‘അക്ഷയപാത്ര’ വെജിറ്റേറിയനാക്കുന്ന ലക്ഷദ്വീപിലെ ഉച്ചഭക്ഷണ മെനു!

“ഉച്ചഭക്ഷണ മെനുവില്‍ നിന്ന് മാംസം ഒഴിവാക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കം ഒരു വലിയ വാണിജ്യ പദ്ധതിയുടെ ഭാഗമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന്റെ ചുമതല ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള എന്‍ജിഒ ആയ അക്ഷയ പാത്രയ്ക്കാണ് കൈമാറിയിരിക്കുന്നത്. ഇനി ആരാണ് ഈ അക്ഷയ പാത്ര എന്ന് കൂടി അറിയുമ്പോഴാണ് ഇതിന്റെ പിന്നിലൊളിച്ചിരിക്കുന്ന യഥാര്‍ഥ അപകടം മനസ്സിലാവൂ”

മൊഴിമാറ്റം: സുധീർ

ലക്ഷദ്വീപില്‍ സ്‌കൂളുകളിലെ ഉച്ച ഭക്ഷണം പൂര്‍ണമായും വെജിറ്റേറിയന്‍ ആക്കാനുള്ള നീക്കം ഇതിനോടകം വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് മാംസം ഒഴിവാക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കം ഒരു വലിയ വാണിജ്യ പദ്ധതിയുടെ ഭാഗമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന്റെ ചുമതല ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള എന്‍ജിഒ ആയ അക്ഷയ പാത്രയ്ക്കാണ് കൈമാറിയിരിക്കുന്നത്. ഇനി ആരാണ് ഈ അക്ഷയ പാത്ര എന്ന് കൂടി അറിയുമ്പോഴാണ് ഇതിന്റെ പിന്നിലൊളിച്ചിരിക്കുന്ന യഥാര്‍ഥ അപകടം മനസ്സിലാവൂ.

ISKCON(ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നസ്സ് ) എന്ന ആത്മീയ വ്യാപാര സംഘടനയുടെ സംരംഭമാണ് അക്ഷയപാത്ര. കൃത്യമായും ആർഎസ്എസ് ന്റെ പദ്ധതി. രാജ്യത്തെ നിരവധി സ്‌കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി ഇവര്‍ക്കാണ് കൊടുത്തിട്ടുള്ളത്. മീനും മുട്ടയും ഇറച്ചിയും മാത്രമല്ല, ഉള്ളിയും വെളുത്തുള്ളിയും ഉപയോഗിക്കാന്‍ പാടില്ല എന്ന് വിശ്വസിക്കുന്ന കൂട്ടരാണ് ഇവര്‍. കര്‍ണാടകയില്‍ ഇവരുടെ ഉച്ചഭക്ഷണ പരിപാടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇവര്‍ ഉച്ച ഭക്ഷണം വിതരണം ചെയ്യുന്ന സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഗുരുതരമായ പോഷകാഹാര കുറവ് ഉള്ളതായി ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മാത്രമല്ല,സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ തന്നെ ഇവരുടെ ഉച്ച ഭക്ഷണ പദ്ധതിയെ എതിര്‍ത്തിട്ടുണ്ട്.

അക്ഷയ പാത്ര അവരുടെ സ്‌കൂള്‍ ഉച്ചഭക്ഷണ പരിപാടിയില്‍ ഒരു വെജിറ്റേറിയന്‍ മെനു നല്‍കുന്നു. വെളുത്തുള്ളി, ഉള്ളി എന്നിവ പോലും കര്‍ശനമായി ഒഴിവാക്കിക്കൊണ്ടുള്ള മെനുവിലൂടെ ദ്വീപിലെ നിവാസികള്‍ക്ക് അപരിചിതമായ ഒരു ഭക്ഷ്യ സംസ്‌കാരം അടിച്ചേല്‍പ്പിക്കാനുള്ള പദ്ധതിയാണ് ലക്ഷദ്വീപ് ഭരണകൂടം ഒരുക്കുന്നതെന്ന് വ്യക്തം. ഉച്ചഭക്ഷണ പരിപാടി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇക്കഴിഞ്ഞ ജനുവരി 27 ന് കേന്ദ്രനിരീക്ഷണ സമിതിയുടെയും ജില്ലാ ടാസ്‌ക് ഫോഴ്സിന്റെയും നേതൃത്വത്തില്‍ കവരത്തിയിലെ സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം നടന്നിരുന്നു.കൂടിക്കാഴ്ചയുടെ മിനുട്ട്‌സ് അനുസരിച്ച്, 2021 ജനുവരി 8 ന് ആസൂത്രണ, സ്ഥിതിവിവരക്കണക്ക് വകുപ്പില്‍ നിന്ന് ലക്ഷദ്വീപിന്റെ ഉച്ചഭക്ഷണ പദ്ധതി അക്ഷയ പത്രയ്ക്ക് കൈമാറാന്‍ ഒരു കര്‍മപദ്ധതി സമര്‍പ്പിച്ചു കൊണ്ട് ഒരു കത്ത് അയച്ചിരന്നു. യോഗത്തില്‍ പങ്കെടുത്ത എല്ലാ ജില്ലാ പഞ്ചായത്ത് അംഗങ്ങളും അതിനെ ഏകകണ്ഠമായി എതിർക്കുകയാണുണ്ടായത്.

”ഞങ്ങളിപ്പോള്‍ വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനുമുള്‍പ്പടെയുള്ള ഭക്ഷണം കുട്ടികള്‍ക്ക് നല്‍കുന്നു. മെനുവില്‍ മട്ടണ്‍, ചിക്കന്‍, മുട്ട, മത്സ്യം, പഴങ്ങള്‍, പച്ചക്കറികള്‍, അരി, പയര്‍ എന്നിവയുണ്ട്. എന്നാല്‍ പുതിയ മെനുവില്‍ നിന്ന് മാംസം ഒഴിവാക്കാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്, പക്ഷേ ഞങ്ങളെല്ലാവരും അതിനെ എതിര്‍ത്തു ”കവരത്തി ജില്ലാ പഞ്ചായത്ത് അംഗങ്ങളിലൊരാളായ നൂര്‍ജഹാന്‍ പറയുന്നു. തികച്ചും വെജിറ്റേറിയന്‍ ഭക്ഷണം കുട്ടികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഭരണകൂടം ശ്രമിക്കുന്നുവെന്ന് നൂര്‍ജഹാന്‍ ആരോപിക്കുന്നു. ”അവര്‍ ഗോമാംസം ഒഴിവാക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഞങ്ങള്‍ സമ്മതിക്കുന്നു, പക്ഷേ ആവശ്യത്തിന് പ്രോട്ടീന്‍ കഴിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമായതിനാല്‍ ചിക്കന്‍ അല്ലെങ്കില്‍ മട്ടണ്‍ ഉള്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ മാംസം പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് അവര്‍ നിര്‍ബന്ധിക്കുന്നു. മത്സ്യവും മുട്ടയും മെനുവില്‍ ഉള്‍പ്പെടുത്തുമെന്ന് അവര്‍ നേരത്തെ ഞങ്ങളോട് പറഞ്ഞിരുന്നു, എന്നാല്‍ ഇപ്പോള്‍ അതിനെക്കുറിച്ചും ഞങ്ങള്‍ക്ക് സംശയമുണ്ട്”

കുട്ടികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തിന്റെ മെനുവിലെ മാറ്റങ്ങളെക്കുറിച്ച് ഇതുവരെ വ്യക്തതയില്ല. ഉച്ചഭക്ഷണ പദ്ധതി അക്ഷയ പാത്രയ്ക്ക് കൈമാറാനുള്ള പദ്ധതി നടപ്പിലാക്കുകയാണെങ്കില്‍, ദ്വീപിലെ കുട്ടികള്‍ വെളുത്തുള്ളിയും സവാളയും ഇല്ലാതെ ഒരു പൂര്‍ണ്ണ വെജിറ്റേറിയന്‍ മെനുവുമായി ജീവിക്കേണ്ടിവരും. അതേസമയം ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് ഭരണകൂടം ഇതുവരെ അവരുടെ പദ്ധതി വ്യക്തമാക്കിയിട്ടില്ല. ‘മെനുവില്‍ കൂടുതല്‍ അളവില്‍ മത്സ്യങ്ങള്‍ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളികളെ സഹായിക്കുക’ എന്ന ഉദ്ദേശത്തോടെയാണ് മാംസം ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ലക്ഷ്വീപിലെ ജില്ലാ കളക്ടര്‍ അസ്‌കര്‍ അലി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി അസ്‌കര്‍ അലിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍, പുതിയ നിര്‍ദ്ദിഷ്ട മെനു എന്താണെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ഒരു സമിതിയാണ് മെനു തീരുമാനിക്കുകയെന്നും കുട്ടികള്‍ക്ക് ഏറ്റവും മികച്ചത് എന്താണെന്ന് ഞങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

”നിലവിലുള്ള സിസ്റ്റത്തില്‍ എന്തെങ്കിലും തകരാറുണ്ടോ, മാറ്റം വരുത്തേണ്ടതുണ്ടോ എന്നിവ പരിശോധിക്കും. നിലവിലുള്ള സംവിധാനം നല്ലതാണ് , കുട്ടികള്‍ക്ക് നല്ല ഭക്ഷണം ലഭിക്കുന്നു, പക്ഷേ ഉച്ചഭക്ഷണം തയ്യാറാക്കാന്‍ നേരിട്ട് നേതൃത്വം നല്‍കുന്നത് അധ്യാപകരാണ്. അതില്‍ മാറ്റം വരുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനായാണ് ഞങ്ങള്‍ ഇത് മറ്റൊരു ഏജന്‍സിക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നത്. ”ജില്ലാ കളക്ടര്‍ പറയുന്നു. 62 സ്‌കൂളുകളിലായി ലക്ഷദ്വീപില്‍ ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണം 12,000 മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സഹായവും പ്രാദേശിക ഫണ്ടുകളും ഉപയോഗിച്ച് ഉച്ചഭക്ഷണം തയ്യാറാക്കാന്‍ തങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ല, പിന്നെന്തിനാണ് തങ്ങളുടെ കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിവില്ലാത്ത ഒരു ഏജന്‍സിയെ ദ്വീപിലേക്ക് കൊണ്ടുവരുന്നത് എന്നതിന്റെ യുക്തി മനസ്സിലാക്കാന്‍ കഴിയുന്നല്ലെന്നും പ്രാദേശിക നേതൃത്വം പറയുന്നു.

‘അക്ഷയ പാത്ര’ യുടെ ‘പട്ടിണി രഹിത ക്ലാസ് റൂം പദ്ധതി’ക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് മറ്റുപല സംസ്ഥാനങ്ങളിലും നടക്കുന്നതെന്ന് കര്‍ണാടകയിലെ ഭക്ഷ്യാവകാശ പ്രചാരണത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ സില്‍വിയ കര്‍പഗം പറയുന്നു. ‘അക്ഷയ പാത്ര’ ഉച്ചഭക്ഷണം നല്‍കുന്ന പല സ്‌കൂളുകളിലും കുട്ടികളില്‍ പോഷകാഹാരക്കുറവ്, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്്. അതിനെതിരെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളില്‍ ഭൂരിഭാഗവും ദലിത്, ആദിവാസി, ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവരാണ്. മെനുവില്‍ നിന്ന് മാംസം, മുട്ട, സവാള, വെളുത്തുള്ളി എന്നിവ ഒഴിവാക്കുന്നത് തീര്‍ത്തും അവരുടെ മതപരമായ കാരണങ്ങളെ അടിസ്ഥാനമാക്കിയാണ്. കര്‍ണാടകയിലെ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ പോലും ഈ പരിപാടിയെ എതിര്‍ത്തിരുന്നതായി ഡോക്ടര്‍ സില്‍വിയ കര്‍പഗം പറയുന്നു.

(‘ദി ഫെഡറലി’ൽ കെകെ ഷാഹിന എഴുതിയ ലേഖനത്തിൻ്റെ സ്വതന്ത്ര പരിഭാഷ)