സിതാൽ‌കുച്ചി വെടിവയ്പ്പിന്റെ നിഗൂഢത;സിസിടിവി ഫൂട്ടേജ് എവിടെ ?

മൊഴിമാറ്റം:അജിത

ഏപ്രിൽ 10 ന് പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലെ സിതാൽകുച്ചിയിലെ ഒരു ബൂത്തിൽ വോട്ട് രേഖപ്പെടുത്താൻ ക്യൂവിൽ നിൽക്കുകയായിരുന്ന ആളുകൾക്ക് നേരെ സിഐഎസ്എഫ്(സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ) വെടിയുതിർത്തു. നാല് പേർ കൊല്ലപ്പെട്ടു, എല്ലാവരും ന്യൂനപക്ഷ സമുദായത്തിൽ പെട്ടവർ. 50 അല്ലെങ്കിൽ 60 ഓളം സ്ത്രീകൾ അവരുടെ നേരെ വന്ന് അവരുടെ തോക്കുകൾ തട്ടിയെടുക്കാൻ ശ്രമിച്ചു എന്നും, അപ്പോഴാണ് ആത്മരക്ഷയ്ക്കായി വെടിവയ്ക്കാൻ നിർബന്ധിതരായത് എന്നുമാണ് സിഐ‌എസ്‌എഫ് പറയുന്നത്. ആദ്യത്തെ ചോദ്യം, സി‌ഐ‌എസ്‌എഫിനെ നേരിട്ടത് സ്ത്രീകളാണെങ്കിൽ, എന്തുകൊണ്ട് ഒരു സ്ത്രീ പോലും കൊല്ലപ്പെടുകയോ ഒരു സ്ത്രീക്ക് പോലും പരിക്കേൽക്കുകയോ ചെയ്തില്ല? 250 മുതൽ 300 വരെ ആളുകൾ അടങ്ങുന്ന ഒരു സംഘം പോളിംഗ് ബൂത്ത് ആക്രമിക്കാൻ ശ്രമിച്ചതായും സിഐഎസ്എഫ് അവകാശപ്പെട്ടു. അങ്ങനെയാണെങ്കിൽ, എന്തുകൊണ്ട് ആൾക്കൂട്ടത്തിലാരും വെടിവയ്പിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തില്ല? എന്തുകൊണ്ടാണ് ക്യൂവിൽ നിൽക്കുന്ന വോട്ടർമാർ കൊല്ലപ്പെട്ടത്? ഒന്നിനും ഉത്തരമില്ല, വിശദീകരണവുമില്ല.

Source: IBNS

ഏറ്റവും വിചിത്രമായ കാര്യം, പോളിംഗ് ദിവസം പോളിംഗ് ബൂത്തിലും പുറത്തും നടക്കുന്നതെല്ലാം വീഡിയോ റെക്കോർഡ് ചെയ്യേണ്ട നിബന്ധനയുണ്ടെങ്കിലും ആ ദിവസത്തെ സംഭവത്തിന്റെ സിസിടിവി അല്ലെങ്കിൽ വീഡിയോ ഫൂട്ടേജുകൾ ഇതുവരെ ലഭ്യമല്ല എന്നതാണ് .  ഫൂട്ടേജിന്റെ അഭാവത്തിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനോ സിഐ‌എസ്‌എഫിനെ വെടിവയ്ക്കാൻ പ്രേരിപ്പിച്ച സാഹചര്യങ്ങൾ എന്തൊക്കെയാണ് എന്ന് ഉറപ്പ് വരുത്താനോ കഴിയില്ല. തങ്ങൾക്കും കേന്ദ്ര സർക്കാരിനും അസൗകര്യങ്ങൾ ഉണ്ടാക്കുന്ന സത്യം വെളിപ്പെടുത്താൻ അവരുടെ തന്നെ കാരണങ്ങളാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ  ആഗ്രഹിക്കാത്തത് അത് കൊണ്ടാണോ?

ഇവിടെ മറ്റൊരു പ്രധാനപ്പെട്ട ചോദ്യം കൂടിയുണ്ട്. സിആർ‌പി‌എഫിൽ നിന്ന് വ്യത്യസ്തമായി ക്രമസമാധാന പാലനം സിഐ‌എസ്‌എഫിന്റെ ജോലിയല്ല. സ്റ്റീൽ ഫാക്ടറികൾ, വിമാനത്താവളങ്ങൾ, മറ്റ് വ്യാവസായിക സ്ഥാപനങ്ങൾ തുടങ്ങിയ സുപ്രധാന കേന്ദ്ര സ്ഥാപനങ്ങൾ സംരക്ഷിക്കുന്നതിനാണ് ഈ സേന.  അതിനാലാണ് ഇതിനെ കേന്ദ്ര വ്യാവസായിക സുരക്ഷാ സേന എന്ന് വിളിക്കുന്നത്.  സംസ്ഥാന പോലീസിന്റെയോ സിആർ‌പി‌എഫിന്റെയോ ഉത്തരവാദിത്വത്തിൽ വരുന്ന ഡ്യൂട്ടികൾ‌ക്കായി അവരെ എന്തിനാണ് ഉപയോഗിക്കുന്നത്?  കോപാകുലരായ ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക പരിശീലനവും അനുഭവവും ആവശ്യമാണ്, എങ്കിൽ മാത്രമേ സാഹചര്യത്തിന്റെ തീവ്രത മനസ്സിലാക്കി അതിന് യോജിക്കാത്ത രീതിയിലുള്ള ശക്തി പ്രയോഗിക്കാതിരിക്കാൻ കഴിയുകയുള്ളൂ. സിഐഎസ്എഫ്  ക്രമസമാധാന പാലനത്തിന് വേണ്ടിയല്ലാത്തതിനാൽ അവർക്ക് ഇത്തരം അനുഭവം ഇല്ല.

എന്നാൽ വീഡിയോ ടേപ്പുകളുടെ കാര്യമോ? അത് എവിടെ പോയി? തിരഞ്ഞെടുപ്പ് കമ്മീഷനും അതുപോലെ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും  ഇപ്പോഴും ടേപ്പുകളെക്കുറിച്ച് നിശബ്ദത പാലിക്കുന്നത് വിചിത്രമാണ്. ടേപ്പുകൾ കണ്ടെത്തുന്നതുവരെ, ആ നിർഭാഗ്യകരമായ ദിവസം സിതാൽ‌കുച്ചിയിൽ എന്താണ് സംഭവിച്ചതെന്നും വെടിവയ്പിലേക്ക് നയിച്ചതെന്താണെന്നും ഒരിക്കലും വ്യക്തമാകില്ല.  എല്ലാം നിഗൂഢമായി തുടരും. ടേപ്പുകൾ കണ്ടെത്തുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആകെ താൽപ്പര്യമില്ലായ്മയാണ് മറ്റൊരു നിഗൂഢത.

മുതിർന്ന പത്രപ്രവർത്തകനായ ബറൂൺ ദാസ് ഗുപ്ത മെയിൻസ്ട്രീം വീക്കിലിയിൽ എഴുതിയ ലേഖനത്തിന്റെ സ്വാതന്ത്രപരിഭാഷ. ആസാമിലെ ദി ഹിന്ദുവിന്റെ ലേഖകനായിരുന്നു ബറൂൺ.