരണങ്ങളുടെ ബാഹ്യവത്ക്കരണം ദലിതരെ അൽപംപോലും സഹായിച്ചില്ല. തങ്ങളുടെ പ്രത്യയശാസ്ത്രത്തിനാണോ അവയുടെ പ്രയോഗത്തിനാണോ അതോ രണ്ടിനും കൂടിയാണോ തെറ്റുപറ്റിയതെന്ന് ദലിതര്‍ സ്വയം വിമര്‍ശനപരമായി നോക്കി കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അംബേദ്ക്കറിന്‌ ശേഷമുള്ള ദലിത്‌ പ്രസ്ഥാനത്തിലെ ചില പ്രത്യേക നാഴികക്കല്ലുകളെ വിശകലനം ചെയ്യുമ്പോള്‍ പല അസാധാരണ സംഭവങ്ങളും, അദ്ദേഹത്തിന്റെ ശാസനകളും സത്തയുമായി ഒട്ടും പൊരുത്തപ്പെടാത്തവയാണെന്ന്‌ കാണാം. ശരിയായ അംബേദ്ക്കറും, ദലിത്‌ ജനതയുടെ വിശ്വാസത്തിലുള്ള അംബേദ്ക്കറുടെ ബിംബവും തമ്മിലുള്ള വൈരുദ്ധ്യം ഈ വിശകലനത്തിലെ ഒരു തര്‍ക്കവിഷയമാകുന്നു. അദ്ദേഹത്തിന്റെ അനുശാസനകളുടെ എല്ലാ വശങ്ങളുമായി ബന്ധപ്പെട്ട്‌ വ്യത്യസ്തരീതിയില്‍ വളച്ചൊടിക്കപ്പെട്ടും ഓരോ ബിംബങ്ങള്‍ ഉത്ഭവിക്കാറുണ്ട്. ദലിത് ജനതയെ സ്വാധീനിക്കുന്ന ആശയശാസ്ത്രം രൂപീകരിച്ചിടത്തോളം ദലിത്‌ പ്രശ്‌നങ്ങളുടെ അടിവേരായി ഈ ബിംബങ്ങളെ കാണാവുന്നതാണ്. ഇത്തരം ബിംബങ്ങളുടെ നിരവധി സ്രോതസുകളില്‍ അംബേദ്ക്കര്‍ തന്നെ മികച്ച ഒരു സ്രോതസായി കരുതപ്പെടാം. കാരണം യാതൊരു ഭൗതികാടിത്തറയുമില്ലാത്ത ഒരു സങ്കൽപ്പത്തിനുപോലും നിലനിൽപ്പില്ല. അതിനാല്‍, അദ്ദേഹത്തിന്റെ ജീവിതം എത്രയൊക്കെ പരുക്കാനായിരുന്നുവെങ്കിലും ഈ ബിംബങ്ങളെ അത്തരം ഭൗതികാടിത്തറയുമായി ബന്ധപ്പെടുത്താന്‍ സാധിക്കും. വസ്തുതകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ തന്റെ അഭിപ്രായങ്ങളോ,പെരുമാറ്റമോ മാറ്റുന്നതിന് അംബേദ്ക്കറിലെ യുക്തിവാദി ഒരിക്കലും മടികാണിച്ചിരുന്നില്ല.സന്ദർഭം മനസിലാക്കാതെ അവയെ വീക്ഷിക്കുന്നവർക്ക് അവ അനൗചിത്യങ്ങളായി തോന്നിയേക്കാം.തന്റെ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷത്തിലെ നിയന്ത്രണ കേന്ദ്രങ്ങളിൽ നിന്നുള്ള അംബേദ്ക്കറുടെ അകലം, അദ്ദേഹത്തിന് ആശയവിനിമയം നടത്തേണ്ടിയിരുന്ന വ്യത്യസ്ത തരക്കാരായ കേള്‍വിക്കാര്‍ (ഇംഗ്ലീഷുകാര്‍ മുതല്‍ നിരക്ഷരരായ ദലിതര്‍ വരെ), സ്വാതന്ത്യപൂര്‍വ്വ രാഷ്ട്രീയത്തില്‍ നിന്നുടലെടുക്കുന്ന സമുദായങ്ങളുടെ യാന്ത്രികതയോട് പ്രതികരിക്കേണ്ടതിന്റെ അനിവാര്യത, തന്റെ ജീവിതകാലത്തിനുള്ളില്‍ കഴിയാവുന്നത്ര നേട്ടങ്ങള്‍ ദലിതര്‍ക്കായി നേടുന്നതിനെക്കുറിച്ചുള്ള ഉത്കണ്ഠ, ദീര്‍ഘ ദര്‍ശനങ്ങളെ ഒഴിവാക്കിക്കൊണ്ട്‌ ചെയ്യേണ്ട അനിവാര്യതകള്‍ എന്നിവ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളുടെ വൈരുദ്ധ്യങ്ങളെ സങ്കീർണമാക്കി. ഇതില്‍ നിന്ന് ആദ്യം മുതലെടുപ്പ് നടത്തിയത് അദ്ദേഹത്തിന്റെ തന്നെ അനുയായികളായിരുന്നു. അവര്‍ തങ്ങളുടെ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ നേടുന്നതിനായി എളുപ്പം കബളിപ്പിക്കാന്‍ കഴിയുന്ന ദലിത് ജനതയുടെ മനസ്സുകളില്‍ അംബേദ്ക്കറെ വികൃതമായി ചിത്രീകരിക്കുന്ന പ്രവണതയ്ക്ക്‌ തുടക്കം കുറിച്ചു.

എല്ലായ്പോഴും ജനങ്ങളെ വിഘടിപ്പിക്കാനുള്ള മാര്‍ഗം നോക്കുന്ന ഭരണവര്‍ഗ്ഗം ഈ വളച്ചൊടിക്കല്‍ ശക്തമാക്കുകയും എല്ലാ മേഖലയിലും ദലിതരുടെ ഭിന്നിക്കലിന്‌ വേഗത വര്‍ധിപ്പിക്കുകയും ചെയ്തു. തങ്ങള്‍ക്കൊപ്പം നിൽക്കാന്‍ തയ്യാറായ ദലിത്‌ രാഷ്ട്രീയക്കാരോടും ഉയര്‍ന്നു വരുന്ന ഉപരിവര്‍ഗ്ഗത്തിനുമൊപ്പും ചേര്‍ന്ന്‌ അവര്‍ ദലിത്‌ ജനതയുടെ രാഷട്രീയ ഐക്യം തടയാന്‍ കഴിവുള്ള ചില പ്രത്യേക അംബേദ്ക്കർ ബിംബങ്ങളെ പ്രോത്സാഹിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്തു. അതോടൊപ്പം വ്യവസ്ഥിതിക്ക്‌ ആവശ്യമായിരുന്ന വിധം ദലിത്‌ ജനതയെ പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ നീര്‍ച്ചൂഴിയിലേക്ക്‌ വലിച്ചെറിയുകയും ചെയ്തു. ഈ കൗശലം മനസ്സിലാക്കാന്‍ കഴിയാത്ത ദലിതര്‍ ഭരണവര്‍ഗ്ഗം ബോധപൂര്‍വ്വം സൃഷ്ടിച്ച സംഭ്രാന്തിയുടെ പ്രവാഹത്തിനൊപ്പം നിര്‍ബാധം ഒഴുകുകയും ചെയ്തു. ഇന്ന്‌ വര്‍ദ്ധിച്ച രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ തങ്ങളുടെ നിലനില്പിനുള്ള അവസാന അവസരമെന്നരീതിയില്‍ ഭരണവര്‍ഗ്ഗം അംബേദ്ക്കറെ തങ്ങളുടേതാക്കുന്നതിനായി പരസ്പരം മത്സരിക്കുകയാണ്‌.

പക്ഷേ നിര്‍ഭാഗ്യവശാല്‍ ദലിതര്‍ യാഥാര്‍ത്ഥ്യത്തിന്‌ നേര്‍ക്ക്‌ കണ്ണടച്ചുകൊണ്ട് ഭരണവര്‍ഗ്ഗത്തിന്‌ പുതിയ ജീവശ്വാസം നൽകുകയാണ്‌. ഇത്തരം ഭരണവര്‍ഗ്ഗ പ്രവര്‍ത്തനങ്ങളെ അവര്‍ എതിര്‍ത്തില്ലെന്നു മാത്രമല്ല, ജനാധിപത്യരഹിതവും, വര്‍ഗീയവും, അടിസ്ഥാന വര്‍ഗ്ഗത്തിനെതിരായുമുള്ള ഗ്രുപ്പുകളുടെയും പാര്‍ട്ടികളുടെയും അണികളെ അവര്‍ ഉത്സാഹപൂര്‍വം ശക്തിപ്പെടുത്തുകയും ചെയ്തു. ഹിന്ദു നവോത്ഥാനമെന്ന ഫാസിസ്റ്റ്‌ ആശയം പരസ്യമായി പിന്തുണക്കുകയും ഭാരതീയ പാരമ്പര്യത്തിലെ ക്ഷയോന്മുഖമായ എല്ലാ തിന്മകളെയും പ്രതിനിധീകരിക്കുകയും ചെയ്യുന്ന പ്രതിലോമകാരികളുടെ കൂട്ടത്തിലേക്ക് അംബേദ്ക്കറെ കൂടി ഉയർത്തി കാട്ടാനുള്ള തന്റേടം കാട്ടുന്നു. ദലിത്‌ യുവ ജനങ്ങളെ ഫാസിസ്റ്റ്‌ പാളയത്തിലേക്ക്‌ നയിക്കുന്ന സുരക്ഷിതത്വബോധത്തെ മാറ്റിനിര്‍ത്തിയാല്‍, ദലിത്‌ മേലാളന്മാരുടെ ദല്ലാള്‍ സ്വഭാവം ഈ പ്രതിഭാസത്തെ തീര്‍ച്ചയായും സ്വാധീനിച്ചിട്ടുണ്ട്. അംബേദ്ക്കറെ അദ്ദേഹത്തിന്റെ വിപ്ലവസത്തയില്‍ നിന്നും പിഴുതുമാറ്റുക മാത്രമാണ്‌ ഇവര്‍ ചെയ്യുന്നത്‌.

അംബേദ്ക്കറെ ഭരണഘടനയുടെ മുഖ്യശില്പിയായും പാര്‍ലമെന്ററി ജനാധിപത്യവാദിയായും, കലാപത്തിനും വിപ്ലവത്തിനും അനുകൂലമായ ഏതൊരു പ്രത്യയശാസ്ത്രത്തെയും എതിര്‍ക്കുന്ന വ്യക്തിയായും ചിത്രികരിക്കുന്നത്‌ പ്രതിലോമകാരികളെ സംബന്ധിച്ചിടത്തോളം ആവശ്യമായിരുന്നു. ദലിതര്‍ അവരുടെ ജീവിതപുരോഗതിയിലേക്കുള്ള മാറ്റത്തിനായി വളരെ ക്ഷമയോടെ കാത്തിരിക്കണമെന്നും അനുനയത്തോടെ പരിശ്രമിക്കണമെന്നുമുളള വാദത്തെ പിന്തുണയ്ക്കാന്‍ അംബേദ്ക്കറെ ഉയര്‍ത്തി കാട്ടുന്നു. ഭൗതിക കാര്യങ്ങളില്‍ നിന്നും പൂര്‍ണമായി മോചിപ്പിക്കപ്പെടുന്ന, നിര്‍വാണത്തെ പ്രോത്സാഹിപ്ലിക്കുന്ന ഒരു ബോധിസത്വനായി അംബേദ്ക്കര്‍ ചിത്രീകരിക്കപ്പെടുന്നു. ഇത്തരത്തിലുള്ള എല്ലാ പ്രതിച്ഛായകളും ദലിത്‌ വിമോചനസമരത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌. ചില ബിംബങ്ങള്‍ അംബേദ്കറെ ബോധപൂര്‍വ്വം വികലമാക്കുകയാണെങ്കില്‍ മറ്റ്‌ ചിലവ വ്യത്യസ്ത വിഷയങ്ങളിലുള്ള അംബേദ്ക്കറുടെ നിലപാടുകള്‍ സൃഷ്ടിച്ച പ്രതിസന്ധികളെ പ്രതിനിധീകരിക്കുന്നു. വര്‍ത്തമാനകാല ചരിത്രത്തിലെ ജനങ്ങള്‍ക്കനുകുലമായ മാറ്റത്തിന്റെ കാഴ്ചപ്പാടില്‍ നിന്ന്‌ നോക്കുകയാണെങ്കില്‍ ഒരു ജനാധിപത്യ വിപ്ലവം അനിവാര്യമാണെന്നു കാണാം. ഈ വിപ്ലവത്തിന്‌ പിന്നിലെ പ്രേരകശക്തി പൊട്ടിമുളക്കേണ്ടത്‌ ദലിത്‌ ജനതയില്‍ നിന്നു തന്നെയാണ്‌.

രാജ്യത്തെ ഏതൊരു പുരോമോഗമന പ്രസ്ഥാനത്തിന്റെയും നിലനിൽപ്പ് അതിന്റെ അടിത്തറയിലെ ദലിതരും ആദിവാസികളുമാണെന്ന്‌ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യന്‍ വിപ്ലവത്തിന്റെ വളര്‍ച്ചയെ അപകട നിലക്ക്‌ താഴേക്ക്‌ നിയന്ത്രിച്ചു നിര്‍ത്തുന്ന അണക്കെട്ടിന്റെ താക്കോല്‍, ദലിത്‌ അഭിവാജ്ഞകളുടെ പ്രതീകമെന്ന നിലയില്‍ അംബേദ്ക്കറിലാണ് . ഇന്ത്യന്‍ ജനാധിപത്യ വിപ്ലവം യാഥാര്‍ത്ഥ്യമാക്കുന്നതു വരെയും വിപ്ലവകരമായ പ്രതിജ്ഞാബദ്ധതയുടെ അച്ചുതണ്ടായി വര്‍ത്തിക്കാന്‍ പോകുന്ന ദലിതരുടെയും മറ്റ്‌ അടിച്ചമർത്തപ്പെടുന്നവരുടെയും കൈയിലെ പ്രത്യയശാസ്ത്ര ആയുധമായി അംബേദ്ക്കറെ കരുതുകയാണെങ്കില്‍, ഈ ലക്ഷ്യത്തോടു യോജിക്കുന്ന തരത്തില്‍ പുരോഗമനപരമായി അദ്ദേഹത്തെ പുനര്‍നിര്‍വചിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാകും. വസ്തുതകളെക്കുറിച്ചുള്ള ആശയകുഴപ്പത്തിന്റെ പല വശങ്ങളും, അദ്ദേഹത്തിന്റെ ചിന്തയുടെ യുക്തിപരമായ വ്യാഖ്യാനം കൊണ്ട് പരിഹരിക്കാനാകും. പക്ഷേ പല കാരണങ്ങള്‍ കൊണ്ടും തെറ്റായ രൂപത്തില്‍ കാണപ്പെടുന്ന അദ്ദേഹത്തിന്റെ അടിസ്ഥാന ചിന്തകളുടെ വേര്‍തിരിക്കലിന്‌ കഠിനപരിശ്രമം ആവശ്യമായി വരും. ബുദ്ധന്റെ ധര്‍മ്മത്തെ പുനര്‍നിര്‍വചിച്ചതിലൂടെ അംബേദ്ക്കര്‍ തന്നെ വഴികാട്ടിയതുപോലെ ദലിതര്‍ തങ്ങള്‍ക്ക്‌ ശക്തമായ ഒരു പ്രത്യയശാസ്ത്രം ലഭിക്കുവാനായി ഈ കര്‍ത്തവ്യം ഏറ്റെടുക്കേണ്ടതുണ്ട്‌.ഒരു സാമുഹ്യവര്‍ഗ്ഗം എന്ന രീതിയിലുള്ള അവരുടെ ഭാവി ഇതിനെ ആശ്രയിച്ചാണിരിക്കുന്നത്.

ഈ ആവശ്യത്തിലേക്ക്‌ വിരല്‍ ചൂണ്ടുന്ന അനേകം പാതകള്‍ അംബേദ്ക്കര്‍ തന്നെ തുറന്നിട്ടിട്ടുണ്ട്. തന്റെ ജീവിതകാലം മുഴുവന്‍ ചെയ്ത സമരത്തിന്റെ അനഭിലക്ഷണീയമായ പരിണിതഫലങ്ങള്‍ കണ്ട അംബേദ്ക്കര്‍ക്ക്‌ അവസാനകാലത്ത്‌ തീര്‍ത്തും ഇച്ഛാ ഭംഗമുണ്ടായി എന്ന കാര്യത്തില്‍ തര്‍ക്കമില്ല. തന്റെ ജീവിതലക്ഷ്യത്തിന്റെ മുന്നണി പടയാളികളായി താന്‍ കണ്ട വിദ്യാസമ്പന്നരായ ദലിതരുടെ വഞ്ചനയില്‍ അദ്ദേഹത്തിന്‌ വിലപിക്കേണ്ടി വന്നു. ഗ്രാമങ്ങളിലെ തന്റെ ജനതയ്ക്കായി യാതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്ന് അദ്ദേഹത്തിന്‌ പശ്ചാത്തപിക്കേണ്ടി വന്നു. തന്റെ ജീവിതത്തിന്റെ കൂറെ വര്‍ഷങ്ങള്‍ ചെലവഴിച്ച്‌ നിര്‍മിച്ച ഭരണഘടനയെ, അദ്ദേഹത്തിന് തള്ളിപറയേണ്ടി വന്നു.തന്റെ സങ്കൽപ്പത്തിലെ (ഭരണകൂടത്തെയും ന്യൂനപഷങ്ങളേയും കുറിച്ചുളള) ഭരണഘടനക്ക് രൂപംനൽക്കാൻ കഴിയാത്തതിലുള്ള ഇച്ഛാഭംഗം അദ്ദേഹത്തിന് വിഴുങ്ങേണ്ടിവന്നു.റിപ്പബ്ലിക്കന്‍ ഭാരതത്തില്‍ ഉയര്‍ന്നു വന്ന ജനവിരുദ്ധ ഭരണകൂടത്തില്‍ അദ്ദേഹത്തിന് പശ്ചാത്തപിക്കേണ്ടി വന്നു. ഇത്തരം സംഭവങ്ങളുടെ കാരണങ്ങളെ വിലയിരുത്താനുതകുന്ന ഉപകരണങ്ങള്‍ തിര്‍ച്ചയായും അദ്ദേഹത്തിന്റെ കൈവശം ഇല്ലായിരുന്നു.അവസാനകാലത്തുള്ള അദ്ദേഹത്തിന്റെ അമിതമായ മതപ്രതിപത്തിയും ആത്മീയതയും ഈ ഇച്ഛാഭംഗത്തിന്റെ പ്രകടനമായി കണക്കാക്കാന്‍ കഴിയും. ഒരു സാമുഹ്യശാസ്ത്രജ്ഞൻ എല്ലായ്പ്പോഴും പ്രശ്നങ്ങളുമായി ഇടപഴകുന്ന തിരക്കിലാകും. വ്യവസ്ഥിതിയുടെ രൂപകല്പനയിലെ വൈകല്യങ്ങള്‍ മനസ്സിലാക്കാന്‍ അദ്ദേഹത്തിന്‌ കഴി
ഞ്ഞേക്കില്ല. അംബേദ്ക്കര്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന മിക്കവാറും എല്ലാം ഇന്ന് വൈപരീത്യംപോലെ തകര്‍ന്ന നിലയിലാണ്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ സൊസൈറ്റി,ബുദ്ധമതത്തെ കുറിച്ചുളള കാഴ്ച പ്പാടുകള്‍, അദ്ദേഹത്തിന്റെ സങ്കൽപ്പത്തിലെ രാഷ്ട്രീയ പാർട്ടി, സാമൂഹിക പരിഷ്കരണങ്ങൾ എന്നിവ ചില ഉദാഹാരണങ്ങളാണ്‌.ഇത്തരം ദുരന്തകരമായ പരിണത ഫലങ്ങള്‍ വിരല്‍ ചൂണ്ടുന്നത് ദലിത് പ്രസ്ഥാനത്തിനെ അതിന്റെ യുക്തിപരമായ പര്യവസാനത്തിലെത്തിക്കാൻ തക്ക ഒരു ആശയ ശാസ്ത്രം എന്ന നിലയില്‍ അംബേദ്ക്കറുടെ ചിന്തകളെ ഉപയോഗിക്കണമെങ്കില്‍ അവയുടെ വിമര്‍ശനാത്മകമായ വിലയിരുത്തല്‍ ആവശ്യമാണ്‌ എന്നതിലേക്കാണ്‌. ഈ പ്രവര്‍ത്തനം ആത്മാര്‍ത്ഥതയോടെ നടപ്പാക്കുകയാണെങ്കില്‍ ലോകത്തിലെ വിപ്ലവസമരങ്ങളുമായി ദലിത്‌ സമരത്തെയും ജൈവികമായി ബന്ധപ്പെടുത്തുന്ന ഒരു വിപ്ലവബിംബമായി ഈ പുനര്‍നിര്‍വചിക്കപ്പെട്ട അംബേദ്കര്‍ മാറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. തങ്ങള്‍ക്കായി ചെയ്ത എല്ലാ നന്മകളുടെയും പേരില്‍ ദലിതര്‍ അംബേദ്കര്‍ എന്ന ചരിത്രപുരുഷനോട് കടപ്പെട്ടിരിക്കുന്നു. പക്ഷേ വരുംതലമുറ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന പരിധിക്കുള്ളില്‍ തന്നെയായിരിക്കണമെന്ന്‌ ഇതിനര്‍ത്ഥമില്ല. കാരണം അതങ്ങനെയായിരിക്കണമെന്ന്‌ അദ്ദേഹം ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല എന്നതു തന്നെ. അംബേദ്കര്‍ ചിന്തിച്ചതിനും പറഞ്ഞതിനും ഉദ്ദേശിച്ചതിനും വിരുദ്ധമായിട്ടാണ്‌ അംബേദ്ക്കറുടെ പിന്‍തുടര്‍ച്ചക്കാര്‍ പ്രവര്‍ത്തിച്ചത്‌ എന്നതാണ്‌ അദ്ദേഹത്തിന്‌ സംഭവിച്ച ദുരന്തം. അംബേദ്ക്കറോടുള്ള നിന്ദയല്ല മിറിച്ച് അദ്ദേഹത്തോടുള്ള, അടിച്ചമര്‍ത്തപ്പെട്ടവന്റെ ഉന്നമനത്തിനുവേണ്ടിയുള്ള പ്രതിജ്ഞാബദ്ധതയോടുള്ള കൂറാണ്‌ ഈ ആത്മപരിശോധനയെ അനിവാര്യമാക്കേണ്ടത്‌.തന്റെ പ്രമാണങ്ങളും നിഗമനങ്ങളും അനുയായികളുടെ മേല്‍ അടിച്ചേല്പിക്കുന്നതിലൂടെ അവരെ കഴിവുകെട്ടവരാക്കുകയല്ല മറിച്ച്‌ അവരെ ഉണര്‍ത്തുന്നതിലൂടെ അവരുടെ ചിന്താശക്തിയെ പ്രോത്സാഹിപ്പിക്കുകയാണ്‌ ചെയ്യുകയെന്ന്‌ അംബേദ്കര്‍ ഒരിക്കല്‍ പറയുകയുണ്ടായി. ജനതയ്‌ക്ക്‌ ‌ നേതാക്കന്മാരില്‍ നിന്നും മാര്‍ഗ്ഗനിര്‍ദ്ദേശം ലഭിച്ചേക്കാം. എന്നാല്‍ നേതൃത്വത്തിന്റെ തീരുമാനങ്ങള്‍, കാലത്തിനും നീതിക്കും നിരക്കുംവിധമല്ലാതെ സ്വീകരിക്കുന്നതിന്‌ അവര്‍ക്ക്‌ യാതൊരു ബാധ്യതയുമില്ല.

(ഗ്രാംഷി സാംസ്കാരിക പഠനകേന്ദ്രം പ്രസിദ്ധീകരിച്ച ‘അംബേദ്കറും മാർക്സിസവും’ എന്ന ലേഖന സമാഹാരത്തിൽ നിന്നും)