പരിസ്ഥിതി വിഷയത്തിൽ എന്തുകൊണ്ട്’എൻജോയ് എൻജാമി’മുന്നിട്ട് നിൽക്കുന്നു?

മൊഴിമാറ്റം:ചെലിയൻ

പരിസ്ഥിതി എന്നാൽ ജൈവവൈവിധ്യത്താൽ സമ്പന്നമായ ഒരു വനമാണോ അതോ മനുഷ്യരും മറ്റുള്ളവയും ഇടപഴകുന്ന ഭൂപ്രകൃതിയാണോ?
എൻജോയ് എൻ‌ജാമിയും അരുതരുതും ഉയർത്തുന്ന ചോദ്യങ്ങൾ…

നാലാഴ്ചയ്ക്കു മുൻപ് പുറത്തിറങ്ങിയ സന്തോഷ് നാരായണൻ നിർമിച്ച ധീയുടെയും അറിവിൻ്റെയും ‘എൻ‌ജോയ് എൻ‌ജാമി’ എന്ന മ്യൂസിക് വീഡിയോ റിലീസ് ചെയ്തയുടനെ വൈറലായി മാറിയിരുന്നു.
ദക്ഷിണേന്ത്യൻ സംഗീത പ്രേമികൾക്കിടയിൽ ഒരു തരംഗമായി മാറി കഴിഞ്ഞ വീഡിയോ ഇപ്പോൾ തന്നെ പതിനൊന്നു കോടിയിലധികം ആളുകൾ കണ്ടു കഴിഞ്ഞു. എൻ‌ജോയ് എൻ‌ജാമിയെപ്പോലെ വൈറലായില്ലെങ്കിലും,അത് റിലീസ് ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷം, കേരളത്തിലെ പ്രശസ്ത ഗായികയായ സിത്താരയുടെ ‘അരുതരുത്’ എന്ന മറ്റൊരു വീഡിയോ പുറത്തിറങ്ങുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

ഒരു സ്ത്രീയും (ധീ) ഒരു റാപ്പറും (അറിവ്), ഗ്രാമത്തിലെ സൗഹാർദ്ദ ജീവിതവും അതിന്റെ സാംസ്കാരിക സമൃദ്ധിയും ജീവനുള്ളവയോടും ഇല്ലാത്തവയോടുമുള്ള അതിന്റെ ബന്ധവും, ആസ്വദിക്കാൻ പറയുന്ന വീഡിയോയാണ് എൻജോയ് എൻജാമി. ഇത് ഓരോ ഘടകങ്ങളെയും വിവരിക്കുകയും ഗ്രാമീണ ജീവിതത്തിന്റെ സൂക്ഷ്മമായ വശങ്ങൾ വിവരിക്കുകയും ചെയ്യുന്നു. രണ്ടാമത്തെ വീഡിയോയിൽ, പരിസ്ഥിതിക്ക് ഹാനികരമായ കാര്യങ്ങൾ “ചെയ്യരുതെന്ന്” ആളുകളോട് ആവശ്യപ്പെടുന്ന ഒരു ഗാനത്തിലൂടെ സിത്താര ഒരു പാരിസ്ഥിതിക അവബോധ സന്ദേശം നൽകുന്നു. ഒറ്റനോട്ടത്തിൽ, ഈ രണ്ട് വീഡിയോകൾക്കിടയിൽ പൊതുവായി ഒന്നും കാണാനില്ല. എന്നിരുന്നാലും ഒരു കാര്യത്തിൽ ഇവ രണ്ടും ഒന്നിക്കുന്നു, രണ്ടും പരിസ്ഥിതിയെന്ന ഒരു വിഷയത്തെക്കുറിച്ച് തന്നെ സംസാരിക്കുന്നു.

ഈ വിഷയത്തിന്റെ സമാനത അല്പം വിഷമകരമാണ്. ഇവിടെ വ്യത്യസ്ഥത വിശദമാക്കുമ്പോൾ യഥാർത്ഥത്തിൽ എന്താണ് ‘പരിസ്ഥിതി’ എന്നതാണ് വിശാലമായ ചോദ്യം? ഇന്ത്യയിലെ പരിസ്ഥിതിവാദത്തെക്കുറിച്ചുള്ള ചില പണ്ഡിതോചിതമായ സംവാദങ്ങൾ ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സഹായിക്കും.

കടുവകൾ, ആനകൾ തുടങ്ങിയ ജീവജാലങ്ങളുടെ ആവാസ കേന്ദ്രമായിട്ടുള്ള,മനുഷ്യന്റെ ഇടപെടലുകൾക്ക് വിലക്കുകളുള്ള, ജൈവവൈവിധ്യത്താൽ സമ്പന്നമായ കളങ്കമേൽക്കാത്ത സ്ഥലമാണോ പരിസ്ഥിതി? അതോ ഇരു വിഭാഗത്തിന്റെയും ക്ഷേമത്തിനായി ഉത്തരവാദിത്ത വാഞ്‌ഛയോടെ മനുഷ്യരും അല്ലാത്തവയും എല്ലാത്തരം ദൈനംദിന പ്രവർത്തനങ്ങളിലും ഇടപെടുന്ന ഒരു ഭൂപ്രകൃതിയാണോ? വടക്കൻ നാടുകളിൽ പരിസ്ഥിതിയെക്കുറിച്ചുള്ള പ്രധാന ധാരണ ജീവജാലങ്ങളെയും അവയുടെ ആവാസ വ്യവസ്ഥകളെയും കേന്ദ്രീകരിച്ച് ആണെന്നും അതിൽ നിന്ന് വ്യത്യസ്തമായി തെക്ക് ഭാഗത്തുള്ള നാടുകളിൽ പ്രധാനമായും മനുഷ്യരെക്കുറിച്ച്, കൂടുതലും സാമൂഹികമായും സാമ്പത്തികമായും അടിച്ചമർത്തപ്പെട്ടവരെക്കുറിച്ച്, ആണെന്നും 1980 കളുടെ തുടക്കത്തിൽ തന്നെ തെക്കൻ ഭൂഖണ്ഡങ്ങളിലെ പാരിസ്ഥിതിക സംഘർഷങ്ങളെക്കുറിച്ച് പഠിക്കുന്ന ഗവേഷകർ രേഖപ്പെടുത്തിയിട്ടുണ്ട്.

സാധാരണ പാശ്ചാത്യ കാഴ്ചപ്പാടിൽ പരിസ്ഥിതി മനുഷ്യരുടേതല്ല, അതുപോലെ തിരിച്ചും, അതായത് മനുഷ്യർ പരിസ്ഥിതിയുടെ ഭാഗമല്ല. പരിസ്ഥിതി നിങ്ങൾ‌ അധിവസിക്കുന്ന അല്ലെങ്കിൽ‌ താമസിക്കുന്ന ഇടമല്ല, വാരാന്ത്യങ്ങളിൽ കാൽ‌നടയാത്രയ്‌ക്ക് പോകുന്ന സ്ഥലമാണ്. തെക്കൻ നാടുകളിൽ പരിസ്ഥിതി നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. നിങ്ങളുടെ വാസസ്ഥലവും നിങ്ങൾക്ക് ഭക്ഷണം നൽകുന്നതും നിങ്ങളുടെ ആരാധനാലയവും നിങ്ങളുടെ വിനോദകേന്ദ്രവും നിങ്ങളുടെ സൂപ്പർ മാർക്കറ്റും എല്ലാം പരിസ്ഥിതിയാണ്.

1970 കളിലെയും 80 കളിലെയും പ്രധാന പാരിസ്ഥിതിക മുന്നേറ്റങ്ങളെക്കുറിച്ചുള്ള രസകരമായ വശം, അവർ ഉന്നയിച്ച പ്രധാന പ്രശ്നങ്ങൾ അവയുടെ സംരക്ഷണത്തെക്കുറിച്ച് അല്ലായിരുന്നു എന്നതാണ്. അവ ഉടമസ്ഥാവകാശത്തെകുറിച്ചും അതിൻ്റെ മേൽനോട്ടത്തെക്കുറിച്ചും ആയിരുന്നു. 1970 കളിൽ മരങ്ങൾ കെട്ടിപ്പിടിച്ച് വനനശീകരണത്തിൽ പ്രതിഷേധിച്ച ഹിമാലയത്തിലെ പർവതഗ്രാമങ്ങളിലെ സ്ത്രീകൾ മരങ്ങൾ സംരക്ഷിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നില്ല. അവർക്ക് മാത്രമേ മരങ്ങൾ വെട്ടിമാറ്റാൻ കഴിയുകയുള്ളൂ എന്നതിലൂടെ ഗ്രാമവാസികൾ കാടിന്റെ മേലുള്ള അവകാശം ഉറപ്പിക്കുകയായിരുന്നു.

മ്യൂസിക് വീഡിയോകളിലേക്ക് മടങ്ങിവരുമ്പോൾ വിറകൊള്ളുന്ന ഭൂമിയും മണ്ണും അതിവേഗം അടിക്കുന്ന ഡ്രമ്മുകളും ചിലങ്കകളിൽ അലങ്കരിച്ച ഒരു ജോടി കാലുകളുടെ നൃത്തവുമാണ് എൻജോയ് എൻജാമിയുടെ ആദ്യ ഫ്രെയിമുകളിൽ. വീഡിയോ പുരോഗമിക്കുമ്പോൾ, അത് പരിസ്ഥിതിയുടെ മേൽ നിലവിലുള്ള അവകാശങ്ങൾ തീവ്രമായ രാഷ്ട്രീയ ഇച്ഛാശക്തിയോടെ സ്ഥാപിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു: “ഞങ്ങൾക്ക് ഭൂമിയും മണ്ണും സ്വന്തമാണ്, കാരണം ഇവിടെ,നദീതീരങ്ങളിലും ഫലഭൂയിഷ്ഠമായ വയലുകളിലും, നന്നായി ജീവിക്കാനുള്ള അനുഗ്രഹം ഞങ്ങളുടെ പൂർവ്വികർ ഞങ്ങൾക്ക് ഔസ്യത്തായി നൽകി, അത് അവർ അവരുടെ ജീവിതത്തിലൂടെ പാടി ഉദ്ഘോഷിച്ചിട്ടുണ്ട് ”.

“കുളങ്ങളും തടാകങ്ങളും നായ്ക്കൾ, കുറുക്കൻ,പൂച്ച ഇവരുടേതുംകൂടിയാണ്” ഇങ്ങനെ അടുത്ത വരികളിൽ ഈ ഗാനം വളരെ കാവ്യാത്മകമായി മനുഷ്യകേന്ദ്രീകരണത്തിൽ നിന്ന് ആഴത്തിലുള്ള പാരിസ്ഥിതിക ആശങ്കയിലേക്ക് പുരോഗമിക്കുന്നു.ഒരു മുഖ്യധാരാ പാരിസ്ഥിതിക സംവാദത്തിൽ സിംഹത്തെയും കടുവയെയും ആനയെയും കേന്ദ്രീകരിച്ചാണ് ചർച്ചകൾ കൂടുതലും. അതിൽ നിന്നെല്ലാം വ്യത്യസ്തമായി തവളകളും കുറുക്കന്മാരും കമ്പിളി പുഴുവുമൊക്കെ പാട്ടിന്റെ വരികളിൽ ഇവർ കൊണ്ടുവരുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. ഫലഭൂയിഷ്ഠത വളർത്തിയ മനുഷ്യ അധ്വാനത്തെക്കുറിച്ച് ഈ ഗാനം തുടരുന്നു. കഠിനാധ്വാനത്തിനിടയിലും അധ്വാനിച്ച ആളുകൾ ഇപ്പോഴും ദുരിതങ്ങൾ അഭിമുഖീകരിക്കുന്ന ഏറ്റവും നിർണായകമായ രാഷ്ട്രീയ ചോദ്യം തുടർന്നുള്ള വരികൾ ഉയർത്തുന്നു.

മറുവശത്ത് സിത്താരയുടെ വീഡിയോ ബോധവൽക്കരണ രീതിയിൽ നിർമിച്ചതാണ്. ഇത് 1970 കളിൽ നിർദ്ദിഷ്ട ഡാമിനെതിരായ പ്രചാരണത്തിൽ പങ്കാളികളായി അറിയപ്പെടുന്ന കേരളത്തിൽ നിന്നുള്ള ശാസ്ത്ര പ്രസ്ഥാനമായ കെ‌എസ്‌എസ്‌പി യുടെ നിരവധി കലജാഥ ഗാനങ്ങളെ ഓർമ്മപ്പെടുത്തുന്നു. വനങ്ങളുടെ പ്രകൃതിഭംഗി, പച്ചപ്പ്, ജലാശയങ്ങൾ കൂടാതെ പരിസ്ഥിതിയെക്കുറിച്ചുള്ള ജനപ്രിയ കാഴ്ചപ്പാടിന്റെ ചേരുവകൾ എന്നിവയുടെ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് വീഡിയോ ആരംഭിക്കുന്നത്.

ഇവിടെ കുറച്ച് പ്രശ്‌നങ്ങൾ ഉയർന്ന് വരുന്നു: ഗായകരോ വീഡിയോയ്‌ക്ക് പിന്നിലുള്ളവരോ ഏതെങ്കിലും തരത്തിൽ ഈ മനോഹരമായ ഭൂപ്രകൃതിയുടെ ഭാഗമാണോ? ഉത്തരം വളരെ വ്യക്തമാണ്. ഈ വീഡിയോയുടെ നിർമ്മാതാക്കളുടെ രാഷ്ട്രീയ ചായ്‌വിനെക്കുറിച്ച് മറ്റൊരു നിർണായക പ്രശ്നവുമുണ്ട്. ഇവിടെ ഈ ഭൂപ്രകൃതിയിൽ തന്നെ വീട്, അവരുടെ വരുമാന മാർഗ്ഗം, ആരാധനാലയം, അവരുടെ ആനന്ദ കേന്ദ്രം തുടങ്ങിയവ കണ്ടെത്തുന്ന മനുഷ്യരുണ്ട്. ‘അരുതരുത്’ എന്നതിന് ശേഷം സിത്താരയുടെ യുട്യൂബ് ചാനലിലെ അടുത്ത വീഡിയോ ഒരു പാരാസെയിലിംഗ് വീഡിയോയാണ്. സിത്താരയ്ക്ക് അത്തരം ആഡംബര വിനോദങ്ങൾ തിരഞ്ഞെടുക്കാം. അതേസമയം രാമചന്ദ്ര ഗുഹ ‘പരിസ്ഥിതി മനുഷ്യർ’ എന്ന് വിളിക്കുന്ന നിരവധി മനുഷ്യർക്ക് പരിസ്ഥിതി തന്നെയാണ് എല്ലാം.

പരിസ്ഥിതിക്ക് മേലുള്ള അവകാശങ്ങൾ നേടി എടുക്കുന്നതിന് വേണ്ടി രാജ്യത്തിന്റെ പല ഭാഗങ്ങളിലും കീഴാള വിഭാഗങ്ങൾ ധാരാളം രാഷ്ട്രീയ മുന്നേറ്റങ്ങൾ നടത്തുന്നുണ്ട്. വിഭവങ്ങളുടെ ഉടമസ്ഥതയെ സംബന്ധിച്ചും സ്വത്വത്തെക്കുറിച്ചും സാമൂഹ്യ നീതിയെ സംബന്ധിച്ചും മറ്റനവധി കാര്യങ്ങളിലും രാഷ്ട്രീയ കാഴ്ചപ്പാടോടെ ചോദ്യങ്ങൾ ഉയർത്തുകയും അതിന് വേണ്ടി പോരാടുകയും ചെയ്യുന്ന രാഷ്ട്രീയ ധാരയിൽ ഉൾപ്പെട്ടതാണോ ഈ സംഗീതജ്ഞർ ?

സിത്താര തീർച്ചയായും നല്ല കഴിവുള്ള ഗായികയാണ്. സിത്താരയുടെ ആശങ്കയും പരിസ്ഥിതി സംരക്ഷണത്തിനുള്ള ശ്രമവും വിലമതിക്കപ്പെടേണ്ടതാണ്. അവരെ പോലെയുള്ള സെലിബ്രിറ്റികളിൽ നിന്നും കലാകാരന്മാരിൽ നിന്നും അത്തരം ശ്രമങ്ങൾ വളരെ അപൂർവമാണ്. കൂടാതെ ഒരു തനത് സംസ്കാരത്തെ ഊന്നിപറയുന്ന എൻജോയ് എൻ‌ജാമി പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യാൻ കഴിയില്ല, കാരണം അത്തരം അവകാശവാദങ്ങൾ ഒരു ജിംഗോയിസ്റ്റിക് ഗോത്ര വാദത്തിൽ നിന്ന് വളരെ അകലെയല്ല എന്നതാണ് ചരിത്രം. എന്നാൽ ഇവയൊന്നും ഈ ലേഖനത്തിന്റെ പരിധിയിൽ വരുന്നവയല്ല.

ക്ലാസിക്കൽ, സെമി ക്ലാസിക്കൽ, നാടോടി, ഫാസ്റ്റ് ബീറ്റ്, മാപ്പിള പാട്ട് തുടങ്ങി സിത്താര പലതരം ഗാനങ്ങൾ ആലപിച്ചു! അവർ എൽഡിഎഫിനായി തിരഞ്ഞെടുപ്പ് പ്രചാരണ ഗാനവും ആലപിച്ചു. ഒരു പിന്നണി ഗായികയുടെ പ്രൊഫഷണൽ കഴിവിനെ സംബന്ധിച്ചിടത്തോളം ഈ മികവ് വിലമതിക്കാനാവാത്തതാണ്. എന്നിരുന്നാലും പ്രത്യക്ഷത്തിൽ ഒരു രീതിയിൽ നിന്നും മറ്റൊരു രീതിയിലേക്ക് അനായാസം മാറുമ്പോഴും ഓരോന്നിന്റെയും ആഴത്തിലുള്ള സാമൂഹ്യവും രാഷ്ട്രീയവുമായ ചരിത്രത്തിന് ഊന്നൽ കൊടുക്കേണ്ടത് പ്രധാനമാണ്.

“നിങ്ങൾ പരിസ്ഥിതിയെ നശിപ്പിക്കരുത്” എന്നാണ് സീതാരയുടെ വീഡിയോ പറയുന്നത്. സാമൂഹികമോ പാരിസ്ഥിതികമോ ആയ നീതിയുടെ ഒരു ചട്ടക്കൂടിന്റെ അഭാവത്തെക്കുറിച്ച് ഇവിടെ കാണാനേയില്ല. സാർവത്രികവും രൂപരഹിതവുമായ ‘നിങ്ങൾ’ അല്ല പരിസ്ഥിതിയെ നശിപ്പിക്കുന്നത്. നമ്മുടേതുപോലുള്ള അടിസ്ഥാനപരമായി അനീതി നിറഞ്ഞ ഒരു സമൂഹത്തിൽ, അതിന്റെ പിന്നിലെ ഘടനകളെയും ശ്രേണികളെയും അംഗീകരിക്കാതെ പാരിസ്ഥിതിക തകർച്ചയെക്കുറിച്ച് സംസാരിക്കുന്നത് പരിസ്ഥിതി ചോദ്യത്തെക്കുറിച്ചുള്ള ഇത്തരത്തിലുള്ള അതിരുകടന്ന ധാരണയിലേക്ക് ഒരാളെ നയിക്കും. അവിടെയാണ് എൻ‌ജോയ് എൻ‌ജാമി വേറിട്ടുനിൽക്കുന്നത്.

(‘ദി ഫെഡറലി’ൽ പ്രസിദ്ധീകരിച്ച രഞ്ജിത്ത് കല്യാണിയുടെ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. ഐഐടി ബോംബെയിലെ ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വകുപ്പിലെ ഗവേഷണ വിദ്യാര്‍ത്ഥിയാണ് രഞ്ജിത്ത് കല്യാണി)