ഡൽഹി ഹൈക്കോടതി വിധിയും യുഎപിഎ കേസുകളും

“ഭരണകൂടത്തെ അസ്ഥിരപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ഒന്നാണ് തീവ്രവാദം, ദില്ലി പോലുള്ള ഒരു വലിയ നഗരത്തിന്റെ ഒരു ഭാഗത്ത് സംഭവിക്കുന്ന അക്രമങ്ങൾ ഭരണകൂടത്തെ അസ്ഥിരപ്പെടുത്തുന്നതിന് തുല്യമല്ല, അതിനാൽ അത് തീവ്രവാദത്തിന് തുല്യമല്ല. അക്രമത്തിൽ ഏർപ്പെടുന്ന അല്ലെങ്കിൽ പ്രകോപിപ്പിക്കുന്നവരെ തീർച്ചയായും പീനൽ കോഡ് പ്രകാരം വിചാരണ ചെയ്യാൻ കഴിയും, അത് പക്ഷേ യു‌എ‌പി‌എയ്ക്ക് കീഴിലല്ല”എന്നും ഡൽഹി ഹൈക്കോടതി വിലയിരുത്തുന്നു.


മൊഴിമാറ്റം : പ്രവീൺ

ഏതാനും നാളുകൾക്ക് മുമ്പ് ജയിൽ മോചിതരായ നതാഷ നർവാൾ, ദേവാങ്കണ കലിത, ആസിഫ് ഇക്ബാൽ തൻഹ എന്നിവരുടെ കേസിലെ വിധിന്യായങ്ങൾ അല്പം ആശ്വാസം നൽകുന്നതാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിയമവിരുദ്ധ പ്രവർത്തന തടയൽ നിയമം (യു‌എ‌പി‌എ), രാജ്യദ്രോഹം, എഫ്‌സി‌ആർഎ(FCRA), എൻഎസ്‌എ(NSA), എ‌എഫ്‌എസ്‌പിഎ(AFSPA) പോലുള്ള നിയമങ്ങള്‍ ഇന്ത്യൻ സിവിൽ സമൂഹത്തെ വലിയ രീതിയില്‍ അപകടപ്പെടുത്തിയിരിക്കുകയാണ് . ജാമ്യം ലഭിക്കാനുള്ള സാധ്യത വളരെ കുറവായ യുഎപിഎ നിയമം ഇന്ത്യയില്‍ വളരെ വ്യാപകമായാണ് അടുത്ത കാലത്ത് പ്രയോഗിച്ചിട്ടുള്ളത് . ഭീമ കൊറേഗാവ് കേസ്, അഖിൽ ഗോഗോയ് കേസ്, സമീപകാലത്തെ ആന്ധ്ര തെലങ്കാന അറസ്റ്റുകൾ, ഹത്രാസ് ബലാത്സംഗ കേസ്, ദില്ലി സി‌എ‌എ-എൻ‌ആർ‌സി കേസുകൾ, റിലയൻസ് വർക്കേഴ്സ് കേസുകൾ, ജാർഖണ്ഡ് ആദിവാസി കേസുകൾ തുടങ്ങിയവയിൽ ഇത് അനാവശ്യമായി ഉപയോഗിച്ചിട്ടുണ്ട് .

സുപ്രീം കോടതിയുടെ (2019) സഹൂർ വതാലി കേസിലെ വിധിന്യായത്തോടെയാണ് യുഎപിഎ കേസുകളിലെ ജാമ്യം ഫലത്തിൽ അസാധ്യമായി തീര്‍ന്നത് . ഈ പശ്ചാത്തലത്തിലാണ് ദില്ലി ഹൈക്കോടതിയുടെ വിധി അറസ്റ്റിലായവർക്ക് മാത്രമല്ല, സിവിൽ സമൂഹത്തിന് മൊത്തത്തിൽ ഉപകാരവും ആശ്വാസവും നൽകുന്നത്. മാസങ്ങൾ നീണ്ടുനിന്ന ഷഹീൻ ബാഗ് സമരം ദില്ലിയിലും രാജ്യത്തുടനീളവും സ്ത്രീകളും വിദ്യാർത്ഥികളും സമാധാനപരമായാണ് നയിച്ചത് . സമരത്തിന്‍റെ ഇടയ്ക്കുണ്ടായ കലാപത്തെ കുറിച്ച് നിഷ്പക്ഷ നിരീക്ഷകരുടെ അഭിപ്രായത്തിൽ കാവി ബ്രിഗേഡ് ആരംഭിച്ച കലാപത്തെ പോലീസ് സഹായിച്ചു എന്നാണ് . പക്ഷെ കലാപം നടത്താനായി ഗൂഡാലോചന നടത്തിയവരായി അധികൃതർ ചിത്രീകരിച്ചത് ചില മുസ്ലീം ഗ്രൂപ്പുകളെയും വിദ്യാർത്ഥികളെയുമാണ്‌ . ഇതിനെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും സമാധാനപാരമായി സമരം നടത്തിയെവർക്ക് എതിരെയാണ് ഭരണകൂടം കേസ് എടുത്തത്. പൊതുവായി സമരത്തിൽ പങ്കെടുത്തവർക്ക് നേരെയുള്ള എഫ്‌ഐ‌ആറുകൾ‌ക്ക് പുറമെ പുതിയ എഫ്‌ഐ‌ആർ ഇട്ട് 2020 ല്‍ എഫ്‌ഐ‌ആർ നമ്പർ 49 പ്രകാരം നതാഷ, ദേവാങ്കണ, ആസിഫ് എന്നീ വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. തുടക്കത്തിൽ കുറ്റങ്ങൾ സാധാരണ ക്രിമിനൽ നിയമത്തിന് കീഴിലായിരുന്നെങ്കിലും പിന്നീട് യു‌എ‌പി‌എയുടെ തീവ്രവാദ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന 15, 17, 18 വകുപ്പുകൾ ഇവർക്കെതിരെ ചുമത്തി.

ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) അന്വേഷണം ഏറ്റെടുക്കുകയും പ്രത്യേക കോടതി ജാമ്യം നിരസിക്കുകയും ചെയ്തു. ഹൈക്കോടതിയിൽ ഫയൽ ചെയ്ത അപ്പീലാണ് 2021 ജൂൺ 15 ന്റെ വിധിന്യായങ്ങളിലേക്ക് നയിച്ചത്.

ഈ കേസില്‍ മൂന്ന് വ്യത്യസ്ത വിധിന്യായങ്ങളുണ്ട്. ആസിഫിന്റെ കേസിൽ നൽകിയിട്ടുള്ളത് അതില്‍ വളരെ പ്രധാനപ്പെട്ടതാണ്. വിധിന്യായങ്ങൾ മൂലം ഈ കേസില്‍ ജാമ്യം അനുവദിക്കുകയും വിചാരണ തുടരുകയും ചെയ്യുന്ന സ്ഥിതി ഉണ്ടായെങ്കിലും അവയുടെ പ്രാധാന്യവും ഈ കേസിലേക്ക് മാത്രം ഒതുക്കി കാണാൻ കഴിയില്ല. ചെറുപ്പക്കാരും സാമൂഹിക ബോധമുള്ള വിദ്യാർത്ഥികളും ഒടുവിൽ സ്വാതന്ത്ര്യരായതിൽ നമ്മളിൽ പലരും സന്തോഷിക്കുന്നുണ്ട് . എന്നിരുന്നാലും, വിധിന്യായങ്ങൾ ഇതിനപ്പുറത്തേക്ക് പോകുന്നു, ഈ വിധിന്യായങ്ങൾ തുറന്ന അവസരങ്ങൾ വളരെ വലുതാണ്. ഈ സന്ദർഭമാണ് ഇവിടെ പരിശോധിക്കാൻ ആഗ്രഹിക്കുന്നത്.

ഈ വിധിന്യായങ്ങളുടെ പ്രാധാന്യം അവയുടെ നിയമപ്രാധാന്യം , യുക്തി, സർഗ്ഗാത്മകത എന്നിവയിലാണ്. വിധിന്യായങ്ങളിൽ വസ്തുതകൾ വിശദമായി ചർച്ചചെയ്യുമ്പോൾ, പ്രതികളാരും പ്രഥമദൃഷ്ട്യാ ഏതെങ്കിലും തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നില്ലെന്ന് കണ്ടെത്തുന്നു. എന്നാൽ ഇവിടെ, കേസിന്റെ പ്രത്യേകതകൾക്കതീതമായ ചില വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ആദ്യം, യു‌എ‌പി‌എയുടെ സന്ദർഭവും ലക്ഷ്യവും. ഭരണഘടനയുടെ ഏഴാം പട്ടികയിലെ ഒന്നാം ലിസ്റ്റിൽ എൻ‌ട്രി 1 ലേക്ക്‌ മടങ്ങിപ്പോയി മാത്രമേ ഇന്ത്യൻ‌ പാർലമെന്റിന് ഈ നിയമം നടപ്പിലാക്കാൻ കഴിയുമായിരുന്നുള്ളൂ എന്നാണ് യു‌എ‌പി‌എയുടെ ചരിത്രത്തിലേക്ക് കടന്ന് ദില്ലി ഹൈക്കോടതി എത്തിച്ചേർന്ന നിഗമനം. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നിയമനിർമ്മാണ അധികാരങ്ങളുടെ വിഭജനമാണ് പട്ടിക ഏഴ് വിശദീകരിക്കുന്നത്. നിയമങ്ങൾ നടപ്പാക്കാൻ പാർലമെന്റിന് അധികാരമുള്ള വിഷയങ്ങൾ ലിസ്റ്റ് 1 കൈകാര്യം ചെയ്യുന്നു. ഈ ലിസ്റ്റിലെ എൻ‌ട്രി 1 ഇന്ത്യയുടെ പ്രതിരോധവും അനുബന്ധ വിഷയങ്ങളുമായും ബന്ധപ്പെട്ടതാണ്. ലിസ്റ്റ് 2 (സംസ്ഥാന ലിസ്റ്റ്)ന്റെ എൻ‌ട്രി 2 പൊതു സമാധാനം കൈകാര്യം ചെയ്യുന്നു. സാധാരണ ക്രമസമാധാന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഒരു നിയമനിർമ്മാണം പാർലമെന്റിന് പാസാക്കാൻ കഴിയാത്തതിനാൽ (സംസ്ഥാന നിയമസഭയ്ക്ക് മാത്രമേ ഇത് നടപ്പിലാക്കാൻ കഴിയൂ), ഇന്ത്യയുടെ പ്രതിരോധത്തിന് ഭീഷണിയായ സാഹചര്യങ്ങളിൽ മാത്രമാണ് യു‌എ‌പി‌എയെ വ്യാഖ്യാനിക്കേണ്ടത് എന്നും ക്രമസമാധാനപാലനത്തിന്റെയോ പൊതുസമാധാനത്തിന്റെയോ സാഹചര്യങ്ങളിൽ അല്ലെന്നും കോടതി സൂചിപ്പിച്ചു.

അതിനാൽ കോടതി നിരീക്ഷിക്കുന്നത്:

“ഞങ്ങളുടെ അഭിപ്രായത്തിൽ യു‌എ‌പി‌എ നടപ്പാക്കുന്നതിൽ പാർലമെന്റിന്റെ ഉദ്ദേശ്യവും ലക്ഷ്യവും കൂടുതല്‍ വ്യക്തമാകുന്നത് 2004,2008 വർഷങ്ങളിൽ ഭീകരപ്രവർത്തനത്തെ അതിന്റെ പരിധിയിൽ കൊണ്ടുവന്ന് ഭേദഗതി ചെയ്തതിലൂടെയാണ്. ഇന്ത്യയുടെ പ്രതിരോധവുമായി ബന്ധപ്പെട്ട് ആഴത്തിൽ ബാധിക്കുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് വേണ്ടിയായിരുന്നു ആ ഭേദഗതികള്‍ . അതിൽ കൂടുതലോ കുറവോ ഇല്ലായിരുന്നു. ഇത് കൂടാതെ, നിയമത്തെ പാർലമെന്റിന്റെ നിയമ നിർമാണ പരിധിക്കുള്ളിൽ കൊണ്ടുവരുന്ന എൻട്രികളായ ഭരണഘടനയുടെ ഏഴാം പട്ടികയിലെ ലിസ്റ്റ് 1ലെ ഇന്ത്യയുടെ പ്രതിരോധത്തെ സംബന്ധിച്ച എൻട്രി 1, പ്രതിരോധവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ സംബന്ധിച്ച എൻട്രി 93 എന്നിവയെ ഒരുമിച്ച് പരിഗണിക്കാതെ പാർലമെന്റിന് ഈ നിയമം പാസാക്കാൻ കഴിയുമായിരുന്നില്ല. സാധാരണമായ മറ്റ് കുറ്റകൃത്യങ്ങൾ, എത്ര ഗുരുതരമോ, അതിരുകടന്നതോ, അവയുടെ സ്വഭാവത്തിലും വ്യാപ്തിയിലും എത്ര ഗുരുതരമാണെങ്കിലും യു‌എ‌പി‌എക്ക് കീഴിൽ കൊണ്ടുവരിക എന്നത് യു‌എ‌പി‌എ പാസാക്കിയതിന്റെ ഉദേശമായിരുന്നില്ല, കാരണം അത്തരം പരമ്പരാഗത കാര്യങ്ങൾ നമ്മുടെ ഭരണഘടനയുടെ ഏഴാമത്തെ ഷെഡ്യൂളിലെ ലിസ്റ്റ്- II (സ്റ്റേറ്റ് ലിസ്റ്റ്)ലെ എൻട്രി 1 ലോ അല്ലെങ്കിൽ ലിസ്റ്റ് -3 (കൺകറന്റ് ലിസ്റ്റ്) ന്റെ എൻട്രി 1 ലോ ഉൾപ്പെടുമായിരുന്നു. യു‌എ‌പി‌എയുടെ സെക്ഷൻ 15,17,18 എന്നിവയിലെ വകുപ്പുകളുടെ ഭരണഘടനാപരമായ സാധുതക്ക് അനുകൂലമാകുന്നതിന് വേണ്ടി പാർലമെന്റ് അതിന്റെ നിയമ നിർമാണ പരിധിക്കുള്ളിൽ നിന്ന് പ്രവർത്തിച്ചുവെന്നും 2004ലും 2008ലും ഇന്ത്യയുടെ പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അഭിമുഖീകരിക്കുന്നതിന് വേണ്ടിയാണ് യു‌എ‌പി‌എ നിർമിച്ചതും ഭേദഗതി ചെയ്തതുമെന്ന് പരിഗണിക്കേണ്ടതുണ്ട്.”

അതിനാൽ, രാജ്യത്തിന്റെ സ്ഥിരതയെ ബാധിക്കുന്ന തരത്തിൽ കഠിനമായ കേസുകളിൽ മാത്രമേ യു‌എ‌പി‌എ ബാധകമാകൂ എന്ന സുപ്രധാന നിഗമനത്തിലാണ് കോടതി എത്തുന്നത്.

മുകളിൽ പറഞ്ഞവയിൽ നിന്ന് രണ്ടാമത്തെ കാര്യം, നതാഷ, ദേവാങ്കണ, ആസിഫ് എന്നിവർക്കെതിരെ ചുമത്തിയിരിക്കുന്ന യു‌എ‌പി‌എയുടെ 15, 17, 18 വകുപ്പുകളിലേക്ക് കോടതി പോകുന്നു. തീവ്രവാദ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന നിയമത്തിന്റെ നാലാം അധ്യായത്തിന്റെ ഭാഗമാണ് ഈ വകുപ്പുകൾ. നിരോധിത സംഘടനയിൽ പെട്ടവരാണെന്ന കുറ്റം ചുമത്തിയിട്ടില്ലെന്ന കാര്യം ഓർമ്മിക്കേണ്ടതാണ്. വകുപ്പ് 15 തീവ്രവാദ പ്രവർത്തനത്തെ നിർവചിക്കുന്നു, 17-ാം വകുപ്പ് ഒരു തീവ്രവാദ പ്രവർത്തിക്ക് ഫണ്ട് സ്വരൂപിക്കുന്നതിനെക്കുറിച്ചും 18-ാം വകുപ്പ് തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനോ മുന്നോട്ടവയ്ക്കുന്നതിനോ ഗൂഡാലോചന നടത്തുന്നതിനുള്ള ശിക്ഷയെക്കുറിച്ചും വിശദീകരിക്കുന്നു. ഭീകരത അല്ലെങ്കിൽ തീവ്രവാദം എന്ന വാക്കുകൾ ഈ നിയമപ്രകാരം എവിടെയും നിർവചിക്കപ്പെട്ടിട്ടില്ലെന്ന് കോടതി നിരീക്ഷിക്കുന്നു.

‘തീവ്രവാദ പ്രവർത്തനം’ എന്ന വാചകം സെക്ഷൻ 15 പ്രകാരം നിർവചിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അത് വളരെ വിശാലവും അവ്യക്തവുമാണ്. ക്രിമിനൽ നിയമം കർശനമായി നടപ്പാക്കേണ്ടതിനാലും എന്താണ് കുറ്റകൃത്യമെന്നും, അല്ലാത്തത് എന്താണെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ടതിനാലും സാധാരണഗതിയിൽ അത്തരമൊരു അവ്യക്തമായ വ്യവസ്ഥ നീക്കംചെയ്യേണ്ടിവരും. എന്നിരുന്നാലും, ഈ വ്യവസ്ഥയെ ഭരണഘടനാപരമായി കണക്കാക്കാനുള്ള ഏക മാർഗം അതിന്റെ പരിധി ചുരുക്കി അതിന് കർശനമായ നിർവചനം നൽകുക എന്നതാണ്.

അതിനാൽ, സമൂഹത്തെ വലിയ തോതിൽ ബാധിക്കുന്നതും രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതും അത്തരത്തിൽ ശ്രമിക്കുന്നവയും മാത്രമേ തീവ്രവാദ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താൻ കഴിയൂ. സാധാരണ ക്രമസമാധാന പ്രശ്‌നങ്ങൾ അല്ലെങ്കിൽ പൊതുസമാധാന പ്രശ്‌നങ്ങൾ എത്രത്തോളം ഗുരുതരമാണെങ്കിൽ പോലും തീവ്രവാദ പ്രവർത്തനങ്ങളുടെ നിർവചനത്തിൽ ഉൾപ്പെടുത്താൻ കഴിയില്ല.

നിലവിലെ കേസിൽ, ഈ വ്യക്തികൾക്ക് മേൽ ചുമത്തപ്പെടുന്ന അക്രമം ശരിയാണെന്ന് കരുതുകയാണെങ്കിൽ പോലും തീവ്രവാദ പ്രവർത്തനത്തിന്റെ സ്വഭാവത്തിൽ ഉൾപ്പെടുത്താൻ കഴിയില്ല, അതിനാൽ യു‌എ‌പി‌എയുടെ വ്യവസ്ഥകൾ ഈ മൂന്ന് പ്രതികൾക്കും ബാധകമാക്കാനാവില്ല. യു‌എ‌പി‌എയുടെ വ്യവസ്ഥകൾ‌ ബാധകമല്ലെങ്കിൽ‌, സെക്ഷൻ 43 (ഡി) (5) പ്രകാരം നിർദ്ദേശിച്ചിട്ടുള്ള കർശനമായ ജാമ്യ വ്യവസ്ഥകളും ബാധകമല്ല, അതിനാൽ‌ സാധാരണ ക്രിമിനൽ‌ നിയമത്തിന്റെ ജാമ്യ വ്യവസ്ഥകൾ‌ പ്രകാരം അവരുടെ കേസുകൾ‌ പരിശോധിച്ചുകൊണ്ട് അവരുടെ ജാമ്യാപേക്ഷ പരിഗണിക്കേണ്ടതുണ്ട്.

അടുത്തതായി, യു‌എ‌പി‌എ പ്രകാരമുള്ള കർശന ജാമ്യ വ്യവസ്ഥകൾ അനുസരിച്ച് ജാമ്യത്തിനുള്ള അര്‍ഹത ഉണ്ടെങ്കില്‍ പോലും , അത്തരം വ്യക്തിക്കെതിരായ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് കോടതിക്ക് അഭിപ്രായമുണ്ടെങ്കിൽ പ്രതിയെ വിട്ടയക്കില്ലെന്ന് കോടതി പറയുന്നു. കോടതി പറയുന്നതനുസരിച്ച്, പ്രതി പ്രഥമദൃഷ്ട്യാ കുറ്റവാളിയാണെന്ന് കാണിക്കാൻ പ്രോസിക്യൂഷന് ചുമതല ഉണ്ട്. സുപ്രീം കോടതിയുടെ കുപ്രസിദ്ധമായ വതാലി വിധിന്യായവുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതി നിരീക്ഷിക്കുന്നത്: “വതാലിയിലെ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ തീരുമാനം ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിൽ തെളിവുകളുടെ യോഗ്യതകളോ അപാകതകളോ പരിശോധിക്കുന്നതിൽ നിന്ന് കോടതിയെ വിലക്കുന്നു; ആരോപണങ്ങളുടെ പ്രഥമദൃഷ്ട്യാ വിലയിരുത്തലിന് ഒരു തുടർച്ചയെന്ന നിലയിൽ, ചാർജ് ഷീറ്റിൽ സൂക്ഷിച്ചിരിക്കുന്ന തെളിവുകളിൽ നിന്നും മറ്റ് വസ്തുക്കളിൽ നിന്നും പ്രോസിക്യൂഷൻ എടുക്കാൻ ശ്രമിച്ചേക്കാവുന്ന സംശയങ്ങളും നിഗമനങ്ങളും കോടതി സമാനമായി ആഴത്തിൽ പരിശോധിക്കില്ല. അനുമാനങ്ങളും നിഗമനങ്ങളും എടുക്കാൻ കോടതിയെ വിളിക്കാതെ, യു‌എ‌പി‌എയുടെ നാലാം അധ്യായത്തിലേക്ക് കേസ് കൊണ്ടുവരാനായി ഭരണകൂടത്തിന്, അപ്പീൽ ചെയ്യുന്നയാൾക്കെതിരായ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ഒരു ‘തീവ്രവാദ പ്രവർത്തനം’ അല്ലെങ്കിൽ ‘ഗൂഡാലോചന’ അല്ലെങ്കിൽ ഒരു തീവ്രവാദ പ്രവർത്തനം നടത്തുന്നതിനുള്ള ‘മുന്നൊരുക്കം’ എന്ന നിലയിൽ കാണിക്കേണ്ടതുണ്ട്.

വതാലി വിധിന്യായത്തിന്റെ ഈ വിവേകപൂർണ്ണമായ വ്യാഖ്യാനം പ്രോസിക്യൂഷനെ പല യു‌എ‌പി‌എ കേസുകളിലും ചെയ്യാൻ സാധ്യതയുള്ള വന്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നു.

സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശം മൗലികാവകാശമാണെന്ന് കോടതി വിലയിരുത്തുന്നു. ഇപ്പോൾ ഇത് ഒരു ഭരണഘടനാപരമായ കാര്യമാണ്, സുപ്രീംകോടതി പോലും ഇത് വീണ്ടും വീണ്ടും അംഗീകരിച്ചിട്ടുണ്ട്. യുക്തിപരമായി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും ബുദ്ധിപൂർവ്വം ഒരു വാദം തയ്യാറാക്കുന്നതിനും അവർ ഈ ആശയം ഉപയോഗിക്കുന്നു എന്നതാണ് ദില്ലി ഹൈക്കോടതി വിധിന്യായങ്ങളുടെ പ്രാധാന്യം: എല്ലാത്തരം കാരണങ്ങൾക്കും സമാധാനപരമായി പ്രതിഷേധിക്കാൻ പൗരന്മാർക്ക് അവകാശമുണ്ട്. തീർച്ചയായും, അക്രമാസക്തരാകാൻ അവർക്ക് അവകാശമില്ല. പക്ഷെ ആളുകൾ അക്രമാസക്തരാകുന്നത് കൊണ്ട് മാത്രം അവർ തീവ്രവാദികളാണെന്നോ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നോ അർത്ഥമാക്കുന്നില്ല. ഭരണകൂടത്തെ അസ്ഥിരപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ഒന്നാണ് തീവ്രവാദം, ദില്ലി പോലുള്ള ഒരു വലിയ നഗരത്തിന്റെ ഒരു ഭാഗത്ത് സംഭവിക്കുന്ന അക്രമങ്ങൾ ഭരണകൂടത്തെ അസ്ഥിരപ്പെടുത്തുന്നതിന് തുല്യമല്ല, അതിനാൽ അത് തീവ്രവാദത്തിന് തുല്യമല്ല. അക്രമത്തിൽ ഏർപ്പെടുന്ന അല്ലെങ്കിൽ പ്രകോപിപ്പിക്കുന്നവരെ തീർച്ചയായും പീനൽ കോഡ് പ്രകാരം വിചാരണ ചെയ്യാൻ കഴിയും, അത് പക്ഷേ യു‌എ‌പി‌എയ്ക്ക് കീഴിലല്ല.

അവസാനമായി, യു‌എ‌പി‌എ പ്രകാരം ജയിലിൽ കിടക്കുന്ന ഒരാൾക്ക് അയാളുടെ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുന്നില്ലെന്നും വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്നും അതിനാൽ വിചാരണക്ക് വളരെയധികം സമയമെടുക്കുമെങ്കിൽ ജാമ്യത്തിൽ വിട്ടയക്കുന്നതിന് അർഹതയുണ്ടെന്നും സുപ്രീം കോടതി വിലയിരുത്തിയ നജീബിന്റെ കേസ് (2021) കോടതി പരിഗണിക്കുന്നു. സുപ്രീംകോടതിക്ക് മുമ്പിലുള്ള പ്രതി 5 വർഷം ജയിലിൽ കിടക്കുകയും അദ്ദേഹത്തിന് നൽകാൻ കഴിയുന്ന പരമാവധി ശിക്ഷ 8 വർഷവുമായിരുന്നു. കോടതി ജാമ്യത്തിൽ വിട്ടു. ദില്ലി കേസിൽ പ്രതികൾ ഒരു വർഷം മാത്രമാണ് ജയിലിൽ കിടക്കുന്നതെന്നും അതിനാൽ നജീബിന്റെ കേസിൽ സംഭവിച്ചത് പോലെ നീണ്ട തടവ് അനുഭവിച്ചിട്ടില്ലെന്നും സ്റ്റേറ്റ് വാദിച്ചു. കോടതിയുടെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്:

“ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഉറപ്പുനൽകുന്ന വേഗത്തിലുള്ള വിചാരണയ്ക്കുള്ള അപ്പീൽ വാദിയുടെ അവകാശം പൂർണ്ണമായും നിരസിക്കപ്പെടുന്നതുവരെ ഈ കോടതി കാത്തിരിക്കേണ്ടതുണ്ടോ? അത് അഭികാമ്യമായ പ്രവർത്തന രീതിയായിരിക്കുമെന്ന് ഞങ്ങൾ കരുതുന്നില്ല. ഞങ്ങളുടെ കാഴ്ചപ്പാടിൽ കോടതി ദീർഘവീക്ഷണം നടത്തുകയും വിഷയ കുറ്റപത്രത്തിലെ വിചാരണ വരും വർഷങ്ങളിൽ നിഗമനത്തിലെത്തില്ല എന്ന് കാണുകയും വേണം; അത് കെ.എ. നജീബ് കേസിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി നിർദ്ദേശിച്ച തത്ത്വങ്ങളുടെ പ്രയോഗത്തെ ഉറപ്പ് വരുത്തുക മാത്രമല്ല സ്വീകരിക്കുകയും ചെയ്യുന്നു.”

യു‌എ‌പി‌എയ്ക്ക് കീഴിലുള്ള എല്ലാ കേസുകളിലും ഇത് വളരെ നിർണായകമാണ്. വിചാരണകൾ വളരെയധികം സമയമെടുക്കുന്നു, ഒരു വ്യക്തി വളരെക്കാലം ജയിലിൽ കിടന്നാൽ മാത്രമേ അയാളെ ജാമ്യത്തിൽ വിട്ടയക്കാൻ കഴിയൂ എന്ന് അർത്ഥമാക്കുന്നതിന് നജീബിന്റെ കേസ് കോടതി വ്യാഖ്യാനിക്കാൻ ശ്രമിച്ചു. ഹൈക്കോടതി ജഡ്ജിമാർ തങ്ങളുടെ ജുഡീഷ്യൽ വിവേകം ഉപയോഗിച്ച് ഇതിനെ ഖണ്ഡിക്കുന്നു, ഒരു വ്യക്തി ഹ്രസ്വകാലത്തേക്ക് ജയിലിൽ കിടന്നിട്ടുണ്ടെങ്കിലും, മൊത്തത്തിലുള്ള സാഹചര്യങ്ങൾ പരിശോധിച്ചാൽ വിചാരണയ്ക്ക് ഒരുപാട് സമയമെടുക്കുമെന്ന് കോടതിക്ക് അഭിപ്രായമുണ്ടെങ്കിൽ യു‌എ‌പി‌എയ്ക്ക് കീഴിൽ ആണെങ്കിലും ജാമ്യത്തിൽ വിടാമെന്ന് അവർ പറയുന്നു.

അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമേ യു‌എ‌പി‌എയുടെ വ്യവസ്ഥകൾ ഉപയോഗിക്കാൻ കഴിയൂ എന്ന നിഗമനത്തിലാണ് ഡിവിഷൻ ബെഞ്ച് എത്തിച്ചേർന്നിരിക്കുന്നത്. യു‌എ‌പി‌എ തന്നെ നിയമ സംഹിതകളിൽ തുടരാൻ അർഹതയില്ലാത്തതാണ് എന്നത് മറ്റൊരു കാര്യമാണ്. യു‌എ‌പി‌എയുടെ കർശനമായ ജാമ്യ വ്യവസ്ഥകൾ രണ്ട് വ്യത്യസ്ത തരം കേസുകളുമായി ബന്ധപ്പെട്ടതാണെന്നും നാം ഓർമ്മിക്കേണ്ടതുണ്ട്.തീവ്രവാദ പ്രവർത്തനങ്ങളുമായി ആണ് ഇപ്പോഴത്തെ കേസ് ബന്ധപ്പെട്ടിരിക്കുന്നത്. ഇത് കൂടാതെ തീവ്രവാദ സംഘടനകളിലെ അംഗത്വവും പ്രവർത്തനങ്ങളും ഉൾപ്പെടെ തികച്ചും വ്യത്യസ്തമായ ഒരു സാഹചര്യമാണ്. തീർച്ചയായും, ഇപ്പോഴത്തെ വിധിന്യായങ്ങളിൽ കൈകാര്യം ചെയ്യുന്ന ചില ആശങ്കകൾ ഭീകരസംഘടനകളെ സംബന്ധിച്ച, ഭീമ കൊറേഗാവ് കേസ്, ആന്ധ്ര തെലങ്കാന കേസുകൾ തുടങ്ങി നിരവധി യു‌എ‌പി‌എ കേസുകളിലേക്കും വ്യാപിക്കും. എന്നാൽ ഈ വിധിന്യായങ്ങളുടെ ശക്തി എത്രത്തോളം ഈ കേസുകളിൽ പൂർണ്ണമായും പ്രയോഗിക്കുമെന്നത് കാണേണ്ടതുണ്ട്.

ജാമ്യ വിധി തീരുമാനിച്ച ജസ്റ്റിസ് സിദ്ധാർത്ഥ്‌ മൃദൂലിനും ജസ്റ്റിസ് അനൂപ് ജയ്‌റാം ബംബാനിക്കും അഭിവാദ്യം അർപ്പിക്കേണ്ടതുണ്ട്. അത് പോലെ തന്നെ മൂന്ന് വിദ്യാർത്ഥി പ്രവർത്തകർക്കും വേണ്ടി പ്രതിരോധം നയിച്ച ശ്രദ്ധേയമായ നിയമസംഘത്തിനും. വ്യക്തമായും, സാധാരണക്കാരെ ബാധിക്കുന്നതുപോലെ അവരെയും ബാധിക്കുന്ന ഒരു സാമൂഹിക-രാഷ്ട്രീയ ശൂന്യതയിൽ നിന്നല്ല ജഡ്ജിമാർ കാര്യങ്ങൾ തീരുമാനിക്കുന്നത്. വിധിന്യായത്തിൽ നിന്നുള്ള ഇനിപ്പറയുന്ന നിരീക്ഷണം ഇത് വ്യക്തമാക്കുന്നു:

“ഭരണകൂടത്തിന്റെ മനസ്സിൽ,വിയോജിപ്പുകളെ അടിച്ചമർത്താനുള്ള ആവേശത്തിൽ ഭരണഘടനാപരമായി ഉറപ്പുനൽകുന്ന പ്രതിഷേധത്തിനുള്ള അവകാശവും തീവ്രവാദ പ്രവർത്തനവും തമ്മിലുള്ള ദൂരം ഒരു പരിധിവരെ മങ്ങിപോകുന്നതായി തോന്നുന്നു, ഈ കാര്യങ്ങൾ പറയാൻ ഞങ്ങൾ നിർബന്ധിതരാണ്. ഈ മനോനിലയിൽ മുന്നോട്ട് പോകുന്നുവെങ്കിൽ അത് ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം പരിതാപകരമായ ദിവസങ്ങളായിരിക്കും. ”

ഈ വിധിന്യായങ്ങൾ‌ ധാരാളം ആളുകൾ‌ക്ക് ആഹ്ലാദം നൽകുന്നുവെന്നതിൽ‌ സംശയമില്ല, പക്ഷേ സുപ്രീം കോടതിയുടെ വതാലി വിധി ഒരു മികച്ച ദില്ലി ഹൈക്കോടതി വിധിന്യായത്തെ അസാധുവാക്കികൊണ്ടാണ് വന്നത് എന്ന് നാം മറക്കരുത്. അതിന് സമാനമായ അവസ്‌ഥ ഈ വിധിക്കും വരാൻ പോകുകയാണ് എന്ന സൂചനകൾ പലഭാഗത്തും നിന്നും വന്നു കഴിഞ്ഞു. ഈ വിധിയുടെ മേൽ സുപ്രീംകോടതി പറഞ്ഞിരിക്കുന്നത് വിദ്യാർഥികളുടെ ജാമ്യം നിലനിൽക്കുമെങ്കിലും ജാമ്യ വിധിന്യായത്തിൽ പറഞ്ഞിരിക്കുന്ന വളരെ മർമ്മപ്രധാനമായ കാര്യങ്ങളെ മറ്റ് യു എ പി യെ കേസുകൾക്ക് ബാധകമാക്കില്ലെന്നുമാണ്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ മറ്റ്‌ യു എ പി എ കേസുകളിൽ ജാമ്യം നൽകരുതെന്നും സുപ്രീംകോടതി പറഞ്ഞുവെക്കുന്നു.

അഡ്വ.മിഹിർ ദേസായി സിജെപി (സിറ്റിസൺ ഫോർ ജസ്റ്റിസ് ആൻഡ് പീസ്)യിൽ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

<strong><span class="has-inline-color has-vivid-red-color">മിഹിർ ദേസായി</span> </strong><br><br>മിഹിർ ദേസായി ബോംബെ ഹൈക്കോടതിയിലെ ഒരു മുതിർന്ന അഭിഭാഷകനാണ്. ഭീമ കൊറേഗാവ് ഉൾപ്പടെ നിരവധി പൗരാവകാശ സംബന്ധമായ കേസുകൾ കൈകാര്യം ചെയ്യുന്നു.
മിഹിർ ദേസായി

മിഹിർ ദേസായി ബോംബെ ഹൈക്കോടതിയിലെ ഒരു മുതിർന്ന അഭിഭാഷകനാണ്. ഭീമ കൊറേഗാവ് ഉൾപ്പടെ നിരവധി പൗരാവകാശ സംബന്ധമായ കേസുകൾ കൈകാര്യം ചെയ്യുന്നു.

Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsporta