പ്രതിനിധാനത്തിൻറെ രാഷ്ട്രീയം

ഡോ. എം എം ഖാൻ

സ്വന്തം ആശയാഭിലാഷങ്ങൾക്ക് അനുസൃതമായി സ്വയം പ്രതിനിധാനത്തിന് കെൽപ്പുള്ള വരായിത്തീരുക എന്നത് ഏതൊരു ജനവിഭാഗത്തെ സംബന്ധിച്ചിടത്തോളവും അവരുടെ സാമൂഹ്യമായ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ചും നമ്മുടെത് പോലെ ശ്രേണീബദ്ധമായ സമൂഹ്യ- അധികാര ബന്ധങ്ങൾ നിലനിൽക്കുന്ന സമൂഹത്തിൽ. ഭരണകൂടങ്ങളുടെ ജനാധിപത്യ സ്വഭാവത്തെയും അത് മുറുകെ പിടിക്കുന്ന മൂല്യ സങ്കല്പങ്ങളെയും, വിലയിരുത്താനുള്ള ഉരകല്ലാണ്, അത് വിശാല ബഹുജനങ്ങളുടെ പ്രതിനിധാന പ്രക്രിയയെ എങ്ങനെ പ്രവർത്തനക്ഷമമാക്കുന്നു എന്നുള്ള സംഗതിയും.

അധ്യാപക നിയമങ്ങളിൽ സർവകലാശാലകളുടെ വിവിധ വകുപ്പുകളിൽ സംവരണ തത്വങ്ങളും മാനദണ്ഡങ്ങളും നഗ്നമായി അട്ടിമറിക്കപ്പെന്നതിനെക്കുറിച്ച് ലേഖനമെഴുതിയത്തിന്റെ പേരിൽ കോഴിക്കോട് സർവകലാശാലയിലെ ചരിത്ര വകുപ്പിലെ അസോസിയേറ്റ് പ്രൊഫസർ കെ എസ് മാധവൻ നേരിടുന്ന ശിക്ഷണ നടപടിയുടെ പശ്ചാത്തലത്തിലാണ് ഈ നിരീക്ഷണം.

ആധുനിക പൂർവ ഭരണകൂട സങ്കൽപ്പങ്ങളെ താലോലിക്കുന്നവർക്കും അതിൻറെ പ്രായോക്താക്കൾക്കും പാരമ്പര്യത്തിന്റെ ഈടർച്ചയെ ഭീതിയോടെ കാണുന്നവർക്കും, എന്തുവിലകൊടുത്തും പാരമ്പര്യത്തെ നിലനിർത്തണമെന്നാഗ്രഹിക്കുന്നവർക്കും എക്കാലത്തും ‘പ്രതിനിധാനത്തിന്റെ പ്രശ്നം’ വലിയ വെല്ലുവിളിയാണ് ഉയർത്തിയിട്ടുള്ളത്. ആയതിനാൽ നൂറ്റാണ്ടുകളായി തുടർന്നുവരുന്ന സാമൂഹ്യ സംവിധാനങ്ങളുടെ തുടർച്ചയെ തടഞ്ഞു നിറുത്തുവാനും പൂർവ സ്ഥിതിയെ നിലനിറുത്തുവാൻ ശ്രമിച്ചുകൊണ്ടുമാണ് അധികാരത്തിന്റെയും കുത്തക കയ്യടക്കി വച്ചിരിക്കുന്നവർ വർത്തമാന കാലത്ത് തങ്ങളുടെ താൽപര്യം നിലനിറുത്തുന്നത്.

സ്വയം പ്രതിനിധാനത്തിൻറെ ഭൗതിക അടിത്തറ ജ്ഞാന സമ്പാദനവും തദനുസൃതമായ പ്രായോഗിക പ്രവർത്തനവും അതുവഴി കൈവരിക്കപ്പെടുന്ന അധികാരവുമാണ് എന്ന തിരിച്ചറിവ് സംവരണത്തെ എതിർക്കുന്നവർ എക്കാലത്തും പ്രകടിപ്പിച്ചിട്ടുളള ഉത്കണ്ഠയാണ് എന്നുള്ളത് ചരിത്രപരമായ വസ്തുതയാണ്.

ബ്രാഹ്മണിക് മൂല്യങ്ങളിലും വേദ പാരമ്പര്യങ്ങളിലും അധിഷ്ഠിതമായി കരുപ്പിടിപ്പിക്കപ്പെട്ടിട്ടുള്ള ആധുനിക പൂർവ ഭരണകൂട മനോഭാവങ്ങളിൽ നിന്ന് എത്രമാത്രം കുതറി മാറ്റാൻ സമകാലിക ഇന്ത്യൻ സ്റ്റേറ്റ് കഴിഞ്ഞിട്ടുണ്ട് എന്നത് ഇന്നത്തെ സംഘർഷഭരിതമായ സാഹചര്യത്തിൽ അതീവ പ്രസക്തമായ പരിശോധനയാണ്. പ്രത്യകിച്ചും, സ്വയം പ്രതിനിധാനം സാക്ഷാത്കരിക്കപ്പെടുന്ന സംവരണം പല തലത്തിൽ വ്യാപകമായി അട്ടിമറിക്കപ്പെടുന്ന പശ്ചാത്തലത്തിൽ.

ഇന്ത്യയിലാകട്ടെ ഒരു ദേശമായി രൂപാന്തരം കൈവരിച്ച പ്രക്രിയയിലുട നീളം ബ്രഹ്മണിക് മൂല്യങ്ങളും വേദ പാരമ്പര്യങ്ങളും എല്ലാം ബോധപൂർവമായും, അബോധപൂർവമായും ഏറിയും കുറഞ്ഞും ഉള്ള അളവിൽ ഉടനീളം പ്രസരിപ്പിക്കപ്പെടുകയുണ്ടായി. കൊളോണിയൽ വിരുദ്ധ പോരാട്ടത്തിലൂടെ അഥവാ ദേശീയപ്രസ്ഥാനം നയിക്കപ്പെട്ട സ്വാതന്ത്ര്യ സമരത്തിലൂടെ നീളം ഈ പ്രവണത തെളിഞ്ഞുകാണുന്നതാണ്. ദേശീയ പ്രസ്ഥാനം വിപുലമായ ബഹുജനടിത്തറ ആർജിച്ച എന്ന പ്രതീതി കൈവന്ന കാലങ്ങളിലെല്ലാം ഈ പാരമ്പര്യത്തിന്റെ പുനഃ പ്രതിഷ്ഠിക്കൽ വലിയ ഒരു ശക്തിയായി പ്രവർത്തിച്ചിരുന്നു എന്ന് കാണാം.ഈ പ്രക്രിയ ഒരു തടസ്സവും കൂടാതെ തുടർന്നു എന്ന് ഇതിനർത്ഥമില്ല. ഇതിനെതിരെയുള്ള വെല്ലുവിളികളും മുന്നേറ്റങ്ങളുമെല്ലാം തന്നെ പാർശ്വങ്ങളിലേക്ക് ഒഴുക്കി വിടാൻ പരമ്പരാഗത ശക്തികൾക്ക് കഴിഞ്ഞുവെന്ന് ദേശീയ പ്രസ്‌ഥാനത്തിന്റെ നേതൃത്വ നിരയിലുള്ളവരുടെ മനോഭാവം വെളിവാക്കപ്പെടുന്നുണ്ട്.ആധിപത്യ ചരിത്ര രചനാ വിജ്ഞാനീയങ്ങളും ഈ നിലവിലുള്ള ജ്ഞാനത്തെ പ്രചരിപ്പിക്കുന്നതിൽ ഗണ്യമായ പങ്കുവഹിക്കുന്നുണ്ട്.

ആധിപത്യ ചരിത്ര രചനാ വിജ്ഞാനീയങ്ങൾക്കുള്ള മറുപടിയായി 80കളിലെ തുടക്കത്തിൽ വലിയ ആഘോഷത്തോടെ ആവിർഭവിച്ച കീഴാള ചരിത്ര രചനാ വിജ്ഞാനീയമാകട്ടെ(Subaltern Studies) കൊളോണിയൽ വിരുദ്ധ സമരത്തിൽ ഇടം കിട്ടാതെ പോയ ജന വിഭാഗങ്ങളെ അതിൽ പ്രതിഷ്ഠിക്കാനുള്ള തിരക്കിൽപ്പെടുകയും ചെയ്തു,അവരിൽ പലരും കൊളോണിയൽ വിരുദ്ധ സമരത്തിന്റെ സാംഗത്യത്തെ കർക്കശമായി ചോദ്യം ചെയ്തവരാണെങ്കിലും.

ഇങ്ങനെയുള്ള കൊളോണിയൽ വിരുദ്ധ പോരാട്ടത്തിലൂടെയാണ് ആധുനിക ഇന്ത്യൻ രാഷ്ട്രം യാഥാർത്ഥ്യമാകുന്നത് കൊളോണിയൽ വിരുദ്ധ പോരാട്ട കാലം’Nation in Making’ആയിരുന്നു.പൗരാണിക ഇന്ത്യൻ രാഷ്ട്ര സങ്കൽപ്പത്തിന്റെ ആശയടിത്തറ പുതിയ രീതിയിൽ നിലനിറുത്താൻ ശ്രമിച്ച ശക്തികൾക്ക് മുൻകൈ ലഭിക്കുകയായിരുന്ന ആധുനിക ഇന്ത്യൻ സ്റ്റേറ്റ് യാഥാർത്ഥ്യമാകുന്ന പ്രക്രിയയിൽ.

ആധുനിക ഇന്ത്യൻ സ്റ്റേറ്റിന്റെ അശാഭിലാഷങ്ങളുടെ സാക്ഷാത്കാരം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭരണഘടനയും അത് പ്രദാനം ചെയ്യുന്ന ലക്ഷ്യങ്ങളുമെല്ലാം ഘടനാപരമായ ഒരു പ്രതിസന്ധി നേരിടുന്നുണ്ട് എന്ന് കാണാതെ പോകരുത്.ഭരണഘടനാ ശില്പിയായ അബേദ്ക്കർ ദേശീയപ്രസ്ഥാനത്തോടും അതിന് നേതൃത്വം നൽകിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിനോടും എങ്ങനെ കലഹിച്ചിരുന്നു എന്നും ഭരണഘടനയുടെ പ്രവർത്തന ക്ഷമതയെക്കുറിച്ചും അതിന്റെ പ്രായോഗികപരതയെക്കുറിച്ചും അദ്ദേഹം മുന്നോട്ടു വച്ച ആശങ്കകളും ഇത്തരുണത്തിൽ പ്രസക്തമാണ്.

വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തിൽ ഇതിൽ വിശാല ബഹുജനങ്ങളുടെ; വിവിധ തലങ്ങളിൽ നൂറ്റാണ്ടുകളായി മർദ്ദിതരാക്കപ്പെട്ടിരിക്കുന്ന ജാതിയിതേര ഹിന്ദുക്കളും ന്യൂന പക്ഷങ്ങളുടെയും പ്രതിനിധ്യത്തെ റദ്ദ് ചെയ്യപ്പെടുന്ന നടപടികളുടെ ഘോഷയാത്രയാണ് നമുക്ക് കാണാൻ കഴിയുന്നത്.

സമീപകാല ഇന്ത്യൻ ചരിത്രത്തിലെ കൊടിയ മർദ്ദന മുറകളാണ് ഭരണകൂടം അഴിച്ചുവിടുന്നത്. പ്രധിനിധാനത്തിന്റെ വിവിധതലങ്ങളിൽ ഉയർന്നുവരുന്ന മുന്നേറ്റങ്ങളെ ശാരീരികമായി ഇല്ലായ്മ ചെയ്യുന്ന ക്രൂരതയിലേക്കും വംശഹത്യയിലേയ്ക്കുമായി മാറി തീരുന്ന അസാധാരണമായ സന്ദർഭങ്ങളാണ് നാം ഇപ്പോൾ കണ്ടുവരുന്നത്, പല രൂപത്തിൽ തുടരുകയും ചെയ്യുന്നു.

പ്രാതിനിധ്യത്തിന്റെ എൻറെ സാക്ഷാത്കാരത്തിനായുള്ള ജ്ഞാന സമ്പാദനവും തദ്വാര അധികാരത്തിൻ പങ്കാളികളാകാനുള്ള മർദ്ദിത ജാതികളുടെയും, പിന്നിക്ക മതന്യുനപക്ഷങ്ങളുടേയും മുന്നേറ്റത്തെ തടഞ്ഞു നിർത്തുക എന്നത് ഡീപ് സ്റ്റേറ്റേറ്റിന്റെ മുഖമുദ്രയായി മാറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ വിഭാഗങ്ങളെ ബോധപൂർവം അകറ്റി നിർത്തുവാൻ ഉള്ള ശ്രമങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ദശകങ്ങളായി ഉന്നത വിദ്യാഭ്യാസ രംഗത്ത് നടമാടി വരുന്നത്. ഈ നയം കാരണം ഭരണഘടന വിഭാവനം ചെയ്യുന്ന അവസരസമത്വം, ക്ഷേമ രാജ്യ സങ്കല്പം,ഉൾക്കൊള്ളൽ സങ്കൽപ്പം ഇവയെല്ലാം യാഥാർത്ഥ്യമാകാതെ പോകുന്നുണ്ട്. നൂറ്റാണ്ടുകളായി അവഗണിക്കപ്പെടുന്ന പ്രദേശങ്ങളോ ജനവിഭാഗങ്ങളോ ഉൾക്കൊള്ളൽ ആശയത്തിന്റെ യാഥാർത്ഥ്യത്തിലേക്ക് എത്തിപെടുന്നില്ല.ഒരു പക്ഷെ പാരമ്പര്യ രാഷ്ട്ര സങ്കലപ്പത്തിന്റെ ആശയാടിത്തറ തന്നെയാണ് ആധുനിക സ്റ്റേറ്റേറ്റിന്റെ രൂപീകരണത്തെയും അതിന്റെ സാക്ഷാത്ക്കാരത്തെയും തീവ്രമായി സ്വാധിനിച്ചത് അത് കൊണ്ട് തന്നെയായിരിക്കും ആധുനിക സ്റ്റേറ്റിന്റെ ആശയാഭിലാഷങ്ങളുടെ സാക്ഷാത്ക്കരമായ ഭരണഘടന വിഭാവനം ചെയ്യുന്ന അവസരസമത്വം യാഥാർത്ഥ്യമാക്കി മാറ്റിതീർക്കാൻ കഴിയാതെ പോകുന്നത്.ക്ഷേമ രാഷ്ട്ര സങ്കൽപ്പം,സോഷ്യൽ ഇൻക്ലൂഷൻ,ഹയർ എഡ്യൂക്കേഷൻ ഇൻക്ലൂഷൻ ഇവയെല്ലാം തന്നെ മരീചികയായി അവശേഷിക്കുന്നു.

ഇത്തരം അനീതികൾക്കെതിരെയുള്ള ചെറുത്തു നിൽപുകാളെല്ലാം എളുപ്പത്തിൽ രാജ്യദ്രോഹമായി അടയാളപ്പെടുത്തുന്നതിന് കഴിയുന്നത് അതിന് ഭരണഘടനാ സ്‌ഥാപനങ്ങളുടെ പിൻബലം ലഭിക്കുന്നുണ്ട് എന്നുള്ളത് വസ്തുതയാണ്.അതുവഴി ഇത്തരം നീക്കങ്ങൾക്കെതിരെ വളരെപ്പെട്ടെന്ന് ഭരണകൂടം നടപടികളും കൈക്കൊള്ളുന്നു.

ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന അവസരസമത്വം,സോഷ്യൽ ഇൻക്ലൂഷൻ(ഉന്നത വിദ്യാഭ്യാസരംഗത്തെ ഉൾക്കൊള്ളാൽ അടക്കം)സാമൂഹ്യമായി യഥാർത്ഥ്യവൽക്കരിക്കപ്പെടുന്നത് സംവരണത്തിലൂടെയാ ണെന്നും അത് അധികാരം പങ്കുവെയ്ക്കുന്ന ഉയർന്ന രാഷ്ട്രീയ സങ്കൽപ്പമാണെന്നും ഉള്ള സംഗതി സാമൂഹ്യശാസ്ത്രത്തിന്റെ ബാലപാഠം അറിയാവുന്നവർ ക്കെല്ലാം ബോധ്യമുള്ള കാര്യമാണ്.എന്നിട്ടും സ്റ്റേറ്റ് ഈ സംവരണതത്വങ്ങൾക്കെതിരെ പ്രവർത്തിക്കുമ്പോൾ നാം പ്രതീക്ഷിക്കുന്ന ഒരു എതിർപ്പ് പൊതുസമൂഹത്തിൽ നിന്ന് ഉയർന്നുവരുന്നില്ല.സ്റ്റേറ്റിന്റെ ഈ നയത്തെ ക്രമമായും നോർമൽ ആയും കാണുവാനാണ് പൊതുവെ മറ്റുകാര്യങ്ങളിൽ പുരോഗമനപരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നിലപാടുകൾ സ്വീകരിക്കുന്ന ബുദ്ധിജീവികളും അക്കാദമിക്കുകളും.

ഇന്ത്യയിലും കേരളത്തിലും ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും സർവകലാശാലകളിലും ദശകങ്ങളായി നിലനിന്നുവരുന്ന സംവരണ വിരുദ്ധ നീക്കങ്ങളെയും അതിന് പിന്നിൽ പ്രവർത്തിക്കുന്ന അവിശുദ്ധ സംഖ്യങ്ങളെയുംപ്പറ്റി അതിന്റെ പൊള്ളത്തരത്തെ തുറന്നു കാണിക്കുന്ന ഒരു ലേഖനം മറ്റൊരാളുമായി ചേർന്നെഴുതിയതിനാണ് ഡോ.കെ എസ് മാധവനെതിരെ നടപടി സ്വീകരിക്കുന്നത് താൻ ജോലി ചെയ്യുന്ന കോഴിക്കോട് സർവകലാശാലയെ കുറിച്ചുള്ള പരാമർശമാകട്ടെ സംഭവിച്ച ഒരു വസ്തുതയെ ആണ് ചൂണ്ടിക്കാണിക്കുന്നത്.സംവരണ കാര്യത്തിൽ സംഭവിച്ച വീഴ്ചയെക്കുറിച്ച് സർവകലാശാലയോട് ദേശീയ പട്ടിക ജാതി കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു എന്നകാര്യമാണ്.

Source : THE HINDU

ഡോ.കെ എസ് മാധവനും ഡോ.പി കെ പോക്കറും ഉന്നയിക്കുന്ന (‘സര്‍വകലാശാലകളിൽ നിറഞ്ഞാടുന്ന സംവരണ വിരുദ്ധ മാഫിയ ‘മാധ്യമം 21/04/2021 ദിനപത്ത്രത്തിലെ എഡിറ്റ് പേജ് ആർട്ടിക്കിൾ)അതി പ്രധാനമായ രാഷ്ട്രീയ പ്രശ്നം നടാടെ ഉള്ള ഒന്നല്ല.ഇന്ത്യയിലെയും കേരളത്തിലെയും ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ സർവകലാശാലകളിലും നടമാടിവരുന്ന സംവരണ വിരുദ്ധ നടപടികളെക്കുറിച്ചും അതിനെതിരെ ദളിത്,പിന്നോക്ക ന്യുനപക്ഷങ്ങൾക്കിടയിൽ നിന്നുയർന്നു വരുന്ന ചെറുത്തുനിൽപ്പുകളും സമീപകാലത്ത് നമുക്ക് കാണാം.ഇന്ത്യയിലെ വിവിധ ഐഐടികളിൽ പ്രവേശന കാര്യത്തിൽ ഒബിസി,എസ് സി വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർഥികൾക്ക് സംവരണം ചെയ്യപ്പെട്ടിരിക്കുന്ന സീറ്റുകൾ നികത്തപ്പെടാതെ പോകുന്നതിനെക്കുറിച്ചുള്ള വിശദമായ പഠന റിപ്പോർട്ട് 2021 ഫെബ്രുവരി 13,14,15 തിയതികളിലായി ദി ഹിന്ദു ദിനപത്രത്തിൽ പൊൻ വസന്ത് എഴുതിയത് ശ്രദ്ധേയമാണ്.സംവരണ വിരുദ്ധത അതിന്റെ ഏറ്റവും സാമൂഹ്യവിരുദ്ധമായ രീതിയിൽ ആഴത്തിൽ വേരൂന്നിരിക്കുന്നതായി നമുക്ക് കാണാവുന്നതാണ്.അതായത് ഇക്കാര്യത്തിൽ സജീവമായ ഇടപെടലുകൾ നടക്കുമ്പോഴാണ് കേരളത്തിൽ ഇടതുപക്ഷത്തിന്‌ മേൽക്കൈയുള്ള ഒരു സര്‍വകലാശാലയിൽ നിന്ന് ഇത്രയും തിക്തമായ ഒരനുഭവം സത്യം പറഞ്ഞത്തിന്റെ പേരിൽ ഉണ്ടായിരിക്കുന്നത്.യഥാർത്ഥത്തിൽ മാധ്യമം ദിനപത്രത്തിലെ ലേഖനത്തിന്റെ തലക്കെട്ട് പത്രമാനേജ്‌മെന്റിന്റെ ഭാവനക്ക് അനുസരിച്ച് നൽകിയതായിരിക്കാം.

മാധവന്റെയും പി കെ പോക്കറുടെയും ലേഖനത്തിൽ ഇന്ത്യയിലെ സർവകലാശാലകളിലെ അധ്യാപക നിയമനങ്ങളിൽ നടന്നുവരുന്ന സംവരണ വിരുദ്ധ നടപടികളുടെ ഒരു സാമാന്യ ചിത്രമാണ് നൽകുന്നത്.കേരളത്തിലെ സർവകലാശാലകളുടെ പൊതുരീതിയും ഇതിൽ സൂചിപ്പിക്കപ്പെടുന്നു. സംവരണത്തിന്റെ ലക്ഷ്യങ്ങളും മൂല്യങ്ങളും സർവകലാശാലകൾ എങ്ങനെ അട്ടിമറിക്കപ്പെടുന്നു എന്നും ലേഖനം വിശദമാക്കുന്നു.

വിമത ശബ്ദങ്ങളെ വെച്ചുപൊറുപ്പിക്കാൻ ആകില്ലെന്നും,വർത്തമാനകാല ഇന്ത്യയിലെ സംഘർഷ ഭരിതമായ മുന്നേറ്റങ്ങളെല്ലാം തന്നെ പ്രതിനിധാനത്തിന്റെ പ്രശ്നം തന്നെയാണെന്ന് മനസിലാക്കി അതിനെ നിഷ്ട്രം അടിച്ചമർത്തുന്ന അത്ര മാതൃകകൾ കേരളത്തിലും കഴിഞ്ഞ കൂറേ നാളുകളായി കാണാൻ കഴിയുന്നത്.

കഴിഞ്ഞമാസമാണ് ,കാസർകോഡ് ആസ്‌ഥാനമാക്കി പ്രവർത്തിക്കുന്ന കേരളത്തിലെ കേന്ദ്രസർവകലാശാല ക്യാമ്പസിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപകനായ ഡോ.ഗിൽബർട്ട് സെബാസ്റ്റിനോട് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.ഫാസിസത്തെക്കുറിച്ച് പഠിപ്പിക്കാനുണ്ടായിരുന്ന ഭാഗം വിശദികരിക്കുമ്പോൾ ഇന്ത്യൻ സ്റ്റേറ്റിന്റെ പ്രോട്ടോ ഫാസിസ്റ്റ് സ്വഭാവം ചർച്ചചെയ്തതാണ് കുറ്റമായി ആരോപിക്കുന്നത്.സംഘപരിവാർ വിദ്യാർത്ഥി സംഘടന നൽകിയ പരാതിയുടെ വെളിച്ചത്തിലാണ് സര്വ്കലാശാലയുടെ നടപടിയെന്നത് വളരെ ഗൗരവമുള്ള സംഗതിയാണ്.

വേദപാരമ്പര്യത്തിന് എതിരെയുള്ള ഇന്ത്യയിലെ തീവ്രവും സംഘടിതവുമായ മുന്നേറ്റങ്ങളിൽ പലതും പ്രതിനിധ്യത്തിന്റെ വിവിധ തലങ്ങളെ സ്പർശിച്ചുകൊണ്ടുള്ളതായിരുന്നു.രാഷ്ട്രീയ പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്ന ജ്ഞാന സമ്പാദനത്തിന്റെയും ജ്ഞാനത്തിന്റെ പുനര്നിർവചനത്തിന്റെയും പുനരാഖ്യാനത്തിന്റെയും വിവിധ അടരുകൾ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങളായ സർവകലാശാലകളിലെ ദളിത് പ്രാധിനിത്യത്തെയും അത് വഴി സജ്ജരാക്കപ്പെടുന്ന ജനതയുടെ മുന്നേറ്റത്തേയും,അതുകൊണ്ടാണ് ഭരണകൂടം ഇത്രമേൽ ഭയപ്പെടുന്നത്.അങ്ങനെ ഒരു വെല്ലുവിളിയെ മുളയിലേ നുള്ളിക്കളയുകയാണ് മാധവനെപ്പോലുള്ള അധ്യാപകർക്ക് നേരെ സർവകലാശാല സ്വീകരിക്കുന്ന ഇത്തരം നടപടികൾ.

സമീപകാലത്തെ കേരളത്തിലാകട്ടെ സ്റ്റേറ്റിന്റേയും അതിന്റെ സ്‌ഥാപനങ്ങളെയും വിമർശിക്കുന്നവർക്കെ തിരെ ചുമത്തപ്പെടുന്ന കേസുകളിൽ,അവരുടെ പേരിലുള്ള “കുറ്റകൃത്യങ്ങളിൽ ”രാജ്യത്തിന്റെ സുരക്ഷയെ സംബന്ധിച്ചുള്ള ഉത്കണ്ഠകളാണ് മുഴങ്ങി കേൾക്കുന്നത്.രാജ്യ താല്പര്യത്തിനെതിരെ പ്രവർത്തിച്ചു എന്നതാണെത്ര അവർക്കെതിരെയുള്ള ആരോപണം.

ഡോ. കെ എസ് മാധവന് നൽകീരിക്കുന്ന കാരണം കാണിക്കാൻ നോട്ടീസ്

കാരണം കാണിക്കൽ നോട്ടീസിൽ കേരളത്തിലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിലെ 58A,60,62 എന്നീവ ലംഘിക്കുന്നതായിട്ടാണ് ആരോപണം.ഗുരുതരമായ പ്രത്യാഘതങ്ങൾ ഉൾക്കൊള്ളുന്ന വകുപ്പുകളാണിത്.രാജ്യസുരക്ഷയെ ബാധിക്കുന്ന വകുപ്പുകളുടെ ലംഘനമാണ് 58A.കേരള സർക്കാർ സമീപകാലത്ത് വ്യക്തികൾക്കെതിരെ അതും സാഹിത്യം സൂക്ഷിച്ചത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത വിദ്യാർഥികൾക്ക് നേരെ യു എ പി എ ചുമത്തുകയുണ്ടായി.ഇത്തരം നടപടികളുടെ തുടർച്ചയായി കൂടി വേണം ഇതിനെ കാണാൻ.ഇങ്ങനെ ഒരു വകുപ്പ് കുറ്റാരോപണ പാത്രത്തിൽ എഴുത്തി ചേർക്കാൻ സർവ്വകലാശാലയെ പ്രേരിപ്പിച്ചത് സർക്കാർ വിമത ശബ്ദങ്ങളെ നേരിടാൻ സ്വീകരിക്കുന്ന രീതിയുടെ മാതൃകയുടെ പിൻ ബലത്തിലാണ്.

ദളിതുകളുടെയും,അടിച്ചമർത്തപ്പെടുന്ന വിഭാഗങ്ങളുടെയും മതന്യുനപക്ഷങ്ങളുടെയും പ്രതിനിധാനത്തെ വർദ്ധിതവീര്യത്തോടെ അടിച്ചമർത്തുന്ന സർവകലാശാലയുടെ ഈ നിലപാടിനെ എന്തു വില കൊടുത്തതും ചേർത്ത് തോൽപ്പിക്കാൻ കേരളത്തിലെ മർദ്ദിതർക്കും ദളിതർക്കും മതന്യുനപക്ഷങ്ങൾക്കും കഴിയേണ്ടത്തുണ്ട്.സർവകലാശാലയുടെ ഈ നടപടി ദൂരവ്യാപകമായ സാമൂഹ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയാണ്.കോഴിക്കോട് സർവകലാശാല അതിന്റെ ആപ്‌തവാക്യത്തെ പോലും റദ്ദ്‌ചെയ്യുകയാണ് ഡോ.കെ എസ് മാധവനെതിരെ സ്വീകരിച്ചിരിക്കുന്ന ഈ നടപടി മൂലം.ആത്യന്തികമായി ഒരു സർവകലാശാല എന്തെല്ലാമാകരുത് അതായി മാറിരിക്കുകയാണ് കോഴിക്കോട് സർവകലാശാല.