
ഛത്തീസ്ഗഡിലെ ആദിവാസി മനുഷ്യാവകാശ പ്രവര്‍ത്തക ഹിഡ്മേ മാര്‍ക്കത്തിനെതിരെ അന്യായമായി ചുമത്തിയ യുഎപിഎ ഉള്‍പ്പെടെയുള്ള മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്നും അവരെ ജയില്‍ മോചിതയാക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ലോകമൊട്ടാകെയുള്ള ആയിരത്തോളം വരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരും ബുദ്ധിജീവികളും പൗരന്മാരും ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു.
സര്‍ക്കാര്‍ ഒരു ലക്ഷം രൂപ വിലയിട്ട ഹിഡ്മേ മർകം ആരാണ്?
ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലെ ബര്‍ഗം ഗ്രാമത്തിലെ പെര്‍മാപാറ സ്വദേശി, 2016 നും 2020 നും ഇടയില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളില്‍ ഗുരുതരമായ കുറ്റങ്ങള്‍ നേരിടുന്ന ഒളിച്ചോടിയ മാവോയിസ്റ്റ് കലാപകാരി, മുന്‍ സര്‍ക്കാര്‍-സ്‌കൂള്‍ പാചകക്കാരി, ജയില്‍ ബന്ദി റിഹായ് മഞ്ചിന്റെ (അന്യായമായി അറസ്റ്റുചെയ്ത വ്യക്തികളുടെ മോചനത്തിനായുള്ള കമ്മിറ്റി) കണ്‍വീനര്‍, തുടങ്ങി ഉള്ളതും ഇല്ലാത്തതുമായി അനേകം വിലാസങ്ങള്‍ മര്‍ക്കത്തിനായി ചാര്‍ത്തിക്കൊടുത്തി രിക്കുന്നു ഭരണകൂടവും പോലീസും. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ആദിവാസി വിഭാഗമായ ഗോണ്ട് ഗോത്രത്തില്‍പെട്ട 28 കാരിയായ ഹിഡ്മേ മർകം ആരാണ് ?

ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലെ ബര്‍ഗം ഗ്രാമത്തിലെ പെര്‍മാപാറയില്‍ കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ആദിവാസി മനുഷ്യാവകാശ ജനകീയ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ, പോലീസിനോടും കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്കും എതിരെ നിരന്തരം പോരാടിക്കൊണ്ടിരുന്ന മാര്‍ക്കം എത്തിയിട്ടില്ലാത്ത സംഘര്‍ഷബാധിത പ്രദേശങ്ങള്‍ ദന്തേവാഡയില്‍ എവിടെയുമില്ല – പോലീസിന്റെ അതിക്രമങ്ങളുടെ തെളിവുകള്‍ ശേഖരിക്കുക, നിയമപോരാട്ടത്തിനുള്ള തന്ത്രങ്ങള്‍ മെനയുക, വ്യാജ കേസുകളില്‍ പെടുത്തി തടവിലാക്കപ്പെട്ട ആയിരക്കണക്കിന് നിരപരാധികളായ ആദിവാസികളെ മോചിപ്പിക്കാനായുള്ള നിരന്തരശ്രമങ്ങള്‍ നടത്തുക, കൂടാതെ ഹിഡ്മേയും മറ്റ് ഗോത്രാവകാശ പ്രവര്‍ത്തകരും ചേര്‍ന്ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബസ്തര്‍ മേഖലയില്‍ നിര്‍ണായകമായ ചില പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 23 ന് മാവോയിസ്റ്റ് കേസില്‍ പ്രതി ചേര്‍ത്ത് 18 കാരിയായ പാണ്ഡെ കവസിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസ് കസ്റ്റഡിയിലിരിക്കെ പാണ്ഡെ കവസി കൊല്ലപ്പെട്ടു. കവസി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് അവകാശപ്പെടുന്നു. എന്നാല്‍ കവസിയുടെ കുടുംബം ആരോപണം നിഷേധിക്കുകയും പാണ്ഡെയുടെ മരണത്തിനുത്തരവാദികള്‍ പോലീസാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ, മാര്‍ച്ച് 9 ന്, പാണ്ഡെയുടെ മരണത്തില്‍ പ്രതിഷേധിച്ചുകൊണ്ട് അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഹിഡ്മേയും മറ്റ് നൂറുകണക്കിന് ഗ്രാമീണരും ദന്തേവാഡയിലെ സമേലി ഗ്രാമത്തില്‍ ഒത്തുകൂടിയപ്പോള്‍, പ്രാദേശിക ജില്ലാ പോലീസിന്റെയും ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെയും (ഡിആര്‍ജി) സഹായത്തോടെ ഒരു വലിയ കൂട്ടം അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ പെട്ടെന്ന് കടന്നുവരികയും അവരെ അറസ്റ്റു ചെയ്യുകയും ചെയ്തു. ജഗദല്‍പൂര്‍ സെന്‍ട്രല്‍ ജയിലിലെ വനിതാ വിഭാഗത്തിലാണ് ഹിഡ്മേയെ പാര്‍പ്പിച്ചിരിക്കുന്നത്.

2016 ല്‍ പോലീസ് സംഘത്തിന് നേരെ നടന്ന സായുധ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്; കുറഞ്ഞത് നാല് കേസുകളില്‍ കൂടി അറസ്റ്റിനായി അവര്‍ കാത്തിരിക്കുകയാണ്. എല്ലാ കേസുകളിലും ഒരേസമയം കസ്റ്റഡി ആവശ്യപ്പെടുന്നതിനുപകരം, ആദ്യ കേസില്‍ ജാമ്യത്തിന് അപേക്ഷിക്കുമ്പോള്‍ തന്നെ അടുത്ത കേസില്‍ അറസ്റ്റ് ചെയ്യാനുള്ള പതിവ് തന്ത്രം പോലീസ് പയറ്റുമെന്ന് ഹിഡ്മേ മർക്കത്തിന്റെ കുടുംബവും അനുയായികളും ഭയപ്പെടുന്നു. ഈ രീതിയില്‍, പോലീസിന് മർക്കത്തെ ഒരു വര്‍ഷമെങ്കിലും ജയിലില്‍ അടയ്ക്കാന്‍ കഴിയും, അല്ലെങ്കില്‍ അതില്‍ കൂടുതല്‍. കര്‍ശനമായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ യുഎപിഎ നിയമപ്രകാരം ഫയല്‍ ചെയ്ത മറ്റു കേസുകൾ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കുന്നു. അറസ്റ്റിലായ ഉടന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ കൊലപാതകം, കൊലപാതകശ്രമം, ആയുധങ്ങളോ സ്‌ഫോടകവസ്തുക്കളോ കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ മർക്കത്തിനെതിരെ ചുമത്തിയിട്ടുണ്ട്. താന്‍ താമസിയാതെ പോലീസിന്റെ ലക്ഷ്യമാകുമെന്ന് ഹിഡ്മേക്കറിയാമായിരുന്നു. ബസ്തറിലെ ഭരണകൂട അടിച്ചമര്‍ത്തലിനെ അഭിമുഖീകരിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ഓരോ ഗോത്രാവകാശ പ്രവര്‍ത്തകരും സമാനമായ വിധി നേരിടുന്നു.

മധ്യ ഇന്ത്യയിലുടനീളമുള്ള വനിതാ ഗ്രൂപ്പുകള്‍ 2020 നവംബറില്‍ സംഘടിപ്പിച്ച ഒരു ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍, ദന്തേവാഡ ജില്ലയിലെ ഇരുമ്പയിര് സമ്പന്നമായ ബൈലാഡില പര്‍വതങ്ങളില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുടരുന്ന കോര്‍പ്പറേറ്റ് കൊള്ളക്കെതിരെ മർകം ശബ്ദമുയര്‍ത്തിയിരുന്നു.1,300 ദശലക്ഷം ടണ്ണിലധികം ഇരുമ്പയിര് നിക്ഷേപമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ – ബൈലാഡില പര്‍വതങ്ങള്‍ കഴിഞ്ഞ കുറേക്കാലമായി ഖനന കമ്പനികള്‍ നോട്ടമിട്ടതാണ്.ആദിവാസി ഗ്രാമീണര്‍ ഒരു പുണ്യസ്ഥലമായി കാണുന്ന പര്‍വതങ്ങള്‍, ഇല്ലാതാക്കുന്ന ഖനനത്തിനെതിരെയും ഖനികള്‍ക്കായി കാടുകള്‍ വെട്ടിമാറ്റാന്‍ അനുമതി നല്‍കുന്നതിനെതിരെയും അവര്‍ പ്രതിഷേധിച്ചു.

”ഏത് പാര്‍ട്ടിയാണ് അധികാരത്തിലിരിക്കുന്നതെന്നത് പ്രശ്‌നമല്ല, അവര്‍ വന്‍കിട കമ്പനികളെ പിന്തുണയ്ക്കുന്നു, സാധാരണ ആദിവാസികളെ പരിപാലിക്കുന്നില്ല,” മർകം സമ്മേളനത്തില്‍ പറഞ്ഞു.”സര്‍ക്കാര്‍ ഈ ഭൂമി കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്നതിനെതിരെ, പ്രതിഷേധിക്കുന്ന ഗ്രാമീണരെ ജയിലിലടയ്ക്കുന്നു. ഞങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു, പക്ഷേ ഞങ്ങളുടെ പുണ്യഭൂമികളെയും വനങ്ങളെയും സംരക്ഷിക്കാന്‍ ഞങ്ങള്‍ പോരാടും. ഇന്ത്യയില്‍ വിയോജിക്കുന്നവരെ, പ്രത്യേകിച്ച് ആദിവാസികളെയും അവരെ പിന്തുണക്കുന്നവരെയും പലപ്പോഴും ‘ദേശവിരുദ്ധര്‍’ എന്ന് മുദ്രകുത്തുകയും രാജ്യദ്രോഹക്കുറ്റം ചുമത്തുകയോ ക്രൂരമായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (യുഎപിഎ) പ്രകാരം അറസ്റ്റ് ചെയ്ത് തടവിലിടുകയോ ചെയ്യുന്നു”.സർക്കാരിന് ഒരു ലക്ഷം രൂപ വിലയിട്ട് ‘കൊടും കുറ്റവാളി’യായി പ്രഖ്യാപിക്കാൻ മാത്രം ഒരു ആദിവാസി യുവതിയുടെ ഈ വാക്കുകൾ ധാരാളമായിരുന്നു.
#NoOneRapedDalits