“ബീയിംഗ്‌ എ മാവോയ്സ്റ്റ്‌ ഈസ്‌ നോട്ട്‌ എ ക്രൈം”ജസ്റ്റിസ്‌ മുഹമ്മദ്‌ മുഷ്താക്‌ (ശ്യാം ബാലകൃഷ്ണന്‍ Vs സ്റ്റേറ്റ്‌ ഓഫ്‌ കേരള)

പ്രേംജി

“ആകാശത്തിന്റെ പാതി താങ്ങുന്നത്‌ സ്ത്രീകളാണ്‌” -മാവോ

“വരൂ നമുക്കൊരു ചായ കുടിക്കാം?”

ഹൗറ റെയില്‍വേ സ്റ്റേഷന്റെ നാലാമത്തെ പ്ലാറ്റ്ഫോമില്‍ ഇത്തിരിയെങ്കിലും
വൃത്തിയെന്ന്‌ തോന്നിക്കുന്ന ഒരു കുഞ്ഞിടത്ത്‌ അരുന്ധതി റോയിയുടെ “വാക്കിങ് വിത്ത് ദി കോമ്രേഡ്‌സ്” (“Walking with the Comrades”) എന്ന പുസ്തകത്തിന്റെ 184-ാം പേജില്‍ നിന്ന്‌ തലയുയര്‍ത്തി നോക്കിയപ്പോള്‍ നിറചിരിയുമായ്‌ ഒരാള്‍.

പ്രൊഫസര്‍ അനുരാക്‌ ബൂട്ടിയ.

നരച്ച താടി.

സിക്കിം മണിപാല്‍ യൂണിവേഴ്സിറ്റിയിലെ റിട്ടയേര്‍ഡ്‌ ഫിലോസഫി പ്രൊഫസര്‍.

അവിവാഹിതന്‍.

ഇപ്പോള്‍ ഹൗറ റെയില്‍വേ സ്റ്റേഷനിലേയ്ക്ക്‌ പ്രഭാത സവാരിക്ക്‌ വന്നതാണത്രെ.

“ശരി നമുക്കൊരു ചായ കുടിക്കാം”.

അയാള്‍ ബാഗ്‌ തുറന്ന്‌ ആ പുസ്തകം മടക്കി വെക്കുമ്പോള്‍ പ്രൊഫസര്‍ പറഞ്ഞു.

“വേണ്ട പുസ്തകം കയ്യില്‍ കരുതുക. പുസ്തകങ്ങള്‍ അടച്ച്‌ വെയ്ക്കാനുള്ളതല്ല.”

ഞാന്‍ നിസാമുദ്ദീന്‍.

ജെഎൻയുവില്‍ പിഹെച്ച്ഡി (PhD) ചെയ്തുകൊണ്ടിരിക്കുന്നു.

കേരളത്തില്‍ നിന്നാണ്‌.

ഇപ്പോള്‍ ശാന്തിനികേതനില്‍ സുഹൃത്തിനെ കാണാന്‍ വന്നതാണ്‌.

ഇതിന്‌ മറുപടിയെന്നോണം പ്രൊഫസര്‍ ചോദിച്ചു

“നിങ്ങള്‍ കുറ്റവും ശിക്ഷയും വായിച്ചിട്ടുണ്ടോ”

“ഇല്ല”

“വരു നമുക്കൊരു ചായ കുടിക്കാം”

അപ്പോഴേയ്ക്കും റെയില്‍വേസ്റ്റേഷന്റെ പുറത്തേക്കുള്ള കവാടത്തിനരികിലെ നിലത്ത്‌ വിരിച്ചിട്ട അനേകം പത്രങ്ങള്‍ വില്‍ക്കുന്ന ഇടത്തിലെത്തി നിന്നു. അപ്പോഴേയ്ക്കും ഏറ്റവും ഭംഗിയുള്ള ചിരിയുള്ള ഒരു മനുഷ്യന്‍ ചെറിയൊരു പത്രങ്ങളുടെ കെട്ട്‌ പ്രൊഫസറിനെ ഏല്‍പ്പിച്ചു.

അയാള്‍ അപ്പോഴും ആ ഭംഗിയുള്ള ചിരി നിറുത്തിയിരുന്നില്ല.

പുറത്തേക്കിറങ്ങി ആദ്യം കണ്ട ഓട്ടോയില്‍ കയറിയ പ്രൊഫസര്‍ പില്ലര്‍ നമ്പര്‍ 184 എന്ന്‌ മാത്രം പറഞ്ഞു. കുറച്ച്‌ നേരങ്ങള്‍ക്ക്‌ ശേഷമുള്ള ഒരു വളവ്‌ തിരിഞ്ഞതും നിസാമുദ്ദീന്‍ പില്ലര്‍ നമ്പര്‍ 180, 181, 182, 183, 184 എന്ന്‌ എണ്ണിതീരുമ്പോഴേയ്ക്കും വണ്ടി നിന്നിരുന്നു.

ചായക്കടയെന്ന്‌ തോന്നാവുന്ന തരത്തിലുള്ള ഒരു സമോവറും കുറച്ച്‌ ചായപാത്രങ്ങളും മുന്‍വശത്തുള്ള ഒരു ചെറിയ വീട്‌. മുറ്റമെന്ന്‌ പറയാവുന്നിടത്ത്‌ അങ്ങിങ്ങായി ചിതറികിടക്കുന്ന കുറച്ച്‌ കസേരകള്‍,ഒന്നോരണ്ടോ ചെറിയ വട്ടമേശകള്‍. ഒരു ചെടിച്ചട്ടിയില്‍ വെച്ച ചുവന്ന കടലാസ്പുക്കള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു ബോഗന്‍വില്ല ബോണ്‍സായ്‌. അതിലൊരു മേശയിലേയ്ക്ക്‌ തന്റെ പത്രക്കെട്ടുകള്‍ വെച്ച്‌ പ്രൊഫസര്‍, ദീദി എന്ന്‌ നീട്ടിവിളിച്ചപ്പോൾ ആദ്യം കറുത്ത നിറത്തിലുള്ള ഒരു നായയും ശേഷം ദീദിയും പ്രതൃക്ഷപ്പെട്ടു. ബോധി എന്ന്‌ വിളിച്ചപ്പോള്‍ ആ കറുത്ത നായ പ്രൊഫസറുമായി എന്തോ ഗൗരവത്തില്‍ ചര്‍ച്ച ചെയ്യുന്നപോലെ അടുത്തേയ്ക്ക്‌ വന്നു.

നീസാമുദ്ദീന്‌ ചുറ്റും അസാധാരണമായൊരു ആനന്ദം നിറയുന്നതായി തോന്നി.

“ഇതാണ്‌ ഞങ്ങളുടെ ദീദി” പത്രങ്ങള്‍ എടുത്ത്‌കൊണ്ട്‌ പ്രൊഫസര്‍ പറഞ്ഞു.

“വരു നമുക്കോരോ ചായ കുടിക്കാം” ദീദി അവരോടായി പറഞ്ഞു.

ചായ കുടിക്കുമ്പോള്‍ പ്രൊഫസര്‍ ദീദിയോടായ്‌ പറഞ്ഞു.

“നിസാമുദ്ദീന്‍ ഇപ്പോള്‍ വായിക്കുന്ന പുസ്തകം“വാക്കിങ് വിത്ത് ദി കോമ്രേഡ്‌സ്”, അരുന്ധതി റോയിയുടെ”

ദീദി അത്‌ നാഗറാവുവിന്റെ എന്ന്‌ തിരുത്തി. അവസാനമായി വന്നപ്പോള്‍ പ്രൊഫസര്‍ യശ്പാലിന്റെ ഒരു പുസ്തകവും അരുന്ധതി റോയിയുടെ ഈ പുസ്തകവുമായാണ്‌ നാഗറാവു അന്നുവന്ന്‌ കയറിയത്‌. ആ രണ്ട്‌ പുസ്തകങ്ങളും ആ എട്ടാമത്തെ കള്ളിയിലുണ്ട്‌. ആ വീടിനോട്‌ ചേര്‍ന്ന്‌, ഒരു വിശ്രമമുറിയെന്ന്‌ തോന്നിക്കുന്ന ധാരാളം പുസ്തകഷെല്‍ഫുകള്‍ ഉള്ള തുറന്ന ഒരിടത്തേയ്ക്ക്‌ ചുണ്ടിയാണ്‌ ദീദി അങ്ങിനെ പറഞ്ഞത്‌.

അതിന്‌ മറുപടിയെന്നോണം പ്രൊഫസര്‍ ചോദിച്ചു.

“പിന്നീടെന്തെങ്കിലും വിവരം?” കുറച്ച്‌ നേരത്തിന്‌ ശേഷം ”വരുമായിരിക്കും” എന്ന്‌ മാത്രം പറഞ്ഞു.

അതിന്‌ മറുപടിയായ്‌ ദീദി “വരുമായിരിക്കും” എന്ന്‌ മാത്രം പറഞ്ഞു.

(തെലുങ്ക്‌ കവി നാഗറാവുവിനെ കുറിച്ച്‌ ലോകത്ത്‌ ആര്‍ക്കും ഒരു
വിവരവുമില്ല).

ഞങ്ങള്‍ മലയാളികള്‍ക്ക്‌ കൊല്‍ക്കത്തയില്‍ ഒരു ദീദിയേ അറിയു എന്ന്‌ നിസാമുദ്ദീന്‍ ചായ കുടിച്ച്‌ കൊണ്ട്‌ ഒരു തമാശ പറഞ്ഞു. ആരും ചിരിക്കാതെ പോയ ക്രൂരമായൊരു തമാശയായിരുന്നു അത്‌. പ്രൊഫസര്‍ അപ്പോള്‍ പത്രത്തില്‍ ശാരദാചിട്ടി കുംഭകോണത്തെ പറ്റിയുള്ള ഒരു വാര്‍ത്ത വായിക്കുകയായിരുന്നു.ബോധി നടന്ന്‌ പുറത്തേയ്ക്ക്‌ പോയി. (കുറച്ച്‌ സമയത്തിന്‌ ശേഷം തിരിച്ചു വരാനുള്ള പോക്കാണെന്ന്‌ ദീദിയ്ക്കും പ്രൊഫസര്‍ക്കും മാത്രം മനസിലായി അപ്പോള്‍) എന്താണ്‌ കൊല്‍ക്കത്തയില്‍ പരിപാടികള്‍ എന്ന്‌ മാത്രം ദീദി ചോദിച്ചു.

ഞാന്‍ നിസാമുദ്ദീന്‍ കേരളത്തില്‍ നിന്നാണ്‌. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ജെന്‍ഡര്‍ എക്കണോമിക്സില്‍ പിഹെച്ച്ഡി ചെയ്തു കൊണ്ടിരിക്കുന്നു. സുഹൃത്ത്‌ ശാന്തിനികേതനില്‍ “ബാവുള്‍ സംഗീതവും സാന്താള്‍ വംശവും” എന്ന വിഷയത്തില്‍ ഗവേഷണം ചെയ്യുന്നുണ്ട്‌.അവരുടെ ഗൈഡ്‌ പ്രൊഫസര്‍ ബിഷ്ണുദാസ്‌ ഇപ്പോള്‍ യൂഎപിഎ പ്രകാരം നാഗ്പൂര്‍ ജയിലിലാണ്‌.ആരോഗ്യനില അപകടാവസ്ഥയിലാണ്‌. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍, ചില സുഹൃത്തുക്കള്‍ എന്നിവരെ കണ്ടതിന്‌ ശേഷമാണ്‌ ഞാനിങ്ങോട്ട്‌ വരുന്നത്‌.സുഹൃത്തിന്റെ ചില പേപ്പര്‍വര്‍ക്കുകള്‍ക്ക്‌ സഹായിക്കാനുണ്ട്‌. കുറച്ച്‌ ബാവൂള്‍ സംഗീതജ്ഞരുടെ ഗ്രാമങ്ങളിലേയ്ക്ക്‌ ഒരുമിച്ച്‌ യാത്രചെയ്യണം. കുറച്ച്‌ സുഹൃത്തുക്കളെ കാണാനുണ്ട്‌.

ബോധി അപ്പോള്‍ ദീദിയേയും, ദീദി അപ്പോള്‍ പ്രൊഫസറേയും, പ്രൊഫസര്‍ അപ്പോള്‍ നിസാമുദ്ദീനേയും നോക്കിയിരുന്നു.

നിസാമുദ്ധീൻ അപ്പോൾ ഞാൻ “കുറ്റവും ശിക്ഷയും” വായിച്ചിട്ടില്ലെന്ന് പറഞ്ഞ ശേഷം,പ്രൊഫസര്‍ക്ക്‌ പിന്നാലെ നിസാമുദ്ദീന്‍ ആ വീടിനോട്‌ ചേര്‍ന്ന വിശ്രമമുറിയിലേയ്ക്ക്‌ നടന്നപ്പോള്‍ ധാരാളം പുസ്തകങ്ങള്‍ ഭംഗിയായി ഷെല്‍ഫിലിരിക്കുന്നു. വായിക്കാന്‍ തോന്നുന്ന സ്വകാര്യത നിറഞ്ഞ തുറന്ന ഒരിടം.

ഇത്‌ ചായ കുടിക്കാനുള്ള സ്ഥലം മാത്രമല്ല, ഇത്‌ പുസ്തകം വായിക്കാനുള്ള സ്ഥലം മാത്രമല്ല, ഇത്‌ വാക്കുകളും സ്വപ്നങ്ങളും പൂക്കുന്ന ഒരു ഇടം കൂടിയാണ്‌. പലഭാഗത്ത്‌ നിന്നും ആളുകള്‍ വരുന്നു. പല പുസ്തകങ്ങളും ഇവിടെ വെച്ച്‌ വായിക്കുന്നു. പുസ്തകങ്ങള്‍ ഇവിടെ തന്നെ വെയ്ക്കുന്നു. ചര്‍ച്ചചെയ്യുന്നു. ചായ കുടിക്കുന്നു. അവരില്‍ രാഷ്ട്രീയക്കാര്‍, കവികള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍,വിദ്യാര്‍ത്ഥികള്‍, പ്രൊഫസര്‍മാര്‍, സിനിമാക്കാര്‍, കള്ളന്‍മാര്‍, പോലീസ്‌ ചാരന്‍മാര്‍ എല്ലാവരുമുണ്ട്‌.

നിസാമുദ്ദീന്‌ തനിക്കുചുറ്റും അസാധാരണമായ ഒരു ആനന്ദം നിറയുന്നതായി തോന്നി.

അയാള്‍ ഒരു പുസ്തകമെടുത്തു.

അതിന്റെ പുറംചട്ടയില്‍ തുറന്നിരിക്കുന്ന ഒറ്റകണ്ണ്‌ മാത്രമായിരുന്നു.’പ്രത്യയശാസ്ത്രനിദ്ര’ എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്‌. താഴെ പ്രൊഫ.യശ്പാല്‍ എന്നും വായിച്ചു. അയാള്‍ അറിയാതെ 8-ാം നമ്പര്‍ എന്ന്‌ ഉറക്കെയും നാഗറാവു എന്ന്‌ വളരെ പതുക്കെ മനസിലും പറഞ്ഞു.

(തെലുങ്ക്‌ കവി നാഗാറാവുവിനെ കുറിച്ച്‌ ലോകത്ത്‌ ആര്‍ക്കും ഒരു വിവരവുമില്ല.)

“ശ്വാസംമുട്ടാതെ നമുക്ക്‌ ഈ പുസ്തകം വായിച്ചു തീര്‍ക്കാനാവില്ല” എന്ന്‌ പറഞ്ഞ്‌ പ്രൊഫസര്‍ ഒരു പുസ്തകമെടുത്ത്‌ വായിക്കാനായിരുന്നു. അതില്‍ കളേഴ്സ് ഓഫ് ദി കേജ്‌ (colours of the cage) എന്ന്‌ ബ്ലാക്ക്‌ ആന്റ്‌ വൈറ്റിലും എ പ്രിസൺ മെമ്മോയിർ ബൈ അരുൺ ഫെറാറിയ (A prison memoir by Arun Ferreira) എന്നത്‌ ചുവപ്പ്‌ നിറത്തിലും എഴുതിയിരുന്നു.

അപ്പോഴേയ്ക്കും ദീദി വരികയും 10 ആം കള്ളിയില്‍ “യുദ്ധവും സമാധാനവും”, അതിന്‌ താഴെ “കുറ്റവും ശിക്ഷയും” മാത്രം ഇരിക്കുന്നത്‌ കാണിച്ചുകൊടുത്തു. ഇതാണ്‌ നിസാമുദ്ദീന്‍ നിനക്കുള്ളത്‌.

പക്ഷെ ഒറ്റ പുസ്തകം മാത്രമായിരിക്കുന്ന 9 മത്തെ കള്ളിയില്‍ നിസാമുദ്ദീന്‍ നിന്ന്‌ പോയി. ഒറ്റപുസ്തകം മാത്രം. വെളുത്ത പുറംചട്ടയില്‍ കൊഴിഞ്ഞ്‌ വീണ ഏതോ ഒരു വയലറ്റ്‌ പൂവ്‌ മാത്രം, താഴെ അന്ന എന്ന്‌ മാത്രം
എഴുതിയിരിക്കുന്നു.

അയാള്‍ അന്ന എന്ന്‌ മാത്രം വായിച്ചു.

പ്രൊഫസര്‍ അതിന്‌ മറുപടിയെന്നോണം “ആരുടെ?”

“ടോള്‍സ്റ്റോയ്ടേയോ അതോ ദസ്തേവസ്കിയുടേയോ? ആരുടേതായാലും ലോകത്തിലെ ഏറ്റവും മനോഹരമായ പേരാണത്‌ – അന്ന”

അല്ല ഇത്‌ പുസ്തകത്തിന്റെ പേരാണോ? എഴുതിയ ആളിന്റെ പേരാണോ എന്ന്‌ ചോദിച്ച്‌ നിസാമുദ്ദീന്‍ അത്‌ വളരെ ഭംഗിയോടെ (അങ്ങിനെ മാത്രമേ ആ പുസ്തകം തുറക്കാന്‍ പറ്റു) ആ പുസ്തകം തുറന്നു.

എന്നില്‍ കുളിരായ്‌ പെയ്യാന്‍

ആകാശമായ്‌ മാറിയവര്‍ക്ക്‌

പൗര്‍ണമി രാത്രിയില്‍ പാടാന്‍

ഞാനൊരു ബാവൂള്‍ ഗീതമെങ്കിലും

കരുതി വെക്കണ്ടെ,

തീ പിടിച്ചൊരു വാക്ക്‌.

മനുഷ്യര്‍ മനുഷ്യരെ കണ്ടെത്തുമെന്നുള്ള

ഒരു സ്വപ്നമെങ്കിലും.

എന്റെ ആകാശകഷ്ണത്തിലൊരു

കുഞ്ഞ്‌ നക്ഷത്രമാവുക നീ.

നിനക്ക്‌ പേര്‌

നിലാവ്‌.

അയാള്‍ക്ക്‌ അസാധാരണമായ ഒരു ആനന്ദം തനിക്ക്ചുറ്റിലും നിറയുന്നതായി തോന്നി.

ദീദി ചിരിച്ചുകൊണ്ട്‌ പറഞ്ഞു. ‘ഒൻപതാമത്തെ കള്ളി, അത്‌ ചരണിന്റേതാണ്‌.

“ഭഗവതി ചരണ്‍ വോഫ്റ*” എന്ന്‌ പ്രൊഫസര്‍ പൂരിപ്പിച്ചു.

“ഞങ്ങള്‍ അങ്ങിനെയാണ്‌ അവനെ വിളിക്കുക. അവന്‍ കവിത മാത്രമേ വായിക്കൂ. അവന്‍ കവിത വായിക്കുന്നത്‌ കാണാന്‍ എത്ര ഭംഗിയാണെന്നോ. ഓരോ കവിതയ്ക്ക്‌ ശേഷവും അവന്‍ പൊട്ടിക്കരയുമായിരുന്നു.”

അപ്പോഴേയ്ക്കും ബോധി അവിടേയ്ക്ക്‌ വന്നു. കവിതകള്‍ എല്ലാം വായിച്ച ഒരാളുടെ കണ്ണുകള്‍ പോലെ ആര്‍ദ്രമായിരുന്നു ബോധിയുടെ കണ്ണുകള്‍ അപ്പോള്‍.

“എന്തിനാണ്‌ കരയുന്നത്‌?”

“ഏത്‌ വരികളിലാണ്‌ കണ്ണീര്‍ പൊടിയുക എന്ന്‌ അവന്‌ അറിയില്ല. എപ്പൊഴാണ്‌ അങ്ങിനെ സംഭവിക്കുന്നത്‌ എന്നും അറിയില്ല. എന്തിനാണ്‌ അങ്ങിനെ കരയുന്നതെന്നും അവന്‌ അറിയില്ല.”

അങ്ങിനെയാരാണ്‌ പറഞ്ഞത്‌?

ദീദിയോ?

ബോധിയോ?

പ്രൊഫസറോ?

“ചരണ്‍ സ്നേഹത്തെ കുറിച്ച്‌ മാത്രമേ പറഞ്ഞിരുന്നുള്ളു. ദി ഫിലോസഫി ഓഫ് ലൗ (The Philosophy of Love) എന്നാണ്‌ ഞങ്ങളവനെ കുറിച്ച്‌ പറയുക.”

അനന്തരം ബോധിയും ദീദിയും പുറത്തേക്ക്‌ പോയി.

നിസാമുദ്ദീന്‍ കുറ്റവും ശിക്ഷയും പുസ്തകമെടുത്തിരുന്നു. പ്രൊഫസര്‍ കളേഴ്സ് ഓഫ് ദി കേജ്‌ എന്ന പുസ്തകത്തിലേക്ക്‌ തല കുമ്പിട്ടിരിക്കുന്നു.

ശേഷം അവിടെ നിഗുഡവും പ്രാചീനവുമായ ഒരു നിശബ്ദത പടര്‍ന്നു. നിശബ്ദതയില്‍ വാക്കുകള്‍ക്ക്‌ ചിറക്‌ മുളക്കും. ഇടക്കിടക്ക്‌ ദീര്‍ഘനിശ്വാസങ്ങള്‍. അഗാധമായ ആലോചനകള്‍. വീണ്ടു നിശബ്ദത. കഠിനമായ തളര്‍ച്ചകള്‍. അപരിചിതവും വിവരിക്കാനാവാത്തതുമായ വേദനകള്‍ നിറഞ്ഞൊരു വായനാനുഭവം ആയിരുന്നു അത്‌ രണ്ടുപേര്‍ക്കും.

അനന്തരം നിസാമുദ്ദീന്‍ പറഞ്ഞു. “ശ്വാസം മുട്ടുന്നു”

പ്രൊഫസര്‍ അപ്പോഴേക്കും അരുണ്‍ ഫെറേറിയുടെ പ്രിസണ്‍ മെമ്മറീസ്‌ വായിച്ച്‌, തകര്‍ന്നിരുന്നു. അത്‌ വായിക്കുന്ന ഏതൊരു മനുഷ്യനെപ്പോലെയും.പുസ്തകത്തില്‍ നിന്ന്‌ തലയുയര്‍ത്തി പ്രഫസര്‍ ചോദിച്ചു. “ശരിക്കും ശ്വാസംമുട്ടിയിട്ടുണ്ടോ?”

പ്രൊഫസര്‍ ഒന്ന്‌ മന്ദഹസിച്ചതിനുശേഷം പറഞ്ഞു. “സിക്കിമിലെ ഗുരുദ്വാഗ്മാര്‍ തടാകത്തിലേക്ക്‌ പോകുന്ന വഴിയില്‍ നമുക്ക്‌ ഓക്സിജന്‍ നില കുറയും. അത്‌ ഒരു അളവുവരെ രസമാണ്‌. നാം ഇല്ല്യൂസ്ഡ്‌ ആവും. നമുക്ക്‌ ഏറ്റവും ഭംഗിയുള്ള സ്വപ്നങ്ങള്‍ കാണാം.”ചെറിയൊരു നിശബ്ദതക്കുശേഷം ചിരിച്ചുകൊണ്ട്‌ പ്രൊഫസര്‍ പറഞ്ഞു “നമുക്ക്‌ ഭംഗിയുള്ള സ്വപ്നങ്ങളെങ്കിലും കാണണം”.

വരു നമുക്ക്‌ പോകാം.

വരു നമുക്ക്‌ ശ്വാസം മുട്ടാം.

വരു നമുക്ക്‌ ഇല്ല്യുസ്ഡ്‌ ആവാം.

വരൂ നമുക്ക്‌ ഭംഗിയുള്ള സ്വപ്നങ്ങള്‍ കാണാം.

പ്രൊഫസര്‍ അങ്ങിനെയാണ്‌. പെട്ടന്നാണ്‌ എല്ലാ തീരുമാനങ്ങളും എടുക്കുന്നത്‌.
നിസാമുദ്ദീന്‍ അങ്ങിനെയാണ്‌. പെട്ടെന്നാണ്‌ എല്ലാ തീരുമാനങ്ങളും എടുക്കുന്നത്‌.

ബോധിയും ദീദിയും അവരെ യാത്രയയച്ചു.

മുന്നില്‍ പ്രൊഫസറും പിന്നാലെ നിസാമുദ്ദീനും നടന്നു.

ദീദിയും ബോധിയും പില്ലര്‍ നമ്പര്‍ 184, 183, 182, 181 എന്ന്‌ എണ്ണിയ ശേഷം ആ വളവ്‌ തിരിഞ്ഞവര്‍ പോകുന്നത്‌ വരെ നോക്കിനിന്നു.

നിസാമുദ്ദീന്‍ അപ്പോള്‍ “ബിയിംഗ്‌ മാവോയിസ്റ്റ്‌ ഈസ്‌ നോട്ട്‌ എ ക്രൈം” എന്ന കേരള ഹൈക്കോടതി വിധിയെപ്പറ്റി പറയുകയായിരുന്നു. അതിന്‌ മറുപടിയായി പ്രൊഫസര്‍ പറഞ്ഞു. “പക്ഷെ നമുക്കൊരു ശിക്ഷാ നിയമമുണ്ട്‌. നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ മെക്കാളെ പ്രഭു തയ്യാറാക്കിയത്‌. കാര്യമായ മാറ്റമൊന്നും കൂടാതെ അത്‌ ഇന്നും നിലനില്‍ക്കുന്നു. ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന സെഡിഷന്‍ ആക്ട്‌ ബ്രിട്ടനില്‍ നിര്‍ത്തലാക്കിയിട്ടും നമ്മളിന്നും കൊണ്ടു നടക്കുന്നുണ്ട്‌. കോളനി ഭരണകാലത്തേക്കാള്‍ ആര്‍ജവത്തോടെ അത്‌ നടപ്പിലാക്കുന്നുമുണ്ട്‌. 84 വയസ്സുള്ള ഫാദര്‍ സ്റ്റാന്‍സ്വാമിക്ക്‌ പാര്‍ക്കിന്‍സണ്‍സ്‌ കാരണം ഒരു ഗ്ലാസ്‌ വെള്ളം കൂട്ടിപ്പിടിച്ച്‌ കുടിക്കാന്‍ പറ്റാത്തപ്പോള്‍, ജയിലില്‍ അദ്ദേഹം ആവശ്യപ്പെട്ട ഒരു പേപ്പര്‍സ്‌ട്രോ നല്‍കാന്‍ നീതിപീഠത്തിനായിട്ടില്ല ഇതുവരെ. അതെ ഈ രാജ്യത്തിന്റെ പേര്‌ ഇന്ത്യ എന്നാണ്‌.”

അവര്‍ യാത്ര തുടര്‍ന്നു. ഭംഗിയുള്ള സ്വപ്നങ്ങളെങ്കിലും കാണാനാകണം മനുഷ്യര്‍ക്ക്‌.

എല്ലാം പതിവിലും പതിവായ രണ്ട്‌ ദിവസങ്ങള്‍ കഴിഞ്ഞതിന്‌ ശേഷമാണ്‌ ബോധി നിറുത്താതെ കുരക്കുന്നത്‌ കണ്ട്‌ ദീദി പുറത്തേക്ക്‌ വന്നത്‌. രണ്ട്‌ അപരിചതര്‍. അവര്‍ രണ്ട് ചായ ഓര്‍ഡര്‍ ചെയ്തു. ബോധി അപ്പോഴും കുരച്ചു കൊണ്ടിരുന്നു. അവര്‍ ആ കസേരയില്‍ ഇരുന്നു. ചായ കൊണ്ടുവന്നപ്പോള്‍ ഒരു പത്ര കടലാസ്‌ ദീദിക്ക്‌ കാണിച്ച്‌ കൊടുത്ത്‌ ചോദിച്ചു. “ഇവരെ അറിയുമോ” എന്നിട്ട്‌ അവര്‍ തന്നെ അത്‌ ഉറക്കെ വായിച്ചു. “ബോംബ്‌ നിര്‍മാണത്തിനിടെ മരിച്ചയാളെ തിരിച്ചറിഞ്ഞു. “ആ ഫോട്ടോയില്‍ നോക്കി ദീദി പറഞ്ഞു. ”ചരണ്‍”. അവര്‍ ഒന്നു കുടെ അവിശ്വസനീയതയോടെ ബോധിയെ നോക്കി പറഞ്ഞു. “ഭഗവതി ചരണ്‍ വോഹ്‌റ”. പക്ഷെ ആ ശബ്ദം പുറത്തേക്ക്‌ വന്നില്ല. ബോധിക്ക്‌ മാത്രം മനസ്സിലായി അത്‌.

അപ്പോഴേക്കും ആ രണ്ട്‌ പേര്‍ തങ്ങളുടെ ഐഡന്റിറ്റി കാര്‍ഡ്‌ കാണിച്ചു.

ബോധിയും ദീദിയും അതിലേക്ക്‌ ഒന്ന്‌ നോക്കുക കൂടി ചെയ്തില്ല.

“അറിയാം. ഇത്‌ ചരണ്‍. ഇവിടെ വരാറുണ്ടായിരുന്നു. കവിതകള്‍ വായിക്കും.ചായകുടിക്കും. കവിതകള്‍ വായിച്ചു കഴിഞ്ഞാല്‍ കരയാറുണ്ട്‌. അവന്‍ ഒറ്റക്കാണ്‌ വന്നിരുന്നത്‌. അവന്‍ ഒറ്റക്കാണ്‌ പോയിരുന്നത്‌. കുറേ മാസങ്ങള്‍ക്ക്‌ മുമ്പാണ്‌ അവസാനമായി കണ്ടത്‌. ചരണ്‍ സ്നേഹത്തെക്കുറിച്ച്‌ മാത്രമേ പറഞ്ഞിരുന്നുള്ളു. ദി ഫിലോസഫി ഓഫ് ലൗ എന്നാണ്‌ ഞങ്ങളവനെ കുറിച്ച്‌ പറഞ്ഞിരുന്നത്‌.”

ആരാണ്‌ ഈ ഞങ്ങള്‍?

നിങ്ങളിവിടെ എന്താണ്‌ ചെയ്യുന്നത്‌?

ഇവിടെ ആരൊക്കെയാണ്‌ വരുന്നത്‌?

ഇത്‌ ഒരു ചായക്കട മാത്രമാണോ? അതോ ബുക്ക്സ്റാള്‍ ആണോ?

നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഘടകം ഏതാണ്‌?

നിങ്ങള്‍ക്ക്‌ ദിശാ സാവന്നയെ അറിയുമോ?

പ്രൊഫസര്‍ ബിഷ്ണുദാസിന്റെ സ്റ്റുഡന്റ്‌, ആക്ടിവിസ്റ്റ്‌, കവയത്രി? അന്ന
എന്ന പേരില്‍ കവിതയെഴുതുന്നവള്‍?

സാവന്നയുടെ കാമുകന്‍ നിസാമുദ്ദീന്‍ എന്തിനാണ്‌ ഇങ്ങോട്ട്‌ വന്നത്‌?
ഇപ്പോള്‍ എവിടെയാണവര്‍?

ഒറ്റ ശ്വാസത്തിലെ ഇത്രയധികം ചോദ്യങ്ങളേയോ ഉത്തരങ്ങളെയോ പറ്റിയല്ല ദീദി ആലോചിച്ചത്‌. അവര്‍ ചരണിനെ പറ്റി തന്നെ ആലോചിക്കുകയായിരുന്നു.

“നിങ്ങള്‍ പറയുന്നത്‌ മറ്റൊരാള്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍, ആദ്യം ചെരുപ്പ്‌ ഊരി അടിക്കുക. പിന്നെ പറയുക എന്ന്‌ പറഞ്ഞത്‌ ബര്‍ണാഡ്‌ ഷാ ആണ്‌” എന്നാണ്‌ അവന്‍ അവസാനമായി ഇറങ്ങിപോകുമ്പോള്‍ ആരോടെന്നില്ലാതെ പറഞ്ഞത്‌.

ബോധി ദുരെ 181-ാം പില്ലര്‍ കഴിഞ്ഞ വളവിലേക്ക്‌ നോക്കിയിരിക്കുകയാണ്‌. അവസാനമായി നിസാമുദ്ദീനെ കണ്ടതവിടെയാണ്‌. അപ്പോളവന്‍ പറഞ്ഞിരുന്നത്‌ “ബിയിംഗ്‌ മാവോയിസ്റ്റ്‌ ഈസ്‌ നോട്ട്‌ എ ക്രൈം” എന്നാണെന്ന്‌ ദീദിക്കും ബോധിക്കും ഒരിക്കലും അറിയില്ലായിരുന്നു.

ആ രണ്ട്‌ പേര്‍ അപ്പോഴേക്കും വിശ്രമമുറിയെന്ന്‌ തോന്നിക്കാവുന്ന ആ മുറിയിലെ പുസ്തകങ്ങള്‍ പരിശോധിക്കാന്‍ തുടങ്ങി.

ദീദി അപ്പോള്‍ ദിശാ സാവന്ന, അന്ന, വയലറ്റ്‌ പുവ്‌ കൊഴിഞ്ഞുവീണ വെളുത്ത പുറംചട്ട എന്ന്‌ മാത്രം പറഞ്ഞു.

ഗുരുദ്വാഗ്മോര്‍ തടാകത്തിലേക്കുള്ള യാത്രയിലായിരുന്നു പ്രൊഫസറും നിസാമുദ്ദീനും. അപകടകരമല്ലാത്ത വിധം ഓക്സിജന്‍ നില താഴ്‌ന്ന 18000 അടി മുകളിലുള്ള ആ പാതയിലൂടെയുള്ള യാത്രയിലിരുവരും രാജ്യത്തിന്റെ ഭരണഘടനയെ പറ്റി മാത്രം സംസാരിച്ചിരുന്നു. രാഷ്ട്രീയ തടവുകാരെ പറ്റി മാത്രം സംസാരിച്ചു. നീതിനിര്‍വഹണത്തിന്റെ പരമിതികളെ കുറിച്ച്‌ മാത്രം സംസാരിച്ചു.മനുഷ്യാവകാശ ധ്വംസനങ്ങളെപറ്റി മാത്രം സംസാരിച്ചു. ഇടയ്ക്കിടക്ക്‌ കുറ്റവും ശിക്ഷയും എന്നു മാത്രം പറഞ്ഞു.

അവര്‍ പലപ്പോഴും മിണ്ടാതിരുന്നു. പലപ്പോഴും ദീര്‍ഘ നിശ്വാസങ്ങളെടുത്തു. നിശബ്ദതകള്‍ക്കൊടുവിലെപ്പോഴോ അവര്‍ സുന്ദര സ്വപ്നങ്ങളെ കണ്ടു. സ്വപ്നങ്ങള്‍ക്കൊടുവില്‍ അതിഭീമാകാരമായ വിചിത്രജീവികളെ കണ്ടു ഭയന്നു. പ്രൊഫസര്‍ ബിഷ്ണുദാസിനെയും വരവരറാവുവിനെയും സുധാഭരദ്വാജിനെയും ഗൗതം നൗലാഖയേയും സ്റ്റാന്‍സ്വാമിയേയും റോണാവില്‍സണേയും അരുണ്‍ ഫെറേറിയ യേയും ഹാനിബാബുവിനെ പറ്റിയും, ഇന്നാട്ടിലെ സകല അടിച്ചമര്‍ത്തപ്പെട്ടവരേയും, പൊതുധാരയില്‍ നിന്ന്‌ തുടച്ച്‌ മാറ്റപ്പെട്ടവരെ പറ്റിയും പറഞ്ഞു കൊണ്ടിരുന്നു. ചെയ്ത കുറ്റമെന്തെന്നറിയാതെ, കുറ്റപത്രമെന്തെന്ന്‌ ഇതുവരെ കാണാത്ത എന്നാല്‍ ജയിലഴികളില്‍ ഇരുന്ന്‌ പാട്ടുപാടി കൊണ്ടിരിക്കുന്ന അനേകമനേകം കുറ്റവാളികളെ കുറിച്ച്‌ മാത്രം സംസാരിച്ചു. അവര്‍ പലപ്പോഴും മിണ്ടാതിരുന്നു. അവര്‍ പലപ്പോഴും ദീര്‍ഘ നിശ്വാസങ്ങളെടുത്തു. മുറിവുകളുടെ കടുനീറ്റല്‍ അവരുടെ നിശബ്ദതകളിലുണ്ടായിരുന്നു. നിശബ്ദതക്കൊടുവില്‍ അവര്‍ സുന്ദര സ്വപ്നങ്ങള്‍ കണ്ടു. ചിലപ്പോള്‍ അവര്‍ ഭീകരസ്വപ്നങ്ങള്‍ കണ്ടു.

അങ്ങനെയൊരു സ്വപ്നമായിരുന്നോ എന്ന്‌ നിസാമുദ്ദീന്‌ ഒരിക്കലും തിരിച്ചറിയാന്‍ പറ്റിയിരുന്നില്ല. അത്രക്ക്‌ നിസാരമായാണ്‌ പ്രൊഫസറേയും നിസാമുദ്ദിനേയും മറ്റൊരു വാഹനത്തിലേക്ക്‌ കയറ്റിയതും.അതില്‍ നിറയെ തോക്ക്‌ ചൂണ്ടിയ ഉദ്യോഗസ്ഥരായിരുന്നു. എന്തിനാണ്‌ ഞങ്ങളെ പിടിച്ചതെന്ന ചോദ്യം വരുന്നതിന്‌ മുമ്പേ രണ്ട്‌ പേരെയും വെടിവെച്ചിരുന്നു. വെടി വെച്ചു കൊന്നിരുന്നു.

ആരും ‘ഹേ റാം’ എന്നു വിളിച്ചില്ല…

ആ രണ്ട്‌ പേര്‍ പുസ്തകശാലയിലെ തെരച്ചില്‍ നിറുത്തിയിരുന്നു. കുറച്ച്‌ പുസ്തകങ്ങള്‍ മാത്രമെടുത്ത്‌ പുറത്തേക്ക്‌ വന്നു. വീണു കിടക്കുന്ന വയലറ്റ്‌ പൂവുള്ള വെളുത്ത്‌ ചട്ടയുള്ള പുസ്തകമായിരുന്നു ഏറ്റവും മുകളില്‍.

“നഗരഹൃദയത്തില്‍ റവലൂഷണറി ലിറ്ററേച്ചര്‍ ബുക്ക്‌ സ്റ്റാള്‍ നടത്തുന്നതിനാണ്‌ ഇപ്പോള്‍ നിങ്ങളെ അറസ്റ്റ്‌ ചെയ്യുന്നത്‌. ബാക്കിയെല്ലാം പിന്നീട്‌” .

ദീദി ഒന്നും പറഞ്ഞതില്ല. അവര്‍ വന്ന വാഹനത്തില്‍ കയറിയിരുന്നു. ബോധിയെ ഒന്ന്‌ തിരിഞ്ഞ്‌ നോക്കിയത്‌ പോലുമില്ല. ഈ രാജ്യത്തിന്റെ പേര്‌ ഇന്ത്യയെന്നാണ്‌, ദീദി അവസാനമായി പറയുന്നുണ്ടാവുക എന്ന്‌ ബോധിക്കറിയാം.

വിശദമായ മൊഴി പകര്‍പ്പ്‌ വായിച്ച്‌ ഒപ്പിടാന്‍ മാത്രം ദീദി സമ്മതിച്ചില്ല. അത്‌ ദീദിയുടെ പ്രത്യയശാസ്ത്ര ബോധ്യം കൊണ്ടല്ല. ദീദിക്ക്‌ എഴുതാനും വായിക്കാനും അറിയില്ലായിരുന്നു. അവര്‍ നഗരത്തില്‍ ഒരു ചായക്കട മാത്രം നടത്തിയിരുന്നു.പുസ്തകങ്ങള്‍ വായിക്കാനൊരിടവും കുറെയധികം സ്‌നേഹവും മാനവികതയും മാത്രമുള്ള ഒരു സ്ത്രീ മാത്രമായിരുന്നു ദീദി.

ബോധിക്ക്‌ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അല്ലെങ്കിലും ബോധിക്ക്‌ ഒന്നും ചെയ്യാനാവുമായിരുന്നില്ല. റോഡില്‍ വാഹനങ്ങള്‍ ചീറിപ്പായുന്ന നഗരശബ്ദം ഇരമ്പലായി മാറി ബോധിയുടെ ഉള്ളില്‍. വല്ലാത്ത മന്ദത, വല്ലാത്ത ശുന്യത,വല്ലാത്തൊരു ആന്തരികമായ ഏകാന്തത. അവിടെ തന്നെ ഒറ്റയിരുപ്പ്‌ ഇരുന്ന ബോധി രാത്രിയായപ്പോള്‍ പെട്ടെന്ന്‌ കിട്ടിയൊരു വെളിപാട്‌ പോലെ 184,183,182,181 എന്നീ പില്ലറുകള്‍ കഴിഞ്ഞ്‌ വളവ്‌ തിരിഞ്ഞ്‌ റെയില്‍വെ ട്രാക്കില്‍ ചെന്നെത്തിയത്‌ ഒറ്റ ഓട്ടത്തിനായിരുന്നു. ബോധി ഓട്ടം നിര്‍ത്തിയതേയില്ല. ട്രാക്കിലൂടെ പറ്റാവുന്നത്ര വേഗതയില്‍, പറ്റാവുന്നത്ര വേഗതയില്‍. എതിര്‍ ദിശയില്‍ വരുന്നൊരു ട്രെയിന്‍ നിറുത്തിയതേയില്ല.

പിറ്റേന്ന്‌ ട്രാക്കില്‍ ചതഞ്ഞരഞ്ഞ മാംസം മാറ്റുമ്പോള്‍ ജീവനക്കാരന്‍ പറഞ്ഞു.

“ഓ ഭാഗ്യം ഒരു പട്ടിയായിരുന്നു”..

സമര്‍പ്പണം :

05.07.2021 ന്‌ ഫാദര്‍ സ്റ്റാന്‍സ്വാമിയെ കൊന്നപ്പോള്‍ സാങ്കേതികമായി ഞെട്ടിയവര്‍ക്ക്‌

“അതെ ഈ രാജ്യത്തിന്റെ പേര്‌ ഇന്ത്യയെന്നാണ്‌”.


ഭഗവതി ചരണ്‍ വോഹ്‌റ : ഇരുപത്തിയേഴാമത്തെ വയസില്‍ ബോംബ്‌ നിര്‍മാണത്തിനിടെ മരണ മടഞ്ഞ ഇന്ത്യന്‍ സ്വാതന്ത്യ സമര സേനാനി. ദി ഫിലോസഫി ഓഫ് ബോംബ് (The Philosophy of Bomb) എന്ന പ്രശസ്ത ലേഖനം എഴുതിയിട്ടുണ്ട്‌.


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsporta