എനിക്ക് ഗൗരിയെ കാണണം

അൽ ഫൗസിയ

എനിക്ക് ഗൗരിയെ കാണണമായിരുന്നു.
എൻറെ വ്യാകുലതകൾ ഒക്കെ പങ്കുവെക്കുകയും
ഈ പ്രശ്നങ്ങളൊക്കെ ചർച്ച ചെയ്യുകയും വേണമായിരുന്നു.
അവളെക്കുറിച്ചുള്ള ചിന്തകൾ ഈ ദിവസങ്ങളിൽ എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.
ഇന്നലെ അവൾ എൻറെ സ്വപ്നത്തിൽ വന്നിട്ട്
എന്നോട് എഴുതണമെന്നു പറഞ്ഞു.

അവരുടെ മസ്തിഷ്കങ്ങൾ തുളയ്ക്കുവാൻ പോന്ന മൂർച്ച നിൻറെ വാക്കുകൾക്ക് ഉണ്ടാകും വരെ നീ എഴുതണം.
കാരണം, അവർക്ക് ഹൃദയങ്ങളും ആത്മാവുകളും ഇല്ല.
അവരെ ഭയപ്പെടുത്തുമാറ് നിൻറെ പേനയ്ക്ക് ശക്തിയുണ്ടാകും വരെ നീ എഴുതണം.
കാരണം, അവർക്കറിയാം അവർ നികൃഷ്ടരും തെറ്റുകാരുമാണെന്ന്.
നിൻറെ രചനയ്ക്ക് അവരുടെ ഉറക്കം കെടുത്തുവാൻ കഴിയും വരെ നീ എഴുതണം.
കാരണം, അവരിറ്റു സമാധാനം അർഹിക്കുന്നില്ല.

എഴുതണം!

പേടിക്കേണ്ട, ഇതേറെ എളുപ്പമാണ്.

കാരണം, നാം ചിന്തിക്കുന്നതിനുമപ്പുറം അസഹിഷ്ണുക്കളാണവർ.
വൈകാതെ ഭീഷണികൾ ഉണ്ടായേക്കാം, രാജ്യദ്രോഹി എന്ന് മുദ്രകുത്തപ്പെടാം.
നീ എഴുത്തു നിർത്താൻ സാധ്യത ഇല്ല, മാറുകയും ഇല്ല.
കാരണം നമുക്ക് മറിച്ചൊന്ന് ചിന്തിക്കാൻ കഴിയില്ലല്ലോ.
നീ തേജോവധത്തിന് ഇരയായേക്കാം കൊല്ലപ്പെട്ടേക്കാം.
അങ്ങനെ നീ എൻറെ അടുത്തെത്തും.
അപ്പോൾ നമുക്ക് കണ്ടുമുട്ടാം.

ഞാൻ സ്വപ്നം വിട്ടു ഉണർന്നപ്പോൾ ഒരു തിരിച്ചറിവുണ്ടായി,
എനിക്ക് ഗൗരിയെ കാണണം.

അതെ! ഗൗരി ലങ്കേഷിനെ.
_എന്നിലെ അജ്ഞാത.

<span class="has-inline-color has-vivid-red-color">അൽ ഫൗസിയ</span>
അൽ ഫൗസിയ

കേരള യൂണിവേഴ്സിറ്റി കോളേജ് ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷനിൽ ബി.എഡ് ഇംഗ്ലീഷ് വിദ്യാർഥിനിയാണ്.