ഈ കോവിഡ് മഹാമാരിക്കിടയിലും, ഡൽഹിയിൽ കർഷകസമരം തുടരുന്നുണ്ടെന്ന കാര്യം നിങ്ങൾക്കറിയാമോ?

കയൽവിഴി

ഇതൊരു പഴയ തന്ത്രമാണ്, പണ്ടുമുതലേ ഭരണാധികാരികൾ ഉപയോഗിച്ചതുമാണ്. കാര്യങ്ങൾ ശരിയായി നടക്കാത്തപ്പോൾ, നിങ്ങളുടെ കഴിവില്ലായ്മയിൽ നിന്ന് ഫോക്കസ് മാറ്റി ഏറ്റവും ദുർബലരായവരെ കുറ്റപ്പെടുത്തുക.അതിനാൽ, കോവിഡ്-19 എന്ന മഹാമാരി ദേശീയ തലസ്ഥാനമായ ഡൽഹിയെ നശിപ്പിക്കുന്നതിൽ അതിശയിക്കാനില്ല. സർക്കാരിനോട് അനുഭാവം പുലർത്തുന്ന ടിവി ചാനലുകൾ ഇപ്പോൾ നഗരത്തിലെ ഭയാനകമായ അവസ്ഥയെ കുറ്റപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്, “നഗരത്തിലേക്ക് വരുന്ന ഓക്സിജൻ ട്രക്കുകൾ കർഷകർ തടയുന്നു”എന്നാണ് അവർ പറയുന്നത്.

കഴിഞ്ഞ അഞ്ച് മാസമായി ദില്ലി അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന കർഷകരിൽ നിന്ന് അത്തരമൊരു മനുഷത്വരഹിതമായ നടപടി ഉണ്ടായിട്ടില്ല. കർഷകർസമരവുമായി ബന്ധപ്പെട്ട് കുറെ മാസങ്ങളായി ട്രാക്ടറുകൾ റോഡിൽ പാർക്ക് ചെയ്യുകയും റോഡുകളുടെ വശങ്ങളിൽ അവരുടെ വാസസ്ഥലങ്ങൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ട്രക്കുകൾക്കും ആംബുലൻസുകൾക്കും കാറുകൾക്കും സുഖമായി കടന്നുപോകാൻ ഹൈവേകളുടെ നടുവിൽ ധാരാളം സ്ഥലം അവശേഷിക്കുന്നുണ്ട്.

ഒരു നീണ്ട ലോക്ക്ഡൗൺ ഭയന്ന്, കൂട്ടം കൂട്ടമായി ദില്ലിയിൽ നിന്ന് തൊഴിലാളികൾ പലായനം ചെയ്യുകയാണ്.ഘാസിപ്പൂർ അതിർത്തിക്കടുത്തുള്ള ആനന്ദ് വിഹാർ ബസ് ടെർമിനൽ പോലുള്ള സ്ഥലങ്ങളിൽ അവർ ലങ്കാറിൽ(സൗജന്യ ഭക്ഷണം കിട്ടുന്ന സിക്കുകാരുടെ പൊതുവായ അടുക്കള) നിന്ന് ഭക്ഷണം നൽകുക മാത്രമല്ല, സ്വന്തം കൂടാരങ്ങളിലും ഷെൽട്ടറുകളിലും താമസിക്കാനും തൊഴിലാളികളെ കർഷകർ ക്ഷണിക്കുന്നു.നിങ്ങൾക്ക് ആവശ്യമുള്ളിടത്തോളം കാലം ഞങ്ങളോടൊപ്പം നിൽക്കുക, സ്വന്തം തലയ്ക്ക് മുകളിൽ മേൽക്കൂരയില്ലാത്തവർ കുടിയേറ്റ തൊഴിലാളികളോട് പറയുന്നു. ഞങ്ങൾ നിങ്ങൾക്കായി ഇവിടെയുണ്ട് എന്ന്.

സർക്കാർ അറിയാതെ തന്നെ കർഷകരും കുടിയേറ്റ തൊഴിലാളികളും തമ്മിൽ ഒരു പുതിയ പ്രതീകാത്മക സഖ്യം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ? കാലം നീണ്ടു നിവർന്ന് കിടക്കുകയല്ലേ, കാത്തിരിക്കാം. കോവിഡ്- 19 നെക്കുറിച്ചുള്ള കർഷകരുടെ പ്രതികരണമാണ് അടിയന്തിരമായി ശ്രദ്ധിക്കേണ്ട പ്രധാന കാര്യം.

അവർക്ക് അതിനെ ഭയമില്ലേ? അതോ COVID-19നെ നിഷേധിക്കുന്നവരെ പോലെ, അതിന്റെ നിലനിൽപ്പിനെ പോലും അവർ വിശ്വസിക്കുന്നില്ലേ?

“തീർച്ചയായും കോവിഡ്-19 ന്റെ ഭീഷണി യഥാർത്ഥമാണ്,” തിക്രി അതിർത്തിയിലെ പഞ്ചാബ് കിസാൻ യൂണിയൻ നേതാവ് ജസ്ബീർ കൗർ പറയുന്നു.“ഇത് ഹൃദയഭേദകമായ ഒരു അവസ്ഥയാണ്, ഈ ഭയാനകമായ രോഗത്തിനാൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കായി ഞങ്ങൾ അപലപിക്കുന്നു.മരണം എന്താണെന്ന് ഞങ്ങൾക്കറിയാം.മൂന്ന് കാർഷിക നിയമങ്ങൾ കാരണം ഞങ്ങളുടെ നിലനിൽപ്പിന് ഭീഷണിയുണ്ടെന്ന് കൂടി നിങ്ങൾ മനസ്സിലാക്കണം.ഞങ്ങൾ ഇവിടെ ഇങ്ങനെ സമരം ചെയ്ത് ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടോ?റോഡിൽ ജീവിക്കാൻ ഞങ്ങൾ നിർബന്ധിതരാകുന്നു, കാരണം ഇത് ഞങ്ങൾക്ക് നിലനിൽപ്പിനായുള്ള പോരാട്ടമാണ്.”

കോവിഡ് -19 പോലെയൊന്നില്ലെന്നും ഇത് ഒരു പ്രതിസന്ധിയാണെന്നും കരുതുന്ന കർഷകർ പ്രതിഷേധത്തിൽ ഉണ്ടെന്ന് കൗർ പറയുന്നു.“ഞങ്ങൾ അവരോട് മറ്റുവിധത്തിൽ പറയുന്നുണ്ട്, പക്ഷേ സർക്കാർ നിരവധി വിഷയങ്ങളിൽ വളരെയധികം നുണ പറഞ്ഞതിനാൽ, പകർച്ചവ്യാധിയെക്കുറിച്ച് വിശ്വസിക്കാൻ അവർ വിസമ്മതിക്കുന്നു. വലിയൊരു വിശ്വാസ കമ്മിയിലാണ് ചിലർ. ”

മാസ്കുകളെക്കുറിച്ചും കോവിഡ്-19 പ്രോട്ടോക്കോളുകളെക്കുറിച്ചും ചോദിച്ചപ്പോൾ,“ആരെങ്കിലും രോഗലക്ഷണങ്ങൾ കാണിക്കുകയോ, രോഗബാധിതനായി മാറുകയോ ചെയ്താൽ ഞങ്ങൾ തീർച്ചയായും ആ വ്യക്തിയെ ഐസൊലേറ്റ് ചെയ്യുകയും അവർക്ക് ആവശ്യമായ വൈദ്യസഹായം നൽകുകയും ചെയ്യും.ഇവിടത്തെ പുരുഷന്മാരിൽ പലരും സിഖുകാരാണ്. തലപ്പാവ് കാരണം അവർക്ക് മാസ്ക് ധരിക്കാൻ ബുദ്ധിമുട്ടാണ്. പക്ഷേ, അവർ സമരപന്തലിൽ നിന്ന് പുറത്തിറങ്ങുമ്പോൾ സ്കാർഫുകളും തുണികളും കൊണ്ട് മുഖം മറക്കുന്നുണ്ട്.ഞങ്ങൾ‌ക്കാവുന്നത് ഞങ്ങൾ‌ ചെയ്യുന്നു, പക്ഷേ നിങ്ങളുടെ വീടുകളിൽ‌ നിങ്ങൾ‌ക്ക് പിന്തുടരാൻ‌ എളുപ്പമുള്ള ധാരാളം പ്രോട്ടോക്കോളുകൾ‌ ഞങ്ങൾ‌ക്ക് പിന്തുടരാൻ‌ ബുദ്ധിമുട്ടാണ്, കാരണം ഞങ്ങൾ‌ റോഡിൽ‌ സമരം ചെയ്യുകയാണ്. അത് ഞങ്ങൾക്ക് വേണ്ടിമാത്രമല്ല നിങ്ങൾക്കും കൂടിയാണ് എന്ന് നിങ്ങൾ‌ മനസ്സിലാക്കണം.”

“ഇന്ത്യയിൽ രോഗത്തിൻ്റെ കാര്യത്തിൽ മാത്രമല്ല, ഒരു ജനതയെ പരിപാലിക്കുന്നതിൽ തന്നെ ഇവിടത്തെ സംവിധാനങ്ങൾ പരാജയപ്പെട്ടിരിക്കുകയാണ്.പകർച്ചവ്യാധിയുടെ ഈ രണ്ടാം തരംഗത്തിന് അവശ്യമായ കിടക്കകളും ഓക്സിജൻ സിലിണ്ടറുകളും ഉണ്ടെന്ന് ഉറപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് സർക്കാർ ജനങ്ങളോട് പറയണം.മോദിക്ക് വിമാനങ്ങൾ വാങ്ങാൻ 8,400 കോടി രൂപയും,പുതിയ പാർലമെന്റും പുതിയ സെൻട്രൽ വിസ്റ്റയും നിർമ്മിക്കാൻ 20,000 കോടി രൂപയും വകയിരുത്തുമ്പോൾ, ആശുപത്രി കിടക്കകൾ, വാക്സിനുകൾ, ഓക്സിജൻ സിലിണ്ടറുകൾ എന്നിവയ്ക്കായി ചെലവഴിക്കാൻ മതിയായ പണം ഇല്ലേ? ”

കൗർ അൽ‌പ്പസമയം താൽ‌ക്കാലികമായി നിർ‌ത്തി, പ്രസക്തമായ ഒരു ചോദ്യം ചോദിച്ചു,“പൊതു സുരക്ഷയുടെ ഉത്തരവാദിത്തം നമുക്കാണോ?ഇത് സർക്കാരിൽ നിന്നും ഉണ്ടാകേണ്ടതല്ലേ?എല്ലാവരുടേയും ക്ഷേമത്തെക്കുറിച്ച് അവർ പറയുന്നതുപോലെ, അവർ ഈ നിയമങ്ങൾ തിരിച്ചെടുക്കണം.അപ്പോൾ നമുക്കെല്ലാവർക്കും വീട്ടിലേക്ക് പോകാം.”

കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കുടുംബാംഗങ്ങളുടെ ചിത്രങ്ങൾ വനിതാ കർഷകർ സമരപ്പന്തലിൽ പ്രദർശിപ്പിക്കുന്നു. ചിത്രത്തിന്റെ ഉറവിടം : നവരൻ സിംഗ്(റിപ്പോർട്ടർ).

പെട്ടെന്നുണ്ടായ ഈ അപകടത്തെ അഭിമുഖീകരിക്കുന്ന കർഷകർ സ്വന്തം സുരക്ഷയെക്കുറിച്ച്‌ ആശങ്കാകുലരാണ്.ചുറ്റും ദുരന്തവും വിനാശവും ഉണ്ടായിരുന്നിട്ടും ധാരാളം നഗരവാസികൾക്കും മാധ്യമങ്ങൾക്കും കർഷക പ്രതിഷേധം തുടരേണ്ടതിന്റെ ആവശ്യകതയുടെ ആഴം എന്തെന്ന് ഇനിയും മനസ്സിലായിട്ടില്ലെന്നും കർഷകർക്ക് അറിയാം.

“ദില്ലിയിലെ ഇപ്പോഴത്തെ അവസ്ഥയിൽ ഞങ്ങൾ എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് ആളുകൾ ഞങ്ങളോട് ദേഷ്യപ്പെടുന്നു.വൈറസ് നമ്മെ കൊല്ലുന്നില്ലെങ്കിൽ, മൂന്ന് കാർഷിക നിയമങ്ങൾ തീർച്ചയായും നമ്മെ നശിപ്പിക്കുമെന്ന് അവർക്ക് മനസ്സിലാകുന്നില്ല.ഏതുവിധേനയും ഞങ്ങൾ വിഷമത്തിലാണ്.എന്നാൽ നമ്മുടെ അസ്തിത്വ പ്രതിസന്ധിയെ അടിസ്ഥാനപരമായി സുരക്ഷിതരായവർക്ക് വിശദീകരിക്കാൻ വളരെ പ്രയാസമാണ്. ”

കർഷകർ സ്വന്തം നിലനിൽപ്പിനായി മാത്രമല്ല, ആത്യന്തികമായി അവർ പോറ്റുന്ന രാജ്യത്തിന്റെ നിലനിൽപ്പിനുവേണ്ടിയാണ് പോരാടുന്നതെന്നറിഞ്ഞ് ജനങ്ങൾ തങ്ങളുടെകൂടെ നിൽക്കുമെന്നതിൽ സംശയമില്ല.വരാനിരിക്കുന്നതും വന്നതുമായ പ്രതിസന്ധി പരിഹരിക്കാനുള്ള ഉത്തരവാദിത്തം ഇപ്പോൾ സർക്കാരിനാണ്.

(ദി വയറിൽ പ്രസിദ്ധീകരിച്ച രോഹിതകുമാറിന്റെ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ)