ലക്ഷദ്വീപ് രാഷ്ട്രീയത്തിന്റെ പിന്നാമ്പുറം

അഡ്വ. സഞ്ജയ് ദേവരാജൻ

ഇന്ത്യ കോവിഡിന്റെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ചുനിൽക്കുകയാണ്. ഉത്തരേന്ത്യയിലാണ് കോവിഡ് കൂടുതൽ ഭയാനകമായി ആഞ്ഞടിച്ചത്. ഡൽഹി,ഗുജറാത്ത്,ഉത്തർപ്രദേശ് തുടങ്ങി ഹിന്ദി(ഹിന്ദു)ബെൽറ്റ് ആകെ കോവിഡിൽ തകർന്ന് നിൽക്കുന്ന കാഴ്ച, ഗംഗയിലൂടെ കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ ഒഴുകുന്ന കാഴ്ച്ച!

ഉത്തർപ്രദേശിലെ ‘പുണ്യഭൂമിയായ’ അയോധ്യയിൽ തുടങ്ങി ഇന്ത്യയിൽ മുഴുവൻ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ദേശീയ-സംസ്ഥാന സർക്കാരുകൾ പരാജയപ്പെടുന്ന കാഴ്ചയാണ് നമുക്ക് കാണാവുന്നത്. കോവിഡ് രണ്ടാം തരംഗത്തെ കുറിച്ച് കണക്ക് കൂട്ടുന്നതിനിടയിൽ ഇന്ത്യ ഗവണ്മെൻ്റിന് വന്ന വീഴ്ചയും, കോവിഡ് വാക്സിനുകൾ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് വഴി സ്വന്തം ജനങ്ങൾക്ക് വാക്സിനേഷൻ ലഭിക്കാത്തതും കേന്ദ്ര ആരോഗ്യവകുപ്പ് രണ്ടാം തരംഗത്തെ കുറിച്ച് നൽകിയ മുന്നറിയിപ്പ് അവഗണിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുഴുകിയതുമാണ് കോവിഡ് രണ്ടാം തരംഗം ഇത്രയും രൂക്ഷമാകാൻ കാരണമെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു. ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിൽ കേന്ദ്ര ഗവൺമെന്റ് പ്രതിക്കൂട്ടിൽ ആവുകയാണ്.രാജ്യത്താകമാനം കേന്ദ്ര സർക്കാരിന്റെ പ്രവർത്തന വീഴ്ചകൾ ചർച്ചയാവുകയാണ് .

ഇത്തരം ചർച്ചകളുടെ ഗതി മാറ്റാനായി കാശ്മീരിലെ ആഭ്യന്തര പ്രശ്നങ്ങളും, അതിർത്തിയിൽ പാകിസ്ഥാനുമായുള്ള സ്ഥിരം പ്രശ്നങ്ങളും ഉയർത്തിക്കൊണ്ടു വന്നാൽ രാജ്യത്തെ പ്രതിപക്ഷ പാർട്ടികളും, ജനങ്ങളും, മാധ്യമങ്ങളും ഇത് വേഗത്തിൽ തിരിച്ചറിയും.

അതിനാൽ കേന്ദ്ര ഗവൺമെന്റ് പുതിയ പ്രശ്നം സൃഷ്ടിച്ചു ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പി ക്കുയാണ്. വളരെ സമാധാനപൂർവ്വം ജീവിക്കുന്ന ലക്ഷദ്വീപിലെ പാവപ്പെട്ട ജനങ്ങൾ ആണ് കേന്ദ്ര ഗവൺമെന്റിന്റെ പുതിയ രാഷ്ട്രീയ നീക്കത്തിന്റെ ഇര.

ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റർ ആയ പ്രഫുൽ ഹോഡ പട്ടേൽ എന്ന ബിജെപി രാഷ്ട്രീയ നേതാവാണ് ലക്ഷദ്വീപിലെ പുതിയ പ്രശ്നങ്ങളുടെ സൃഷ്ടാവ്. ഭക്ഷണ പാത്രത്തിൽ കൈയ്യിട്ട് പ്രശ്നം തുടങ്ങുന്ന പതിവ് സംഘപരിവാർ രീതി തന്നെയാണ് ഇവിടത്തെ പ്രശ്നങ്ങളുടെയും തുടക്കം. ഗോവധ നിരോധനം കൊണ്ടുവരിക, ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ സ്കൂൾ കുട്ടികളുടെ മെനുവിൽ നിന്ന് അവിടത്തെ പ്രധാനപ്പെട്ട ഭക്ഷണമായ ബീഫ് ഒഴിവാക്കുക. ( ‘ബീഫ് കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരം’ എന്ന് കണ്ടുപിടിച്ച ആരോഗ്യ വിദഗ്ധൻമാർ ആയിരിക്കും കേന്ദ്ര ഗവൺമെൻ്റിനെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങക്കു വേണ്ട ഉപദേശം നൽകുന്നതെന്ന് തോന്നുന്നു! ).

പീന്നീട് ടൂറിസം വികസനത്തിന്റെയും, തീരദേശ നിയമത്തിൻ്റെയും പേര് പറഞ്ഞു മത്സ്യതൊഴിലാളി കളുടെ ഷെഡ്ഡുകൾ പൊളിച്ചുമാറ്റുക. ഇതിനു പകരം സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ആയിരത്തോളം വരുന്ന ദ്വീപ് നിവാസികളായ താൽക്കാലിക ജീവനക്കാരെ പിരിച്ചു വിടുക. ടൂറിസം വകുപ്പിൽ മാത്രം ഇരുന്നൂറോളം പേർ പിരിച്ചുവിടപ്പെട്ടു. 38 ഓളം അങ്കണവാടികൾ അടച്ചുപൂട്ടി. ടൂറിസം വികസനത്തിന്റെ പേരിൽ ഏകപക്ഷീയമായി മദ്യനിരോധനം പിൻവലിച്ചു. ടൂറിസം വികസനത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ തദ്ദേശീയരുമായി സംസാരിച്ചു അവരെ ബോധ്യപ്പെടുത്തിയ ശേഷം വേണമായിരുന്നു തുടർനടപടികൾ.

ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിക്കുറയ്ക്കുക, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ രണ്ടു മക്കളിൽ കൂടുതലുള്ളവർക്ക് മത്സരിക്കാൻ സാധിക്കില്ല എന്ന നിയന്ത്രണം കൊണ്ടുവരിക. ജനസംഖ്യാ നിയന്ത്രണത്തിന് മാതൃകയായി ആണ് ഇത് നടപ്പിലാക്കിയത് എന്ന് പറഞ്ഞാൽ , ഉത്തർപ്രദേശിലും ഗുജറാത്തിലും ഉള്ളവർക്ക് ഒന്നും ഇതൊന്നും ബാധകമല്ലേ.

കേരളവുമായി പൊക്കിൾകൊടി ബന്ധമുള്ള ലക്ഷദ്വീപിനെ, ബേപ്പൂരും ആയുള്ള തുറമുഖ ബന്ധം വിച്ഛേദിച്ച് ചരക്കുനീക്കം കർണാടകയിലെ മാംഗ്ലൂർ വഴി ആക്കുക. പുതിയ ഭൂനിയമം വേണ്ടത്ര ചർച്ച കൂടാതെ കൊണ്ടുവരിക തുടങ്ങിയ അശാസ്ത്രീയമായ പരിഷ്കാരങ്ങൾ ആണ് അവിടെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്.

ഓൺലൈൻ മാധ്യമങ്ങൾക്കും, വാർത്താ പോർട്ടലുകൾക്കും നിരോധനം ഏർപ്പെടുത്തുക, ഇന്റർനെറ്റ് സേവനങ്ങളിൽ നിയന്ത്രണം, തുടങ്ങി സർവ്വ മേഖലകളിലും ഉള്ള ദ്വീപ് നിവാസികളുടെ ജനാധിപത്യാവകാശങ്ങൾ നിഷേധിക്കുക.

സ്വാഭാവികമായും പ്രതിഷേധങ്ങളും, പ്രക്ഷോഭങ്ങളും ചർച്ചകളും ഉയർന്നു വരും. എന്നിരുന്നാലും രാജ്യത്തെ മറ്റു സ്ഥലങ്ങളിലും ഇത്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുക. അതുവഴി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലുള്ള പരാജയങ്ങൾ മറയ്ക്കുക. അതോടൊപ്പം സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കുക എന്ന ദ്വിമുഖ തന്ത്രമാണ് കേന്ദ്രസർക്കാർ ഇവിടെ പ്രയോഗിക്കുന്നത്.