അടിയും പുകയും മാത്രമല്ല; പൊളിറ്റിക്കലാണ് ഈ ‘ജഗമേ തന്തിരം’

അടിമുടി ആയുധമണിഞ്ഞ ഭരണകൂട അനീതികൾക്കെതിരെ പോരാടാൻ നോൺ വയലൻസ് കൊണ്ട് കാര്യമില്ല എന്നത് ഉറപ്പിക്കുന്നുണ്ട് സിനിമ..

പ്രശാന്ത് പ്രഭ ശാർങ്ഗധരൻ

2015 ഐഎഫ്എഫ്കെയിൽ നിശാഗന്ധിയിലെ നിറഞ്ഞ സദ്ദസിനൊപ്പമിരുന്നു ശ്രീലങ്കൻ ഭരണകൂടത്തിന്റെ തമിഴ് വംശഹത്യ, അതുമൂലം ആ രാജ്യത്തെ ജനങ്ങൾ അഭയാർത്ഥികൾ ആവുന്നത്, അവരുടെ കുടിയേറ്റ പ്രശ്നങ്ങൾ തുടങ്ങിയ അത്യന്തം ഗൗരവപരമായ വിഷയങ്ങൾ അവതരിപ്പിച്ചുകൊണ്ട് ‘ദീപൻ’ എന്ന പേരിൽ ഒരു ഫ്രഞ്ച് സിനിമ കണ്ടിരുന്നു..

കെട്ടുറപ്പുള്ള തിരകഥയും അതിലെ അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും ശ്രദ്ധിക്കപ്പെട്ട സിനിമ ക്‌ളൈമാക്സിനോട് അടുക്കുമ്പോൾ ഒരു തമിഴ് കൊമേഴ്‌സ്യൽ സിനിമയുടെ നിലവാരത്തിലേക്ക് കൂപ്പു കുത്തി, സിനിമ ഉയർത്തിയ രാഷ്ട്രീയത്തെ അല്ലേൽ തമിഴ് ജനത ഉയർത്തിയ വിമോചനത്തിന്റെ പോരാട്ടത്തിന്റെ രാഷ്ട്രീയത്തെ ചോർത്തിക്കളയുന്നതായിട്ടാണ് അനുഭവപ്പെട്ടത്.. ആയുധമെടുത്ത് ഭരണകൂടം സ്വന്തം ജനതയെ കൊന്ന് തള്ളുമ്പോൾ അതനുഭവിക്കുന്ന ജനത അഹിംസയും സമാധാനവും കാത്തു സൂക്ഷിക്കാൻ ആയുധം ഉപേക്ഷിക്കണമെന്ന ഭരണകൂടവാദം അതെപടി മുന്നോട്ട് വെക്കുന്നതായി തോന്നി..(അന്ന് കണ്ടപ്പോൾ അങ്ങിനെയാണ് തോന്നിയത് കൂടുതൽ ഓർമ്മ കിട്ടുന്നില്ല )

ഇത്രേം പറഞ്ഞു വന്നത് ഇന്നലെ നെറ്റ് ഫ്ലിക്സിൽ ഇറങ്ങിയ കാർത്തിക് സുബ്ബരാജിന്റെ ധനുഷും ജോജുവും ജെയിംസ് കോസ്മോയും കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ച തമിഴ് ഫിലിം ‘ജഗമേ തന്തിരം’ എന്ന കൊമേഴ്‌സ്യൽ സിനിമ അതിനെയെല്ലാം തകിടം മറിക്കുന്നുണ്ട് എന്നതിനാലാണ്..

കുടിയേറ്റം,അഭയാർത്ഥികൾ, അതിന്റെ കാരണങ്ങൾ ,രാഷ്ട്രീയപരമായ പരിഹാരം തുടങ്ങീ ഗൗരവകരമായ വിഷയങ്ങളെ ഒരു കൊമേഴ്‌സ്യൽ സിനിമയിൽ അതിന്റെ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് സംസാരിക്കുകയും സാധാരണക്കാർക്ക് മനസിലാവും വിധം അതിനെ അവതരിപ്പിക്കുകയും ചെയ്തതിന് തീർച്ചയായും സംവിധായകൻ കൈയ്യടി അർഹിക്കുന്നുണ്ട്..നിയമപരമായും രാഷ്ട്രീയപരമായും കുടിയേറ്റ, അഭയാർത്ഥി വിഷയത്തെ സമീപിക്കേണ്ട ആവശ്യകത,വംശീയമായ യാഥാസ്ഥിതികത്വം(റേസിസം), വെള്ളക്കാരുടെ മേധാവിത്വം (വൈറ്റ് സുപ്രമസി), സ്വകാര്യ ജയിലുകൾ,ഡിറ്റൻഷൻ സെന്ററുകൾ തുടങ്ങീ ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടി സിനിമ അഭിസംബോധന ചെയ്യുന്നുണ്ട്..

അടിമുടി ആയുധമണിഞ്ഞ ഭരണകൂട അനീതികൾക്കെതിരെ പോരാടാൻ നോൺ വയലൻസ് കൊണ്ട് കാര്യമില്ല എന്നത് ഉറപ്പിക്കുന്നുണ്ട് സിനിമ..എന്നെങ്കിലും ഒരു തിരുച്ചുവരവ് ഉണ്ടാവുമെന്ന പ്രതീക്ഷയിൽ വിമോചന പോരാട്ടങ്ങൾക്ക് വേണ്ടി ആയുധങ്ങൾ സംഭരിച്ച് സൂക്ഷിച്ചുവെക്കുന്നത്,മകനോട് വിയോജിച്ച് അമ്മയുടെ നാട്ടിലേക്കുള്ള മടക്കം തുടങ്ങിയ രംഗങ്ങൾ ഇതിന് പ്രത്യക്ഷ ഉദാഹരണങ്ങളാണ്..

ഇതൊക്കെയാണെങ്കിലും സ്ഥിരം ഗാങ്സ്റ്റർ സിനിമകളുടെ ക്ലിഷേ ഫോർമാറ്റിൽ ഒതുക്കുന്നതിന് പകരം ജോജുവിന്റെ കഥാപത്രത്തിന് കുറേ കൂടി ബിൽഡപ്പ് ഉണ്ടാക്കി അതിൽ ഊന്നൽ കൊടുത്ത് തിരക്കഥയെ വികസിപ്പിച്ചിരുന്നേൽ പല രാഷ്ട്രീയമാനങ്ങൾ ഉയർന്നു വരേണ്ട ഒരു മികച്ച സിനിമ അനുഭവമായേനെ ‘ജഗമേ തന്തിരം…’

എന്നിരുന്നാലും ഒരു മസ്റ്റ് വാച്ച് ഉശിരൻ മൂവി തന്നെ ആണ് ‘ജഗമേ തന്തിരം’.

ലീന മണിമേഖലയുടെ ‘സെങ്കടൽ’, 2008 ഇൽ ഇറങ്ങിയ ഉബെർട്ടോ പസോളിനി യുടെ ‘Machan'(ഹാൻറ് ബോൾ ടീം ഉണ്ടാക്കി വിദേശത്തേക്ക് കടക്കുന്നത് കോമഡിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച സിനിമ..)മണിരത്നത്തിന്റെ ‘കന്നത്തിൽ മുത്തമിട്ടാൽ ‘ (മധ്യവർഗ പൊതുബോധത്തിൽ നിന്നുണ്ടായ സിനിമ ആയത് കൊണ്ട് തന്നെ അതിനോടും രാഷ്ട്രീയപരമായ വിയോജിപ്പുണ്ട് )ഫാമിലി മാൻ രണ്ടാം സീസൺ (കടുത്ത വിയോജിപ്പ് ഉണ്ട് )പിന്നെ ‘മുല്ലത്തീവ്സാഗ ‘എന്ന ഒരു ഡോക്യുമെന്ററി.. (സംവിധാനം ആരെന്ന് ഓർക്കുന്നില്ല ) തുടങ്ങിയ സിനിമകൾ ആണ് ശ്രീലങ്കൻ ഭരണകൂടത്തിന്റെ തമിഴ് വംശഹത്യയുമായി ബന്ധപ്പെട്ട് പെട്ടന്ന് ഓർമ്മയിൽ വരുന്ന സിനിമകൾ..


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal