ആരോഗ്യ പ്രശ്നങ്ങൾ ജാമ്യത്തിന് മാനദണ്ഡമാകുമ്പോൾ പോലും സ്റ്റാൻ സ്വാമിയെ പോലുള്ളവരോട് കോടതി വിവേചനം കാണിക്കുന്നതെന്തിന്?

“പ്രഥമദൃഷ്ട്യാ സത്യം ബോധ്യമായാൽ ജാമ്യം അനുവദിക്കുന്നതിന് സാധിക്കാത്ത നിയമപരമായ കേസുകളിൽ പോലും മൗലികാവകാശ ലംഘനം ജാമ്യം നൽകുന്നതിനുള്ള ഒരു മാനദണ്ഡമാകുമെന്ന് കോടതി പ്രത്യേകം പറഞ്ഞതിനാൽ, ഇത് അനുസരിച്ച് പ്രതിയുടെ ആരോഗ്യം, ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന് കീഴിൽ വരുന്നതിനാൽ, ജാമ്യം തീരുമാനിക്കുന്നതിനുള്ള ഒരു അടിസ്ഥാനമായിരിക്കും”

മൊഴിമാറ്റം : പ്രകാശ്

ഭീമ കൊറെഗാവ് കേസിൽ അറസ്റ്റിലായ 84 കാരനായ സാമൂഹിക പ്രവർത്തകൻ സ്റ്റാൻ സ്വാമി ഇപ്പോൾ കോവിഡ് ബാധിച്ച് ആശുപത്രിയിലാണ്.

മെയ് 21 ന് മനുഷ്യാവകാശ പ്രവർത്തകനായ സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി പരിഗണനക്ക് എടുത്തപ്പോൾ, 84 കാരനായ ജെസ്യൂട്ട് പുരോഹിതന് തന്റെ ആരോഗ്യനില പരിഗണിച്ച് ജന്മനഗരമായ റാഞ്ചിയിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് വൈകാരികമായി അപേക്ഷ നൽകി.

2018 ൽ പൂനെക്ക് സമീപമുള്ള ഭീമ കൊറെഗാവിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിൽ കുറ്റാരോപിതനായ സ്വാമിയെ 2020 ഒക്ടോബറിൽ കോവിഡ് -19 മഹാമാരിക്കിടയിൽ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. കേസിൽ മറ്റ് 15 പ്രവർത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരോധിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുമായി (മാവോയിസ്റ്റ്) ബന്ധമുണ്ടെന്ന് ആരോപിച്ച് ഇന്ത്യൻ പീനൽ കോഡ്, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള നിയമത്തിലെ(യു എ പി എ) നിരവധി വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

മറ്റ് അസുഖങ്ങൾക്ക് പുറമെ പാർക്കിൻസൺസ് എന്ന ന്യൂറോളജിക്കൽ രോഗം മൂർച്ഛിക്കുന്നതിനാൽ സ്വാമി വളരെയേറെ ബുദ്ധിമുട്ടുന്നു.

മുംബൈ സർക്കാർ നടത്തുന്ന ജെജെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നത് പരിഗണിക്കണമെന്ന് കോടതി നിർദ്ദേശിച്ചപ്പോൾ അതുകൊണ്ട് മാറ്റം ഒന്നും ഉണ്ടാകില്ല എന്ന് സ്വാമി പറഞ്ഞു. താലോജ ജയിലിൽ കഴിഞ്ഞ എട്ടുമാസക്കാലം കൊണ്ട് തന്നെ ഭക്ഷണം കഴിക്കുക, സ്വയം കുളിക്കുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്ത തരത്തിൽ നില വഷളായതായി അദ്ദേഹം പറഞ്ഞു. “എനിക്ക് അവിടെ ആശുപത്രിയിൽ പോകാൻ ആഗ്രഹമില്ല. ഞാൻ കഷ്ടപ്പെടേണ്ടിവരും, ഇങ്ങനെ തുടരുകയാണെങ്കിൽ താമസിയാതെ മരിക്കാം” അദ്ദേഹം കോടതിയെ അറിയിച്ചു. “ജെജെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനേക്കാൾ ഞാൻ ഇത് ഇഷ്ടപ്പെടുന്നു. ഇത് എന്നെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള നിമിഷമാണ്. ”

Source : ROME REPORTS

അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള നിർദേശത്തെ എൻ‌ഐ‌എ എതിർത്തെങ്കിലും വെള്ളിയാഴ്ച ബോംബെ ഹൈക്കോടതി അത് അനുവദിച്ചു. ഞായറാഴ്ച അദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് ആയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഹൈക്കോടതി അനുമതി നൽകിയെങ്കിലും ജാമ്യാപേക്ഷയിൽ ഇതുവരെ തീരുമാനമായിട്ടില്ല.

രാജ്യത്തെ ജാമ്യവ്യവസ്ഥയിൽ നിലനിൽക്കുന്ന പ്രശ്നത്തിന്റെ പ്രതീകമാണ് സ്വാമിയുടെ കേസ്. പ്രത്യേകിച്ചും യു‌എ‌പി‌എ പോലുള്ള നിയമങ്ങൾ ഉൾപ്പെട്ട സന്ദർഭങ്ങളിൽ. കുറ്റാരോപിതർക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് ഉണ്ടെങ്കിൽ ജാമ്യം നിഷേധിക്കുന്ന നിയമത്തിലെ വ്യവസ്ഥ മൗലികാവകാശങ്ങൾ ലംഘിക്കുകയാണെങ്കിൽ, ജാമ്യം അനുവദിക്കുന്നതിൽ നിന്ന് കോടതികളെ തടസ്സപ്പെടുത്തുകയില്ലെന്ന് കോടതികൾ സമീപകാലത്ത് വാദിച്ചിരുന്നു. എന്നാൽ ഈ നിലപാട് സ്ഥിരമായി നിലനിന്നിട്ടില്ല.

ജാമ്യവും യു‌എ‌പി‌എയും

യു‌എ‌പി‌എ പ്രകാരം കുറ്റം ചുമത്തിയവർക്ക്‌ ജാമ്യം നൽകുന്നതിൽ രണ്ട് സുപ്രധാന മാതൃകകൾ അടുത്തിടെ നിശ്ചയിച്ചിട്ടുണ്ട്. ഒന്ന് ഭീമ കൊറേഗാവ് കേസിലെ സഹപ്രതിയായ 81 കാരനായ വരവര റാവുവിന്റെ ജാമ്യാപേക്ഷയിൽ ബോംബെ ഹൈക്കോടതിയിൽ നിന്നും മറ്റൊന്ന് കേരളത്തിൽ നിന്നുള്ള കേസിൽ സുപ്രീം കോടതിയിൽ നിന്നും.

എന്നിരുന്നാലും, ഈ മാതൃകകൾ പരിശോധിക്കുന്നതിനുമുമ്പ്, യു‌എ‌പി‌എയിലെ ജാമ്യ വ്യവസ്ഥയുടെ ഒരു അവലോകനം ആവശ്യമാണ്.

ജാമ്യം ഒരു മാനദണ്ഡമാണെന്നും ജയിലാണ് അപവാദമെന്നും 1977 ൽ സുപ്രീം കോടതി വിധിച്ചു. എന്നിരുന്നാലും, കുറ്റകൃത്യം ആരോപിക്കപ്പെടുന്ന ഓരോ വ്യക്തിക്കും ഉടനടി ജാമ്യം ലഭിക്കുമെന്ന് ഇതിനർത്ഥമില്ല.

ജാമ്യം നൽകുമ്പോൾ കോടതി പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ പല കേസുകളിലും സുപ്രീം കോടതി ആവർത്തിച്ചിട്ടുണ്ട്. കുറ്റാരോപണത്തിന്റെ സ്വഭാവവും വ്യാപ്തിയും, ശിക്ഷിക്കപ്പെട്ടാൽ ശിക്ഷയുടെ തീവ്രത, ജാമ്യത്തിലിറങ്ങിയാൽ കുറ്റാരോപിതർ ഒളിച്ചോടുകയോ ഓടിപ്പോകുകയോ ചെയ്യുന്നതിന്റെ അപകടം; അവരുടെ സ്വഭാവം, സ്ഥാനം, പദവി; കുറ്റം ആവർത്തിക്കാനുള്ള സാധ്യത; തെളിവുകൾ നശിപ്പിക്കുക; വിട്ടയച്ചാൽ നീതി തകിടം മറിക്കുക എന്ന അപകടം ഇത്തരത്തിലുള്ള വിശകലനങ്ങൾ ഇതിൽ ഉൾപ്പെടുന്നു

എന്നിരുന്നാലും, ഈ മാർഗ്ഗനിർദ്ദേശങ്ങൾ സാധാരണയായി ഇന്ത്യൻ പീനൽ കോഡിന് കീഴിലുള്ള കുറ്റകൃത്യങ്ങൾക്കാണ് നടപ്പിലാക്കാറുള്ളത്. ഭീകരപ്രവർത്തനങ്ങൾ പോലെ ഗുരുതരമായ സ്വഭാവമുള്ളവയാണെന്ന് കരുതുന്ന കേസുകൾ കൈകാര്യം ചെയ്യുന്ന യു‌എ‌പി‌എ പോലുള്ള പ്രത്യേക ക്രിമിനൽ നിയമങ്ങൾ പ്രകാരം ജാമ്യം ലഭിക്കുന്നതിന് ഉയർന്ന മാനദണ്ഡമുണ്ട്.

യു‌എ‌പി‌എയുടെ പശ്ചാത്തലത്തിൽ, കോടതിയുടെ അഭിപ്രായത്തിൽ, ഒരു വ്യക്തിയ്‌ക്കെതിരായ ആരോപണം പ്രഥമദൃഷ്ട്യാ സത്യമാണെന്ന് വിശ്വസിക്കാൻ കേസ് ഡയറിയിൽ നിന്നോ കുറ്റപത്രത്തിൽ നിന്നോ ന്യായമായ കാരണങ്ങളുണ്ടെങ്കിൽ ജാമ്യത്തിൽ വിട്ടയക്കില്ല എന്ന് വകുപ്പ് 43 ഡി (5) വ്യക്തമാക്കുന്നു.

സമർപ്പിച്ച തെളിവുകൾ വിശദമായി വിശകലനം ചെയ്യാൻ ജഡ്ജിയെ അനുവദിക്കുന്നില്ല എന്നതാണ് യു‌എ‌പി‌എ നിയമത്തിലെ പ്രധാന പ്രശ്നം. വിചാരണ ആരംഭിക്കുന്നതിനു മുമ്പുതന്നെ തെളിവുകളുടെ ആഴത്തിലുള്ള വിശകലനം പ്രതികളോട് മുൻവിധിയുണ്ടാക്കാനും വിചാരണയെ സ്വാധീനിക്കാനും ഇടയാക്കുമെന്ന ലളിതമായ കാരണത്താലാണ് അത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

നിർഭാഗ്യവശാൽ, ഗുരുതരമായ കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന പല കേസുകളിലും, പോലീസ് ഉന്നയിക്കുന്ന ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ സത്യമാണെന്ന് കോടതികൾ സമ്മതിക്കുവാൻ താത്പര്യം കാണിക്കുകയും ജാമ്യം റദ്ദാക്കുകയും ചെയ്യുന്നു. യു‌എ‌പി‌എ പോലുള്ള പ്രത്യേക ക്രിമിനൽ നിയമങ്ങളിൽ പ്രഥമദൃഷ്ട്യാ അപവാദങ്ങളുണ്ട് എന്നാണ് സുപ്രീംകോടതിയിലും ബോംബെ ഹൈക്കോടതിയിലും അടുത്തിടെയുണ്ടായ രണ്ട് വിധിന്യായങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

യു‌എ‌പി‌എയ്ക്ക് കീഴിൽ ജാമ്യത്തിന്റെ കാര്യത്തിൽ ഉണ്ടായ അപവാദങ്ങൾ

ഫെബ്രുവരിയിൽ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസായ ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതിയിലെ രണ്ട് ജഡ്ജിമാരുള്ള ബെഞ്ച്, 2010 ൽ യുഎപി‌എ പ്രകാരം കേസെടുത്തിട്ടുണ്ടായിരുന്ന കെ‌ എ നജീബിന് ജാമ്യം അനുവദിച്ച കേരള ഹൈക്കോടതി വിധി ശരിവച്ചു.

മതനിന്ദ ആരോപിച്ചുകൊണ്ട് പ്രതികാരമായി കോളേജ് പ്രൊഫസറുടെ കൈപ്പത്തി മുറിച്ചുമാറ്റിയ കുറ്റത്തിന് നജീബിനും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയിൽ നിന്നുള്ളവരാണെന്ന് ആരോപിക്കപ്പെടുന്ന മറ്റ് നിരവധി പ്രതികൾക്കുമെതിരെ കേസെടുത്തിരുന്നു.

നിരവധി പ്രതികളെ ഇതിനകം കുറ്റവിമുക്തരാക്കുകയും മറ്റുള്ളവർ ശിക്ഷിക്കപ്പെടുകയും ചെയ്ത സവിശേഷമായ കേസാണിത്. നജീബിന്റെ കാര്യത്തിൽ, 2014 ൽ അറസ്റ്റിലാകുന്നതിന് മുമ്പ് അദ്ദേഹം ആദ്യം കുറച്ച് വർഷത്തേക്ക് ഒളിവിൽ പോയിരുന്നു. തുടർന്ന് കേരള ഹൈക്കോടതി ജാമ്യം നൽകുന്നതിനുമുമ്പ് വിചാരണയ്ക്കായി അഞ്ച് വർഷത്തോളം ജയിലിൽ കിടന്നു.

ഉത്തരവിനെതിരെ കേന്ദ്രം സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയും ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കേരള ഹൈക്കോടതി യുഎപിഎയുടെ 43 ഡി (5) വകുപ്പ് കണക്കിലെടുത്തിട്ടില്ലെന്ന് വാദിച്ചെങ്കിലും ജാമ്യ ഉത്തരവ് ശരിവയ്ക്കാൻ സുപ്രീം കോടതി തീരുമാനിച്ചു.

ഭീമ കൊറെഗാവ് കേസിൽ ഈ കാര്യങ്ങൾ പ്രസക്തമായിരിക്കുന്നത് എന്തുകൊണ്ട്?

സുപ്രീം കോടതി ഉത്തരവിന് പിന്നിലെ യുക്തിക്ക് വലിയ പ്രാധാന്യമുണ്ട്. സാധാരണ സാഹചര്യങ്ങളിൽ, യു‌എ‌പി‌എ പ്രകാരം കുറ്റം ചുമത്തപ്പെട്ടവ്യക്തിയുടെ ജാമ്യാപേക്ഷ പ്രഥമദൃഷ്ട്യാ ആരോപണങ്ങൾ സത്യമാണെങ്കിൽ തള്ളേണ്ടിവരുമെന്ന് കോടതി സമ്മതിച്ചിട്ടുണ്ടെങ്കിലും, മൗലികാവകാശങ്ങൾ അട്ടിമറിക്കപ്പെടുമ്പോൾ പ്രതിയുടെ രക്ഷയ്‌ക്കെത്തുന്നതിൽ നിന്ന്,കോടതിയുടെ അധികാരത്തെ ഭരണഘടനാ എടുത്തുകളയുന്നില്ലെന്ന് ഉത്തരവിൽ പറയുന്നു

നജീബിന്റെ കേസിൽ, അദ്ദേഹം ഇതിനകം അഞ്ച് വർഷത്തോളം ജയിലിൽ കഴിഞ്ഞുവെന്നതാണ് ലംഘനം, വിചാരണ അവസാനിക്കാൻ കൂടുതൽ സമയം എടുക്കുമെന്നത് പ്രോസിക്യൂഷന്റെ തന്നെ കാര്യമാണ്. അങ്ങനെ, വിചാരണ അവസാനിക്കുന്നതിനുള്ള അനുചിതമായ കാലതാമസത്തിന്റെ ഗുണം അദ്ദേഹത്തിന് ലഭിച്ചു.

പ്രഥമദൃഷ്ട്യാ സത്യം ബോധ്യമായാൽ ജാമ്യം അനുവദിക്കുന്നതിന് സാധിക്കാത്ത നിയമപരമായ കേസുകളിൽ പോലും മൗലികാവകാശ ലംഘനം ജാമ്യം നൽകുന്നതിനുള്ള ഒരു മാനദണ്ഡമാകുമെന്ന് കോടതി പ്രത്യേകം പറഞ്ഞതിനാൽ, ഇത് അനുസരിച്ച് പ്രതിയുടെ ആരോഗ്യം, ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന് കീഴിൽ വരുന്നതിനാൽ, ജാമ്യം തീരുമാനിക്കുന്നതിനുള്ള ഒരു അടിസ്ഥാനമായിരിക്കും.

ഭീമ കൊറെഗാവ് കേസിലെ നിരവധി കുറ്റാരോപിതരായ അഭിഭാഷകയും ആക്ടിവിസ്റ്റുമായ സുധ ഭരദ്വാജിനെപ്പോലെ വിചാരണ ഉടൻ ആരംഭിക്കുമെന്ന യാതൊരു സൂചനയുമില്ലാതെ ഇതിനകം തന്നെ 1,000 ദിവസത്തിലധികമായി ജയിലിൽ കഴിയുന്നുണ്ട്. കേസിൽ കുറഞ്ഞത് 200 സാക്ഷികളെ വിസ്തരിക്കേണ്ടതുണ്ടെന്ന് എൻ‌ഐ‌എ ബോംബെ ഹൈക്കോടതിയിൽ പ്രസ്താവിച്ചിട്ടുണ്ട്, വിചാരണ ആരംഭിച്ചുകഴിഞ്ഞാൽ അത് ദൈനംദിന അടിസ്ഥാനത്തിൽ നടത്തുമെന്ന പ്രതിജ്ഞാബദ്ധത പോലും ഉണ്ടായിട്ടില്ല.

മെഡിക്കൽ കാരണങ്ങളാൽ ജാമ്യം തേടി, കഴിഞ്ഞ വർഷം അവർ സുപ്രീംകോടതിയിൽ ഹാജരായപ്പോൾ, മെറിറ്റ് അടിസ്ഥാനത്തിൽ ആരോഗ്യപരമായ കാരണങ്ങളേക്കാൾ ഗൗരവതരമായ കേസ് ആണെന്ന് കോടതി പറഞ്ഞു. എന്നാൽ, കേസിലെ മറ്റ് രണ്ട് കുറ്റാരോപിതരായ റോണ വിൽ‌സൺ, ഷോമ സെൻ എന്നിവരുടെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ തെളിവുകൾ കൃത്രിമമായി നിക്ഷേപിച്ചതാണെന്ന സ്വതന്ത്ര സംഘടനകളുടെ ഫോറൻസിക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേസുകൾ തന്നെ ചോദ്യം ചെയ്ത് ബോംബെ ഹൈക്കോടതിയെ സമീപിച്ചതിനാൽ സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുന്നതിൽ നിന്ന് അവരുടെ അഭിഭാഷകർ പിന്മാറി.

ഭീമ കൊറെഗാവ് കേസിലെ കൂട്ടുപ്രതിയായ വരവര റാവുവിന് ജാമ്യം നൽകാൻ ഫെബ്രുവരി 22 ലെ ബോംബെ ഹൈക്കോടതിയുടെ തീരുമാനമാണ് സ്റ്റാൻ സ്വാമിയുടെ കാര്യത്തിൽ കൂടുതൽ പ്രസക്തമായ ഒരു ജുഡീഷ്യൽ തീരുമാനം. ആരോഗ്യനില വഷളായതായും അദ്ദേഹത്തിന് ശരിയായ ചികിത്സ നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടതായും ചൂണ്ടിക്കാട്ടിയാണ് വരവര റാവുവിന്റെ ഭാര്യ കോടതിയിൽ ഹാജരായിട്ടുണ്ടായിരുന്നത്. അദ്ദേഹത്തിനും ജയിലിൽ വച്ച് കോവിഡ് -19 ബാധിച്ചിട്ടുണ്ടായിരുന്നു.

ആരോഗ്യപരമായ കാരണങ്ങളാൽ ഒരു ഹൈക്കോടതിക്ക് റിട്ട് അധികാരപരിധി വിനിയോഗിക്കാനും യുഎപി‌എയ്ക്ക് കീഴിൽ കേസെടുത്തിട്ടുള്ള പ്രതിയെ ജാമ്യത്തിൽ വിടാനും കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകിയ കോടതി, ഒരു വ്യക്തി ജയിലിൽ കഴിയുമ്പോഴും അവന്റെ മൗലികാവകാശങ്ങൾക്ക് അർഹതയുണ്ടെന്നും ജീവിക്കാനുള്ള അവകാശം അതിൽ ഉൾപ്പെടുമെന്നും അതിൽ ആരോഗ്യം ഒരു സുപ്രധാന ഘടകമാണെന്നും പറഞ്ഞു. അത്തരം സാഹചര്യങ്ങളിൽ, ചില വ്യവസ്ഥകൾ നിശ്ചയിച്ച് പ്രതിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള സംസ്ഥാനത്തിന്റെ താൽപ്പര്യവും ആരോഗ്യത്തിനുള്ള മൗലികാവകാശവും തമ്മിൽ തുലനാവസ്ഥ നിലനിർത്താമെന്നും കോടതി കൂട്ടിച്ചേർത്തു. റാവുവിന്റെ കേസിൽ, തെലങ്കാന സ്വദേശിയാണെങ്കിലും മുംബൈ വിടരുതെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

വാസ്തവത്തിൽ, യു‌എ‌പി‌എയുടെ സെക്ഷൻ 43 ഡി (5) പ്രകാരം ജാമ്യം അനുവദിക്കുന്നതിനുള്ള അപേക്ഷ നിരസിക്കപ്പെട്ടു എന്ന കാരണത്താൽ, മൗലികാവകാശങ്ങൾ നടപ്പാക്കുന്നതിന് ഏതെങ്കിലും ഉത്തരവ് പുറപ്പെടുവിക്കാൻ ഒരു ഹൈക്കോടതിയെ അനുവദിക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 226 പ്രകാരമുള്ള കോടതിയുടെ അധികാരങ്ങൾ റദ്ദ് ചെയ്യപ്പെട്ടുവെന്ന് പറയാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

ഒരേ നിലപാടിന്റെ അഭാവം

അത്തരം കീഴ് വഴക്കം നിലവിലുണ്ടായിട്ടും, സ്റ്റാൻ സ്വാമി കേസിൽ കാണുന്നത്, യു‌എ‌പി‌എ പ്രകാരം കുറ്റം ചുമത്തപ്പെട്ടവർക്ക് , മെഡിക്കൽ കാരണങ്ങളാൽ പോലും ജാമ്യം ബുദ്ധിമുട്ടാണ് എന്നതാണ്.

ബോംബെ ഹൈക്കോടതിയെ സമീപിക്കുന്നതിനുമുമ്പ് സ്വാമി എൻ‌ഐ‌എ കോടതിയിൽ രണ്ട് ജാമ്യാപേക്ഷ നൽകിയിരുന്നു. ആദ്യത്തേത് ആരോഗ്യപരമായ കാരണങ്ങളാൽ കഴിഞ്ഞ വർഷം ഒക്ടോബറിലും രണ്ടാമത്തേത് ഈ വർഷം ഫെബ്രുവരിയിൽ യോഗ്യതയുടെ അടിസ്ഥാനത്തിലും ആരോഗ്യപരമായ കാര്യങ്ങളാലും സമർപ്പിച്ചു. രണ്ടും നിരസിക്കപ്പെട്ടു.

ഫെബ്രുവരിയിലെ അപേക്ഷയിൽ എൻ‌ഐ‌എ കോടതി സുപ്രീംകോടതിയുടെ മുൻകാല നിലപാട് സൂചിപ്പിച്ചുകൊണ്ട് ആരോഗ്യപരമായ കാരണങ്ങൾ നിരസിച്ചു. സ്വാമിക്കെതിരായ ആരോപണങ്ങൾ വളരെ ഗുരുതരമാണെന്നത് കൊണ്ട് തന്നെ സമൂഹത്തിന്റെ കൂട്ടായ താൽപ്പര്യം സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെക്കാൾ മുന്നിട്ട് നിൽക്കുന്നുവെന്നും വാർദ്ധക്യവും രോഗവും അദ്ദേഹത്തിന് അനുകൂലമായി കാര്യങ്ങളെ മാറ്റില്ലെന്നും അതിൽ പറയുന്നു. ശ്രദ്ധേയമായ കാര്യം, എൻ‌ഐ‌എ കോടതി ഉദ്ധരിച്ച സുപ്രീം കോടതിയുടെ മുൻകാല നിലപാടിന് ആരോഗ്യപരമായ കാരണങ്ങളാൽ ജാമ്യം അനുവദിക്കുന്നതുമായി ഒരു ബന്ധവുമില്ല എന്നതാണ്.

ഇന്ത്യൻ പീനൽ കോഡിന് കീഴിൽ വരുന്ന കുറ്റകൃത്യങ്ങൾ ആണെങ്കിൽ പോലും, മാനദണ്ഡങ്ങൾ പ്രയോഗിക്കുന്നതിൽ ഐക്യരൂപമില്ലാത്തതും അത്തരം കേസുകളിലെ ഉയർന്ന വിവേചനാധികാര ഘടകവുമാണ് മെഡിക്കൽ ജാമ്യ നിയമസംഹിതയിലെ ഒരു പ്രശ്‌നമെന്ന് നിയമ വിദഗ്ധർ പറയുന്നു.

ഹൈക്കോടതി, സുപ്രീംകോടതി എന്നിവയെ സംബന്ധിച്ച് അവരുടെ റിട്ട് അധികാരപരിധി അവർക്ക് വിശാലമായ അധികാരങ്ങൾ നൽകുന്നു എന്നത് കൊണ്ടുതന്നെ അവർ പൂർണ്ണമായും ക്രിമിനൽ നടപടിക്രമങ്ങളിൽ പരിമിതപെട്ടു നിൽക്കുന്നില്ല എന്ന് മുൻ മദ്രാസ് ഹൈക്കോടതി ജഡ്ജി കെ ചന്ദ്രു പറഞ്ഞിരുന്നു.

അത്തരമൊരു സാഹചര്യത്തിൽ, ഭരണഘടനാ കോടതികളുടെ പ്രധാന ലക്ഷ്യം മൗലികാവകാശങ്ങളുടെ സംരക്ഷണമായിരിക്കണം, അതിൽ ആരോഗ്യം ഒരു പ്രധാന ഭാഗമാണ്. “ഒരു ന്യായാധിപനെന്ന നിലയിൽ എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ ലളിതമാണ്. ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശം വിഷയത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഉടൻ ജാമ്യം അനുവദിക്കണം ” എന്ന് ജഡ്ജി കെ ചന്ദ്രു കൂട്ടിച്ചേർക്കുന്നു.

സ്വാമിയുടേത് പോലുള്ള കേസുകളിൽ ഇത് അടിയന്തിര വൈദ്യസഹായം മാത്രമല്ല, ദീർഘകാല പരിചരണത്തിന്റെ കാര്യവുമാണെന്ന് മുൻ ജഡ്ജി കൂട്ടിച്ചേർത്തു. “ആളുകൾക്ക് ഗുരുതരമായ അസുഖങ്ങൾ ഉണ്ടാവുകയും പ്രായമായി വരുകയും ചെയ്യുമ്പോൾ അവർക്ക് തുടർച്ചയായ പരിചരണം ആവശ്യമാണ്,” അദ്ദേഹം പറഞ്ഞു. സ്വാമിയുടെ കേസിൽ സംഭവിച്ചതുപോലെ ഒരു വ്യക്തിയെ ആശുപത്രിയിലേക്ക് അയക്കുന്നതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് കോടതികൾ കരുതുന്നതിനാൽ ഇത് പ്രധാനമാണെന്ന് അദ്ദേഹം പറയുന്നു

ആരോഗ്യം ജാമ്യത്തിനുള്ള നിർണായക അടിത്തറയാണെന്ന് കോടതികൾ അംഗീകരിക്കുമ്പോഴും, മറ്റ് കാരണങ്ങളുടെ അടിസ്ഥാനത്തിലുള്ള ജാമ്യത്തിനെന്ന പോലെ പ്രത്യേക ജഡ്ജിയുടെ വിവേചനാധികാരത്തിന് ഇത് വിട്ടുകൊടുത്തിരിക്കുന്നതായി മറ്റൊരു മുൻ ഹൈക്കോടതി ജഡ്ജി സൂചിപ്പിക്കുന്നു. “പലതവണ, വിചാരണ ജഡ്ജിമാർ ഹൈക്കോടതിയുടെയോ സുപ്രീംകോടതിയുടെയോ മാതൃക പിന്തുടരുന്നില്ലെന്ന് ഞങ്ങൾ കാണുന്നുണ്ട് ” ..

ഇടപെടൽ ആവശ്യമായ തരത്തിൽ അസുഖങ്ങൾ ഉണ്ടെന്ന ആരോഗ്യ റിപ്പോർട്ടുകൾ ഉണ്ടായിരുന്നിട്ടും, ജയിലിലേക്ക് മാറ്റാൻ യോഗ്യനാണെന്ന് ഒരു ആശുപത്രിയിൽ നിന്ന് പ്രോസിക്യൂഷന് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടും ജാമ്യത്തിനുള്ള അപേക്ഷ വിചാരണ കോടതി സ്വീകരിച്ചില്ല.വരവര റാവുവിന്റെ കേസ് സൂചിപ്പിച്ചുകൊണ്ട് തന്നെ അദ്ദേഹം പറയുന്നു.

എന്നിരുന്നാലും, ജയിലിൽ നിന്ന് പുറത്തുപോകാൻ ശക്തരായ ആളുകൾ ആരോഗ്യപരമായ കാരണങ്ങൾ എങ്ങനെ ദുരുപയോഗം ചെയ്യുന്നുവെന്ന് കണക്കിലെടുക്കുമ്പോൾ മെഡിക്കൽ ജാമ്യത്തിന് ഒരു പൊതു മാനദണ്ഡം സ്ഥാപിക്കുന്നതും വിവേചനാധികാരം നീക്കം ചെയ്യുന്നതും എളുപ്പമല്ലെന്ന് മുൻ ജഡ്ജി പറയുന്നു. “പ്രതികളെ ജയിലിൽ നിന്നും പുറത്തു നിർത്താൻ സഹായിക്കുന്നതിനായി മെഡിക്കൽ റിപ്പോർട്ടുകൾ തയ്യാറാക്കിയ കേസുകളുണ്ട്”.

എന്നാൽ വിഷയം യഥാർത്ഥമാണെന്ന് കോടതി തിരിച്ചറിഞ്ഞാൽ,കുറ്റാരോപിതർ / പ്രതിയുടെ ആരോഗ്യത്തിനല്ലാതെ മറ്റ് പരിഗണനകൾ ഉണ്ടാകരുതെന്നും ജാമ്യം അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

(സ്ക്രോൾ.ഇന്നിൽ ശ്രുതിസാഗർ എഴുതിയ ലേഖനത്തിൻ്റെ സ്വതന്ത്ര പരിഭാഷ)


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn