കാലാവസ്ഥാ പ്രതിസന്ധി ഭൂമിയുടെ അച്ചുതണ്ടിനെ മാറ്റിയിട്ടുണ്ട്…

മൊഴിമാറ്റം : പ്രകാശ്

ഹിമാനികൾ വൻതോതിൽ ഉരുകുന്നത് കാരണം ഗ്രഹത്തിന്റെ ഭ്രമണത്തിലുണ്ടാക്കിയിട്ടുള്ള ചരിവ് മനുഷ്യന്റെ പ്രവർത്തനങ്ങളുടെ സ്വാധീനത്തെ കാണിക്കുന്നു.

ആഗോള താപനത്തിന്റെ ഫലമായി ഹിമാനികൾ വൻതോതിൽ ഉരുകുന്നത് 1990 കൾ മുതൽ ഭൂമിയുടെ ഭ്രമണ അക്ഷത്തിൽ പ്രകടമായ മാറ്റങ്ങൾക്ക് കാരണമായതായി ഗവേഷണങ്ങൾ തെളിയിക്കുന്നു. ഇത് മനുഷ്യൻ ഭൂമിക്കുമേൽ ചെലുത്തുന്ന സ്വാധീനത്തെ കാണിക്കുന്നതായി ശാസ്ത്രജ്ഞർ പറയുന്നു.

ഭ്രമണത്തിന്റെ അക്ഷം ഉപരിതലത്തെ കുറുകെ മുറിച്ചുകടക്കുന്ന സ്ഥലമാണ് ഗ്രഹത്തിന്റെ ഭൂമിശാസ്ത്രപരമായ ഉത്തര, ദക്ഷിണ ധ്രുവങ്ങൾ. പക്ഷേ അവ സ്ഥിരമായി നിശ്ചയിക്കപ്പെട്ടവയല്ല. ഗ്രഹത്തിന് ചുറ്റും ഭൂമിയുടെ പിണ്ഡം എങ്ങനെ വിതരണം ചെയ്യപ്പെടുന്നു എന്നതിലെ മാറ്റങ്ങൾക്കനുസരിച്ച് അച്ചുതണ്ടിനും ധ്രുവങ്ങൾക്കും മാറ്റമുണ്ടാകും.

മുൻകാലങ്ങളിൽ, പ്രകൃതിദത്ത ഘടകങ്ങളായ സമുദ്രജല പ്രവാഹങ്ങളും ആഴത്തിലുള്ള, ഭൂമിയിലെ ഉരുകിയ പാറയുടെ സം‌വഹനവും മാത്രമാണ് ധ്രുവങ്ങളുടെ സ്ഥാന ചലനത്തിന് കാരണമായത്. 1990 മുതൽ കാലാവസ്ഥാ പ്രതിസന്ധിയുടെ ഫലമായി സമുദ്രങ്ങളിൽ പ്രതിവർഷം നൂറുകണക്കിന് ബില്യൺ ടൺ ഐസ് നഷ്ടപ്പെടുന്നത് ധ്രുവങ്ങൾ പുതിയ ദിശകളിലേക്ക് നീങ്ങാൻ കാരണമായി എന്നാണ് പുതിയ ഗവേഷണം കാണിക്കുന്നത്.

1995ൽ ധ്രുവങ്ങളുടെ സ്ഥാനചലനത്തിന്റെ ദിശ തെക്ക് നിന്ന് കിഴക്കോട്ട് മാറിയതായും 1995 മുതൽ 2020 വരെയുള്ള ശരാശരി വേഗത 1981 മുതൽ 1995 വരെയുള്ളതിനേക്കാൾ 17 മടങ്ങ് വേഗത്തിലാണെന്നും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.
1980 മുതൽ, ധ്രുവങ്ങളുടെ സ്ഥാനം ഏകദേശം 4 മീറ്റർ ദൂരത്തേക്ക് നീങ്ങിയിരിക്കുന്നു.

“ഹിമാനികൾ ഉരുകുന്നതിന്റെ ഫലമായി, കരഭാഗത്ത് സംഭരിച്ചിരിക്കുന്ന വെള്ളത്തിന്റെ അളവിലുള്ള ത്വരിതഗതിയിലുള്ള ഇടിവാണ് 1990 കളിൽ ദ്രുതഗതിയിലുള്ള ധ്രുവപ്രദേശങ്ങളുടെ സ്ഥാന ചലനത്തിന് കാരണമായത് “,എന്ന് ചൈനീസ് അക്കാദമി ഓഫ് സയൻസിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഗ്രാഫിക് സയൻസ് ആൻഡ് നാച്ചുറൽ റിസോഴ്‌സസ് റിസർച്ചിലെ ഷാൻഷാൻ ഡെങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം പറയുന്നു.

2002ൽ വിക്ഷേപിച്ച ഗ്രേസ് ഉപഗ്രഹത്തിൽ നിന്നുള്ള ഗുരുത്വാകർഷണ സംബന്ധമായ ഡാറ്റ 2005, 2012 വർഷങ്ങളിൽ മഞ്ഞുമലകൾ ഉരുകി ഇല്ലാതാകുന്നതിനെ ധ്രുവത്തിന്റെ ചലനങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ഉപയോഗിച്ചിരുന്നു. ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് 1990 മുതൽ മനുഷ്യ പ്രവർത്തനങ്ങൾ ധ്രുവങ്ങൾ മാറ്റുന്നുവെന്ന് കാണിച്ച ഡെങ്ങിന്റെ ഗവേഷണം ഉപഗ്രഹത്തിന്റെ വിക്ഷേപണത്തിന് മുമ്പുള്ള അവസ്ഥയെക്കുറിച്ച് പറയുന്നതുവഴി പുതിയ അടിത്തറ പാകുന്നു.

ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്സ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ, ഹിമപാളിയുടെ നഷ്ടം സ്ഥാനചലത്തിന് പ്രധാന കാരണമായിട്ടുണ്ടെന്ന് കാണിക്കുന്നു, പക്ഷേ ഭൂഗർഭജലം പമ്പ് ചെയ്യുന്നതും ചലനത്തിന് കാരണമായിരിക്കാം എന്നും പറയുന്നു.

ഭൂഗർഭജലം ഭൂമിക്കടിയിൽ സംഭരിക്കപ്പെരിക്കുന്നു. പക്ഷേ ഒരിക്കൽ കുടിക്കുന്നതിനോ കൃഷിക്കോ വേണ്ടി പമ്പ് ചെയ്താൽ അത് ഒടുവിൽ കടലിലേക്ക് ഒഴുകുന്നു. അങ്ങനെ അതിന്റെ ഭാരം ഭൂമിയിലാകെ പുനർവിന്യാസം ചെയ്യുന്നു. കഴിഞ്ഞ 50 വർഷത്തിനിടയിൽ, 18 ട്രില്യൺ ടൺ വെള്ളം ആഴത്തിലുള്ള ഭൂഗർഭ ജലസംഭരണികളിൽ നിന്ന് പുനസ്ഥാപിക്കാതെ മനുഷ്യൻ നീക്കം ചെയ്തിട്ടുണ്ട്.

മനുഷ്യന്റെ പ്രവർത്തനങ്ങൾ എപ്രകാരമാണ് ഭൂമിയിൽ വലിയ അളവിൽ വെള്ളം പുനർവിതരണം ചെയ്തതെന്ന് ഇത് കാണിക്കുന്നുണ്ടെന്ന് പുതിയ ഗവേഷണങ്ങളിൽ ഉൾപ്പെട്ടിട്ടില്ലാത്ത സ്വിറ്റ്സർലൻഡിലെ സൂറിച്ച് സർവകലാശാലയിലെ വിൻസെന്റ് ഹംഫ്രി പറയുന്നു,“ഈ വലിയ മാറ്റം എത്ര ശക്തമാണെന്ന് ഇത് നിങ്ങളോട് പറയുന്നു – ഭൂമിയുടെ അച്ചുതണ്ട് മാറ്റാൻ കഴിയുന്നത്ര വലിയ മാറ്റമാണ്. എന്നിരുന്നാലും, ഭൂമിയുടെ അച്ചുതണ്ടിന്റെ ചലനം ദൈനംദിന ജീവിതത്തെ ബാധിക്കുന്നത്ര വലുതല്ല, ഇതിന് ഒരു ദിവസത്തിന്റെ ദൈർഘ്യം മാറ്റാൻ കഴിയും, പക്ഷേ മില്ലിസെക്കൻഡിൽ മാത്രം”

ഭൂമിയുടെ അച്യുതണ്ടിനുണ്ടായ മാറ്റം മനുഷ്യന് ഭൂമിക്ക് മേൽ എത്രമാത്രം യാഥാർഥ്യവും ഗാഢമായതുമായ സമ്മർദ്ദം ചെലുത്താൻ കഴിയും എന്ന് കാണിക്കുന്നതായി അരിസോണ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ജൊനാഥൻ ഓവർപെക്ക് പറയുന്നു.

ഈ ആഘാതത്തിന്റെ തോത് പ്രകാരം ഒരു പുതിയ ഭൂമിശാസ്ത്ര യുഗം – ആന്ത്രോപോസീൻ – എന്ന നിലയിൽ ഇതിനെ പ്രഖ്യാപിക്കേണ്ടതുണ്ടെന്നാണ് ചില ശാസ്ത്രജ്ഞർ വാദിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ പകുതി മുതൽ തുടരുന്ന കാർബൺ ഡൈ ഓക്സൈഡ് ബഹിർഗമനം, സമുദ്രനിരപ്പ് ഉയരുന്നത്, വന്യജീവികളുടെ നാശം, കൃഷി-വന നശീകരണം, വികസനം എന്നിവയൊക്കെയാണ് ഭൂമിയുടെ പരിവർത്തനത്തിന് ഹേതുവായി ശാസ്ത്രലോകം വിലയിരുത്തുന്നത്.

ദി ഗാർഡിയനിൽ ഡാമിയൻ കാരിങ്ട്ടൺ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.