ദി ഇൻജസ്റ്റിസ് ടു സ്റ്റാൻ സ്വാമി

അഡ്വ. പയോഷി റോയ്

“അദ്ദേഹത്തിന് ആരെയെങ്കിലും ഭീഷണിപ്പെടുത്താമെന്നും, ‘ശക്തമായ’ ഇന്ത്യൻ ഭരണകൂടത്തെ അപകടപ്പെടുത്താമെന്നും, അല്ലെങ്കിൽ സഹായമില്ലാതെ നടക്കാൻ പോലും കഴിയാത്ത അദ്ദേഹം കടന്നു കളയുമെന്നും സങ്കൽപ്പിക്കുന്നത് പരിഹാസ്യമാണ്.”

മൊഴിമാറ്റം : സുധീർ

കോടതി ഒരിക്കൽ കൂടി ഒരു യു‌എ‌പി‌എ കേസിൽ ജാമ്യം നിഷേധിച്ചു, ഇത്തവണയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ അങ്ങേയറ്റം ദാരുണമായി തന്നെ കോടതി പരാജയപ്പെട്ടു. മെയ്21ന്, ബോംബെ ഹൈക്കോടതിയിൽ ഫാദർ സ്റ്റാൻ സ്വാമിയുടെ രോഗം ബാധിച്ച ശരീരം, മെഡിക്കൽ ജാമ്യത്തിനായി അപേക്ഷിച്ചപ്പോൾ വിറക്കുന്നുണ്ടായിരുന്നു. ഭീമ കൊറെഗാവ് കേസിൽ, ഇന്ത്യൻ ഭരണകൂടത്തെ അട്ടിമറിക്കാൻ മാവോയിസ്റ്റ് ഗൂഢാലോചന നടത്തിയെന്ന ഭീമമായ അന്വേഷണത്തിൽ 84 കാരനായ സ്വാമി എട്ട് മാസമായി കസ്റ്റഡിയിലാണ്.

ജെസ്യൂട്ട് പുരോഹിതനായ സ്വാമി, ആദിവാസി-ഗോത്ര സമുദായങ്ങളുടെ അവകാശങ്ങൾക്കും ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂൾ നടപ്പാക്കുന്നതിനുമായി അശ്രാന്തമായി പോരാടി. ആഴത്തിലുള്ള പ്രചോദനാത്മക വ്യക്തിത്വം, പൊതുസേവനത്തിനായി സമർപ്പിക്കപ്പെട്ട ഒരു ജീവിതം. രോഗം അദ്ദേഹത്തിന്റെ ശരീരത്തെ നശിപ്പിക്കുമ്പോഴും, വിശ്വാസങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത അചഞ്ചലമായി തുടരുന്നു.

തദ്ദേശീയരേയും വിയോജിക്കുന്നവരേയും വഴിപിഴച്ചവരേയും ശിക്ഷിക്കുന്നതിനാണ് ജയിലുകൾ സൃഷ്ടിക്കപ്പെട്ടതെന്ന് പ്രശസ്ത ചിന്തകനായ മൈക്കൽ ഫൗക്കാൾട്ട് പറഞ്ഞിട്ടുണ്ട്. ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അവരുടെ സ്വഭാവത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. സ്വാമി തടവിലടക്കപ്പെട്ട തലോജ ജയിലിൽ മൂന്ന് ആയുർവേദ ഡോക്ടർമാരാണുള്ളത്, ആരും അലോപ്പതിയിൽ പരിശീലനം നേടിയിട്ടില്ല, എസ്‌കോർട്ട് ഗാർഡുകളുടെ കടുത്ത ക്ഷാമം കാരണം കാഴ്ച്ച നഷ്ട്ടപ്പെട്ടേക്കാവുന്ന തരത്തിൽ കണ്ണിന് അണുബാധയേറ്റ ഹാനി ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഏഴു ദിവസമെടുത്തു. ജയിലിൽ യഥാർത്ഥ ശേഷിയേക്കാൾ 48 ശതമാനം അംഗസംഖ്യ കൂടുതലാണ്. വെള്ളം പോലുള്ള അടിസ്ഥാന സൗകര്യങ്ങളില്ല. ഈ നരകത്തിൽ നിന്നാണ് തടവുകാർ മോചനം തേടിക്കൊണ്ട് ജാമ്യം അഭ്യർത്ഥിക്കുന്നത്.

ഇവിടെ നിന്നാണ് പാർക്കിൻസൺ രോഗം സ്വാമിയെ നശിപ്പിച്ചത്, ഒരു സ്പൂൺ പിടിക്കാനോ എഴുതാനോ നടക്കാനോ കുളിക്കാനോ കഴിയില്ല. തന്റെ അവസ്ഥ കോടതിയിൽ വിവരിക്കു ന്നതിനിടയിൽ, ഇരിക്കാൻ മതിയായ പേശി നിയന്ത്രണം ഇല്ലാതെ അയാൾ അങ്ങോട്ടും ഇങ്ങോട്ടും വിറക്കുന്നുണ്ടായിരുന്നു. “അവർ നൽകുന്ന ചെറിയ ഗുളികകളേക്കാൾ ശക്തമാണ് എന്റെ തകർച്ച,” അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് ആരെയെങ്കിലും ഭീഷണിപ്പെടുത്താമെന്നും, ‘ശക്തമായ’ ഇന്ത്യൻ ഭരണകൂടത്തെ അപകടപ്പെടുത്താമെന്നും, അല്ലെങ്കിൽ സഹായമില്ലാതെ നടക്കാൻ പോലും കഴിയാത്ത അദ്ദേഹം കടന്നു കളയുമെന്നും സങ്കൽപ്പിക്കുന്നത് പരിഹാസ്യമാണ്.

മെഡിക്കൽ ജാമ്യം ആവശ്യപ്പെട്ട് കൊണ്ടുള്ള സ്വാമിയുടെ ആവശ്യം നേരിട്ട കോടതി, സുധാ ഭരദ്വാജിനും ഹാനി ബാബുവിനും നൽകിയതുപോലെ ചികിത്സ നൽകുകയായിരുന്നു. ക്ഷയിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലും, അശ്രദ്ധമൂലം തന്റെ ജീവൻ നഷ്ടപ്പെട്ടേക്കാമെന്ന് പൂർണ്ണമായി അറിയാമെങ്കിലും, അതിനു വഴങ്ങാതെ സ്വാമി ശക്തമായി നിൽക്കുകയും സ്വാതന്ത്ര്യത്തിന് പകരമായി പാലിയേറ്റീവ് കെയറിന്റെ സംരക്ഷണം നിരസിക്കുകയും ചെയ്തു. സർക്കാർ നടത്തുന്ന ഒരു ആശുപത്രിയിൽ വൈദ്യചികിത്സ നേടുന്നതും അദ്ദേഹം വേണ്ടെന്നു വെച്ചു. അദ്ദേഹത്തിന് അവരുടെ “സെറ്റപ്പ്” നന്നായ് അറിയാം. “ഞാൻ രണ്ടുതവണ ജെ.ജെ ആശുപത്രിയിൽ പോയിട്ടുണ്ട്. അതിനേക്കാൾ ഞാൻ ഇവിടെ കഷ്ടപ്പെട്ടു കൊള്ളാം” അദ്ദേഹം പറഞ്ഞു. മെഡിക്കൽ ജാമ്യത്തിനായി സ്വാമി അപേക്ഷിച്ചെങ്കിലും കോടതി അദ്ദേഹത്തിന്റെ അപേക്ഷ പരിഗണിക്കുകയോ നിരസിക്കുകയോ ചെയ്തില്ല.കോടതി വൈദ്യചികിത്സ യെക്കുറിച്ചുള്ള ചോദ്യത്തിന് മാത്രമായി ഹിയറിംഗ് പരിമിതപ്പെടുത്തി.അത്രയെങ്കിലും അദ്ദേഹത്തിന് അർഹതയില്ലേ?

സ്വാമിയെ തടവിലിടുന്നതിൽ ഭരണകൂടത്തിന് യാതൊരു പ്രയോജനവുമില്ല, ക്രൂരത മാത്രമാണ് അവരിലുള്ളത്. വീട്ടുതടങ്കലിലേക്ക് പരിവർത്തനം ചെയ്യാനുള്ള ഈ വിസമ്മതം, വീട്ടുതടങ്കലിന്റെ ഗുണങ്ങളെ പ്രകീർത്തിച്ചുകൊണ്ട്, രോഗബാധിതർക്ക് തടവിലാക്കലിന്റെ കാഠിന്യത്തെ ലഘൂകരിക്കുന്നു എന്നിങ്ങനെയുള്ള അടുത്തിടെ വന്ന സുപ്രീംകോടതി വിധിയോട് യോജിക്കുന്നതല്ല. ജാമ്യം അനുവദിക്കുന്നതിനായി ശക്തമായ സാഹചര്യം ഈ കേസിൽ ഉണ്ടായിരുന്നിട്ടും, കോടതി അത് നിഷേധിച്ചു. കോടതിയുടെ യുക്തിയും ജുഡീഷ്യൽ മന:സാക്ഷിയും അന്ധമാക്കപ്പെടുന്ന തരത്തിൽ പ്രോസിക്യൂഷന്റെ തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെ ശക്തി എന്താണ്?

ഭീകരത, ദേശീയ സുരക്ഷ എന്നീ കേസുകളിൽ കോടതികൾ ഭരണകർത്താക്കൾക്കു മുൻപിൽ ഏറ്റവും ദുർബലവും ഏറ്റവും ആദരവുള്ളവരുമാണ്. ഭീമ കൊറെഗാവ് കേസ് രാഷ്ട്രീയ ഇരകളാക്കപ്പെടാനുള്ള ഒരു പദമായി മാറിയെന്ന് തോന്നുന്നു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കരുതപ്പെടുന്ന കേസുകളിൽ, ജാമ്യാപേക്ഷയെന്നപോലെ അടിസ്ഥാനപരമായ എന്തെങ്കിലും തീരുമാനിക്കാനുള്ള അധികാരം ഇപ്പോൾ തന്നെ കോടതിക്ക് ഇല്ലാതായിരിക്കുന്നു. ആരോപണം പ്രഥമദൃഷ്ട്യാ സത്യമാണെന്ന് കാണിക്കുന്ന ന്യായമായ കാരണങ്ങളുണ്ടെങ്കിൽ യുഎപിഎയുടെ 43 ഡി (5) വകുപ്പ് ജാമ്യം നിഷേധിക്കുന്നു.

ഈ വകുപ്പിനെ വ്യാഖ്യാനിക്കുമ്പോൾ, സഹൂർ അലി ഷാ വതാലിയുടെ കേസിലെ സുപ്രീം കോടതി നടത്തിയ പരാമർശം, പ്രോസിക്യൂഷൻ രേഖകൾ ശരിയാണെന്ന് കോടതി അനുമാനിക്കുക മാത്രമല്ല, തെളിവുകളായ് അവ അനുവദനീയമാണോ എന്ന് പരിശോധിക്കുക പോലും ചെയ്യാതെ അത് തെളിവാണെന്ന് തന്നെ അനുമാനിക്കണം എന്നാണ്. വതാലിയുടെ കേസിൽ, ഒരു പോലീസ് ഉദ്യോഗസ്ഥനോട് നടത്തിയെന്ന് പറയുന്ന കുറ്റസമ്മതം മാത്രമാണുള്ളത്, ജാമ്യത്തിന്റെ ഘട്ടത്തിൽ തെളിവായ് അത് പരിഗണിക്കാമോ എന്ന ചോദ്യം അപ്രസക്തമാണ്, വർഷങ്ങളോളം തടവ് അനുഭവിച്ചിട്ടും കുറ്റവിമുക്തനാക്കാനുള്ള ഏക അടിത്തറ അതാണെങ്കിലും. പ്രോസിക്യൂഷന്റെ കുറ്റപത്രം ശരിയാണെന്ന് കരുതുകയും അതിന്റെ രേഖകൾ സ്വീകാര്യമാണെന്ന് കരുതുകയും ചെയ്യുന്നുവെങ്കിൽ, ജാമ്യാപേക്ഷയിൽ വാദിക്കാൻ എന്താണ് ശേഷിക്കുന്നത്? കൊലപാതകം ഉൾപ്പടെയുള്ള എല്ലാ ഐപിസി കുറ്റങ്ങളിലും ജാമ്യ ഘട്ടത്തിൽ രേഖകളുടെ സ്വീകാര്യത പരിശോധിക്കാൻ കഴിയുമെങ്കിൽ, കൂടുതൽ ഗുരുതരമായ തീവ്രവാദ കേസുകളിൽ എന്തുകൊണ്ട് അത് പറ്റുന്നില്ല? പ്രത്യേക നിയമപ്രകാരം ഐപിസി കുറ്റകൃത്യങ്ങളും തീവ്രവാദ കുറ്റകൃത്യങ്ങളും തമ്മിലുള്ള ജാമ്യവ്യവസ്ഥയിലെ ഈ അസമത്വം മൂലം ഉണ്ടാകുന്ന അസംബന്ധം നതാഷ നർവാളിന്റെ കേസിൽ പ്രകടമാണ്. ദില്ലി കലാപത്തിൽ അക്രമത്തിന് പ്രേരിപ്പിച്ചുവെന്നാരോപിച്ച ഐപിസി കേസിൽ അവർക്ക് ജാമ്യം ലഭിച്ചു, അതേ സംഭവത്തിൽ അക്രമത്തിന് പ്രേരിപ്പിക്കാനുള്ള ഗൂഢാലോചന ആരോപിച്ച് യു‌എ‌പി‌എ കേസിൽ കസ്റ്റഡിയിൽ തുടരുന്നു!

വിരോധാഭാസമെന്നു പറയട്ടെ, ക്രിസ്ത്യൻ പുരോഹിതനായ സ്വാമിക്ക്, നിരീശ്വരവാദ സംഘടനയായ സി.പി.ഐ (മാവോയിസ്റ്റ്) അംഗത്വം ആരോപിക്കപ്പെടുന്നു. സ്വാമിക്കെതിരെ ഹാജരാക്കിയ തെളിവുകളിൽ ടൈപ്പ് ചെയ്തതും ഒപ്പിടാത്തതും, തിയ്യതി രേഖപ്പെടുത്താത്തതുമായ കത്തുകൾ അടങ്ങിയിരിക്കുന്നു. ഇന്ത്യൻ നിയമത്തിൽ, തീയതിയും ഒപ്പും ഇല്ലാത്ത ഉറവിടമറിയാത്ത, അജ്ഞാതമായ രേഖകൾ തെളിവുകളല്ല. എന്നിട്ടും വതാലി കേസിലെ സുപ്രീം കോടതിയുടെ തീരുമാനം സ്വാമിയെ ജാമ്യത്തിന് അർഹനല്ലാതാക്കി. ജാമ്യാപേക്ഷയുടെ അവസാനത്തിൽ സ്വാമി പറഞ്ഞു “ഞാൻ ഇവിടെത്തന്നെ മരിച്ചേക്കാം, കാര്യങ്ങൾ ഇതേ പോലെ തുടരുകയാണെങ്കിൽ. ഇത് എനിക്ക് വളരെ ബുദ്ധിമുട്ടുള്ള നിമിഷമാണ്. എനിക്ക് എന്ത് സംഭവിച്ചാലും, ഞാൻ ഇത് ഒറ്റക്ക് നേരിടാൻ ആഗ്രഹിക്കുന്നു.”

കവികളെയും പത്രപ്രവർത്തകരെയും സ്കൂൾ കുട്ടികളെയും പോലും തീവ്രവാദികളായി മുദ്രകുത്തുകയും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാക്കുകയും ചെയ്യുന്ന ഒരു ഭരണത്തിൻ കീഴിലാണ് നമ്മൾ ജീവിക്കുന്നത്. ജുഡീഷ്യറി ‘മുഖ്യമായതു’ മാത്രം പരിഗണിക്കുന്ന സമയമാണിത്. പ്രോസിക്യൂഷനോടുള്ള താൽപ്പര്യത്തിൽ, കോടതികൾ തങ്ങളുടെ ഉത്തരവാദിത്വം ഉപേക്ഷിക്കുന്നത് തടവിലാക്കപ്പെട്ട ഒരു പുരോഹിതനോട് മാത്രമല്ല, നീതിയോടു കൂടിയാണ്.

(ഇന്ത്യൻ എക്സ്പ്രസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൻ്റെ സ്വതന്ത്ര്യ പരിഭാഷ)

<span class="has-inline-color has-vivid-red-color">അഡ്വ. പയോഷി റോയ്</span>
അഡ്വ. പയോഷി റോയ്

ബോംബെ ഹൈക്കോടതിയിൽ അഭിഭാഷക. ഭീമ കൊറെഗാവ് കേസിലെ മറ്റ് മൂന്ന് കുറ്റാരോപിതരുടെ കൂടി പ്രതിനിധിയാണ്.