മോദി നിങ്ങൾ എന്താണ് ചെയ്യുന്നത് ?

മൊഴിമാറ്റം : പ്രവീൺ

ആദ്യം തന്നെ ചില കാര്യങ്ങൾ ഞാന്‍ നിരാകരിക്കുകയാണ്.ഞാനൊരു സാധാരണ ഇന്ത്യക്കാരൻ മാത്രമാണ്. ഈ ലേഖനം എഴുതുന്നതിനാൽ ഞാന്‍ ഒരു ബുദ്ധിജീവി ആണെന്ന് നിങ്ങള്‍ കരുതേണ്ടതില്ല. എന്‍റെ ഇഷ്ട മേഖല എന്‍റെര്‍ടൈന്‍മെന്‍റ് ആണ്. അതിനെക്കുറിച്ച് സംസാരിക്കാൻ എന്നോട് ആവശ്യപ്പെടുകയാണെങ്കിൽ അതിലൊരു പ്രതിഭയാണെന്ന് ചിലപ്പോള്‍ ഞാൻ തന്നെ പറഞ്ഞേക്കാം. പക്ഷെ ഇന്നത്തെ ലേഖനത്തിന്റെ വിഷയമതല്ല. ഇന്നത്തെ ലേഖനത്തിന്റെ വിഷയം ഇന്ത്യയെ പിടികൂടിയിരിക്കുന്ന കോവിഡ് 19ന്റെ രണ്ടാം വരവാണ്. ഇവിടെയുള്ള മറ്റെല്ലാ ഇന്ത്യക്കാരുടെയും കാഴ്ചപ്പാടിൽ നിന്നാണ് ഞാൻ ഇതിനെക്കുറിച്ച് സംസാരിക്കാൻ പോകുന്നത്. ഇന്റർനെറ്റിൽ ലഭ്യമായ വാർത്തകളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ് ഇതിനെക്കുറിച്ചുള്ള എന്റെ അറിവ്. ഞാൻ എന്തെങ്കിലും തെറ്റായി എഴുത്തുകായാണെങ്കിൽ ദയവായി എന്നോട് ക്ഷമിക്കൂക. അല്ലെങ്കിൽ വേണ്ട, ഞാൻ അതൊന്നും ഗൗനിക്കുന്നില്ല. കാരണം സർക്കാർ വരുത്തിയ നാശനഷ്ടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ബാക്കി എല്ലാം വളരെ ചെറുതായി തോനുന്ന ഒരവസ്ഥയിലേക്ക് നമ്മളെത്തി.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി, ഞാൻ ട്വിറ്ററിൽ കണ്ട സത്യമെന്ന് തോന്നിയ എല്ലാ എസ്ഒഎസ് സന്ദേശങ്ങളും(അടിയന്തിര സാഹചര്യങ്ങളിൽ അയക്കുന്ന സന്ദേശങ്ങൾ) റീട്വീറ്റ് ചെയ്യുകയ്തിരുന്നു. എന്നെ ട്വിറ്ററിൽ ആയിരമോ അതിലധികമോ വ്യക്തികൾ പിന്തുടരുന്നുണ്ട്. സഹായത്തിനായുള്ള ഒരാളുടെ നിലവിളി മറ്റൊരാളിലേക്ക് എത്തിച്ചേരുമല്ലോ എന്ന ധാരണയിലാണ് ഈ നിര്‍ണ്ണായക ഘട്ടത്തില്‍ ഇവയൊക്കെ ഞാന്‍ റീട്വീറ്റ് ചെയ്തത്. അതേസമയം ഈ ട്വീറ്റുകളെല്ലാം കുറഞ്ഞത് ഇൻറർനെറ്റ് സൗകര്യവും ഒരു ട്വിറ്റർ അക്കൗണ്ടെങ്കിലും ഉള്ളവരുടേതാണെന്നും അവയില്ലാത്ത നിരവധി പേർ ഉണ്ടെന്ന സത്യവും എന്റെ മനസ്സിലേക്ക് കടന്നുവന്നിരുന്നു. എനിക്ക് ഇത്ര മാത്രമേ ചെയ്യാൻ കഴിയുകയുള്ളൂവെന്ന് മറ്റെല്ലാവരെയും പോലെ കരുതി ബാക്കിയുള്ള വിഷമതകളും ആകുലതകളും ഞാനൊരു വശത്തേക്ക് മാറ്റിവച്ചു. ഇന്ത്യയിലെ കോടിക്കണക്കിന് ആളുകളെ പ്രതിനിധീകരിക്കുന്നുവെന്നും അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നുവെന്നും അവകാശപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ദിവസം ടി വിയിൽ വന്ന് സംസാരിച്ചു തുടങ്ങി. 20 മിനിറ്റോളം അദ്ദേഹം സംസാരിച്ചിട്ടും ഉപകാരമുള്ള ഒന്നും പറയാത്തതിനാല്‍ എന്റെ ഉള്ളുലഞ്ഞുപോയി.

കോവിഡ്19നില്‍ നിന്നും എല്ലാവരേയും സംരക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കാൻ മോദി രാഷ്ട്രത്തോടുള്ള തന്റെ പ്രസംഗത്തിനിടെ രാം നവമിയെയും റംസാനെയും കൂട്ടുപിടിച്ചു. ഇന്ത്യയെ മറ്റൊരു ലോക്ക്ഡൗണിൽ നിന്ന് രക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ലോക്ക്ഡൗൺ അവസാന മാർഗ്ഗം എന്ന നിലയിൽ ഉപയോഗിക്കാനും സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു. കിംവദന്തികളല്ല അവബോധമാണ് പ്രചരിപ്പിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കുടിയേറ്റ തൊഴിലാളികളോട് ഏതാനും ദിവസങ്ങൾക്കുള്ളിൽ അവർക്ക് വേണ്ട വാക്സിനുകൾ ലഭ്യമാക്കുമെന്നും ജോലികൾ അവിടെ തന്നെയുണ്ടാകുമെന്നും അവരെ ബോധ്യപ്പെടുത്താൻ അദ്ദേഹം സംസ്ഥാനങ്ങളോട് പറഞ്ഞു. യുവാക്കളോട് കമ്മിറ്റികൾ ഉണ്ടാക്കാനും ആളുകൾ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ വേണ്ടത് ചെയ്യാനും പറഞ്ഞു. പിന്നെ പകർച്ചവ്യാധിയുടെ ആദ്യ തരംഗത്തിൽ താനും സർക്കാരും എത്രത്തോളം മികച്ച പ്രകടനം കാഴ്ചവച്ചു എന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു, വാക്സിനുകളെക്കുറിച്ചും സംസാരിച്ചു.ഇത് ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവ് ആണെന്ന് അദ്ദേഹം പറഞ്ഞു.ആ പ്രസംഗത്തില്‍ അത്രയേ ഉണ്ടായിരുന്നുള്ളു . ഇതൊരു സൂക്ഷ്മതയോ പ്രായോഗികതയോ ഇല്ലാത്ത വെറും വിഢിസംസാരമാണ്. എന്തുകൊണ്ടാണ് ഇവയൊക്കെ ഒരു കൂട്ടം അസംബന്ധങ്ങളാണെന്ന് ഞാൻ നിങ്ങളോട് പറഞ്ഞതെന്ന് വിശദീകരിക്കാം.

കോവിഡ് -19 രണ്ടാം തരംഗത്തിന്റെ ഏറ്റവും വലിയ പ്രചാരകരിൽ ഒരാളാണ് നരേന്ദ്ര മോദി. പകർച്ചവ്യാധി മാനദണ്ഡങ്ങൾ ലംഘിക്കാതെ എല്ലാവരോടും വീട്ടിൽ നിൽക്കണമെന്ന് അദ്ദേഹം പറയുമ്പോൾ, അദ്ദേഹവും പാർട്ടിയും പശ്ചിമ ബംഗാളിൽ വൻ റാലികൾ നടത്തുന്നു. അസൻസോളിൽ നടന്ന ഒരു റാലിയിൽ അദ്ദേഹം അവിടെയുള്ള ആളുകളുടെ എണ്ണത്തെക്കുറിച്ച് വീമ്പിളക്കി. തന്നെ കാണാൻ ധാരാളം ആളുകൾ വന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആളുകൾ അവിടെ മരിച്ചുവീഴുമ്പോള്‍ മുന്‍കരുതല്‍ കാറ്റിൽ പറത്തി അദ്ദേഹത്തെ കാണാൻ വന്നതില്‍ അദ്ദേഹം സന്തോഷിച്ചു. രാജ്യത്തെ ആഭ്യന്തരമന്ത്രിയും അതുതന്നെ ചെയ്തു. ബിജെപിയുടെ പ്രസിഡന്റ് ജെ പി നദ്ദയും ഇതുതന്നെ ചെയ്തു. നാവിക കുമാറിനെപ്പോലുള്ള ഒരു മുതിർന്ന പത്ര റിപ്പോർട്ടറോട് രാഷ്ട്രീയ റാലികളും കോവിഡ് രോഗികളുടെ ഉയർച്ചയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് പറയാൻ തക്ക ധാർഷ്ട്യം അമിത് ഷാക്ക് ഉണ്ട്.

മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളെയും കുറ്റപ്പെടുത്തണം. എന്നാൽ മറ്റ് രാഷ്ട്രീയ പാർട്ടികൾ അവരുടെ റാലികൾ റദ്ദ് ചെയ്തപ്പോൾ മോദിയും ഭാരതീയ ജനതാപാർട്ടിയും കൂടുതൽ റാലികൾ നടത്തി. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ അതില്‍ ആദ്യം വരുന്നത് കുംഭമേളയാണ്. ദി വയറിന്റെ ശുദ്ധബ്രാത സെൻഗുപ്തയുടെ അഭിപ്രായത്തിൽ, “കുംഭമേളകൾ ഓരോ 12 വർഷത്തിലും നടക്കുന്നു. അവസാന ഹരിദ്വാർ കുംഭമേള നടന്നത് 2010 ലാണ്. ഹരിദ്വാറിലെ ‘നിലവിലെ’ കുംഭമേളയുടെ യഥാർത്ഥ തീയതി 2021 അല്ല 2022 ആയിരുന്നു. അപ്പോൾ ഇന്ത്യയുടെ രണ്ടാമത്തെ കോവിഡ് തരംഗം പ്രതീക്ഷിച്ചിരുന്ന സമയത്ത്, രണ്ടാമത്തെ അണുബാധയുടെ തരംഗങ്ങൾ ആദ്യത്തേതിനേക്കാൾ മോശമാണെന്ന് എപ്പിഡെമോളജിക്കൽ പഠനങ്ങൾ സൂചിപ്പിക്കുമ്പോൾ തന്നെ ഒരു വർഷം അത് എങ്ങനെ പിന്നോട്ട് മാറി? ജ്യോതിഷത്തിന്റെ രൂപരേഖകൾ അനുസരിച്ച്‘ സൂര്യൻ മേടം രാശിയിലേക്ക് പ്രവേശിക്കുന്നതും’ ,‘ വ്യാഴം കുംഭം രാശിയിലേക്ക് പ്രവേശിക്കുന്നതും’ ഇത്തവണ 2021 ൽ ലഭ്യമാണ് എന്നതാണ് കാരണം.

Source: REUTERS/Anushree Fadnavis

മറ്റൊരു പ്രധാനപ്പെട്ട വസ്തുത, 5000 ത്തിലധികം പോസിറ്റീവ് കേസുകളും കുറച്ച് മരണങ്ങളുമുള്ള ഒരു സൂപ്പർ സ്പ്രെഡർ പരിപാടിയായിരുന്നു കുംഭമേള എന്ന് നമുക്കെല്ലാവർക്കും അറിയാം. ഏപ്രിൽ 1 ന് മഹാകുംഭമേള ആരംഭിക്കുന്നതിനുമുമ്പ് തന്നെ കോവിഡിന്‍റെ ഇരട്ട വ്യതിയാനം വന്ന വൈറസ് ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. മാർച്ച് അവസാനം സാമ്പിളുകൾ ദേശീയ രോഗ നിയന്ത്രണ കേന്ദ്രത്തിലേക്ക് അയച്ചു, എന്നാൽ ഫലങ്ങൾ വരാൻ ആരും കാത്തിരുന്നില്ല. മതം ജീവിതത്തേക്കാൾ വലുതായതിനാൽ അവർ പരിപാടിയുമായി മുന്നോട്ട് പോയി. ഡെറാഡൂൺ ആസ്ഥാനമായുള്ള അനൂപ് നൗട്ടിയാലിന്റെ സോഷ്യൽ ഡെവലപ്മെന്റ് ഫോർ കമ്മ്യൂണിറ്റിസ് ഫൗണ്ടേഷൻ 2020 മാർച്ച് മുതൽ കോവിഡ് -19 ഡാറ്റ വിശകലനം ചെയ്യുന്നു, “മഹാകുംഭമേള ഒരു സൂപ്പർ സ്പ്രെഡർ പരിപാടിയായി പ്രവർത്തിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല. ഹരിദ്വാറിലെ ആചാരങ്ങളിൽ പങ്കെടുക്കാൻ വന്ന ആളുകൾ വ്യതിയാനം വന്ന പുതിയ അണുബാധയുമായി സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിയെത്തിയിരിക്കണം. തന്മൂലം സ്ഥിതി ദയനീയമായിത്തീർന്നു, നമുക്ക് ചുറ്റുമുള്ള സംവിധാനങ്ങൾ തകരുന്നു. കൂടുതൽ പരിശോധനയും വേഗത്തിലുള്ള കുത്തിവയ്പ്പുമാണ് ഏക പോംവഴി” അദ്ദേഹം പറഞ്ഞു.

ഈ മനുഷ്യൻ ശാസ്ത്രത്തെയും ശാസ്ത്രജ്ഞരെയും ശ്രദ്ധിച്ചിരുന്നെങ്കിൽ ഇത്രയും നാശനഷ്ടങ്ങൾ ഒഴിവാക്കാനാകുമെന്ന് ചിന്തിക്കുമ്പോൾ അത് എന്റെ ഹൃദയത്തെ തകര്‍ക്കുകയാണ്. അദ്ദേഹം ആരെയാണ് കേൾക്കുന്നതെന്ന് എനിക്ക് ഒരു ധാരണയും ഇല്ല. തന്റെ രാജ്യത്തെ ആളുകൾ പറയുന്നത് അദ്ദേഹം ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു. പക്ഷെ അങ്ങനെ ഒന്നും അയാളുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകില്ല, ഇപ്പോൾ തന്നെ തകർന്ന് നിൽക്കുന്ന സംസ്ഥാന സർക്കാരുകളെയും ആരോഗ്യസംരക്ഷണ സംവിധാനത്തെയും മൊത്തത്തിൽ നശിപ്പിക്കുന്ന ഒരു വാക്സിനേഷൻ നയമാണ് അദ്ദേഹം മുന്നോട്ട് വച്ചിരിക്കുന്നത്. അദ്ദേഹം പണം ആവശ്യക്കാരിലേക്ക് തിരിച്ചുവിടുന്നതിന് പകരം സെൻട്രൽ വിസ്റ്റയുടെ നിർമ്മാണം തുടരാൻ പോകുന്നു. എല്ലാറ്റിനുമുപരി, നമ്മൾ എല്ലാം സ്വന്തമായിട്ട് ചെയ്യണം എന്ന് പറയാൻ അദ്ദേഹം വരും. ശരി, മിസ്റ്റർ മോദി, ഞങ്ങൾക്ക് അത് അറിയാം. അതിനാൽ, അത് ആവർത്തിക്കുന്നതിൽ കാര്യമില്ല.

അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് മതി. ഇന്ത്യയിലെ ജനങ്ങളെക്കുറിച്ച് സംസാരിക്കാം, അവരുടെ കഥ ഹൃദയഭേദകമാണ്. ഒരു ദിവസം, എസ്ഒഎസ് സന്ദേശങ്ങൾ എല്ലായിടത്തും ഉയർന്ന് വരാൻ തുടങ്ങി. ചിലർ റെംഡെസ്വിറിനെക്കുറിച്ചും ചിലർ ഐസിയു കിടക്കകളെക്കുറിച്ച് ചോദിക്കുന്നു, ചിലർ ഓക്സിജൻ സിലിണ്ടറുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ചോദിക്കുന്നു. സർക്കാര്‍ സംവിധാനങ്ങള്‍ ഇത് അംഗീകരിക്കുന്നില്ലെങ്കില്‍ കൂടി ഞാന്‍ പറയുകയാണ് ഇതിനുള്ള പ്രധാന കാരണം ആരോഗ്യസംരക്ഷണ സംവിധാനം പൂർണ്ണമായും തകർന്നതാണ്. ഔദ്യോഗിക ഹെൽപ്പ്ലൈനുകൾ പ്രതികരിക്കുന്നില്ല. സാധാരണയായി വിധ്വേഷത്തിന്റെയും ട്രോളിംഗിന്റെയും കേന്ദ്രമായി കണക്കാക്കപ്പെടുന്ന ഈ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആളുകൾക്കുള്ള ഏക സഹായ കേന്ദ്രമായി മാറി. അവർ ഏത് മതത്തിലാണ് വിശ്വസിക്കുന്നതെന്ന് അവർ കണ്ടില്ല. അവർ ഏത് പാർട്ടിയെ പിന്തുണയ്ക്കുന്നുവെന്ന് അവർ കണ്ടില്ല. സഹായം ആവശ്യമുള്ള സ്ഥലത്ത് എത്തിച്ചേരാനായി അവർ റീ ട്വീറ്റ് ചെയ്തു, ആവശ്യങ്ങൾ ട്വീറ്റ് ചെയ്തു, മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് സ്‌ക്രീൻ-ഷോട്ട് സ്റ്റഫ് പോലും ട്വീറ്റ് ചെയ്തു.

പ്ലാസ്മക്ക് അത്രയധികം ആവശ്യമുള്ള സമയത്ത് മിക്ക അറിയപ്പെടുന്ന സെലിബ്രിറ്റികളും പ്ലാസ്മ ദാനം ചെയ്യുകയോ അല്ലെങ്കിൽ എസ്ഒഎസ് സന്ദേശങ്ങൾക്ക് കൂടുതൽ ശ്രദ്ധ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അവരുടെ സ്വാധീനം ഉപയോഗിക്കുകയോ ചെയ്യുന്നതിന് പകരം മാലിദ്വീപിലേക്കോ ഗോവയിലേക്കോ പോകുന്നതിന്റെ ഫോട്ടോകൾ പങ്കിട്ടപ്പോൾ, സോനു സൂദ് കോവിഡിന് കുറവ് വന്നസമയത്തും താൻ ചെയ്തിട്ടുള്ള കാര്യങ്ങൾ അപ്പോഴും ചെയ്തുകൊണ്ടിരുന്നു. ഒരു നിശ്ചിത എണ്ണം ആളുകളിലേക്ക് എത്തുന്നതിൽ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞപ്പോൾ അത് എന്നെ കണ്ണീരിലാഴ്ത്തി. ശ്രെനു പരീഖിന്റെ ഏക് ഭ്രം – സർവാഗുണ സമ്പന്ന എന്ന ചിത്രത്തിലെ അഭിനയത്തിന്റെ പേരിൽ അറിയപ്പെടുന്ന സ്റ്റാൻ‌ഡ്-അപ്പ് കോമഡി ചെയ്യുന്ന ആഞ്ചൽ അഗർവാൾ, തന്റെ ട്വിറ്റർ അക്കൗണ്ടിനെ മേൽപ്പറഞ്ഞ വിഭവങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളുടെയും ഒരു കേന്ദ്രമാക്കി മാറ്റി. എസ്‌എൻ‌ജി കോമഡിയിലെ അഭിനയത്തിന് പേരുകേട്ട ശ്രീമി വർമ്മയും അതുതന്നെ ചെയ്തിട്ടുണ്ട്.ഫിലിം ക്രിട്ടിക്ക് സുചരിത ത്യാഗിയും അതുതന്നെ ചെയ്തു. കോൺഗ്രസ് യൂത്ത് വിംഗിന്റെ ശ്രീനിവാസ് ചില മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് (കേന്ദ്ര സർക്കാരിനുവേണ്ടി പ്രവർത്തിക്കുന്ന ആളുകൾ അദ്ദേഹത്തെ സഹായത്തിനായി ടാഗുചെയ്യുന്നതായി കണ്ടെത്തി). മുപ്പത് ഫോളോവേഴ്‌സ് മുതൽ മുപ്പതിനായിരം ഫോളോവേഴ്‌സ് ഉള്ളവർ വരെ ശരിയായ ആളുകൾക്ക് ആവശ്യമായ സഹായം ലഭിക്കുന്നതിന് അവർക്ക് എന്തു ചെയ്യാൻ കഴിയുന്നോ അതൊക്കെ ചെയ്തു.

ഭക്ഷണത്തിന്റെ കാര്യത്തിൽ, ആളുകളോട് അവർ താമസിക്കുന്നിടത്ത് തുടരാനും സഹായം വരും എന്ന് പറയുന്നതും ഒരു കാര്യമാണ്, സഹായം അവിടെയെത്തുമെന്ന് ഉറപ്പാക്കുകയും ചെയ്യും. പ്രൊഫഷണൽ പാചകക്കാരല്ലാത്ത സ്വന്തമായി റെസ്റ്റോറന്റുകൾ ഇല്ലാത്ത ആളുകൾ ഭവനരഹിതർക്കും കോവിഡ് കാരണം പാചകം ചെയ്യാൻ കഴിയാത്തവർക്കുമായി ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്യുന്നു. അവർ പ്രബലരോ അല്ലാത്തവരോ ആകാം അതൊന്നും കാര്യമല്ല. അവർ ഇതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു. ശ്രീനിവാസിനെപ്പോലെ നിരവധിപേരുണ്ട്, അവരുടെയെല്ലാം പേരറിയില്ല. നിങ്ങൾ എന്റെ ട്വിറ്റർ അക്കൗണ്ട് നോക്കിയാൽ കാണാൻ കഴിയും. കാരണം അവരുടെ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന അക്കൗണ്ടുകൾ ഞാൻ റീട്വീറ്റ് ചെയ്തിരുന്നു. പ്രതിരോധ കുത്തിവയ്പ് എടുക്കുകയോ അല്ലെങ്കിൽ കോവിഡ് ഭേദം ആവുകയോ ചെയ്തതിനാൽ ശരീരത്തിൽ ആന്റിബോഡികൾ ഉള്ളത്കൊണ്ട് അവരില്‍ പലര്‍ക്കും പാചകം ചെയ്യാൻ കഴിയില്ലെങ്കില്‍ പോലും അവർ അവരുടെ കോൺടാക്റ്റ് നമ്പറുകൾ നൽകുകയും രോഗികളായവരോട് പലചരക്ക് സാധനങ്ങളാണോ മരുന്നുകളാണോ എന്താണ് വേണ്ടതെന്ന് അവരെ അറിയിക്കാൻ പറയുകയും അവർ വിതരണം ചെയ്യുകയും ചെയ്യുന്നു. ഇതിനപ്പുറം എന്താണ് ചെയ്യാന്‍ കഴിയുക?

ആളുകൾ അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്ന സംഘടനകൾക്ക് ഫണ്ട് നൽകുകയും ആവശ്യമുള്ള അക്കൗണ്ടുകളിലേക്ക് നേരിട്ട് സംഭാവന നൽകുകയും ചെയ്യുന്നു. ആളുകൾ ഭക്ഷണം ആവശ്യപ്പെടുമ്പോൾ നിരാലംബരായവർക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും നൽകുന്നതിന് നെറ്റിസൺമാർ സംഭാവന ചെയ്യുന്നതായി എനിക്കറിയാം. നിങ്ങൾ എവിടെ നിന്നാണെന്നത് പ്രശ്നമല്ല. നിങ്ങൾ അവരുടെ ട്വിറ്റർ അക്കൗണ്ടിലേക്ക് പോയി സഹായം ചോദിക്കുകയാണെങ്കിൽ, ഒരാൾ അല്ലെങ്കിൽ മറ്റൊരാൾ വന്ന് നിങ്ങളെ ഉചിതമായ സ്ഥലത്തേക്ക് എത്തിക്കും.

മാനസികാരോഗ്യം, സഹാനുഭൂതി എന്നിവയെക്കുറിച്ചാണ് ഞാന്‍ ഇനി സംസാരിക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഞാൻ ട്വിറ്ററിൽ കണ്ട അത്രയും സഹാനുഭൂതി മറ്റൊരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലും ഞാൻ കണ്ടിട്ടില്ല. ദിവസേനയുള്ള കോവിഡ് പോസിറ്റീവ് കേസുകൾക്കൊപ്പം നിരവധി മരണങ്ങളുടെ കണക്കും ഓരോ ദിവസവും നമുക്ക് ലഭിക്കുന്നു. അവ പ്രതിദിനം മൂവായിരത്തിലധികമാണ്. അവ സ്ഥിതിവിവരക്കണക്കുകൾ മാത്രമല്ല, അവർ മനുഷ്യരാണ്, ആരുടെയെങ്കിലും അച്ഛൻ, ആരുടെയെങ്കിലും അമ്മ, മറ്റൊരാളുടെ അമ്മാവൻ, ആരുടെയെങ്കിലും അമ്മായി, ആരുടെയെങ്കിലും സുഹൃത്ത്, ആരുടെയെങ്കിലും സഹപ്രവർത്തക അങ്ങനെ. ആശുപത്രികളിൽ ഓക്സിജൻ ഇല്ല. ആളുകൾ മരിച്ചവർക്ക് നൽകേണ്ട മാന്യമായ പരിഗണന നൽകിയശേഷം,സംസ്‌കരിച്ച ശേഷം മടങ്ങിവരുന്നു, അവർ കേന്ദ്രത്തിലെയോ സംസ്ഥാനത്തെയോ സർക്കാരിന്റെ കളളകണക്കുകൾ കാണുന്നു. അവർക്ക് എല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്. അവർ നിസ്സഹായരാണ്. പക്ഷേ, ആളുകൾ‌ അവരുടെ മറുപടികളിലേക്കും അവർക്ക് ലഭിച്ചിരിക്കുന്ന മെസ്സേജുകളിലേക്കും പോകുന്നു മറ്റുള്ളവരെ ആശ്വസിപ്പിക്കാനും ശക്തരായി തുടരാൻ പറയുകയും ചെയ്യുന്നു. അധികാരത്തിലിരിക്കുന്നവരെ അവരുടെ പ്രവർത്തനങ്ങൾക്ക് ഉത്തരവാദികളാക്കാൻ അവർ ശ്രമിക്കുന്നു. വളരെ അടിസ്ഥാന തലത്തിൽ നിൽക്കുന്ന ആളുകൾക്കായി പോരാടുന്ന അത്തരമൊരു വ്യക്തിയാണ് സാകേത് ഗോഖലെ. ഇത് ഇത്തരത്തിൽ ആകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. സര്‍ക്കാര്‍ നിഷ്ക്രിയമാകുമ്പോള്‍ ജനങ്ങള്‍ പരസ്പരം സഹായിക്കുന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണെങ്കിലും എന്നാല്‍ അത് വിഷമമുണ്ടാക്കുന്ന കാര്യവും കൂടിയാണ്.

ഇതിനെല്ലാമുപരിയായി, ആളുകൾ കർഷകരുടെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നു. ദില്ലിയിലേക്ക് ഓക്സിജൻ വിതരണം ചെയ്യുന്നത് കർഷകർ തടയുകയാണെന്ന് പറഞ്ഞ് അതിനെ പിഴുതെറിയാനുള്ള അവസാന ശ്രമം നടന്നു. അതേസമയം ഉത്തർപ്രദേശ് സർക്കാരാണ് ഇത് ചെയ്യുന്നത്. പക്ഷേ, ഇതൊന്നും ആളുകളെ അവരെയോ അവരുടെ പോരാട്ടത്തെയോ പിന്തുണക്കുന്നതിൽ നിന്നും തടഞ്ഞിട്ടില്ല. അവർ കൃഷിക്കാരാണ്. കൊടുങ്കാറ്റ്, മഴ, തീ, എന്ത് തന്നെ ആയാലും ഇവയൊക്കെ ബാധിച്ചിട്ടും അവർ ഭക്ഷണം ഉണ്ടാക്കുകയും ആവശ്യമുള്ള ആളുകൾക്ക് കൊടുക്കുകയും ചെയ്യുന്നു. ആളുകൾ അവരോടൊപ്പമുണ്ട്. സർക്കാർ കർഷകരെ വെറുക്കുന്നുവെന്ന് അവർക്കറിയാം. അവർ ഏകദേശം 4 മാസമായി അവിടെയുണ്ട്, സർക്കാർ ഒന്നും ചെയ്തിട്ടില്ല! സർക്കാരിന്റെ കരുതുലുണ്ടെന്ന് നിങ്ങൾ എന്നോട് വാദിക്കാൻ ശ്രമിക്കുന്നു, അതിനല്ലെങ്കില്‍ പിന്നെന്തിനുവേണ്ടിയാണ് അവരെ നിലനിർത്തിയിരിക്കുന്നത്?

ഞാൻ ഇത് അവസാനിപ്പിക്കേണ്ടതുണ്ട്, കാരണം ഞാൻ ഇനി എന്റെ കീബോർഡിൽ കരഞ്ഞാൽ അത്രയധികം മോശം ആകും. ഇതെല്ലാം പറയുന്നതിന്റെ അർത്ഥമെന്താണ്? ഞാൻ പറയാൻ ആഗ്രഹിക്കുന്നത് നരേന്ദ്ര മോദി, ദയവായി രാജ്യത്തോടുള്ള നിങ്ങളുടെ പ്രസംഗങ്ങൾ നിർത്തുക. ഇന്ത്യയിലെ ജനങ്ങൾക്ക് ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ആവശ്യമാണ്. അത് അവരിൽ നിന്ന് ഇല്ലാതാക്കരുത്. നിങ്ങളുടെ ശ്രദ്ധ നേടാനുള്ള കഴിവ് അപാരമാണെന്ന് എനിക്കറിയാം, പക്ഷേ ഇത്തവണത്തേക്ക് അത് നിർത്തുക. നിങ്ങളുടെ രാഷ്ട്രീയ റാലികൾ നടത്തുക. ഞങ്ങൾക്ക് നിങ്ങളെ തടയാൻ കഴിയില്ല. കുറഞ്ഞത് 2024 വരെ കഴിയില്ല. അത് 3 വർഷം അകലെയാണ്. ഞങ്ങൾക്ക് കൊല്ലാൻ ഒരു വൈറസ് ഉണ്ട്. ഞങ്ങളതിനെ ഒരിക്കല്‍ തോൽപിച്ചതായിരുന്നു.നിങ്ങള്‍ക്ക് അതില്‍ ഒരു പങ്കുമില്ല. ഞങ്ങൾ വീണ്ടും അതിനെ തോൽപ്പിക്കും. ഇത് മുമ്പത്തേതിനേക്കാൾ കൂടുതൽ പാടായിരിക്കും, പക്ഷേ ഞങ്ങൾക്ക് മറ്റെന്ത് തിരഞ്ഞെടുപ്പാണ് ഉള്ളത്? ട്വിറ്ററിൽ ഇന്ത്യക്കാർ ചെയ്യുന്ന കാര്യങ്ങളിൽ നിന്ന് നിങ്ങൾ ഒരു പേജ് എടുക്കുകയും അത് ഏതെങ്കിലും വിധത്തിൽ അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യുമെന്ന് എനിക്ക് പ്രതീക്ഷിക്കാനാകില്ല, അതിലൂടെ ഇന്റർനെറ്റ് ആക്‌സസ് ഇല്ലാത്തവർക്ക് സമാനമായ സഹായം ലഭിക്കും. എന്റെ വിശ്വാസം ജനങ്ങളിലാണ്, അവർ ഈ രാജ്യത്തെ പുനർനിർമ്മിക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നു. അവർക്ക് വഴിതടസ്സമായി നിൽക്കരുത്.

(മാഷബിൾ ഇന്ത്യയിൽ പ്രസിദ്ധീകരിച്ച പ്രമിത് ചാറ്റർജിയുടെ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.)