‘ഞങ്ങളുടെ കൈകളിൽ രക്തക്കറയുണ്ട്’: ഒരു എഡിറ്ററുടെ കുറ്റസമ്മതം

“ദരിദ്രർക്ക് മാത്രം ആരോഗ്യവും വിദ്യാഭ്യാസവും നിഷേധിക്കപ്പെടുന്നിടത്തോളം കാലം ഞങ്ങൾ അത് പരിഗണിച്ചില്ല. ഇപ്പോൾ ഇത് ഞങ്ങൾക്കും നിഷേധിക്കപ്പെടുന്നു, അതിനാലാണ് നമ്മുടെ അത്ര വലുപ്പമുള്ള ഒരു രാജ്യത്തിന് ഒരു ദിവസം മൂവായിരത്തിലധികം മരണങ്ങൾ നിസാരമാണ് എന്ന ബിജെപി അനുയായികളുടെ ട്വീറ്റുകൾ ഞങ്ങളെ രസിപ്പിക്കാത്തത്.”

മൊഴിമാറ്റം : ആദർശ്

മാധ്യമങ്ങളും ജുഡീഷ്യറിയും ഉൾപ്പടെ ജനങ്ങളോട് ഉത്തരവാദിത്വമുള്ള എല്ലാ സ്ഥാപനങ്ങളും സർക്കാരിനെ തുറന്ന് കാണിച്ചുകൊണ്ട് തങ്ങളുടെ കടമ നിർവഹിച്ചിരുന്നുവെങ്കിൽ, കോവിഡ് പ്രതിസന്ധി ഇത്രയും ഗുരുതരമാകുമായിരുന്നില്ല.

ഈ ആഴ്ച ആദ്യം ഒരു മുതിർന്ന രാഷ്ട്രീയ നേതാവുമായി രസകരമായ ഒരു സംഭാഷണം ഉണ്ടായിരുന്നു, അത് സംസ്ഥാന തെരഞ്ഞെടുപ്പിന്റെ ഫലത്തെകുറിച്ച് സംസാരിച്ചുകൊണ്ട് ആരംഭിക്കുകയും പിന്നീട് വേനൽക്കാലത്ത് പക്ഷികളെപ്പോലെ ആളുകൾ ചത്തൊടുങ്ങുന്ന പകർച്ചവ്യാധി രാജ്യമെമ്പാടും പടർന്നുപിടിക്കുകയും ചെയ്തതിനെകുറിച്ചായി. ഈ സർക്കാർ അധികാരത്തിലിരുന്ന ഏഴു വർഷത്തിനിടയിൽ, അത് നിരവധി പ്രതിസന്ധികളിലൂടെ കടന്ന് പോയി, അവയിൽ മിക്കതും തെറ്റായ തീരുമാനങ്ങളുടെ ഫലമായി ജനങ്ങളെ ബാധിച്ചു. പക്ഷേ, ഇത്തവണ രാഷ്ട്രീയക്കാരൻ പറഞ്ഞതുപോലെ, സർക്കാരിനും/പാർട്ടിക്കും ഒരു ആഖ്യാനം സൃഷ്ടിക്കാനോ തിരിച്ചടി നേരിടാൻ മിഥ്യാബോധം നിർമ്മിക്കാനോ കഴിയില്ല.

ഈ ഭരണകാലത്ത് കണക്കുകൂട്ടലുകൾ എല്ലാം തെറ്റിക്കുന്ന കോവിഡ് രണ്ടാം തരംഗത്തിനെ ദുരന്തപൂർണമായി കൈകാര്യം ചെയ്ത നരേന്ദ്രമോദി ഗവണ്മെന്റിനെ വിമർശിക്കുന്ന രീതിയിൽ അടിസ്ഥാനപരമായ പ്രശ്നങ്ങളുണ്ട്. കാലക്രമേണ കെട്ടിപ്പടുത്തിട്ടുള്ള “കൾട്ട് കൾച്ചറിന്റെ” ഭാഗമെന്ന് കരുതുമ്പോൾ പോലും, സർക്കാരിനെ ഒരു എതിർപ്പുമില്ലാതെ പിന്തുണയ്ക്കുന്ന അത്തരം വിഭാഗങ്ങളുടെ “കൂട്ടായ ഉത്തരവാദിത്വത്തെ” അവഗണിക്കുന്നത് പ്രശ്നത്തെക്കുറിച്ചുള്ള ഭാഗികമായ ധാരണ മാത്രമാണ് പ്രതിഫലിപ്പിക്കുന്നത്

അധികം മുൻപല്ല, 2021 ജനുവരിയിൽ, വൈറസിനെ എങ്ങനെ തോൽപ്പിക്കാം എന്നതിന് ഇന്ത്യ ഒരു തിളക്കമാർന്ന മാതൃകയാണ് എന്ന് ഈ സർക്കാർ ലോക നേതാക്കളോട് വീമ്പിളക്കി. ആളുകൾ അത് വിശ്വസിച്ചു. ഒരു മാസത്തിനുശേഷം, പാൻഡെമിക്കിന്റെ ആദ്യ തരംഗത്തെ കൈകാര്യം ചെയ്യുന്നതിൽ മോദിയുടെ നേതൃത്വത്തെ പ്രശംസിക്കുന്നതിൽ ബിജെപി ആവേശം കാട്ടി. യാഥാർത്ഥ്യത്തേക്കാൾ ബിജെപി യോഗത്തിൽ പാസാക്കിയ പ്രമേയത്തിൽ ഞങ്ങൾ വിശ്വാസം നിലനിർത്തി. കഴിഞ്ഞ ഒരു വർഷത്തിൽ ഒരു ഡസൻ തവണ രാജിവെക്കേണ്ട ആരോഗ്യമന്ത്രി, രണ്ടാഴ്ചയ്ക്ക് ശേഷം, “നമ്മൾ കൊറോണ പ്രതിസന്ധിയുടെ അവസാനഘട്ടത്തിലാണ്” എന്ന് പ്രഖ്യാപിച്ചു.

ഇതേ കാലയളവിൽ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും ആരും ശ്രദ്ധിച്ചില്ല. ഫെബ്രുവരി ആദ്യം തന്നെ, രാഹുൽ ഗാന്ധി (എതിരാളിയായ ബിജെപി ‘പപ്പു’ എന്ന് വിളിക്കുന്ന വ്യക്തി) വൈറസിൽ നിന്നുള്ള ഭീഷണി നിലനിൽക്കുന്നുവെന്ന് മുന്നറിയിപ്പ് നൽകി, ഒരു കർമപദ്ധതി ആവിഷ്‌കരിക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. എന്നാൽ അദ്ദേഹം പറയുന്നത് എന്തിന് ശ്രദ്ധിക്കണം? അദ്ദേഹത്തിന് ഒന്നും അറിയില്ല, പുച്ഛമായിരുന്നു പൊതുവെ ഉണ്ടായിരുന്നത്. വൈറോളജിസ്റ്റുകളും മറ്റ് വിദഗ്ധരും മുന്നറിയിപ്പ് നൽകി. ലോകത്തെ ഓരോ രാജ്യവും രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും തരംഗത്തെ നേരിട്ടതായും ഇന്ത്യക്ക് അതിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്നും അവർ പറഞ്ഞു. പക്ഷേ, കുംഭമേളയും തിരഞ്ഞെടുപ്പുമായി ഞങ്ങൾ മുന്നോട്ട് പോയി. രാജ്യത്ത് രണ്ടര ലക്ഷത്തിലധികം കേസുകൾ രേഖപ്പെടുത്തിയ ദിവസം, “ബംഗാളിലെ എക്കാലത്തെയും വലിയ റാലികളിൽ” ഞങ്ങൾ സന്തോഷിച്ചു.

റാലികളും കുംഭമേളയും ഉണ്ടായിരുന്നിട്ടും ബംഗാളിലോ ഉത്തരാഖണ്ഡിലോ കേസുകൾ വർദ്ധിക്കുന്നില്ല, ആഖ്യാനങ്ങൾ ഇങ്ങനെ ആയിരുന്നു. ഇരു സംസ്ഥാനങ്ങളിലും കേസുകൾ അതിവേഗം ഉയരാൻ തുടങ്ങിയപ്പോൾ, ആ രീതി ഒഴിവാക്കി. പകരം, ഇപ്പോൾ നമ്മോട് എന്താണ് പറയുന്നത്? രണ്ടാമത്തെ തരംഗം പ്രതീക്ഷിച്ചതാണ്, ‘സുനാമി’ അല്ല. നിയന്ത്രിക്കാൻ കഴിയുമായിരുന്ന രണ്ടാം തരംഗത്തെ നിയന്ത്രിക്കാൻ കഴിയാത്ത സുനാമിയാക്കി മാറ്റി കൂട്ട മരണത്തിലേക്ക് നയിച്ചതാരാണ്? ബംഗാളിലെ ദീദി ഹതാവോ പ്രചാരണത്തിൽ തിരക്കിലാകുന്നതിന് പകരം നമ്മൾ ജാഗ്രത പാലിച്ചിരുന്നുവെങ്കിൽ; കേന്ദ്രവും സംസ്ഥാനങ്ങളും ഒരു ടീമായി പ്രവർത്തിക്കുകയും കഴിഞ്ഞ വർഷത്തെ അനുഭവങ്ങളിൽ നിന്ന് പഠിക്കാൻ സാധ്യമായവ ഉൾകൊണ്ട് എല്ലാ വിഭവങ്ങളും ക്രമീകരിച്ചിരുന്നുവെങ്കിൽ; മറ്റ് രാജ്യങ്ങൾ ചെയ്തതുപോലെ നമ്മൾ വാക്സിനുകൾക്കായി ഓർഡറുകൾ നൽകിയിരുന്നുവെങ്കിൽ. എങ്കിൽ….എങ്കിൽ…. ഇങ്ങനെ പോകുന്നു.

ആംബുലൻസുകളുടെ നീണ്ട നിരകൾ, ശ്മശാനത്തിൽ കത്തിച്ച ചിതകൾ, ഓക്സിജൻ കിറ്റുകളുമായി ആശുപത്രികൾക്ക് പുറത്ത് പ്രവേശനത്തിനായി രോഗികളുടെ അനന്തമായ കാത്തിരിപ്പ് ഇതൊക്കെയാണ് ഇപ്പോൾ കാണുന്നത്. ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ ഇമേജ് പരിരക്ഷിക്കാൻ ഇപ്പോഴും വലിയ ശ്രമങ്ങൾ നടക്കുന്നുണ്ട്, പക്ഷേ മുൻ‌ഭാഗം തോട് പൊളിഞ്ഞു പാളികളായി ഇളകി മാറുന്നു. കഴിഞ്ഞ വർഷം തന്നെ 162 ഓക്സിജൻ പ്ലാന്റുകൾ കേന്ദ്രം അനുവദിച്ചെങ്കിലും സംസ്ഥാനങ്ങൾ / ആശുപത്രികൾ തടഞ്ഞത് ഒരു ഒഴികഴിവാണ്. രാജ്യത്തെ “മികച്ച രീതിയിൽ കൈകാര്യം ചെയ്യപ്പെടുന്ന സംസ്ഥാനമായ” ഉത്തർപ്രദേശിന് അത്തരം 14 പ്ലാന്റുകൾ അനുവദിച്ചുവെങ്കിലും ഒരെണ്ണം മാത്രമേ സ്ഥാപിച്ചിട്ടുള്ളൂ. ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? ഓക്സിജനുവേണ്ടി സോഷ്യൽ മീഡിയയിൽ പരാതിപ്പെടുകയോ അഭ്യർത്ഥിക്കുകയോ
ചെയ്യുന്ന ആളുകൾക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യുക മാത്രമാണ് നമ്മൾ ഇപ്പോൾ ചെയ്യുന്നത്. കോർപ്പറേറ്റ് ആശുപത്രികൾ സ്വന്തമായി ഓക്സിജൻ പ്ലാന്റുകൾ നിർമ്മിച്ചിരിക്കണം. പകർച്ചവ്യാധി ബാധിച്ചതു മുതൽ ആരോഗ്യമേഖല ഏറ്റെടുത്തുകൊണ്ട്, ഇത്തരമൊരു നിർദേശം പുറപ്പെടുവിക്കുന്നതിൽ നിന്നോ സംസ്ഥാനങ്ങളെ കൊണ്ട് അത് ചെയ്യിപ്പിക്കുന്നതിൽ നിന്നോ കേന്ദ്രത്തെ തടഞ്ഞത് ആരാണ്? വിമതർക്കെതിരെ കേസുകൾ എടുക്കുന്നതിന് ചരിത്രാതീത നിയമങ്ങൾ കുഴിച്ചെടുക്കുന്ന ഒരു സർക്കാരിനെ സംബന്ധിച്ചിടത്തോളം ഇത് വളരെ എളുപ്പമുള്ള കാര്യമാണ്.

ദേശവിരുദ്ധരെന്ന് മുദ്രകുത്തപ്പെടാൻ സാധ്യതയുള്ള ‘സംശയിക്കപ്പെടുന്നവരിൽ’ നിന്ന് ഇത്തരം ചോദ്യങ്ങൾ ഉയർന്ന് വന്നാൽ ഈ ചോദ്യങ്ങളെല്ലാം അർത്ഥമില്ലാത്തതായി പരിഗണിക്കപ്പെടുന്നു. എന്നാൽ ബിജെപിയുടെ പ്രധാന ഘടകമായ മധ്യവർഗങ്ങളിൽ നിന്നും അവരിലെ ഉപരി വിഭാഗത്തിൽ നിന്നുമാണ് ഇപ്പോൾ ചോദ്യങ്ങൾ വരുന്നത്. നോട്ട് നിരോധനം യഥാർത്ഥത്തിൽ സമ്പന്നരെ കവർന്നെടുക്കാനാണെന്ന് അവർ വിശ്വസിച്ചു (പ്രചാരത്തിലുള്ള പണം എങ്ങനെ വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നതിനെക്കുറിച്ച് പിന്നീട് നമ്മളാരും വായിച്ചില്ല) അത്തരം നടപടികളാൽ പരുക്കേറ്റത് ദരിദ്രരാണെന്ന് വിലപിക്കുന്ന മികച്ച തലച്ചോറുകളെ ഞങ്ങൾ പരിഹസിച്ചു. ഈ രാജ്യത്തെ ബാധിക്കുന്ന എല്ലാ അപകടങ്ങൾക്കും ന്യൂനപക്ഷങ്ങളുടെ നിലനിൽപ്പ് മാത്രമാണ് ഏക കാരണമെന്ന് അവർ വിശ്വസിച്ചു – കഴിഞ്ഞ വർഷം തബ്ലീഗി ജമാഅത്തിനെതിരായ ആക്രമണം ഓർമ്മിക്കുക.

സർക്കാർ(പാർട്ടി പരിഗണിക്കാതെ) നൽകുന്ന എല്ലാ ആനുകൂല്യങ്ങളും എല്ലായ്പ്പോഴും പ്രതീക്ഷിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഒരു വിഭാഗത്തിന്, തങ്ങൾ സാമൂഹികവും സാമ്പത്തികവുമായ ക്രമത്തിൽ മറ്റെവിടെയെങ്കിലും ഉണ്ടാകുമായിരുന്നു എന്ന് സംവരണത്തിൽ വിലപിക്കുകയും ചെയ്യുന്ന വിഭാഗത്തിന് ഈ തരംഗം വലിയ ആഘാതമായി. കുലീന ഇടങ്ങളെയെല്ലാം ഇത് ഗ്രസിച്ചു, ഉന്നതരായ- ജഡ്ജിമാർ, ബ്യൂറോക്രാറ്റുകൾ, പത്രപ്രവർത്തകർ, എംപിമാർ ഇവർക്കൊക്കെ കിടക്കകളോ ഓക്സിജനോ ലഭിക്കുന്നില്ല. ആശുപത്രികളിൽ വില കുതിച്ചുയരുകയും ഓരോ മരുന്നിനും / ഉപകരണത്തിനും എംആർപിയുടെ രണ്ട്-മൂന്നിരട്ടി വിലക്ക് വിറ്റഴിക്കുകയും ചെയ്തതോടെ അവരുടെ സമ്പാദ്യം അതിവേഗം തീർന്നുപോകുന്നു, മധ്യവർഗത്തിന് പെട്ടെന്ന് ഈ മനോവേദന അനുഭവപ്പെടുന്നു, അനാഥരായി / ഉപേക്ഷിക്കപ്പെട്ടു എന്ന തോന്നലും ഉണ്ടായി.

മുന്നറിയിപ്പില്ലാത്ത ലോക്ക്ഡൗണിനെ തുടർന്ന് ആയിരക്കണക്കിന് കുടിയേറ്റക്കാർ കഴിഞ്ഞ വർഷം നൂറുകണക്കിന് കിലോമീറ്റർ നടന്ന് അവരുടെ വീടുകളിൽ എത്തുമ്പോൾ ഞങ്ങൾ അത് കാര്യമാക്കിയില്ല, സർക്കാറിന്റെ നിയമപ്രഗത്ഭന്മാർ അത്തരത്തിൽ ഒരു സാഹചര്യം ഇല്ലായെന്ന് സുപ്രീംകോടതിയെ അറിയിച്ചപ്പോഴും ഞങ്ങൾ ഞെട്ടിയില്ല. അതേ നിയമപ്രഗത്ഭന്മാർ ഇപ്പോൾ ഇതൊക്കെ “കാര്യമില്ലാത്ത കരച്ചിലുകൾ” ആണെന്ന് കോടതികളോട് പറയുമ്പോൾ ഞങ്ങൾ ഭയപ്പെടുന്നു. കാരണം ഞങ്ങൾ ഒരു വർഷമായി സുഖമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പരിമിത ഇടങ്ങളിലേക്ക്, ഞങ്ങളുടെ വീട്ടുവാതിൽക്കലേക്ക് ഇപ്പോൾ വൈറസ് എത്തിയിരിക്കുന്നു. കിടക്കകൾ, ഓക്സിജൻ, മരുന്നുകൾ എന്നിവയ്ക്കായി യാചിക്കാൻ ഞങ്ങൾ ശീലിച്ചിട്ടില്ല.

ഞങ്ങളുടെ “ആത്മനിർഭരത” ഇപ്പോൾ ശക്തമല്ല. കുറ്റകരമെന്നു തോന്നിയേക്കാം എന്നാലും എല്ലാവരേയും ഉറക്കത്തിൽ നിന്ന് കണ്ണ് തുറപ്പിച്ച് അടിസ്ഥാനപരമായി ഒരു അസമമായ സമൂഹത്തിലാണ് ജീവിക്കുന്നതെന്നും കാലാകാലങ്ങളിൽ വന്ന സർക്കാരുകൾ അവർക്ക് നൽകിയിട്ടുള്ള രണ്ട് സുപ്രധാന ചുമതലകൾ – ആരോഗ്യവും വിദ്യാഭ്യാസവും വേണ്ടെന്നുവെച്ചുവെന്നും മനസിലാക്കുന്നതിന് ഈ അളവിലുള്ള ഒരു പ്രതിസന്ധി വേണ്ടി വന്നു. ദരിദ്രർക്ക് മാത്രം ആരോഗ്യവും വിദ്യാഭ്യാസവും നിഷേധിക്കപ്പെടുന്നിടത്തോളം കാലം ഞങ്ങൾ അത് പരിഗണിച്ചില്ല. ഇപ്പോൾ ഇത് ഞങ്ങൾക്കും നിഷേധിക്കപ്പെടുന്നു, അതിനാലാണ് നമ്മുടെ അത്ര വലുപ്പമുള്ള ഒരു രാജ്യത്തിന് ഒരു ദിവസം മൂവായിരത്തിലധികം മരണങ്ങൾ നിസാരമാണ് എന്ന ബിജെപി അനുയായികളുടെ ട്വീറ്റുകൾ ഞങ്ങളെ രസിപ്പിക്കാത്തത്. ശ്മശാനത്തിലെ നീണ്ട കാത്തിരിപ്പ് സമയത്തിൽ നിന്ന് മരണങ്ങൾ കുറഞ്ഞത് ഔദ്യോഗിക കണക്കിന്റെ മൂന്ന് മുതൽ അഞ്ച് മടങ്ങ് എങ്കിലും ഉണ്ടെന്ന് എല്ലാവർക്കുമറിയുമ്പോൾ, പൗരന്മാരെ കേവലം സ്ഥിതിവിവരക്കണക്കുകളായി ചുരുക്കുമ്പോൾ സംഭവിക്കുന്നത് ഇതാണ്.

ജനാധിപത്യം എന്നാൽ തിരഞ്ഞെടുപ്പിൽ വിജയിക്കുക മാത്രമല്ല. മുഖ്യധാരാ മാധ്യമങ്ങൾ (ഞാനും അതിന്റെ ഒരു ഭാഗമാണ്), ജുഡീഷ്യറി, ജനങ്ങളോട് ഉത്തരവാദിത്തമുള്ള മറ്റ് സ്ഥാപനങ്ങൾ (സർക്കാരല്ല) എന്നിവ യാഥാർഥ്യങ്ങൾ ഉയർത്തിപ്പിടിച്ച് തങ്ങളുടെ കടമ നിർവഹിച്ചിരുന്നുവെങ്കിൽ നമ്മൾ ഈ അവസ്ഥയിലേക്ക് എത്തില്ലായിരുന്നു. മാത്രമല്ല ഭരണനിർവ്വഹണ വിഭാഗങ്ങൾ തെറ്റ് സംഭവിക്കുന്ന ഇടങ്ങളിൽ നിന്ന് തിരുത്തി മുന്നോട്ട് പോവുകയും ചെയ്യുമായിരുന്നു. ഒരു സഹപ്രവർത്തകൻ പറഞ്ഞതുപോലെ, നമ്മൾ “വോട്ട് രേഖപ്പെടുത്തി മരിച്ചവരെ എണ്ണുന്ന” ഒരു ഘട്ടത്തിലെത്തിയിട്ടുണ്ട്. ഇനിയുള്ള ധാരാളം രാത്രികളിൽ ഉറങ്ങാൻ പോകുന്നത് “ഞങ്ങളുടെ കൈകളിൽ രക്തകറയുണ്ട്” എന്ന തോന്നലുമായാകും.

(ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ എഡിറ്റർ ജി വാസു എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ)