ആധുനിക മുതലാളിത്തം കുഞ്ഞു കൈകളെയും ചങ്ങലകളാൽ ബന്ധിക്കുമ്പോൾ!

നമ്മുടെ ചർമ്മ ഉൽ‌പന്നങ്ങളും നെയിൽ പോളിഷുകളും തിളക്കമുള്ളതാക്കുന്ന ഘടകം മൈക്കയാണ്. മൈക്ക ഖനികളിൽ അഞ്ച് വയസ്സ് പ്രായമായ കുട്ടികളെ കൊണ്ടുപോലും ജോലി ചെയ്യിക്കുന്നു. ഞെട്ടിപ്പിക്കുന്നതെന്തെന്നാൽ, ഇത് മൈക്ക കണ്ടെത്തുന്ന വിള്ളലുകളിലേക്ക് എത്താൻ പാകത്തിൽ അവരുടെ കൈകൾ ചെറുതായതിനാലാണത്രെ!


മൊഴിമാറ്റം: മണിരത്നം

അന്താരാഷ്ട്ര തൊഴിൽ സംഘടനയും(ILO) യുനിസെഫും (UNICEF) ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം ലോകത്ത് രണ്ട് പതിറ്റാണ്ടിനുള്ളിൽ ബാലവേല 160 മില്യൺ ആയി ഉയർന്നിരിക്കുന്നു. ഗവണ്മെന്റുകൾക്കും കോർപ്പറേറ്റുകൾക്കും ഉപഭോക്താക്കൾക്കും മുഖം തിരിക്കാതിരിക്കാൻ ഉത്തരവാദിത്വമുണ്ട്.

തിളക്കമുള്ള ഒരു മാളിലെ ഫാൻസി ഔട്ട്‌ലെറ്റിലേക്ക് ഒരാൾ നടക്കുമ്പോൾ, മിനുസമുള്ള തട്ടിൽ വെച്ചിരിക്കുന്ന സ്മാർട്ട്‌ഫോണുകളുടെയും മറ്റ് ആധുനിക ഗാഡ്‌ജെറ്റുകളുടെയും പിന്നിൽ പ്രവർത്തിച്ച ചെറിയ കൈകളെയും മഞ്ഞ് മൂടിയ കണ്ണുകളെയും കുറിച്ച് ആരും ഒരിക്കലും ചിന്തിക്കുന്നില്ല.

മൊബൈൽ ഫോണുകളുടെയും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ബാറ്ററികൾക്ക് ഊർജ്ജം പകരുന്ന കൊബാൾട്ട് വേർതിരിച്ചെടുക്കുന്ന ഖനികളിൽ 40,000-ൽ അധികം കുട്ടികൾ ജോലി ചെയ്യുന്നുണ്ടെന്ന് യുനിസെഫ് പറയുന്നു. ഖനികളിലെ വിഷപ്പൊടിയുടെ രൗദ്രത, സ്മാർട്ട് ഫോണുകൾ വിൽക്കുന്ന കടയിലെ കണ്ണഞ്ചിപ്പിക്കുന്ന മിഴിവിലും തിളക്കത്തിലും വിസ്മരിക്കപ്പെടുന്നു.

ഇടുങ്ങിയതും തകർന്നതും ഇരുണ്ടതുമായ തുരങ്കങ്ങളിൽ അപകടസാധ്യതയുള്ളതിനാൽ കുട്ടികൾ കൊബാൾട്ട് അയിര് ശ്രദ്ധയോടെ എടുത്ത് മുതുകിൽ വെച്ചാണ് കൊണ്ടുപോകുന്നത് എന്ന് ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നു. അപകടകരമായ ദ്വാരങ്ങളിലേക്ക് പോയാലോ അല്ലെങ്കിൽ ചരലുകൾക്കിടയിൽ സുരക്ഷാ ഉപകരണങ്ങളില്ലാതെ ജോലി ചെയ്യുമ്പോഴോ കുട്ടികൾക്ക് തീവ്രമായ മുറിവുകളും പരിക്കുകളും പറ്റുന്നു. വിഷലിപ്തമായ പൊടി ശ്വസിക്കുന്നതിലൂടെ ശ്വാസകോശ സംബന്ധമായ തകരാറുകൾ ഉണ്ടാകാം. പ്രവൃത്തി സമയം ദൈർഘ്യമേറിയതാണ്; ഇടവേളകൾ വിരളവും.

Loader Loading…
EAD Logo Taking too long?

Reload Reload document
| Open Open in new tab

Download [150.57 KB]

ഐ‌എൽ‌ഒ(ILO)യുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള വിവിധ ഖനികളിൽ പത്ത് ലക്ഷത്തോളം കുട്ടികൾ ജോലി ചെയ്യുന്നു. ഖനിതൊഴിലാളികളിൽ ഏകദേശം 20% കുട്ടികളാണെന്ന് യുനിസെഫ് കണക്കാക്കുന്നു. അവർ ചൂഷണത്തിന് വിധേയരാകുകയും ജീവൻ അപകടപ്പെടുത്തുന്ന രാസവസ്തുക്കളും വാതകങ്ങളും ദിനേന നേരിടുകയും ചെയ്യുന്നു. സ്വർണ്ണ ഖനികളിലെ കുട്ടികൾ മാരക വിഷമായ മെർക്കുറിയുമായി സമ്പർക്കം പുലർത്തുന്നു.

നമ്മുടെ ചർമ്മ ഉൽ‌പന്നങ്ങളും നെയിൽ പോളിഷുകളും തിളക്കമുള്ളതാക്കുന്ന ഘടകം മൈക്കയാണ്. മൈക്ക ഖനികളിൽ അഞ്ച് വയസ്സ് പ്രായമായ കുട്ടികളെ കൊണ്ടുപോലും ജോലി ചെയ്യിക്കുന്നു. ഞെട്ടിപ്പിക്കുന്നതെന്തെന്നാൽ, ഇത് മൈക്ക കണ്ടെത്തുന്ന വിള്ളലുകളിലേക്ക് എത്താൻ പാകത്തിൽ അവരുടെ കൈകൾ ചെറുതായതിനാലാണത്രെ!

ഖനനത്തിൽ കുട്ടികളുടെ പങ്കാളിത്തം ഏറ്റവും മോശമായ തൊഴിലായി കണക്കാക്കപ്പെടുന്നു. ഖനികൾ വിദൂര സ്ഥലങ്ങളിൽ സ്ഥിതിചെയ്യുന്നതിനാൽ, ബാലവേല പലപ്പോഴും ‘അദൃശ്യമാണ്’. വസ്തുത പരിശോധിക്കുന്ന റിപ്പോർട്ടിന്റെ ചില ഭാഗങ്ങൾ ഈ വ്യക്തമായ യാഥാർത്ഥ്യത്തെ ചൂണ്ടിക്കാണിക്കുന്നു:

“ഞങ്ങൾ ശ്വാസകോശത്തിൽ ചുവന്ന ഇരുമ്പുള്ള, ഇരുമ്പയിര് ഖനികളിലെ ബാലവേലകരാണ്… ഞങ്ങളിൽ പതിനാലും, എട്ടും, അഞ്ചും നാലും വയസ്സുള്ളവരുണ്ട്, ഞങ്ങളുടെ ലോഹസംസ്കരണ വൈദഗ്ധ്യം മുട്ടിൽ ഇഴഞ്ഞു തുടങ്ങുമ്പോഴെ ആരംഭിക്കുന്നു. എല്ലാറ്റിനും ഉപരിയായി, ഞങ്ങളെ ‘അദൃശ്യരാക്കാം’. നിങ്ങൾ ഞങ്ങളെ നോക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഞങ്ങളെ കാണാൻ കഴിയില്ല, കാരണം; ഖനികളിൽ ബാലവേല ഇല്ല.”

യുഎൻ സുസ്ഥിര വികസന ലക്ഷ്യം 8.7(ടാർഗറ്റ് 8.7)ന്റെ സഹ-പരിപാലകരായ ഐ‌എൽ‌ഒയും യുനിസെഫും ചേർന്ന് 2021 ജൂൺ 10 ന് പുറത്തിറക്കിയ സംയുക്ത റിപ്പോർട്ട്, ബാലവേല 160 ദശലക്ഷമായി ഉയർന്നുവെന്ന് മുന്നറിയിപ്പ് നൽകുന്നു. ഇത് ലോകമെമ്പാടുമുള്ള കുട്ടികളുടെ പത്തിലൊന്ന് വരും. കഴിഞ്ഞ നാല് വർഷത്തിനിടെ 8.4 ദശലക്ഷം കുട്ടികളുടെ വർദ്ധനവ്. ചൈൽഡ് ലേബർ : ഗ്ലോബൽ എസ്റ്റിമേറ്റ്സ് 2020,ട്രൻഡ്സ് ആൻഡ് ദി റോഡ് ഫോർവേഡ് (Child Labour: Global Estimates 2020,Trends and The Road Forward) എന്ന തലക്കെട്ടിൽ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്, സമ്പദ്‌വ്യവസ്ഥകൾ കോവിഡുമായി മല്ലിടുമ്പോൾ, വർദ്ധിച്ച തൊഴിലില്ലായ്മയും വർദ്ധിച്ചുവരുന്ന ദാരിദ്ര്യവും ദശലക്ഷക്കണക്കിന് കുട്ടികളെ ബാലവേലയിലേക്ക് നയിക്കുമെന്ന് കരുതപ്പെടുന്നു എന്നാണ്.

ദശലക്ഷക്കണക്കിന് കുട്ടികൾ അങ്ങേയറ്റത്തെ അധ്വാനത്തിൽ ഏർപ്പെടുന്നു. ഇതിൽ 70% രാസവസ്തുക്കളോ കീടനാശിനികളോ അപകടകരമായ യന്ത്രങ്ങളോ ഉൾപ്പെടുന്ന അപകടകരമായ അവസ്ഥയിലാണ് പ്രവർത്തിക്കുന്നത്. ഏഷ്യ-പെസഫിക് മേഖലയിലാണ് ഏറ്റവും കൂടുതൽ ബാലവേലയുള്ളത്, 127.3 ദശലക്ഷം. സബ്-സഹാറൻ ആഫ്രിക്കയിൽ 48 ദശലക്ഷം ബാലവേലയുള്ളതായി കണക്കാക്കുന്നു.

കാഴ്ചയ്ക്കു പുറകിലെ എം‌എൻ‌സികൾ

ബാലവേല ഉപയോഗിക്കപ്പെടുന്നത് പൊതുവായി കാണപ്പെടുന്നതുപോലെ അസംഘടിത മേഖലയിൽ മാത്രമല്ല. ഉന്നതമായ ആശയങ്ങൾക്കും തത്വങ്ങൾക്കും പേരുകേട്ട വലിയ ബ്രാൻഡുകൾക്കും കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും ഇതിൽ സംശയാസ്പദമായ പങ്കുണ്ട്. കുട്ടികളെ അപകടകരമായ യന്ത്രസാമഗ്രികളിൽ പ്രവർത്തിപ്പിച്ചതിന് യുഎസ് തൊഴിൽ വകുപ്പ് വാൾമാർട്ടിന് പിഴ ചുമത്തിയിരുന്നു. ബാലവേലയ്ക്കായി സംസ്ഥാനം ഈടാക്കിയ ഏറ്റവും വലിയ തുക ഈ പിഴയാണെന്ന് കരുതുന്നു. നിരവധി പ്രമുഖ സ്‌പോർട്‌സ് വെയർ ബ്രാൻഡുകൾ ബാലവേല ഉപയോഗിച്ചുവെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

പരുത്തി വിത്ത് ഉൽപാദനത്തിൽ എം‌എൻ‌സികൾ അപകടകരമായ രീതിയിൽ ബാലവേല ഉപയോഗിക്കുന്നുണ്ടെന്ന് ഐ‌എൽ‌ഒ പറയുന്നു. ചെറിയ കൈകൾ ഹൈബ്രിഡ് വിത്തുകൾ ഉത്പാദിപ്പിക്കാൻ സങ്കര പരാഗണത്തെ സഹായിക്കുന്നതിനാൽ കുട്ടികളെ ഇതിനായി നിയമിക്കുന്നു. ജോലിയുടെ സമയത്ത് അവർ വിഷ കീടനാശിനികൾക്ക് വിധേയരാകുന്നു!

ഫാഷൻ വ്യവസായ വിതരണ ശൃംഖലയിലെ എല്ലാ ഘട്ടങ്ങളിലും കുട്ടികൾ പ്രവർത്തിക്കുന്നു- പരുത്തി വിത്ത് ഉത്പാദനം, വിളവെടുപ്പ്, നൂൽ നൂൽപ്പ് തുടങ്ങി ഫാക്ടറികളിൽ വസ്ത്രങ്ങൾ ചേർക്കുന്നത് വരെ. ഇന്നത്തെ അടിമത്തത്തിന്റെ ഭയാനകമായ സാഹചര്യത്തിലാണ് അവ പ്രവർത്തിക്കുന്നത്. ഫാഷൻ വിതരണ ശൃംഖല സങ്കീർണ്ണവും ഭൂമിശാസ്ത്രപരമായി ചിതറിക്കിടക്കുന്നതുമായതിനാൽ തൊഴിലുടമകൾ അതിൽ നിന്ന് രക്ഷപ്പെടുന്നു.

കളിപ്പാട്ടങ്ങൾ കുട്ടികളുടെ പ്രിയപ്പെട്ട കൂട്ടുകാരാണ്. വിരോധാഭാസമെന്നു പറയട്ടെ, ലോകത്തിലെ ഏറ്റവും വലിയ കളിപ്പാട്ടങ്ങളിൽ ചിലത് സാന്റയുടെ പുഞ്ചിരിക്കുന്ന എൽവ്സ് ഉത്തരധ്രുവത്തിൽ നിർമ്മിച്ചവയല്ല, മറിച്ച് ബാലവേലയിൽ നിന്നാണ്. ഡിസ്നിയുടെ ഉൽ‌പ്പന്നങ്ങൾ പ്രായപൂർത്തിയാകാത്ത തൊഴിലാളികളുള്ള വിയർപ്പ് ഷോപ്പുകളിലാണ് നിർമ്മിച്ചതെന്ന് മനുഷ്യാവകാശ ഗ്രൂപ്പുകൾ റിപ്പോർട്ട് ചെയ്യുന്നു.

1.56 ദശലക്ഷം കുട്ടികൾ കൊക്കോ ഉൽപാദനത്തിൽ അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നുവെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഈ കുട്ടികൾക്ക് അവരുടെ ഉൽപ്പന്നങ്ങളിൽ നിന്ന് നിർമ്മിച്ച ചോക്ലേറ്റുകൾ ആസ്വദിക്കാൻ ഒരിക്കലും അവസരം ലഭിച്ചിട്ടില്ല. വാഷിംഗ്‌ടൺ പോസ്റ്റിന്റെ അഭിപ്രായത്തിൽ, ബാലവേല നിർമ്മാർജ്ജനം ചെയ്യാമെന്ന് പ്രതിജ്ഞയെടുത്തിട്ട് 20 വർഷം പിന്നിട്ടിട്ടും, മാർസ്, ഹെർഷെ, നെസ്‌ലെ തുടങ്ങിയ ചോക്ലേറ്റ് കമ്പനികൾ അവരുടെ കൊക്കോ വരുന്ന ഫാമുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ വിസമ്മതിക്കുന്നു. കുട്ടികളെ കൂടുതലായി പണിയെടുപ്പിക്കുന്ന തോട്ടങ്ങളിൽ നിന്ന് വാഴപ്പഴം ഉത്പാദിപ്പിക്കുന്നതായി ചിക്വിറ്റ, ഡെൽ മോണ്ടെ, ഡോൾ തുടങ്ങിയ കമ്പനികൾ പറയുന്നു. കീടനാശിനികൾ തളിക്കാൻ പറമ്പിലൂടെ വിമാനങ്ങൾ പറക്കുന്നതിനാൽ കുട്ടികൾക്ക് പലപ്പോഴും വിഷാംശമേൽക്കും.

നിരവധി ഓട്ടോമോട്ടീവ് നിർമ്മാതാക്കൾ, ഫോക്സ് വാഗൺ, ഡൈംലർ എജി എന്നിവ കുട്ടികൾ ജോലി ചെയ്യുന്ന യൂണിറ്റുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നു. ഓട്ടോമോട്ടീവ് വിതരണ ശൃംഖലകളുടെ ഉയർന്ന സങ്കീർണ്ണത കാരണം അത്തരം വിവരങ്ങൾ പരിശോധിക്കുന്നത് ബുദ്ധിമുട്ടാണെന്ന് കമ്പനികൾ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രമുഖ പുകയില കമ്പനികളെ ബാലവേല ചെയ്യിക്കുന്നവരിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ നിരവധി ഉൽപ്പന്നങ്ങളുടെ പണിപ്പുരയിൽ നിശബ്ദരായ കുട്ടികളുടെ കൈകളുണ്ട് എന്നതാണ് യാഥാർത്ഥ്യം.

എന്തുകൊണ്ട് കുട്ടികൾ?

കടുത്ത ദാരിദ്ര്യം, നിരക്ഷരത, അനാഥത്വം എന്നിവ കുട്ടികളെ ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നു. കുറഞ്ഞ വേതനം കൊടുത്താൽ മതിയെന്നുള്ളത് കുട്ടികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കാൻ സ്ഥാപനങ്ങളെയും പ്രേരിപ്പിക്കുന്നു. ഒരു കുട്ടി മുതിർന്നയാളെക്കാൾ 55% കുറവാണ് സമ്പാദിക്കുന്നത്. അധ്വാനം കൂടുതലുള്ളതും കുറഞ്ഞ നൈപുണ്യം ആവശ്യമുള്ളതുമായ ജോലികൾക്കായി കുട്ടികൾ എളുപ്പത്തിൽ ലഭ്യമാവുന്നു.

വിധേയത്വപരമായ പെരുമാറ്റം കാരണം തൊഴിലുടമകൾ കുട്ടികളെ ഇഷ്ടപ്പെടുന്നു. കുട്ടികൾ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ഭയം പ്രകടിപ്പിക്കുന്നു. തൊഴിൽ പ്രശ്നങ്ങളുടെ പൂർണ്ണ അഭാവം അല്ലെങ്കിൽ തർക്കങ്ങൾ, പ്രതിഷേധങ്ങൾ, പണിമുടക്കുകൾ, യൂണിയൻ പ്രവർത്തനം തുടങ്ങിയ അസ്വസ്ഥതകൾ ഇല്ലാത്തതു കാരണം പല തൊഴിലുടമകളും കുട്ടികളെ ‘ഇഷ്ടപ്പെടുന്നു’.

മുതിർന്നവരേക്കാൾ 40% കൂടുതൽ ഉൽ‌പാദനക്ഷമത കുട്ടികളിലുണ്ടെന്ന് ഐ‌എൽ‌ഒ റിപ്പോർട്ട് ചെയ്യുന്നു. കുട്ടികൾ പെട്ടെന്ന് പഠിക്കുന്നവരാണ്. തുരങ്കങ്ങൾക്കുള്ളിൽ ആഴത്തിൽ പോകുക, ചെറിയ കണങ്ങൾ എടുക്കുക, ചെറിയ വസ്തുക്കൾ കൈകാര്യം ചെയ്യുക, അരികുകൾ മുറിക്കുക, മിനുക്കുക തുടങ്ങിയ ജോലികൾ അവർക്ക് എളുപ്പത്തിൽ ചെയ്യാൻ കഴിയും. ചെറുതും വേഗതയുള്ളതുമായ വിരലുകൾ അവർക്ക് കൂടുതൽ കൃത്യത നൽകുന്നു. .

മിക്ക കമ്പനികളും അവരുടെ ചരക്കുകൾ നേരിട്ട് ഉൽ‌പാദിപ്പിക്കാതെ വിതരണക്കാരിൽ നിന്ന് വാങ്ങിക്കുന്നു. ഉദാഹരണത്തിന്, പരുത്തിക്കൃഷി വ്യവസായത്തിലെ കമ്പനികൾ ഏജന്റുമാർ വഴിയാണ് തങ്ങൾ ഉൽപ്പന്നം വാങ്ങുന്നതെന്ന് അവകാശപ്പെടുന്നു. ഈ ഏജന്റുമാർ വലിയ ഭൂവുടമകളിൽ നിന്ന് ഉൽ‌പന്നങ്ങൾ വാങ്ങുന്നു. അവർ അവ ചെറുകിട കർഷകരിൽ നിന്ന് സംഭരിക്കുന്നു. അതിനാൽ, ഇത് പണം കടന്നുപോകുന്നതിനുള്ള ഒരു നീണ്ട ശൃംഖലയാണ്.

കമ്പനികൾ പലപ്പോഴും യാഥാർത്ഥ്യങ്ങളിലേക്ക് കണ്ണടയ്ക്കുന്ന നയമാണ് സ്വീകരിക്കുന്നത്. സാമൂഹ്യ ഉത്തരവാദിത്തത്തെ ശക്തമായി പിന്തുണയ്ക്കുന്ന വലിയ എം‌എൻ‌സികൾ‌ ഈ വിശദാംശങ്ങൾ‌ അറിഞ്ഞിരിക്കണം. അവരുടെ വിതരണ ശൃംഖല ബാലവേലയാൽ കളങ്കപ്പെട്ടിരിക്കുന്നു. കുട്ടികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാൻ വിസമ്മതിച്ചോ അല്ലെങ്കിൽ അങ്ങനെ ചെയ്യുന്ന കരാറുകാരിൽ നിന്ന് സാധനങ്ങൾ സ്വീകരിക്കുന്നത് അവസാനിപ്പിച്ചു കൊണ്ടോ കോർപ്പറേറ്റുകൾ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്.

പൊതുവേ, വികസ്വര രാജ്യങ്ങളിലെ ബാലവേലയുടെ മൊത്തത്തിലുള്ള തോത് വളരെ ഗൗരവമുള്ളതാണ്, അത് നിർത്തുന്നത് യഥാർത്ഥത്തിൽ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കും, അതിനാൽ പ്രശ്നം പലപ്പോഴും വ്യവസ്ഥാപിതമായി അവഗണിക്കപ്പെടുന്നു. ബാലവേല ഇല്ലാതാക്കുന്നതിന് സർക്കാർ, കോർപ്പറേറ്റുകൾ, എൻ‌ജി‌ഒകൾ, ആക്ടിവസ്റ്റുകൾ, മന:ശാസ്ത്രജ്ഞർ, അധ്യാപകർ എന്നിവരിൽ നിന്ന് സമഗ്രമായ ശ്രമങ്ങൾ ആവശ്യമാണ്. ബാലവേലകരുടെയും അവരുടെ കുടുംബങ്ങളുടെയും അവബോധവും വിദ്യാഭ്യാസവും സഹിതം, പുനരധിവാസ സംവിധാനം ഏർപ്പെടുത്തണമെന്നത് നിർബന്ധമാണ്. അല്ലാത്തപക്ഷം, ജോലി ചെയ്യുന്നതിൽ നിന്ന് തടയപ്പെടുന്ന കുട്ടികൾ മറ്റ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ എത്തിപ്പെടാനും സാധ്യതയുണ്ട്.

ഉപഭോക്താക്കൾക്കും ഒരു വിധത്തിൽ ഉത്തരവാദിത്തമുണ്ട്. ആളുകൾ മന:പൂർവ്വം അജ്ഞത നടിക്കുന്നവരാണ്, കാരണം ഒരു ഉൽപ്പന്നത്തിന്റെ നൈതിക ഗുണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നെഗറ്റീവ് വികാരങ്ങളും കുറ്റബോധങ്ങളും നിറഞ്ഞതാകാം. നിശബ്ദമായി ഇവ തുടരാൻ അനുവദിക്കുന്നത് വളരെ സാധാരണമായ ഒരു കോപ്പിംഗ് സംവിധാനമാണ്* (മന:ശാസ്ത്രത്തിലെ ഒരു പ്രയോഗം). ഉൽ‌പ്പന്നങ്ങളുടെ നിർമ്മാണത്തിലും ഉറവിടത്തിലും ഏർപ്പെട്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കുന്നതിന് കൂടുതൽ ജാഗ്രത അനിവാര്യമാണ്.

‘അദൃശ്യമായ’ ചെറിയ കൈകൾ തീർച്ചയായും തൊഴിലിടത്തിലെ ഭാവി ആകാതിരിക്കട്ടെ.


(*കോപ്പിംഗ് എന്നാൽ ബോധപൂർവ്വം വ്യക്തികൾക്കുളിലെ പ്രശ്നങ്ങൾ പരിഹരിക്കുക, സമ്മർദ്ദവും സംഘർഷവും കീഴ്പ്പെടുത്താനോ കുറയ്ക്കാനോ സഹിക്കാനോ ശ്രമിക്കുക.)

കടപ്പാട്: ദി വയർ


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsporta