‘കോവിഡ് പടരുന്ന സാഹചര്യത്തിൽ രാഷ്ട്രീയ തടവുകാർക്ക് ഇടക്കാല ജാമ്യം നൽകണം’മുഖ്യമന്ത്രിക്കൊരു നിവേദനം

ജയിലുകളിൽ കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ രോഗികളും അല്ലാത്തവരുമായ രാഷ്ട്രീയ തടവുകാർക്ക് ജാമ്യമോ,ഇടക്കാല ജാമ്യമോ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സാമൂഹിക-സാംസ്കാരിക പ്രവർത്തകർ കൂടിചേർന്ന് മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു.

നിവേദനത്തിൻ്റെ പൂർണരുപം

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്കും,ആഭ്യന്തര വകുപ്പിന്റെ അടിയന്തിരമായ ഇടപെടലിനും..

രാഷ്ടീയ – സാമുഹ്യ പ്രവർത്തകർ സമർപ്പിക്കുന്ന നിവേദനം

വിഷയം – ജയിലുകളിൽ കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ രോഗികളും അല്ലാത്തവരുമായ രാഷ്ട്രീയ തടവുകാർക്ക് ജാമ്യമോ,ഇടക്കാല ജാമ്യമോ നൽകുന്നത് സംബന്ധിച്ച്

കഴിഞ്ഞ ആറു വർഷമായി റിമാന്റിൽ കഴിയുന്ന കടുത്ത ഹൃദ്രോഗവും പ്രമേഹവുമുള്ള, 67 വയസ്സുകാരനായ, ഇബ്രാഹിം എന്ന യു.എ.പി.എ തടവുകാരൻ വിചാരണ ഇതുവരെ ആരംഭിക്കാത്തത് ചൂണ്ടിക്കാണിച്ച് ജാമ്യാപേക്ഷ നൽകിയെങ്കിലും വിചാരണ കോടതി അത് നിരസിക്കുകയാണുണ്ടായത്. ഹൈക്കോടതി ഇതുവരെ ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷയിൽ ഒരു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. പ്രമേഹം അധികരിച്ചതു മൂലം പല്ലുകൾ കേടുവന്നതിനാൽ ഇബ്രാഹിമിന്റെ മുഴുവൻ പല്ലുകളും എടുത്തുമാറ്റിയിരിക്കുകയാണിപ്പോൾ, പുതിയ വെപ്പു പല്ലുകൾ വച്ചിട്ടുമില്ല. അതുമൂലം അദ്ദേഹത്തിന് ഭക്ഷണം ശരിക്കു കഴിക്കാൻ കഴിയാത്തതിനാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ അപകടകരമായ നിലയിൽ 7 കിലോയോളം തൂക്കം കുറഞ്ഞ് ആരോഗ്യനില കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. ആളുകൾ തിങ്ങിപ്പാർക്കുന്ന അടഞ്ഞ ഇടങ്ങളിൽ കൊറോണ വ്യാപന നിരക്ക് സ്ഫോടനാത്മകമാണെന്ന് തെളിയിക്കപ്പെട്ടിട്ടും ഇദ്ദേഹത്തിനെ പോലുള്ളവർക്ക് ഇടക്കാല ജാമ്യം അനുവദിക്കാൻ പോലും നടപടിയുണ്ടായിട്ടില്ല. ഒരു കോവിഡ് ബാധയെ അദ്ദേഹത്തിന് ഒരുപക്ഷേ അതിജീവിക്കാനാകില്ല. മാവോയിസ്റ്റ് കേസിൽ തടവിലടക്കപ്പെട്ട രൂപേഷിന് കഴിഞ്ഞ വർഷം കോവിഡ് ബാധിക്കുകയും ഇതുമൂലം ഇന്നും ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു. വീണ്ടും ഒരു തവണ കൂടി കോവിഡ് ബാധിച്ചാൽ സ്ഥിതി ഗൗരവമായിരിക്കും. രാഷ്ടീയ ആശയങ്ങളിൽ വിശ്വസിച്ചതിന്റെ പേരിൽ UAPA പ്രകാരം തടവിലാക്കപ്പെട്ട മറ്റ് നിരവധിപേർ തടവിലുണ്ട്.

ഇബ്രാഹിം

ഈ സാഹചര്യത്തിൽ ഇബ്രാഹിമിനെ പോലെ വാർദ്ധക്യവും രോഗവും മൂലം കഷ്ടതകൾ അനുഭവിക്കുന്നവരെ പ്രത്യേകമായി പരിഗണിച്ചും അവരുൾപ്പെടുന്ന എല്ലാ രാഷ്ട്രീയ തടവുകാർക്കും അടിയന്തിരമായി ജാമ്യമോ, കുറഞ്ഞ പക്ഷം കോവിഡ് വ്യാപനം കഴിയുന്നത് വരെ ഇടക്കാല ജാമ്യമെങ്കിലും അനുവദിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നു ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

1.കെ.സച്ചിദാനന്ദൻ (കവി)
2.ബി.ആർ പി ഭാസ്കർ, മുതിർന്ന മാധ്യമ പ്രവർത്തകൻ
3.Dr.കെ.ടി റാം മോഹൻ ( സാമ്പത്തിക വിദഗ്ദൻ)
4.ടി.ടി.ശ്രീകുമാർ
5..ജെ. ദേവിക
6.എ അബ്ദുൽ സത്താർ,
സംസ്ഥാന ജനറൽ സെക്രട്ടറി
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ
7.മിർസാദ് റഹ്മാൻ, വെൽഫയർ പാർട്ടി
8.കെ.മുരളി (അജിത്ത് )
9.അഡ്വ.പി.എ പൗരൻ PUCL
10.റെനി ഐലിൻ NCHRO
11.എൻ.പി ചെക്കുട്ടി, മാധ്യമ പ്രവർത്തകൻ
12.അംബിക മറുവാക്ക്
13.പി.കെ ഉസ്മാൻ SDPI
14.നൗഷാദ് സി.എ, സോളിഡാരിറ്റി
15.കെ.പി.സേതുനാഥ് മാധ്യമ പ്രവർത്തകൻ
16.അഡ്വ. തുഷാർ നിർമ്മൽ,ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം