കാപ്പന്റെ മോചനത്തിനായി സര്‍ക്കാരും, പൊതുസമൂഹവും ഇടപെടുക

കെ പി സേതുനാഥ്

കോവിഡിന്റെ സംഹാരം രാജ്യം മുഴുവന്‍ ചുടലക്കളമാക്കുമ്പോഴും ഭരണകൂട ഭീകരത നിര്‍ബാധം തുടരുന്നുവെന്ന് യുവ പത്രപ്രവര്‍ത്തകനായ സിദിഖ് കാപ്പന്റെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു. കോവിഡ് ബാധിതനായ കാപ്പനെ ആശുപത്രി കിടക്കയില്‍ കൈവിലങ്ങുകള്‍ ചേര്‍ത്ത് ബന്ധിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ മഥുരയിലെ ആശുപത്രിയിലാണ് രോഗബാധിതനായ കാപ്പന്‍. ശുചിമുറിയില്‍ പോവാന്‍ പോലും സാധ്യമല്ലാത്ത ഈയൊരു ദുരവസ്ഥയേക്കാള്‍ ഭേദം തിരികെ ജയിലില്‍ അയക്കുന്നതാണെന്ന് അദ്ദേഹം അറിയിച്ചതായി കാപ്പന്റെ ഭാര്യ വെളിപ്പെടുത്തുന്നു. സംശയത്തിന്റെ പേരില്‍ മാത്രം അറസ്റ്റു ചെയ്യപ്പെടുന്നവര്‍ ഇന്ത്യയിലെ തടവറകളില്‍ അനുഭവിക്കുന്ന നരകയാതനകളുടെ നേര്‍സാക്ഷ്യമാണ് കാപ്പന്റെ ദുരവസ്ഥ. കുറ്റവാളിയെന്നു തെളിഞ്ഞാല്‍ പോലും പാടില്ലാത്ത പീഢനമുറകളാണ് സംശയത്തിന്റെ പേരില്‍ തടവിലായ കാപ്പന്‍ അനുഭവിക്കേണ്ടി വരുന്നത്.

ഇന്ത്യയിലെ ജുഡീഷ്യറിയുടെ ചരിത്രത്തിലെ കളങ്കിതമായ ഒരദ്ധ്യായത്തിന്റെ ഇര കൂടിയാണ് കാപ്പന്‍ എന്ന് ഖേദപൂര്‍വ്വം പറയേണ്ടതുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റു ചെയ്ത കാപ്പന്റെ ജാമ്യാപേക്ഷകള്‍ സുപ്രീം കോടതിയടക്കമുള്ള ജുഡീഷ്യല്‍ സംവിധാനങ്ങള്‍ കൈകാര്യം ചെയ്തതിനെ പറ്റിയുള്ള വിമര്‍ശനങ്ങള്‍ ഗൗതം ഭാട്ടിയയെപ്പോലുള്ള എഴുത്തുകാര്‍ ഇതിനകം വിലയിരുത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഒരുപറ്റം സവര്‍ണ്ണര്‍ 19-വയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം റിപേര്‍ട്ട് ചെയ്യുന്നതിനുള്ള യാത്രയിലാണ് കാപ്പന്‍ അറസ്റ്റു ചെയ്യപ്പെടുന്നത്. അദ്ദേഹത്തിന്റെ സഹയാത്രികരായിരുന്ന രണ്ടുപേര്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകരാണെന്നും പോലീസ് ആരോപിക്കുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനത്തിനുള്ള ഗൂഢാലോചനയിലെ പങ്കാളികളാണ് മൂവരും എന്നാണ് പോലീസിന്റെ ആരോപണം. ഇതു സംബന്ധിച്ച് 5,000-ത്തിലധികം പേജുകളുള്ള കുറ്റപത്രവും ഉത്തര്‍പ്രദേശ് പൊലീസ് നല്‍കിയിട്ടുണ്ട്. കുറ്റപത്രത്തിന്റെ ശരിയും, തെറ്റും വിലയിരുത്താനുള്ള അവകാശം കോടതികള്‍ക്കാണ്. അതിന്റെയര്‍ത്ഥം തടവിലുള്ള കുറ്റാരോപിതനെ തോന്നുന്ന വിധം പീഢിപ്പിക്കുവാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അവകാശമുണ്ടെന്നല്ല. കാപ്പന്റെ കാര്യത്തില്‍ സംഭവിക്കുന്നത് അതാണ്. കുറ്റാരോപിതന് ലഭിക്കേണ്ട ഭരണഘടനാപരമായ അവകാശങ്ങള്‍ കാപ്പന് നിഷേധിക്കപ്പെടുന്നുവെന്ന വസ്തുത കോടതികള്‍ക്ക് മുമ്പാകെ പലതവണ ഉന്നയിക്കപ്പെട്ടുവെങ്കിലും നിര്‍ഭാഗ്യവശാല്‍ വേണ്ട പരിഗണനകള്‍ ഇതുവരെ ലഭിച്ചിട്ടില്ല.

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി കഴിഞ്ഞ ദിവസം ചുമതലയേറ്റ ജസ്റ്റിസ് എന്‍ വി രമണ മനുഷ്യാവകാശങ്ങള്‍ക്കും, പൗരാവകാശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കുന്ന വ്യക്തിയാണെന്നാണ് അദ്ദേഹത്തെ പറ്റിയുള്ള വിവരണങ്ങളില്‍ നിന്നും മനസ്സിലാവുന്നു. കിടക്കയില്‍ കൈവിലങ്ങുമായി ബന്ധിക്കപ്പെട്ട കാപ്പന്റെ ദയനീയസ്ഥിതി വിവരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പത്‌നി രഹെനാത് കാപ്പന്‍ ജസ്റ്റിസ് രമണക്ക് കത്തയച്ചതായി ലൈവ്‌ലാ എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണം റിപോര്‍ട്ട് ചെയ്യുന്നു. കാപ്പനെ ഈ ദുരവസ്ഥയില്‍ നിന്നും മോചിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരും, കേരളത്തിലെ പൊതു സമൂഹവും ഒരു പോലെ ഇടപെടേണ്ട സാഹചര്യം അതിക്രമിച്ചിരിക്കുന്നു. മനുഷ്യാവകാശ പ്രവർത്തകരും, പത്രപ്രവര്‍ത്തക സമൂഹവും ഇക്കാര്യത്തില്‍ ഒരിക്കല്‍ കൂടി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.