സിപിഎം പാര്‍ട്ടി ഓഫീസുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയാല്‍ കുഴപ്പം എന്താണ്?

വർഗസമരത്തേയും വർഗനിലപാടുകളെയും വർഗവീക്ഷണത്തെയും കൈയ്യൊഴിഞ്ഞ് ഇന്ന് വികസനമന്ത്രം മാത്രം നയമായിട്ടുള്ള സിപിഎം നേതൃത്വം മറ്റ് ബൂർഷ്വാ- പെറ്റി ബൂർഷ്വാ രാഷ്ട്രീയ നേതൃത്വത്തിൽ നിന്നും ഒട്ടും ഭിന്നമല്ല എന്ന് സ്വയം വ്യക്തമാക്കി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അത് സ്വന്തം പാർട്ടി ഓഫീസുകളിൽ പുത്തൻ കൊളോണിയൽ കൊള്ളയുടെയും ആധിപത്യത്തിൻ്റെയും പുതപ്പായി വർത്തിക്കുന്ന ത്രിവർണ പതാക ഉയർത്താനുള്ള തീരുമാനം എടുക്കുന്നുണ്ടെങ്കിൽ അത്ഭുതപ്പെടാനൊന്നുമില്ല.


എം എൻ രാവുണ്ണി (ചെയർപേഴ്സൺ,പോരാട്ടം)

1947ലെ അധികാര കൈമാറ്റം യഥാര്‍ത്ഥ സ്വാതന്ത്ര്യമായിരുന്നില്ല എന്ന് അന്ന് കമ്മ്യൂണിസ്റ്റുകള്‍ മാത്രമായിരുന്നില്ല,മറിച്ചു യാഥാര്‍ത്ഥ്യ ബോധത്തോടെ ഈ നടക്കാനിരിക്കുന്ന പ്രക്രിയയെ പഠിക്കാന്‍ ശ്രമിച്ചിരുന്ന ദേശിയ വിപ്ലവകാരികള്‍ പോലും വിലയിരുത്തിയിരുന്നു.പൂര്‍ണ്ണ സ്വരാജിന്‍റെ പേരില്‍ ഡൊമിനിയന്‍ പദവി(പുത്രിക പദവി )യില്‍ ഒത്തു തീര്‍പ്പുണ്ടാക്കാനും കീഴടങ്ങാനും ആഗ്രഹിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ നേതൃത്വവുമായി ശക്തമായ അഭിപ്രായ വ്യത്യാസമുള്ളവര്‍ കോണ്‍ഗ്രസിനകത്ത് തന്നെ തുടക്കം മുതലുണ്ടായിരുന്നു. പൂര്‍ണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കോൺഗ്രസ്സിൻ്റെ അലഹബാദ്‌ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ച ഹസ്രത്ത്‌ മോഹ്നിയെ കോണ്‍ഗ്രസ്‌ നേതൃത്വം നേരിട്ടത് അച്ചടക്ക നടപടി കൊണ്ടായിരുന്നു.പിന്നീട് ഇതേ ‘കുറ്റത്തിന്’ഹസ്രത് മോഹ്നിയെ ബ്രിട്ടീഷ് കോടതി 100 വര്‍ഷം തടവിന് ശിക്ഷിക്കുകയുമുണ്ടായി.

എം കെ ഗാന്ധിയുടേയും കോണ്‍ഗ്രസ്സിന്റേയും ഒത്തു തീര്‍പ്പിന്‍റെതും കീഴടങ്ങലിന്റേതുമായ നയങ്ങളില്‍ പ്രതിഷേധിച്ചു കൊണ്ടയിരുന്നുവല്ലോ സുഭാഷ്‌ചന്ദ്രബോസ് കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസ്സ് വിട്ടത്. ഇതേ കീഴടങ്ങലിന്റേയും ഒത്തു തീര്‍പ്പിന്റേതുമായ നിലപാടുകളില്‍ മനം മടുത്തായിരുന്നു ഇന്ത്യൻ യുവതയുടെ പ്രതീകമായി ഭഗത് സിംഗ് പ്രസ്ഥാനവും ഉയര്‍ന്നു വന്നത്.1920 കളില്‍ ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ രൂപികരണം നടക്കുന്നതിലും കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‍റെ ബ്രിട്ടനോടുള്ള കീഴടങ്ങലിന്റേയും ഒത്തുതീര്‍പ്പിന്റേയും നിലപാടുകളോടുള്ള അതൃപ്തിയുടെയും എതിര്‍പ്പിന്‍റെയും അന്തര്‍ധാര അലിഞ്ഞു ചേര്‍ന്നിരുന്നു .

എന്നാല്‍ ഈ എതിര്‍പ്പുകള്‍ എല്ലാം തന്നെ വ്യക്തമായ ശാസ്ത്രീയ ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു എന്ന് വിലയിരുത്താനകില്ല.ഈ പോരായ്മകളുടെ ആധാരം ചരിത്രപരമായ പല പരിമിതികളുമാണെന്ന് ചൂണ്ടിക്കാട്ടാവുന്നതാണ്. എന്നിരുന്നാലും കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‍റെ തെറ്റായ നിലപാടുകളില്‍ നിന്നും നയങ്ങളില്‍ നിന്നുമുള്ള കുതറിച്ചാടലുകളായിരുന്നു ഈ തെറ്റി പിരിയലുകള്‍ എന്നതില്‍ സംശയമില്ല .

1920കളില്‍ രൂപം കൊണ്ട ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്നും, ഈ തെറ്റിപ്പിരിയലുകള്‍ക്കാധാരമായ നിലപാടുകളെ സമ്പുഷ്ടമാക്കാനോ അന്യൂനമാക്കാനോ ഉള്ള ഒരു ശ്രമവും ഉണ്ടായില്ല.മാത്രമല്ല അപ്പോഴും അത് തനതായ ഒരു പദ്ധതിക്ക് രൂപം നല്‍കാനോ വിപ്ലവ പരമായ ഒരു പന്ഥാവ് വെട്ടിതുറക്കാനോ തയ്യാറാകാതെ തികഞ്ഞ മൃദു നയങ്ങളുമായി ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിന്റേയും മുസ്ലിം ലീഗിന്റേയും നേതൃത്വത്തിനു പിന്നാലെ ഇഴയുകയാണുണ്ടായത്.ഇന്ത്യയിലെ ജാതി-വര്‍ഗ്ഗ ബന്ധങ്ങളെ അവയുടെ സ്വഭാവത്തെ, വൈരുദ്ധ്യവാദ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യാനൊ ,അവരെ അതിന്‍റെ അടിസ്ഥാനത്തില്‍ അണി നിരത്താനോ അവർ തയ്യാറായില്ല.അങ്ങനെ ഒരു പരിപാടി പോലും ആവിഷ്ക്കരിക്കാതെയാണ് അന്ന് മുന്നോട്ട് പോയത് -ചുരുക്കത്തില്‍ വാക്കില്‍ ഇടതും പ്രവര്‍ത്തിയില്‍ തനി ബൂര്‍ഷ്വാ ലിബറലുമായി.

ഈ പശ്ചാത്തലത്തിലാണ് ഇന്ത്യാ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ആന്ധ്രാ ഘടകം ‘ വിശാലാന്ധ്ര പ്രജാ സഭ ‘ എന്ന പ്രസ്ഥാനത്തിന് തുടക്കമിടുന്നതും ഹൈദരാബാദിനെ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കണമെന്ന പ്രക്ഷോഭമാരംഭിക്കുന്നതും. അന്ന് നൈസാം ഭരണത്തിന്‍റെ തലസ്ഥാന നഗരിയായ ഹൈദരാബാദില്‍ ആദ്യമായി ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുന്നതും കമ്മ്യൂണിസ്റ്റുകാരായിരുന്നു. ഈ പ്രസ്ഥാനമാണ്‌ ചൈനാ വിപ്ലവത്തില്‍ നിന്നും ആവേശമുള്‍ക്കൊണ്ട് നൈസാമിന്‍റെ ഗുണ്ടാ പടയായ റോജേര്‍സിനെതിരെ സായുധ ചെറുത്തുനില്‍പ്പുകള്‍ സംഘടിപ്പിക്കുന്നതും പിന്നീട് ‘ഇന്ത്യന്‍ യെനാന്‍’ എന്ന വിശേഷണത്തിന് അര്‍ഹമായ 1946 ലെ തെലങ്കാന കാര്‍ഷിക വിപ്ലവമായി രൂപാന്തരപ്പെടുന്നതും . ത്യാഗോജ്ജ്വലമായ പോരാട്ടങ്ങളിലൂടെ 3000 ത്തിലധികം ഗ്രാമങ്ങളെ വിമോചിപ്പിച്ചു കൊണ്ട് അവിടങ്ങളില്‍ ഗ്രാമ സഭകള്‍ രൂപീകരിച്ചു കൊണ്ട് സമാന്തര രാഷ്ട്രീയധികാരം സ്ഥാപിക്കുകയായിരുന്നു അന്ന്. തെലങ്കാനയുടെ സന്ദേശം രാജ്യവ്യാപകമായ ആവേശമായി മാറി.കേരളത്തില്‍ പുന്നപ്രവയലാറും, കാവുമ്പായും, കയ്യൂരും,ഒഞ്ചിയവുമെല്ലാം ഇതിന്‍റെ ബഹിർ സ്പുരണങ്ങളായിരുന്നു.

തെലങ്കാനയില്‍ നിന്നും പാഠം ഉള്‍കൊള്ളാനോ അതിനെ അന്യൂനമാക്കി സംരക്ഷിച്ചു മുന്നോട്ട് കൊണ്ട് പോകാനോ തയ്യാറാകുന്നതിന് പകരം, സിപിഐ യിലെ ലിബറല്‍ വിഭാഗം അപ്പോഴും കുത്തിത്തിരുപ്പുകള്‍ക്കും കുതികാല്‍ വെട്ടലുകളും നടത്തുന്നതിലായിരുന്നുവെന്ന് പാര്‍ട്ടിയുടെ തന്നെ ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നു.ഈ ലിബറല്‍ നിലപാടുകളോട് അതൃപ്തമായ മറ്റൊരു ധാരയും അന്ന് സിപിഐ യില്‍ ഉണ്ടായിരുന്നു. റഷ്യന്‍ വിപ്ലവ മാതൃകകള്‍ അങ്ങനെ തന്നെ പകര്‍ത്തണമെന്ന നിലപാട് ഉള്ളവര്‍.1948ല്‍ കല്‍ക്കത്തയില്‍ നടന്ന സിപിഐ യുടെ രണ്ടാം സമ്മേളനത്തില്‍ ഈ ധാര മുന്‍കൈ നേടുകയും ‘കല്‍ക്കത്ത തീസിസ് ‘എന്ന വിഖ്യാതമായ പരിപാടിക്ക് രൂപം നല്‍കുകയുമണ്ടായി.

ഇതിന്‍റെ അടിസ്ഥാനത്തില്‍ തികച്ചും അതിഭൗതിക വാദപരവും ഇടത് വിഭാഗീയവുമായ പോരാട്ടങ്ങളില്‍ ഏര്‍പ്പെടുകയാണ് ഉണ്ടായത്. ഇന്ത്യയുടെ സോഷ്യലിസ്റ്റ്‌ ഭാവിയായിരുന്നു അപ്പോഴും, ഒട്ടും യാഥാര്‍ത്ഥ്യത്തിനു നിരക്കാത്ത നയ പരിപാടിയെ ആധാരമാക്കി മുന്നോട്ട് വെച്ചത്.അത് കൊണ്ട് തന്നെ അത് പ്രതിസന്ധികളില്‍ തട്ടി തടയുകയായിരുന്നു. കല്‍ക്കത്തയില്‍ നടന്ന രണ്ടാം സമ്മേളനം 1947 ലെ അധികാര കൈമാറ്റത്തെ ‘ഇത് സ്വാതന്ത്ര്യമല്ല’ ഇന്ത്യാ ജനതയോടുള്ള വഞ്ചനയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടുള്ള ഒത്തുതീര്‍പ്പുമാണെന്ന് ശരിയായി വിലയിരുത്തുകയുണ്ടായി. എങ്കിലും ബദല്‍ മാര്‍ഗം ശരിയായ വര്‍ഗ വിശകലനത്തെ ആധാരമാക്കിയതായിരുന്നില്ല .മറിച്ചു തെലങ്കാനയില്‍ നിന്നും വിഭിന്നമായ തികച്ചും വിഭാഗിയമായ ഒന്നായിരുന്നു അത്. ശക്തമായ അടിച്ചമര്‍ത്തലുകളും പ്രതിസന്ധിയുമാണ് അന്ന് സിപിഐ ക്ക് നേരിടേണ്ടി വന്നത്. ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സമുന്നത നേതാവും താത്വികനുമായ രജനി പാമിദത്തിന്‍റെ ‘ഇന്ത്യ ടുഡേ’ എന്ന പഠനമാണ് പ്രധാനമായും കല്‍ക്കത്ത തീസീസിന്‍റെ ആധാരമെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യൻസ്വാതന്ത്ര്യത്തെ വിലയിരുത്തി കൊണ്ട് മേല്‍ പറഞ്ഞ പുസ്തകം ഇങ്ങനെ മനോഹരമായി പ്രതിപാദിക്കുന്നു.ഡല്‍ഹി ചെങ്കോട്ടയില്‍ യൂണിയന്‍ ജാക്കിന് പകരം ത്രിവര്‍ണ്ണ പതാക 1947 ആഗസ്റ്റ് 15 ന് ഉയരുമ്പോള്‍ മദിരാശിയിലെ ‘ജനറല്‍ ഇലക്ട്രിക്കല്‍ കമ്പനി ‘എന്ന ബ്രിട്ടീഷ് സ്വകാര്യ സ്ഥാപനം അതിന്‍റെ പേര് ‘ജനറല്‍ ഇലക്ട്രിക്കല്‍ കമ്പനി ഓഫ് ഇന്ത്യ’ എന്ന് മാറ്റിയെഴുതി തൂക്കി. എന്ന് പറഞ്ഞാല്‍ ബ്രിട്ടീഷ് മൂലധന താല്പര്യത്തിനു ഒരു കോട്ടവും തട്ടാത്ത, മാത്രമല്ല അതിനെ സംരക്ഷിച്ചു വളര്‍ത്തുമെന്ന കരാറാണ് ഈ അധികാര കൈമാറ്റത്തിലൂടെ നടന്നത് എന്ന വസ്തുതയാണ് രജനി പാമിദത്ത് തന്‍റെ പുസ്തകത്തിലൂടെ വിശകലനം ചെയ്യാന്‍ ശ്രമിച്ചത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ഫസിസത്തിനെതിരായ ജനാധിപത്യ സോഷ്യലിസ്റ്റ്‌ ശക്തികളുടെ വിജയം, ചൈനയുടെ വിപ്ലവ വിജയം, ഇത് ഉണ്ടാക്കിയ ലോക സാഹചര്യം സമ്രാജ്യത്വ ശക്തികളെ ക്ഷീണിപ്പിക്കുകയും ഒരേ സമയം വിമോചനത്തിന്‍റെയും സ്വാതന്ത്ര്യത്തിന്റേതുമായ പോരാട്ടങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്ത സാഹചര്യം കൂടിയായിരുന്നു 1940 കളുടെ അന്ത്യം. ബ്രിട്ടീഷ് സാമ്രാജിത്വത്തിന് അതിന്‍റെ സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്വം നിലനിര്‍ത്താന്‍ കഴിയാത്ത സാഹചര്യം. പഴയ കൊളോണിയല്‍ നയങ്ങളുമായി അതിനു തുടര്‍ന്ന് മുന്നേറാന്‍ കഴിയില്ല എന്ന അവസ്ഥയില്‍ പുത്തന്‍ കൊളോണിയല്‍ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്ന കാലഘട്ടം കൂടിയായിരുന്നു അത് എന്നും രജനി പാമിദത്ത് വിലയിരുത്തുന്നുണ്ട്. ഇത്തരം ഒരു സാഹചര്യത്തിലാണ് ഇന്ത്യയില്‍ അധികാര കൈമാറ്റം നടക്കുന്നതും തെലങ്കാന പോലുള്ള സമരങ്ങളുടെ മുന്നേറ്റവും കല്‍ക്കത്ത തിസീസും സംഭവിക്കുന്നത്. അന്ന് സ്വാതന്ത്ര്യത്തിന്‍റെ പ്രതീകമായിരുന്ന ത്രിവര്‍ണ്ണ പാതക, ഈ അധികാര കൈമാറ്റം എന്ന വഞ്ചനയോടെ പുത്തന്‍ കൊളോണിയലിസത്തിന്‍റെ പുതപ്പായി മാറുകയായിരുന്നു എന്ന് അനന്തര സംഭവ വികാസങ്ങള്‍ സ്ഥിരീകരിക്കുന്നു.

ബ്രിട്ടീഷ് ഇന്ത്യയില്‍ ഉണ്ടായിരുന്ന ജനറല്‍ ഇലക്ട്രോണിക് കമ്പനിക്ക് ഇന്ന് ഇന്ത്യ മുഴുവനും ശാഖകള്‍ ഉണ്ട്. ബ്രിട്ടീഷ് മൂലധനം പതിന്മടങ്ങ് വര്‍ധനയോടെ ഈ 75ആം സ്വാതന്ത്ര്യ ദിനം ആകുമ്പോഴേക്കും ഇന്ത്യയില്‍ തഴച്ചു വളരുന്ന ഒരു കാഴ്ചയാണ് നമ്മള്‍ കാണുന്നത്.1948 നു മുന്‍പ്‌ ബ്രിട്ടീഷ് സാമ്രാജ്യത്വം മാത്രമാണ് അതിന്‍റെ നഖങ്ങളാഴ്ത്തി ഇന്ത്യയെ മാന്തിപ്പൊളിച്ചു രക്തം കുടിച്ചത് എങ്കില്‍ ,ഈ ‘സ്വതന്ത്ര ഇന്ത്യയില്‍’ യുഎസ് അടക്കമുള്ള 14 ലേറെ സാമ്രാജ്യത്വ ശക്തികള്‍ ഇന്ന്‍ മൂലധന നിക്ഷേപം നടത്തി കൊള്ള നടത്തുകയാണ്. തികച്ചും പരാശ്രയത്വമായ ഒരു സമ്പദ്ഘടനയാണ് ഇന്ന് സ്വതന്ത്ര ഇന്ത്യക്ക് ഉള്ളത്. ഏതൊരു നാടിന്റേയും രാഷ്ട്രീയ-സാമൂഹിക-സാംസ്ക്കാരിക കാര്യങ്ങളെ നിയന്ത്രിക്കുന്നത് അതിന്‍റെ സാമ്പത്തിക അടിത്തറയായിരിക്കുമെന്ന് സാമ്പത്തിക രാഷ്ട്രീയ മീമാംസകര്‍ വിലയിരുത്തുന്നു. ഇന്ന് ഇന്ത്യ എത്തിനില്‍ക്കുന്ന സാമ്പത്തിക തകര്‍ച്ചയുടേയും സാമൂഹിക- സാംസ്ക്കാരിക- രാഷ്ട്രീയ ജീര്‍ണ്ണതകളുടേയും അടിവേരുകള്‍ നമ്മുടെ പറയപ്പെടുന്ന സ്വാതന്ത്ര്യത്തിലും അതിന്‍റെ അടിസ്ഥാനത്തില്‍ പടുത്തുയര്‍ത്തപ്പെട്ടിട്ടുള്ള സാമ്രാജ്യത്വാശ്രിതമായ സമ്പദ്ഘടനയിലുമാണ് അന്വേഷിക്കേണ്ടത് .തികച്ചും സാമ്രാജ്യത്വ പുത്തന്‍ കൊളോണിയല്‍ ആധിപത്യവും കൊള്ളയുമാണ് സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ ഇവിടെ നടക്കുന്നത്.

എന്നാല്‍ ഇതെങ്ങനെ സംഭവിച്ചു? ഇത്തരമൊരു ഒത്തുതീര്‍പ്പിലേക്ക് എത്തിച്ച കോണ്‍ഗ്രസിന്‍റെ വര്‍ഗ പശ്ചാത്തലമെന്തായിരുന്നു? ഇന്ത്യയില്‍ വളര്‍ന്ന് വരികയായിരുന്ന മുതലാളിത്തത്തിന്‍റെ സ്വഭാവം എന്തായിരുന്നു എന്ന വിശകലനമോ വിലയിരുത്തലോ ഇന്ത്യാ ടുഡേയില്‍ രജനി പാമിദത്ത് നടത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ ഇവിടുത്തെ സിപിഐ നേതൃത്വവും അങ്ങനെയൊരു വിലയിരുത്തലിനു തയ്യാറായില്ല.

ഇന്ത്യയുടെ എഴുപത്തി അഞ്ചാമത് സ്വാതന്ത്ര്യ ദിനത്തിൽ എകെജി സെന്ററിൽ എ വിജയരാഘവൻ ദേശീയപതാക ഉയർത്തി.

ചൈനയെ പോലെ കൊളോണിയലും അര്‍ദ്ധ കൊളോണിയലും അര്‍ദ്ധ നടുവാഴിത്തവുമായ നാടുകളിലെല്ലാം വളര്‍ന്ന് വന്നത് ദല്ലാള്‍ സ്വഭാവത്തോട് കൂടിയ മുതലാളിത്തമാണെന്ന് മാവോ സേതുങ്ങിന്‍റെ നേതൃത്വത്തില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നടത്തിയ വിലയിരുത്തല്‍, 1948 ലെ കല്‍ക്കത്ത തീസിസിന്‍റെ നേതൃത്വത്തിനും സിപിഐ ലെ ലിബറല്‍ വിഭാഗത്തിനും അലര്‍ജിയായിരുന്നു. ഈ ദല്ലാള്‍ സ്വഭാവവും നിലപാടുകളും തന്നെയാണ് കോണ്‍ഗ്രസിന്‍റെ ബ്രിട്ടനോടുള്ള ഒത്തു തീര്‍പ്പിന്റേയും കീഴടങ്ങലിൻ്റെയും നയങ്ങളില്‍ പ്രതിഫലിച്ചിരുന്നത് എന്ന് കാണാന്‍ അവര്‍ പരാജയപെട്ടു. എന്നാല്‍ തികച്ചും അതിഭൗതികവാദ നിലപാടുകളിലും ഇടത് വിഭാഗിയതയിലും എത്തിച്ചേര്‍ന്ന കല്‍ക്കത്ത തീസിസിനും അതിന്‍റെ നേതൃത്വത്തിനും അത് ചെന്നകപ്പെട്ട അനിവാര്യമായ പ്രതിസന്ധികളില്‍ തെറ്റ് തിരുത്തി മുന്നേറുന്നതിനു പകരം നേരെ വിപരീതമായി മറു കണ്ടം ചാടലില്‍ എത്തേണ്ടി വന്നു.രണദിവെ ഇത് സംബന്ധിച്ച് നടത്തിയ സ്വയം വിമർശനം പോലും അന്നത്തെ പാർട്ടി നേതൃത്വത്തിന് സ്വീകാര്യമായിരുന്നില്ല. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കകത്തെ മുന്നാമത്തെ ധാരയായ മധ്യവര്‍ത്തി -ലിബറല്‍ നിലപടുകാര്‍ക്ക് ഇതില്‍ മുന്‍കൈ ലഭിക്കുകയുമുണ്ടായി. തെറ്റുകള്‍ തിരുത്തി തെലങ്കാനയെ സംരക്ഷിക്കുനതിനു പകരം പുതിയ നേതൃത്വം കീഴടങ്ങലിന്റേയും ഒത്തു തീര്‍പ്പിന്റേയും നയം സ്വീകരിക്കുകയും ഇന്ത്യാ സര്‍ക്കാര്‍ ഒരു ദേശിയ സര്‍ക്കാര്‍ ആണെന്നും അതിനെതിരായി സായുധ സമരം നടത്തേണ്ടതില്ലെന്നുമുള്ള തീരുമാനത്തിലേക്ക് എത്തുകയുമായിരുന്നല്ലോ. തുടര്‍ന്ന് തെലങ്കാന സമരം പിന്‍വലിക്കപ്പെട്ടതിനും സിപിഐ നടത്തിവരുന്ന തിരഞ്ഞെടുപ്പ് രാഷ്ട്രീയ വിനോദങ്ങള്‍ക്കും നമ്മള്‍ സാക്ഷികളുമാണ്.

ഈ ദല്ലാള്‍ രാഷ്ട്രീയത്തിനൊരു അറുതി വരുത്താനുള്ള 1960 കളിലെ ശ്രമമാണ് 1964 ലെ സിപിഎം രൂപീകരണത്തില്‍ കലാശിച്ചത്. 1948 ന് ശേഷം ഒരു പരിപാടി പോലും ഇല്ലാതെ വലിഞ്ഞു നീങ്ങുകയായിരുന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനൊരു മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചവരെയൊക്കെ നിരാശരാക്കുന്നതായിരുന്നു സിപിഎം രൂപീകരണവും അതിന്‍റെ പരിപാടിയും. തികച്ചും വഞ്ചനാപരമായ അത് ഇന്ത്യന്‍ വിപ്ലവ പ്രസ്ഥാനത്തെയും ജനതകളെയും വീണ്ടും തെറ്റായ വിശകലനങ്ങളുടെയും രാഷ്ട്രീയത്തിന്‍റെയും അടിസ്ഥാനത്തില്‍ സിപിഐ യില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ലാത്ത പരിപാടി ആവിഷ്ക്കരിച്ചു കൊണ്ട്, ഇന്ത്യയിലെ ദല്ലാള്‍ മുതലാളിത്തത്തിന്‍റെയും ജന്മി-നാടു വാഴിത്തത്തിന്‍റെയും സാമ്രാജ്യത്വത്തിൻ്റെയും വാലാക്കി മാറ്റുകയാണ് ഉണ്ടായത്. ചുരുക്കത്തില്‍ പുത്തന്‍ കൊളോണിയലിസത്തിന്‍റെ മാപ്പ് സക്ഷിയാവുകയായിരുന്നു സിപിഎം നേതൃത്വം .

ഇതിനൊരു വഴിത്തിരിവുണ്ടാക്കുന്നത് 1967 ലെ നക്സല്‍ബാരി കലാപമാണ്‌. 1960 ൽ സിപിഐ യുടെ ലിബറല്‍ മധ്യവര്‍ത്തി നേതൃത്വത്തിനെതിരെ ഉയര്‍ന്ന് വന്ന ‘കോണ്‍ഗ്രസ്‌ കമ്മ്യൂണിസ്റ്റുകാര്‍’ എന്ന വിമര്‍ശനത്തിനു തങ്ങളും അര്‍ഹരാണെന്ന തലത്തിലേക്കാണ് പിന്നീട് സിപിഎം നേതൃത്വം വളര്‍ന്നു വന്നത്. വർഗസമരത്തേയും വർഗനിലപാടുകളെയും വർഗവീക്ഷണത്തെയും കൈയ്യൊഴിഞ്ഞ് ഇന്ന് വികസനമന്ത്രം മാത്രം നയമായിട്ടുള്ള സിപിഎം നേതൃത്വം മറ്റ് ബൂർഷ്വാ- പെറ്റി ബൂർഷ്വാ രാഷ്ട്രീയ നേതൃത്വങ്ങളിൽ നിന്നും ഒട്ടും ഭിന്നമല്ല എന്ന് സ്വയം വ്യക്തമാക്കി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അത് സ്വന്തം പാർട്ടി ഓഫീസുകളിൽ, പുത്തൻ കൊളോണിയൽ കൊള്ളയുടെയും ആധിപത്യത്തിൻ്റെയും പുതപ്പായി വർത്തിക്കുന്ന ത്രിവർണ പതാക ഉയർത്താനുള്ള തീരുമാനം എടുക്കുന്നുണ്ടെങ്കിൽ അത്ഭുതപ്പെടാനൊന്നുമില്ല.

ചെങ്കുപ്പായമിടുകയും ചെങ്കൊടി വീശുകയും ഒരേ സമയം ഇന്ത്യൻ ഭരണവർഗങ്ങൾക്കും സാമ്രാജ്യത്വ ശക്തികൾക്കും സേവ ചെയ്യുകയും ചെയ്യുമ്പോൾ, തിരുത്തൽവാദികൾ എന്ന വിമർശനത്തിനു പോലും അർഹതയില്ലാത്ത മുതലാളിത്ത പാതക്കാരാണ് തങ്ങളെന്ന് സിപിഎം നേതൃത്വം സ്വയം പ്രഖ്യാപിക്കുകയാണ്. എക്കാലത്തും വിദേശമേൽക്കോയ്മാ ശക്തികളെ സേവിച്ച ചരിത്രമുള്ള ആർഎസ്എസ്-ബിജെപി ശക്തികളെക്കാളും ദേശഭക്തി തങ്ങൾക്കാണെന്ന് വരുത്താനുള്ള വെപ്രാളത്തിലാണ് ഈ ദേശദ്രോഹികളും.


1963 ൽ അമേരിക്കൻ പ്രസിഡണ്ട് ജോൺ എഫ്.കെന്നഡി വെടിയേറ്റു കൊല്ലപ്പെട്ടപ്പോൾ പാർട്ടി ഓഫീസുകളിൽ ചെങ്കൊടി താഴ്ത്തി കരിങ്കൊടി ഉയർത്തി തങ്ങളുടെ ദുഃഖം രേഖപ്പെടുത്തിയവരിൽ നിന്നും മറ്റെന്ത് പ്രതീക്ഷിക്കാനാണ് !


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsporta