ജനാധിപത്യം ജയിലിലടച്ച ‘ജോസഫ് കെ’മാർ!

“കാഫ്കയുടെ ‘വിചാരണ’യിൽ അറസ്റ്റ് ചെയ്യപ്പെടുന്നതിൻ്റെ കാരണമെന്തെന്നറിയാത്ത ജോസഫ് കെ ഒരു കഥാപാത്രം മാത്രമല്ല എന്ന് തിരിച്ചറിയാൻ ജനാധിപത്യം ജയിലിലടച്ചവരിലേക്ക് ഒന്നു കണ്ണോടിച്ചാൽ മതി.”

പ്രശാന്ത് സുബ്രഹ്മണ്യൻ (മാധ്യമ പ്രവർത്തകൻ)

വിദ്യാർത്ഥി നേതാവ് ഷർജീൽ ഇമാം ജയിലിൽ 500 ദിവസം. അപ്പോൾ തോന്നും അദ്ദേഹത്തെക്കാൾ കൂടുതൽ ദിവസങ്ങളായി അഖിൽ ഗോഗൊയ് ജയിലിൽ കഴിയുന്നുവെന്ന്. സിദ്ദിഖ് കാപ്പൻ…. റൗഫ്….. ഇങ്ങനെ ഓരോ രാഷ്ട്രീയ തടവുകാരുടെയും ജയിലിലെ ദിവസങ്ങൾ എണ്ണിയെണ്ണി എഴുതുന്നത് കാണാം. ഉള്ളിൽ വീണ്ടും അപ്രിയമായ ചോദ്യമുയരും, ഭീമാ കൊറെഗാവ് തടവുകാരിൽ ഭൂരിപക്ഷവും 3 വർഷമായില്ലേ എന്ന്, ഏകദേശം 1095 ദിവസം? സക്കരിയ എത്ര നാളായി ജയിലിൽ?

പിന്നെയും ആലോചിക്കുമ്പോൾ, വിദ്യാർത്ഥി നേതാവ് ഹേം മിശ്രയും പ്രൊഫസർ സായ്ബാബയും എത്ര നാളായി ജയിലിൽ നരകജീവിതമനുഭവിക്കുന്നു? അവരെത്രെ ദിവസങ്ങളയായി, വർഷങ്ങളായി ജയിലിൽ കഴിയുന്നുവെന്ന് ആരും പറയാത്തതെന്തേ? ചോദ്യങ്ങളവസാനിക്കില്ല, ഡോ. ബിനായക് സെന്നിനെ അറസ്റ്റ് ചെയ്ത കേസിൽ തന്നെ ജയിലിലായ മാധ്യമപ്രവർത്തകൻ പ്രശാന്ത് രാഹിയെയും കൂട്ടരെയും വിട്ടയച്ചിരുന്നോ? ആരന്വേഷിക്കുന്നു? ആരാ അതേ കുറിച്ച് പറയുന്നത്? കുറച്ച് സഖാക്കൾ അല്ലാതെ.

ഭീകരർ എന്ന് സ്വന്തം സമൂഹം പോലും തള്ളിപ്പറഞ്ഞ സിമി തടവുകാർ എത്രനാളായി കാണും ജയിലിൽ? നീതിബോധമുള്ള വളരെ കുറച്ച് പേർ മാത്രം ഉന്നയിക്കാറുള്ള കശ്മീരി തടവുകാർ? ഓ! അതൊക്കെ അന്വേഷിച്ചിരുന്ന സഖാവ് റോണയും ഇപ്പോൾ ജയിലിലാണ്!

ജയിലിലെ ദിവസങ്ങളുടെയും വർഷങ്ങളുടെയും കണക്കുകൾ പറയുന്നവർ ചില കാറ്റഗറിയിലെ രാഷ്ട്രീയ തടവുകാരുടെ ജയിൽദിന കണക്കുകൾ പറയാത്തതെന്തായിരിക്കും? മാവോയിസ്റ്റ്- കശ്മീരി വിഭാഗം തടവുകാർ..സായുധസമരം ചെയ്യുന്നവർ ജയിൽവാസം അർഹിക്കുന്നുവെന്നാണോ അവർ വിശ്വസിക്കുന്നത്! വാരിയൻ കുന്നനും ഭഗത് സിംഗും ജീവിച്ചിരിക്കുന്നുവെങ്കിൽ അങ്ങനെ കരുതുമോ? അതെന്താ അവർ ഹിന്ദു ദേശീയതയെ ചോദ്യം ചെയ്യുന്നത് കൊണ്ടോ? ഭരണഘടന അംഗീകരിക്കാത്തതു കൊണ്ടോ? ഇതല്ല ജനാധിപത്യമെന്നും സ്വാതന്ത്ര്യമെന്നും പറയുന്നതുകൊണ്ടോ?

ആർട്ടിക്കിൾ 370, 35 റദ്ദ് ചെയ്തതിനെ തുടർന്ന് കുറെ നാളുകൾ വരെ കശ്മീരികൾ kashmir caged എന്ന പോസ്റ്റർ പരമ്പര ഓരോ ദിവസവുമിറക്കിയിരുന്നു. എങ്കിൽ ഇന്നേക്ക് എത്ര ദിവസമായി കാണും കശ്മീരിനെ കൂടുതൽ കൂടുതൽ നിയന്ത്രണത്തിലാക്കി തടവറയിലാക്കിയിട്ട്? 900 ദിവസങ്ങൾ, രണ്ടര വർഷം? ആരെങ്കിലും എണ്ണാറുണ്ടോ അത്? ഇല്ലാ? നമ്മുക്ക് പ്രിയപ്പെട്ട തടവുകാരുടെ ജയിൽ ദിനങ്ങൾ മാത്രമേ നാം എണ്ണുകയുള്ളൂ? അതെന്താ ഇന്ത്യ ജയിലിലടച്ച ഒരു രാഷ്ട്രീയ തടവുകാരിയല്ലേ കശ്മീർ? രാഷ്ട്രീയ തടവുകാരികളായ സ്ത്രീകളുടെ ജയിൽദിന കണക്കുകൾ ആരാണ് പറയുന്നത്? ഭരണകൂടം മനപ്പൂർവ്വം ചികിത്സ നൽകാതെ ജയിലിൽ ‘കൊല്ലപ്പെട്ട’ രാഷ്ട്രീയ തടവുകാരികളായ സഖാക്കൾ.

വർഷങ്ങൾക്ക് മുൻപ്, പോലീസ് മർദ്ദനമേറ്റ് ഹോസ്പ്പിറ്റലിൽ കിടക്കുന്ന കാലത്താണ്, (അന്ന് എന്നെ 10 വർഷം ജയിലിലടക്കുമെന്നാണ് പോലീസ് ഭീഷണിപ്പെടുത്തിയത്) ഇന്ത്യയിലെ വിചാരണ തടവുകാരെ കുറിച്ച് അന്വേഷിക്കുന്നതും വായിക്കുന്നതും. അന്ന് വായിച്ച ഒരു പഠനത്തിൽ 34 വർഷമായി ഇന്ത്യയിലെ ജയിലിൽ കഴിയുന്ന ഒരു വിചാരണാ തടവുകാരനെ കുറിച്ച് വായിച്ചിരുന്നു. ചെയ്ത കുറ്റമെന്തെന്ന് അദ്ദേഹത്തിന് അറിയുമായിരുന്നില്ല! ആൾ മരിച്ചുപോയിരിക്കാം.

കാഫ്കയുടെ ‘വിചാരണ’യിൽ അറസ്റ്റ് ചെയ്യപ്പെടുന്നതിൻ്റെ കാരണമെന്തെന്നറിയാത്ത ജോസഫ് കെ ഒരു കഥാപാത്രം മാത്രമല്ല എന്ന് തിരിച്ചറിയാൻ ജനാധിപത്യം ജയിലിലടച്ചവരിലേക്ക് ഒന്നു കണ്ണോടിച്ചാൽ മതി. മാവോയിസ്റ്റ് സൈദ്ധാന്തികൻ കെ മുരളിയുടെ 4 വർഷത്തെ ജയിൽവാസത്തിനിടയിൽ എന്നായിരുന്നു പൊലീസ് അദ്ദേഹത്തിനെതിരെയുള്ള കുറ്റപത്രം ജയിലിൽ ഹാജരാക്കിയത്? അദ്ദേഹം ചെയ്ത കുറ്റമെന്തെന്ന് കോടതി ചോദിക്കുമ്പോൾ പൊലീസ് പതറിയിരുന്നു!

വീണ്ടും ജയിൽദിനകണക്കുകളിലേക്ക്, അർപ്പുതമ്മാളിൻ്റെ മകൻ എത്ര ദിവസമായി ജയിലിൽ കഴിയുന്നു? ഷർജിലിനെ പോലെ 500 ദിവസം? മറ്റുള്ളവരെ പോലെ 3 വർഷം? 5 വർഷം? ചെയ്യാത്ത കുറ്റത്തിന് പതിനെട്ടാമത്തെ വയസിൽ ജയിലിലടക്കപ്പെട്ട പേരറിവാളൻ 31 വർഷമായി ഒരു രാഷ്ട്രീയ തടവുകാരനാണ്! ഏകദേശം പതിനൊന്നായിരത്തി മുന്നൂറോളം ദിവസങ്ങൾ? ജയിലിന് പുറത്ത് യൗവ്വനവും പ്രണയവും വസന്തവും അനുഭവിക്കേണ്ടിയിരുന്നവൻ! രാജ്യസുരക്ഷക്കെന്ന് പറഞ്ഞ് ഇവരിൽ പലരെയും വർഷങ്ങൾക്ക് മുൻപേ തന്നെ ജയിലിലടച്ച്, ഹിന്ദു – കോർപ്പറേറ് ഭരണകൂടത്തെ സുരക്ഷിതമാക്കി, ഇന്നത്തെ ഹിന്ദു ഫാഷിസ്റ്റുകളുടെ സുഗമമായ വാഴ്ചക്ക് പാതയൊരുക്കിയവർ ആരായിരുന്നു? കോൺഗ്രസ് എന്ന് പറഞ്ഞാൽ ഫാഷിസ്റ്റുവിരുദ്ധരിൽ ഭൂരിഭാഗത്തിൻ്റെയും അനിഷ്ടവും അസഹിഷ്ണുതയും അകൽച്ചയും വീണ്ടും ഞാനേൽക്കും!

(പ്രശാന്ത് സുബ്രഹ്മണ്യൻ ഫേസ്ബുക്കിൽ എഴുതിയ ലേഖനത്തിന്റെ പൂർണ രൂപം)


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal