‘ഭരണകൂടം എന്റെ അമ്മയെ മരണത്തിന് വിട്ടുകൊടുത്തിരിക്കുന്നു’

“മുദ്രാവാക്യം വിളിക്കുമ്പോൾ എന്റെ അമ്മ എന്നെ ഒരു തോളിൽ ചേർത്തുപിടിക്കുകയും മറ്റൊരു മുഷ്ടി ഉയർത്തുകയും ചെയ്യുന്ന നിരവധി ഫോട്ടോകൾ ഞാൻ കണ്ടിട്ടുണ്ട്.  ഒരു കൈയ്യിൽ പ്ലക്കാർഡും മറ്റേ കൈയിൽ എന്റെ വിരലുകളും പിടിച്ച് അവർ നീണ്ട റാലികൾ നടത്തിയത് ഞാൻ ഓർക്കുന്നു”


മൊഴിമാറ്റം : പ്രശാന്ത്

ആരുടെ ഹൃദയത്തിൽ ഭാവി ഒരു മുത്തുപോലെ തിളങ്ങി ജയിലിലെ കലങ്ങിയ രാത്രികളിൽ കത്തിയമർന്ന് ഒരു ചെറിയ തീപ്പൊരിയായി ചുരുങ്ങിയൊ ആ തടവുകാർക്ക് സമർപ്പിക്കുന്നു

(വിപ്ലവ കവി ഫൈസ് അഹമ്മദ് ഫൈസ് എഴുതിയ പ്രസിദ്ധമായ ‘ഇന്തെസാബ്’ കവിതയിൽ നിന്നുള്ള വരികളുടെ വിവർത്തനം,സ്മിത ഗുപ്ത ഫേസ്ബുക്കിൽ തന്റെ പ്രിയ സുഹൃത്ത് സുധാ ഭരദ്വാജിന് സമർപ്പിച്ചുക്കൊണ്ട് കുറിച്ചത്)

2018 ൽ എൽഗർ പരിഷത്തിന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച കേസുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയനിസ്റ്റും ആക്ടിവിസ്റ്റും അഭിഭാഷകയുമായ സുധ ഭരദ്വാജ് അറസ്റ്റിലായി. 2017 ഡിസംബർ 31 ന് പൂനെ ജില്ലയിൽ നടന്ന എൽഗാർ പരിഷത്ത് സമ്മേളനവുമായി ബന്ധപ്പെട്ടതാണ് കേസ്. സമ്മേളനത്തിൽ ചില പ്രവർത്തകർ നടത്തിയ പ്രസംഗം അടുത്ത ദിവസം പൂനെ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള കൊറെഗാവ്-ഭീമ യുദ്ധസ്മാരകത്തിന് സമീപപ്രദേശങ്ങളെ അക്രമത്തിലേക്ക് നയിച്ചു എന്നതാണ് കുറ്റം. അറസ്റ്റിലായതിനുശേഷം സുധയെ മുംബൈയിലെ ബൈക്കുല്ല വനിതാ ജയിലിൽ പാർപ്പിച്ചു. ജയിലിനുള്ളിൽ സുധയുടെ ആരോഗ്യം വഷളാകുന്ന സാഹചര്യത്തിൽ, ഛത്തീസ്ഗഡിലെ ആദിവാസികൾക്കിടയിൽ അവർ നടത്തിക്കൊണ്ടിരുന്ന പ്രവർത്തനങ്ങളെക്കുറിച്ചും തടവിലാക്കപ്പെട്ടതിനെക്കുറിച്ചും സുഹൃത്തുക്കളും കുടുംബവും സംസാരിക്കുന്നു.

കോളേജ് കാലം മുതൽ തന്നെ സ്മിതയ്ക്ക് സുധയെ അറിയാമായിരുന്നു. രാഷ്ട്രീയത്തെ കുറിച്ചും അടിച്ചമർത്തലിനെകുറിച്ചും വ്യക്തമായ ഉൾക്കാഴ്ചയുണ്ടായിരുന്ന കാൺപൂർ ഐഐടി ബിരുദധാരിയായ സുധയെ 1984 ലാണ് അവർ ആദ്യമായി കണ്ടത്. “ജനങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരെ അവൾ എപ്പോഴും നിലകൊണ്ടു. അവൾ ബഹുജന പ്രസ്ഥാനങ്ങളുടെ വക്താവായിരുന്നു, ജനാധിപത്യ മാർഗങ്ങളിലൂടെ ആളുകളെ സംഘടിപ്പിക്കുന്നതിലും അവരുടെ ശബ്ദം ഉയർത്തിക്കൊണ്ട് വരുന്നതിലും വിശ്വസിച്ചു, ”സ്മിത പറയുന്നു.

അനീതിക്കെതിരെ പോരാടാനുള്ള അഭിനിവേശം പിന്തുടരാൻ, യുഎസ് പൗരത്വം ഉപേക്ഷിക്കാൻ സുധ തീരുമാനിച്ച ദിവസം സ്മിത അനുസ്മരിക്കുന്നു. “അത് അവളുടെ ജീവിതത്തിന്റെ ഏക ലക്ഷ്യമായിരുന്നു. അവളുടെ നല്ല ജീവിത പശ്ചാത്തലം, യുഎസ് പൗരത്വം, ഒരു പ്രമുഖ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിദ്യാഭ്യാസം എന്നിവയൊക്കെ ചില പ്രത്യേകാവകാശങ്ങളായി കൂടെ കൂട്ടാനുള്ളതാണ് എന്ന് ചിന്തിക്കാത്ത അത്രയും വളരെ അടിത്തട്ടിൽ നിൽക്കുന്ന വ്യക്തിയും വിനയമുള്ളവളുമായിരുന്നു അവൾ. യുഎസ് എംബസിയിൽ പോയി അവൾ പൗരത്വം ഉപേക്ഷിക്കാൻ അപേക്ഷിച്ചു. അവിടത്തെ ആളുകൾ ഞെട്ടിപ്പോയി. അവളെ പുനർവിചിന്തനം ചെയ്യാൻ, അവൾ ഉപേക്ഷിക്കുന്ന എല്ലാ സവിശേഷ അവകാശങ്ങളെക്കുറിച്ചും അവർ സൂചന നൽകി. എന്നാൽ സുധയെ സംബന്ധിച്ചിടത്തോളം അത് വളരെ സ്വാഭാവികമായിരുന്നു. അടിച്ചമർത്തപ്പെട്ടതും താഴെതട്ടിൽ ജീവിക്കുന്നവരുമായ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ അവർ തീരുമാനിച്ചിരുന്നു. അവൾ നിഷ്കളങ്കമായ പല്ല് കാട്ടിയുള്ള പുഞ്ചിരിയോടെ തീരുമാനത്തിൽ ഉറച്ചുനിന്നു”

അതേസമയം, ഛത്തീസ്ഗഡിലെ ആദിവാസികളെ സഹായിക്കാൻ അമ്മ എങ്ങനെയാണ് തന്റെ ജീവിതം സമർപ്പിച്ചതെന്ന് സുധയുടെ 24-കാരിയായ മകൾ മായഷ സ്മരിക്കുന്നു. ഛത്തീസ്ഗഡിലെ ദല്ലി രാജാര എന്ന പട്ടണത്തിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. അവർ ഛത്തീസ്ഗഡ് മുക്തി മോർച്ചയിൽ (സിഎംഎം) ചേർന്നു. പ്രദേശത്തെ തൊഴിലാളികളുടെയും ആദിവാസി ജനങ്ങളുടെയും കുട്ടികളെ പഠിപ്പിച്ചിരുന്നു. മമ്മ എപ്പോഴും യൂണിയൻ ജോലിയിൽ മുഴുകിയിരുന്നതിനാൽ, യൂണിയനിലെ ഒരു ഫാക്ടറി തൊഴിലാളിയുടെ കുടുംബമാണ് എന്നെ വളർത്തിയത് ”മായഷ പറയുന്നു.

അന്യായമായി തടവിലാക്കപ്പെട്ടവരും കുടിയൊഴിപ്പിക്കപ്പെട്ടവരും ശമ്പളത്തിനായി പോരാടുന്നവരുമായ ഗോത്രവർഗക്കാരുടെ നിയമനടപടികൾ അമ്മ ശ്രദ്ധാപൂർവ്വം പിന്തുടർന്നുവന്നിരുന്നതായി മായഷ കൂട്ടിച്ചേർത്തു.

source : Smita Gupta

പ്രദേശത്തെ തൊഴിലാളികൾ സുധയോട് നിയമപഠനം നടത്താനും അവരുടെ കേസുകളിൽ പോരാടാനും അഭ്യർത്ഥിച്ചതെങ്ങനെയെന്ന് അവർ ഓർക്കുന്നു. കോടതിമുറികളിൽ ജനങ്ങൾക്ക് അനുകൂലമായ വാദങ്ങളുടെ അഭാവവും തൊഴിലാളികൾക്ക് തന്നിലുള്ള വിശ്വാസവും കണക്കിലെടുത്ത് സുധ 40-ാം വയസ്സിൽ അഭിഭാഷകയാകാൻ തീരുമാനിച്ചു. അതിനുശേഷം, ഭീമൻ കോർപ്പറേഷനുകൾ ബലപ്രയോഗത്തിലൂടെ ഭൂമി പിടിച്ചെടുക്കുന്നതിനെതിരെ തൊഴിലാളികൾക്കും ഗോത്രവർഗക്കാർക്കുമായി നിരവധി കേസുകൾ അവർ പോരാടി വിജയം നേടി.

“മുദ്രാവാക്യം വിളിക്കുമ്പോൾ എന്റെ അമ്മ എന്നെ ഒരു തോളിൽ ചേർത്തുപിടിക്കുകയും മറ്റൊരു മുഷ്ടി ഉയർത്തുകയും ചെയ്യുന്ന നിരവധി ഫോട്ടോകൾ ഞാൻ കണ്ടിട്ടുണ്ട്. ഒരു കൈയ്യിൽ പ്ലക്കാർഡും മറ്റേ കൈയിൽ എന്റെ വിരലുകളും പിടിച്ച് അവർ നീണ്ട റാലികൾ നടത്തിയത് ഞാൻ ഓർക്കുന്നു. അവർ പ്രസംഗങ്ങൾ നടത്തിയപ്പോൾ ഞാൻ സ്റ്റേജിനരികിൽ നിന്നുകൊണ്ട് അവരെ നിരീക്ഷിക്കാറുണ്ടായിരുന്നു. പാവപ്പെട്ടവരുടെ അവകാശങ്ങൾക്കായി അവർ നിരാഹാര സമരം നടത്തിയ സന്ദർഭങ്ങളുണ്ട്. മർദ്ദിതരുടെ പോരാട്ടങ്ങൾക്ക് അവർ അവരുടെ ഹൃദയവും ആത്മാവും നൽകി”മായഷ അഭിമാനത്തോടെ പറയുന്നു.

ഇപ്പോൾ 58 വയസുള്ള സുധയെ 2018 ഓഗസ്റ്റിലാണ് അറസ്റ്റുചെയ്യുന്നത്. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകളാൽ താൻ ബുദ്ധിമുട്ടുന്നുവെന്ന് പറഞ്ഞ് നിരവധി തവണ അവർ ജാമ്യാപേക്ഷ നൽകിയിരുന്നു. പോലീസ് കുറ്റപത്രം പരിഗണിക്കുന്ന പുണെയിലെ ഒരു സെഷൻസ് കോടതിക്ക് പ്രതികളോട് മുൻവിധിയുണ്ടായിട്ടില്ലെന്നും അതിനാൽ സുധ ഭരദ്വാജ് അല്ലെങ്കിൽ അവരുടെ കൂട്ടുപ്രതികൾക്ക് ജാമ്യത്തിന് അർഹതയില്ലെന്നും മഹാരാഷ്ട്ര സർക്കാർ ബോംബെ ഹൈക്കോടതിയെ അറിയിച്ചിരുന്നു!

നിറഞ്ഞ കണ്ണുകളാൽ, അമ്മയുടെ അറസ്റ്റിനെക്കുറിച്ച് മായഷ ഓർമ്മിക്കുന്നു. “2018 ഓഗസ്റ്റ് 28 ന് രാവിലെ, കൊണ്ടുപോകുന്നതിനുമുമ്പ്, എനിക്കും മമ്മയ്ക്കും 10 മിനിറ്റ് സ്വകാര്യത നൽകിയിരുന്നു. ഞാൻ കണ്ണീരിന്റെ വക്കിലായിരുന്നു. എനിക്ക് ഒരു വാക്കുപോലും ഉച്ചരിക്കാൻ കഴിഞ്ഞില്ല. അടുത്ത രണ്ട് വർഷങ്ങളിൽ, ഞാൻ ലോകത്ത് അകന്ന് ഒറ്റപ്പെട്ടു കഴിഞ്ഞു. രാത്രിയിലും പകലും എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഞാൻ എന്റെ അമ്മയുടെ ഫോട്ടോഗ്രാഫുകൾ പുറത്തെടുത്ത് അവരെ നോക്കി കരഞ്ഞിരുന്നു. എനിക്ക് കഠിനമായ ഹൃദയവേദനയും ഉത്കണ്ഠ പ്രശ്നങ്ങളും അനുഭവപ്പെട്ടു. എന്റെ ജീവിതം ഇപ്പോഴും എന്നെ വേട്ടയാടുന്നു. ഇപ്പോൾ, ഞാൻ നിങ്ങളോട് ഇത് സംസാരിക്കുമ്പോൾ പോലും, ഞാൻ ആ പ്രശ്നങ്ങൾ നേരിടുന്നു. ഞാൻ അവരെ എന്റെ അരികിൽ സങ്കൽപ്പിച്ചുകൊണ്ടിരിക്കുന്നു. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഞാൻ അവരുമായി അഞ്ച് മിനിറ്റ് സംസാരിക്കാൻ കാത്തിരിക്കുകയാണ്. അത് മാത്രമാണ് എനിക്ക് ആകെയുള്ളത് ”മായഷ പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നു.

അതേസമയം, എൽഗർ പരിഷത്ത് കേസുമായി ബന്ധപ്പെട്ട് നടത്തിയ എല്ലാ അറസ്റ്റുകളും വിയോജിപ്പിന്റെ ശബ്ദങ്ങൾ അടിച്ചമർത്തുന്നതിനാണ് നടത്തിയതെന്ന് സ്മിത വിശ്വസിക്കുന്നു.

ആക്ടിവിസ്റ്റ് സ്റ്റാൻ സ്വാമി (എൽഗർ പരിഷത്ത്- മാവോയിസ്റ്റ് ബന്ധം ആരോപിച്ച കേസിലെ മറ്റൊരു സഹപ്രവർത്തകൻ) ജാമ്യം കാത്തിരിക്കെ മരണപ്പെട്ടത് മായഷയെ വല്ലാതെ ഉലച്ചു. “ഫാദർ സ്റ്റാന്റെ മരണത്തെക്കുറിച്ച് അറിഞ്ഞ ദിവസം ഞാൻ ഹൃദയംപൊട്ടി കരഞ്ഞു. എനിക്ക് എന്റെ അമ്മയുടെ കാര്യത്തിൽ ഭയമാണ്. അവരുടെ ആരോഗ്യനില വഷളാകുന്നതിനെക്കുറിച്ച് ഞങ്ങളുടെ അഭിഭാഷകർ പറയുമ്പോൾ, അത് എന്റെ ഉള്ള് പൊള്ളിക്കുന്നു. ഫാദർ സ്റ്റാൻ രക്ഷിക്കപ്പെടുമായിരുന്നു. പക്ഷേ, ഭരണകൂടം അദ്ദേഹത്തെ മരിക്കാൻ വിട്ടു. അവർ എന്റെ അമ്മയോടും അങ്ങനെ ചെയ്യുമെന്ന് ഞാൻ ഭയപ്പെടുന്നു,,”അവൾ പറയുന്നു.

“പാർശ്വവത്കരിക്കപ്പെട്ടവർക്ക് മാന്യമായ ജീവിതം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ജോലിയല്ലേ? പാവപ്പെട്ടവർക്കും അധസ്ഥിതർക്കും വേണ്ടി പ്രവർത്തിക്കേണ്ടത് അവരുടെ ജോലിയല്ലേ? അമ്മ അവരുടെ ജോലി ചെയ്യുകയായിരുന്നു. ഇത്രയും വർഷങ്ങളായി സർക്കാരിന് ചെയ്യാൻ കഴിയാത്തത് ചെയ്യാൻ അവർ തന്റെ ജീവിതത്തിലെ എല്ലാ സൗകര്യങ്ങളും പദവികളും ഉപേക്ഷിച്ചു. ലോകത്തിന് എന്റെ അമ്മയെപ്പോലുള്ളവരെ വേണം. ഞങ്ങളുടെ ജീവിതം നശിപ്പിച്ചതിന് ഞാൻ ഒരിക്കലും അവരോട് ക്ഷമിക്കില്ല ”മായഷ പറയുന്നു.

ഉറവിടം : ഔട്ട്‌ലുക്ക് ഇന്ത്യ.കോം


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsporta