നവകേരളമിഷന്റെ പിന്നാമ്പുറം

കേരളം ഇന്നഭിമുഖീകരിക്കുന്ന ആരോഗ്യ,വിദ്യാഭ്യാസ,പാര്‍പ്പിട,പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് യഥാര്‍ത്ഥ പരിഹാരം കാണാന്‍ നവകേരള മിഷന് കഴിയുകയില്ല. കാരണം നവകേരള മിഷന്‍ പദ്ധതികളും ഹരിതകേരളവും എല്ലാ അര്‍ത്ഥത്തിലും സാമ്രാജ്യത്വ ചൂഷണത്തിന്റെ രണ്ടാംതലമുറ വികസനത്തിന്റെ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള അപ്പക്കഷ്ണങ്ങളും പ്രതിഷേധങ്ങളുടെ മുനയൊടിക്കാനുള്ള സേഫ്റ്റി വാൽവുകളുമാണ്.


ഷാൻ്റോലാൽ(ജന.കൺവീനർ, പോരാട്ടം)

ഈ ലേഖനമെഴുതുന്ന 2016 കാലത്ത് വരൾച്ചയെന്ന പ്രശ്നത്തെയാണ് നാം പ്രധാനമായി നേരിട്ടത് എങ്കിൽ ഇത് പുന:പ്രസിദ്ധീകരിക്കുന്ന 2021 ൽ വലിയ പ്രളയ, പകർച്ചവ്യാധി ദുരന്തങ്ങളെയാണ് നാം നേരിടുന്നത്. പാരിസ്ഥിതിക അസന്തുലിതാവസ്ഥ ജനജീവിതത്തെയും പരിസ്ഥിതിയെയും അടിമുടി പിടിച്ചുകുലുക്കുമ്പോൾ മുഖംമൂടി അണിഞ്ഞെത്തുന്ന ഭരണവർഗ വഞ്ചനകളെയും നയങ്ങളെയും നാം തിരിച്ചറിഞ്ഞേ മതിയാകൂ. ഒരു ഭാഗത്ത് നവകേരളത്തിന്റെ സൃഷ്ടാക്കളായി അവതരിക്കുക.മറുഭാഗത്ത് ജനജീവിതവും ആവാസവ്യവസ്ഥയും തകർക്കുന്ന ജനവിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമായ “വിനാശം” വികസനത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കുക.മലകൾ തുരന്ന് കടന്നു പോകുന്ന തുരങ്കപാതകളും, കെ.റെയിലും, പൂർത്തീകരണ ലക്ഷ്യമില്ലാത്ത തുറമുഖങ്ങളും, ഇവക്കെല്ലാം വേണ്ടി തുരക്കുന്ന പാറമടകളും, ടൂറിസവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലൂടെ വൻകിട താത്പര്യങ്ങൾക്കും വൈദേശിക താത്പര്യങ്ങൾക്കും നമ്മെ പണയപ്പെടുത്തുക എന്നതാണിവിടെ നടക്കുന്നത്.അതിവേഗ നഗരവത്കരണം മൂലം രോഗാണുക്കളും പകർച്ചവ്യാധികളും കേരളത്തെ കീഴടക്കുന്ന കാലം ഉണ്ടാകരുതെന്ന പിണറായി വിജയന്റെ വാക്കുകളിലെ മുന്നറിയിപ്പ് പോലും കോവിഡ്,നിപ പോലുള്ള വൈറസ് വ്യാപനത്തിന്റെ കാര്യത്തിൽ അക്ഷരംപ്രതി ശരിയായിരിക്കുന്നു. ഇതൊക്കെ തരം പോലെ പറയുന്നുണ്ടെങ്കിലും ഇതിനെല്ലാം ആക്കം കൂട്ടുന്ന തരത്തിൽ ജനജീവിതത്തിനും പരിസ്ഥിതിക്കും കൂടുതൽ പരിക്കേൽക്കാൻ ഇട വരുന്ന നവലിബറൽ നയങ്ങളുമായി തന്നെയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള LDF സർക്കാരും മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തിൽ “നവലിബറൽ കേരളത്തെപ്പറ്റി” 2016 ൽ തേജസ് ദിനപത്രത്തിൽ എഴുതിയ ഈ ലേഖനം പകർച്ചവ്യാധിയുടെയും പ്രളയത്തിന്റേയും ഈ കാലത്ത് രാഷ്ടീയ വിശകലനങ്ങളിൽ എളിയ സംഭാവനയാകാൻ കഴിഞ്ഞെങ്കിൽ എന്ന ആഗ്രഹത്തോടെ അറോറക്ക് നൽകുന്നു.


എല്‍.ഡി.എഫ്. സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തീകരിക്കുകയാണ്. സി. പി. ഐ. എം നടത്തിയ കേരള പഠന കോണ്‍ഗ്രസില്‍ ചര്‍ച്ചചെയ്ത് രൂപപ്പെടുത്തിയ ഭാവികേരള വികസനത്തിന്റെതെന്ന് അവകാശപ്പെടുന്ന പദ്ധതികള്‍ നവകേരള മിഷനിലൂടെ എല്‍. ഡി. എഫ് സര്‍ക്കാര്‍ നടപ്പാക്കിവരികയുമാണ്. നവകേരള മിഷനിലൂടെ കേരളത്തിന്റെ വികസനചരിത്രത്തില്‍ പുതിയ ഒരു അധ്യായം രചിക്കപ്പെടുകയാണെന്നും കേരളത്തിന്റെ പരിസ്ഥിതിയും ജൈവ വൈവിധ്യം സംരക്ഷിക്കുന്നതും മനുഷ്യജീവിതനിലവാരം ഉയര്‍ത്തുന്നതുമായ ഇടതുപക്ഷ വികസന പരിപ്രേഷ്യത്തിന്റെ പ്രയോഗിക രൂപമാണ് നവകേരളമിഷന്‍ എന്നും സി. പി. ഐ. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ 2016 ഡിസംബര്‍ 7 ന് ദേശാഭിമാനി ദിനപത്രത്തില്‍ എഴുതിയ ‘നവകേരളത്തിന് നാടൊന്നായി’ എന്ന ലേഖനത്തില്‍ പറയുന്നു. കേരള പഠന കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് രൂപപ്പെടുത്തിയ നീതിപൂര്‍വ്വവും സ്ഥായിയുമായ ധ്രൂതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചക്ക് ഉപകരിക്കുന്ന കേരളവികസന നയമാണ് ഇതിലൂടെ നടപ്പാക്കാന്‍ പോകുന്നത് എന്നും അദ്ദേഹം പറയുന്നു.

സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി (ലൈഫ്), ജനസൗഹൃദ സര്‍ക്കാര്‍ ആശുപത്രികള്‍ (ആര്‍ദ്രമിഷന്‍), സമഗ്ര വിദ്യാഭ്യാസ നവീകരണം (പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം), ഹരിത കേരളം എന്നീ നാല് പദ്ധതികളിലുടെ കേരള വികസനത്തിന്റെ 2-ാം തലമുറ പ്രശ്‌നങ്ങള്‍ക്കുള്ള പ്രായോഗിക ബദലുകള്‍ ആണ് നടപ്പില്‍ വരാന്‍പോകുന്നത് എന്നും, മാലിന്യ സംസ്‌കരണ, ജൈവകൃഷി വ്യാപനം പോലുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇടപെടാതിരുന്നപ്പോള്‍ സി.പി.ഐ.എം സഹകരണ സ്ഥാപനങ്ങളിലുടെയും പാര്‍ട്ടിയുടെയും ബഹുജന സംഘടനകളുടെയും മുന്‍കയ്യിലാണ് ഇത് ചെയ്തത് എന്നും എന്നാല്‍ ഇന്നിത് സര്‍ക്കാരിന് ചെയ്യാന്‍ കഴിയുമെന്നും കോടിയേരി പറയുന്നു.

നവകേരളമിഷന്റെ തുടക്കം എന്ന നിലയില്‍ ഹരിത കേരളം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതിനോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ചിലകാര്യങ്ങള്‍ സൂചിപ്പിക്കുകയുണ്ടായി. ഗതകാല കാര്‍ഷിക സമൃദ്ധിയുടെ സ്മരണയില്‍ മാത്രം മുന്നോട്ടുപോകാനാവില്ലെന്നും പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനുമുള്ള ഉത്തരവാദിത്വം സമൂഹം ഏറ്റെടുക്കണമെന്നും വരും തലമുറയ്ക്ക് എല്ലാ നന്‍മകളോടെയും നാടിനെ കൈമാറണം എന്നും വായു, ജല, ഖര, മലിനീകരണം തീവ്രമാകുന്നു, മണ്ണും വായുവും വിഷമയമാകുന്നു, രോഗാണുക്കളും പകര്‍ച്ചവ്യാധികളും കേരളത്തേയും കീഴടക്കുന്ന കാലം ഉണ്ടാകരുത്, അതുകൊണ്ടാണ് നാടിന്റെ പച്ചയും, മണ്ണിന്റെ നന്മയും ജലത്തിന്റെയും വായുവിന്റെയും ശുദ്ധിയും വീണ്ടെടുക്കാന്‍ സാക്ഷരതാ പ്രവര്‍ത്തനം പോലെ ജനകീയ യജ്ഞം തന്നെ വേണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത് എന്നെല്ലാം വാതോരാതെ പിണറായിയും എഴുതുകയുണ്ടായി.

മാലിന്യ സംസ്‌കരണം, ജൈവകൃഷി, വീട്ടുവളപ്പിലെ പച്ചക്കറികൃഷി കീടനാശിനി മുക്തകൃഷി, വനസമ്പത്തും ജലസമ്പത്തും സംരക്ഷിക്കലും വ്യാപ്തി വര്‍ദ്ദിപ്പിക്കലും അടിയന്തിര ആവശ്യങ്ങളാണ് അതിവേഗ നഗരവത്കരണത്തിന്റെ സൃഷ്ടിയാണ് ഗുരുതരമായ മലിനീകരണം എന്നും ജൈവവും അജൈവമായ മാലിന്യങ്ങളും അപകടകാരിയായ മാലിന്യങ്ങളും കൈകാര്യം ചെയ്യാനുള്ള ശാസ്ത്രീയ രീതികള്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ഉണ്ടെങ്കില്‍ മാത്രമെ വെല്ലുവിളികളെ നേരിടാനാവൂ എന്നും ജലസ്രോതസുകളുടെ മലിനീകരണവും, നികത്തലും, കുറയുന്ന മഴയും കടലില്‍ ഒഴുകിച്ചേരുന്ന മഴവെള്ളവും എല്ലാം ചേര്‍ന്ന് ഭീതിതമായ അവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് പിണറായി വിജയന്‍ വിശദീകരിക്കുകയും ചെയ്തു.

അതെ ! കേരള ജനത ഭീതിതമായ അവസ്ഥയിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. വ്യാപകമായ വനനശീകരണവും, വയല്‍നികത്തലും, കുന്നുകളുടെ ഇടിച്ചു നിരത്തലും, ചതുപ്പുനിലങ്ങളുടെ നശീകരണവും, കടലും, കായലും, പുഴത്തീരങ്ങളുടെ കയ്യേറ്റവും വയല്‍ നികത്തലും എല്ലാം ചേര്‍ന്ന് കേരളത്തിന്റെ പരിസ്ഥിതി സംതുലിതാവസ്ഥ പാടെ തകരുകയും കൊടിയ വരള്‍ച്ചയെ തന്നെ അഭിമുഖീകരിക്കുകയുമാണ് നാമിന്ന്. വന്‍കിട കുത്തകകളുടെ ഖനനങ്ങളും അനിയന്ത്രിതമായ തോതിലുള്ള പാറമടകളുടെ പ്രവര്‍ത്തനവും പുഴകളെ കൊല്ലുന്ന മണല്‍ വ്യവസായവും കേരളത്തിന്റെയും പ്രത്യേകിച്ച് പശ്ചിമഘട്ടത്തിന്റെയും പരിസ്ഥിതിയെ താറുമാറാക്കിയിരിക്കുകയാണ്. ഇതുമൂലമാണ് ലോകത്ത് തന്നെ ഏറ്റവുമധികം മഴ ലഭിച്ചിരുന്ന നമ്മുടെ നാട് വരണ്ടുണങ്ങി കൊണ്ടിരിക്കുന്നത്.

കേരളം സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മണ്ടലങ്ങളിലാകെ വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. സാമ്രാജ്യത്വ ആഗോളവത്കരണ നയങ്ങളും ജനവിരുദ്ധ വികസന പദ്ധതികളും ജനജീവിതം അങ്ങേയറ്റം ദു:സഹമാക്കിയിരിക്കുന്നു. സര്‍വ്വ മേഖലകളിലും ചൂഷണവും അരക്ഷിതാവസ്ഥയും വര്‍ദ്ധിക്കുന്നു. കാര്‍ഷിക-പാരിസ്ഥിതിക മേഖലകള്‍ കടുത്ത വെല്ലുവിളികളെയാണ് നേരിടുന്നത്. നാളിതുവരെ നമ്മുടെ നാട്ടില്‍ ഭരണം നടത്തിയ ഇടത്-വലത്-കാവി മുന്നണികള്‍ക്കൊന്നും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കഴിയില്ല. തൊഴിലാളികള്‍, ആദിവാസികളും ദളിതരും അടക്കമുള്ള കര്‍ഷകര്‍, സ്ത്രീകള്‍, യുവജനങ്ങള്‍, മുസ്ലീംങ്ങള്‍, മറ്റ് മതന്യൂനപക്ഷങ്ങള്‍ തുടങ്ങി വിവിധ ജനവിഭാഗങ്ങള്‍ കടുത്ത ചൂഷണത്തിനും മര്‍ദ്ധനത്തിനും ഇരകളാകുന്നു. 300/- രൂപയില്‍ മാത്രം കൂലി ലഭിക്കുന്നവരായി തോട്ടം തൊഴിലാളികള്‍ പാടികളുടെ അടിമത്വത്തില്‍ നരകയാതന അനുഭവിക്കുന്നു. വിദ്യാഭ്യാസം കച്ചവടവത്കരിക്കപ്പെട്ടതോടെ വിദ്യാര്‍ത്ഥികളും അവരുടെ അച്ചനമ്മമാരും വിദ്യാഭ്യാസ ലോണ്‍ എന്ന വലിയ കടഭാരംപേറി ജീവിക്കുന്നു. ആരോഗ്യ മേഖലയിലെ സ്വകാര്യവത്കരണ നയങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ത്തെറിഞ്ഞു. ആതുര സേവന കേന്ദ്രങ്ങള്‍ നരകങ്ങളായി. ചികിത്സ എന്നത് പണമുള്ളവര്‍ക്ക് മാത്രം സാധ്യമാകുന്ന ഒന്നായി. തലചായ്ക്കാന്‍ ഒരുതുണ്ട് ഭൂമിയോ കേറിക്കിടക്കാന്‍ ഒരു വീടോ ഇല്ലാത്ത ആദിവാസികളും ചേരിനിവാസികളും റോഡ്-തോട് പുറംപോക്കുകളില്‍ പ്ലാസ്റ്റിക് കുടിലുകളില്‍ കഴിയുന്നവരുമായ ലക്ഷക്കണക്കിന് മനുഷ്യരുടെ നാടായി കേരളം മാറിയിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ മേല്‍പറഞ്ഞ നാല് മേഖലകളെ സ്പര്‍ശിക്കുന്ന നവകേരള മിഷന്‍ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും ഇതിന്റെയെല്ലാം ദുരിതമനുഭവിക്കുന്ന സാധാരണ ജനങ്ങള്‍ക്കിടയില്‍ ചെറിയൊരു സ്വീകാര്യതയും ആശ്വാസവും ലഭിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ കേരളം ഇന്നഭിമുഖീകരിക്കുന്ന ആരോഗ്യ, പാര്‍പ്പിട, വിദ്യാഭ്യാസ, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് യഥാര്‍ത്ഥ പരിഹാരം കാണാന്‍ നവകേരള മിഷന് കഴിയുമോ ? നവകേരള മിഷന്റെ രാഷ്ട്രീയ അന്തസത്തയും യഥാര്‍ത്ഥ ലക്ഷ്യവും എന്താണ് തുടങ്ങിയ കാര്യങ്ങള്‍ നാം പരിശോധിക്കേണ്ടിയിരിക്കുന്നു. ശുചിത്വം, ജലസംരക്ഷണം, കൃഷിവികസനം, പരിസ്ഥിതി പരിപാലനം എന്നീ നാല് മേഖലകളെ സ്പര്‍ശിച്ചു കൊണ്ട് നവകേരളമിഷനില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്ന വിഷയമായി ആദ്യം ഉദ്ഘാടനം ചെയ്യപ്പെട്ടത് ഹരിത കേരളം പദ്ധതിയാണെന്നത് സസൂക്ഷ്മം നിരീക്ഷിക്കേണ്ട ഒരു നടപടിയാണ്.

കേരളം ഒരുവലിയ പരിസ്ഥിതി ദുരന്തത്തിന്റെ വക്കിലാണ്. മൂന്ന് ദശകങ്ങള്‍ക്ക് മുമ്പുതന്നെ കേരളം നേരിടാന്‍ പോകുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെപറ്റിയും ജലദൗര്‍ലഭ്യതയെപറ്റിയും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റിയും ചര്‍ച്ചകള്‍ ഉയര്‍ന്നു വരികയും സമരങ്ങള്‍ നടക്കുകയുമുണ്ടായി. എന്നാല്‍ ഇന്ന് കേരളം ഭരിക്കുന്ന സി. പി. ഐ. എം ഉള്‍പ്പെടെയുള്ള ഭരണവര്‍ഗ പാര്‍ട്ടികള്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളോടും പരിസ്ഥിതി പ്രവര്‍ത്തകരോടും അങ്ങേയറ്റം പുച്ഛത്തോടെയും അസഹിഷ്ണുതയോടെയുമാണ് പെരുമാറിയതും പെരുമാരിക്കൊണ്ടിരിക്കുന്നതും. വികസന വിരോധികള്‍ എന്ന് മുദ്രയടിച്ച് പരിസ്ഥിതി മൗലീകവാദം എന്ന വാദം ഉയര്‍ത്തി ഏറ്റവും ഒടുവില്‍ ആതിരപ്പള്ളി പദ്ധതിക്കും വന നശീകരണത്തിനും വേണ്ടി വാദിച്ച പിണറായി വിജയന്റെ പ്രസ്ഥാവനകള്‍ ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.

ഹരിത കേരളം പദ്ധതിയിലൂടെ നാടിന്റെ പച്ചയും, മണ്ണിന്റെ നന്മയും ജലത്തിന്റെയും വായുവിന്റെയും ശുദ്ധിയും വീണ്ടെടുക്കാന്‍ സാക്ഷരതാ പ്രവര്‍ത്തനം പോലെ ജനകീയ യജ്ഞം തന്നെ വേണമെന്ന് പറയുന്ന എല്‍. ഡി. എഫ് സര്‍ക്കാരും സി. പി. ഐ. എമ്മും കേരളത്തിന്റെയും പശ്ചിമഘട്ടത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിനാകെ ഉതകുന്ന ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അട്ടിമറിക്കുന്നതിന് കൂട്ടുനിന്നത് എന്തുകൊണ്ടെന്നും അത് നടപാക്കുന്നതിനെ പറ്റി ഒരു പുനരാലോചനപോലും നടത്താത്തത് എന്ത് കൊണ്ടാണെന്നും വ്യക്തമാക്കേണ്ടതുണ്ട്.

കേരളത്തെ മുന്നു സോണുകളാക്കിതിരിക്കുകയും അതീവ പരിസ്ഥിതി ലോലമായതിനെയും അല്ലാത്തവയെയും തരം തിരിച്ച് പരിസ്ഥിതിയുടെ സംരക്ഷണത്തിന് വളരെ അധികം ശാസ്ത്രീയ ഉള്ളടക്കമുള്ള ഒരു റിപ്പോര്‍ട്ടാണ് ഗാഡ്ഗില്‍ കമ്മിറ്റി തയ്യാറാക്കി കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് പശ്ചിമഘട്ടമേഖലയിലെ ആറു സംസ്ഥാനങ്ങളിലെ എല്ലാ പ്രാദേശിക ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്ത് ഗ്രാമസഭകള്‍ വഴി ജനങ്ങള്‍ക്ക് വിതരണം ചെയ്ത് ജനകീയ പങ്കാളിത്തത്തോടെ നടപാക്കണമെന്ന് ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശിക്കുകയുണ്ടായി. അതങ്ങനെ കേരളത്തില്‍ നടപാക്കിയിരുന്നെങ്കില്‍ സാക്ഷരതാ യജ്ഞത്തിന്റെ നൂറിരട്ടി ജനപങ്കാളിത്തം ഉറപാക്കാന്‍ കഴിയുമായിരുന്നു.

സോണ്‍ ഒന്നില്‍ അഞ്ച് വര്‍ഷം കൊണ്ടും, സോണ്‍ രണ്ടില്‍ പത്ത് വര്‍ഷം കൊണ്ടും, സോണ്‍ മൂന്നില്‍ 15 വര്‍ഷം കൊണ്ടും പൂര്‍ണ്ണമായി ജൈവ കൃഷിയിലേക്ക് മാറണമെന്നും രാസവള കീടനാശിനി പ്രയോഗങ്ങള്‍ ഇതോടൊപ്പം അവസാനിപ്പിക്കണമെന്നും ഗാഡ്ഗില്‍ കമ്മിറ്റി പറയുന്നു. രാസവളങ്ങള്‍ ഉപേക്ഷിക്കുമ്പോള്‍ ജൈവവളം കണ്ടെത്തുന്നതിന് കര്‍ഷകര്‍ക്ക് കാലിവളര്‍ത്തല്‍ പ്രോത്സാഹനം നല്‍കണമെന്നും രണ്ടില്‍ കൂടുതല്‍ പശുക്കളുള്ളവര്‍ക്ക് അവയെ വളര്‍ത്താന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഹരിത കേരളം പദ്ധതിയിലെ ജൈവകൃഷി കീടനാശിനിമുക്ത കൃഷി എന്നീ നിര്‍ദ്ദേശങ്ങള്‍ ആത്മാര്‍ത്ഥമാണെങ്കില്‍ മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങളടങ്ങിയ ഗാഡ്ഗില്‍ റിപ്പോട്ടിനെ എന്തിനാണ് എല്‍. ഡി. എഫ് ഉം, സി. പി. ഐ. എം ഉം എതിര്‍ത്തത് ? രണ്ടില്‍ കൂടുതല്‍ പശുക്കള്‍ ഉള്ളവര്‍ക്ക് ഇനി കാലിവളര്‍ത്താനേ പറ്റില്ലെന്ന് മലയോര മേഖലകളില്‍ ഇവര്‍ നുണപ്രചരണം നടത്തിയത് എന്തിനാണ്. ?

ജലസമ്പത്ത് സംരക്ഷിക്കുന്നതിനും വരള്‍ച്ചയെ ശാസ്ത്രീയമായി തടയിടുന്നതിനും മണ്ണ് സംരക്ഷിക്കുന്നതിനുമായി ഗാഡ്ഗില്‍ കമ്മറ്റി ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. കേരളം സമുദ്ര ഭാഗത്തേക്ക് കൂടുതല്‍ ചരിഞ്ഞു കിടക്കുന്ന പ്രദേശമായതിനാല്‍ മഴക്കാലമാകുമ്പോല്‍ ശക്തമായ മണ്ണോലിപ്പ് സംഭവിക്കുന്നു എന്നും വളക്കൂറുള്ള മേല്‍ മണ്ണിന്റെ ഇപ്രകാരമുള്ള നഷ്ടം കാര്‍ഷിക വിളകളുടെ ഉദ്പാദനത്തെ ബാധിക്കുന്നു എന്നും കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രധാന പാരിസ്ഥിതിക പ്രശ്‌നങ്ങളിലൊന്ന് ഈ മണ്ണൊലിപ്പാണെന്നും പരിസ്ഥിതി ശാസ്ത്രം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് തടയുന്നതിനായി മുപ്പത് ശതമാനത്തില്‍ കൂടുതല്‍ ചരിവുള്ള പ്രദേശങ്ങളില്‍ ഹ്രസ്വകാല വിളകള്‍ നിരുത്സാഹപ്പെടുത്തുകയും വര്‍ഷാവര്‍ഷം മണ്ണിളക്കം ആവശ്യമില്ലാത്ത ദീര്‍ഘകാല വിളകള്‍ കൃഷി ചെയ്യുന്നതിന് പ്രോത്സാഹനം നല്‍കണമെന്നും നിര്‍ദ്ദേശിച്ചു.

പെയ്യുന്ന മഴവെള്ളത്തിനെ ഭൂമിയില്‍ പിടിച്ചു നിര്‍ത്താനും ഭൂഗര്‍ഭത്തിലേക്ക് ആഴ്ന്നിറങ്ങാനും സഹായിക്കുന്നത് സ്‌പോഞ്ച് പോലെയുള്ള വളക്കൂറുള്ള മേല്‍മണ്ണാണ്. മേല്‍മണ്ണ് രൂപപ്പെടുന്നത് ആയിരക്കണക്കിന് വര്‍ഷങ്ങളിലുടെയാണ്. ഈ മേല്‍ മണ്ണിന്റെ നഷ്ടം ഭൂഗര്‍ഭ ജലശേഖരത്തെ ഗുരുതരമായി ബാധിക്കുന്ന ഒരു ഘടകമാണ്. ശരാശരി മൂവായിരം മില്ലിമീറ്റര്‍ മഴലഭിച്ചിരുന്ന വയനാട് ഉള്‍പ്പെടെയുള്ള പശ്ചിമഘട്ടപ്രദേശത്ത് മഴക്കാലം കഴിഞ്ഞാലുടന്‍ വരള്‍ച്ച അനുഭവിക്കുന്നതിന്റെ കാരണവും മണ്ണൊലിപ്പിലൂടെ ഉണ്ടാക്കുന്ന ജലനഷ്ടമാണ്. മണ്ണൊലിപ്പ് ജലനഷ്ടത്തിനും അതിലൂടെയുണ്ടാകുന്ന ജലനഷ്ടം വീണ്ടും മണ്ണൊലിപ്പിനും കാരണമാകുന്ന പ്രതിപ്രവര്‍ത്തനം നടക്കുന്നു. ഇത് വര്‍ഷകാലത്ത് വെള്ളപ്പൊക്കവും വേനലില്‍ വരള്‍ച്ചയും സൃഷ്ടിക്കുന്നു. പക്ഷെ ഇത് തടയുന്നതിന് മുപ്പത് ശതമാനത്തില്‍ കൂടുതല്‍ ചരിവുള്ള പ്രദേശത്ത് വര്‍ഷാവര്‍ഷം മണ്ണിളക്കം ആവശ്യമില്ലാത്ത ദീര്‍ഘകാല വിളകള്‍ പ്രോത്സാഹിപ്പിക്കണമെന്ന നിര്‍ദ്ദേശത്തെ ഇവര്‍ നേരിട്ടത് മലയോര കര്‍ഷകര്‍ക്ക് ഇനി ചേമ്പ്, കപ്പ, ഇഞ്ചി തുടങ്ങിയ ഹ്രസ്വകാല വിളകള്‍ കൃഷി ചെയ്യാനേ കഴിയില്ലെന്ന നുണപ്രചരണം അഴിച്ചുവിട്ടായിരുന്നു. കടലിലേക്ക് ഒഴുകിപ്പോകുന്ന ജലത്തെപ്പറ്റി ആശങ്ക അറിയിക്കുകയാണ് മുഖ്യമന്ത്രി വര്‍ഷകാലത്ത് ഭൂമി ശേഖരിക്കുന്ന ജലം കൊണ്ട് ഉറവയെടുത്ത് വേനലില്‍ നിറഞ്ഞൊഴുകി കടലിലെത്തുന്ന പുഴകള്‍ തന്നെയാണ് നമുക്ക് വേണ്ടത് എന്ന് ചിന്തിക്കാനുള്ള പരിസ്ഥിതികബോധം ഇവര്‍ ഇനിയും ആര്‍ജ്ജിച്ചിട്ടില്ല. പുഴകള്‍ കടലില്‍ ഒഴുകിയെത്തിയില്ലെങ്കില്‍ ഉണ്ടാകുന്ന പ്രത്യാഘാധങ്ങളെപ്പറ്റിയും ചിന്തിക്കാനിവര്‍ക്ക് കഴിയുന്നില്ല. വര്‍ഷകാലത്ത് ഒഴുകിപ്പോകുന്ന വെള്ളം തടയണകെട്ടി സംരക്ഷിക്കണമെന്ന് വാദിക്കുന്നവര്‍ മഴതന്നെ ഇല്ലാതാക്കുന്നതിനെപ്പറ്റി കാര്യമായൊന്നും പറയുന്നില്ല. മഴ പെയ്‌തെങ്കിലെ തടയണയില്‍ ആണെങ്കില്‍ പോലും കെട്ടിനിര്‍ത്താന്‍ വെള്ളം ഉണ്ടാകൂ എന്ന് ചിന്തിക്കാന്‍ ഒരു കോഴ്‌സും പഠിക്കേണ്ടതില്ല. അത്‌കൊണ്ട് ജലസംരക്ഷണത്തെപ്പറ്റി വാചാലരാകുന്നവര്‍ മണ്ണൊലിപ്പിനും ജലനഷ്ടത്തിനും കാരണമാകുന്ന കൃഷിരീതിയുടെയും മഴ ഇല്ലാതാക്കുന്ന വനനശീകരണത്തിന്റെയും സ്വകാര്യ തോട്ടങ്ങളിലുള്‍പ്പെടെയുള്ള മരം മുറിയുടെയും തേക്ക്, യൂക്കാലി, അക്കേഷ്യ തോട്ടങ്ങളുടേതുള്‍പ്പെടെ ഉയര്‍ത്തുന്ന ഭീഷണികളും, കുഴല്‍ കിണറുകള്‍ നടത്തുന്ന ജലചൂഷണവും പാറമടകള്‍ ഉണ്ടാക്കുന്ന വരള്‍ച്ചയും എല്ലാറ്റിലുമുപരി അന്തരീക്ഷ താപം വര്‍ദ്ധിപ്പിക്കുന്ന കോണ്‍ക്രീറ്റ് കാടുകള്‍ കണക്കെയുള്ള കെട്ടിടനിര്‍മ്മാണവുമെല്ലാം ഉയര്‍ത്തുന്ന ഭീഷണികള്‍ പഠിച്ച് ശാസ്ത്രീയമായി പരിഹരിക്കാന്‍ ശ്രമിക്കണം.

വനസമ്പത്ത് സംരക്ഷിക്കുന്നതിന് ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ഗാഡ്ഗില്‍ കമ്മിറ്റി മുന്നോട്ട്‌വക്കുകയുണ്ടായി. വനഭൂമി വനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്നതായിരുന്നു അതിലൊന്ന്. കൂടാതെ കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും സര്‍ക്കാര്‍ ഭൂമി സ്വകാര്യ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കരുതെന്നും ഗാഡ്ഗില്‍ കൂട്ടിച്ചേര്‍ത്തു. കുടിയൊഴിപ്പിക്കലിനെപ്പറ്റി എവിടെയും പരാമര്‍ശിക്കാതിരുന്ന റിപ്പോര്‍ട്ട് വനാവകാശ നിയമ പ്രകാരം ആദിവാസികള്‍ക്ക് കൊടുക്കാനുള്ള ഭൂമി ഉടന്‍ നല്‍കണമെന്നും പറഞ്ഞു. ഇങ്ങനെ പ്രകൃതിയും മനുഷ്യരും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളെ ശാസ്ത്രീയമായി കൈകാര്യം ചെയ്യുകയായിരുന്നു ഗാഡ്ഗില്‍ കമ്മിറ്റി . എന്നാല്‍ റിപ്പോര്‍ട്ട് പശ്ചിമഘട്ടത്തിലെ ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ളതാണെന്ന നുണപ്രചരണം നടത്തി വ്യാപക അക്രമം അഴിച്ചുവിടുകയാണ് അന്നിവര്‍ ചെയ്തത്.

പശ്ചിമഘട്ടത്തിന്റെ സോണ്‍ തിരിച്ചുള്ള പ്രദേശങ്ങളില്‍ പ്രത്യേക സാമ്പത്തിക മേഖലകള്‍ പാടില്ലെന്നും മലിനീകരണത്തിന് കാരണമാകുന്ന റെഡ് കാറ്റഗറി ഇനത്തില്‍ പെടുന്ന വിഷവാതകങ്ങളും രാസപദാര്‍ത്ഥങ്ങളും പുറം തള്ളുന്ന വ്യവസായങ്ങള്‍ അനുവദിക്കരുതെന്നും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് ക്വാറികള്‍ നിര്‍ത്തലാക്കണമെന്നും ഉള്‍പ്പെടെ ധാരാളം നിര്‍ദ്ദേശങ്ങള്‍ വക്കുകയുണ്ടായി.

എന്നാല്‍ ഇതിനെയെല്ലാം മൂടിവച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുകയായിരുന്നു ഭരണ വര്‍ഗരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇതില്‍ മുന്‍പന്തിയിലായിരുന്നു സി. പി. ഐ. എം. കേരള ജനത നേടിയെടുക്കേണ്ട ചില ജനാതിപത്യ ആവശ്യങ്ങളും അവകാശങ്ങളും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിച്ചിരുന്നു എന്നതിനാലാണിത്. എന്നാല്‍ ഈ ചൂഷക വ്യവസ്ഥയെ പരിഷ്‌കരിച്ച് നിലനിര്‍ത്തുക എന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനതാത്പര്യത്തെ മറന്നുകൊണ്ടല്ല ലേഖകന്‍ ഇതിനെ വിശകലനം ചെയ്യുന്നത്. കേരള നിയമസഭയില്‍ ഗാഡ്ഗില്‍ റിപ്പോട്ടിനെതിരെ പ്രമേയം പാസായപ്പോള്‍ ഒരു സി. പി. ഐ. എം. എംഎല്‍എയും എതിര്‍ത്തിരുന്നില്ലെന്നതും ചരിത്രമാണ്. വളരെ അപൂര്‍വ്വമായ ഒരു ഐക്യമാണ് അന്ന് കേരള നിയമസഭകണ്ടത്. സി. പി. ഐയുടെ ബിനോയ് വിശ്വം ഒഴികെയുള്ള എല്ലാവരും അന്ന് റിപ്പോട്ടിനെ അട്ടിമറിക്കാന്‍ പ്രമേയത്തിന് കൂട്ടുനില്‍ക്കുകയായിരുന്നു.

കുതിരാൻ‌ തുരങ്കം

അവരാണിപ്പോള്‍ നവകേരള മിഷനിലെ “ഹരിതകേരളം” പദ്ധതിയിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രചാരകരായി ജനങ്ങളുടെ മുന്‍പില്‍ എത്തിയിരിക്കുന്നത്. ഇതിന് തീര്‍ച്ചയായും ഒരു കാരണവും രാഷ്ട്രീയ ഉള്ളടക്കവും ഉണ്ട്. ഇതിന്റെ പ്രധാനകാരണം കേരളം ഇന്ന് വരള്‍ച്ചയും മലിനീകരണവും ഉള്‍പ്പെടെ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നേരിടുന്നു എന്നതും വലിയ തോതില്‍ പരിസ്ഥിതി സമരങ്ങള്‍ ഉയര്‍ന്നു വരുന്നു എന്നതുമാണ്. പിണറായി വിജയന്‍ പറഞ്ഞതുപോലെ അതിവേഗ നഗരവത്കരണത്തിന്റെയടക്കം സൃഷ്ടിതന്നെയാണിത്. എന്നാല്‍ ഈ അതിവേഗ നഗരവത്ക്കരണവും ജനവിരുദ്ധ വികസന നയങ്ങളും ആരുടെ സൃഷ്ടിയാണെന്ന് അദ്ദേഹം പറയുന്നില്ല. മാത്രമല്ല അത്തരം നഗരവത്കരണ പരിപാടികളുമായി ബഹുദൂരം മുന്നോട്ട് പോവുകയുമാണ് ചെയ്യുന്നത്.

അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ പേരില്‍ അറുപത് മീറ്ററില്‍ ദേശീയപാത വികസിപ്പിക്കുന്നതിനും നാട്ടിലെമ്പാടും വിമാനത്താവളങ്ങള്‍ പണിയാനും ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കാനുമെല്ലാം ഒരുങ്ങുകയാണ് സര്‍ക്കാര്‍. കൃഷിയും വ്യവസായവും കൈയ്യൊഴിയുന്നു. ഉദ്പാദന മേഖലകള്‍ തന്നെ വേണ്ടെന്ന് വക്കുന്നു. കീഴാറ്റൂരിലെ നെല്‍വയല്‍ നികത്തി ദേശീയപാത പണിയുന്ന പദ്ധതി അതിന്റെ ഏറ്റവും നല്ല ഉദാഹരണവും ഗതകാല കാര്‍ഷിക സമൃദ്ധിയുടെ സ്മരണയില്‍ മാത്രം മുന്നോട്ട് പോകാനാകില്ലെന്ന പിണറായി വിജയന്റെ പ്രസ്താവന ഇതിലേക്കുള്ള ചൂണ്ടുവിരലുമാണ്. ഇപ്പോള്‍ വിദേശ ആശ്രിതത്വത്തിന്റെ അടിത്തറയായി വര്‍ത്തിക്കുന്ന തോട്ടം സമ്പദ്ഘടനയെമാറ്റി “ആഗോള സാമ്രാജ്യത്വ സമ്പദ്ഘടനക്കകത്ത് കേരളത്തെ ഒരു സേവനകേന്ദ്രമായി പുന : സംഘടിപ്പിക്കുന്നതിന്റെ”* ഭാഗമാണിത്. കൊച്ചി മെട്രോ ഇതിന്റെ സിമ്പല്‍ മാത്രമാണ്. ലോകത്തിന്റെ ഏതു കോണില്‍ നിന്നും കേരളത്തില്‍ എത്തുന്നവര്‍ക്കും എല്ലാത്തരം സേവനങ്ങളും ഇവിടെ നല്‍കും. വിദ്യാഭ്യാസം, ആരോഗ്യം, വിനോദസഞ്ചാരം, ഐ. ടി തുടങ്ങിയ മേഖലകളെയെല്ലാം ചേര്‍ത്താണ് ഇത് നടപ്പാക്കാന്‍ പോകുന്നത്. ഇതിനെല്ലാം വേണ്ടുന്ന പണം സമാഹരിക്കാന്‍ (കടം വാങ്ങാന്‍) കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോഡ് (കിഫ്ബി) രൂപീകരിച്ചിരിക്കുകയുമാണ്. കിഫ്ബിയിലേക്ക് കാര്യമായ സാമ്പത്തിക ഒഴുക്ക് കണ്ട് തുടങ്ങിയിട്ടില്ലെങ്കിലും ഇങ്ങനെ സമാഹരിക്കുന്ന കടം എങ്ങിനെ വീട്ടുമെന്നോ പലിശതന്നെ കൊടുത്തു തീര്‍ക്കാന്‍ കഴിയുമോ എന്നകാര്യം അവിടെ നില്‍ക്കട്ടെ. ഈ അടിസ്ഥാന സൗകര്യ വികസനത്തിനായി ഇനി വന്‍തോതില്‍ കല്ലും മണ്ണും മണലും ഉള്‍പ്പെടെ പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യപ്പെടുമെന്നത് തീര്‍ച്ചയാണ്. ഇത് കേരളത്തില്‍ വരുത്തിവെക്കാന്‍ പോകുന്നത് ഇന്നത്തേതിന്റെ പതില്‍മടങ്ങ് പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ്. ടൂറിസം വികസനം നാടിന്റെ എല്ലാ നന്‍മകളെയും ഇല്ലാതാക്കും. വായു, ജല, ഖര മലിനീകരണം തീവ്രമാകും. മണ്ണും, വായുവും കൂടുതല്‍ വിഷമയമാകും. നാടിന്റെ പച്ചയും മണ്ണിന്റെ നന്‍മയും ഇല്ലാതാകും. നമ്മുടെ സാമൂഹ്യ സാംസ്‌കാരികരംഗം കൂടുതല്‍ ജീര്‍ണമാകും. ഇത് ലോകത്തിന്റെ വിവിധ നാടുകളിലെയും നമ്മുടെ തന്നെ വിവിധ പ്രദേശങ്ങളിലേയും അനുഭവമാണ്. ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ മുന്നിട്ടിറങ്ങുന്ന സര്‍ക്കാരിനെ സംബന്ദിച്ച് കൂടുതല്‍ പ്രതിഷേധങ്ങള്‍ നേരിടുകെയന്നത് അനിവാര്യമായി വരും. ഇവിടെ പ്രതിഷേധങ്ങളെ തണുപ്പിക്കാനുള്ള അപ്പക്കഷ്ണങ്ങള്‍ മാത്രമാണ് ഹരിതകേരളം മുന്നോട്ട് വച്ചിരിക്കുന്നത് എന്ന് മനസിലാക്കാന്‍ ഗാഡ്ഗില്‍ അനുഭവങ്ങളും സാമാന്യ ബോധവും മതിയാകും.

കേരളത്തിന്റെ പരിസ്ഥിതി ആഘാതങ്ങള്‍ക്ക് അടിത്തറപാകിയത് കൊളോണിയല്‍ തോട്ടം വല്‍ക്കരണമാണ്. പശ്ചിമഘട്ട മലനിരകളിലാകെ ഭൂമിയുടെ കുത്തക സ്ഥാപിക്കുകയും മുതുവന്‍മാരുള്‍പ്പെടെയുള്ള ആദിവാസിവിഭാഗങ്ങളെ ആട്ടിയോടിച്ചുമാണ് ടാറ്റയടക്കമുള്ളവര്‍ (പഴയ കണ്ണന്‍ ദേവന്‍) തോട്ടങ്ങള്‍ സ്ഥാപിച്ചത്. ഇവിടങ്ങളില്‍ നടന്ന വനനശീകരണം കേരളത്തെ ഗുരുതരമായി ബാധിച്ചു. കേരളത്തില്‍ നടന്ന ഭൂപരിഷ്‌കരണ നിയമം പോലും തോട്ടം ഭൂമികളെ സ്പര്‍ശിച്ചില്ല. തോട്ടമാക്കി നിലനിര്‍ത്താമെന്ന് ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയ ഭൂമിയെയെല്ലാം ഭൂപരിഷ്‌കരണത്തില്‍ നിന്നൊഴിവാക്കി തോട്ടം ഭൂമിക്ക് ഭൂപരിതിയും നിശ്ചയിച്ചില്ല. അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും വലിയ തോട്ടം (ടാറ്റയുടെ) ഭൂപരിഷ്‌കരണം നടന്ന കേരളത്തിലായത്. അതുകൊണ്ടാണ് കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ പതിനായിരക്കണത്തിന് ഏക്കര്‍ ഭൂമിയുള്ള ആയിരകണക്കിന് തോട്ടങ്ങള്‍ സംരക്ഷിക്കപ്പെട്ടത്. ഇതുകൊണ്ടൊക്കെത്തന്നെ കേരളത്തിന്റെ പരിസ്ഥിതിക്കേറ്റ ആഘാതം നിലനിര്‍ത്തുന്നതില്‍ ഭൂപരിഷ്‌കരണവും പങ്ക് വഹിച്ചിട്ടുണ്ടെന്ന് സമ്മതിക്കേണ്ടി വരും. നെല്‍വയലുകളില്‍ തുണ്ടുവല്‍ക്കരണവും തോട്ടം ഭൂമികളില്‍ ഭൂമിയുടെ ശക്തമായ കേന്ദ്രീകരണവും ആയിരുന്നു ഭൂപരിഷ്‌കരണത്തിന്റെ ഫലം. കൊളോണിയല്‍ ശക്തികള്‍ വെട്ടിത്തെളിച്ച വനഭൂമിക്ക് ഭൂമി വിട്ടുനല്‍കുന്നതിന് ഭൂപരിഷ്‌കരണം ഒന്നും ചെയ്തതായി അറിവില്ല അത്‌കൊണ്ടുതന്നെ കേരളത്തിന്റെ പരിസ്ഥിതി സന്തുലനത്തിനാവശ്യമായത്ര ഭൂമി വനവത്ക്കരണത്തിന് വിട്ടുകൊടുക്കേണ്ടതുണ്ട്. കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്കും ആദിവാസിഭൂമി ആദിവാസികള്‍ക്കും നല്‍കികൊണ്ട് തോട്ടം ഭൂമിയെ ഉള്‍പ്പെടുത്തി സമഗ്രവും ശാസ്ത്രീയവുമായ ഭൂപരിഷ്‌കരണമാണ് ഇതിനാവശ്യം സാമ്രാജ്യത്വ മൂലധനത്തിന്റെയും, അര്‍ദ്ധനാടുവാഴിത്തത്തിന്റെയും, ഉദ്ധ്യോഗസ്ഥ മേധാവിത്ത മൂലധനത്തിന്റെയും പിടിയില്‍ നിന്നും കേരളത്തെ മോചിപ്പിക്കുകയും വേണം ഇങ്ങനെ ജനാതിപത്യപരമായി കേരളത്തെ പുന: സംഘടിപ്പിക്കുമ്പോഴാണ് യഥാര്‍ത്ഥ നവ കേരളം സൃഷ്ടിക്കപ്പെടുക. ഇതിന് വര്‍ഗസമരം അനിവാര്യഘടകമാണ്. ഭാഗീകമായി ഭൂപരിഷ്‌കരണം നടത്തിയപ്പോള്‍ തന്നെ കേരളത്തില്‍ നടന്ന കുപ്രസിദ്ധമായ വിമോചന സമരം അതാണ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി (ലൈഫ്) നടപ്പിലാക്കുന്നത് ഒരു വശം ശരിതന്നെ, എന്നാല്‍ നൂറ്റാണ്ടുകളായി ഇവിടെ ജീവിക്കുന്ന ആദിവാസികള്‍ അടക്കമുള്ള ദരിദ്ര ജനവിഭാഗങ്ങളുടെ ഭൂപ്രശ്‌നത്തിന് നേരെ കണ്ണടക്കുന്നു എന്ന ഒരു വശം കൂടി ഇതിനുണ്ട്. ദരിദ്ര ജനവിഭാഗങ്ങളുടെ ഭൂപ്രശ്‌നത്തെ പാര്‍പ്പിട പ്രശ്‌നത്തിലേക്ക് ചുരുക്കുന്നു എന്നതാണ് ഇതിന്റെ പ്രശ്‌നം. വിമാനത്താവളങ്ങള്‍ക്കും ആറുവരി പാതകള്‍ക്കും ഭൂമി കണ്ടെത്താന്‍ കഴിയുന്നവര്‍ക്ക് എന്ത്‌കൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്നല്ല എന്ന ചോദ്യം ഈ സര്‍ക്കാര്‍ ആരുടെ താല്‍പര്യങ്ങളെയാണ് സംരക്ഷിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ്. കിടപ്പാടം പോരാ കൃഷിഭൂമിയാണ് വേണ്ടെതെന്ന ദരിദ്രരുടെയും ആദിവാസികളുടെയും ദശകങ്ങളായ ആവശ്യത്തിനു നേര്‍ക്കാണ് സമ്പൂര്‍ണ്ണ പാര്‍പ്പിട് പദ്ധതി ലൈഫ് കണ്ണടക്കുന്നത്.

ആര്‍ദ്രമിഷനും, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമെല്ലാം ഇത്തരത്തിലുള്ള കണ്ണില്‍ പൊടിയിടലുകള്‍ മാത്രമാണെന്ന് വൈകാതെ നാം തിരിച്ചറിയും ഇപ്പോള്‍ നടക്കുന്ന നഴ്‌സിംഗ് സമരം തന്നെ അത് കാട്ടിത്തരുന്നുണ്ട്. വിദ്യാഭ്യാസവും ആരോഗ്യവും ഇന്ന് സര്‍ക്കാരിന്റെ തന്നെ നല്ല വില്ലപ്പനച്ചരക്കായി മാറിയിരിക്കുന്നു. ഏറെ ചര്‍ച്ചചെയ്യപ്പെട്ട കാര്യമായതിനാല്‍ അവയുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. നവലിബറല്‍ നയങ്ങള്‍ തകര്‍ത്തെറിഞ്ഞ വിദ്യാര്‍ത്ഥി സമൂഹവും കൃഷിരീതികള്‍ രോഗാതുരമാക്കിയ ജനസമൂഹവും വലിയ സമരങ്ങള്‍ ഒരുങ്ങുകയാണ്.

കേരളത്തിന്റെ രണ്ടാം തലമുറ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് നവകേരളമിഷന്‍ എന്നാണ് സി. പി. ഐ. എം പറയുന്നത്. ഉദാരവത്ക്കരണ നയങ്ങളുടെ രണ്ടാം ഘട്ട വികസനവുമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നേറുന്നത്. അതിനെ സേവിക്കുന്നത് തന്നെയാണ് കേരള സര്‍ക്കാറിന്റെ നയവും അതുകൊണ്ടാണ് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിഥിന്‍ ഗഡ്കരി പിണറായിവിജയനെ നല്ല മുഖ്യമന്ത്രിയെന്ന് അഭിനന്ദിക്കാന്‍ ഇടവന്നത്.

നവകേരളം രൂപപ്പെടുത്തുന്നതില്‍ ചൂഷക വര്‍ഗങ്ങള്‍ക്കെതിരായി വര്‍ഗസമരം എന്നിങ്ങനെയാണ് നടത്തുന്നതെന്ന് സി. പി. ഐ. എം പറയുന്നേയില്ല പകരം നിക്ഷേപ സൗഹൃദത്തെപറ്റിയാണ് സംസാരിക്കുന്നത്. നഗരങ്ങള്‍ വൃത്തിയാക്കലും ബോള്‍പേന ബഹിഷ്‌കരിക്കലും കുളങ്ങള്‍ ശുചീകരിക്കലുമെല്ലാം എങ്ങനെയാണ് വര്‍ഗ്ഗസമരമാവുക ? ഉല്‍പ്പാദനബന്ധത്തെ തകര്‍ക്കുന്നതിനെപറ്റിയൊന്നും പറയാതെ ഉല്‍പ്പാദനം വികസിപിക്കുന്നതിനെപറ്റി ഇവര്‍ പറയുന്നുമുണ്ട്. ഇതെല്ലാം കേരളപഠന കോണ്‍ഗ്രസിന്റെ സൃഷ്ടിയുമാണ്. അതിന് ഉമ്മന്‍ ചാണ്ടിയുടെ തന്നെ അംഗീകാരം കിട്ടിയ സ്ഥിതിക്ക് നവകേരള മിഷന്റെ രാഷ്ട്രീയത്തെപറ്റി യാതൊന്നും സംശയിക്കേണ്ടതില്ല. സാമ്രാജ്യത്വ ചൂഷണം മുറുകുമ്പോള്‍ ജനങ്ങളുടെ ക്രയശേഷി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ വിപണിയില്‍ പണം പമ്പുചെയ്യണമെന്ന മുതലാളിത്ത സാമ്പത്തിക ശാസ്ത്രജ്ഞനായ കെയിന്‍സിന്റെ പയറ്റി പരാജയപ്പെട്ട സിദ്ധാന്തം തന്നെയാണ് കേരള പഠന കോണ്‍ഗ്രസിന്റെ അടിസ്ഥാനം. അതുകൊണ്ട് തന്നെ അവിടെ രൂപപ്പെടുത്തിയ നവകേരള മിഷന്‍, നവ ലിബറല്‍ നയങ്ങളുടെ പദ്ധതികളും പ്രയോഗരീതിയുമാണെന്ന് അര്‍ത്ഥ ശങ്കക്കിടയില്ലാത്തവിധം പറയാന്‍ കഴിയും. മാത്രമല്ല സി. പി. ഐ. എം ന്റെ വര്‍ഗ്ഗ സഹകരണത്തിന്റെയും കീഴടങ്ങലിന്റെയും പ്രശ്‌നം ആണ് തുറന്നുകാണിക്കുന്നത്. കോടിയേരി ബാലകൃഷ്ണ്‍ പറഞ്ഞതുപോലെ നീതിപൂര്‍വ്വവും സ്ഥായിയുമായ ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചക്കല്ല ഇത് ഉപകരിക്കുക മറിച്ച് ഇപ്പോള്‍ തന്നെ ഏങ്കോണിപ്പുള്ള കേരള സമ്പത്ത് ഘടനയെ കൂടുതല്‍ വിദേശമൂലധനത്തിന്റെ ആശ്രിതത്യത്തിന് അടിമപ്പെടുത്തുകയായിരിക്കും ഫലം.

കേരളം ഇന്നഭിമുഖീകരിക്കുന്ന ആരോഗ്യ,വിദ്യാഭ്യാസ,പാര്‍പ്പിട,പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് യഥാര്‍ത്ഥ പരിഹാരം കാണാന്‍ നവകേരള മിഷന് കഴിയുകയില്ല. കാരണം നവകേരള മിഷന്‍ പദ്ധതികളും ഹരിതകേരളവും എല്ലാ അര്‍ത്ഥത്തിലും സാമ്രാജ്യത്വ ചൂഷണത്തിന്റെ രണ്ടാംതലമുറ വികസനത്തിന്റെ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള അപ്പക്കഷ്ണങ്ങളും പ്രതിഷേധങ്ങളുടെ മുനയൊടിക്കാനുള്ള സേഫ്റ്റി വാൽവുകളുമാണ്. പരിസ്തിതി സംരക്ഷണത്തിന് സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുണ്ട്. മറ്റൊന്നും വേണ്ട എന്ന് കീഴാറ്റൂര്‍ സമരത്തെ എതിര്‍ത്തുകൊണ്ട് കോടിയേരി ബാലകൃഷ്ണന്‍ ഈയിടെ പറഞ്ഞതും ഇതുകൊണ്ടാണ്. ഇതെല്ലാം തിരിച്ചറിയാനും മുന്നേറാനും നമുക്ക് കഴിഞ്ഞില്ലെങ്കില്‍ നവ കേരളമായിരിക്കില്ല, ജനജീവിതത്തിനും പരിസ്ഥതിക്കും കൂടുതല്‍ പരിക്കേറ്റ നവലിബറല്‍ കേരളമായിരിക്കും നമുക്ക് കാണേണ്ടി വരിക. അത് കീഴാറ്റൂര്‍ പോലുള്ള പ്രശ്‌നങ്ങളില്‍ നാം കണ്ടുതുടങ്ങിയിട്ടുമുണ്ട്.

കടം പെരുകി പരിക്കേറ്റ സാമ്പത്തിക രംഗത്തും, ദുരന്തങ്ങൾ പെരുകി പരിക്കേറ്റ പാരിസ്ഥിതിക രംഗത്തും തുടർന്നുള്ള വർഷങ്ങളിൽ പ്രത്യേകിച്ച് 2018 ലും 2019 ലും 2020 ലും നാം കണ്ടതും 2021 ൽ നാം കണ്ടു കൊണ്ടിരിക്കുന്നതും വരും വർഷങ്ങളിൽ കാണാനിരിക്കുന്നതും ഇതു തന്നെയാണ്.

  • പരിസ്ഥിതി സംരക്ഷണത്തിന് ഹരിതകേരളം പദ്ധതി അവതരിപ്പിക്കുന്നവര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അട്ടിമറിച്ചത് എന്തുകൊണ്ട്?
  • പൊതുവിദ്യാഭ്യാസം സംരക്ഷിക്കപ്പെടണമെങ്കില്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിക്കുകയുമാണ് വേണ്ടത്.
  • സര്‍ക്കാര്‍ ആശുപത്രികള്‍ ജനസൗഹൃദമാകണമെന്ന് പറയുന്നവര്‍ ആരോഗ്യമേഖലയിലെ സ്വകാര്യവല്‍ക്കരണ നയങ്ങളും കരാര്‍ തൊഴിലും ശക്തിപ്പെടുത്തുന്നതും സ്വകാര്യ ആശുപത്രി വ്യവസായത്തിന് കുട പിടിക്കുന്നതും മെഡി ക്കല്‍ ടൂറിസം പോലുള്ള പദ്ധതികള്‍ക്ക് കളമൊരുക്കുന്നതും എന്തുകൊണ്ട്?
  • സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി (ലൈഫ്) ഒരുവശം മാത്രമേ കാണുന്നുള്ളൂ. കിടപ്പാടം പോര, കൃഷിഭൂമി വേണം എന്ന ദരിദ്ര ഭൂരഹിത ജനവിഭാഗങ്ങളുടെ ദശകങ്ങളായ ആവശ്യത്തിനു നേരെ കണ്ണടക്കുകയും ഭൂപ്രശ്‌നത്തെ പാര്‍പ്പിട പ്രശ്‌നത്തിലേക്ക് ചുരുക്കി വഞ്ചിക്കുകയും ചെയ്യുന്നു.

കുറിപ്പ്

*ആഗോള സാമ്രാജ്യത്വ സമ്പദ്ഘടനക്കകത്ത് കേരളത്തെ ഒരു സേവനകേന്ദ്രമായി പുന:സംഘടിപ്പിക്കല്‍ (ആശ്രിത അടിമത്വത്തിന്റെ പുന:സംഘാടനം) അജിത്തിന്റെ ( മാവോയിസ്റ്റ് ചിന്തകൻ കെ മുരളിയുടെ ) നിരീക്ഷണം. മുന്നണിപ്പോരാളി മാസിക എമര്‍ജിംഗ് കേരള പതിപ്പ്.


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal