കോവിഡ് രണ്ടാം തരംഗം; രാജ്യം ‘തൊഴിലില്ലായ്മ’ പ്രതിസന്ധിയിലേക്ക്

മൊഴിമാറ്റം : അനിത

കോവിഡ് ഒന്നാം തരംഗത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറും മുന്നേതന്നെ രണ്ടാം തരംഗം ചെറുത്തുനിൽക്കുവാൻ കഴിയാതെ, ചെറുകിട ഇടത്തരം സംരംഭങ്ങൾ അതിജീവനത്തിനായി സമരത്തിലേർപ്പെട്ടിരിക്കുമ്പോൾ, 34 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടിരിക്കുകയാണ്.

സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി എന്ന സ്വകാര്യ ഗവേഷണ സംഘത്തിന്റെ കണക്കുകളനുസരിച്ചു കഴിഞ്ഞ ഏപ്രിൽ മാസത്തിൽ 73.5 ലക്ഷം തൊഴിലുകൾ ആണ് നഷ്ടപ്പെട്ടത്. മാർച്ച് മാസം 6.5 ശതമാനമായിരുന്ന തൊഴിലില്ലായ്‌മയുടെ നിരക്ക് 7.97 ശതമാനമായി ഉയരുകയും ചെയ്തു.


ഗ്രാമീണ മേഖലകളിലെ ചെറുകിട സംരംഭങ്ങൾ,നീണ്ടുനിന്ന ലോക്ഡൗണുകളും സാമ്പത്തിക തകർച്ചയും മൂലം നാശത്തിലെക്ക് വീഴുകയാണുണ്ടായത് എന്ന് സിഎംഐഇ (സെന്റര് ഫോർ മോണിറ്ററിങ് ഇന്ത്യൻ എക്കണോമി) മാനേജിങ് ഡയറക്ടർ മഹേഷ് വ്യാസ് അഭിപ്രായപ്പെടുന്നു.

“കഴിഞ്ഞ വര്ഷം രാജ്യത്തിൻറെ സാമ്പത്തിക മേഖല കടുത്ത ആഘാതം നേരിട്ടു.ആ ആഘാതത്തിൽ നിന്ന് പൂർണമായും വീണ്ടെടുക്കും മുന്നേ പിന്നെയും കോവിഡിന്റെ രണ്ടാം തരംഗം പ്രശ്നങ്ങൾ സൃഷ്ടിച്ചിരി ക്കുന്നു”

“സമ്പദ്ഘടന വേഗത്തിലും കരുത്തുറ്റതുമായി കുതിക്കുകയാണെങ്കിൽ ഇത്തരം ചെറുകിട സംരംഭങ്ങൾക്ക് വീണ്ടും പഴയ സ്ഥിതിയിലേക്ക് തിരിച്ചുവരാൻ സാധിക്കും.എന്നാൽ ഇന്നത്തെ സാഹചര്യങ്ങൾ നമുക്ക് അത് ഉറപ്പ് നൽകുന്നില്ല” വ്യാസ് അഭിപ്രായപ്പെടുന്നു.

2020 ഡിസംബർ അവസാനത്തിൽ സംഘടിത- അസംഘടിത മേഖലകളിലായി 38.877 കോടി തൊഴിൽ ചെയ്യുന്ന ജനങ്ങൾ ഉണ്ടായിരുന്നു.ജനുവരി അവസാനത്തിൽ 40.07 കോടി ആയി ഉയർന്ന ഈ നിരക്ക് ഫെബ്രുവരിയിൽ 39.821 കോടിയായി താഴുകയും,പിന്നീട് മാർച്ചിൽ 39.814 കോടിയും ഏപ്രിലിൽ 39 .079 ആയി താഴുകയും ചെയ്തു.

ഗ്രാമീണ മേഖലയിൽ ഏകദേശം 28.4 ലക്ഷം തൊഴിലുകൾ നഷ്ടപ്പെട്ടപ്പോൾ, നഗരങ്ങളിൽ 5.6 ലക്ഷം തൊഴിലുകളാണ് നഷ്ടപ്പെട്ടത്. ഇതുമൂലം മാർച്ചിൽ 4.6 കോടിയിൽ നിന്ന് ഏപ്രിലിൽ 4.544 കോടിയിലേക്ക് മാസ ശമ്പള തൊഴിലാളികളുടെ എണ്ണം കുറഞ്ഞു.

ഗ്രാമങ്ങളിൽ ശമ്പളത്തോടുകൂടി തൊഴിലെടുക്കുന്നവരുടെ എണ്ണം ഫെബ്രുവരിയിൽ 3.324 കോടിയിൽ നിന്നും മാർച്ച് മാസത്തിൽ 3.24 കോടിയായും,ഏപ്രിലിൽ 2.788 കോടിയായും താഴ്ന്നു.

ആകെ തൊഴിൽ നഷ്ടത്തിൽ ശമ്പളത്തോടുകൂടിയുള്ള തൊഴിൽ നഷ്ടത്തിന്റെ വിഹിതം വളരെ കൂടുതലാണ് എന്ന് തൊഴിൽ സാമ്പത്തിക വിദഗ്ദ്ധനും റിട്ടയേർഡ് ജെ എൻ യു പ്രൊഫസറുമായ സന്തോഷ് മെഹ്‌റോത്ര അഭിപ്രായപ്പെടുന്നു. ‘ആഴത്തിലുള്ള പ്രതിസന്ധി’ എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.

തൊഴിൽ രഹിതരിൽ ഒരു വിഭാഗം 73.5 ലക്ഷത്തോളം വരുന്ന വിളവെടുപ്പ് കഴിഞ്ഞ കർഷക ത്തൊഴിലാളികളാണ്. ജൂണിൽ വിതയ്ക്കൽ കാലം വരുമ്പോൾ അവർ അവരുടെ തൊഴിൽ വീണ്ടും പുനരാരംഭിക്കും “മെഹ്‌റോത്ര പറയുന്നു.

“പക്ഷെ ശമ്പളത്തോടുകൂടിയുള്ള തൊഴിൽ നഷ്ടപ്പെട്ട 34 ലക്ഷത്തോളമുള്ള ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്.അവർ തൊഴിലെടുത്തിരുന്നത് ഇപ്പോൾ പ്രവർത്തനരഹിതമായ ചെറുകിട ഇടത്തരം സംരംഭങ്ങളിൽ ആയിരുന്നു .ഇവയിൽ കൂടുതൽ സ്ഥാപനങ്ങളും സാമ്പത്തിക തകർച്ചയിൽ നിന്നും പുനരുജ്ജീവിക്കൻ കഴിയാത്ത സ്ഥിതിയിലാണുള്ളത്”

ഇവരിൽ അവശേഷിക്കുന്ന ഉല്ലാസ് കുമാർ ,ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിൽ പൂനെയുടെ പ്രാന്തപ്രദേശങ്ങളിൽ എസി,ജനറേറ്റർ ഭാഗങ്ങൾ നിർമിക്കുന്ന ഒരു ഫാക്ടറിയിൽ ജോലിചെയ്തിരുന്ന വ്യക്തിയാണ് .

കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിച്ചപ്പോൾ ,ഫാക്ടറി പ്രവർത്തനം നിർത്തിവെച്ചത് മൂലം കുമാർ ഏപ്രിലിൽ വീട്ടിലേക്ക് തിരിച്ചെത്തുകയുണ്ടായി.രണ്ടു കുട്ടികളുള്ള അയാൾക്ക് ജോലി നഷ്ടപ്പെടുകയും പിന്നീട് കരുതൽ സമ്പാദ്യം തീരുകയും ചെയ്തു .

“ഞാൻ ഒരു മെഷീൻ ഓപ്പറേറ്റർ ആയാണ് ജോലിചെയ്തിരുന്നത് .എന്റെ തൊഴിൽ നൈപുണ്യത്തിനു അനുസരിച്ചുള്ള തൊഴിലൊന്നും തന്നെ ഇവിടെ ഇല്ല.ഞങ്ങൾക്ക് ഭൂമി ഇല്ല.ഞങ്ങളുടെ ദൈനം ദിന ചിലവുകൾ നിറവേറ്റാൻ പണം കടം മേടിക്കേണ്ടിവരുന്ന അവസ്ഥയാണ്.” കുമാർ പറയുന്നു.

അസിം പ്രേംജി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട സർവേ ഓഫ് വർക്കിംഗ് ഇന്ത്യ 2021 റിപ്പോർട്ട് പ്രകാരം ,കഴിഞ്ഞ വർഷത്തെ ലോക്ക് ഡൗണിനു ശേഷം തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾക്ക് തങ്ങളുടെ മുൻപുള്ള തൊഴിലിനേക്കാൾ അസൗകര്യമുള്ളതും അനൗപചാരികവുമായ ജോലികൾ ആണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുവാൻ തിരഞ്ഞെടുക്കേണ്ടി വന്നത് എന്ന് മെഹ്‌റോട്രാ അഭിപ്രായപ്പെടുന്നു.

“ഈ സാഹചര്യം തന്നെയാണ് ഇപ്പോൾ 34 ലക്ഷത്തോളം വരുന്ന ജോലി നഷ്ടപ്പെട്ട ശമ്പളത്തോടുകൂടി തൊഴിൽ ചെയ്തിരുന്ന ജനങ്ങൾക്ക് ഉണ്ടാവുന്നത്”അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഈ സാഹചര്യത്തിന് ഒരു പരിഹാരമാർഗം കണ്ടെത്തുവാൻ ഭരണകൂടം തൊഴിൽ നഷ്ടവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട് എന്ന വ്യാസ് അഭിപ്രായപ്പെടുന്നു.

“ഭരണകൂടം ആദ്യം മനസ്സിലാക്കേണ്ടത് തൊഴിൽനഷ്ടങ്ങളെകുറിച്ചാണ് ,അപ്പോൾ മാത്രമേ തിരുത്തൽ പ്രവർത്തനങ്ങൾ സാധ്യമാവുകയുള്ളു”

അടുത്ത രണ്ടു മൂന്ന് മാസങ്ങളിലെ സാമ്പത്തിക പ്രവർത്തനങ്ങളെ രണ്ടാം തരംഗം ശക്തമായി ബാധിച്ചേക്കാം എന്നു മെഹ്‌റോട്രാ അഭിപ്രായപ്പെടുന്നു .മൂന്നാം തരംഗത്തെക്കുറിച്ചുള്ള ചർച്ചകൾ നിലനിൽക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“2020 -21 ൽ ഉണ്ടായ സാമ്പത്തിക നഷ്ടങ്ങൾ 2021 -22 ൽ നികത്തപ്പെടാൻ സാധ്യതയില്ല എന്നു തന്നെ മനസ്സിലാക്കേണ്ടതുണ്ട് .അതുകൊണ്ടുതന്നെ പൊതുജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും തൊഴിൽ രൂപീകരണത്തിനുമുള്ള ചിലവുകൾ വഹിക്കുന്നതിനു ഭരണകൂടത്തിന് മുന്നിലുള്ള മാർഗം പണം കടമെടുക്കുക എന്നുള്ളതാണ്” അദ്ദേഹം പറയുന്നു.

2020-21 ൽ ഇന്ത്യയുടെ കോവിഡാനന്തര സാമ്പത്തിക ഉത്തേജനം ജിഡിപി യുടെ 2.2 ശതമാനമായിരുന്നു. എന്നാൽ ഇന്ത്യയോട് താരതമ്യമായ സമ്പദ്ഘടന ഉള്ള ബ്രസീൽ ജിഡിപി യുടെ 12 ശതമാനം ആണ് ഇതിനായി ചിലവഴിച്ചത് എന്നും മെഹ്‌റോത്ര വ്യക്തമാക്കുന്നു.

“കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള വിഹിതം ഒഴിവാക്കിക്കഴിഞ്ഞാൽ,
2021-22 ൽ ആരോഗ്യ മേഖലയിലെ ഗവണ്മെന്റിന്റെ വിഹിതം ,കഴിഞ്ഞ വർഷത്തെ വിഹിതത്തിനേക്കാൾ കുറവാണ്”

“ജനങ്ങളുടെ ആരോഗ്യപരമായ സൗകര്യങ്ങൾക്കും അർബൻ എംപ്ലോയ്‌മെന്റ് പ്രോഗ്രാമിനുമായി ഗവണ്മെന്റ് കടമെടുക്കുകയും ദുരിതമനുഭവിക്കുന്നവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ഒരു നിശ്ചിത തുക നൽകുകയും വേണം “

അടുത്ത കുറച്ച മാസങ്ങളിൽ തൊഴിൽ നഷ്ടങ്ങൾ സൃഷ്ടിക്കും വിധം നിരവധി സംസ്ഥാനങ്ങൾ നിലവിലെ സാഹചര്യത്തിൽ ലോക്ഡൗണുകൾ നടപ്പിലാക്കിയിരിക്കുകയാണ്. കോവിഡ് സാഹചര്യം മൂലം തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾക്ക് അക്കാലയളവിൽ നഷ്ടപരിഹാരം നൽകുവാൻ കേന്ദ്രം മുൻകൈ എടുക്കണമെന്നു കേന്ദ്ര ട്രേഡ് യൂണിയനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വകാര്യ തൊഴിലുടമകൾ തൊഴിലാളികൾക്ക് യാതൊരുവിധ നഷ്ടപരിഹാരവും അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ ഗവണ്മെന്റ് അവർക്ക് കൃത്യമായ നഷ്ടപരിഹാരം അനുവദിക്കേണ്ടതുണ്ടെന്ന് കോൺഗ്രസ് അഫിലിയേറ്റഡ് ആയിട്ടുള്ള ഐഎൻടിയുസി യുടെ വൈസ് പ്രസിഡന്റ് അശോക് സിംഗ് ആവശ്യപ്പെടുന്നു.

സ്റ്റേറ്റ് ഓഫ് വർക്കിംഗ് ഇന്ത്യ റിപ്പോർട്ട് പ്രകാരം കോവിഡ് ഒന്നാം തരംഗം തൊഴിലാളികളുടെ സമ്പാദ്യം കുറയ്ക്കുകയും 23 കോടി ഇന്ത്യൻ കുടുംബങ്ങളെ പട്ടിണിയിലാഴ്ത്തുകയും ചെയ്തു .

കഴിഞ്ഞ വർഷത്തെ രാജ്യത്താകമാനമുണ്ടായ ഏപ്രിൽ-മെയ് ലോക് ഡൗൺ കാലഘട്ടത്തിൽ 10 കോടി ജനങ്ങൾ പുതുതായി തൊഴിൽരഹിതരായി. ജൂൺ മാസത്തോടെ അവരിൽ ഒട്ടുമിക്കവരും തിരികെ തൊഴിലിലേക്ക് പ്രവേശിച്ചെങ്കിലും വർഷാവസാനത്തോടെ ഏകദേശം 1.5 കോടിയോളം പേർ തൊഴിൽരഹിതരായിത്തന്നെ തുടർന്നു .

തൊഴിൽ നഷ്ടപ്പെട്ട എല്ലാ ജനങ്ങൾക്കും നഷ്ടപരിഹാരം നൽകുവാൻ ഗവണ്മെന്റ് തയ്യാറെടുക്കുകയും രണ്ടാം തരംഗത്തിൽ പ്രതീക്ഷിക്കുന്ന ആഘാതം കുറയ്ക്കുകയും വേണം എന്ന റിപ്പോർട്ടാണ് വിദ്ഗധർ കേന്ദ്രത്തോട് ശുപാർശ ചെയ്യുന്നത്.

(ദി ടെലഗ്രാഫിൽ പ്രസിദ്ധീകരിച്ച ബസന്ത് കുമാർ മൊഹന്തിയുടെ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ)