“ഇത് മനുഷ്യത്വം തൊട്ടു തീണ്ടാത്ത ക്രൂരത”

മൊഴിമാറ്റം : മൂർഷിദ്

2017 ല്‍ ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പൊതു വേദിയില്‍ വെച്ച് സര്‍ക്കാര്‍ ഹിന്ദുക്കളുടെ ശ്മശാനങ്ങള്‍ക്ക് ചെലവഴിക്കുന്നതിനെക്കാള്‍ കൂടുതല്‍ മുസ്ലീംങ്ങളുടെ ഖബറിസ്ഥാന് ചെലവഴിക്കുന്നു എന്ന് കുറ്റപ്പെടുത്തുകയും ‘ഒരു ഗ്രാമത്തില്‍ ഒരു ഖബറിസ്ഥാന്‍ നിര്‍മ്മിച്ചാല്‍, അവിടെ ഒരു ശ്മശാനവും നിര്‍മ്മിക്കണം,’ എന്ന വര്‍ഗ്ഗീയ പരാമര്‍ശം നടത്തുകയും ചെയ്തു. ഇന്ത്യയിലെ ശ്മശാനങ്ങളിലെ ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് ഉയര്‍ന്നുവരുന്ന തീജ്വാലകള്‍ അന്താരാഷ്ട്ര പത്രങ്ങളുടെ ഒന്നാം പേജായി മാറുന്നതിലും അങ്ങനെ രാജ്യത്തെ എല്ലാ ഖബറിസ്ഥാനുകളും ശ്മശാനങ്ങളും ശരിയായി പ്രവര്‍ത്തിക്കുന്നതിലും അദ്ദേഹമിപ്പോള്‍ സന്തോഷവാനായിരിക്കും.

ഇന്ത്യയില്‍ വ്യാപിക്കുന്ന പുതിയ കോവിഡ് വകഭേദങ്ങള്‍ സൃഷ്ട്ടിക്കുന്ന പ്രയാസത്തെക്കുറിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് അടുത്തിടെ പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ 130 കോടി ജനസംഖ്യയുള്ള ഇന്ത്യയെ ഒറ്റപ്പെടുത്താന്‍ കഴിയുമോ എന്ന ചോദ്യത്തിന് ”എളുപ്പമല്ല,” എന്നായിരുന്നു മറുപടി. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ലണ്ടനിലും യൂറോപ്പിലും കൊറോണ വൈറസ് പടര്‍ന്നുപിടിക്കുമ്പോള്‍ ഈ ചോദ്യം സമാനമായ രീതിയില്‍ ഉന്നയിക്കപ്പെട്ടിരിക്കാന്‍ സാധ്യതയില്ല. ഈ വര്‍ഷം ജനുവരിയില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ ഞങ്ങളുടെ പ്രധാനമന്ത്രിയുടെ വാക്കുകള്‍ കണക്കിലെടുക്കുമ്പോള്‍, അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ ഇന്ത്യക്കാരായ ഞങ്ങള്‍ക്ക് അവകാശമില്ല. മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ തീവ്രതയില്‍ യൂറോപ്പിലെയും യുഎസിലെയും ആളുകള്‍ ദുരിതമനുഭവിക്കുന്ന സമയത്താണ് മോദി സംസാരിച്ചത്. ഒരു സഹതാപം പോലും പ്രകടിപ്പിക്കാതെ, ഇന്ത്യയുടെ ഇന്‍ഫ്രാസ്ട്രക്ചറിനെക്കുറിച്ചും കോവിഡ് തയ്യാറെടുപ്പിനെക്കുറിച്ചും വീമ്പടിക്കുക മാത്രമാണദ്ദേഹം ചെയ്തത്. മോഡി ഭരണകൂടം ചരിത്രം തിരുത്തിയെഴുതുമ്പോള്‍, ഈ വാക്കുകള്‍ അപ്രത്യക്ഷമാകുകയോ അല്ലെങ്കില്‍ പിന്നീട് കണ്ടെത്താന്‍ പ്രയാസമാവുകയോ ചെയ്യുമെന്ന് ഭയപ്പെട്ടതുകൊണ്ട് ഞാന്‍ ആ പ്രസംഗം ഡൗണ്‍ലോഡ് ചെയ്തു. അതിലെ അമൂല്യമായ ചില വാക്കുകള്‍:

”സുഹൃത്തുക്കളേ, ഈ ആശങ്കകള്‍ക്കിടയില്‍ 130 കോടി ജനങ്ങള്‍ക്ക് ആത്മവിശ്വാസം, പോസിറ്റിവിറ്റി, പ്രത്യാശ എന്നിവയുടെ സന്ദേശം ഞാന്‍ നല്‍കുന്നു. ലോകത്തേറ്റവും കൂടുതല്‍ കൊറോണ ബാധിക്കുന്ന രാജ്യമായി ഇന്ത്യ മാറുമെന്ന് പ്രവചിക്കപ്പെട്ടു. ഇന്ത്യയില്‍ കൊറോണ സുനാമി തന്നെ വരുമെന്ന് അവര്‍ പറഞ്ഞു. 700-800 ദശലക്ഷം ഇന്ത്യക്കാര്‍ക്ക് രോഗം ബാധിക്കുമെന്ന് ആരോ പറഞ്ഞു, മറ്റുള്ളവര്‍ 2 ദശലക്ഷം ഇന്ത്യക്കാര്‍ മരിക്കുമെന്ന് പറഞ്ഞു.”

”’സുഹൃത്തുക്കളേ, ഇന്ത്യയുടെ ഈ വിജയത്തെ മറ്റൊരു രാജ്യവുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. ലോക ജനസംഖ്യയുടെ 18% വസിക്കുന്ന ഒരു രാജ്യത്ത്, കൊറോണ ഫലപ്രദമായി നിയന്ത്രിക്കുന്നതിലൂടെ രാജ്യം ഒരു വലിയ ദുരന്തത്തില്‍ നിന്ന് മനുഷ്യരാശിയെ രക്ഷിച്ചിരിക്കുന്നു.”

കൊറോണ വൈറസ് ഫലപ്രദമായി നിയന്ത്രിച്ച് മനുഷ്യരാശിയെ രക്ഷിക്കാന്‍ മാന്ത്രികനായ മോദി തന്റെ വില്ലെടുത്തിരുന്നുവെങ്കിലും ഇപ്പോള്‍ തനിക്ക് ഈ അവസ്ഥയെ നിയന്ത്രിക്കാനാവില്ലെന്ന് പറയുന്നു, മറ്റ് രാജ്യങ്ങളുടെ അതിര്‍ത്തികള്‍ ഞങ്ങള്‍ക്ക് അടച്ചിരിക്കുകയാണെന്നും വിമാനങ്ങള്‍ റദ്ദാക്കുന്നുവെന്നും ഞങ്ങള്‍ക്കിപ്പോള്‍ അദ്ദേഹത്തോട് പരാതിപ്പെടാനാകുമോ? വൈറസിനോടും പ്രധാനമന്ത്രിയുടെ പാര്‍ട്ടിയോടും അവയുണ്ടാക്കുന്ന വിഢിത്തത്തോടുമൊപ്പം ഞങ്ങള്‍ അടച്ചുവെയ്ക്കപ്പെട്ടിരിക്കുന്നുവെന്നും ഞങ്ങള്‍ക്ക് പരാതിപ്പെടാമോ?കഴിഞ്ഞ വര്‍ഷം കോവിഡിന്റെ ആദ്യ തരംഗത്തിന് ശേഷം സര്‍ക്കാരും അതിന്റെ അണികളും വലിയ ആഘോഷത്തിലായിരുന്നു. നിങ്ങള്‍ ദൈവമാണെന്ന് കരുതുന്നില്ലെങ്കില്‍,
നിഷ്‌കളങ്കവും നിന്ദാകരവുമായ അലങ്കാരപ്രയോഗങ്ങള്‍ ഉപേക്ഷിക്കുകയും ഡാറ്റകള്‍ കൊണ്ടുവരികയും ചെയ്യൂ. – എല്ലാ മഹാമാരികള്‍ക്കും ഒരു രണ്ടാം തരംഗമുണ്ടെന്ന് പറയാന്‍ ഒരു ദൈവത്തെ ആവശ്യമുണ്ടോ?

ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ തീവ്രത ശാസ്ത്രജ്ഞരെയും വൈറോളജിസ്റ്റുകളേയും അത്ഭുപ്പെടുത്തിയെങ്കിലും, കോവിഡ് രണ്ടാം തരംഗം നേരത്തെ പ്രവചിക്കപ്പെട്ടതാണ്. മോദി തന്റെ പ്രസംഗത്തില്‍ അവകാശപ്പെട്ട കോവിഡിനെതിരെയുള്ള ‘ജനകീയ മുന്നേറ്റവും’ കോവിഡ് പ്രതിരോധവും എവിടെ? ആശുപത്രികളില്‍ കിടക്കകളില്ല. ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും ബ്രേക്കിങ്ങ് പോയിന്റിലാണ്. സുഹൃത്തുക്കള്‍ വിളിച്ച്, സ്റ്റാഫില്ലാത്ത, ജീവനുള്ളവരെക്കാള്‍ മൃതശരീരങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വാര്‍ഡുകളെ കുറിച്ച് പറയുന്നു. ആളുകള്‍ ആശുപത്രി വരാന്തകളിലും, റോഡിലും, വീടുകളിലും മരിച്ചു വീഴുകയാണ്. ദില്ലിയിലെ ശ്മശാനങ്ങളിലെ വിറക് തീര്‍ന്നു, നഗരത്തിലെ മരങ്ങള്‍ മുറിക്കാന്‍ വനം വകുപ്പ് പ്രത്യേകാനുമതി നല്‍കുന്നു. പാര്‍ക്കുകളും കാര്‍ പാര്‍ക്കുകളുമുള്‍പ്പടെ നിരാശരായ ആളുകള്‍ അവര്‍ക്ക് കിട്ടുന്നതെന്തും ശ്മശാന സ്ഥലങ്ങളാക്കി മാറ്റുന്നു.

ഞങ്ങള്‍ക്ക് മുകളില്‍, ശ്വാസകോശങ്ങളില്‍ നിന്ന് വായു വലിച്ചെടുക്കുന്ന, അദൃശ്യമായ ഒരു യു.എഫ്.ഒ(Unidentified flying object) പാര്‍ക്ക് ചെയ്ത പ്രതീതിയാണ്. ഇന്നേവരെ അപരിചിതമായ ഒരുതരം വ്യോമാക്രമണം പോലൊന്ന്. ഇന്ത്യയുടെ അനാരോഗ്യകരമായ സ്റ്റോക്ക് എക്സ്ചേഞ്ചിലെ പുതിയ കറന്‍സിയാണ് ഓക്സിജന്‍. രാഷ്ട്രീയപ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, വരേണ്യവര്‍ഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ആശുപത്രി കിടക്കകള്‍ക്കും ഓക്സിജന്‍ സിലിണ്ടറുകള്‍ക്കുമായി ട്വിറ്ററില്‍ അപേക്ഷിക്കുന്നു. സിലിണ്ടറുകളുടെ വിപണി കുതിച്ചുയരുകയാണ്. ഓക്സിജന്‍ നിറയ്ക്കുന്ന മെഷീനുകളും മരുന്നുകളും കിട്ടാന്‍ പ്രയാസമായി.

മോര്‍ച്ചറിയില്‍ സൂക്ഷിച്ച് അടുക്കി വച്ചിരിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി കാണാന്‍ കൈക്കൂലി, അന്ത്യകൂദാശയ്ക്കായ് സമ്മതിക്കാന്‍ പുരോഹിതന് കൈക്കൂലി, നിരാശരായ കുടുംബങ്ങളെ കൊള്ളയടിക്കുന്ന ഓണ്‍ലൈന്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്‍സികലിലെ ക്രൂരരായ ഡോക്ടർമാർ. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കായി നിങ്ങളുടെ വീടും സ്ഥലവും വിറ്റ് അവസാനത്തെ തുട്ടും ഉപയോഗിക്കേണ്ടതുണ്ട്.

ഇതൊന്നും ആഘാതത്തിന്റെ മുഴുവന്‍ ആഴവും വ്യാപ്തിയും എല്ലാറ്റിനുമുപരിയായി ആളുകള്‍ അനുഭവിക്കുന്ന ദുരിതവും അറിയിക്കുന്നില്ല. എന്റെ യുവസുഹൃത്തിന് സംഭവിച്ചത് നോക്കൂ..ദില്ലിയില്‍ മാത്രം ആയിരക്കണക്കിന് സമാന കഥകളുണ്ട്. ഇരുപതുകാരനായ സുഹൃത്ത് ദില്ലിയിലെ ഗാസിയാബാദില്‍ മാതാപിതാക്കള്‍ക്കൊപ്പം ചെറിയ ഫ്ലാറ്റിലാണ് താമസിക്കുന്നത്. മൂന്ന് പേരും കോവിഡ് പോസിറ്റീവ് ആയി. അദ്ദേഹത്തിന്റെ അമ്മ ഗുരുതരാവസ്ഥയിലായി. ആദ്യദിവസങ്ങളിലായതിനാല്‍, അവര്‍ക്ക് ആശുപത്രിയില്‍ കിടക്ക കിട്ടി, കഠിനമായ ബൈപോളാര്‍ വിഷാദരോഗമുള്ള പിതാവിന് ഉറക്കം നഷ്ട്പ്പെടുകയും അക്രമാസക്തനായി സ്വയം ഉപദ്രവിക്കാന്‍ തുടങ്ങുകയും ചെയ്തു. അവരെ അവരുടെ സൈക്യാട്രിസ്റ്റ് ഓണ്‍ലൈന്‍ വഴി സഹായിക്കാന്‍ ശ്രമിച്ചിരുന്നു, പക്ഷെ ആ ഡോക്ടറുടെ ഭര്‍ത്താവ് കോവിഡ് വന്നു മരിച്ചുപോയതിനാല്‍ അവരും നിസ്സഹായവസ്ഥയിലായിരുന്നു. അത് ‌കൊണ്ട് സുഹൃത്തിന്റെ പിതാവിനെ ഉടന്‍ ആശുപത്രിയിലെത്തിക്കണമെന്നാവിശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് ആയതിനാല്‍ ആശുപത്രിയില്‍ ഇടം കിട്ടാന്‍ സാധ്യതയില്ലായിരുന്നു. ഓരോ തവണയും ഞാന്‍ അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ എന്റെ ശ്വാസം തകരാറിലായി. അവസാനമായി, എനിക്ക് ”പിതാവ് മരിച്ചു”എന്ന സന്ദേശം വന്നു: അദ്ദേഹം മരിച്ചത് കോവിഡ് മൂലമല്ല മറിച്ച് തികച്ചും നിസ്സഹായതയില്‍ നിന്നുണ്ടായ മാനസികസമ്മര്‍ദ്ദം കൊണ്ടാണ്.

ആ മൃതദേഹവുമായി അവന്‍ എന്തുചെയ്യും? എനിക്കറിയാവുന്ന എല്ലാവരേയും ഞാന്‍ ബന്ധപ്പെട്ടു, പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനായ ഹര്‍ഷ് മന്ദറിനൊപ്പം പ്രവര്‍ത്തിക്കുന്ന അനിര്‍ബന്‍ ഭട്ടാചാര്യയും ഉള്‍പ്പെടെയുള്ളവരെ ഞാന്‍ ബന്ധപ്പെട്ടു. 2016 ല്‍ തന്റെ സര്‍വ്വകലാശാല കാമ്പസില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ സഹായിച്ചുവെന്ന കുറ്റത്തിന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഭട്ടാചാര്യ വിചാരണ നേരിടാന്‍ പോകുകയാണ്. എന്‍ആര്‍സി, സിഎഎ സമരങ്ങളില്‍ ആളുകളെ അണിനിരത്തിയതിനെ തുടര്‍ന്നാണ് കോവിഡ് മുക്തനാവാത്ത മന്ദറിനെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം നടത്തുന്ന അനാഥാലയങ്ങള്‍ അടച്ചുപൂട്ടുമെന്നും ഭീഷണിപ്പെടുത്തിയത്. ഹെല്‍പ്പ് ലൈനുകള്‍ സ്ഥാപിക്കുകയും ആംബുലന്‍സുകള്‍ സംഘടിപ്പിക്കുകയും ശവസംസ്‌കാര ചടങ്ങുകള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്ന അനേകം പേരില്‍പ്പെട്ടവരാണ് ഇവര്‍.

അവസാനം കാര്യങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാകും. എന്നാല്‍ ആ ദിവസം കാണാന്‍ നമ്മില്‍ ആരാണ് ജീവിച്ചിരിക്കുകയെന്ന് അറിയില്ല. സമ്പന്നര്‍ എളുപ്പത്തില്‍ ശ്വസിക്കും. ദരിദ്രർക്ക് കഴിഞ്ഞെന്ന് വരില്ല. ആശുപത്രികള്‍ ഓക്സിജനുവേണ്ടി യാചിക്കുന്നു. ചിലര്‍ തങ്ങളുടെ സ്വന്തം ഓക്സിജന്‍ സ്‌കീമുകള്‍ കൊണ്ടുവരാന്‍ തുടങ്ങി. ഓക്സിജന്‍ പ്രതിസന്ധി സംസ്ഥാനങ്ങള്‍ തമ്മിലുള്ള രൂക്ഷവും അനിയന്ത്രിതവുമായ പോരാട്ടങ്ങള്‍ക്ക് കാരണമായി, രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളെത്തന്നെ കുറ്റപ്പെടുത്തുന്നു.ഏപ്രില്‍ 22 രാത്രി ഡല്‍ഹിയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രികളിലൊന്നായ സര്‍ ഗംഗാ റാമില്‍ 25 ഓളം കോവിഡ് രോഗികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചു. ഏപ്രില്‍ 24 ന് ജയ്പൂര്‍ ഗോള്‍ഡനിലെ മറ്റൊരു വലിയ ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ 20 രോഗികള്‍ കൂടി മരിച്ചു.

അജയ് മോഹന്‍ ബിഷ്ത് എന്ന യോഗി ആദിത്യനാഥ് തന്റെ സംസ്ഥാനത്തെ ഒരു ആശുപത്രിയിലും ഓക്സിജന്റെ കുറവില്ലെന്നും അത്തരം പ്രചരണം നടത്തുന്നവരെ ദേശീയ സുരക്ഷാ നിയമപ്രകാരം ജാമ്യമില്ലാതെ അറസ്റ്റ് ചെയ്യുമെന്നും അത്തരക്കാരുടെ സ്വത്ത് പിടിച്ചെടുക്കുമെന്നും പ്രഖ്യാപിച്ചു. പരാതിപ്പെടുന്നവര്‍ക്കുള്ള ഭീഷണി ഉത്തര്‍പ്രദേശില്‍ മാത്രമല്ല, മോദിയും അദ്ദേഹത്തിന്റെ നിരവധി മന്ത്രിമാരും അംഗങ്ങളായ ആര്‍എസ്എസി ന്റെ വക്താവ് ”ദേശവിരുദ്ധ ശക്തികള്‍” ഈ പ്രതിസന്ധിയെ തങ്ങള്‍ക്കനുകൂലമാക്കാനായി ഉപയോഗിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.അതിനാല്‍ ഒരു ”പോസിറ്റീവ് അന്തരീക്ഷം” ഉണ്ടാക്കാന്‍ മാധ്യമങ്ങളോട് സഹായം ആവശ്യപ്പെട്ടു.

സര്‍ക്കാരിനെ വിമര്‍ശിക്കുന്ന അക്കൗണ്ടുകള്‍ നിര്‍ജ്ജീവമാക്കി ട്വിറ്റര്‍ അവരെ സഹായിച്ചു.ഹത്രാസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോള്‍ അറസ്റ്റു ചെയ്യപ്പെട്ട മുസ്ലിം പത്രപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനും മറ്റു രണ്ട് പേരും കോവിഡ് ബാധിച്ച് ഗുരുതരമായ രോഗാവസ്ഥയിലാണെന്നും മഥുരയിലെ മെഡിക്കല്‍ കോളേജ് ആശുപത്രി കിടക്കയില്‍ ഭര്‍ത്താവിനെ ”മൃഗത്തെപ്പോലെ” ചങ്ങലക്കിട്ട് കിടത്തിയിരുന്നതായും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് സമര്‍പ്പിച്ച ഹർജിയില്‍ ഭാര്യ പറഞ്ഞിരുന്നു.

ആശ്വാസത്തിനായി നാം എവിടെ പോകും? എത്ര പേര്‍ മരിച്ചു? എത്ര പേര്‍ ജീവിതം വീണ്ടെടുത്തു? എത്ര രോഗബാധിതര്‍? ഏപ്രില്‍ 27 ന് 323,144 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, 2,771 മരണങ്ങള്‍.
ബീഹാറിലെയും ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയും ഗ്രാമങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്ന് നാം ഊഹിക്കണം? 2020 ല്‍ മോദിയുടെ ദേശീയ ലോക്ക്ഡൗണിനെക്കുറിച്ചുള്ള ഓര്‍മ്മയില്‍ പരിഭ്രാന്തരായി നഗരങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് തൊഴിലാളികള്‍ അവരുടെ നാട്ടിലേക്ക് പലായനം ചെയ്യുന്നു. ലോകത്തിലെ ഏറ്റവും കര്‍ശനമായ ലോക്ക്ഡൗണ്‍ ആയിരുന്നു അത്, നാല് മണിക്കൂർ മാത്രം അറിയിപ്പ് നൽകി പ്രഖ്യാപിച്ചത്. അന്യദേശ തൊഴിലാളികള്‍ ജോലിയോ, വാടക നല്‍കാന്‍ പണമോ, ഭക്ഷണമോ, ഗതാഗതമോ ഇല്ലാതെ നഗരങ്ങളില്‍ കുടുങ്ങിപ്പോയി. പലര്‍ക്കും വിദൂര ഗ്രാമങ്ങളിലെ വീടുകളിലേക്ക് നൂറുകണക്കിന് മൈലുകള്‍ നടക്കേണ്ടി വന്നു. നൂറുകണക്കിന് ആളുകള്‍ വഴിയില്‍ മരിച്ചു വീണു. വയറിളക്കം, ക്ഷയം തുടങ്ങിയ എളുപ്പത്തില്‍ ചികിത്സിക്കാന്‍ കഴിയുന്ന രോഗങ്ങളാല്‍ ആളുകള്‍ മരിക്കുന്ന ഗ്രാമങ്ങളാണിവ. ഇവരെങ്ങിനെ കോവിഡിനെ നേരിടും? ഇവര്‍ക്ക് കോവിഡ് ടെസ്റ്റുകള്‍ ലഭ്യമാണോ? ആവശ്യത്തിന് ആശുപത്രികളുണ്ടോ? അവിടെ വേണ്ടത്ര ഓക്സിജനുണ്ടാ? അതിനെല്ലാം അപ്പുറത്ത് അവിടെ സ്നേഹമുണ്ടോ? സ്നേഹം പോട്ടേ, ഇവരുടെ കാര്യത്തില്‍ എന്തെങ്കിലും ആശങ്കയുണ്ടോ? ഒന്നുമില്ല, കാരണം, ഇന്ത്യയുടെ ഹൃദയഭാഗത്ത് തണുത്തു മരവിച്ച ശൂന്യതമാത്രമാണ് നിറഞ്ഞിരിക്കുന്നത്.

ഇന്ന് പുലര്‍ച്ചെ, ഏപ്രില്‍ 28 ന് ഞങ്ങളുടെ സുഹൃത്ത് പ്രഭുഭായ് മരിച്ചുവെന്ന വാര്‍ത്ത വന്നു. മരിക്കുന്നതിനുമുമ്പ്, അദ്ദേഹം തീവ്രമായ കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. പരിശോധനയോ ചികിത്സയോ ഇല്ലാതെ വീട്ടില്‍ വെച്ച് മരിച്ചതിനാല്‍ അദ്ദേഹത്തിന്റെ മരണം ഔദ്യോഗിക കോവിഡ് എണ്ണത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. നര്‍മ്മദ ഡാം വിരുദ്ധ പ്രസ്ഥാനത്തിന്റെ ശക്തനായ നേതാവായിരുന്നു പ്രഭുഭായ്. കെവാഡിയയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ ഞാന്‍ പലതവണ താമസിച്ചിട്ടുണ്ട്. അവിടെ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആദ്യത്തെ തദ്ദേശീയ ഗോത്രവര്‍ഗക്കാരെ ഡാം പണിയുന്നതിനും ഓഫീസര്‍മാരുടെ കോളനിക്ക് ഇടം നല്‍കുന്നതിനുമായി അവരുടെ ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടു. പ്രഭുഭായിയെപ്പോലുള്ള പലായനം ചെയ്യപ്പെട്ട ദരിദ്രരായ കുടുംബങ്ങള്‍ ഇപ്പോഴും ആ കോളനിയുടെ പരിസരപ്രദേശങ്ങളില്‍ തന്നെ തുടരുന്നു.

ഗുജറാത്തിലെ കെവാഡിയയില്‍ ഇപ്പോഴും ആവശ്യത്തിനുള്ള ആശുപത്രികള്‍ ഒന്നും തന്നെയില്ല, പക്ഷേ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ അവിടെയാണുള്ളത്. സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രിയുമായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സാദൃശ്യത്തില്‍ നിര്‍മ്മിച്ച സ്റ്റാച്യു ഓഫ് യൂണിറ്റി, 182 മീറ്റര്‍ ഉയരത്തിലുള്ള ഈ കൂറ്റന്‍ പ്രതിമക്ക് 422 മില്യണ്‍ യുഎസ് ഡോളര്‍ വിലവരും. സര്‍ദാര്‍ പട്ടേലിന്റെ നെഞ്ചില്‍ നിന്ന് നര്‍മദ ഡാം കാണാന്‍ ഉള്ളിലെ അതിവേഗ എലിവേറ്ററുകള്‍ സഞ്ചാരികളെ കൊണ്ടുപോകുന്നു. തീര്‍ച്ചയായും, നദീതട നാഗരികത നശിപ്പിക്കപ്പെട്ടതോ വിശാലമായ ജലസംഭരണിയില്‍ മുങ്ങിപ്പോവുന്നതോ ഒരു ചര്‍ച്ചയേയല്ല, നാഗരികത, സന്തോഷം, പുരോഗതി എന്നിവ ഉള്‍ക്കൊള്ളുന്ന സ്വീകാര്യമായ ആശയങ്ങള്‍ക്ക് എതിരാണ് ഒരു ഡാം. 2018 ഒക്ടോബറിലാണ് അദ്ദേഹം ആ പ്രതിമ ഉദ്ഘാടനം ചെയ്തത്. മോദിയുടെ സ്വപ്നപദ്ധതിയായിരുന്നു ആ പ്രതിമ. പ്രഭുഭായിയെക്കുറിച്ച് സന്ദേശമയച്ച ഒരു സുഹൃത്ത് നര്‍മദ താഴ് വരയില്‍ ഡാം വിരുദ്ധ പ്രവര്‍ത്തകയായി വര്‍ഷങ്ങളോളം ചെലവഴിച്ചു. അവള്‍ എഴുതി: ”ഞാന്‍ ഇത് എഴുതുമ്പോള്‍ എന്റെ കൈകള്‍ വിറക്കുന്നു. കെവാഡിയ കോളനിയിലും പരിസരത്തും സ്ഥിതിഗതികള്‍ ഭയങ്കരമാണ്.

ദില്ലിയിലെ ഏറ്റവും വലിയ ആശുപത്രികളില്‍ പോലും സ്വന്തമായി ഓക്സിജന്‍ ഉത്പാദിപ്പിക്കുന്ന സംവിധാനം ഇല്ലാ എന്നതിനെക്കുറിച്ച് നമ്മള്‍ അതിശയിക്കുകയേ വേണ്ട, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടുകളുംസര്‍ക്കാര്‍ ഇന്‍ഫ്രാസ്ട്രക്ചറുകളും ഉത്തരവാദിത്തമില്ലാതെ ഒരു സ്വകാര്യ ട്രസ്റ്റ് പോലെ പ്രവര്‍ത്തിക്കുന്നതിലും അത്യാവശ്യ ഘട്ടങ്ങളില്‍ ഓക്സിജന്‍ പ്രതിസന്ധി നേരിടേണ്ടി വരുന്നതിലും നമ്മള്‍ അതിശയിക്കേണ്ടതില്ല.

മോദി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അവ ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്നുവെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ജനാധിപത്യാശയങ്ങളെ നശിപ്പിക്കുക, ഹിന്ദു ഇതര ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുക, ഹിന്ദു രാഷ്ട്രത്തിന്റെ അടിത്തറ ഏകീകരിക്കുക തുടങ്ങിയവ അവയില്‍ ചിലതാണ്. തലമുറകളായി അസമില്‍ താമസിക്കുകയും പൗരത്വം കവര്‍ന്നെടുക്കപ്പെടുകയും ചെയ്തരണ്ടു ദശലക്ഷം ആളുകള്‍ക്കായി അവിടെ അടിയന്തിരമായി ജയില്‍ സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നു.സ്വന്തം സമുദായത്തിനെതിരെ, വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന മുസ്ലിം-വിരുദ്ധ വംശഹത്യയില്‍ കുറ്റക്കാരായി വിചാരണ കാത്തുകിടക്കുന്ന നൂറുകണക്കിന് യുവ മുസ്ലിം പൗരന്മാരാണുള്ളത്. നിങ്ങള്‍ ഇന്ത്യയിലെ ഒരു മുസ്ലിം ആണെങ്കില്‍ നിങ്ങള്‍ കൊല്ലപ്പെടുന്നതും ഒരു കുറ്റകൃത്യമാണ്. നിങ്ങളുടെ സമുദായത്തില്‍ പെട്ടവര്‍ തന്നെ അതിനു വിലകൊടുക്കേണ്ടി വരും.
ഹിന്ദു അക്രമകാരികള്‍ തകര്‍ത്ത പള്ളിയുടെ സ്ഥാനത്ത് അയോധ്യയിലെ പുതിയ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തു. ഇക്കാര്യത്തില്‍, നമ്മുടെ സ്വതന്ത്ര സുപ്രീംകോടതി സര്‍ക്കാറിന്റെയും അക്രമകാരികളുടെയും പക്ഷം ചേര്‍ന്നു. കാര്‍ഷികമേഖലയെ കുത്തകകള്‍ക്ക് തീറെഴുതാനുള്ള വിവാദമായ പുതിയ കര്‍ഷക ബില്ലുകള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നു . ഇതിനെതിരെ പ്രതിഷേധിക്കാന്‍ തെരുവിലിറങ്ങിയ ലക്ഷക്കണക്കിന് കര്‍ഷകരെ അടിച്ചൊതുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇസ്ലാമിക സംഘടനയായ തബ്ലീഗി ജമാഅത്തിന്റെ ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുത്തവരെ മാധ്യമങ്ങള്‍ ”കൊറോണ ജിഹാദികള്‍” എന്ന് വിളിക്കുകയും മനുഷ്യരാശിക്കെതിരെ കുറ്റകൃത്യങ്ങള്‍ ചെയ്തുവെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കുംഭമേള സംഘടിപ്പിച്ചതിലൂടെ ദശലക്ഷക്കണക്കിന് ഹിന്ദു തീര്‍ഥാടകര്‍ക്ക് ഒന്നിച്ച് ഗംഗയില്‍ കുളിക്കാനും വൈറസ് പരത്താനും സാധിച്ചു. എന്നാല്‍ ഒരുതരത്തിലുള്ള ആരോപണങ്ങളും ഈ തീര്‍ത്ഥാടകര്‍ക്കെതിരെ മാധ്യമങ്ങള്‍ ഉയര്‍ത്തിയില്ല. റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ മ്യാന്‍മറിലെ വംശഹത്യ ഭരണകൂടത്തിലേക്ക് അടിയന്തിരമായി നാടുകടത്തിയിരുന്നു. ഈ വിഷയത്തില്‍ നമ്മുടെ സ്വതന്ത്ര സുപ്രീംകോടതി സര്‍ക്കാറിന്റെ വീക്ഷണത്തോട് യോജിച്ചു.

ഇതിനെല്ലാമുപരിയായി പശ്ചിമ ബംഗാളില്‍ ബിജെപി ക്ക് ഒരു തിരഞ്ഞെടുപ്പ് വിജയിക്കേണ്ടതുണ്ട്. ഇതിന് നമ്മുടെ ആഭ്യന്തരമന്ത്രി, മോദിയുടെ വലംകൈ അമിത് ഷാ തന്റെ കാബിനറ്റ് ചുമതലകള്‍ ഏറെക്കുറെ ഉപേക്ഷിക്കുകയും മാസങ്ങളോളം ബംഗാളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. കൂടാതെ ഓരോ കൊച്ചു പട്ടണത്തിലും ഗ്രാമത്തിലും തന്റെ പാര്‍ട്ടിയുടെ കൊലപാതക രാഷ്ട്രീയം പ്രചരിപ്പിക്കുകയും ചെയ്തു . ഭൂമിശാസ്ത്രപരമായി, പശ്ചിമ ബംഗാള്‍ ഒരു ചെറിയ സംസ്ഥാനമാണ്. തിരഞ്ഞെടുപ്പ് ഒരൊറ്റ ദിവസം കൊണ്ട് നടത്താമായിരുന്നു. മുന്‍പും അങ്ങനെ ചെയ്തിട്ടുണ്ട്. എന്നാല്‍, ബിജെപിക്കിത് പുതിയ പ്രദേശമായതിനാല്‍, വോട്ടിംഗിന് മേല്‍നോട്ടം വഹിക്കാന്‍ പാര്‍ട്ടിക്ക് പ്രവര്‍ത്തകരെ മറ്റു മണ്ഡലങ്ങളില്‍ നിന്ന് നിയോജകമണ്ഡലത്തിലേക്ക് എത്തിക്കേണ്ടതുണ്ട്.അതിനുവേണ്ടിയാണ് തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ എട്ട് ഘട്ടങ്ങളിലാക്കുകയും, ഒരു മാസത്തോളം പ്രചാരണം നീട്ടുകയും ചെയ്തത്. കോവിഡ് രോഗികള്‍ കൂടുന്നതിനെ തുടര്‍ന്ന് മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് ഷെഡ്യൂളിനെക്കുറിച്ച് പുനര്‍വിചിന്തനം നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ കമ്മീഷന്‍ വിസമ്മതിക്കുകയും ബി.ജെ.പിയുടെ പക്ഷത്ത് ചേരുകയും ചെയ്തു. അങ്ങനെ പ്രചരണം തുടര്‍ന്നു.

ബിജെപി പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രധാനമന്ത്രി തന്നെ മാസ്‌ക് ധരിക്കാതെയാണ് മാസ്‌ക് ധരിക്കാതെ ഒഴുകിയെത്തിയ ജനങ്ങളോട് സംവദിച്ചത്. ഇത്തരത്തില്‍ തന്നെ കാണാനെത്തിയ ജനങ്ങളോട് നന്ദി പറയുന്ന ഈ ദൃശ്യങ്ങള്‍ കാണാത്തവര്‍ ആരാണുള്ളത് ? അതൊരു ഏപ്രില്‍ 17 ന് ആയിരുന്നു. ദിവസേനയുള്ള കോവിഡ് രോഗികളുടെ എണ്ണം ഇതിനോടകം തന്നെ 200,000 വരെ ഉയര്‍ന്നിരുന്നു. സംസ്ഥാന തലസ്ഥാനമായ കൊല്‍ക്കത്തയില്‍ രണ്ടിലൊരാള്‍ കോവിഡ് പോസിറ്റീവ് ആണെന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗാളില്‍ വിജയിച്ചാല്‍ ആളുകള്‍ക്ക് സൗജന്യ വാക്സിനുകള്‍ ഉറപ്പാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപി വിജയിച്ചില്ലെങ്കിലോ?

ആരോഗ്യ സംരക്ഷണം ഒരു മൗലികാവകാശമാണ്. പട്ടിണിമൂലം രോഗികളായി മരിക്കുന്നവരെ സ്വകാര്യമേഖല പരിപാലിക്കില്ല. ഇന്ത്യയുടെ ആരോഗ്യ സംരക്ഷണത്തിന്റെ വന്‍തോതിലുള്ള സ്വകാര്യവല്‍ക്കരണം കുറ്റകരമാണ്.വ്യവസ്ഥിതി തകിടം മറിഞ്ഞിട്ടില്ല, പക്ഷേ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഒരുപക്ഷേ ”പരാജയപ്പെട്ടു” എന്നത് ഒരു തെറ്റായ വാക്കാണ്, കാരണം നാം സാക്ഷ്യം വഹിക്കുന്നത് കുറ്റകൃത്യമായ അവഗണനയല്ല, മറിച്ച് മനുഷ്യരാശിക്കെതിരായ ഒരു ആക്രമണമാണ്. ഇന്ത്യയില്‍ കോവിഡ് കേസുകളുടെ എണ്ണം പ്രതിദിനം 500,000 ത്തിലധികം വര്‍ദ്ധിക്കുമെന്ന് വൈറോളജിസ്റ്റുകള്‍ പ്രവചിക്കുന്നു. വരും മാസങ്ങളില്‍ ലക്ഷക്കണക്കിന് ആളുകളുടെ മരണം അവര്‍ പ്രവചിച്ചു കഴിഞ്ഞു.

ഒരുപക്ഷേ അതിലും കൂടുതലുമാവാം. നമ്മുടെ ക്ലാസ് മുറികളിലെ റോള്‍ നമ്പറുകള്‍ പോലെ, നമ്മളെത്തന്നെ ഹാജരാക്കുന്നതിനായി, എല്ലാ ദിവസവും പരസ്പരം വിളിക്കാന്‍ ഞാനും സുഹൃത്തുക്കളും ധാരണയിലെത്തിയിട്ടുണ്ട്. വീണ്ടും പരസ്പരം കാണുമോ എന്ന് അറിയാതെ നമ്മള്‍ കണ്ണീരോടെയും വിറയലോടെയും പരസ്പരം സംസാരിക്കുന്നു. നമ്മള്‍ തുടങ്ങിവച്ച കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്നറിയാതെ എഴുതുന്നു, പ്രവര്‍ത്തിക്കുന്നു. എത്രമാത്രം ഭയാനകരമായ സംഭവങ്ങളും അപമാനവുമാണ് നമ്മെ കാത്തിരിക്കുന്നത്. ഇതിനോടെല്ലാമുള്ള നമ്മുടെ അവജ്ഞ, അതാണ് നമ്മെ തകര്‍ക്കുന്നത്.

മോദി രാജിവെയ്ക്കുക എന്ന ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ പുതിയ ട്രെന്‍ഡ് ആയി മാറിയിരിക്കുന്നു. താടിയുടെ തിരശ്ശീലയ്ക്ക് പിന്നില്‍ നിന്ന് പുറത്തേക്ക് നോക്കുന്ന തലയോട്ടി കൂമ്പാരമായി മോഡിയെ ചില ചിത്രീകരണങ്ങളില്‍ കാണിക്കുന്നു. ശവശരീരങ്ങളുടെ റാലിയില്‍ സംസാരിച്ച മിശിഹാ മോദിയും അമിത് ഷായും ദൈവങ്ങള്‍ക്ക് വോട്ട് വിളവെടുക്കാന്‍ വേണ്ടി കഴുകന്മാരായി ചക്രവാളം സ്‌കാന്‍ ചെയ്യുന്നു. പക്ഷെ അത് കഥയുടെ ഒരു ഭാഗം മാത്രമാണ്. മറ്റൊരു ഭാഗം, നിര്‍വികാരനായ, അന്ധനായ, നിഗൂഢമായ പുഞ്ചിരിയുള്ള, ഈ മനുഷ്യന് ചരിത്രത്തിലെ നിരവധി സ്വേച്ഛാധിപതികളെപ്പോലെ, മറ്റുള്ളവരില്‍ വികാരാധീനമായ വികാരങ്ങള്‍ ജനിപ്പിക്കാന്‍ കഴിയും. അദ്ദേഹത്തിന്റെ പാത്തോളജി പകര്‍ച്ചവ്യാധിയാണ്. അതാണ് അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്നത്. മോഡിയുടെ ഏറ്റവും വലിയ വോട്ടിംഗ് അടിത്തറയുള്ള ഉത്തരേന്ത്യയില്‍, രാജ്യത്തിന്റെ രാഷ്ട്രീയ വിധി നിര്‍ണ്ണയിക്കുന്ന ജനങ്ങളില്‍ അദ്ദേഹം ഉണ്ടാക്കിത്തീര്‍ക്കുന്ന ഈ വേദനകള്‍ ഒരു പ്രത്യേക ആനന്ദമായി പരിണമിക്കുന്നു.

ഫ്രെഡ്രിക് ഡഗ്ലസ് പറഞ്ഞത് ശരിയാണ്: ”സ്വേച്ഛാധിപതികളുടെ പരിധി നിര്‍ണ്ണയിക്കുന്നത് അവര്‍ അടിച്ചമര്‍ത്തുന്നവരുടെ സഹിഷ്ണുതയാണ്.” സഹിക്കാനുള്ള നമ്മുടെ കഴിവിനെക്കുറിച്ച് ഇന്ത്യക്കാരായ നാം അഭിമാനിക്കുന്നു. ധ്യാനിക്കാനും ഉള്‍വലിയാനും നമ്മുടെ ക്രോധം നിയന്ത്രിക്കാനും സമത്വവാദികളായിരിക്കാനും, നമ്മുടെ കഴിവില്ലായ്മയെ ന്യായീകരിക്കാനും നാം എത്ര മനോഹരമായി പരിശീലിപ്പിക്കപ്പെട്ടു. നമ്മുടെ അപമാനത്തെ നമ്മള്‍ എത്രമാത്രം സൗമ്യമായാണ് സ്വീകരിക്കുന്നത്.

മോദിയുടെ കീഴില്‍, ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തികച്ചും പൊള്ളയായതാണ്. ഇതിനകം അപകടകരമായ ജീവിതം നയിച്ചിരുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടു. 2005 ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലിരുന്നപ്പോള്‍ സ്ഥാപിതമായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തില്‍ (എന്‍ആര്‍ജിഎ) നിന്നുള്ള തുച്ഛമായ വരുമാനത്തെ അതിജീവിക്കാന്‍ ഒരു വലിയ സംഖ്യ ഇപ്പോള്‍ ആവശ്യമായിരിക്കുന്നു. പട്ടിണിയുടെ വക്കിലുള്ള കുടുംബങ്ങള്‍ സ്വയം കുത്തിവയ്പ് എടുക്കുന്നതിന് ഒരു മാസത്തെ വരുമാനത്തിന്റെ ഭൂരിഭാഗവും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നത് അസാധ്യമാണ്. യുകെയില്‍, വാക്സിനുകള്‍ സൗജന്യവും മൗലികാവകാശവുമാണ്. എന്നാല്‍ ഇന്ത്യയില്‍, വാക്സിനേഷന്‍ പ്രചാരണത്തിന്റെ പ്രധാന പ്രേരണ കോര്‍പ്പറേറ്റ് ലാഭമാണെന്ന് തോന്നുന്നു.

മോഡി-വിന്യസിച്ച ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകളില്‍ ഈ ഇതിഹാസ ദുരന്തം നടക്കുമ്പോള്‍, അവരെല്ലാവരും ഒരേ ശബ്ദത്തില്‍ സംസാരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടാകും.
‘വ്യവസ്ഥിതി’ തകിടം മറിഞ്ഞു, അവര്‍ വീണ്ടും വീണ്ടും പറയുന്നു. വൈറസ് ഇന്ത്യയുടെ ആരോഗ്യസുരക്ഷാ മാനദണ്ഢങ്ങളെ മറികടക്കുന്നു.വ്യവസ്ഥിതി തകിടം മറിഞ്ഞിട്ടില്ല, വ്യവസ്ഥിതി ശേഷിക്കുന്നില്ലെന്നതായിരുന്നു വസ്തുത. ഈ സര്‍ക്കാറുംഇതിനുമുമ്പുള്ള കോണ്‍ഗ്രസ് സര്‍ക്കാരും രാജ്യത്തെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളെ മന:പൂര്‍വ്വം പൊളിക്കുകയായിരുന്നു. അടിസ്ഥാനപരമായ ആരോഗ്യസുരക്ഷാ സൗകര്യങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും ഇല്ലാത്ത ഒരു രാജ്യത്ത് ഒരു മഹാമാരി ബാധിക്കുമ്പോള്‍ സംഭവിക്കുന്നത് ഇതുതന്നെയാണ്.

ഇന്ത്യ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 1.25% ആരോഗ്യത്തിനായി ചെലവഴിക്കുന്നു. ഇത് ലോകത്തിലെ മറ്റു മിക്ക രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ആ കണക്ക് പോലും കൂടുതലാണെന്ന് സര്‍ക്കാര്‍ കരുതുന്നു. കാരണം ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യമുള്ളതും എന്നാല്‍ അത്യാവശ്യമല്ലാത്തതുമായ കാര്യങ്ങള്‍ക്കായി ഈ തുക വകമാറ്റുന്നു. അതിനാല്‍ യഥാര്‍ത്ഥ കണക്കില്‍ ഇത് വെറും 0.34% മാത്രമാണ്.2016 ലെ ലാന്‍സെറ്റ് പഠനം അനുസരിച്ച് ഈ തകര്‍ന്നുതരിപ്പണമായ ദരിദ്ര രാജ്യത്ത് നഗരപ്രദേശങ്ങളിലെ ആരോഗ്യ സംരക്ഷണത്തിന്റെ 78 ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ 71 ശതമാനവും ഇപ്പോള്‍ സ്വകാര്യ മേഖലയാണ് കൈകാര്യം ചെയ്യുന്നത് എന്നതാണ് ഏറ്റവും ദുരന്തം.പൊതുമേഖലയില്‍ അവശേഷിക്കുന്ന ഈ വിഭവങ്ങളെ, അഴിമതിക്കാരായ അഡ്മിനിസ്ട്രേറ്റര്‍മാരുടെയും മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെയും ഇന്‍ഷുറന്‍സ് റാക്കറ്റുകളും ഒരുമിച്ച് ചേര്‍ന്നാണ് വ്യവസ്ഥാപിതമായി സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നത്

2001 ല്‍ മോഡി ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി രാഷ്ട്രീയപ്രവേശനം നടത്തുകയും 2002 ലെ ഗുജറാത്ത് വംശഹത്യയോടുകൂടി അദ്ദേഹം തന്റെ ഭാവി സുരക്ഷിതമാക്കി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, ഹിന്ദു ജാഗ്രതാ സംഘങ്ങള്‍ ഗുജറാത്ത് പോലീസിന്റെ നിരീക്ഷണം നടത്തുകയും സജീവമായി സഹായിക്കുകയും ആയിരക്കണക്കിന് മുസ്ലീങ്ങളെ കൊലപ്പെടുത്തുകയും ചെയ്തു. കൂടാതെ തീര്‍ത്ഥാടകര്‍ ഉള്‍പ്പടെയുള്ളവരെ ബലാത്സംഗം ചെയ്യുകയും ജീവനോടെ ചുട്ടുകൊല്ലുകയും ചെയ്തു. അക്രമണങ്ങള്‍ ശമിച്ചുകഴിഞ്ഞപ്പോള്‍ അതുവരെ തന്റെ പാര്‍ട്ടി മുഖ്യമന്ത്രിയായി നിയമിതനായ മോദി, തിരഞ്ഞെടുപ്പിന് നേരത്തെ ആഹ്വാനം ചെയ്യുകയും അദ്ദേഹത്തെ ഹിന്ദു ഹൃദ്യ സമ്രാട്ട് (”ഹിന്ദു ഹൃദയങ്ങളുടെ ചക്രവര്‍ത്തി”) ആയി ചിത്രീകരിച്ച പ്രചാരണം അദ്ദേഹത്തിന് വന്‍ വിജയം നേടികൊടുക്കുകയും ചെയ്തു. അതിനുശേഷം മോദി ഒരു തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടിട്ടില്ല.

ഗുജറാത്ത് വംശഹത്യയിലെ നിരവധി കൊലയാളികളെ പിന്നീട് മാധ്യമപ്രവര്‍ത്തകന്‍ ആശിഷ് ഖേതന്‍ ക്യാമറയില്‍ പകര്‍ത്തി. ആ കൊലയാളികള്‍ ആളുകളെ എങ്ങനെ ആക്രമിച്ചു എന്നതില്‍ അത്യധികം അഭിമാനിക്കുകയും ചെയ്യുന്നു. അവര്‍ ഗര്‍ഭിണികളുടെ വയറു വെട്ടിപിളര്‍ക്കുകയും ശിശുക്കളുടെ തല കല്ലുകള്‍ കൊണ്ട് തകര്‍ക്കുകയും ചെയ്തു. മോദി അവരുടെ മുഖ്യമന്ത്രിയായതുകൊണ്ടാണ് അവര്‍ക്ക് അതെല്ലാം ചെയ്യാന്‍ കഴിഞ്ഞതെന്നാണ് അവര്‍ പറഞ്ഞത്. ആ ക്രൂരകൃത്യങ്ങള്‍ ദേശീയ ടിവിയില്‍ പ്രക്ഷേപണം ചെയ്തു. മോദി അധികാരസ്ഥാനത്ത് തുടരുമ്പോള്‍, ആ ദൃശ്യങ്ങള്‍ കോടതികളില്‍ സമര്‍പ്പിക്കുകയും ഫോറന്‍സിക് പരിശോധന നടത്തുകയും ചെയ്ത ഖേതന്‍ നിരവധി തവണ സാക്ഷിയായി ഹാജരായി. കാലക്രമേണ, കൊലയാളികളില്‍ ചിലരെ അറസ്റ്റുചെയ്ത് ജയിലിലടച്ചെങ്കിലും പലരെയും പിന്നീട് വിട്ടയച്ചു. മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്ത് പോലീസ്, ജഡ്ജിമാര്‍, അഭിഭാഷകര്‍, പ്രോസിക്യൂട്ടര്‍മാര്‍, അന്വേഷണ സമിതികള്‍ എന്നിവരെല്ലാം തെളിവുകള്‍ അപഹരിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സഹായിച്ചതെങ്ങനെയെന്നും ഖേതന്‍ തന്റെ സമീപകാല പുസ്തകമായ ‘അണ്ടര്‍കവര്‍: മൈ ജേര്‍ണി ഇന്റു ദ ഡാര്‍ക്ക്‌നെസ് ഹിന്ദുത്വ’ എന്ന പുസ്തകത്തില്‍ വിശദീകരിക്കുന്നു.

ഇതെല്ലാം അറിഞ്ഞിട്ടും, ഇന്ത്യയിലെ പല ബുദ്ധിജീവികളും, അതിന്റെ പ്രധാന കോര്‍പ്പറേഷനുകളുടെ സിഇഒമാരും അവരുടെ ഉടമസ്ഥതയിലുള്ള മാധ്യമ സ്ഥാപനങ്ങളും മോദിക്ക് പ്രധാനമന്ത്രിയാകാന്‍ വഴിയൊരുക്കാന്‍ കഠിനമായി പരിശ്രമിച്ചു. വിമര്‍ശിക്കുന്നവരെ അവര്‍ അപമാനിക്കുകയും ആക്രോശിക്കുകയും ചെയ്തു. ഇന്നും അവര്‍ മോദിയുടെ കഠിനമായ വാക്കുകള്‍ ലഘൂകരിക്കുന്നു. അദ്ദേഹത്തിന്റെ പ്രസംഗ വൈദഗ്ധ്യത്തെയും കഠിനാധ്വാനത്തെയും പ്രശംസിച്ചുകൊണ്ടിരിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികളിലെ രാഷ്ട്രീയക്കാരെ അവര്‍ അപലപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. വരാനിരിക്കുന്ന കോവിഡ് പ്രതിസന്ധിയെക്കുറിച്ച് നിരന്തരം മുന്നറിയിപ്പ് നല്‍കിയിട്ടുള്ള ഒരേയൊരു രാഷ്ട്രീയക്കാരനായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാഹുല്‍ ഗാന്ധിയോട് അവര്‍ പ്രത്യേക അവഹേളനം നടത്തുന്നു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും നശിപ്പിക്കാനുള്ള പ്രചാരണത്തില്‍ ഭരണകക്ഷിയെ സഹായിക്കുക എന്നത് ജനാധിപത്യത്തിന്റെ നാശത്തിന് കൂട്ടുനില്‍ക്കലാണ്.

അതിനാല്‍, ഇപ്പോള്‍ നമ്മള്‍ അവരുടെ പൈശാചിക പ്രവര്‍ത്തികളുടെ നരകത്തിലാണ്. ഇവിടെ ഒരു ജനാധിപത്യത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ സ്വതന്ത്ര സ്ഥാപനങ്ങളും വിട്ടുവീഴ്ച ചെയ്യപ്പെട്ടിരിക്കുന്നു. അതിനോടൊപ്പം നിയന്ത്രണാതീതമായ ദുരന്തങ്ങളും മരണങ്ങളും വിതച്ചുകൊണ്ട് കൊറോണ വൈറസും.

നമ്മുടെ ‘ഗവണ്‍മെന്റ്’ എന്ന് വിളിക്കുന്ന, പ്രതിസന്ധി സൃഷ്ടിക്കുന്ന ഈ യന്ത്രത്തിന് ഇത്തരം ദുരന്തങ്ങളില്‍ നിന്ന് നമ്മളെ രക്ഷിക്കാന്‍ യാതൊരു കഴിവുമില്ല. ഈ ഗവണ്‍മെന്റില്‍ ഒരു വ്യക്തിയാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത്, മാത്രമല്ല ആ വ്യക്തി തീര്‍ത്തും അപകടകാരിയാണെന്നതും അത്രമാത്രം ബുദ്ധിമാനല്ലെന്നതുമാണ് ഇതിനെല്ലാം കാരണം. വൈറസ് ഒരു അന്താരാഷ്ട്ര പ്രശ്നമാണ്. ഇത് കൈകാര്യം ചെയ്യുന്നതിന്, ഭരണകക്ഷി അംഗങ്ങള്‍, പ്രതിപക്ഷ അംഗങ്ങള്‍, പൊതു നയ വിദഗ്ധര്‍ ആരോഗ്യവിദഗ്ധര്‍ എന്നിവരടങ്ങുന്ന ഏതെങ്കിലും തരത്തിലുള്ള നിഷ്പക്ഷ സംഘടനകളുടെ അഭിപ്രായങ്ങള്‍ തേടേണ്ടതുണ്ട്.
മോദിയെ സംബന്ധിച്ചിടത്തോളം, തന്റെ കുറ്റകൃത്യങ്ങളില്‍ നിന്ന് രാജിവയ്ക്കുന്നത് പ്രായോഗികമാണോ? വേണമെങ്കില്‍ താങ്കള്‍ക്കല്‍പ്പനേരം വിശ്രമിക്കാം – വിവിഐപി യാത്രയ്ക്കായി പ്രത്യേകം തയ്യാറാക്കിയ 564 മില്യൺ ഡോളർ വിലയുള്ള എയർ ഇന്ത്യ വൺ, ബോയിംഗ് 777, റണ്‍വേയില്‍ വെറുതെ ഇരിക്കുകയാണ്. നിങ്ങള്‍ക്കും നിങ്ങളുടെ ആളുകള്‍ക്കും പോകാം. ബാക്കിയുള്ളവര്‍ ഇവിടുത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവരാല്‍ കഴിയുന്നതെല്ലാം ചെയ്യും.ഇല്ല, ഇന്ത്യയെ ഒരിക്കലും ഒറ്റപ്പെടുത്താന്‍ കഴിയില്ല. ഞങ്ങള്‍ക്ക് സഹായം ആവശ്യമാണ്.

(ദി ഗാർഡിയനിൽ അരുന്ധതി റോയ് എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.)