മലബാര്‍ കലാപവും അരികുഭീതിയുടെ രാഷ്ട്രീയവും

“1921-ലെ മലബാര്‍ വിപ്ലവത്തിന്റെ കാര്യമെടുത്താല്‍ അത് ഒരേസമയം ബ്രിട്ടീഷ് വിരുദ്ധവും ജന്മിത്വവിരുദ്ധവും ഖിലാഫത്ത് പ്രസ്ഥാനത്താല്‍ പ്രചോദിതവുമായിരിക്കുമ്പോള്‍പോലും തങ്ങള്‍ ബ്രിട്ടീഷ് അധീനതയില്‍നിന്നും മോചിപ്പിച്ചു എന്ന് അവര്‍ കരുതിയ പ്രദേശങ്ങളെ “മലയാളരാജ്യം” എന്ന് വിളിക്കാനാണ് അവര്‍ മുതിര്‍ന്നത്. രാഷ്ട്രസങ്കല്‍പ്പത്തില്‍പോലും കാണുന്ന ഈ സവിശേഷ ദേശബോധത്തെ മതത്തിന്റെയോ ബൃഹത്ദേശീയതയുടെയോ അളവുകോലുകള്‍കൊണ്ട് മാത്രം മനസ്സിലാക്കുവാന്‍ സാധിക്കില്ല.”


ഡോ. ടി ടി ശ്രീകുമാര്‍

ഇന്ത്യയിലെ കീഴാളപഠനങ്ങളുടെ ഒരു പ്രധാന സംഭാവന അധിനിവേശവിരുദ്ധവും ജന്മിത്വവിരുദ്ധവുമായ കര്‍ഷകസമരങ്ങളെ അത് രണ്ടു വ്യത്യസ്ത മുന്‍വിധികളില്‍നിന്ന് മോചിപ്പിക്കാന്‍ ശ്രമിച്ചു എന്നുള്ളതാണ്. റാണാജിത് ഗുഹ 1983ല്‍ എഴുതിയ “അധിനിവേശ ഇന്ത്യയിലെ കാര്‍ഷികസമരങ്ങളുടെ ചില അടിസ്ഥാനസ്വഭാവങ്ങള്‍” (Elementary Aspects of Peasant Insurgency in Colonial India, oxford) എന്ന കൃതിയില്‍ ഒരുവശത്ത് കൊളോണിയല്‍ ഭരണാധികാരികളും മറുവശത്ത് ദേശീയപ്രസ്ഥാനവും അതിന്റെ ചരിത്രസമീപനവും കര്‍ഷകസമരങ്ങളെ സമീപിക്കുന്ന പ്രശ്നമണ്ഡലം മുന്‍വിധികളുടെതാണ് എന്ന് വാദിക്കുന്നുണ്ട്. ഒന്ന് അത്തരം സമരങ്ങളെ കുറ്റകൃത്യങ്ങളും ക്രമസമാധാന ധ്വംസനങ്ങളും, വര്‍ഗ്ഗീയകലാപങ്ങളുമായി ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ദേശീയസ്വാതന്ത്ര്യ പോരാട്ടങ്ങളുടെ പ്രാഗ്രൂപങ്ങള്‍ മാത്രമായാണ് ദേശീയചരിത്രരചനാ സമീപനം കാര്‍ഷിക കലാപങ്ങളെ വിലയിരുത്തുന്നത്.

ഗുഹയുടെ അഭിപ്രായത്തില്‍ ഈ സമരങ്ങള്‍ക്ക് വൈരുധ്യങ്ങള്‍ നിറഞ്ഞതെങ്കിലും അവയുടേതായ ബോധപശ്ചാത്തലങ്ങളുണ്ട്. നമുക്കറിയാവുന്നതുപോലെ 1921-ലെ മലബാര്‍ വിപ്ലവത്തിന്റെ കാര്യമെടുത്താല്‍ അത് ഒരേസമയം ബ്രിട്ടീഷ് വിരുദ്ധവും ജന്മിത്വവിരുദ്ധവും ഖിലാഫത്ത് പ്രസ്ഥാനത്താല്‍ പ്രചോദിതവുമായിരിക്കുമ്പോള്‍പോലും തങ്ങള്‍ ബ്രിട്ടീഷ് അധീനതയില്‍നിന്നും മോചിപ്പിച്ചു എന്ന് അവര്‍ കരുതിയ പ്രദേശങ്ങളെ “മലയാളരാജ്യം” എന്ന് വിളിക്കാനാണ് അവര്‍ മുതിര്‍ന്നത്. രാഷ്ട്രസങ്കല്‍പ്പത്തില്‍പോലും കാണുന്ന ഈ സവിശേഷ ദേശബോധത്തെ മതത്തിന്റെയോ ബൃഹത്ദേശീയതയുടെയോ അളവുകോലുകള്‍കൊണ്ട് മാത്രം മനസ്സിലാക്കുവാന്‍ സാധിക്കില്ല.

മലബാറിലെ മുസ്ലീംജനവിഭാഗത്തെ സവിശേഷ നോട്ടത്തിനു വിധേയമാക്കുന്ന ബ്രിട്ടീഷ് സമീപനം മൈസൂര്‍ യുദ്ധങ്ങളുടെ കാലത്തുതന്നെ ആരംഭിച്ചതാണ്. മൈസൂര്‍ യുദ്ധങ്ങള്‍ക്ക് ശേഷം മലബാര്‍, ബ്രിട്ടീഷ് അധീനതയില്‍ ആയതോടെ അവര്‍ നടപ്പിലാക്കിയ ഭൂനിയമങ്ങള്‍ ഏകപക്ഷീയവും ജന്മിത്വസമ്പ്രദായത്തെ ചരിത്രവിരുദ്ധമായി അരക്കിട്ടുറപ്പിക്കുന്നതുമായിരുന്നു. ഏറനാട്, വള്ളുവനാട് ഭാഗങ്ങളില്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍തന്നെ നിരവധി കര്‍ഷകകലാപങ്ങള്‍ക്ക് ഈ നയസമീപനം കാരണമായിട്ടുണ്ട്. മലബാറിലെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ തുടങ്ങിയ പ്രതിഷേധങ്ങള്‍ 1921-ലെ വലിയ കര്‍ഷകസമരത്തില്‍ എത്തുന്നതിനു മുന്‍പ് തന്നെ നിരവധി കലാപങ്ങള്‍ക്ക് വഴിതുറന്നിരുന്നു. ഒന്നിന് പുറകെ ഒന്നായി നിരവധി സമരങ്ങള്‍ ജന്മിത്വത്തിനെതിരെ ആ കാലയളവില്‍ മലബാറില്‍ രൂപംകൊണ്ടിരുന്നു.

തുടക്കംമുതല്‍ തന്നെ മലബാറിലെ മുസ്ലീംവിഭാഗത്തെ ക്രിമിനല്‍ സ്വഭാവം ഉള്ളവരായി വിലയിരുത്തുന്നതിന് ബ്രിട്ടീഷ് അധികാരികള്‍ മുതിരുന്നത് ഈ കര്‍ഷകസമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും പേരിലാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. തങ്ങള്‍ക്കു അസ്വീകാര്യമായ നിലപാടുള്ള പാട്ടകൃഷിക്കാരെ ഒരു ക്രിമിനല്‍ ചാപ്പ കുത്തുകയും പിന്നീട് അനീതികള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളെ ആ ചാപ്പയുടെ ബലത്തില്‍ അടയാളപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്യുക എന്ന തന്ത്രമായിരുന്നു ബ്രിട്ടീഷുകാരുടേത്.

മലബാര്‍ സമരങ്ങളുടെ കാര്‍ഷിക പശ്ചാത്തലം പരക്കെ അറിയപ്പെടുന്നതാണ്. ഇതേക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ചിട്ടുള്ളവരില്‍, മതബോധത്തിന്റെ പങ്കിനെക്കുറിച്ച് വാചാലനാവുന്ന സ്റ്റീഫന്‍ ഡേയിലിന് പോലും (Stephan Dale, “Islamic Society on The South Asian Frontier: The Mappilas of Malabar.” Oxford, 1980) ഈ സമരങ്ങള്‍ വള്ളുവനാട്ടിലെയും ഏറനാട്ടിലെയും മുസ്ലീം കര്‍ഷകര്‍ ഹിന്ദുജന്മിത്വത്തിന് എതിരെ നടത്തിയ സമരമാണ് എന്ന കാര്യം പൂര്‍ണ്ണമായും തമസ്കരിക്കാന്‍ കഴിഞ്ഞിട്ടില്ല. മലബാര്‍ കലാപത്തെ മതത്തിന്റെ ആലയില്‍ തളക്കാന്‍ ശ്രമിക്കുന്നവര്‍ ഓര്‍ത്തിരിക്കേണ്ട ഒരു പ്രധാന വസ്തുത ഈ പ്രക്ഷോഭത്തെ ചരിത്രപഠനത്തിന്റെ ഉപദാനങ്ങള്‍ ഉപയോഗിച്ച് പരിശോധിക്കാന്‍ നിരവധി പ്രമുഖ സാമൂഹികശാസ്ത്രജ്ഞന്മാരും ചരിത്രകാരന്മാരും ഇതിനകം മുതിര്‍ന്നിട്ടുണ്ട് എന്നതാണ്. സമരത്തിന്റെ പ്രാഥമികസ്വഭാവത്തെക്കുറിച്ച് അവര്‍ എത്തിച്ചേര്‍ന്ന ഒരു സമവായത്തെയാണ് കേവലമായ ഒരു ഹിന്ദുത്വ അജണ്ടയില്‍ മുക്കിക്കളഞ്ഞുകൊണ്ട് അതിന്റെ സങ്കീര്‍ണ്ണമായ ചരിത്രത്തെ ഇല്ലാതാക്കാം എന്ന ധാരണയോടെ ഹിന്ദുത്വശക്തികള്‍ നീങ്ങുന്നത്‌. നമുക്ക് ഈ സമരത്തെക്കുറിച്ച് ലഭ്യമായിട്ടുള്ള ചരിത്ര പഠനങ്ങളിലേക്ക് വെറുതെ ഒന്ന് നോക്കുക- ഡേവിഡ്‌ ആര്‍നോള്‍ഡ്, കെ. എന്‍ പണിക്കര്‍, പി രാധാകൃഷ്ണന്‍, റൊണാള്‍ഡ്‌ മില്ലര്‍, കൊര്‍ണാഡ് വുഡ്, ഡേവിഡ് ഹാര്‍ഡിമാന്‍ തുടങ്ങി മലബാര്‍ കലാപത്തെ അക്കാദമിക് സമീപനത്തോടെ അപഗ്രഥിക്കാന്‍ ശ്രമിച്ചവര്‍ എല്ലാം തന്നെ ഈ സമരത്തിന്റെ കാര്‍ഷിക പശ്ചാത്തലത്തിനും ബ്രിട്ടീഷ് വിരുദ്ധ-ജന്മിത്വവിരുദ്ധ ഉള്ളടക്കത്തിനുമാണ് ഊന്നല്‍ നല്‍കുന്നത്. ആ പശ്ചാത്തലം വിസ്മരിച്ചുകൊണ്ട് ഈ കലാപത്തെക്കുറിച്ച് ചിന്തിക്കുക തന്നെ അസാധ്യമാണ്.

മലബാര്‍ കാര്‍ഷിക കലാപത്തിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന പോരാളിയുടെ ജീവചരിത്രത്തെ ആധാരമാക്കി ‘വാരിയംകുന്നന്‍’ എന്ന സിനിമ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഉണ്ടായ ഹീനമായ ഹിന്ദുത്വ പ്രതിഷേധം ചരിത്രത്തോട് അവര്‍ പുലര്‍ത്തിപ്പോരുന്ന അങ്ങേയറ്റം ലജ്ജാകരമായ വിഭാഗീയമായ സമീപനത്തെ ഒന്നുകൂടി നമുക്ക് കാട്ടിത്തരുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈ സിനിമാ പ്രഖ്യാപനം അവര്‍ ഈ പ്രക്ഷോഭത്തെ താറടിക്കാനുള്ള മറ്റൊരു അവസരമായാണ്‌ കാണുന്നത് എന്നും വ്യക്തമാണ്‌. എന്നാല്‍ ഇത് കേവലം സിനിമാ പ്രഖ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ ക്ഷിപ്ര പ്രതികരണമല്ല എന്നത് ഓര്‍ക്കേണ്ടതുണ്ട്.

Source : asianetnews

ഇത്തരം യാതൊരു ‘പ്രകോപനവും’ ഇല്ലാതിരുന്ന 2017-ല്‍ അന്നത്തെ ബിജെപി അധ്യക്ഷന്‍ ആയിരുന്ന കുമ്മനം രാജശേഖരന്‍ തന്റെ സാന്നിധ്യം ഉറപ്പിക്കാന്‍ കണ്ടെടുത്ത തന്ത്രം 1921-ലെ ഈ കര്‍ഷക പ്രക്ഷോഭത്തെ തന്‍റെ നിര്‍ലജ്ജമായ വര്‍ഗ്ഗീയ അജണ്ടയുടെ ഭാഗമാക്കുക എന്നതായിരുന്നു. എന്തായിരുന്നു കുമ്മനത്തിന്റെ അന്നത്തെ മുദ്രാവാക്യം എന്ന് ഓര്‍ത്തു നോക്കുക- കേരളം കഴിഞ്ഞ ഒരു നൂറ്റാണ്ടായി ആഗോള ജിഹാദിസത്തിന്റെ താവളമാണെന്നും അതാരംഭിച്ചത് 1921-ലെ മലബാര്‍ പ്രക്ഷോഭത്തോടെയാണെന്നും തട്ടിവിടാന്‍ കുമ്മനത്തിനു ഒരു മടിയും ഉണ്ടായിരുന്നില്ല. പിന്നീട് പല ബിജെപി വ്യഖ്യാനങ്ങളിലും മലബാര്‍ കലാപം ആഗോള ജിഹാദിസ ചരിത്രത്തിന്റെ ഭാഗമാണെന്ന് നിരന്തരം ആവര്‍ത്തിക്കപ്പെട്ടു. ഒരു വലിയ നൈതിക-രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക വിപ്ലവത്തെ ഇത്തരത്തില്‍ സ്വന്തം വിഭാഗീയ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുക എന്ന ആ ഹീനതന്ത്രത്തിന്റെ തുടര്‍ച്ചയാണ് ‘വാരിയംകുന്നന്‍’ എന്ന സിനിമക്കെതിരെ ഉണ്ടായ ഹിന്ദുത്വ ആക്രമണത്തിന് പിന്നിലും കാണുവാന്‍ കഴിയുന്നത്‌.

ചരിത്രത്തിന്റെ വസ്തുനിഷ്ടതയല്ല ഇവിടുത്തെ കേന്ദ്രവിഷയം. അത്തരത്തില്‍ പൂര്‍ണമായ വസ്തുനിഷ്ടത ചരിത്രത്തിനു അവകാശപ്പെടാന്‍ കഴിയില്ല. ചരിത്രം അത് എഴുതുന്നവരുടെ വിശ്വാസങ്ങള്‍കൂടി കലരുന്നതാണ്. ചരിത്രരചനക്ക് ആവശ്യമായ വസ്തുതകള്‍ ഉണ്ടാവുന്നതും ഇല്ലാതാവുന്നതുപോലും പൂര്‍ണ്ണമായും ചരിത്ര രചയിതാക്കളുടെ ബോധമണ്ഡലത്തിനു പുറത്തല്ല. എന്നാല്‍ വ്യത്യസ്തമായ വീക്ഷണങ്ങള്‍ ജനാധിപത്യപരമായി പുലര്‍ത്തുവാന്‍ കഴിയുന്ന സമീപനം കയ്യൊഴിഞ്ഞുകൊണ്ട് ഇതര വീക്ഷണങ്ങളെ ഹിംസാത്മകമായി ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്ന നിലപാടാണ് ഇന്ത്യയില്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി ഹിന്ദുത്വശക്തികള്‍ കൈക്കൊള്ളുന്നത്. ‘വാരിയംകുന്നന്‍’ എന്ന സിനിമയുടെ അണിയറ പ്രവർത്തകര്‍ക്ക് നേരെ നടന്ന സൈബര്‍ ആള്‍ക്കൂട്ട ആക്രമണം ആ നിലപാടിന്റെ തുടര്‍ച്ചയാണ്. കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ 1980-കള്‍ മുതല്‍ ഈ സമീപനമാണ് അവര്‍ സ്വീകരിച്ചിട്ടുള്ളത്. എൺപതുകളുടെ ആരംഭത്തില്‍ എന്റെ തന്നെ രാഷ്ട്രീയരൂപീകരണത്തിന്റെ തുടക്കത്തില്‍ ഞാന്‍ പങ്കാളിയായ ഒരു പ്രധാന ആശയസമരം കണിയാപുരം രാമചന്ദ്രന്‍ എഴുതിയ കെപിഎസിയുടെ ‘ഭഗവാന്‍ കാലുമാറുന്നു’ എന്ന നാടകത്തിനെതിരെ ഹിന്ദുത്വശക്തികള്‍ അഴിച്ചുവിട്ട അക്രമങ്ങളെ പ്രതിരോധിക്കുന്നതായിരുന്നു. നിലക്കല്‍ സമരത്തിന്‌ ശേഷം കൂടുതല്‍ ശക്തി സംഭരിച്ചുകൊണ്ട് കേരളത്തില്‍ സാന്നിധ്യം ഉറപ്പിക്കുന്നതിനു ഇത്തരം ഹിംസാത്മകമായ ഇടപെടലുകള്‍ തുടര്‍ന്നും ഉണ്ടാവണമെന്ന ബോധപൂര്‍വ്വമായ തീരുമാനത്തിന്റെ ഭാഗമായിരുന്നു പില്‍ക്കാലത്തെ പല ഹിന്ദുത്വ സമരങ്ങളും എന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സിലാക്കുവാന്‍ കഴിയും. അത്തരം പ്രവണതകള്‍ അന്നുതന്നെ തിരിച്ചറിയുകയും പ്രതിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട് എന്നും ഈ സമയത്ത് ഓര്‍ക്കുകയാണ്.

മലബാര്‍ കലാപത്തെ നിരന്തരം ഒരു ചോദ്യചിഹ്നമായി നിലനിര്‍ത്താനുള്ള ശ്രമത്തിനു പിന്നില്‍ അതുമായി ബന്ധപ്പെട്ട ചരിത്ര വസ്തുതകളോടുള്ള സംശയമല്ല എന്നത് സുവ്യക്തമാണ്. കലാപത്തിനു മുതിര്‍ന്ന കര്‍ഷകരില്‍ ഒരു വലിയ വിഭാഗത്തിന്റെ മത പശ്ചാത്തലം മാത്രം മുൻനിര്‍ത്തി അതിനെ സ്വന്തം വിഭാഗീയ അജണ്ടക്കുള്ള അവസരമായി കാണുക എന്നതാണ് ഹിന്ദുത്വ രാഷ്ട്രീയം ലക്ഷ്യംവയ്ക്കുന്നത്. ചര്‍ച്ചകളും സാര്‍ത്ഥകമായ ചരിത്ര സംവാദങ്ങളുമല്ല, മറിച്ച് മനുഷ്യ വിമോചനത്തിന്റെ ഒരു അദ്ധ്യായത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള വ്യഗ്രത മാത്രമാണ് ഹിന്ദുത്വ ഇടപെടലുകളില്‍ കാണുവാന്‍ കഴിയുന്നത്‌.

ഏതുതരത്തിലുള്ള അസഹിഷ്ണുതകള്‍ക്കും ചരിത്രത്തെ വിട്ടുകൊടുക്കാതിരിക്കുക എന്നതു പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ ദൗത്യം തന്നെയാണ്. ചരിത്രം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നു എന്നത് മാത്രമല്ല നമ്മെ അലോസരപ്പെടുത്തേണ്ടത്. വ്യത്യസ്തമായ വ്യാഖ്യാനങ്ങളെ വെറുക്കുന്ന, ഏകതാനീയമായ ഒരു സമീപനത്തെ മാത്രം എല്ലാവരും അംഗീകരിക്കണം എന്ന് ആവശ്യപ്പെടുന്ന ഹിന്ദുത്വത്തിന്റെ/അധീശ പ്രത്യയശാസ്ത്രങ്ങളുടെ രാഷ്ട്രീയ ദുർഭാഷണത്തെ പ്രതിരോധിക്കുക എന്നതും പ്രധാനമാണ്.

‘വാരിയംകുന്നന്‍’ എന്ന സിനിമയുടെ പ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ ആശങ്കകളുടെ പൊതുസ്വഭാവം നോക്കുക. അതിനു രണ്ടു മുഖങ്ങളാണ് ഉണ്ടായിരുന്നത്- ഒന്ന് അത് ഹിന്ദുവിരുദ്ധമാവില്ലേ എന്നുള്ളത്. രണ്ട്, അത് മുസ്ലീം പക്ഷപാതിത്വം ഉള്ളതാവില്ലേ എന്നത്. ഈ രണ്ടു ആശങ്കകളും ഉണ്ടായത് ഒരേ ബോധപരിസരത്തുനിന്നാണ്. മുസ്ലീം അപരവല്‍ക്കരണത്തിന്റെ കൊടുമുടിയിലെത്തിച്ചേര്‍ന്ന കേരളത്തിന്റെ ഒരു മുഖമാണ് അത് കാട്ടിത്തരുന്നത്. സിനിമയുടെ പ്രധാന ശില്‍പ്പികള്‍ മുസ്ലീങ്ങളാണ് എന്നതായിരുന്നു ഈ മുന്‍‌കൂര്‍ ആശങ്കകള്‍ക്ക് പിന്നില്‍ എന്നതോര്‍ക്കുമ്പോള്‍ കേരളം ഹിന്ദുത്വവല്‍ക്കരണത്തിന്റെ പാതയില്‍ എത്രത്തോളം മുന്നോട്ടുപോയിരിക്കുന്നു എന്നതിനപ്പുറം കേരളത്തിന്റെ പൊതുമണ്ഡലം അരികുകളെ ഭയപ്പെടുന്ന, ഇതരബോധങ്ങളെ സംശയിക്കുന്ന, വ്യത്യസ്തതയെ വെറുക്കുന്ന, അതുകൊണ്ട് തന്നെ യുക്തിരഹിതമായി അവയെയൊക്കെ ആക്രമിക്കുന്ന, ചിന്താസങ്കുചിതത്വംകൊണ്ട് മലീമസമായിക്കൊണ്ടിരിക്കുന്നു എന്ന കാര്യംകൂടി നമ്മുടെ മനസ്സിലേക്ക് കടന്നുവരാതിരിക്കില്ല.


പിൻകുറിപ്പ് : ഈ ലേഖനത്തിന്‍റെ ആദ്യരൂപം മാധ്യമം ദിനപ്പത്രത്തിലെ ലേഖകന്റെ ദ്വൈവാര പംക്തിയായ നാലാംകണ്ണില്‍ (ജൂണ്‍ 30, 2020) പ്രസിദ്ധീകരിച്ചിരുന്നു


 <span class="has-inline-color has-vivid-red-color"><strong>ഡോ. ടി.ടി.ശ്രീകുമാർ</strong> </span>
ഡോ. ടി.ടി.ശ്രീകുമാർ 

രാഷ്ട്രീയ നിരീക്ഷകനും നിരൂപകനും ഹൈദരാബാദ് ഇ.എഫ്.എൽ.യൂണിവേഴ്സിറ്റിയിൽ(English and Foreign Languages University) അദ്ധ്യാപകനുമാണ് ഡോ. ടി.ടി.ശ്രീകുമാർ. 


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsporta