മുസ്‌ലിം വിരുദ്ധതയുടെ മാലിക്

കേരളം കണ്ട ഏറ്റവും മനുഷ്യത്വ ശൂന്യമായ ക്രൂരതയിൽ നിന്ന് അന്നത്തെ ഇടതു ഭരണത്തെ രക്ഷിക്കാൻ കിണഞ്ഞു ശ്രമിക്കുമ്പോൾ ഇനിയും മറവിയിലേക്ക് മാഞ്ഞ് പോയിട്ടില്ലാത്ത 2006-2011കാലത്തെ ഭരണ കേരള ചരിത്രപശ്ചാത്തലം കൂടി പരിശോധിക്കണ്ടേതുണ്ട്.

എ എം നദ്‌വി

മുസ്‌ലിം വിരുദ്ധത നിറഞ്ഞ വംശീയ ഭാവനകളെ തിരക്കഥയിലും കഥാപാത്രങ്ങളിലും വേണ്ടുവോളം ചിത്രീകരിച്ച മാലിക് എന്ന മലയാള സിനിമ സ്വാഭാവികമായ ജനകീയവിചാരണ നേരിടുകയാണല്ലോ. ജനമനസുകളിൽ ഇന്നും തങ്ങിനിൽക്കുന്ന ഭരണകൂട ക്രൗര്യ സ്മരണകൾക്ക് മേൽ വസ്തുതാ വിരുദ്ധമായ അട്ടിമറി ആഖ്യാനങ്ങളുടെ ഘോഷയാത്രയാണ് സിനിമയിലുടനീളം.സിനിമ കേവലം ഫിക്ഷൻ മാത്രമാണെന്നും കഥയുടെ സംഭവസ്ഥാനം എവിടെയും ആകാമെന്നും ആവർത്തിച്ചു ന്യായീകരിക്കുന്ന മഹേഷ് നാരായണൻ എന്ന സംവിധായകൻ ഒരു ജന വിഭാഗത്തെക്കുറിച്ചു വെച്ചു പുലർത്തുന്ന മുൻവിധികൾ പലതും സവർണ ഹിന്ദുത്വ വാമൊഴികളായി പറഞ്ഞ് പറഞ്ഞ് പൊതുബോധത്തിൽ അടിഞ്ഞ് കൂടിയ മാലിന്യങ്ങളാണ്. പ്രധാന കഥാവസരത്തിൽ നടക്കുന്ന ബീമാപള്ളി പോലീസ് വെടിവെപ്പിൽ നിന്ന് സംഭവ യാഥാർഥ്യങ്ങളിലെ പോലീസ് അല്ലാത്തതെല്ലാം ഇല്ലായ്മ ചെയ്തു വളരുന്ന കഥനം ആർക്ക് വേണ്ടിയാണെന്ന് സിനിമയുടെ ആരംഭത്തിൽ എഴുതിക്കാണിക്കുന്ന നന്ദി പ്രസ്താവന തന്നെ വ്യക്തമാക്കുന്നുണ്ട്. ഭരണകൂടവും, ആഭ്യന്തരമന്ത്രിയുമേറ്റെടുക്കാത്ത വെടിവെപ്പിന്റെ ഉത്തരവാദിത്തം പോലീസിന്റെ തലയിൽ മാത്രം ചുമത്തി സത്യത്തിന്റെ നിറം പകരാൻ ശ്രമിച്ചെന്ന് വരുത്തുമ്പോൾ തന്നെ കുറ്റവാളികളായ കാക്കി ഗുണ്ടകളെ ശിക്ഷിക്കാത്തതെന്ത് എന്ന ചോദ്യം ഉയർന്ന് പൊങ്ങി നില്ക്കുന്നുണ്ട്. മുക്കിയ ജുഡീഷ്യൽ കമ്മിഷൻ റിപോർട്ടും അപൂർണമായ നഷ്ടപരിഹാര വാഗ്ദാനങ്ങളും ഇനിയും അനുഭവിച്ചു തീരാത്ത ഇരകളുടെ വേദനകളും അടങ്ങുന്ന ഭരണവർഗ ചതികളുടെ തുടർച്ചയാണ് തങ്ങളുടെ ഭാഗം വെളുപ്പിച്ചെടുക്കാൻ നന്ദി പറഞ്ഞ് പണിയെടുക്കുന്ന ചലച്ചിത്ര പോലീസ് അവതാരമായി നിസ്സഹായരായ ബീമാപള്ളി മുസ്‌ലിംകളുടെ നേരെ വീണ്ടും വെടിയുതിർക്കുന്ന മഹേഷ്. തിരുവനന്തപുരം നഗരപരിസരത്തെ മുസ്‌ലിം ജീവിതത്തെ അവിഹിത സമ്പാദ്യത്തിന്റെയും,പള്ളിയും മഹല്ല് കമ്മിറ്റിയും ഇമാമുമെല്ലാം പിന്തുണക്കുന്ന വർഗീയ സംഘർഷ മനസ്സിന്റെയും അതിൽ നിന്നുണ്ടാവുന്ന സാമൂഹ്യ വിരുദ്ധ പ്രവണതകളുടെയും പരിഛേദമായി ചിത്രീകരിക്കാനും അതിന്റെ പരിണതിയാണ് ബീമാപള്ളി പോലീസ് വെടിവെപ്പ് എന്നും പറഞ്ഞ് സ്ഥാപിക്കുന്ന സംവിധായകന്റെ കുടിലതയെ രാഷ്ട്രീയവുമായി കൂട്ടിയിണക്കുന്ന ആ വക്രദൃഷ്ടിയെയാണ് മലയാള പ്രേക്ഷകർ തിരിച്ചറിയേണ്ടത്. റമദാ പള്ളിയും അലിക്കയും സുലൈമാനും അടങ്ങുന്ന മുസ്‌ലിം പരിസര സജ്ജീകരണം കാഴ്ചയിൽ ഉണ്ടാക്കുന്ന മുസ്‌ലിം വിരുദ്ധ വികാരനിർമിതി ആരെയൊക്കെ ആനന്ദിപ്പിക്കുന്നുണ്ടെന്ന് സമകാലിക കേരള സാമൂഹ്യാന്തരീക്ഷം നിരീക്ഷിക്കുന്നവർക്കെല്ലാം എളുപ്പത്തിൽ ഉത്തരം കിട്ടും.

2009 മേയ് 17 ന് വി.എസിന്റെയും കോടിയേരിയുടെയും പോലീസ് ഒരു പ്രകോപനവുമില്ലാതെ നിഷ്ഠൂരമായി വെടിവെച്ചു കൊന്ന നിസ്സഹായരായ ബീമാപള്ളി മുസ്‌ലിംകളെ ആവർത്തിച്ച് അപമാനിക്കുന്നതാണ് വിവാദമായ മാലിക്. നിരപരാധികളായ നിരവധിയാളുകൾ പോലിസ് വെടിവെപ്പിൽ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് കുറ്റക്കാരും ‘കലാപ’കാരികളുമായി മുസ്‌ലിം രാഷ്ട്രീയത്തെ സൂത്രത്തിൽ പ്രതിഷ്ഠിക്കുന്ന തരത്തിൽ വളച്ചൊടിക്കപ്പെട്ട വസ്തുതകളുടെ ശവപ്പറമ്പാണ് മഹേഷ് നാരായണൻ ചിത്രം.

കേരളം കണ്ട ഏറ്റവും മനുഷ്യത്വ ശൂന്യമായ ക്രൂരതയിൽ നിന്ന് അന്നത്തെ ഇടതു ഭരണത്തെ രക്ഷിക്കാൻ കിണഞ്ഞു ശ്രമിക്കുമ്പോൾ ഇനിയും മറവിയിലേക്ക് മാഞ്ഞ് പോയിട്ടില്ലാത്ത 2006-2011കാലത്തെ ഭരണ കേരള ചരിത്രപശ്ചാത്തലം കൂടി പരിശോധിക്കണ്ടേതുണ്ട്. മുഖ്യമന്ത്രി പിണറായിക്ക് നന്ദി പ്രകാശിപ്പിച്ച് ദൃശ്യങ്ങളിലേക്ക് പ്രവേശിക്കുന്ന പ്രേക്ഷകനെ സംവിധായകൻ ധരിപ്പിക്കാൻ ശ്രമം നടത്തുന്നത് എന്താണെന്ന് അപ്പോൾ മനസിലാവും.

  • 2006 ആഗസ്റ്റ് 15 നാണ് സ്വതന്ത്ര്യദിന സെമിനാറിൽ പങ്കെടുക്കാനെത്തിയ 18 മുസ്‌ലിം യുവാക്കളെ സിമി ബന്ധമാരോപിച്ചു അറസ്റ്റ് ചെയ്തു ജയിലിലടച്ച്, കെട്ടിച്ചമച്ച ഭീകരവാദ കേസ് ചുമത്തിയത്. പിന്നീട് കേസ് എൻ.ഐ.എക്ക് വിട്ടു കൊടുത്തു. മൂന്ന് ഏജൻസികൾ ആവർത്തിച്ചന്വേഷിച്ചു പടച്ചുണ്ടാക്കിയ കള്ളസാക്ഷികളും വ്യാജ രേഖകളും കേരള ഹൈക്കോടതിയിൽ സത്യത്തിന്റെ പിൻബലമില്ലാതെ തകർന്നു വീണു പരാജയപ്പെടുകയായിരുന്നു. അങ്ങനെ അന്യായമായി ജയിലിലാക്കപ്പെട്ട നിരപരാധികൾ മൂന്നരക്കൊല്ലം കഴിഞ്ഞ് കുറ്റവിമുക്തരാക്കപ്പെട്ടു.
  • 2009 മെയ് 17 നാണ് ബീമാപള്ളി പോലീസ് വെടിവെപ്പുണ്ടായത്. കേരളത്തിലുണ്ടായ പോലീസ് വെടിവെപ്പുകളിൽ ഏറ്റവുമധികം ആളുകൾക്ക് മനുഷ്യജീവൻ നഷ്ടപ്പെട്ടും പരിക്കുകളേറ്റും ഭയാനകമായ നാശനഷ്ടങ്ങളുണ്ടാക്കിയ പോലീസ് ഭീകരതയെ CPM സർക്കാർ തത്വത്തിൽ ന്യായീകരിക്കുകയും കുറ്റവാളികളായ പോലീസുകാരെ സംരക്ഷിക്കുകയുമായിരുന്നു. ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് പൂഴ്ത്തി വെച്ചും, പോലീസ് ന്യായത്തിന് മൗനസമ്മതം നൽകിയും ദുർബലരും മത്സ്യത്തൊഴിലാളി മുസ്‌ലിംകളുമായ ബീമാപള്ളിക്കാരോട് ക്രൂരത തുടരുകയായിരുന്നു.
  • 2007 ൽ 9 വർഷത്തെ കഠിന തടവിന് ശേഷം കോയമ്പത്തൂർ സ്ഫോടന കേസിൽ നിരുപാധികം വിട്ടയക്കപ്പെട്ട മഅദനിയെ 2010 ആഗസ്റ്റ് 17- റമദാൻ 7 ന്റെ പട്ടാപ്പകലിൽ കർണാടക പോലീസിന് കൈമാറി ഇനിയും തീരാത്ത പീഢനങ്ങൾക്കും നാടുകടത്തലിനും നേതൃത്വംനൽകി. കേരളത്തിലുണ്ടായിരുന്ന മൂന്ന് വർഷവും പോലീസ് സുരക്ഷയിൽ കഴിഞ്ഞ മഅദനിയുടെ മേൽ ഉന്നയിച്ച കള്ളക്കേസിലെ പൊരുത്തക്കേടുകൾക്കും,അസ്വാഭാവികതക്കും നേരെ കണ്ണടച്ചു.

20 വർഷം കൊണ്ട് ഇന്ത്യയെ ഇസ്ലാമികരാജ്യമാക്കി മാറ്റാൻ ശ്രമങ്ങൾ നടക്കുന്നു എന്ന പച്ചനുണ നിയമസഭയിൽ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദൻ തട്ടിവിട്ടതും മലപ്പുറത്തെ കുട്ടികൾ SSLC വിജയിക്കുന്നത് കോപ്പിയടിച്ചാണെന്നും പരസ്യമായി പറഞ്ഞ് പുതുതലമുറയെപ്പോലും അപമാനിച്ചതുമടക്കം ആവർത്തിച്ചുള്ള മുസ്‌ലിം വിരുദ്ധതയുടെ ഉദാഹരണങ്ങൾ നിറഞ്ഞതാണ് അക്കാലം.

പകൽ വെളിച്ചത്തിൽ വ്യക്തമായ ഭരണകൂട ഭീകര കൃത്യത്തിന്റെ കുറ്റം മുസ്‌ലിം രാഷ്ട്രീയ കക്ഷിയുടെ മേലിട്ട് ഫിക്ഷന്റെ ആനുകൂല്യത്തിൽ ഇടതുപക്ഷത്തെ വെള്ളപൂശിയെടുക്കുന്ന മഹേഷ് നാരായണൻ തികച്ചും വാസ്തവ വിരുദ്ധമായിട്ടാണ് ഒരു പ്രത്യേക ജനവിഭാഗത്തെ ബോധപൂർവം ഇവിടെ പ്രതിക്കൂട്ടിൽ നിർത്തുന്നത്. തുടക്കത്തിലെ കാണിച്ച നന്ദി പ്രസ്താവനയുടെ വിശദീകരണമാണ് അഭ്രപാളിയിലെ വംശീയാധിക്ഷേപക്കാഴ്ചകൾ എന്ന് പറയാവുന്ന വിധം 2009 ലെ സംസ്ഥാന ഭരണത്തെയും ആഭ്യന്തര വകുപ്പിനെയും മന്ത്രിയെയും സമർഥമായി മറച്ചു പിടിക്കുന്നുണ്ട് ‘മാലിക്’ സംവിധായകൻ.


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal